സര്‍വമത സമ്മേളനവും മഹാപാഠശാലയും

ശ്രീനാരായണഗുരുവിനു ഒരു മതസമ്മേളനം നടത്തുക മാത്രമായിരുന്നില്ല ലക്ഷ്യം. എല്ലാവര്‍ക്കും ആത്മസുഖവും സര്‍വ്വസാഹോദര്യവും സൃഷ്ടിക്കുവാന്‍ പ്രാപ്തരായ ഭാവി തലമുറകളെ വാര്‍ത്തെടുക്കുന്ന ഒരു മഹാപാഠശാല (യൂണിവേഴ്‌സിറ്റി) സ്ഥാപിക്കണമെന്ന ആഗ്രഹം ആലുവയിലെ സര്‍വമത സമ്മേളനത്തിനു മുമ്പു തന്നെ ഗുരുവിനു ഉണ്ടായിരുന്നു. അതിനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. മതസമ്മേളനം മഹാപാഠശാലയുടെ അനിവാര്യതയെ സംബന്ധിച്ചുള്ള ഒരു പൊതുധാരണയ്ക്കും സഹായത്തിനും കൂടി വേണ്ടിയായിരുന്നു. മഹത്തായ ആ ഉദ്യമത്തിനു ജനങ്ങളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടാകുമെന്നും ഗുരു പ്രതീക്ഷിച്ചു

സർവമതസമ്മേളന പ്രതിനിധികൾ ഗുരുവിനൊപ്പം

ഒരു മതം ശരിയും മറ്റു മതങ്ങള്‍ ന്യൂനതയുള്ളതുമാണെന്ന വാദം മതമൗലികവാദമാണ്. മതമൗലിക വാദികള്‍ അവരുടെ മതത്തിനു മാത്രം ശ്രേഷ്ഠത കാണുകയും മറ്റു മതങ്ങളെ ഇകഴ്ത്തിക്കാട്ടി നിന്ദിക്കുകയും ചെയ്യും.മതമൗലിക വാദത്തിന്റെ അടുത്ത ഘട്ടം മതതീവ്രവാദമാണ്. മതതീവ്രവാദം ഹിംസാത്മകമാണ്. രാഷ്ട്രീയവും, സാമ്പത്തികവും, മതപരവുമായ സര്‍വ്വാധിപത്യത്തിനു വേണ്ടിയാണു മതതീവ്രവാദം വളര്‍ത്തുന്നത്.

മതമൗലികവാദവും തീവ്രവാദവുമെന്ന പോലെ നാശകരമാണ് ജാതി മൗലികവാദവും ജാതിതീവ്രവാദവും, ജാതി മൗലികവാദം സ്വന്തം മതത്തില്‍ ഉള്‍പ്പെട്ടവരെ സഹോദര തുല്യരായി കണക്കാക്കുന്നതില്‍ നിന്നും ഒരു കൂട്ടരെ പിന്‍തിരിപ്പിക്കുന്നു.

ജാതി മൗലികവാദം ശ്രീകോവിലിനുള്ളിലെ സര്‍വാധിപത്യം ബ്രാഹ്മണര്‍ക്കു മാത്രമായി ഇപ്പോഴും ഉറപ്പാക്കുന്നു. ജാതി മൗലികവാദം തന്നെയാണു സംവരണ വ്യവസ്ഥിതിയ്‌ക്കെതിരെ ആത്മാഹൂതി ചെയ്യുവാന്‍ സവര്‍ണരെ പ്രേരിപ്പിച്ചതും.
‘ദുരഭിമാനക്കൊലപാതകങ്ങളും’, ‘മന്ത്രവാദിനി വേട്ടയും’ അവര്‍ണരെ പൊതുനിരത്തുകളില്‍ ചെരിപ്പു ധരിച്ചു നടക്കുവാന്‍ അനുവദിക്കാത്തതും ജാതിതീവ്രവാദമാണ്. ജാതി തീവ്രവാദമാണ് ദളിതര്‍ക്കും, ആദിവാസികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കു കാരണം.

