വട്ടമിട്ട് പറന്നെത്തി, ഒന്നുമല്ലാതെ മടങ്ങി….

പര്‍വേസ് മുഷാറഫ്
(1943-2023)

പാകിസ്ഥാനില്‍ സര്‍വാധിപതിയാകുന്നതിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് മുകളില്‍ മണിക്കൂറുകള്‍ ആകാശത്ത് വട്ടംചുറ്റേണ്ടി വന്നിട്ടുണ്ട് പര്‍വേസ് മുഷാറഫിന്. 1999 ഒക്ടോബറില്‍ ശ്രീലങ്കന്‍ സന്ദര്‍ശനം കഴിഞ്ഞു വരുമ്പോഴാണ് സംഭവം. മുഷാറഫുമായി ഇടഞ്ഞിരുന്ന പ്രധാനമന്ത്രി നവാസ് ഷെറീഫ് വിമാനത്തിന് ലാന്‍ഡിംഗ് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ വിമാനത്തിന്റെ ഇന്ധനം തീരുന്നതിന് തൊട്ടുമുമ്പ് മുഷാറഫിന്റെ വിശ്വസ്ത സൈന്യം ലാന്‍ഡിംഗിന് സൗകര്യമൊരുക്കി മുഷാറഫിന് പുതിയ പാതയൊരുക്കി. നിലം തൊട്ട മുഷാറഫ് സൈനിക അട്ടിമറിയിലൂടെ നവാസ് ഷെറീഫിനെ പുറത്താക്കി അധികാരം പിടിച്ചു.

  • * * * * *
    പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ വിശ്വസ്ത അനുയായിയായിരുന്നു ഒരുകാലത്ത് മുഷാറഫ്. എന്നാല്‍ കാര്‍ഗില്‍ നുഴഞ്ഞുകയറ്റം ആ ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കി. കാര്‍ഗിലില്‍ പാകിസ്ഥാന് തിരിച്ചടിയായ സൈനിക നീക്കം മുഷാറഫിന്റെ ഒറ്റയ്ക്കുള്ള തീരുമാനമാണെന്ന് ഷെറീഫ് പറഞ്ഞു. ഇതോടെ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ഷെറീഫിനെ പുറത്താക്കി അധികാരം പിടിക്കുന്നതില്‍ എത്തിയത്.
  • * * * * *
    മുഷറഫിന്റെ ബാല്യകാലം ഇന്ത്യയിലായിരുന്നു. പഴയ ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍. ഇന്ത്യാവിഭജന കാലത്ത് കറാച്ചിയിലേക്ക് കുടിയേറി. 2001ൽ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മുഷാറഫ് താന്‍ കളിച്ചു വളര്‍ന്ന വീട് കണ്ടു. മുഷാറഫിന്റെ മുത്തശ്ശി ഹുസ്‌നാബീഗം 562 രൂപയ്ക്ക് വിറ്റ വീടിന്റെ വില്പന രേഖ അവിടെ താമസിക്കുന്നവര്‍ മുഷാറഫിനെ കാണിച്ചു. പിതാവ് മുഷാറഫുദ്ദിനിന്റെ ഒപ്പുമുണ്ടായിരുന്നു ആ രേഖയില്‍. ഒപ്പ് കണ്ട് മുഷാറഫ് വികാധീനനായി.
  • * * * * *

2008 ഫെബ്രുവരി: തിരഞ്ഞെടുപ്പില്‍ ബേനസീര്‍ഭൂട്ടോയ്ക്ക് വന്‍ ഭൂരിപക്ഷം. ഇംപീച്ച്‌മെന്റ് പേടിച്ച മുഷാറഫ് സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് വീട്ടുതടങ്കലില്‍.
2014 പ്രത്യേക കോടതി മുഷാറഫിന് വധശിക്ഷ വിധിച്ചു. കുറ്റം: ഭരണഘടനാ അട്ടിമറി.
2016-ദുബായിലേക്ക് കടന്നു.
2018 – ബേനസീര്‍ വധക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
2019 ഡിസംബര്‍ – രാജ്യദ്രോഹക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചു.
2020 ജനുവരി – വധശിക്ഷ റദ്ദാക്കി.
2023 ഫെബ്രുവരി 5- ദുബായില്‍ അന്ത്യം.

Author

Scroll to top
Close
Browse Categories