ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ലോഗോ:
പൊളിഞ്ഞത്
ആസൂത്രിത ഗൂഢനീക്കം
ശ്രീശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയുടെ ലോഗോയില്‍
ആദി ശങ്കരനെ അടയാളപ്പെടുത്തിയിട്ടുണ്ട്. എം.ജി സര്‍വകലാശാലയുടെ
ലോഗോയില്‍ ഗാന്ധിജിയോടുള്ള ആദരസൂചകമായി ചര്‍ക്കയുണ്ട്.
മഹാന്മാരുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളുടെ ലോഗോകളിലെല്ലാം ആ മഹാപുരുഷന്മാരെ പ്രതീകാത്മകമായെങ്കിലും അടയാളപ്പെടുത്തിട്ടുണ്ട്. ഗുരുദേവന്റെ ചിത്രമുള്ള ലോഗോ പ്രതീക്ഷിച്ചിരുന്നവരുടെ മുന്നില്‍ സര്‍വകലാശാല അവതരിപ്പിച്ചത് നിറങ്ങള്‍ കൊണ്ടുള്ള ഒരു മിമിക്രിയായിരുന്നു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഗുരുദേവന്റെ രേഖാചിത്രവും ഗുരുമൊഴിയുമുള്ള പുതിയ ലോഗോ നിയമസഭയിലെ ചേംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തപ്പോള്‍ ‘സംഘടിച്ച് ശക്തരാകുവിന്’ എന്ന ഗുരുമൊഴി കൂടുതല്‍ ഉച്ചത്തില്‍ വീണ്ടും മുഴങ്ങുകയായിരുന്നു. ആ പ്രകാശന ചടങ്ങ് കേരളത്തിലെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ സംഘടിത ശക്തിയുടെ വിളംബരമായിരുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ആരാധ്യനായ ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന് നയിച്ച പോരാട്ടത്തിന്റെ വിജയം .
കേരളത്തില്‍ പുതുതായി ആരംഭിക്കുന്ന ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നമ്മള് ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. പക്ഷെ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായ ചില തീരുമാനങ്ങള്‍ ഗുരുഭക്തരെ വല്ലാതെ നിരാശപ്പെടുത്തി. അതിനിടയിലാണ് സര്‍വകലാശാലയുടെ ലോഗോ പുറത്തിറക്കിയത്. ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ലോഗോയില്‍ ആദി ശങ്കരനെ അടയാളപ്പെടുത്തിയിട്ടുണ്ട്. എം.ജി സര്‍വകലാശാലയുടെ ലോഗോയില്‍ ഗാന്ധിജിയോടുള്ള ആദരസൂചകമായി ചര്‍ക്കയുണ്ട്. മഹാന്മാരുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍വകലാശാലകളുടെ ലോഗോകളിലെല്ലാം ആ മഹാപുരുഷന്മാരെ പ്രതീകാത്മകമായെങ്കിലും അടയാളപ്പെടുത്തിട്ടുണ്ട്. അത്തരത്തില്‍ ഗുരുദേവന്റെ ചിത്രമുള്ള ലോഗോ പ്രതീക്ഷിച്ചിരുന്നവരുടെ മുന്നില്‍ സര്‍വകലാശാല അവതരിപ്പിച്ചത് നിറങ്ങള്‍ കൊണ്ടുള്ള ഒരു മിമിക്രിയായിരുന്നു.
നടന്നത് ഗൂഢനീക്കം
ഓപ്പണ്‍ സര്‍വകലാശാലയുടെ പേരില്‍ മാത്രം ഗുരുദേവനെ ഒതുക്കിനിര്‍ത്താന്‍ സര്‍വകലാശാലയിലെ ചിലര്‍ നടത്തിയ കരുനീക്കം ലോഗോയിലൂടെ വെളിപ്പെടുകയായിരുന്നു. സര്‍വകലാശാലയ്ക്ക് ലഭിച്ച എന്‍ട്രികളെല്ലാം ഗുരുദേവനെ നേരിട്ടും പ്രതീകാത്മകമായും അടയാളപ്പെടുത്തിയവ ആയിരുന്നു. അതൊന്നും സര്‍വകലാശാലയിലെ ചില ഉന്നതര്‍ക്ക് ദഹിച്ചില്ല. കിട്ടിയ എന്‍ട്രികളെല്ലാം മാറ്റിവച്ച ശേഷം പുതിയൊരു ലോഗോ വരപ്പിച്ച് ഉത്തരാധുനികം എന്ന പേരില്‍ അവതരിപ്പിക്കുകയായിരുന്നു. എന്നിട്ട് കടിച്ചാല്‍ പൊട്ടാത്ത വ്യാഖ്യാനങ്ങളും നിരൂപണങ്ങളും ചമച്ചു. പക്ഷെ ഗുരുദേവനെ പ്രതീകാത്മകമായി പോലും അടയാളപ്പെടുത്താത്ത ലോഗോയ്ക്കെതിരെ രൂക്ഷമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. ഗൂഢനീക്കം പൊളിയുമെന്ന് ഉറപ്പായതോടെ പുതിയ ന്യായീകരണം നിരത്തി. ലോഗോ ധ്യാനസ്ഥനായിരിക്കുന്ന ഗുരുവിന്റെ ആകാശ വീക്ഷണമാണത്രെ.
റിലേ പ്രക്ഷോഭങ്ങള്‍
ഗുരുദേവനെ അടയാളപ്പെടുത്താത്ത ലോഗോയ്ക്കെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്തെത്തി. തൊട്ടുപിന്നാലെ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ഒന്നടങ്കം പ്രക്ഷോഭം ആരംഭിച്ചു. മാധ്യമങ്ങളും സജീവമായി വിഷയം ഏറ്റെടുത്തു. ശ്രീനാരായണ പെന്‍ഷണേഴ്സ് കൗണ്‍സില്‍ ഭാരവാഹികളാണ് ലോഗോ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതരെ ആദ്യം സമീപിച്ചത്. കൗണ്‍സില്‍ വാര്‍ഷിക സമ്മേളനത്തില്പ്രമേയം പാസാക്കി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തു. പ്രസിഡന്റ് പ്രൊഫ. ജയചന്ദ്രന് , സെക്രട്ടറി കെ.എം സജീവ് എന്നിവര്‍ വിഷയം നിയമസഭയില്‍ ഉന്നയിപ്പിക്കാന്‍ മുന്‍ കൈയെടുത്തു. പക്ഷെ ലോഗോ പിന്‍വലിക്കില്ലെന്ന ദുര്‍വാശിയിലായിരുന്നു സര്‍വകലാശാല അധികൃതര്‍. അതും പോരാഞ്ഞ് ലോഗോയില്‍ എന്തിന് ഗുരുദേവനെ അടയാളപ്പെടുത്തണമെന്ന ധാര്‍ഷ്ട്യത്തോടെയുള്ള പ്രതികരണമാണ് ഉണ്ടായത്. ഇതോടെ പെന്‍ഷണേഴ്സ് കൗണ്‍സില്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ സമരം ആരംഭിച്ചു. ശ്രീനാരായണ എംപ്ലോയീസ് ഫോറം, വിവിധ എസ്.എന്‍.ഡി.പി യോഗം യൂണിയനുകള്‍, യൂത്ത് മൂവ്മെന്റ്, വനിതാസംഘം അടക്കമുള്ള സംഘടനകള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ റിലേ സമരങ്ങള്‍ സംഘടിപ്പിച്ചു. ബി.ഡി. ജെ.എസ് തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗത്തെത്തി. ഇതിനിടയില്‍ ലോഗോ വിദേശ പണമിടപാട് സ്ഥാപനത്തിന്റെയും ശ്രീലങ്കയിലെ വെഡിംഗ് ഇവന്റ് കമ്പനിയുടെയും ലോഗോയുടെ അനുകരണം ആണെന്ന വിവരം പുറത്ത് വന്നു. ഇതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. അങ്ങനെ വിവാദ ലോഗോ സര്‍വകലാശാലയ്ക്ക് മരവിപ്പിക്കേണ്ടിവന്നു. പുതിയ ലോഗോ തിരഞ്ഞെടുക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചു.
പുതിയ ലോഗോയിലേക്ക്
അടൂര്‍ ഗോപാലകൃഷ്ണന് സമിതിയുടെ ആദ്യ യോഗം തന്നെ മരവിപ്പിച്ച ലോഗോ ശ്രീനാരായണ ഗുരു സര്‍വകലാശാലയ്ക്ക് യോജിച്ചതല്ലെന്ന് വിലയിരുത്തി. പ്രത്യേകിച്ച് ഒരു ആശയവും ലോഗോ സംവേദനം ചെയ്യുന്നില്ല. മാത്രമല്ല നിരവധി വര്‍ണങ്ങള്‍ ഉള്ളതിനാല്‍ സര്ട്ടിഫിക്കറ്റുകളിലടക്കം കറുപ്പും വെളുപ്പും നിറങ്ങളില്‍ മാത്രം ഉപയോഗിക്കാനുമാകില്ല. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റി ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് പുതിയ ലോഗോ തയ്യാറാക്കാനായി തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ശില്പശാല സംഘടിപ്പിച്ചു. ആ ശില്പശാലയില് ചിത്രകാരനും തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് അദ്ധ്യാപകനുമായ അന്‍സാര്‍ മംഗലത്തോപ്പ് തയ്യാറാക്കിയ ലോഗോ അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റി സര്‍വകലാശാലയ്ക്കായി തിരഞ്ഞെടുക്കുകയായിരുന്നു. പുതിയ ലോഗോയില്‍ വിജ്ഞാന ചിഹ്നമായ താമരയിതളുകള്ക്ക് നടുവിലായാണ് ഗുരുദേവന്റെ രേഖാചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. വിദ്യകൊണ്ട് സ്വതന്ത്രരാകുകയെന്ന ഗുരുമൊഴിയുമുണ്ട്.