വംശീയ തീവ്രവാദം വംശഹത്യക്കും അഭയാര്‍ത്ഥി പ്രവാഹത്തിനും ഇടവരുത്തുന്നു. വംശീയ തീവ്രവാദത്തിന്റെ ഇരകള്‍ അനുഭവിക്കുന്ന യാതനകള്‍ വളരെ വലുതാണ്. രാഷ്ട്രീയ തീവ്രവാദവും മനുഷ്യര്‍ നേരിടുന്ന ഭീഷണിയാണ്. രാഷ്ട്രീയ തീവ്രവാദത്തിനു സിദ്ധാന്തങ്ങളുടെയും സ്വേച്ഛാധിപത്യത്തിന്റെയും ആവരണങ്ങള്‍ ഉണ്ട്. രാജ്യത്തിനകത്തും, രാജ്യങ്ങള്‍ തമ്മിലുള്ള രക്തച്ചൊരിച്ചിലുകള്‍ക്കും രാഷ്ട്രീയ തീവ്രവാദം കാരണമാകുന്നു.
ലൈംഗിക മൗലികവാദം, അഥവാ ആണ്‍മേല്‍ക്കായ്മാ വാദം സ്ത്രീ പുരോഗതി തടയുന്നു. ലൈംഗിക തീവ്രവാദം സ്ത്രീകള്‍ക്കു മാന്യത നിഷേധിക്കുന്നു. ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കും. കൂട്ട ബലാല്‍സംഗത്തിനു സ്ത്രീകള്‍ ഇരകളാകുന്നു.

എല്ലാവിധത്തിലുമുള്ള മൗലികവാദങ്ങളും തീവ്രവാദങ്ങളും മനുഷ്യപുരോഗതിക്കും, സമാധാനത്തിനും വിരുദ്ധമാണ്.
ശ്രീനാരായണഗുരു എല്ലാത്തരം മൗലിക വാദങ്ങളെയും തീവ്രവാദങ്ങളെയും നിരാകരിക്കുന്ന മാനവികതയുടെ ദര്‍ശനമാണു ലോകത്തിനു നല്‍കിയത്.

‘പലമതസാരവുമേകം,
ഗുരുദര്‍ശനം

രാഷ്ട്രവും മതവും തമ്മിലുള്ള വേഴ്ച വര്‍ദ്ധിക്കുന്ന സമകാലിക രാഷ്ട്രീയമാണ് ഇന്നുള്ളത്. ജനാധിപത്യവും സോഷ്യലിസവും മതാധിപത്യത്തെ മറികടന്ന് വളര്‍ന്ന സാഹചര്യങ്ങളാണ് ആധുനിക നൂറ്റാണ്ടുകളില്‍ ഉണ്ടായത്.
ലിബറലിസം, സോഷ്യലിസം തുടങ്ങിയ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ വിശ്വാസവും സമ്മതിദാനവും വാങ്ങിയെടുത്തു രാഷ്ട്രീയാധികാരം പങ്കിട്ടെടുക്കുവാന്‍ രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ കാലക്രമേണ മതസംഘടനകളുടെയും പൗരോഹിത്യ വര്‍ഗ്ഗത്തിന്റെയും സ്വാധീനവും നിയന്ത്രണവും ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കാലഘട്ടത്തിലാണു നാമിന്നു ജീവിക്കുന്നത്.

