ശ്രീനാരായണഗുരു മഹാനിഘണ്ടു
(ആ മുതൽ ഒ വരെ)
ആത്മവിദ്യ:
വിദ്യകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നത് ആത്മവിദ്യ. പ്രകൃതിയെ സൂക്ഷ്മമായി അറിയാനും അതിജീവിക്കാനും സഹായിക്കുന്നത് ആത്മവിദ്യയാണ്. രഹസ്യം, ബ്രഹ്മവിദ്യ, ഉത്തരകാണ്ഡം, ജ്ഞാന കാണ്ഡം, മുഖ്യശ്രുതി, പ്രമാണ രാജൻ എന്നിവ പര്യായങ്ങൾ
ആചാരപരിഷ്‌കാരങ്ങള്‍: –
1904 ഒക്‌ടോബര്‍ 16ന് ഗുരുവിന്റെ അദ്ധ്യക്ഷതയില്‍ കൊല്ലം പരവൂരില്‍ ചേര്‍ന്ന യോഗം ആചാരപരിഷ്‌കാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി തീരുമാനങ്ങളെടുത്തു.താലികെട്ടു കല്യാണം നിര്‍ത്തി പുതിയ വിവാഹ സമ്പ്രദായം നിലവില്‍ വന്നത് ഇതു മുതലാണ്. ഈ യോഗത്തിലെ തീരുമാനങ്ങൾ പ്രചരിപ്പിക്കുന്നതിനു കേരളത്തിലുടനീളം സഞ്ചരിക്കാന്‍ ശിഷ്യരെ നിയോഗിച്ചിരുന്നു. (വിവാഹവിധി അനുബന്ധമായി നൽകുന്നു) താലികെട്ടു കല്യാണം നിർത്താൻ നിർദ്ദേശങ്ങൾ നൽകുക മാത്രമല്ല ഗുരു നേരിട്ടു ചെന്നു മുടക്കുകയും ചെയ്തിട്ടുണ്ട്
ആവരണം: –
സത്യത്തെ മറച്ചിരിക്കുന്ന ശക്തി. സത്യത്തെ മറയ്ക്കുന്ന തരത്തിലുള്ള അവിവേകത്തെ ആവരണമെന്നു പറയാം. കയറിനെ കയറായി കാണാതിരിക്കുന്നത് ഈ അവിവേകശക്തികൊണ്ടാണ്.
ആനന്ദ തീര്‍ത്ഥ സ്വാമികള്‍: –
1905 ജനുവരി 2നു തലശ്ശേരിയില്‍ ജനിച്ചു. സമാധി കൊങ്കിണി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആനന്ദ ഷേണായി പഠിച്ചു വളര്‍ന്നു എം എ ഒന്നാം ക്ലാസില്‍ പാസായി. സാമൂഹ്യ സേവനം ജീവിതത്തിന്റെ ഭാഗമായിരുന്നു. പാലക്കാട് വെച്ചാണ് ഗുരുവിനെ കണ്ടു അനുഗ്രഹം വാങ്ങുന്നത്. 1928 ശിവഗിരിയില്‍ വെച്ച് ഗുരു സന്യാസദീക്ഷ നല്‍കി ആനന്ദതീര്‍ത്ഥര്‍ എന്ന പേരിടുകയും ചെയ്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ആദ്യ പ്രസിഡന്റായിരുന്നു. ജാതി നിര്‍മ്മാര്‍ജ്ജനത്തില്‍ ദത്തശ്രദ്ധനായിരുന്നു. പലേടത്തുവച്ചും ജാതികോമരങ്ങളുടെ ആക്രമണത്തിനിരയായി. ഗുരുവായൂരില്‍ വെച്ച് ബ്രാഹ്മണസദ്യയില്‍ ഹരിജനങ്ങളെ കൂടെ കൂട്ടി പങ്കെടുത്ത് ക്രൂരമര്‍ദ്ദനത്തിനിരയായി. അതോടെ അന്നത്തെ മുഖ്യമന്ത്രി ഇടപെട്ട് ബ്രാഹ്മണ സദ്യ നിര്‍ത്തലാക്കി. ഇപ്പോള്‍ അവിടെ എല്ലാ ഹിന്ദുക്കള്‍ക്കുമായി സദ്യ നല്‍കി വരുന്നു. 1931 ല്‍ താഴ്ന്ന ജാതി കുട്ടികൾക്കു പഠിക്കുന്നതിനായി പയ്യന്നൂരില്‍ ശ്രീനാരായണ വിദ്യാലയം തുടങ്ങി. മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും ആരാധന സ്വാതന്ത്യം ലഭിക്കുന്നതിന് നിരവധി സമരങ്ങൾ നയിച്ചു. സമാധി 1987 നവംബർ 21 ൽ.
