തിയോക്രാറ്റിക് ഫ്യൂഡലിസവും ഗുരുവിന്റെ പ്രവചനവും

ലൗകിക സ്വാതന്ത്ര്യത്തിന്റെ രൂഢമൂലത ഓര്‍ത്താല്‍ അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിക്ക് ഗാന്ധിജി വീണ്ടും അവതരിക്കേണ്ടിവരും’. ഒരു നൂറ്റാണ്ടു മുമ്പ് ഗുരു നിര്‍മ്മമതയോടെ ഗാന്ധിജിയോട് പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ശ്രീനാരായണ ഗുരു-ഗാന്ധിജി സമാഗമത്തിന് നൂറു വര്‍ഷങ്ങള്‍ തികഞ്ഞ ദിവസം (2025 മാര്‍ച്ച് 12 ) നമ്മെ ബോധ്യപ്പെടുത്തുന്നു.

കേരള ചരിത്രത്തിലെ ഏഴു മുതല്‍ പതിനൊന്ന് വരെയുള്ള അഞ്ചു നൂറ്റാണ്ടുകള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്. ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ‘ഫ്യൂഡലിസം’ കേരളത്തില്‍ രൂപപ്പെട്ട് വേരുറച്ചത് ഈ ഇരുണ്ട നൂറ്റാണ്ടുകളിലാണ്. ഒമ്പതാം നൂറ്റാണ്ടില്‍ ശങ്കരന്‍ നടത്തിയ വേദാന്ത ദിഗ് വിജയം പുതിയ പൗരോഹിത്യാധിപത്യത്തിന്റെ വരവിന് കുട പിടിച്ചു കൊടുത്തു. ജാതിയുടെ അടിസ്ഥാനത്തിലുള്ള മേധാവിത്വ വര്‍ഗ്ഗംതന്നെ സാമ്പത്തിക, ഭരണ മേധാവിത്വ വര്‍ഗ്ഗമായി സമൂഹത്തില്‍ നീരാളിയായി പടര്‍ന്നുപിടിച്ചു. ഇത് പ്രത്യേക തരം ഫ്യൂഡലിസമായി വികൃത രൂപം കൊണ്ടു. പ്രൊഫ.എ അയ്യപ്പന്‍ ഇതിനെ തിയോക്രാറ്റിക് ഫ്യൂഡലിസം എന്ന് നാമകരണം ചെയ്തു.
കേരളത്തിന് ബുദ്ധ ജൈന മതങ്ങള്‍ സംഭാവന ചെയ്ത സാംസ്‌കാരിക ബിംബങ്ങളില്‍ നിന്നും ഉത്സവങ്ങള്‍ അടക്കമുള്ള സാമൂഹ്യ കൂട്ടായ്മകളില്‍ നിന്നും സ്വീകരിക്കേണ്ടതെല്ലാം സ്വീകരിച്ച് പുതിയൊരു സാമൂഹിക ക്രമം കേരളത്തില്‍ രൂപപ്പെടുത്തുന്നതിന് തീയോക്രാറ്റിക് ഫ്യൂഡലുകള്‍ക്ക് അതിവേഗം കഴിഞ്ഞു. അലസരും മടിയരുമായി മാറിയ ബുദ്ധഭിക്ഷുക്കളെ കുബുദ്ധി കൊണ്ടും ആയുധശക്തി കൊണ്ടും നാമാവശേഷമാക്കി. മനുഷ്യത്വത്തിനും മാനവികതയ്ക്കും മേലുള്ള ദയാരഹിതമായ ബലാല്‍ക്കാരത്തിന്റെ അടയാളപ്പെടുത്തലുകള്‍ ഏതു കുറ്റകൃത്യത്തിന്റെയും തെളിവുകള്‍ പോലെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ ഇന്നും അവശേഷിക്കുന്നു. അപരമത വിദ്വേഷമില്ലാതെ അതുപഠിക്കാന്‍ ശ്രമിക്കണമെന്നു മാത്രം….