മതങ്ങളെ കേന്ദ്രീകരിച്ചുണ്ടാകുന്ന കലാപങ്ങളും കൂട്ടക്കുരുതികളും യുദ്ധങ്ങളും ഒഴിവാക്കപ്പെട്ട് സമാധാന പൂര്‍ണ്ണമായ ഒരു ജീവിതം ആഗ്രഹിക്കുന്നവര്‍ക്കു ആശ്രയിക്കാവുന്ന ഒരു ആശയലോകമാണ് ശ്രീനാരായണഗുരു നൂറ്റി ഇരുപത്തിഅഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മതത്തെ സംബന്ധിച്ചവതരിപ്പിച്ചത്.
മനുഷ്യ ജീവിതത്തില്‍ മതത്തിനുള്ള പ്രാധാന്യം അംഗീകരിച്ച സന്യാസി ശ്രേഷ്ഠനായിരുന്നു ഗുരുദേവന്‍. പക്ഷേ മതത്തേക്കാളേറെ ‘മനുഷ്യനു’ പ്രാധാന്യം നല്‍കിയ മഹാത്മാവുമായിരുന്നു.

‘പലമതസാരവുംഏക’മെന്നു ഉറച്ചു വിശ്വസിച്ച ഗുരു അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു മതം മറ്റു മതങ്ങളില്‍ നിന്നും ശ്രേഷ്ഠമെന്നു കരുതുകയോ, ഏതെങ്കിലുമൊരു മതത്തിന്റെ മാത്രം വക്താവായിരിക്കുവാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.

മതം എന്നുവച്ചാല്‍ അഭിപ്രായം’
സോക്രട്ടീസ് തന്റെ ശിഷ്യരായ പ്ലേറ്റോ, സെനോഫോണ്‍ തുടങ്ങിയ ശിഷ്യരോടു സംവദിച്ചു സത്യം വെളിവാക്കിയതു പോലെയായിരുന്നു ശ്രീനാരായണഗുരു ശിഷ്യരായ കെ. അയ്യപ്പനോടും, സി.വി. കുഞ്ഞുരാമനോടും സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട് മതത്തെക്കുറിച്ചുള്ള സത്യം അനാവരണം ചെയ്തത്.
അവയില്‍ ചില ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു.
”മതം എന്നുവെച്ചാല്‍ അഭിപ്രായം. അതേതായാലും മനുഷ്യനു ഒരുമിച്ചു കഴിയാം. മതസാഹിത്യം എങ്ങനെയിരുന്നാലും മനുഷ്യന്‍ ദുഷിച്ചാല്‍ ഫലമില്ല. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി. പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധിവേണം”
”എല്ലാ മതക്കാരുടെയും വിശ്വാസങ്ങള്‍ക്കു ചില സമാന്യ ലക്ഷണങ്ങള്‍ ഉള്ളതുകൊണ്ട് മനുഷ്യരെല്ലാം ഒരു മതക്കാര്‍ തന്നെയാണ്. സനാതനമായ ഏതെങ്കിലും ഒരു ധര്‍മ്മത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനില്‍ക്കുവാന്‍ കഴിയുന്നതല്ല”
”ജീവാത്മക്കള്‍ക്കു ഊര്‍ദ്ധ്വമുഖത്വം (മേല്‍ഗതി) ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങള്‍ക്കുള്ളു. അതുണ്ടായി കഴിഞ്ഞാല്‍ സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാര്‍ഗ്ഗദര്‍ശികള്‍ മാത്രമാണു മതങ്ങള്‍”
”സൂക്ഷ്മം അറിഞ്ഞവനു മതം പ്രമാണമല്ല. മതത്തിനു അവര്‍ പ്രമാണമാണ്”
ബുദ്ധമതം പഠിച്ചാണോ ബുദ്ധന്‍ നിര്‍വ്വാണ മാര്‍ഗ്ഗം ഉപദേശിച്ചത്? ബുദ്ധന്‍ നിര്‍വ്വാണമാര്‍ഗ്ഗം ആരാഞ്ഞറിഞ്ഞ് ആ മാര്‍ഗ്ഗം ഉപദേശിച്ചു. അതു പിന്നീട് ബുദ്ധമതമായി.”
സൂക്ഷ്മം അറിഞ്ഞവനും, അറിവിലുമേറിയറിഞ്ഞിടുന്നവനുമായ മഹാഗുരു 1916-ല്‍ മതത്തിന്റെ ബാഹ്യാവരണങ്ങള്‍ ഉപേക്ഷിച്ചതായി പരസ്യപ്രഖ്യാപനം നടത്തി മാനവികതയുടെ പ്രവാചകനായി. മഹാഗുരുവിന്റെ വാക്കുകള്‍ സമാധാനവും സാഹോദര്യവും സന്തോഷവും ആഗ്രഹിക്കുന്നവര്‍ക്കു പ്രമാണമായി. അത് മാനവികതയുടെ ലോകമതമായി മതങ്ങളുടെ മതമായി.

