യോഗവും ധര്‍മ്മസംഘവും ഐക്യം ശക്തിപ്പെടുത്തും
സ്വാമി ശുഭാംഗാനന്ദ ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായതില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെയും തന്റെയും മനസ് സ്വാമി ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറിയാകണമെന്നായിരുന്നു. ഗുരുദേവന്റെ കൂടി ആഗ്രഹമാണ് നടപ്പിലായിരിക്കുന്നത്. താന്‍ ഈ പറയുന്നത് യോഗം പ്രവര്‍ത്തകര്‍ക്ക് മനസിലാകും. മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല.
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ഭൗതിക സൃഷ്ടിയായ എസ്.എന്‍.ഡി.പി യോഗവും ആത്മീയ പ്രസ്ഥാനമായ ശ്രീനാരായണ ധര്‍മ്മസംഘവും തമ്മിലുള്ള ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തും. ട്രസ്റ്റിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ശുഭാംഗാനന്ദയും, യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഗുരുദേവന്റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തി ഗുരുകുലത്തില്‍ ഒരേ വേദി പങ്കിട്ടപ്പോഴാണ് ഈ ഐക്യദാര്‍ഢ്യം പരസ്പരം പ്രകടിപ്പിച്ചത്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ എല്ലാ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ സര്‍വ പിന്തുണയുമുണ്ടാകുമെന്ന്, ജനുവരി 26ന് ചെമ്പഴന്തി ഗുരുകുലത്തില്‍ കേരള നവോത്ഥാന സമിതി സംഘടിപ്പിക്കുന്ന നവോത്ഥാന സദസിന് മുന്നോടിയായി ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയെന്ന നിലയിലുള്ള സ്വാമി ശുഭാംഗാനന്ദയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യോഗത്തിന്റെ പൂര്‍ണ്ണപിന്തുണ കേരള നവോത്ഥാന സമിതി സാരഥി കൂടിയായ വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ചു. സാംസ്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നതെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ലഹരിയടക്കമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംഘടിത പ്രവര്‍ത്തനം അത്യാവശ്യമാണ്. അതിനുവേണ്ടി എസ്.എന്‍.ഡി.പി യോഗത്തിനൊപ്പം ധര്‍മ്മസംഘം ട്രസ്റ്റ് കൈ കോര്‍ത്ത് നില്ക്കും. ഗുരുദേവന്റെ സാഹോദര്യ സങ്കല്പം യാഥാര്‍ത്ഥ്യമാകാന്‍ ശ്രീനാരായണീയര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി ശുഭാംഗാനന്ദ ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായതില്‍ ഏറെ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. യോഗത്തിന്റെയും തന്റെയും മനസ് സ്വാമി ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറിയാകണമെന്നായിരുന്നു. ഗുരുദേവന്റെ കൂടി ആഗ്രഹമാണ് നടപ്പിലായിരിക്കുന്നത്. താന്‍ ഈ പറയുന്നത് യോഗം പ്രവര്‍ത്തകര്‍ക്ക് മനസിലാകും. മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല. സ്വാമി ശുഭാംഗാനന്ദ ജനറല്‍ സെക്രട്ടറിയായ ശേഷമുള്ള ആദ്യ പരിപാടിയില്‍ പങ്കെടുക്കാനായത് ഗുരുദേവന് നല്കിയ കരുണയാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സ്വാമി ശുഭാംഗാനന്ദയെ വെള്ളാപ്പള്ളി നടേശന് പൊന്നാടയണിയിച്ചു. മതേതരത്വവും ശ്രീനാരായണീയ ആശയങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന സ്വാമി ശുഭാംഗാനന്ദ, ഗുരുകുല വികസനത്തിനുവേണ്ടി തോളോടുതോള്‍ ചേര്‍ന്ന് നിന്ന വ്യക്തിയാണെന്ന് കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ. പറഞ്ഞു. നവോത്ഥാന സമിതി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി. മുഹമ്മദ് അദ്ധ്യക്ഷനായ ചടങ്ങില്‍ സമിതി ട്രഷറര്‍ കെ. സോമപ്രസാദ്, സലീം കരുനാഗപ്പള്ളി, ആറ്റുകാല്‍ സുഭാഷ്ബോസ്, ടി.പി. കുഞ്ഞുമോന്, പി. രാമഭദ്രന് ,മുല്ലശ്ശേരി രാമചന്ദ്രന്, കെ.രവികുമാര്‍, ചൊവ്വരസുനില്, ആലുവിള അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ശിവഗിരി: ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സ്വാമി ശുഭാംഗാനന്ദയെ ട്രസ്റ്റ് ബോര്‍ഡ് യോഗം തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായിരുന്ന സ്വാമി ഋതംഭരാനന്ദ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണിത്. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
നിലവില്‍ ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയാണ് സ്വാമി ശുഭാംഗാനന്ദ. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചാരണസഭയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്വാമി ശുഭാംഗാനന്ദ മഹാസമാധിയില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ സ്വാമി ഋതംഭരാനന്ദ, സ്വാമി ശുഭാംഗാനന്ദയ്ക്ക് രേഖകള്‍ കൈമാറി. ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡംഗങ്ങളായ സ്വാമി വിശുദ്ധാനന്ദ, സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രുപാനന്ദ, ശിവഗിരിമഠം, പി.ആര്.ഒ. ഇ.എം. സോമനാഥന്, ഗുരുധര്‍മ്മപ്രചാരണസഭ രജിസ്ട്രാര്‍ അഡ്വ. പി.എം. മധു, വൈസ്പ്രസിഡന്റ് അനില്‍ തടാലില്‍, ജോയിന്റ് രജിസ്ട്രാര്‍ സി.ടി. അജയകുമാര്‍, വര്‍ക്കല നഗരസഭാ ചെയര്മാന് കെ.എം. ലാജി തുടങ്ങിയവരും ഭക്തജനങ്ങളും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ശിവഗിരിമഠം ഓഫീസിലെത്തി സ്വാമി ശുഭാംഗാനന്ദ ചുമതലയേറ്റു. ഇക്കഴിഞ്ഞ ട്രസ്റ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചയാളാണ് സ്വാമി ശുഭാംഗാനന്ദ