ആത്മാവ്: –
ആപ് എന്ന ധാതുവില്‍ നിന്നുണ്ടായത്. എല്ലായിടവും നിറഞ്ഞിരിക്കുന്നത് എന്നർത്ഥം.പരമാത്മാവ്. ജീവാത്മാവാകട്ടെ നശ്വരമായ ശരീരത്തില്‍ ആവസിക്കുന്നു.
ഞാന്‍ തന്നെ ആത്മാവ്. ദൃക്, ജ്ഞാനം, വിഷയി, ബ്രഹ്മം, ചിത് അജഡം, സ്വയം പ്രകാശകം, അപരാധീന പ്രകാശം എന്നിവ പകരം ഉപയോഗിക്കുന്ന പദങ്ങളാണ്.
പദാര്‍ത്ഥങ്ങള്‍ – ആത്മാവ്, അനാത്മാവ് എന്നിങ്ങനെ രണ്ടായി തിരിഞ്ഞിരിക്കുന്നു.
“ഇരുളിലിരുന്നറിയുന്നതാകുമാത്മ.. ” എന്ന് ആത്മോപദേശ ശതകം.
പുരാണേതിഹാസങ്ങളിൽ ആത്മാവെന്നത്ജീവനെന്ന പദത്തിനു പര്യായമായി ഉപയോഗിക്കാറുണ്ട്.
ആത്മവിലാസം: –
ഗുരുവിന്റെ ഗദ്യകൃതി. ദൈവത്തെ ദിവ്യമായ കണ്ണാടിയോട് ഉപമിക്കുന്നു. ആ കണ്ണാടി നമുക്കു നമ്മെയും ലോകത്തെയും കാണിച്ചു തരുന്നു.നാമടങ്ങുന്ന പ്രപഞ്ചത്തിൻ്റെ നിഴലുകൾ കണ്ണാടിയിലെന്ന പോലെ ദൈവത്തിൽ ഒതുങ്ങുന്നു.
ആത്മോപദേശശതകം: –
കേരളത്തിന്റെ ആത്മോപനിഷത്ത് എന്നു വിശേഷിപ്പിക്കാവുന്ന രചന. രചനാകാലം 1897. പല തവണകളായാണ് 100 ചതുഷ്പദികള്‍ അടങ്ങുന്ന കൃതി രചിച്ചിട്ടുള്ളത്. അദ്വൈത ചിന്താപദ്ധതി മനുഷ്യജീവിതത്തിന്റെ സര്‍വ്വമാനങ്ങളിലും ബാധകമാകും മട്ടില്‍ വിവരിക്കുന്നു. ആത്മാവിനെക്കുറിച്ചുള്ള നൂറു അറിവുകൾ എന്നോ ആത്മാവ് ആത്മാവിനോടു ചെയ്യുന്ന ഉപദേശമെന്നോ അർത്ഥമെടുക്കാം. 1917 ൽ അരുവിപ്പുറത്ത് വിശ്രമിക്കുന്ന കാലത്തു പലപ്പോഴായി ചൊല്ലിയത് ശിഷ്യന്മാർ എഴുതിയെടുത്ത പ്രസിദ്ധപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച നൂറ്റാണ്ടിലെ അദ്വൈത ചിന്തയുടെ ഉത്തമ നിദർശനമാണ് ആത്മോപദേശ ശതകം.
ഗുരുവിന്റെ ഈ രചനയ്ക്ക് കുമാരനാശാന്‍, നടരാജഗുരു, നിത്യചൈതന്യയതി, മുനി നാരായണപ്രസാദ്, വിമലാനന്ദ്, എം.എച്ച്. ശാസ്ത്രികള്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ടി. ഭാസ്‌കരന്‍ തുടങ്ങിയ അനേകം പേര്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
ആശ്രമം:-
ഗുരു കൃതി. 1914 ലാണല്ലോ ആലുവ അദ്വൈതാശ്രമം സ്ഥാപിതമായത്. ആശ്രമത്തിന്റെ ഗുരുവായിരിക്കുന്ന ആള്‍ക്കു അനിവാര്യമായും വേണ്ടുന്നതായ യോഗ്യതകളെപ്പറ്റി വിവരിക്കുന്ന കാവ്യപഞ്ചകമാണു ഈ രചന.