ആത്മോപദേശ ശതകത്തിലെ
മതദര്‍ശനം

ഗുരുദേവന്‍ ആത്മോപദേശ ശതകത്തില്‍ ആറു പദ്യത്തില്‍ (44-49) മതമൗലിക വാദത്തെയും മതതീവ്രവാദത്തെയും നിരാകരിച്ചുകൊണ്ടുള്ള ഏകമത സിദ്ധാന്തത്തെ അവതരിപ്പിച്ചു.

”ഈ പദ്യ ഷള്‍ക്കത്തെ ഗുരു സംഭാവന ചെയ്ത ഏകമതോപനിഷത്ത് ആയിട്ട് ആദരിക്കേണ്ടതാണ് എന്ന് സുകുമാര്‍ അഴീക്കോട്.
”എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണു എന്ന വസ്തുത മനസ്സിലാക്കാത്ത മൂഢന്മാര്‍, ആനയെ കണ്ടു വിധിയെഴുതുന്ന അന്ധന്മാരെപ്പോലെ ഏറെ പരിമിതമായ അറിവു നിലനിര്‍ത്തുന്നവരാണ് (44)
ഒരു മതവിശ്വാസി മറ്റൊരു മതം നിന്ദ്യമാണെന്നു കരുതുകയും മറ്റു മതങ്ങളിലെ ആശയങ്ങളും ആചാരങ്ങളും പോരായ്മകള്‍ ഉള്ളതാണെന്നു വിലയിരുത്തുകയും ചെയ്തു തുടങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എല്ലാ മതങ്ങളും സാരാംശത്തില്‍ ഒന്നു തന്നെയെന്ന തിരിച്ചറിവു മാത്രമേ മനുഷ്യര്‍ക്കു സമാധാനം നല്‍കൂ (45)
മതങ്ങള്‍ യുദ്ധം ചെയ്തു ആധിപത്യത്തിനു ശ്രമിക്കുന്നതു പാഴ്ശ്രമങ്ങളാണ്. ഒരു മതവും മറ്റൊരു മതവുമായി പൊരുതി നശിക്കുന്നില്ല. പരമതനിന്ദ ചെയ്യുന്നവര്‍ വെറുതെ പൊരുതി നശിച്ചു പോകുമെന്ന ബുദ്ധി ഉണ്ടായിരിക്കണം (46)
എല്ലാവരും ഒരു മതം സ്വീകരിക്കണമെന്നാണ് അതായത് സ്വന്തം മതത്തില്‍ വരണമെന്നാണ് വാദിക്കുന്നത്. ഇങ്ങനെ വാദിക്കുന്നവര്‍ നിജസ്ഥിതി അറിയാത്തവരാണ്. പരമതനിന്ദ ചെയ്യാത്ത വിവേകശാലികളായ ജ്ഞാനികള്‍ക്കു മറ്റു മതങ്ങളുടെ സാരാംശം ഗ്രഹിക്കുവാന്‍ കഴിയും. എല്ലാ മതങ്ങളും സാരാംശത്തില്‍ ഒരുപോലെയാണെന്നു മനസ്സിലാകും (47)
ഒരേ ചൈതന്യം, ആത്മാവ് എല്ലാവരിലും ഒരുപോലെ വര്‍ത്തിക്കുന്നു. എല്ലാം ഒന്നാണെന്നു ധരിക്കുന്നു. ഇതൊരനുഭവമാണ്. ഈയൊരു അദ്വൈതാനുഭവമാണ് ഏകമതാനുഭവം (48)

