സമൂഹനവീകരണവും അന്ധവിശ്വാസ നിർമാർജനവും ശ്രീനാരായണഗുരുവിന്റെ മാതൃക
പ്രാചീന കാലം മുതല്‍ക്കേ അന്ധവിശ്വാസങ്ങള്‍ മതവും ആരാധനാരീതികളുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ ‘ജാതി’ ഏറ്റവും വലിയ അന്ധവിശ്വാസമായി വളര്‍ത്തിയെടുത്തത് ബ്രാഹ്മണമതമായിരുന്നു. ജാതിസമ്പ്രദായം പകര്‍ന്നു നല്‍കിയ ശുദ്ധ-അശുദ്ധ ബോധവും തീണ്ടലും തൊട്ടുകൂടായ്മയും കേരള സമൂഹത്തെ ബാധിച്ച ഏറ്റവും അധമമായ അന്ധവിശ്വാസമായിരുന്നു.ജാതീയമായ അന്ധവിശ്വാസങ്ങളുടെ കേന്ദ്രീകൃത ഉല്പാദന കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങള്‍. നീതിന്യായ വ്യവസ്ഥിതിയും കുറ്റവും ശിക്ഷയും അന്ധവിശ്വാസങ്ങള്‍ക്കു കീഴ്‌പ്പെട്ടിരുന്നു. സഞ്ചാരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയവയുടെ നിഷേധവും മാന്യമായി വസ്ത്രം ധരിക്കുവാനുള്ള അവകാശത്തിന്റെ നിരാകരണവും മനുഷ്യരില്‍ അടിഞ്ഞുകൂടിയിരുന്ന അന്ധവിശ്വാസങ്ങളുടെയും അവ സൃഷ്ടിച്ച മേധാവിത്വ രീതികളുടെയും ഉല്പന്നങ്ങളായിരുന്നു.
അന്ധവിശ്വാസങ്ങള്‍ സൃഷ്ടിക്കുന്ന നരബലി ഉള്‍പ്പെടെയുള്ള ദുരാചാരക്രിയകള്‍ നടത്തുന്നവര്‍ മനുഷ്യമൃഗങ്ങളാണ്. കേരളത്തിലെ ‘മനുഷ്യവികസനം’ അഭിമാനാര്‍ഹമാണെങ്കിലും കേരളീയ മനുഷ്യമനസ്സുകളെ കാര്‍ന്നു തിന്നുന്ന അന്ധവിശ്വാസങ്ങളും അത് ഉല്പാദിപ്പിക്കുന്ന ആഭിചാര ദുര്‍മന്ത്രവാദക്രിയകളും മലയാളികളുടെ മറ്റൊരു ജീവിതശൈലീ രോഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
20-ാം നൂറ്റാണ്ടുവരെ ദാരിദ്ര്യവും മരണഭയവും നിരക്ഷരതയും ആരോഗ്യസുരക്ഷയില്ലായ്മയും അന്ധവിശ്വാസ ജഡിലമായ ദുരാചാരങ്ങള്‍ക്കു കാരണമായിരുന്നു. പക്ഷേ ഇന്നു സമ്പത്തും സാക്ഷരതയും, ഉന്നതവിദ്യാഭ്യാസവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനങ്ങളും അനുഭവിക്കുന്ന മലയാളികളില്‍ ഒരു വിഭാഗം ആഭിചാര-ദുര്‍മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നു എന്നതാണു യാഥാര്‍ത്ഥ്യം.
ജാതി-മത അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കുവാന്‍ മലയാളികള്‍ വളരെയേറെ ശ്രദ്ധാലുക്കളാണെങ്കിലും ദുരാചാരങ്ങളും ദുര്‍മന്ത്രവാദങ്ങളും നടത്തുവാന്‍ ജാതി-മത ഭേദമില്ലാതെ അവര്‍ പരസ്പരം ആശ്രയിക്കുന്നു. ‘പലമതസാരവുമേകം’ എന്ന ദര്‍ശനം ഉള്‍ക്കൊണ്ടില്ലെങ്കിലും അന്യമതത്തിലെ ദുരാചാരക്രിയകള്‍ സ്വീകരിക്കുവാന്‍ ഇക്കൂട്ടര്‍ വ്യഗ്രത കാണിക്കുന്നു. പണ്ട് ജാതിയും മതവും മാത്രമായിരുന്നു ദുരാചാരങ്ങളുടെ പ്രേരണയെങ്കില്‍ ഇന്നു സാങ്കേതിക വിദ്യയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും ദുരാചാരങ്ങള്‍ പ്രചരിക്കുവാന്‍ കാരണമാണ്.
