ശ്രീനാരായണ ഗുരുവിന്റെ രാഷ്‌ട്രീയ സാമ്പത്തിക ശാസ്ത്രം

സ്വദേശത്തും വിദേശത്തുമുള്ള ഗുരുഭക്തരായ ശാസ്ത്രസാങ്കേതിക വിദഗ്ദ്ധരും സമ്പന്നരും നൂതനമായ വ്യവസായസംരംഭങ്ങള്‍, ഗുരു പറഞ്ഞതുപോലെ ‘ഒറ്റയ്‌ക്കോ’ കൂട്ടുചേര്‍ന്നോ ആരംഭിച്ചു ചുറ്റുമുള്ളവരുടെ വികസനവും സന്തോഷവും ഉറപ്പാക്കണം. അതാകണം രണ്ടാം നവോത്ഥാന പ്രക്രിയ.

ആധുനിക വികസന മോഡലുകളായ മനുഷ്യവികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അളവുകോല്‍ ഉപയോഗിച്ച് മഹാഗുരുവിന്റെ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തെ മനസ്സിലാക്കുവാന്‍ കഴിയും.
സമത്വം, ഉല്‍പാദനക്ഷമത, ശാക്തീകരണം, സുസ്ഥിരത എന്നിവയാണ് മനുഷ്യവികസനത്തിന്റെ നാലു തൂണുകളായി കണക്കാക്കപ്പെടുന്നത്. മനുഷ്യവികസനത്തെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ക്ഷേമത്തിനും ഉപജീവനമാര്‍ഗ്ഗത്തിനും വേണ്ടിയുള്ള ഒരു പ്രക്രിയയായി വിശേഷിപ്പിക്കപ്പെടുന്നു.

ലോകരാജ്യങ്ങള്‍ 2030ഓടെ കൈവരിക്കേണ്ടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ച 17 ലക്ഷ്യങ്ങളില്‍ ചിലത് അറിയുന്നതു ഗുരുവിന്റെ വികസന മോഡല്‍ മനസ്സിലാക്കുവാന്‍ നമ്മെ സഹായിക്കും. ദാരിദ്ര്യം അതിന്റെ എല്ലാ രൂപത്തിലും അവസാനിപ്പിക്കുക, ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, ആജീവനാന്ത പഠന അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ലിംഗസമത്വം കൈവരിക്കുക സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുക ജലത്തിന്റെയും ശുചിത്വത്തിന്റെയും ലഭ്യതയും സുസ്ഥിര മാനേജ്‌മെന്റും ഉറപ്പാക്കുക, എല്ലാവര്‍ക്കും മാന്യമായ തൊഴില്‍, സുസ്ഥിരമായ വ്യവസായവല്‍ക്കരണവും നവീകരണവും പ്രോത്സാഹിപ്പിക്കുക, ഭൂമിയുടെ നശീകരണം തടയുക, സമാധാനം നിലനിര്‍ത്തുക തുടങ്ങിയവയാണത്.

സര്‍ക്കാരിതര സംഘടനകളും (Non – Governmental organization)
സുസ്ഥിര വികസനവും

ഇന്നു ലോകമെമ്പാടും മനുഷ്യവികസനത്തിനും, സുസ്ഥിര വികസനത്തിനും സര്‍ക്കാരിതര സംഘടനകള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. അവരുടെ ബഹുമുഖ ഇടപെടലുകള്‍ സാമൂഹികവും, സാമ്പത്തികവും, പാരിസ്ഥിതികവും, മനുഷ്യാവകാശപരവുമായ ക്ഷേമം ഉറപ്പാക്കുവാന്‍ ശ്രമിക്കുന്നു. സാമ്പത്തിക ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ലിംഗസമത്വം, കഴിവുകളുടെ വികസനം, സാങ്കേതിക വിദ്യയുടെ സാര്‍വത്രിക ഉപയോഗം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിതര സംഘടനകള്‍ വളരെയേറെ പ്രവര്‍ത്തിക്കുന്നുണ്ട്.