ആര്‍ജ്ജവത്തോടെ എതിര്‍ത്തവരെയെല്ലാം അവര്‍ണ്ണരും അധമരുമായി ചവിട്ടി താഴ്ത്തിയും സേവ ചെയ്തവരെയെല്ലാം സിംഹാസന ചുവട്ടില്‍ സവര്‍ണ്ണശൂദ്രരായി വാഴിച്ചും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ആദ്യമായി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കി……..
വ്യക്തി ജീവിതത്തിന്റെ സമസ്ത മേഖലകളെയും (വൈജ്ഞാനിക സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ, സാമ്പത്തിക, രാഷ്ട്രീയ) ബാധിക്കുന്ന ഒരു പുതിയ ചാതുര്‍വര്‍ണ്ണ്യം തിയോക്രാറ്റിക് ഫ്യൂഡലിസം കേരളത്തില്‍ സൃഷ്ടിച്ചു. മനുവും ശങ്കരനും അതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നിര്‍ലോഭം സംഭാവന ചെയ്തിരുന്നു. പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ നടന്നിരുന്ന ‘ ‘മാമാങ്കം’ ഈ തിയോക്രാറ്റിക് ഫ്യൂഡല്‍ തെമ്മാടിത്തത്തെ പൂണൂലും പുണ്യാഹവും നല്‍കി വ്യവസ്ഥയും, ആചാരവും, നിയമവുമാക്കി മാറ്റി. ദുര്‍ബലരായ രാജാക്കന്‍മാര്‍ക്ക് ഈ അധമ കര്‍മ്മങ്ങള്‍ക്ക് ഏറാന്‍മൂളാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. മാമാങ്കത്തറകളില്‍ ചുടുനിണം ഒഴുക്കി ധാരാളം രക്തസാക്ഷികളുണ്ടായി…. അവരുടെ വീരകഥകള്‍ പാടിപ്പറഞ്ഞവരും വാഴ്ത്തുപാട്ടുകള്‍ എഴുതിയവരും മതമേധാവിത്വത്തിന്റ അസുരത്വത്തെ കുറിച്ചും അവര്‍ ദൈവത്തിന്റെ പേരില്‍ നിര്‍മ്മിച്ച മനുഷ്യവിരുദ്ധമായ ആചാരങ്ങളെയും, അനുഷ്ഠാനങ്ങളെയും കുറിച്ച് നിശബ്ദരായി…. അവര്‍ണ്ണന്‍ എന്ന് ചാപ്പകുത്തിയ തോല്പിക്കപ്പെട്ട പ്രതിരോധ ശക്തികളെ അപകര്‍ഷതാബോധത്തിന്റെ ചാണകക്കുഴിയിലേക്ക് ആഴത്തില്‍ ചവിട്ടി താഴ്ത്തി. പൂര്‍വ്വസൂരികള്‍ അനുഭവിച്ച അന്തസ്സും ആഭിജാത്യവും സമത്വവും നിറഞ്ഞ പൂര്‍വ്വകാലത്തെ കുറിച്ച് തലമുറകളെ പൂര്‍ണ്ണമായും അജ്ഞരാക്കി മാറ്റി.തിയോക്രാറ്റിക് ഫ്യൂഡലിസം ചരിത്രത്തിനുമേല്‍ നടത്തിയ ബലാല്‍ക്കാരത്തിലൂടെ സൃഷ്ടിക്കപ്പെട്ട അവിഹിത സന്തതികളുടെ ദയാരഹിതവും, ഹീനവുമായ ഭരണക്രമത്തില്‍ ദൈവങ്ങള്‍ പോലും വാവലുകളും നരിച്ചീറുകളും കയറിയ ഇരുണ്ട കാരാഗൃഹങ്ങളില്‍ കഠിനതടവിന് വിധേയരായി.

അങ്ങനെ എതിര്‍ശബ്ദങ്ങള്‍ ഇല്ലാത്ത അന്ധകാരത്തിന്റെ ലോകം സൃഷ്ടിക്കുന്നതില്‍ തിയോക്രാറ്റിക് ഫ്യൂഡല്‍ തെമ്മാടികള്‍ പൂര്‍ണ്ണമായും വിജയിച്ചു…….മഞ്ചേശ്വരം പുഴ മുതല്‍ നെയ്യാര്‍ വരെയുള്ള നദികളിലൂടെ ധാരാളം ജലം ഒഴുകിപ്പോവുകയും, ഒറ്റതിരിഞ്ഞതും, രക്തരൂഷിതവുമായതുമായ പ്രതിരോധങ്ങള്‍ക്ക് കേരളം സാക്ഷ്യപ്പെടുകയും ചെയ്തു.
നെയ്യാറിന്റെ ആഴങ്ങളില്‍ നിന്ന് ഉയര്‍ത്തിയെടുത്ത ശില ‘നമ്മുടെ ശിവനായി’ പ്രതിഷ്ഠിച്ച് ശ്രീനാരായണഗുരു എന്ന പ്രവാചകന്‍ ദൈവങ്ങളെ ഫ്യൂഡല്‍ തടവറകളില്‍ നിന്നും മോചിപ്പിക്കുന്ന അറിവുണര്‍വ് പ്രക്രിയ കേരളത്തില്‍ ആരംഭിച്ചു . നൂറ്റാണ്ടുകള്‍ നീണ്ട ഇരുണ്ട യുഗത്തില്‍ നിന്നുള്ള വിമോചനത്തിനു വേണ്ടി മനഃശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങി വിവിധശാസ്ത്ര ശാഖകളെ കോര്‍ത്തിണക്കിയ ജൈവീകമായ മനുഷ്യപരിവര്‍ത്തന പ്രക്രിയയ്ക്കാണ് അരുവിപ്പുറം പ്രതിഷ്ഠാപനത്തിലൂടെ ശ്രീനാരായണഗുരു തുടക്കം കുറിച്ചത്.

