മാറ്റങ്ങളോട്
സുല്ലിട്ട് കോണ്‍ഗ്രസ് ചിന്തന്‍ശിബിരം
കോണ്‍ഗ്രസ് മുക്തഭാരതമെന്ന വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ബി.ജെ.പി നിലപാടിന് ഊര്‍ജ്ജം പകരുന്നതായോ മേയ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരം ?
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചിന്തന്‍ശിബിരം സമാപിച്ചത് മല എലിയെ പ്രസവിച്ചുവെന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഭാവിയെപ്പറ്റി ശക്തമായൊരു പുനര്‍ചിന്തനത്തിന് തയ്യാറാകുമെന്നും അതിനനുസരിച്ചുള്ള പൊളിച്ചെഴുത്തുകള്‍ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നുമാണ് ഏവരും പ്രതീക്ഷിച്ചത്. രാജസ്ഥാനില്‍ നടന്ന ചിന്തന്‍ശിബിരം ഒരു തിരിച്ചുവരവിനുള്ള ബദല്‍ പരിപാടിക്ക് രൂപം നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബി.ജെ.പിയെ നേരിടാനുള്ള തന്ത്രങ്ങള്‍ക്കോ നയസമീപനങ്ങള്‍ക്കോ രൂപം നല്‍കാതെയും നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു പേരിനെക്കുറിച്ച് ചര്‍ച്ചചെയ്യാതെയും സമാപിച്ചപ്പോള്‍ ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസ് ഉണര്‍ന്നെണീക്കുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. വിലക്കയറ്റം, സാമൂഹ്യനീതി, ഉദാരവല്‍ക്കരണ സാമ്പത്തികനയം എന്നിവയ്‌ക്കെതിരെ ശക്തമായൊരു പ്രമേയംപോലും ശിബിരത്തില്‍ പാസാക്കിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. അച്ചടക്കരാഹിത്യവും നേതാക്കള്‍ക്കിടയിലെ വിഴുപ്പലക്കലും അവസാനിപ്പിച്ചാല്‍ തിരിച്ചുവരാമെന്ന് സോണിയ ഗാന്ധി പുലര്‍ത്തിയ ആത്മവിശ്വാസം മാത്രമാണുണ്ടായത്.
രണ്ട് വര്‍ഷം കഴിഞ്ഞ് 2024 ല്‍ പാര്‍ലമെന്റിലേക്കും ഏതാനും സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനു മുമ്പായി ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി 11നിയമസഭകളിലേക്കായി 1333 സീറ്റുകളിലേക്ക് മത്സരമുണ്ട്. ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ട് സംഘടനയെ അടിമുടി ശക്തിപ്പെടുത്തുമെന്ന തോന്നലുണ്ടാക്കുന്ന തീരുമാനങ്ങളൊന്നും ഉദയ്പൂരിലുണ്ടായില്ലെന്നത് പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും നിരാശരാക്കുന്നതായി. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നാണ് യു.പി അടക്കം 5 സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ഭരണം കൈയ്യിലിരുന്ന പഞ്ചാബില്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, യു.പി യില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണത്തിന് കാര്യമായ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞതുമില്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പിയും നരേന്ദ്രമോദിയും ഒരുമഹാമേരുവിനെപ്പോലെ നിലയുറപ്പിച്ചിരിക്കെ ശക്തമായൊരു പ്രതിപക്ഷ നിര രൂപപ്പെടുത്താനുള്ള നേതൃത്വപരമായ പങ്കുവഹിക്കാന്‍ പോലും അശക്തമായിരിക്കുന്നു കോണ്‍ഗ്രസ്. ലോക്‌സഭയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതൃപദവിക്കുള്ള അംഗബലം പോലും ഇല്ലാത്ത പാര്‍ട്ടിക്ക് പഞ്ചാബ് കൂടി നഷ്ടപ്പെട്ടതോടെ രാജസ്ഥാനിലും ഛത്തീ സ് ഗഡിലും മാത്രമാണിപ്പോള്‍ സ്വന്തം മുഖ്യമന്ത്രിമാരുള്ളത്. മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും ഭരണപക്ഷത്ത് സഖ്യകക്ഷിയും. പ്രതിപക്ഷത്തെങ്കിലും ശക്തമായ സാന്നിദ്ധ്യമായി കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് കേരളത്തില്‍ മാത്രമാണ്.
പ്രതിപക്ഷ ഐക്യത്തിന്
ആര് നേതൃത്വം നല്‍കും ?