ഏകമതാനുഭവം,
ആത്മസുഖം (49)

ഏവരുടെയും ആത്മസുഖാനുഭവത്തിനു വേണ്ടി (Pursuit of happiness) മതങ്ങളുടെ സാരാംശം തിരിച്ചറിഞ്ഞവന്‍ പ്രയത്‌നിക്കണം. എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരഭിപ്രായമായി ഒരു മതമായി അതുമാറണം. അപ്പോള്‍ ആത്മനിയന്ത്രണമുള്ളവരായി മനുഷ്യവിരുദ്ധ കര്‍മ്മങ്ങളില്‍ അഥവാ പാപങ്ങളില്‍ ഏര്‍പ്പെടാതെ ജീവിക്കുവാന്‍ കഴിയും.
”അഖിലരുമാത്മസുഖത്തിനായ് പ്രയത്‌നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു.
ജഗതിയിലിമ്മത മേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം”
ആത്മസുഖത്തിനാവശ്യമായ അദ്വൈതാനുഭവം ഒരേ യോനിയും ഒരേ ആകാരവുമുള്ള ഏവരുടെയും ജന്മാവകാശമാക്കുന്ന ഗുരു, ഒരേ തരം പ്രിയങ്ങളുടെ അഥവാ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രികമായ അനുഭവവും ആത്മസുഖത്തിന് അനിവാര്യമെന്നു പറഞ്ഞു.
അറിവും അന്‍പും അനുകമ്പയും ഉള്ളില്‍ നിറഞ്ഞ് സ്വാര്‍ത്ഥത വെടിഞ്ഞുള്ള ജീവിതം അഭിപ്രായ രൂപീകരണത്തിന്റെ അടിസ്ഥാനമെന്നും ഗുരു.
മതം, വംശം, ജാതി, ലൈംഗികം, രാഷ്ട്രീയം പൊതുനയം തുടങ്ങിയ സ്ഥാപനങ്ങളുടെയും (Institutions) പ്രക്രിയകളുടെയും (Processes) പിന്നിലുള്ള അഭിപ്രായ രൂപീകരണത്തിന്റെ ഏകലക്ഷ്യമായി സര്‍വ്വരുടെ ആത്മസുഖം എന്നതു അംഗീകരിക്കപ്പെടണമെന്ന വിശ്വ മാനവിക ദര്‍ശനമാണ് മഹാഗുരു 1897-ല്‍ രചിച്ച ആത്മോപദേശ ശതകത്തിലൂടെയും മറ്റു കവിതകളിലൂടെയും ആവശ്യപ്പെട്ടത്.

‘പലമതസാരവുമേകം’