ജാതിബന്ധിതമായിരുന്ന ഭാരതസമൂഹത്തില്‍, ദരിദ്രരും, നിരക്ഷരരും, ഭയചകിതരുമായിരുന്നു. ഒരു വൈരുദ്ധ്യാധിഷ്ഠിത സമൂഹത്തിലേക്കാണു മനുഷ്യവികസനത്തിനും, സുസ്ഥിര വികസനത്തിനുമുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളുമായി ഗുരുജനമദ്ധ്യത്തിലെത്തിയത്.സര്‍ക്കാര്‍ വളരെക്കുറച്ചുമാത്രം അവര്‍ണ ജനങ്ങള്‍ക്കുവേണ്ടി ഭരിച്ചിരുന്ന കാലമായിരുന്നത്. സര്‍ക്കാരിന്റെ ഇടപെടലുകള്‍ മുഖ്യമായും നികുതിപിരിക്കുക, സാമ്രാജ്യദാസ്യം, ബ്രാഹ്മണപ്രീണനം, സവര്‍ണാധിപത്യപരിപാലനം എന്നിവക്കു വേണ്ടിയായിരുന്നു. ബഹുഭൂരിപക്ഷം വന്ന അധഃസ്ഥിതരായ അവര്‍ണവിഭാഗങ്ങളുടെ അദ്ധ്വാനം അധീശത്വശക്തികള്‍ക്കൊപ്പം ചേര്‍ന്നു ചൂഷണം ചെയ്യുക എന്നതായിരുന്നു രാജ്യതന്ത്രജ്ഞത.

സാമൂഹിക ധര്‍മ്മങ്ങളും
മനുഷ്യവികസനവും

സാമൂഹിക ധര്‍മ്മങ്ങളും (social ethics) മനുഷ്യവികസനവും (human development) ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായിട്ടാണു ഗുരു കണ്ടത്. സവര്‍ണ അധീശത്വ ശക്തികളും അവര്‍ക്കു വിധേയരായിരുന്ന സര്‍ക്കാരും ചേര്‍ന്നു പാര്‍ശ്വവല്‍ക്കരിച്ച മനുഷ്യരില്‍ ധര്‍മ്മവും, കഴിവുകളും, ജീവിതനൈപുണ്യങ്ങളും സാര്‍വത്രികമായി വളര്‍ത്തിയെടുത്തു മെച്ചപ്പെട്ട ജീവിതത്തിനും, മാനവികതക്കും അവരെ പ്രാപ്തരാക്കുക എന്നതായിരുന്നു ഗുരുവിന്റെ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിന്റെ ലക്ഷ്യം.

അദ്വൈതദര്‍ശനം
അടിസ്ഥാനതത്വം

മനുഷ്യരെല്ലാം പരമാത്മാവിന്റെ, ദൈവത്തിന്റെ തുല്യമായ പരിശ്ചേദങ്ങളായതിനാല്‍ അവര്‍ ആത്മസഹോദരരാണെന്നും, ശാരീരികഘടനയില്‍ തുല്യത പുലര്‍ത്തുന്നവരാണെന്നും, ആയതിനാല്‍ ജാതി അശാസ്ത്രീയവും കൃത്രിമവുമാണെന്നും, മനുഷ്യരുടെ പ്രാഥമികമായ ആവശ്യങ്ങള്‍ അഥവാ പ്രിയങ്ങള്‍ സമാനത പുലര്‍ത്തുന്നുവെന്നും, അതിനാല്‍ മനുഷ്യര്‍ക്കു വികസനത്തിനും സന്തോഷത്തിനുമുള്ള തുല്യാവകാശം ഉണ്ടെന്നും അദ്വൈതദര്‍ശനം ഉപയോഗിച്ചു മഹാഗുരു നമ്മെ ബോധ്യപ്പെടുത്തി .

ഗുരുവിന്റെ സുസ്ഥിര
വികസനമാര്‍ഗ്ഗം

ഒരുമ, കൂട്ടായ പരിശ്രമത്തിലൂടെയുള്ള സ്വയം ശാക്തീകരണം സംഘടനയിലൂടെയുള്ള ശാക്തീകരണം ഇവയായിരുന്നു ഗുരുവിന്റെ സുസ്ഥിര വികസനമാര്‍ഗ്ഗം മനുഷ്യവികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ലക്ഷ്യപ്രാപ്തിക്കുവേണ്ടി, ചെറുകിട വ്യവസായങ്ങളും കുടില്‍ വ്യവസായങ്ങളും തുടങ്ങുവാന്‍ ജനങ്ങളെ പ്രാപ്തരാക്കുക, അവര്‍ക്കു തൊഴില്‍ പരിശീലനവും നൂതന സാങ്കേതിക വിദ്യയും പകര്‍ന്നു നല്‍കുക, കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുക. സ്വദേശത്തും, അന്യനാടുകളിലുമുള്ള കച്ചവടസാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ ഗുരുവും ശിഷ്യരും നടപ്പിലാക്കി.