ഈയൊരു സാമൂഹിക രോഗാവസ്ഥയുടെ മുഖ്യഇരകളായി മധ്യവര്‍ഗ്ഗം ഇന്നു മാറിക്കൊണ്ടിരിക്കുന്നു. മധ്യവര്‍ഗ്ഗം തന്നെയാണു 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ അന്ധവിശ്വാസങ്ങളും അവ നിര്‍മ്മിച്ച ദുരാചാരങ്ങളും മനുഷ്യമനസ്സുകളില്‍ നിന്നും പുറംതള്ളുവാന്‍ ശ്രീനാരായണഗുരുവിനും മറ്റു സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്കും, യുക്തിവാദി പ്രസ്ഥാനങ്ങള്‍ക്കും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പിന്നില്‍ അണിനിരന്നത്.
അന്ധവിശ്വാസങ്ങള്‍
പഴയകാലത്ത്
മനുഷ്യര്‍ വനത്തില്‍ പെറുക്കിത്തിന്നു ജീവിച്ചിരുന്ന കാലം മുതല്‍ അന്ധവിശ്വാസങ്ങള്‍ അവരുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. പ്രകൃതിദുരന്തങ്ങള്‍, മഹാവ്യാധികള്‍, പ്രസവത്തോടു കൂടിയുള്ള അമ്മയുടെയും കുട്ടിയുടെയും മരണങ്ങള്‍ തുടങ്ങിയവ കൂട്ടായ ജീവിതമാരംഭിച്ച മനുഷ്യര്‍ക്കു ഭയവും നിസഹായവസ്ഥയും നല്‍കുന്നതായിരുന്നു.
പ്രാചീന കാലം മുതല്‍ക്കേ അന്ധവിശ്വാസങ്ങള്‍ മതവും ആരാധനാരീതികളുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ ‘ജാതി’ ഏറ്റവും വലിയ അന്ധവിശ്വാസമായി വളര്‍ത്തിയെടുത്തത് ബ്രാഹ്മണമതമായിരുന്നു. ജാതിസമ്പ്രദായം പകര്‍ന്നു നല്‍കിയ ശുദ്ധ-അശുദ്ധ ബോധവും തീണ്ടലും തൊട്ടുകൂടായ്മയും കേരള സമൂഹത്തെ ബാധിച്ച ഏറ്റവും അധമമായ അന്ധവിശ്വാസമായിരുന്നു.
ജാതീയമായ അന്ധവിശ്വാസങ്ങളുടെ കേന്ദ്രീകൃത ഉല്പാദന കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങള്‍. നീതിന്യായ വ്യവസ്ഥിതിയും കുറ്റവും ശിക്ഷയും അന്ധവിശ്വാസങ്ങള്‍ക്കു കീഴ്‌പ്പെട്ടിരുന്നു. സഞ്ചാരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയവയുടെ നിഷേധവും മാന്യമായി വസ്ത്രം ധരിക്കുവാനുള്ള അവകാശത്തിന്റെ നിരാകരണവും മനുഷ്യരില്‍ അടിഞ്ഞുകൂടിയിരുന്ന അന്ധവിശ്വാസങ്ങളുടെയും അവ സൃഷ്ടിച്ച മേധാവിത്വ രീതികളുടെയും ഉല്പന്നങ്ങളായിരുന്നു.
മനുഷ്യജീവിതത്തില്‍ ഇടതടവില്ലാതെ, പല പ്രകാരത്തിലും ‘അന്ധവിശ്വാസങ്ങള്‍’ എല്ലാവരെയും അമിതമായി സ്വാധീനിച്ചിരുന്ന ഒരു കാലം 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ കേരളത്തില്‍ ഉണ്ടായിരുന്നു. ജാതി വ്യവസ്ഥിതിയും ഉച്ചനീചത്വങ്ങളും രൂക്ഷമായിരുന്ന കാലഘട്ടത്തില്‍ ‘അന്ധവിശ്വാസങ്ങള്‍’ ജാതിയുടെയും മതത്തിന്റെയും കവചമായിട്ടാണു നിലനിന്നത്. ക്ഷേത്രസങ്കേതങ്ങളും ഊരാളന്മാരും ദേശവാഴികളും നാടുവാഴികളും രാജാവും ഉള്‍പ്പെട്ട ഭരണകൂടങ്ങള്‍ പരിപൂര്‍ണമായി അന്ധവിശ്വാസങ്ങള്‍ക്കു അടിപ്പെട്ടായിരുന്നു നിലനിന്നിരുന്നത്.