‘പലമതസാരവുമേകം’ എന്ന ആഗോളപ്രഖ്യാപനമായിരുന്നു ആലുവയിലെ സര്‍വമത സമ്മേളനത്തിന്റെ ലക്ഷ്യം. മതമൗലികവാദവും, മതതീവ്രവാദവും ഒഴിവാക്കുവാനുള്ള മാര്‍ഗ്ഗരേഖകള്‍ നല്‍കിയ സമ്മേളനം ലോകത്ത് ആദ്യ അനുഭവമായി.
‘പലമതസാരവുമേകം’ എന്ന ഗുരു മന്ത്രത്തെ അംഗീകരിക്കുന്ന ഒരു സര്‍വമത സമ്മേളനത്തെ അംഗീകരിക്കുവാനോ, സമ്മേളനത്തിനു വേണ്ടുന്ന സഹായസഹകരണം ഉറപ്പാക്കുവാനോ ഇണ്ടന്‍തുരുത്തില്‍ ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിയെപ്പോലുള്ള ജാതി-മത തീവ്രവാദികള്‍ക്കു വിധേയത്തം നല്‍കിയ തിരുവിതാംകൂര്‍ സര്‍ക്കാരിനാകുമായിരുന്നില്ല. മതാചാര്യജന്യങ്ങളായ ഊട്ടുപുരകള്‍ക്കും. മുറജപങ്ങള്‍ക്കും മറ്റും ഖജനാവില്‍ നിന്നും നല്ലൊരു പങ്കു നല്‍കിയിരുന്ന സര്‍ക്കാരിനു ആലുവാ സമ്മേളനത്തോടു സൗഹാര്‍ദ്ദപരമായ നിലപാട് സ്വീകരിക്കുവാന്‍ കഴിയുമായിരുന്നില്ല.
എന്നു മാത്രമല്ല സമ്മേളനത്തിന്റെ രണ്ടാം ദിവസം ”പ്ലാറ്റ്‌ഫോറം അനവധി പോലീസ് ഓഫീസര്‍മാരെക്കൊണ്ട് നിബിഡമായിരുന്നു” എന്ന് ദൃക്‌സാക്ഷി. പ്രാസംഗികരുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നോ അത്? അതോ സവര്‍ണ മതത്തിനെതിരായ വിദ്വേഷ പ്രസംഗം ഉണ്ടെങ്കില്‍ തിരുവിതാംകൂര്‍ പ്രൊസീഡ്യുര്‍ കോഡിലെ 127-ാം വകുപ്പ് പ്രയോഗിക്കുവാന്‍ വേണ്ടിയായിരുന്നോ? 127-ാം വകുപ്പാണ് വൈക്കം സത്യഗ്രഹികളെ പീഡിപ്പിക്കുവാനും അറസ്റ്റു ചെയ്തു ജയിലിലടക്കുവാനും സവര്‍ണസര്‍ക്കാരിനെ സഹായിച്ചത്.
എട്ടാം നൂറ്റാണ്ടുമുതല്‍ ഭാരതപ്പുഴയുടെ തീരമായ തിരുനാവായ മണപ്പുറത്തു പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൂടിയിരുന്ന സവര്‍ണ മഹാമഘത്തില്‍ ”അടുക്കും ആചാരവും നീതിയും നിലയും കുലഭേദങ്ങളും (ജാതി) മര്യാദയും തീണ്ടലും കുളിയും അതാത് കുലത്തിനു തക്കവണ്ണം കല്പിച്ച്” (കേരളോല്‍പ്പത്തി) സ്ഥാപിച്ചെടുത്ത ജാതിസമ്പ്രദായവും മതാധിപത്യവും പിന്നീടൊരായിരം വര്‍ഷം നിലനിന്നു എങ്കില്‍, പെരിയാറിന്റെ തീരത്തു വച്ചുള്ള ഗുരുവിന്റെ വിശ്വമാനവികത പ്രഖ്യാപനം അടുത്ത ആയിരം വര്‍ഷത്തേക്കുള്ളതായിരുന്നു.
ബുദ്ധമതം, യഹൂദമതം, ഇസ്ലാംമതം, ക്രിസ്തുമതം, ഹിന്ദുമതം, വൈഷ്ണവമതം തുടങ്ങിയ മതങ്ങളെയും, ബ്രഹ്മസമാജം, ആര്യസമാജം തുടങ്ങിയ നവോത്ഥാന പ്രസ്ഥാനങ്ങളെയും, യുക്തിവാദത്തെയും പ്രതിനിധീകരിച്ചു പണ്ഡിതന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സി.വി. കുഞ്ഞുരാമന്‍, ടി.കെ. മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, സി. കൃഷ്ണന്‍, സത്യവ്രതസ്വാമികള്‍, സ്വാമി ശിവപ്രസാദ് കോട്ടുകോയിക്കല്‍ വേലായുധന്‍ തുടങ്ങിയവരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരുന്നു.
