എന്ന് തീരും കാമ്പസുകളിലെ ജാതിവിവേചനവും ആത്മഹത്യകളും
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുവെന്നത് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമായിസുപ്രീം കോടതി വിലയിരുത്തി. ക്യാമ്പസിനകത്തെ ജാതിവിവേചനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് രാജ്യത്തെ പ്രമുഖമായ അഞ്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നേരത്തെ യുജിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഐഐടി, ഐഎം,എന്‍ഐടി, കേന്ദ്രസര്‍വ്വകലാശാലകള്‍ തുടങ്ങിയ പ്രമുഖ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 103 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്തുവെന്ന കണക്ക് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്
സമൂഹവും രാജ്യവും വലിയ പുരോഗതി പ്രാപിച്ചെന്നും, ജാതിയ ഉച്ചനീചത്വങ്ങള്‍ അവസാനിച്ചെന്നും പ്രചരണം നടക്കുന്നതിനിനിടയിലാണ് പ്രമുഖ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കടുത്ത ജാതിവിവേചനവും, അതിന്റെ ഭാഗമായുള്ള പിന്നാക്ക-ദളിത് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളും നടന്നുകൊണ്ടിരിക്കുന്നത്. നിരന്തരമായ ഇത്തരം ഹൃദയഭേദകമായ സംഭവങ്ങളെ തുടര്‍ന്നാണ് രാജ്യത്തെ പരമോന്നത കോടതിതന്നെ ഈ പ്രശ്നത്തില്‍ ശക്തമായി ഇടപെട്ടിരിക്കുന്നത്.
ക്യാമ്പസുകളിലെ ജാതിവിവേചനം ഇല്ലാതാക്കാന്‍ എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കാന്‍ യു.ജി.സിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. ക്യാമ്പസിനുള്ളിലെ ജാതിവിവേചനം ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, എം.എം.സുന്ദരേശ് എന്നിവരടങ്ങിയ സുപ്രിംകോടതി ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുവെന്നത് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമായി കോടതി വിലയിരുത്തി. ക്യാമ്പസിനകത്തെ ജാതിവിവേചനം തടയുന്നതിന് 2021-22, 2022-23 വര്‍ഷങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് രാജ്യത്തെ പ്രമുഖമായ അഞ്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നേരത്തെ യുജിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഐഐടി, ഐഎം,എന്‍ഐടി, കേന്ദ്രസര്‍വ്വകലാശാലകള്‍ തുടങ്ങിയ പ്രമുഖ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 103 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്തുവെന്ന കണക്ക് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്.
ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല 2016-ജനുവരി 17 ന് ജീവനൊടുക്കി. അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകനായിരുന്നു ഈ വിദ്യാര്‍ത്ഥി. മുബൈയിലെ ടി.എന്‍ ടോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ത്ഥിയായ ഡോ.പായല്‍ തഡ്വി 2019-മെയ് 22 ന് ജീവനൊടുക്കി. ഇവിടെ 3 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റ്ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ജാതിവിവേചനം മൂലം പലര്‍ക്കും ജീവന് നഷ്ടപ്പെട്ടതും, അത് തടയാന്‍ എന്തെല്ലാം ചെയ്തുവെന്നതും പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും താത്പര്യമാണ്. ഭാവിയില്‍ ഇത് സംഭവിക്കാതിരിക്കാന്‍ അല്പമെങ്കിലും ശ്രദ്ധിക്കണമെന്നും സുപ്രിംകോടതി ബഞ്ച് യുജിസി യോട് പറഞ്ഞു.
ക്യാമ്പസുകളിലെ ജാതിവിവേചനം തടയുന്നതിന് മാര്‍ഗ്ഗരേഖ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, പായല്‍ തഡ്വിയുടെ മാതാവ് അബിദാ സലിം തഡ്വി എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രോഹിത് വെമുലയുടെയും, പായല്‍ തഡ്വിയുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ ജാതി പീഡനമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
ഹര്‍ജിയെ എതിര്‍ത്ത് മറുപടി പറയുന്നതിന് പകരം ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആശങ്കകള്‍ എങ്ങനെ പരിഹരിക്കാനാണ് യുജിസി ലക്ഷ്യമിടുന്നതെന്ന് മറുപടിയില്‍ വ്യക്തമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നും ഇനി എന്തെല്ലാമാണ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കണം. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകരുടെ സഹായവും തേടാം.