ജാതി-മത അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കുവാന്‍ മലയാളികള്‍ വളരെയേറെ ശ്രദ്ധാലുക്കളാണെങ്കിലും ദുരാചാരങ്ങളും ദുര്‍മന്ത്രവാദങ്ങളും നടത്തുവാന്‍ ജാതി-മത ഭേദമില്ലാതെ അവര്‍ പരസ്പരം ആശ്രയിക്കുന്നു. ‘പലമതസാരവുമേകം’ എന്ന ദര്‍ശനം ഉള്‍ക്കൊണ്ടില്ലെങ്കിലും അന്യമതത്തിലെ ദുരാചാരക്രിയകള്‍ സ്വീകരിക്കുവാന്‍ ഇക്കൂട്ടര്‍ വ്യഗ്രത കാണിക്കുന്നു. പണ്ട് ജാതിയും മതവും മാത്രമായിരുന്നു ദുരാചാരങ്ങളുടെ പ്രേരണയെങ്കില്‍ ഇന്നു സാങ്കേതിക വിദ്യയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും ദുരാചാരങ്ങള്‍ പ്രചരിക്കുവാന്‍ കാരണമാണ്.
ജനങ്ങളുടെ ആരോഗ്യം സംരക്ഷണം, വരള്‍ച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും കാലത്ത് അവരുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണം, ജനങ്ങള്‍ക്കാവശ്യമുള്ള ഗതാഗത ജലസേചന സൗകര്യങ്ങള്‍ ഇവയൊക്കെ നല്‍കുവാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ അന്ധവിശ്വാസങ്ങളെയാണ് അവരുടെ രക്ഷയ്ക്കും സമാധാനത്തിനും ആശ്രയിച്ചത്. പക്ഷേ കാലം മാറിയിട്ടും, ഭരണകൂടം ജനക്ഷേമത്തില്‍ താല്‍പര്യമെടുത്തു തുടങ്ങിയ ശേഷവും അന്ധവിശ്വാസങ്ങള്‍ ഉപേക്ഷിക്കുവാന്‍ അവര്‍ തയ്യാറായില്ല. ഭയം, വിദ്വേഷം, പക, ആര്‍ത്തി, കുടുംബകലഹങ്ങള്‍, രോഗങ്ങള്‍, മരണം, മാനസിക വിഭ്രാന്തി, ധനമോഹം തുടങ്ങിയവ തുടര്‍ന്നും അന്ധവിശ്വാസങ്ങളെ ആശ്രയിക്കുവാന്‍ പ്രേരിപ്പിച്ചു.
ജാതിമതഭേദമില്ലാതെ എല്ലാവരെയും സ്വാധീനിച്ചിരുന്ന അന്ധവിശ്വാസങ്ങള്‍ ഏറെയുണ്ടായിരുന്നു. അതേ സമയം ബ്രാഹ്മണ-ക്ഷത്രിയ കേന്ദ്രീകൃതമായ അന്ധവിശ്വാസങ്ങളും അവര്‍ണ കേന്ദ്രീകൃതമായ അന്ധവിശ്വാസങ്ങളും വ്യത്യസ്ത ലോകങ്ങള്‍ സൃഷ്ടിച്ചിരുന്നു. യാഗം, യജ്ഞം, മന്ത്രവാദം, ഹിരണ്യഗര്‍ഭം, തുലാഭാരം, മുറജപം, ദീപക്കാഴ്ച തുടങ്ങി ഖജനാവ് മുടിപ്പിച്ചിരുന്ന വരേണ്യ അന്ധവിശ്വാസങ്ങളും ജന്തുബലി, രക്തം കൊണ്ടും മാംസം കൊണ്ടുള്ള ദേവീപൂജകള്‍, പൂരപ്പാട്ട്, തൂക്കം, പ്രേതാരാധന, ഒടിയനും രക്തചാമുണ്ഡിയും ഉള്‍പ്പെട്ട അവര്‍ണവര്‍ഗത്തിന്റെ അതിജീവനം തന്നെ ഇല്ലാതാക്കുന്ന അന്ധവിശ്വാസങ്ങളും പ്രാകൃതമായ സംസ്‌കാരത്തെയാണു നിലനിര്‍ത്തിയത്. വരേണ്യ വര്‍ഗ്ഗത്തിന്റെ അന്ധവിശ്വാസങ്ങള്‍ക്കു സ്വര്‍ണനിറമായിരുന്നെങ്കില്‍, അവര്‍ണന്റേതിനു രക്തനിറമായിരുന്നു.