ഗുരുദേവന്‍ ഫെബ്രുവരി അവസാന ആഴ്ചയില്‍ ആലുവായിലെത്തി. ”വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്”എന്ന മുദ്രാവാക്യം പ്രധാന ഗേറ്റില്‍ സ്ഥാപിച്ചു. ഗുരുവിന്റെ മറ്റു സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും യഥാവിധി ഓരോ സ്ഥലങ്ങളില്‍ എഴുതിവച്ചു.
മാര്‍ച്ച് 3-ാം തീയതി പന്തല്‍ നാനാജാതി മതസ്ഥരായ ജനങ്ങളെക്കൊണ്ടു നിറഞ്ഞു. സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണു യോഗം ആരംഭിച്ചത്.
സത്യവ്രതസ്വാമിയുടെ
സ്വാഗതപ്രസംഗം
സര്‍വ്വമതസാരവുമേകം എന്ന ‘ഏകമതോപനിഷത്തിന്റെ പ്രഖ്യാപനം സമ്മേളനത്തിന്റെ ആരംഭത്തില്‍ തന്നെ സ്വാഗതപ്രസംഗ രൂപേണ സത്യവ്രതസ്വാമികള്‍ അവതരിപ്പിക്കുകയാണുണ്ടായത്., ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കപ്പെട്ടതായിരുന്നു അത്.
”ഭഗവാന്‍ ശ്രീനാരായണപരമഹംസന്‍ ചിരന്തനമായ തപസ്സും നിത്യമായ ബ്രഹ്മചര്യവും അനുഷ്ഠിച്ച് അദ്ധ്യാത്മ തത്ത്വചിന്തകളില്‍ ദത്തബുദ്ധിയായി കേരളീയ ജനതാ മദ്ധ്യത്തില്‍ സ്വജീവിതം നയിച്ച വരുന്ന ഒരു അത്യുത്തമനായ മതോപദേഷ്ടാവാണെന്നുള്ള വിവരം സര്‍വസമ്മതമാണല്ലോ” എന്നു പറഞ്ഞു കൊണ്ടാണ് സത്യവ്രത സ്വാമികള്‍ പ്രസംഗം തുടങ്ങിയത്.
”രാഷ്ട്രം, ഭാഷ, മുതലായ ഭേദങ്ങള്‍ക്കു പുറമെ മതം, ജാതി മുതലായ ഭേദങ്ങള്‍ നിമിത്തം സാഹോദര്യവും സമുദായ ബന്ധവും ശിഥിലമായിരിക്കുന്ന ആധുനിക ലോകം ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന് ഗുരുദേവന്‍ അരുളി ചെയ്തിട്ടുള്ള ധര്‍മ്മോപദേശത്തെ ഇന്നോ നാളെയോ ഇനി ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടോ ഒരു ആയിരത്താണ്ടു കഴിഞ്ഞിട്ടോ സ്വീകരിക്കുന്നതെന്നു നിശ്ചയമില്ലെങ്കിലും ‘ജാതിമതഭേദം’ നിമിത്തമായ അവസ്ഥയുടെ ശമനം ഈ ഉപദേശ സ്വീകരണത്താലല്ലാതെ ലോകത്തില്‍ സംഭവിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വാഗതപ്രസംഗത്തിലെ ചില പ്രസക്തഭാഗങ്ങള്‍
ദര്‍ശനങ്ങള്‍, ശാസ്ത്രങ്ങള്‍, കലാവിദ്യകള്‍ മുതലായ വിജ്ഞാനവര്‍ദ്ധനയ്ക്കു ‘ഉപയുക്തങ്ങളായ ഗ്രന്ഥങ്ങള്‍ ദേശദേദവും ജാതിