പിന്നാക്കക്കാരെ ചേര്‍ത്തു പിടിക്കണം;തെറ്റുകള്‍ തിരുത്തണം
”ചരിത്രപരമായ തെറ്റുകള്‍ നാം തിരുത്തിയേ മതിയാകൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേത് രാജ്യത്തിന്റെ ശബ്ദമായി മാറേണ്ട കാലം കഴിഞ്ഞു.” സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ഐതിഹാസികമായ നിരീക്ഷണം നല്കുന്ന ആത്മവിശ്വാസം വലുതാണ്.
പിന്നാക്ക ജനവിഭാഗങ്ങളോട് സമൂഹം പുലര്‍ത്തുന്ന തെറ്റ് തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാവണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അഭിപ്രായം അധ:സ്ഥിത ജനവിഭാഗങ്ങൾക്ക് പ്രതീക്ഷ പകരുന്നു.
”ചരിത്രപരമായ തെറ്റുകള്‍ നാം തിരുത്തിയേ മതിയാകൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേത് രാജ്യത്തിന്റെ ശബ്ദമായി മാറേണ്ട കാലം കഴിഞ്ഞു.” സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ഐതിഹാസികമായ നിരീക്ഷണം നല്കുന്ന ആത്മവിശ്വാസം വലുതാണ്.
പിന്നാക്ക വിഭാഗങ്ങളെ ചേര്‍ത്തു പിടിക്കുന്ന നിയമവ്യവസ്ഥ രാജ്യത്ത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
യു എസിലെ ബ്രാന്‍ഡൈസ് സര്‍വ്വകലാശാലയില്‍ ഡോ. ബി. ആര് അബേദ് കറുടെ ശില്പം അനാച്ഛാദനം ചെയ്ത ശേഷം രാജ്യാന്തരകോണ്ഫറന്സില് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടെയാണ് ചന്ദ്രചൂഡിന്റെ ഈ നിലപാട് എന്നുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്.
ദശലക്ഷകണക്കിന് പിന്നാക്ക, ആദിവാസി വിഭാഗങ്ങളാണ് വിവേചനം പലരൂപത്തില്‍ അനുഭവിക്കുന്നത്. കൂടാതെ ഇക്കൂട്ടര്‍ക്കെതിരായി കടുത്ത വിവേചനം ഇപ്പോഴും തുടരുന്നുണ്ട്. ജാതി വിവേചനം നിരോധിച്ച് നിയമങ്ങള്‍ ഉണ്ടെങ്കിലും അതിക്രമങ്ങള്‍ കൂടുന്നതേയുളളൂ. ചരിത്രപരമായ തെറ്റുകള്‍ നിലനിര്‍ത്തുന്നതില്‍ നിലവിലുളള നിയമവ്യവസ്ഥയ്ക്കും വലിയ പങ്കുണ്ട്. ഇത് കാരണമുണ്ടാകുന്ന ദോഷങ്ങള്‍ തലമുറകളോളം നീണ്ടുനില്‍ക്കും. ഈ അവസ്ഥ മാറിയേ തീരു -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. പിന്നാക്കജനവിഭാഗങ്ങളോട് സമൂഹം പുലര്‍ത്തിവരുന്ന തെറ്റ് തിരുത്താന്‍ ഇനിയെങ്കിലും തയ്യാറാവണമെന്നാണ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെടുന്നത്. ചരിത്രപരമായ ഈ വലിയ തെറ്റുകള്‍ തിരുത്തുക എളുപ്പമുളള ഒരു കാര്യമല്ല. അതിനായുളള മഹത്തായ പ്രസ്ഥാനംതന്നെ നമ്മുടെ രാജ്യത്ത് ഉയര്‍ന്ന് വരേണ്ടതായിട്ടുണ്ട്. മഹാഭൂരിപക്ഷം വരുന്ന പിന്നോക്കജനവിഭാഗം തന്നെയാണ് ഇതില്‍ സുപ്രധാനപങ്കുവഹിക്കേണ്ടത്.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെ പലരാജ്യങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങളും, ന്യൂനപക്ഷവും കിരാതമായ അടിച്ചമര്‍ത്തലുകള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കും പാത്രമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇപ്പോഴും അടിമത്തം ആഫ്രിക്കയിലും, ലോകത്തിലെ മറ്റു ചിലഭാഗങ്ങളിലും തുടരുന്നതിന്റെ ചിത്രം കാണാന്‍ കഴിയും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് നേരെയുളള അതിക്രമങ്ങള്‍ ഇവിടെ വര്‍ദ്ധിക്കുന്നത് ഏറ്റവും ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യാമഹാരാജ്യം അതിന്റെ ചരിത്രപരമായ തെറ്റുകള്‍ അനുസ്യൂതമായി തുടരാനാണൊ ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുവേണ്ടി നിലവിലെ നിയമവ്യവസ്ഥയില്‍ തന്നെ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ ദയനീയ സ്ഥിതി ഇപ്പോഴും പഴയതുപോലെ തുടരുകയണോ? ഈ ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന നിരവധി വ്യവസ്ഥകള്‍ ഭരണഘടനയില്‍ തന്നെ ഉണ്ടായിട്ടും എന്തുകൊണ്ട് അത് പ്രയോഗികമാകുന്നില്ല? പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗക്കാര്‍, മറ്റു പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാകുന്നതിന്റെ കാരണമെന്താണ് ?
