പയ്യന്നൂരിലെ ആ പഴയ പയ്യന്
കഥാകൃത്ത് , നോവലിസ്റ്റ്, തിരക്കഥാകൃത്ത് ,മാദ്ധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചു സതീഷ് ബാബു പയ്യന്നൂർ. വായനക്കാരുടെ ഏറ്റവും പ്രിയങ്കരനായിരുന്ന ഈകഥാകാരൻ ഞെട്ടിക്കുന്ന ക്ളൈമാക്സിലെന്നപോലെ നമ്മളോട് വിടപറഞ്ഞു
മഴയോട് വലിയ പ്രണയമായിരുന്നു സതീഷ്ബാബു പയ്യന്നൂരിന്. തെയ്യത്തോട് തീരാത്ത ആരാധനയും .സതീഷ്ബാബുവിന്റെ പല കഥകളിലും മഴ പെയ്തു.
വടക്കേ മലബാറിലെ ‘തെയ്യം’ അക്ഷരങ്ങളില്‍ അവതരിപ്പിച്ചു. തെയ്യം കലാകാരന്മാരുടെ ജീവിതം ആദ്യ നോവലായി-ദൈവപ്പുര. തെയ്യത്തെ മലബാറില്‍ നിന്ന് തെക്കോട്ടെത്തിക്കാനും സതീഷ്ബാബു മുന്‍കൈയെടുത്തു. തിരുവനന്തപുരത്ത് തെയ്യം പൊതുവേദിയില്‍ അവതരിപ്പിച്ചു. ‘പയ്യന്നൂര്‍ വിട്ടിട്ട് ദശാബ്ദങ്ങളായെങ്കിലും മനസ്സില്‍ നിന്ന് പയ്യന്നൂരിലെ ആ പഴയ പയ്യന് വിട്ടുപോയിട്ടില്ലെന്ന്’ അഭിമാനത്തോടെ സതീഷ്ബാബു പറയുമായിരുന്നു.
പാലക്കാടാണ് ജനിച്ചതെങ്കിലും അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലെത്തുന്നത്. കാഞ്ഞങ്ങാട് നെഹ്റു കോളേജിലും, പയ്യന്നൂര്‍ കോളേജിലും പഠനം. പയ്യന്നൂരിനെ ഹൃദയത്തിലേറ്റുകായായിരുന്നു സതീഷ്ബാബു. വടക്കേ മലബാറിന്റെ ഗ്രാമീണ ഭംഗിയെ തന്റെ കഥകളില്‍ സതീഷ്ബാബു ഒപ്പിയെടുത്തു. പയ്യന്നൂര്‍ അമ്പലത്തിനടുത്ത് വീടുവെച്ചു. സതീഷ്ബാബുവിന്റെ ‘എന്റെ ഗ്രാമകഥകള്‍’ എന്ന സമാഹാരം പയ്യന്നൂരിന്റെ ഗ്രാമീണത്തനിമ വിളിച്ചോതുന്നതായിരുന്നു.
24-ാം വയസിൽ സതീഷ് എഴുതിയ കൃതിയാണ് മണ്ണ്. അതിന്റെ അവതാരിക എഴുതിയത് ഇ.എം. എസ്.
കഴിഞ്ഞ ഓണക്കാലത്ത് ഒരു വാര്‍ഷിക പതിപ്പില്‍, അച്ചടിച്ചു വന്ന ‘അരികിലാരോ’യാണ് ഏറ്റവും ഒടുവില്‍ സതീഷ് എഴുതിയ കഥ. പുസ്തകങ്ങളുടെ ഇടയില്‍ ജീവിച്ച കാല്പനിക ഹൃദയങ്ങളുടെ കഥ. ‘പേരമരം’ പോലെ വായനക്കാരുടെ ഹൃദയത്തില്‍ കൊള്ളുന്ന കഥയായിരുന്നു അത്. എന്നിട്ടും ആ കഥയ്ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന നിരാശ സതീഷ്ബാബുവിനുണ്ടായിരുന്നു-സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ഒരു കഥ പ്രസിദ്ധീകരിച്ചാല്‍ അഭിപ്രായം തേടിക്കൊണ്ടിരിക്കുമായിരുന്നു ഈ കഥാകാരൻ.
പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവ കാലത്തിന്റെ ഗൃഹാതുരത്വമാണ് ‘വൃശ്ചികം വന്നു വിളിച്ചപ്പോൾ’ എന്നാല്‍ അതേ സതീഷ്ബാബു തന്നെ ‘കൂവളങ്കര കുടുംബയോഗം’ പോലെ ശക്തമായ രാഷ്ട്രീയ കഥകളുമെഴുതി.
‘മണ്ണ്’ ഉള്‍പ്പെടെയുള്ള നോവലുകള്‍ ഏറെ ശ്രദ്ധേയമായി. 80 കളില്‍ ആനുകാലികങ്ങളില്‍ വായനക്കാരുടെ ഏറ്റവും പ്രിയങ്കരനായി നിറഞ്ഞുനിന്നു. സമീപകാലത്ത് നല്ല രചനകളുമായി ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായ വിടപറയല്‍.
പയ്യന്നൂരിനെ ഹൃദയത്തിലേറ്റിയെങ്കിലും തിരുവനന്തപുരമായിരുന്നു സതീഷ്ബാബുവിന്റെ കര്‍മ്മകാണ്ഡം.1985 മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥന്. 2001ല്‍ ജോലി ഉപേക്ഷിച്ചു. ഇടക്കാലത്ത് കാസര്‍കോട്ട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായി. പിന്നീട് ദൃശ്യമാധ്യമ രംഗത്ത്. സതീഷ്ബാബു ഡയക്ടറായ കേരള പനോരമയിലൂടെ നിരവധി പേര് ദൃശ്യമേഖലയില്‍ എത്തി.
90കളില്‍ ‘നക്ഷത്രകൂടാരം’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി. ‘ഓ ഫാബി’എന്ന സിനിമയുടെ രചനയും നിര്‍വഹിച്ചു.
ആറടിയിലേറെ ഉയരമുള്ള സതീഷ്ബാബു ആള്‍ക്കൂട്ടത്തില്‍ എവിടെ നിന്നാലും ശ്രദ്ധേയനായിരുന്നു. സൗമ്യമായ വാക്കുകളും പെരുമാറ്റവും സദാ പുഞ്ചിരിയും ഈ കഥാകാരന്റെ പ്രത്യേകത. കഥയിലും സിനിമയിലും വിസ്മയമായിരുന്ന പി. പത്മരാജന്റെ കടുത്ത ആരാധകന്.
തെക്ക് വടക്കന്‍ ഭേദങ്ങളൊന്നും സതീഷ്ബാബുവിന്റെ സംഭാഷണ ശൈലിയിലോ നിരീക്ഷണത്തിലോ ഉണ്ടായിരുന്നില്ലെന്ന് സതീഷ്ബാബുവിന്റെ സുഹൃത്ത് എഴുത്തുകാരനും കവിയുമായ മഞ്ചു വെള്ളായണി പറയുന്നു. ‘നല്ല മനസ്സും നല്ല പെരുമാറ്റവും സര്‍ഗപ്രതിഭയും തങ്ങളുടെ ദേശക്കാരുടെ കുത്തകയാണെന്ന അബദ്ധ ധാരണ തീണ്ടാത്ത മനസായിരുന്നു. ലോകത്തെവിടെയും സ്നേഹ വെളിച്ചവും ദുഷ്ടതമസുമുണ്ടെന്ന് പല പയ്യന്നൂര്‍ കഥകളും നമുക്ക് കാട്ടിത്തന്നു” -മഞ്ചുവെള്ളായണി വിലയിരുത്തുന്നു.
തന്റെ ‘ലിഫ്റ്റ്’ എന്ന കഥ മമ്മൂട്ടിയെ നായകനാക്കി സിനിമയാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് സതീഷ്ബാബുവിന്റെ മടക്കയാത്ര. മഹാകവി പി. കുഞ്ഞിരാമന്‍നായരുടെ ജീവിത കഥ ആധാരമാക്കി എഴുതികൊണ്ടിരിക്കുന്ന ‘സത്രം ‘എന്ന നോവലിനെ കുറിച്ച് സുഹൃത്തുക്കളോട് ആവേശത്തോടെ സംസാരിച്ചിരുന്നു. നോവല്‍ പൂര്‍ത്തിയാകും മുമ്പ് സതീഷ്ബാബു മടങ്ങി.സ്വന്തം ഫ്ളാറ്റിൽ ഒറ്റയ്ക്ക് ഉറക്കത്തിനിടെ വല്ലാത്തൊരു മടങ്ങിപ്പോക്ക്.