മൂലധന നിക്ഷേപത്തിനു ധനികരെ പ്രേരിപ്പിക്കുക, മൂലധന സമാഹരണത്തിനുവേണ്ടി ചിട്ടിയും, സഹകരണസംഘങ്ങളും ആരംഭിക്കുക എന്നതിനൊപ്പം ബാങ്കുകളും നടത്തി.
പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക, സ്ത്രീവിദ്യാഭ്യാസവും വയോജനവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുക, താമസിച്ചു പഠിക്കുവാന്‍ ഹോസ്റ്റലുകള്‍ ആരംഭിക്കുക, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക, പുറംനാടുകളില്‍ പോയി നൂതനശാസ്ത്രസാങ്കേതിക വിദ്യ കരസ്ഥമാക്കുവാന്‍ ധനസഹായം നല്‍കുക, ഇതൊക്കെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനും മെച്ചപ്പെട്ട അതിജീവനത്തിനും കാരണമായി.
ഇതിനൊപ്പം ജനങ്ങളില്‍ ജീവിത ധാര്‍മ്മികതയുടെ നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കുവാനും ഗുരു ശ്രമിച്ചു ശുചിത്വം, സംഘടനാബോധം, സഹകരണം, സാഹോദര്യം എന്നിവയ്‌ക്കൊപ്പം പഞ്ചശുദ്ധിയും, പഞ്ചശീലങ്ങളും ജീവിതനൈപുണ്യങ്ങളാക്കുവാന്‍ ഗുരു ആവശ്യപ്പെട്ടു. ജാതിയുടെ പുര്‍ണനിരാകരണത്തിന്റെയും പലമതസാരവുമേകം എന്ന ആശയത്തിന്റെയും തിരിച്ചറിവുകള്‍ ജീവിതാനുഭവമാക്കുവാന്‍ ഗുരുനിര്‍ദ്ദേശിച്ചു. ആര്‍ത്തി മൂലമുള്ള അപചയകര്‍മ്മങ്ങള്‍ ഉപേക്ഷിക്കുവാനും, ആഢംബരം നിരാകരിച്ചു മിതവ്യയം സ്വീകരിക്കുവാനും ഗുരു പ്രേരിപ്പിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജീവിതമൂല്യങ്ങളാക്കിയവര്‍ക്കു മാനവികതയുടെയും മനുഷ്യവികസനത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയില്ലെന്നു ഗുരു ജനങ്ങളെ പഠിപ്പിച്ചു.
കാടും മലയും നദിയും ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കുവാനും ഗുരു ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ”മടിയായിരുന്നു ഉപജീവിക്കുന്ന സമ്പ്രദായം സാമൂഹ്യവിരുദ്ധമാണെന്നു സ്ത്രീപുരുഷന്മാരില്‍ ഓരോരുത്തര്‍ക്കും തോന്നത്തക്കവണ്ണം സമൂഹത്തിന്റെ സ്വഭാവം അത്ര ഉത്സാഹഭരിതമാക്കണം” എന്നാണു ഗുരുനിര്‍ദ്ദേശിച്ചത്.

ഏതു കാലത്തേക്കും പ്രസക്തമായൊരു ഉപദേശമായിരുന്നത്. ”കൃഷി, കച്ചവടം, കൈത്തൊഴില്‍ ഇവയെ ഉത്തമ രീതിയില്‍ അഭിവൃദ്ധിപ്പെടുത്തണം, ആവശ്യമുള്ള ദിക്കുകളില്‍ വ്യവസായ ശാലകള്‍ ഏര്‍പ്പെടുത്തണം” എന്നു നിര്‍ദ്ദേശം നല്‍കിയ ഗുരു ശാസ്ത്രീയരീതിയില്‍ വ്യവസായങ്ങളെ പഠിക്കുവാനും പ്രചാരപ്പെടുത്തുവാനും ജനങ്ങളെ പ്രേരിപ്പിക്കുവാനും ആവശ്യപ്പെട്ടു.
”നമ്മുടെ സമുദായത്തിന്റെ ധനസ്ഥിതി വളരെ മോശമാണ്, വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധിയുണ്ടാകുവാന്‍ സാധിക്കുന്നതല്ല. ഇക്കാര്യത്തില്‍ ധനവാന്മാരുടെ ശ്രദ്ധയാണു പതിയേണ്ടത്” എന്നുള്ള ഗുരുവിന്റെ നിരീക്ഷണം ഇന്നത്തെ സമൂഹത്തിലെ ശതകോടീശ്വരന്മാര്‍ക്കു കൂടി വേണ്ടിയുള്ളതായിരുന്നു.