ആര്യസമാജം:-
1875ല്‍ ബോംബെയില്‍ ദയാനന്ദസരസ്വതിയുടെ മുന്‍കൈയില്‍ ആര്യസമാജം സ്ഥാപിച്ചു. വേദപ്രാമാണ്യം അംഗീകരിച്ചിരുന്നു. ജാതി വേര്‍തിരിവുകള്‍ക്കതീതമായി ഓരോ വ്യക്തിയുടെയും പ്രാപ്തിക്കനുസരിച്ചാവണം വളര്‍ച്ചയെന്നതായിരുന്നു ആര്യസമാജത്തിന്റെ പദ്ധതി. സത്യാര്‍ത്ഥപ്രകാശം മുഖ്യ ഗ്രന്ഥം . ഹിന്ദുക്കളോട് വേദങ്ങളിലേക്ക് മടങ്ങാന്‍ ആര്യസമാജം ആഹ്വാനം ചെയ്തു. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുന്നതിനു ശുദ്ധിപ്രസ്ഥാനം ആരംഭിച്ചു. 1921ലെ മലബാര്‍ കലാപകാലത്ത് ആര്യസമാജം കേരളത്തില്‍ സജീവമായി. ബലപ്രയോഗത്തിലൂടെ മതം മാറ്റിയവരെ തിരികെ ഹിന്ദുമതത്തിലെത്തിച്ചു.
ആസ്തികന്‍:-
വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുക, ദൈവത്തില്‍ വിശ്വസിക്കുക, മരണാനന്തരജീവിതം സമ്മതിക്കുക ഇവയെല്ലാം ആസ്തികന്റെ ലക്ഷണം. നാസ്തികന്‍ വിപരീത പദം.
ആന്‍ഡ്രൂസ്, സി.എഫ്:-
1871 ഫെബ്രുവരി 12നു ജനിച്ചു. മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥടാഗോറിന്റെയും അടുത്ത സുഹൃത്തായി ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ സഹകരിച്ചു. ആംഗ്ലിക്കല്‍ പാതിരി, സാമൂഹ്യപരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍. 1922ല്‍ ടാഗോര്‍, നാരായണഗുരുവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു. 1949 ഏപ്രില്‍ 5ന്
69-ാം വയസ്സില്‍ കല്‍ക്കത്തയില്‍ അന്തരിച്ചു.
ഇദന്ത: –
ഇദം എന്ന ഭാവമാണ് ഇദന്ത. ജ്ഞേയത്തിന്റെ ഭാവം. ഇദമെന്നത് പ്രപഞ്ചം തന്നെയാണ്. ആത്മാവിൽ അഹന്ത അഥവാ അറിയുന്നവന്‍ എന്ന ഭാവമുണ്ടായാല്‍ അറിയാന്‍ എന്തെങ്കിലും ഉണ്ടാകണം. അതേ അറിവുതന്നെ, മറ്റൊരു രൂപത്തില്‍ വരുന്നു. അതാണു അറിയപ്പെടുന്ന വസ്തു അഥവാ വിഷയി. അതായത് Object. ഒരേ അറിവുതന്നെ അഹന്ത (Subject)യും ഇദന്ത (object)യുമായി പിരിയുന്നു. ആത്മോപദേശ ശതകം ശ്ലോകം 51 കാണുക.
ഇന്ദ്രിയവൈരാഗ്യം:-
ഗുരു രചിച്ചത്. പത്തു ശ്ലോകങ്ങളടങ്ങിയ ഇന്ദ്രിയവൈരാഗ്യം ശിവജപസ്തുതിയാണ്. 1887-97 കാലത്താണ് രചിച്ചതെന്നു കരുതുന്നു. ശിവനില്‍ ഭക്തി കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഇന്ദ്രിയവൈരാഗ്യം സ്വായത്തമാക്കണമെന്നാണ് കവിത പറയുന്നത്. വിഷയാസക്തിയില്‍ നട്ടം തിരിയുന്ന തന്നെ അതില്‍ നിന്നു കരകേറ്റുന്നതിനും ശിവന്‍ തന്നെ തുണക്കുമെന്നു ഭക്തന്‍ വിചാരിക്കുന്നു.