‘നമ്മുടെ ശിവനില്‍’ തുടങ്ങി വിദ്യാഭ്യാസം, ശുചിത്വം,ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്ര സാങ്കേതികവിദ്യ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയ അത്യാധുനിക ശിവഗിരി തീര്‍ത്ഥാടനം വരെയുള്ള ഗുരുവിന്റെ യാത്ര അന്‍പ്, അരുള്‍, അനുകമ്പ എന്നീ ജീവതാരകങ്ങളില്‍ അടിയുറച്ചതായിരുന്നു.
ഗുരു 1914 ല്‍ എഴുതിയ ‘ജാതി നിര്‍ണയത്തില്‍’ പശു വര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക് എങ്ങനെയാണ് ഗോത്വം ജാതിയാവുന്നത് അതുപോലെ ‘മനുഷ്യത്വമാണ്’ മനുഷ്യന്റെ ജാതി എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.
‘ജാതി’ എന്ന വാക്ക് തലക്കെട്ടില്‍ അല്ലാതെ ഒരു സ്ഥലത്ത് പോലും സൂചിപ്പിക്കാതെ എഴുതിയ ‘ജാതി ലക്ഷണം’ ‘പുണര്‍ന്ന് പെറു മെല്ലാമൊരിനമാം പുണരാത്തത്, ഇനമല്ലിനമാമി ങ്ങൊരിണയാര്‍ന്നൊത്തു കാണ്‍മതും’ പരസ്പരം ആലിംഗനം ചെയ്തു സന്താന ഉല്‍പാദനം നടത്തുന്നതെല്ലാം ഒരിനവും അല്ലാത്തവ മറ്റൊരു ഇനവും. ഇങ്ങനെ രണ്ടു ഇനങ്ങളാണ് ഭൂമിയില്‍ ഉള്ളത്. മനുഷ്യനും മറ്റ്ജന്തുക്കളും എന്ന് കൃത്യമായി മനുഷ്യന്റെ ലക്ഷണം നിര്‍വചിച്ചു.
ഡിജിറ്റല്‍ യുഗത്തില്‍ എത്തിനില്‍ക്കുന്ന കേരളം ഗൗരവത്തോടെ പഠിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാത്ത ഒരു കൃതിയാണ് ശ്രീനാരായണ ഗുരുവിന്റെ ജാതി ലക്ഷണം എന്നത് വേദനയോടെ പറയേണ്ടിയിരിക്കുന്നു. തിയോക്രാറ്റിക് ഫ്യൂഡലിസം സൃഷ്ടിച്ച ചതുര്‍വര്‍ണ്യത്തിന്റെ മേല്‍ ശ്രേണിയില്‍പ്പെട്ട സമൂഹത്തിലെ ഉല്‍പതിഷ്ണുക്കളായ മനുഷ്യരെ ചേര്‍ത്തു നിര്‍ത്താനും സാമൂഹിക പരിവര്‍ത്തന പ്രക്രിയകള്‍ക്ക് അവരെ കൂടി പങ്കാളികളാക്കാനും ശ്രീനാരായണഗുരുവിനു കഴിഞ്ഞു. അതിനൊപ്പം അധ:സ്ഥിതര്‍ എന്ന് ചാപ്പ കുത്തപ്പെട്ട അധ്വാന വര്‍ഗ്ഗത്തെ അറിവു നേടല്‍, സംഘടന, സാമ്പത്തിക സ്വയം പര്യാപ്തത തുടങ്ങിയതിലൂടെ കുഴിച്ചു മൂടപ്പെട്ട പൂര്‍വ്വസത്വങ്ങളുടെ വീണ്ടെടുക്കലിനു പ്രാപ്തരാക്കുന്ന പ്രകിയയില്‍ ഗുരു നിര്‍ണ്ണായക ചാലകശക്തിയായി.ചേര്‍ത്തുപിടിക്കലിന്റെ പ്രത്യയ ശാസ്ത്രമാണ് ആത്മീയതയുടെ പര്യായമായി ഗുരു അവതരിപ്പിച്ചത് ശ്രീശങ്കരന്റെയും, ശ്രീനാരായണ ഗുരുവിന്റെയും ആത്മീയത തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്.