”ഒരാളെക്കൊണ്ട് സാധിക്കാതെ വരുന്ന പക്ഷം പലര്‍കൂടി കമ്പനി ഏര്‍പ്പെടുത്തി ഇപ്രകാരമുള്ള കാര്യങ്ങളില്‍ സധൈര്യം വേണ്ടുന്നവ പ്രവര്‍ത്തിക്കേണ്ടതാണ്. അഭിവൃദ്ധി മാര്‍ഗ്ഗങ്ങള്‍ നേരെ കിടക്കുന്നുണ്ടെങ്കിലും അതിലേക്കു കാലു വയ്ക്കാന്‍ നമ്മുടെസമുദായാംഗങ്ങള്‍ ധൈര്യപ്പെടുന്നില്ല” എന്ന ഗുരുവിന്റെ വാക്കുകള്‍ ജാതി-ഉപജാതി തോടുകള്‍ പൊട്ടിച്ച് മനുഷ്യര്‍ ഒരുമയോടെ രാജ്യപുരോഗതിക്കു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനമായിരുന്നു.
മഹാഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട ധനികരും, സാധാരണക്കാരും, വ്യവസായം, കച്ചവടം, കൃഷി, കൈത്തൊഴില്‍ തുടങ്ങിയവയില്‍ മൂലധനം മുടക്കുവാന്‍ തുടങ്ങി. വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ പരിശീലനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞു ജീവിക്കുവാന്‍ ശ്രമിച്ചു.

സ്വാതന്ത്ര്യാനന്തരം സുസ്ഥിര വികസനം
കേരളത്തിലെ സാമൂഹിക പ്രസ്ഥാനങ്ങളാണ് സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനശില പാകിയത്. ജാതിവിവേചനങ്ങളെ മിക്കവാറും പൊതുഇടങ്ങളില്‍ നിന്നും പുറംതള്ളിയ കേരളീയര്‍, ജനപ്രാതിനിധ്യ രാഷ്ട്രീയ സംവിധാനം അര്‍ത്ഥവത്താക്കാന്‍ പ്രാപ്തരായിരുന്നു.
സ്വാതന്ത്ര്യാനന്തരം സുസ്ഥിര വികസനം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തു. പക്ഷേ ആ നാണയത്തിന്റെ മറുവശമായ സാമൂഹിക ധര്‍മ്മങ്ങള്‍ പാടെ അവഗണിച്ചു. മടിയായിരുന്നു ഉപജീവനം നടത്തരുത്, അദ്ധ്വാനം ഒരു സംസ്‌കാരമാകണം എന്നുള്ള ഗുരുവിന്റെ സൂക്തം പ്രചരിപ്പിക്കുവാന്‍ പൊതുസമൂഹത്തിനും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഭരണകൂടങ്ങള്‍ക്കും കഴിഞ്ഞില്ല. പകരം ‘പണിമുടക്ക്’ ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ ഉല്പാദനവിരുദ്ധമായ രാഷ്ട്രീയ സംസ്‌കാരം തലമുറകള്‍ക്കു പകര്‍ന്നു നല്‍കി. സംരംഭകരെ ചൂഷകരായ മുതലാളിമാരായി കാണുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം കേരളത്തിനു തിരിച്ചടിയായി.