ഈശാവസ്യോപനിഷദ് ഭാഷ:-
ഉപനിഷദ് പ്രപഞ്ചത്തില്‍ നിന്ന് ഗുരു പരിഭാഷപ്പെടുത്തിയത്. ഈശാവസ്യോപനിഷദ് മാത്രമാണ്.. യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഒന്നിലും മോഹമില്ലാതെ ലോകസേവക്കായി പ്രവര്‍ത്തിക്കാന്‍ ഈ കൃതി അനുശാസിക്കുന്നു. രചനാകാലം 1887-97.
ഈഴവര്‍: –
കേരളത്തിലെ പ്രബലസമുദായമാണ് ഈഴവ്. ഈളവര്‍, ചോവന്മാര്‍, തീയ്യര്‍ എന്നിങ്ങനെ ദേശഭേദം. കാസര്‍കോഡും തുളുനാട്ടിലുമുള്ള ബില്ലവര്‍, തെക്കെ മലബാറിലെ തണ്ടാന്മാര്‍, കേരളത്തിനു തെക്ക് ചാന്നാന്മാര്‍ ഇവരെല്ലാം സമാനജാതിക്കാരാണ്. തമിഴകത്തെ പ്രാചീന ഗോത്രജനത പരിണമിച്ചുണ്ടായവരാണ് ഈഴവരും നായന്മാരും. ശ്രീനാരായണഗുരു ജനിച്ചത് ഈഴവസമുദായത്തിലാണ്.
ഈഴവശിവന്‍: –
അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്കുശേഷം, ഗുരുവിനെ സന്ദര്‍ശിച്ച ചില വൈദിക ബ്രാഹ്മണര്‍, ഗുരുവിന് പ്രതിഷ്ഠ നടത്താനുള്ള അധികാരം എന്തെന്ന നിലയില്‍ ചോദ്യം ചെയ്തു. നാം ഈഴവശിവനെയാണല്ലോ പ്രതിഷ്ഠിച്ചത് എന്ന ശാന്തഗംഭീരമായ മറുപടിയാണ് ഗുരുവില്‍ നിന്നു പുറപ്പെട്ടത്. ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിവിഭജനത്തിന്റെയും സ്രഷ്ടാക്കളായ ബ്രാഹ്മണര്‍ക്ക് ഗുരുവിന്റെ അപ്രതീക്ഷിത പ്രതികരണത്തിൽ എതിര്‍യുക്തി ഇല്ലായിരുന്നു.
ഈഴവമെമ്മോറിയല്‍:-
ഈഴവ മെമ്മോറിയല്‍ ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറിലെ ഈഴവര്‍ ശ്രീമൂലം തിരുനാളിനു സമര്‍പ്പിച്ച ഭീമഹര്‍ജി. 13176 പേര്‍ ഒപ്പിട്ട ഹര്‍ജിയില്‍ ഈഴവസമുദായത്തിലെ കുട്ടികള്‍ക്കു സ്‌ക്കൂള്‍ പ്രവേശനത്തിലും വിദ്യാസമ്പന്നര്‍ക്ക് ജോലികാര്യങ്ങളിലും പരിഗണന വേണമെന്ന് അഭ്യര്‍ത്ഥിച്ചു. 1896 സെപ്തംബര്‍ 3-ാം തീയതിയിലാണ് ഈ ഭീമഹര്‍ജി സമര്‍പ്പിച്ചത്. ഈഴവമെമ്മോറിയലുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തകളും മറ്റും ഉള്‍ക്കൊള്ളിച്ച് ട്രീറ്റ്‌മെന്റ് ഓഫ് തീയാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പേരില്‍ ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവിതാംകോട്ടേ ഈഴവര്‍ എന്ന കൃതി ഇതിന്റെ മലയാളം പരിഭാഷയാണ്.
ഉപനിഷത്ത്: –
ഇന്ത്യന്‍ തത്ത്വചിന്തയുടെ സത്താണ് ഉപനിഷത്ത് .നാലു വേദങ്ങള്‍ക്കുമുള്ള ശാഖകള്‍ മന്ത്രം, ബ്രാഹ്മണം, ഉപനിഷത്ത് എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. വേദചതുഷ്ടയത്തിന് 1189 ശാഖകള്‍ ഉള്ളതുകൊണ്ട് അത്ര തന്നെ ഉപനിഷത്തുകളുണ്ടെന്നാണു കണക്ക്. അവയില്‍ 108 എണ്ണം പ്രചാരത്തിലുണ്ട്. അവയില്‍ ജ്ഞാനകാണ്ഡം എന്നു വിശേഷിപ്പിക്കുന്നത് ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ പത്തെണ്ണമാണ്.