നിമിത്തങ്ങള്‍ അഥവാ ശകുനങ്ങള്‍, ദൃഷ്ടിദോഷം, ക്ഷുദ്രം, മന്ത്രവാദം, ആഭിചാരം, വശീകരണം, കൈവിഷം, കണ്ണേറ്, പ്രേതബാധ, സര്‍പ്പദോഷം, ദുര്‍ദ്ദേവതാ കോപം, പിശാച്, ഭൂതബാധ തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ മനുഷ്യരുടെ ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കിയിരുന്നു.
വില്യം ലോഗന്റെ (1841-1914) മലബാര്‍ മാന്വലില്‍ 1880 കാലഘട്ടത്തിലെ മലബാറിലെ അന്ധവിശ്വാസങ്ങളെക്കുറിച്ചു വിലയിരുത്തിയതിങ്ങനെ: ”ഇക്കാലത്തു പോലും കീഴ്ജാതിക്കാരിലും മേല്‍ജാതിക്കാരില്‍ സാമാന്യ വിദ്യാഭ്യാസമുള്ളവര്‍ക്കിടയിലും മന്ത്രതന്ത്രാദികളിലും ആഭിചാരത്തിലും അന്ധമായ വിശ്വാസം സാര്‍വത്രികമാണ്. ആഭിചാര-വശീകരണ പ്രയോഗങ്ങള്‍ വഴി ഈ മന്ത്രവാദികള്‍ വിചാരിച്ചാല്‍ ഏതൊരാള്‍ക്കും കടുത്ത കഷ്ടനഷ്ടങ്ങള്‍ വരുത്തി വയ്ക്കാന്‍ കഴിയുമെന്നു മേല്‍ജാതിക്കാര്‍ വിശ്വസിക്കുന്നു” അന്ന് ഭൂതപ്രേത പിശാചുക്കളെ വിലയ്ക്കു വാങ്ങുകയും കൊണ്ടുനടക്കുകയും ഒരു മന്ത്രവാദിയില്‍ നിന്നും മറ്റൊരു മന്ത്രവാദിയിലേക്കു കൈമാറുകയും ചെയ്യാമെന്നും ലോഗന്‍. മാന്ത്രിക വിദ്യയും ആഭിചാരവും തഴച്ചു വളരുന്ന ഒരു നാടാണ് മലബാറെന്നും ഏറ്റവും കരുത്തുള്ള ഭൂതപ്രേത പിശാചുക്കള്‍ താമസിക്കുന്നതിവിടെയാണെന്നും 1876-ല്‍ വാല്‍ഹൗസ് ഇന്ത്യന്‍ ആന്റി ക്വാറി എന്ന ജേര്‍ണലില്‍ രേഖപ്പെടുത്തി. ഒരുദാഹരണവും അദ്ദേഹം നല്‍കുന്നുണ്ട്. ‘ശത്രുവിന്റെ പ്രതിരൂപം മെഴുകു കൊണ്ടു നിര്‍മ്മിക്കുക. വലതു കൈയില്‍ പ്രതിമയും ഇടതുകൈയില്‍ മന്ത്രമാലയുമായി പാതിരാത്രിയില്‍ ചില കര്‍മ്മങ്ങള്‍ ചെയ്ത് പ്രതിമയെ ദഹിപ്പിച്ചാല്‍ ശത്രുവിന്റെ മരണം പതിന്നാലു ദിവസത്തിനകം സുനിശ്ചിതമെന്നായിരുന്നു അന്ധവിശ്വാസം.