ചീഫ് ജസ്റ്റീസിന്റെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ പട്ടിക വർഗക്കാർക്ക്പുറമേ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാ ക്കം നില്ക്കുന്ന മറ്റ് പിന്നാക്കക്കാർ ഉണ്ട്. മറ്റ് പിന്നാക്കവര്ഗ്ഗങ്ങള് ജാതിശ്രേണിയില്‍ പട്ടികജാതി-പട്ടിക വർഗക്കാരേക്കാള്‍ ഉയര്‍ന്നവരാണ്. അതേസമയം അവര്‍ ഉന്നത ജാതിക്കാര്‍ക്ക് വളരെ താഴെയുമാണ്. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, സാംസ്കാരികപരമായും, രാഷ്ട്രീയമായും ഇവര്‍ പിന്നാക്കാവസ്ഥയില്‍ തന്നെയാണ്. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍പ്പെട്ട നല്ലൊരുശതമാനം പേര് പിന്നോക്കക്കാരാണ്.
പിന്നാക്കക്കാരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്ന കാക്കേ കലേക്കര്‍ കമ്മീഷന് റിപ്പോര്‍ട്ട് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തളളിക്കളയുകയാണുണ്ടായത്. ഉദ്യോഗസംവരണം അടക്കമുളള കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലപ്പോലും സര്‍ക്കാര്‍ കല്‍പ്പിച്ചില്ല.
1978 ല്‍ പാര്‍ലമെന്റ് അംഗമായ ബി പി മണ്ഡലിന്റെ അധ്യക്ഷതയില്‍ പിന്നാക്കവര്ഗ്ഗകമ്മീഷനെ ജനതാഗവണ്മെന്റ് നിയമിച്ചു. 1980 ല്‍ മണ്ഡല് കമ്മീഷന് അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സാമൂഹികപരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്ന പിന്നാക്കജനവിഭാഗങ്ങള്‍ക്ക് സംവരണം അടക്കമുളള ആനുകൂല്യങ്ങള്‍ നല്കാന് ഈ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.ശക്തമായ എതിര്‍പ്പുണ്ടായിട്ടും 1990 ല്‍ മണ്ഡല് കമ്മീഷന് ശുപാര്‍ശകള്‍ അന്നത്തെ വി പി സിംഗ് സര്‍ക്കാര്‍ ഭാഗികമായി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നാക്കക്കാര്‍ക്ക് അന്ന് അംഗീകരിച്ച 27 ശതമാനം ഉദ്യോഗസംവരണവും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന സംവരണവും നാളിതുവരെ ഫലപ്രദമായും പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുളളത് ഒരു വസ്തുതയാണ്.
പിന്നാക്കവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ഭരണഘടന നല്കിയിട്ടുളള പരമപ്രധാനമായ അവകാശങ്ങള്‍പ്പോലും ഇപ്പോള്‍ നിഷേധിക്കപ്പെടുകയാണ്. ഇക്കൂട്ടരുടെ ക്ഷേമത്തിനായി നല്കിയിട്ടുളള ഉദ്യോഗനിയമനത്തിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമുളള സംവരണം പോലും ഇപ്പോള്‍ വലിയ വെല്ലുവിളിയെ നേരിടുന്നു. പരമോന്നത കോടതിയിലെ ചില ജഡ്ജിമാര്പ്പോലും സംവരണം ഇനിയും തുടരണമോ എന്ന് ചോദിച്ച സംഭവങ്ങളും രാജ്യത്ത് ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം കൂടുതല്‍ പ്രസക്തമാകുന്നത്.
നമ്മുടെ രാജ്യവും ജനതയും മുന്നോട്ടാണ് നീങ്ങുന്നത്; പിന്നോട്ടല്ല. ഇവിടത്തെ പിന്നാക്കക്കാരായ മഹാഭൂരിപക്ഷത്തിന്റെ ദനീയസ്ഥിതിയെ സംബന്ധിച്ചും, ഇക്കൂട്ടരുടെ മോചനത്തിനായി ചെയ്യേണ്ട നടപടികളെ സംബന്ധിച്ചും വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യന്‍ ജനതയുടെ പൊതുവികാരത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.
9847132428
([email protected])