ഉപനിഷത്തുക്കളെ വേദാന്തം, ബ്രഹ്മവിദ്യാരഹസ്യം എന്നും പറയാറുണ്ട്. പരമമായ വിദ്യ എന്ന നിലയില്‍ പരാവിദ്യ എന്നും പറയാറുണ്ട്.
ഉത്തരമീമാംസ:-
ഷഡ് ദര്‍ശനങ്ങളില്‍ ഉൾപ്പെടുന്നു.വേദാന്തമെന്ന പേരിനു പ്രസിദ്ധി. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂര്‍വ്വ മീമാംസ, വേദാന്തം ഇവയാണ് ഷഡ് ദര്‍ശനങ്ങള്‍.
ഉള്ളൂര്‍ പരമേശ്വരയ്യര്‍:-
(1877 ജൂണ്‍ 6 – 1949 ജൂണ്‍ 15) മഹാകവിത്രയത്തിലെ പ്രമുഖനായ കവി. കുമാരനാശാന്‍ വള്ളത്തോള്‍ എന്നിവരായിരുന്നു മറ്റു പ്രമുഖ കവികള്‍. തിരുവിതാംകൂര്‍ സംസ്ഥാനത്ത് ലാന്‍ഡ് റവന്യൂ, ഇന്‍കംടാക്‌സ് കമ്മീഷണര്‍ ചീഫ് സെക്രട്ടറി തുടങ്ങിയ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. ഗുരുവിനോട് അതിരറ്റ ആദരവ് പുലര്‍ത്തി.
ഏകം :-
ഏകം വിപരീതം അനേകം. ഏകവും അനേകവും അറിവില്‍ അഭേദമായിരിക്കുന്നു.
ഏകമതം:-
പലമത സാരവുമേകം എന്ന ആശയം ഉൾക്കൊണ്ട് ഏകമതം ആകാമെന്നു ഒരിക്കൽ ഗുരു പ്രസ്താവിച്ചു.ഒരു മതാചാര്യന്റെ പേരില്‍ പല ആചാര്യന്മാരുടെ ഉപദേശങ്ങളടക്കി അതിനെ ഒരു മതമെന്നു പേര്‍ വിളിക്കാമെങ്കില്‍ പല ആചാര്യന്മാരാല്‍ സ്ഥാപിതമായ എല്ലാ മതങ്ങളേയും ചേര്‍ത്ത് അതിന് ഒരു മതമെന്നോ ഏകമതമെന്നോ മനുഷ്യമതമെന്നോ മാനവധര്‍മ്മമെന്നോ എന്തുകൊണ്ട് ഒരു പൊതുപേര് ഇട്ടുകൂട എന്നു ഗുരു ചോദിച്ചു. ഇതു തന്നെയാണ് ഏകമതത്തിൻ്റെ തത്വശാസത്രം.
ഏണസ്റ്റ് കര്‍ക്ക്:-
ഗുരുവിന്റെ ആദ്യത്തെ പാശ്ചാത്യ ശിഷ്യൻ. (1872-1957). 1950 ലെശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മാതൃകാ പാഠശാലയുടെ സെക്രട്ടറിയായിരുന്നു.കോയമ്പത്തൂരിലെ അരുവാള്‍കാടില്‍ ആശ്രമം സ്ഥാപിച്ച് അവിടെ താമസിച്ചു. അവിടം കേന്ദ്രമാക്കി ‘ലൈഫ്’ എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. പാശ്ചാത്യദേശങ്ങളില്‍ പ്രചാരമുണ്ടായിരുന്ന മാസികയില്‍ ഗുരുസന്ദേശങ്ങളടങ്ങിയ ലേഖനങ്ങള്‍ അച്ചടിച്ചിരുന്നു.
ഒസ്യത്ത്:-
സ്വാമിയുടെ ഒസ്യത്ത് (വില്‍പ്പത്രം)
”ആയിരത്തി ഒരുനൂറ്റി ഒന്നാമാണ്ട് മേടമാസം ഇരുപതാം തീയതി, വര്‍ക്കലപ്പകുതിയില്‍ വര്‍ക്കലദേശത്ത് ശിവഗിരിമഠത്തില്‍ വിശ്രമിക്കും ശ്രീനാരായണഗുരു എഴുതിവച്ച വില്‍പ്പത്രം:
”നമ്മുടെ വകയും നമ്മുടെ സര്‍വ്വസ്വാതന്ത്ര്യത്തില്‍ ഇരിക്കുന്നതും ആയ ക്ഷേത്രങ്ങള്‍, സന്ന്യാസിമഠങ്ങള്‍, വിദ്യാലയങ്ങള്‍, വ്യവസായശാലകള്‍ മുതലായ സര്‍വ്വധര്‍മ്മസ്ഥാപനങ്ങളും അവ സംബന്ധിച്ചുള്ള സകല സ്ഥാവരജംഗമവസ്തുക്കളും നമ്മുടെ എല്ലാ ധര്‍മ്മസ്ഥാപനങ്ങളുടെയും തലസ്ഥാനമായ ശിവഗിരി മഠത്തില്‍വച്ച് ഈ ആണ്ട് കന്നിമാസം 11-ാം തീയതി നമ്മുടെ അനന്തരഗാമിയായി അഭിഷേകം ചെയ്യപ്പെട്ട ശിഷ്യപ്രധാനി ടി ശിവഗിരിമഠത്തില്‍ താമസിക്കുന്ന ബോധാനന്ദന് നമ്മുടെ കാലശേഷം ലഭിക്കേണമെന്നു കരുതി ഈ വില്‍പ്പത്രം എഴുതിവയ്ക്കുന്നതാണ്. നമ്മുടെ ജീവിതാവധിവരെ ഈ സ്ഥാപനങ്ങളുടെയും തത്സംബന്ധമായുള്ള സ്വത്തുക്കളുടെയും സര്‍വ്വസ്വാതന്ത്ര്യവും ഭരണവും നമ്മില്‍ത്തന്നെ ഇരിക്കുന്നതും നമ്മുടെ ജീവിതശേഷമല്ലാതെ ഈ കരണം ഊര്‍ജ്ജിതത്തില്‍ വരുന്നതല്ലാത്തതുമാകുന്നു. ഈ കരണത്തെ ഏതാനുമോ മുഴുവനുമോ ഭേദപ്പെടുത്തേണ്ടതായിവന്നാല്‍ അപ്രകാരം ഒഴികെ, മേല്പറഞ്ഞ ധര്‍മ്മസ്ഥാപനങ്ങളും അതു സംബന്ധമായുള്ള സകല സ്ഥാവരജംഗമസ്വത്തുക്കളും ഇനി നമ്മുടെ വകയായി ഉണ്ടാകുന്ന സര്‍വ്വസ്വത്തുക്കളും ടി ബോധാനന്ദന്‍ കൈവശംവച്ചു ഭരണം നടത്തിക്കൊള്ളേണ്ടതും ബോധാനന്ദന്റെ ജീവിതശേഷം ഈ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പിന്തുടര്‍ച്ചാവകാശം നമ്മുടെ ശിഷ്യപരമ്പരയായ സന്ന്യാസിമാരുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം അവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു സന്ന്യാസിക്കായിരിക്കുന്നതും ഇതിന്‍ വണ്ണം ഈ അവകാശം ശിഷ്യപരമ്പരയാൽ നിലനില്ക്കുന്നതും ആണ്. ഇങ്ങനെ ഏര്‍പ്പെടുന്ന ഓരോ സന്ന്യാസിമാരുടെയും ഭരണംമൂലം ധര്‍മ്മപരമായി സ്ഥാപിച്ചിട്ടുള്ള മേല്പറഞ്ഞ ഓരോ സ്ഥാപനങ്ങളുടേയും പാവനമായ ഉദ്ദേശ്യത്തിനോ, അതിന്‌റെ സ്ഥായിയായ നിലനില്‍പിനോ യാതൊരു വിഘാതവും ഒരിക്കല്‍പോലും വന്നുകൂടാത്തതും അഥവാ വല്ല വ്യതിയാനവും നേരിടുമെന്നു കാണുന്നപക്ഷം അപ്പോള്‍ ശരിയായ വിധത്തില്‍ നിയന്ത്രിക്കുന്നതിന് ശേഷമുള്ള ടി ശിഷ്യസംഘങ്ങള്‍ക്ക് പൂര്‍ണ്ണാവകാശം ഉള്ളതും ആകുന്നു.”
ഈ വില്‍പ്പത്രം 1101-ല്‍ 18-ാം നമ്പറായി
രജിസ്റ്റര്‍ ചെയ്തു.