1859 മുതല്‍ 1890 വരെ തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന റവ. സാമുവല്‍ മറ്റീര്‍ (1835-1893) അക്കാലത്ത് ഈ നാട്ടിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചു വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മാടനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ. ”പിശാചുക്കളുടെ വകുപ്പില്‍പ്പെടുന്ന മാടന്‍ അത്യന്തം അപകടകാരിയാണ്. മാടന്മാര്‍ പലതരമുണ്ട്. ചൂളമാടന്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുന്ന കുശവന്മാരുടെ ആരാധനാ മൂര്‍ത്തിയാണ്. കുമിളമാടന്‍ ജലോപരിതലത്തില്‍ നിന്നുകൊണ്ട് നൃത്തം ചവിട്ടും. പൊരുത്തു മാടന്റെ ദൃഷ്ടിയില്‍ പെട്ടുപോയാല്‍ മരണം ഉറപ്പാണ്. ചുടല മാടന്മാര്‍ക്ക് നിര്‍മ്മിക്കപ്പെട്ട ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. മാടന്മാരെ പ്രീതിപ്പെടുത്താനായി നരബലിയും നടത്തണം. കോഴി, ആട്, മദ്യം എന്നിവ മാടന് കാണിക്ക വെയ്ക്കുന്നു.
ചങ്ങനാശ്ശേരിയിലെ പ്രശസ്തനായ ഒരു നമ്പൂതിരിയുടെ വരുതിയില്‍ നൂറില്‍പരം കുട്ടിച്ചാത്തന്മാരുണ്ടായിരുന്നതായി എഡ്ഗാര്‍ തേഴ്സ്റ്റണ്‍ അദ്ദേഹത്തിന്റെ തെക്കേ ഇന്ത്യയിലെ ശകുനങ്ങളും അന്ധവിശ്വാസങ്ങളും എന്ന പുസ്തകത്തില്‍ ( Omens and Superstitions of Southern India ) രേഖപ്പെടുത്തുന്നു. പീഡനങ്ങള്‍, ശത്രുക്കളുടെ വീടിനു കല്ലെറിയുക, കതകു പൊളിക്കുക, ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്തുക തുടങ്ങിയവയാണ് കുട്ടിച്ചാത്തന്മാരുടെ ജോലി. ഇരകളെ മുറിവേല്‍പ്പിക്കാനോ കൊല്ലുവാനോ കുട്ടിച്ചാത്തന്മാര്‍ ശ്രമിക്കാറില്ലെങ്കിലും മലബാറിലെ ‘ഒടിയന്മാര്‍’ അങ്ങനെയല്ല. ആറേഴുമാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ആദ്യ പ്രസവത്തിനു തയ്യാറെടുക്കുന്ന അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നെടുത്തുണ്ടാക്കുന്ന ‘പിള്ളതൈലം’ ഉപയോഗിച്ച് ആരെയും നശിപ്പിക്കാനുള്ള കഴിവ് ഒടിയനു ഉണ്ടെന്നായിരുന്നു വിശ്വാസം. ഏതൊരു രൂപം ധരിക്കുവാനും അദൃശ്യനാകുവാനും ഒടിയനു കഴിവുണ്ടെന്നും വിശ്വസിക്കപ്പെട്ടിരുന്നു. സാധാരണ കാളയുടെയും പൂച്ചയുടെയും രൂപത്തിലാണു ശത്രുവിനെ നേരിടുക. 1829-ല്‍ മലബാറില്‍ പറയന്‍ മന്ത്രവാദിയോടൊപ്പം ചേര്‍ന്ന് ഒരു ഗര്‍ഭിണിയുടെ ഗര്‍ഭപാത്രം തുറന്നു ഭ്രൂണം എടുത്തതിനു ശേഷം പകരം ഒരു മണ്‍കുടവും പശുക്കിടാവിന്റെ തൊലിയും വയറ്റിനുള്ളില്‍ നിക്ഷേപിച്ചതായുള്ള സംഭവം കോടതിയിലെത്തിയതായി തേഴ്സ്റ്റണ്‍ വിവരിക്കുന്നു
”മലയാളി ഹിന്ദുക്കളുടെ പ്രാഥമികമായ, അല്ലെങ്കില്‍ അടിസ്ഥാനരഹിതമായ മതവിശ്വാസത്തിനാധാരം മരിച്ചു മണ്‍മറഞ്ഞ വരെ പ്രീതിപ്പെടുത്തിയില്ലെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ക്കു ദുര്‍നിമിത്തങ്ങള്‍ വന്നുചേരുമെന്ന ധാരണയാണ്. ദുരന്തങ്ങള്‍ വന്നുപെടുമ്പോള്‍ അയാള്‍ അഭയം തേടുന്നത് ഗതിപിടിക്കാതെ അലഞ്ഞു നടക്കുന്നതായി വിശ്വസിക്കപ്പെടുന്ന പ്രേതത്തെ പ്രീതിപ്പെടുത്തുവാനുള്ള ബലികര്‍മ്മങ്ങളിലാണ്. ഒരു സമൂഹത്തെ മുഴുവനായി ദുരന്തം വിഷസൂചികയുടെയും ദുര്‍ഭിക്ഷതയുടെയും രൂപത്തില്‍ പിടികൂടിയാല്‍, അതിനു കാരണം ഒരു പൈശാചിക മൂര്‍ത്തിയുടെ, സാമാന്യേന ഭഗവതിയുടെ കോപമാണെന്നു നാട്ടുകാര്‍ വിശ്വസിക്കുന്നു” എന്ന് ലോഗന്‍.
അകാലത്തില്‍ മരിക്കുന്നവരുടെയും കൊല ചെയ്യപ്പെടുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയുമൊക്കെ ആത്മാക്കള്‍ പിശാചുക്കളുടെ രൂപത്തില്‍ അലഞ്ഞു തിരിയുമെന്നാണു വിശ്വാസം. ഇവര്‍ ഉപദ്രവകാരികളാണത്രെ. ഇക്കാരണം കൊണ്ടുതന്നെ കുറ്റവാളികളെ തൂക്കിലേറ്റുന്നതിനു മുമ്പായി അവന്റെ കാലുകളുടെ ഉപ്പൂറ്റി കണ്ടിച്ചു കളയുകയോ, കാല്‍മുട്ടിന്റെ പിറകുവശത്തുള്ള ഞരമ്പ് ഛേദിച്ചു മുടന്തനാക്കുകയോ ചെയ്യുമായിരുന്നു. 1862ല്‍ ഇത്തരം കാടന്‍ സമ്പ്രദായങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ടു നിര്‍ത്തല്‍ ചെയ്തു.
”ഭദ്രകാളിയാണു പിശാചുക്കളുടെ രാജ്ഞി. ബ്രാഹ്മണനും കീ ഴ് ജാതിക്കാരനും ഭദ്രകാളിയെ ആരാധിക്കുന്നു. രക്തം ഒലിപ്പിച്ചും നാക്ക് പുറത്തേക്ക് നീട്ടിയും ചുവന്ന കണ്ണുകള്‍ തുറിച്ചും നില്‍ക്കുന്ന ഭദ്രകാളി ആരിലും ഭീതി ജനിപ്പിക്കും. ‘അമ്മന്‍ എന്നറിയപ്പെടുന്ന മറ്റൊരു സ്ത്രീ പിശാചുണ്ട്. വസൂരിയുടെ വിത്തുകള്‍ അഥവാ മുത്തുകള്‍ വിതയ്ക്കുന്നവള്‍ എന്ന അര്‍ത്ഥത്തിലാണ് മുത്താരമ്മന്‍ എന്ന പേര്…. കാളി കോപിച്ചാല്‍ നാട്ടില്‍ വസൂരി പടര്‍ന്നു പിടിക്കും. മനുഷ്യക്കുരുതിയും മൃഗക്കുരുതിയുമാണ് കാളിക്കു ഏറെ ഇഷ്ടമുള്ള കാര്യങ്ങള്‍. ക്ഷിപ്രകോപിയായ കാളിയെ പ്രീതിപ്പെടുത്തുവാന്‍ സന്ന്യാസികള്‍ തങ്ങളുടെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി രക്തമൊഴുക്കുന്നു…. ചില സ്ഥലങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച തടിയില്‍ സ്ഥാപിച്ച ഇരുമ്പുകൊളുത്ത് പുറത്തെ തൊലിയില്‍ കൊളുത്തുകയും ശരീരം ഉയരത്തില്‍ തൂക്കിയിട്ടു പ്രദക്ഷിണം ചെയ്യിക്കുകയും ചെയ്യാറുണ്ട്. ഒരാളുടെ രക്തം ലഭിച്ചു കഴിഞ്ഞാല്‍ കാളി ഒരായിരം വര്‍ഷം സന്തോഷത്തോടെ കഴിയുമെന്നാണു വിശ്വാസം. ചിലപ്പോള്‍ തൂങ്ങിക്കിടക്കുന്നയാള്‍ തന്റെ കൈകളില്‍ കുട്ടികളെയും എടുക്കാറുണ്ട്. അച്ഛനും അമ്മയും നേരുന്ന നേര്‍ച്ചകള്‍ പരിപാലിക്കുവാന്‍ കുട്ടികളെയും ബാദ്ധ്യസ്ഥരാക്കാറുണ്ട്. 15-16 വയസ്സായ ബാലന്മാരുടെ ശരീരത്തിന്റെ ഇരുഭാഗത്തും ഇരുമ്പുദണ്ഡുകൊണ്ടു കുത്തി ദ്വാരമുണ്ടാക്കി അതില്‍ക്കൂടി ചൂരല്‍ കയറ്റി വച്ച് ക്ഷേത്രത്തിനു ചുറ്റും ഓടിക്കുന്ന കുത്തിയോട്ടം എന്ന ആചാരം തിരുവനന്തപുരത്തിനു തെക്ക് മംഗലത്തുകോണം എന്ന സ്ഥലത്ത് വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തുന്നതായി – മറ്റീര്‍ രേഖപ്പെടുത്തി.
അന്ധവിശ്വാസ ജഡിലമായ ഒരു സമൂഹത്തില്‍ നിന്നാണു മറ്റു മതങ്ങള്‍ക്കും അനുയായികളെ കിട്ടിയത്. തലമുറകള്‍ കൊണ്ടാര്‍ജ്ജിച്ച അന്ധവിശ്വാസങ്ങള്‍ പാടേ ഉപേക്ഷിക്കുവാന്‍ മതം മാറിയെങ്കിലും അവര്‍ക്കാകുമായിരുന്നില്ല. അന്ധവിശ്വാസങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും മറ്റു മതങ്ങളിലും വേരുറപ്പിച്ചിരുന്നു.
അന്ധവിശ്വാസങ്ങള്‍ പലതും എല്ലാ വിഭാഗങ്ങളും ഒരു പോലെ ജീവിതത്തില്‍ പകര്‍ത്തിയിരുന്നപ്പോള്‍ ചിലതൊക്കെ ഓരോ ജാതി വിഭാഗത്തെയും പ്രത്യേകം ബാധിക്കുന്നതായിരുന്നു. ഉദാഹരണത്തിനു ശകുനങ്ങളെടുത്താല്‍, സവര്‍ണന് അലക്കുകാരനും ക്ഷുരകനും നീചജാതിക്കാരും യാത്രയില്‍ ദുര്‍നിമിത്തങ്ങളായിരുന്നപ്പോള്‍, വെളുത്ത കുതിരയും വെളുത്ത വസ്ത്രവും പശുവും കിടാവും മറ്റും നല്ല നമിത്തങ്ങളായിരുന്നു. അതേ സമയം പുലയന് കറുത്ത പശുവിന്റെ വാലും കറുത്ത കുരങ്ങിന്റെ മുഖവും അവന്റെ നെല്‍പ്പാടങ്ങളും സ്വന്തം ഭാര്യയുമായിരുന്നു നല്ല നിമിത്തങ്ങള്‍. കുട്ടിച്ചാത്തന്റെ ഉടമസ്ഥാവകാശം ബ്രാഹ്മണര്‍ക്കായിരുന്നുവെങ്കിലും, ഏറ്റവും വലിയ ഉപഭോക്താക്കള്‍ അവര്‍ണജാതിക്കാര്‍ തന്നെയായിരുന്നു. മലബാറില്‍ പറയനും കൊച്ചിയില്‍ പാണനുമായിരുന്നു ഒടിവേഷം കെട്ടിയതെങ്കിലും അവരെ ഉപയോഗിച്ചത് മറ്റു വിഭാഗക്കാരായിരുന്നു.