ദളിത് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെത്തിക്കാന്‍ എന്തെല്ലാം ചെയ്യുന്നുവെന്നും ഇനി എന്ത് ചെയ്യാനാവുമെന്നും അറിയിക്കണം. വ്യത്യസ്ത സാഹചര്യത്തില്‍ നിന്നും വരുന്നവരായതിനാല്‍ പലര്‍ക്കും കൂടുതല്‍ ശ്രദ്ധകിട്ടേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജാതി വിവേചനത്തെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ 2012 ല്‍ യുജിസി രൂപീകരിച്ച ചട്ടങ്ങള്‍ അപര്യാപ്തമാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ചൂണ്ടിക്കാട്ടി.
ജാതി വിവേചനം അടക്കം ഹര്‍ജിയിലെ ആശങ്കകള്‍ എങ്ങനെ പരിഹരിക്കുമെന്നും, അതിനായി ഇതുവരെ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളും യുജിസി വ്യക്തമാക്കണമെന്നും പരമോന്നതകോടതി പറഞ്ഞു. മുഖ്യധാരയിലെത്താന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ എങ്ങനെ സഹായിക്കും എന്നുള്ളതിനെ സംബന്ധിച്ച് യുജിസി അഭിപ്രായം പറയണമെന്നും കോടതി ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ ഇത്തരം ദൗര്‍ഭാഗ്യകരമായ നടപടികള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണമടക്കം യുജിസി ആലോചിക്കണമെന്നും കോടതി അഭിപ്രായപ്പെടുകയും ചെയ്തു.
സുപ്രീംകോടതിയുടെ ഈ ധാര്‍മ്മികരോഷത്തെ അര്‍ഹിക്കുന്ന രീതിയില്‍ ഗൗരവമായിത്തന്നെ പരിഗണിക്കാന്‍ യുജിസിയും, അധികൃതരും തയ്യാറാകണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.
സമൂഹത്തിലെ പിന്നാമ്പുറങ്ങളില്‍ അകപ്പെട്ടുപോയ അവഗണിക്കപ്പെട്ട ജനവിഭാഗമാണ് രാജ്യത്തെ പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജനകോടികള്‍. എല്ലാനിലയിലും അവഗണനമാത്രം അനുഭവിക്കുന്ന ഇക്കൂട്ടരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് നമ്മുടെ ഭരണഘടനയില്‍ തന്നെ ഈ വിഭാഗത്തിനായി സംവരണവും മറ്റ് ചില പരിരക്ഷകളും എഴുതിച്ചേര്‍ത്തത്. എന്നാല്‍ ഈ ഭരണഘടന നിലവില്‍ വന്ന് ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന്റെ പൊതുസ്ഥിതിയില്‍ വലിയമാറ്റമൊന്നും ഉണ്ടായിട്ടില്ല.
സാമൂഹ്യമായും, വിദ്യാഭ്യാസപരമായും, സാംസ്ക്കാരികമായും പിന്നാക്കം നില്ക്കുന്ന ചില സമുദായക്കാര്‍ക്ക് ചില പ്രത്യേക സംരക്ഷണങ്ങള്‍ നല്കപ്പെട്ടതിനെതിരായി ചിലര്‍ ഭരണഘടനയെത്തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഭരണഘടന നിര്‍മ്മാണ സമിതിയില്‍പോലും പിന്നോക്ക സംരക്ഷണത്തിനെതിരായി വിമര്‍ശനം വന്നിട്ടുള്ളതാണ്. ഈ വകുപ്പിലടങ്ങിയിരിക്കുന്ന വിവേകത്തെ പ്രശംസിച്ചുകൊണ്ട് ഡോ.അംബേദ്ക്കര്‍ ഇങ്ങനെപറഞ്ഞു:-
”എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ സമൂഹത്തിലെ പിന്നാക്കക്കാര്‍ക്ക് ഇങ്ങനെ ചില സംരക്ഷണങ്ങള്‍ ഭരണഘടന നിര്‍മ്മാണസഭ വ്യവസ്ഥചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂര്‍വ്വമാണെന്ന കാര്യത്തില്‍ അശേഷം സംശയമില്ല”.
ലോകത്തെ ഏറ്റവും കൂടുതല്‍ ജാതിയും, ഉപജാതിയും, കടുത്ത ജാതിവിവേചനങ്ങളും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ജാതീയമായ ഉച്ചനീചത്വവും അയിത്തവുമെല്ലാം ഇവിടെ നൂറ്റാണ്ടുകളായി തുടരുകയാണെന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം.
(ലേഖകന്റെ ഫോണ്‍ നമ്പര്‍ : 9847132428
Email ID : [email protected])