2024 ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിപക്ഷം രൂപീകരിക്കാന്‍ നേതൃപരമായ പങ്ക് ആര് വഹിക്കുമെന്ന കാര്യത്തില്‍ പ്രതിപക്ഷത്ത് ഇനിയും വ്യക്തതയില്ല. ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സ്ഥിതി ഏറെ ദുര്‍ബ്ബലമായതിനാല്‍ പിന്നെയുള്ളത് കുറെയധികം പ്രാദേശിക പാര്‍ട്ടികള്‍ മാത്രമാണ്. സി.പി.എം അടക്കമുള്ള ഇടതുപക്ഷ കക്ഷികള്‍ക്കും കാര്യമായ ഒന്നും ചെയ്യാനുള്ള ശേഷിയുണ്ടാകില്ല. മോദി സര്‍ക്കാര്‍ ശക്തമാണെങ്കിലും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളില്‍ അവര്‍ പ്രതിക്കൂട്ടിലാണ്. പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും കുതിച്ചുയരുന്ന വില, പണപ്പെരുപ്പം, ജനാധിപത്യവും മതേതരത്വവും വെല്ലുവിളികള്‍ നേരിടുന്നുവെന്നും ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നുമുള്ള പ്രതിപക്ഷ ആരോപണം തുടങ്ങിയവയൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. ഇവയൊക്കെ തുറന്നുകാട്ടി വരുന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രചരണായുധമാക്കാന്‍ ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകേണ്ടതുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും ഡല്‍ഹിയും പഞ്ചാബും ഭരിക്കുന്ന ആംആംആദ് മി പാര്‍ട്ടിയും കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മുന്നണി ലക്ഷ്യവുമായാണ് മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇവരാരും കോണ്‍ഗ്രസിനെ അംഗീകരിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ വിഷയത്തിലൂന്നിയുള്ള ചര്‍ച്ചകളൊന്നും ചിന്തന്‍ശിബിരത്തില്‍ ഉയര്‍ന്നതേയില്ല.
അദ്ധ്യക്ഷനെ
ഇനിയും തീരുമാനിച്ചില്ല
5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റപ്പോള്‍ ഉയര്‍ന്നു കേട്ട വിമര്‍ശനം പാര്‍ട്ടിക്ക് ശക്തനായ ഒരു അദ്ധ്യക്ഷനില്ലെന്നതാണ്. ആ പോരായ്മ ഉദയ്‌പൂരില്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ച പാര്‍ട്ടി അണികളെയും നേതാക്കളെയും നിരാശപ്പെടുത്തുന്നതായി ചിന്തന്‍ ശിബിരം. ശക്തമായ തീരുമാനങ്ങള്‍ക്ക് പകരം ചില മിനുക്കുപണികളില്‍ മാത്രമൊതുങ്ങി സമ്മേളനം. വിമതസ്വരമുയര്‍ത്തി നിലകൊള്ളുന്ന ‘ജി- 23’ ല്‍പെട്ടവരും കാര്യമായ വിമര്‍ശനങ്ങള്‍ക്ക് മുതിര്‍ന്നില്ല. പാര്‍ട്ടിയെ നയിക്കാന്‍ മറ്റൊരു നേതാവിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് രാഹുല്‍ ഗാന്ധിയെന്ന ആയുധത്തെ വീണ്ടും മിനുക്കിയെടുത്ത് നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചത്. പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ ശിബിരത്തില്‍ ഉയര്‍ന്നില്ലെങ്കിലും ആഗസ്റ്റില്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പോടെ പുതിയ അദ്ധ്യക്ഷന്‍ ഉണ്ടാകുമെന്ന സൂചനയാണ് സമ്മേളനം നല്‍കിയത്. രാഹുല്‍ പ്രസിഡന്റാകാന്‍ വിസമ്മതിച്ചാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ആ സ്ഥാനത്ത് അവരോധിക്കാനും സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനും ഉള്ള നിര്‍ദ്ദേശം ചില നേതാക്കള്‍ശിബിരത്തില്‍ മുന്നോട്ട് വച്ചെങ്കിലും കോണ്‍ഗ്രസിന്റെ ദേശീയമുഖമായി ഉയര്‍ത്തിക്കാട്ടാനുള്ള പ്രതിച്ഛായ ഗെലോട്ടിനുണ്ടോ എന്ന ചോദ്യം ഉയര്‍ന്നതോടെ ചര്‍ച്ച വഴിമുട്ടി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ അല്ലാതെ മറ്റാരുമില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനുള്ള ചിലരുടെ നീക്കമായി ഇതിനെ വിലയിരുത്തുന്നുണ്ട്. അതേസമയം നരേന്ദ്രമോദിക്ക് ബദലാകാനുള്ള നേതൃബലം രാഹുലിന് ഇല്ലെന്ന് സമ്മതിക്കുന്ന നേതാക്കളുമുണ്ട്. ഏതായാലും ഇനി മോദിക്ക് ബദലായി രാഹുലിനെ ഉയര്‍ത്തിക്കാട്ടാനുള്ള പി.ആര്‍ വര്‍ക്ക് അദ്ദേഹത്തിന്റെ അനുയായികള്‍ ഉടനെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. അദ്ധ്യക്ഷനാകാന്‍ രാഹുല്‍ സമ്മതിച്ചില്ലെങ്കിലും വരും ദിവസങ്ങളില്‍ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിക്കാമെന്നാകാം രാഹുല്‍ ബ്രിഗേഡിന്റെ കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പുകളില്‍ 50 ശതമാനം പ്രാതിനിധ്യം 50 വയസ്സില്‍ താഴെയുള്ളവര്‍ക്കെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം നടപ്പായാല്‍ യുവനേതാക്കള്‍ക്ക് ആശ്വാസമേകുന്നതാണ്. ശിബിരത്തില്‍ പങ്കെടുത്ത ജി 23 നേതാക്കളില്‍ പ്രമുഖനായ ഗുലാംനബി ആസാദ് അടക്കമുള്ളവര്‍ ഗാന്ധികുടുംബത്തിന്റെ നേതൃത്വത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമായി. എന്നാല്‍ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കാനായി ഇവര്‍ നടത്തിയ അണിയറ നീക്കം പാളി. വിപുലമായ അധികാരങ്ങളുള്ള ബോര്‍ഡ് രൂപീകരിച്ചാല്‍ ഭാവിയില്‍ രാഹുല്‍ പ്രസിഡന്റായാലും അദ്ദേഹത്തിന്റെയും പ്രിയങ്കയുടെയും സോണിയയുടെയും താത്പര്യങ്ങള്‍ പാര്‍ട്ടിക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് തടയാന്‍ ബോര്‍ഡ് രൂപീകരണം സഹായിക്കുമെന്നായിരുന്നു ഇവരുടെ കണക്ക്കൂട്ടല്‍. ജി 23 അംഗമായ മുകുള്‍ വാസ്‌നിക് അദ്ധ്യക്ഷനായ സംഘടനാകാര്യ സമിതി ശിബിരത്തിലെ പ്രമേയത്തില്‍ ബോര്‍ഡ് രൂപീകരണ ശുപാര്‍ശ ഉള്‍പ്പെടുത്തിയെങ്കിലും പ്രവര്‍ത്തക സമിതി അത് തള്ളിക്കളഞ്ഞു.
കൂനിന്മേല്‍കുരു പോലെ
നേതാക്കളുടെ രാജി
ചിന്തന്‍ശിബിരം കഴിഞ്ഞിട്ടും നേതാക്കളുടെ രാജി തുടരുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയോട് ദയനീയമായി പരാജയപ്പെട്ട പഞ്ചാബില്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസിന് നേരിട്ടത് ഇരട്ടപ്രഹരമാണ്. പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പി യില്‍ ചേര്‍ന്നു. തൊട്ടു പിന്നാലെ മുന്‍ പി.സി.സി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച് ജയിലിലേക്കയച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാ സ്പീക്കറുമായിരുന്ന ബല്‍റാം ജാക്കറിന്റെ മകനാണ് സുനില്‍ ജാക്കര്‍. സമീപകാലം വരെ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാക്കളായിരുന്നു സുനിലും സിദ്ദുവും. പാര്‍ട്ടിയുടെ ഹിന്ദു മുഖമായിരുന്നു സുനില്‍ എങ്കില്‍ സിദ്ദു ജാട്ട് സിഖ് നേതാവാണ്. ഗുജറാത്തില്‍ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതാണ് മറ്റൊരാഘാതമായത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിയ്‌ക്കെയാണ് ഹര്‍ദിക്കിന്റെ രാജി. അദ്ദേഹം ബി.ജെ.പിയിലേക്ക് ചേക്കേറാനുള്ള സാദ്ധ്യതയുമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷാവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പ്രവചനം കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഉദ യ് പൂര്‍ചിന്തന്‍ ശിബിരം പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അര്‍ത്ഥവത്തായ ഒന്നും ശിബിരം കൈവരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു
ചിന്തന്‍ ശിബിരത്തിലെ
തീരുമാനങ്ങള്‍
ദളിതര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പാര്‍ട്ടി പദവികളില്‍ 50 ശതമാനം മാറ്റിവയ്ക്കുമെന്നതാണ് ശിബിരത്തിലെടുത്ത പ്രധാന തീരുമാനങ്ങളിലൊന്നായി പറയുന്നത്. എന്നാല്‍ ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി 20 ശതമാനം, സ്ത്രീകള്‍ക്ക് 33 ശതമാനം, അങ്ങനെ ആകെ 53 ശതമാനം സംവരണമെന്നത് നിലവില്‍ പാര്‍ട്ടി ഭരണഘടനയിലുള്ള വ്യവസ്ഥയാണ്. അത് കൃത്യമായി നടപ്പാക്കാതെയാണ് ഇപ്പോള്‍ വീണ്ടും സംവരണത്തെക്കുറിച്ച് പറയുന്നതെന്നത് വിരോധാഭാസമായി തോന്നാം. തിരഞ്ഞെടുപ്പില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രം ടിക്കറ്റ്, രണ്ടാമത്തെയാള്‍ 5 വര്‍ഷം പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ മാത്രം ടിക്കറ്റ് എന്നതാണ് മറ്റൊരു തീരുമാനം. നേതാക്കളുടെ പരമാവധി പ്രായം 65 വയസ് ആക്കണമെന്ന യുവജന കാര്യസമിതിയുടെ പ്രമേയത്തിലെ നിര്‍ദ്ദേശം ചര്‍ച്ചയുടെ തുടക്കത്തിലേ തള്ളി. കേഡര്‍ പാര്‍ട്ടികള്‍ പ്രായപരിധി വ്യവസ്ഥ നടപ്പാക്കുമ്പോഴാണ് 65 വയസ് എന്നത് രാഷ്ട്രീയത്തില്‍ കുറഞ്ഞ പ്രായമാണെന്ന് വിലയിരുത്തി നിര്‍ദ്ദേശം തള്ളിയത്. പാര്‍ട്ടി സമിതിയില്‍ അംഗമാകുന്ന വ്യക്തിക്ക് രണ്ടാം തവണയും സ്ഥാനം ലഭിക്കാന്‍ 3 വര്‍ഷത്തെ ഇടവേള നിശ്ചയിച്ചതും പ്രായോഗികതലത്തിലെത്തുമോ എന്നത് കണ്ടറിയേണ്ടതാണ്. സാധാരണഗതിയില്‍ തുടര്‍ച്ചയായി രണ്ട് തവണ എന്നതാണ് നിലവിലെ വ്യവസ്ഥ.
കേരള മാതൃകയില്‍ പാര്‍ട്ടി പരിശീലന കേന്ദ്രം ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയ കാര്യസമിതികള്‍ക്കും രൂപം നല്‍കും. ദേശീയ ഉപദേശക സമിതി, തിരഞ്ഞടുപ്പ് ഏകോപന സമിതി, നയരൂപീകരണ സമിതി എന്നിവയ്ക്കും രൂപം നല്‍കും. സ്വന്തം നിലയ്ക്ക് മല്‍സരിക്കാന്‍ കഴിവുള്ള സംസ്ഥാനങ്ങളില്‍ സഖ്യങ്ങള്‍ വേണ്ടെന്ന ശുപാര്‍ശയ്ക്കും ചിന്തന്‍ശിബിരം അംഗീകാരം നല്‍കി. എന്നാല്‍ സഖ്യം സാദ്ധ്യമായിടത്ത് പ്രാദേശിക സഖ്യങ്ങള്‍ രൂപീകരിക്കാന്‍ തടസമില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ രാജ്യ വ്യാപകമായി പദയാത്രകള്‍ നടത്തും. കേന്ദ്ര സര്‍ക്കാരിനെതിരെ ഗാന്ധി ജയന്തി ദിനത്തില്‍ ഭാരത് ജോഡോ യാത്രയും ജൂണ്‍ 15 മുതല്‍ ജന ജാഗരണ്‍ യാത്രയും സംഘടിപ്പിക്കും.
കോണ്‍ഗ്രസ് പ്രതിസന്ധികളെ അതിജീവിക്കുമെന്നഭിപ്രായപ്പെട്ട പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി, നമ്മള്‍ അതിജീവിക്കും എന്നാവര്‍ത്തിച്ച് പറഞ്ഞത് കേട്ട് പ്രതിനിധികള്‍ കൈയ്യടിച്ചു. ജനവിശ്വാസം തിരിച്ചു പിടിക്കാന്‍ വിയര്‍പ്പൊഴുക്കണമന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്. ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായ പോരാട്ടമാണ് തന്റെ ജീവിതം. സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും നേതാക്കള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങണമന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തപ്പോള്‍ അത് പറച്ചില്‍ മാത്രമാകുമോ അതോ പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ യത്‌നിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ലേഖകന്റെ ഫോണ്‍: 9446564749