കേരളത്തിലെ നദികളിലൂടെ പിന്നെയും ധാരാളം വെള്ളം ഒഴുകുകയും നിരവധി രാഷ്ട്രീയ സാമൂഹിക പഠനങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും പരീക്ഷണശാലയായി കേരളം മാറുകയും ചെയ്തു. എന്നാല്‍ ഇരുണ്ട നൂറ്റാണ്ടുകളില്‍ രൂപീകൃതമായ അടിമത്തത്തിന്റെയും അപകര്‍ഷതാ ബോധത്തിന്റെയും ഹീന ചിന്തകളും ഉല്‍കൃഷ്ടതാവാദത്തിന്റെയും ഉന്നതകുലജാതബോധത്തിന്റെയും അധമ ചിന്തകളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യമനസ്സുകളില്‍ രൂഢമൂലമാണ് എന്ന് തെളിയിക്കുന്നതാണ് വര്‍ത്തമാനകാല സംഭവങ്ങള്‍.
ശാസ്ത്രം മനുഷ്യന്റെ ജനിതകഘടന സമൂലം പഠിക്കുകയും അതില്‍ ഉത്തമരും അധമരുമില്ല എന്ന് വിധി കല്‍പ്പിക്കുകയും ചെയ്തിട്ടും മാമാങ്കത്തറകളില്‍ സൃഷ്ടിക്കപ്പെട്ട അന്ധവും അബദ്ധ ജഡിലവുമായ വിശ്വാസ പ്രമാണങ്ങളെ മുറുകെ പിടിക്കാന്‍ ഒരു മടിയുമില്ലാത്ത ഉല്‍കൃഷ്ടതാ വാദികളുടെ സമൂഹം ഇന്നും ആധുനിക കേരളത്തില്‍ ജീവിക്കുന്നു. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ അവശേഷിപ്പുകള്‍ ആഭരണമായി അണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരും അപമാനകരമായ ഒരു യാഥാര്‍ത്ഥ്യമായി നമുക്ക് മുന്നിലുണ്ട്.

ഇത് തിയോക്രാറ്റിക് ഫ്യൂഡലിസം എത്ര മാത്രം ആഴത്തില്‍ വേരോടി അതിന്റെ സ്വാധീനം ഉറപ്പിച്ചു എന്നതിന്റെയും; കേരളത്തില്‍ നടന്ന മറ്റ്എല്ലാ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക പരീക്ഷണങ്ങളുടെ വേരോട്ടത്തിന്റെ കുറവുമാണ് വെളിവാക്കുന്നത്. ശ്രീനാരായണഗുരു മഹാത്മാഗാന്ധിയോട് പറഞ്ഞ വാക്കുകള്‍ ദീര്‍ഘ ചക്ഷുവിന്റെ പ്രവചനമാണ് എന്ന് തെളിയിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് നമുക്ക് മുന്നില്‍ തെളിഞ്ഞു വരുന്നത്.
‘ലൗകിക സ്വാതന്ത്ര്യത്തിന്റെ രൂഢമൂലത ഓര്‍ത്താല്‍ അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിക്ക് ഗാന്ധിജി വീണ്ടും അവതരിക്കേണ്ടിവരും’. കൃത്യം ഒരു നൂറ്റാണ്ടു മുമ്പ് ഗുരു നിര്‍മ്മമതയോടെ ഗാന്ധിജിയോട് പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് എന്ന് ശ്രീനാരായണ ഗുരു-ഗാന്ധിജി സമാഗമത്തിന് നൂറു വര്‍ഷങ്ങള്‍ തികഞ്ഞ ദിവസം (2025 മാര്‍ച്ച് 12 ) നമ്മെ ബോധ്യപ്പെടുത്തുന്നു. ഇന്ന് കേരള സമൂഹത്തിന്റെ നേര്‍ക്കുപിടിക്കുന്ന കണ്ണാടിയില്‍ തെളിയുന്നത് സത്യത്തില്‍ എന്താണ് ?

Author

Scroll to top
Close
Browse Categories