സ്വാതന്ത്ര്യാനന്തരമുള്ള വ്യവസായ നയങ്ങളും ലൈസന്‍സ് രാജും ചുവപ്പുനാടയും, ഉദ്യോഗസ്ഥ- രാഷ്ട്രീയ അഴിമതികളും, ഭരണകെടുകാര്യസ്ഥതയും, വ്യവസായ വികസനത്തിനുമേല്‍ ട്രേഡ് യൂണയനിസം ഉറപ്പിച്ചതും, വന്‍കിട വ്യവസായങ്ങള്‍ക്കും, ചെറുകിട വ്യവസായങ്ങള്‍ക്കും, കുടില്‍ വ്യവസായങ്ങള്‍ക്കും തിരിച്ചടിയായി.
വിദ്യകൊണ്ടു സ്വതന്ത്രരായ പതിനായിരക്കണക്കിനു മലയാളികള്‍ ലോകരാഷ്ട്രങ്ങളില്‍ അദ്ധ്വാനിക്കുവാന്‍ പോയതും അവര്‍ സമ്പത്താര്‍ജ്ജിച്ചതും കേരളത്തിന്റെ മനുഷ്യവികസന സൂചിക ഒന്നാമതെത്തുവാന്‍ പ്രധാനകാരണമായി.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകളും, കാലാകാലങ്ങളിലുള്ള സര്‍ക്കാര്‍ നയങ്ങളും സംഘടിത മേഖലയിലെ (പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ളവര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍) തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും സേവന-വേതന വ്യവസ്ഥകളും പെന്‍ഷനും വര്‍ദ്ധിച്ചത് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി. മാന്യമായ കൂലിക്കും, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കും വേണ്ടി സംഘടിക്കുവാന്‍ തൊഴിലാളികള്‍ക്കു 1922-ല്‍ അനുവാദം നല്‍കുകയും, ആശീര്‍വദിക്കുകയും ചെയ്ത സന്യാസിശ്രേഷ്ഠനായിരുന്നല്ലോ ശ്രീനാരായണഗുരു.
സ്വകാര്യ-പൊതുമേഖലാ വ്യവസായങ്ങള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. ഇന്നു 87% തൊഴിലാളികളും അസംഘടിതമേഖലയിലാണ്.
31 ലക്ഷം അതിഥിതൊഴിലാളികളും ഉണ്ട്. സംഘടിത മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ മോശമാണ്. സര്‍ക്കാരിന്റെ ഇടപെടല്‍മൂലം മിനിമം കൂലി, ഇ.എസ്.ഐ, ക്ഷേമപെന്‍ഷന്‍ തുടങ്ങിയവയില്‍ നേട്ടങ്ങള്‍ ഉണ്ടായി. പക്ഷേ അസംഘടിതമേഖലയ്ക്കു ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനോ, സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കോ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല.

രണ്ടാം നവോത്ഥാന പ്രക്രിയ
കഴിഞ്ഞ കാലഘട്ടത്തിന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ ജനാധിപത്യ സര്‍ക്കാരുകള്‍ വ്യവസായ നയങ്ങള്‍ പൊളിച്ചെഴുതാന്‍ തുടങ്ങി ‘മുതലാളി’ ‘ചൂഷകന്‍’ തുടങ്ങിയ വാക്കുകള്‍ക്കു പകരം വ്യവസായി, സംരംഭകന്‍ തുടങ്ങിയവ ഉപയോഗിക്കപ്പെടുന്നു. മൂലധന നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുവാന്‍ വളരെ വര്‍ഷങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ നയങ്ങള്‍ മാറ്റപ്പെടുന്നു. ഈയൊരു സാഹചര്യത്തില്‍, മഹാഗുരുവിന്റെ ‘സാമൂഹിക ധാര്‍മ്മികതയിലൂന്നിയ സുസ്ഥിരവികസന പാഠങ്ങള്‍ പൊതുസമൂഹത്തിനും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അനിവാര്യമായ മാര്‍ഗ്ഗരേഖയാകണം.”അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീ”എന്നു ദരിദ്രരും വൃദ്ധരും രോഗികളും ശതകോടീശ്വരന്മാരും ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നു.
ഗുരുവിന്റെ സുസ്ഥിര വികസനപാഠങ്ങള്‍ അറിവായി സ്വീകരിച്ച മനസ്സില്‍ സ്‌നേഹവും അനുകമ്പയും നിറയും. സ്വദേശത്തും വിദേശത്തുമുള്ള ഗുരുഭക്തരായ ശാസ്ത്രസാങ്കേതിക വിദഗ്ദ്ധരും സമ്പന്നരും നൂതനമായ വ്യവസായസംരംഭങ്ങള്‍, ഗുരു പറഞ്ഞതുപോലെ ‘ഒറ്റയ്‌ക്കോ’ കൂട്ടുചേര്‍ന്നോ ആരംഭിച്ചു ചുറ്റുമുള്ളവരുടെ വികസനവും സന്തോഷവും ഉറപ്പാക്കണം.അതാകണം രണ്ടാം നവോത്ഥാന പ്രക്രിയ.

Author

Scroll to top
Close
Browse Categories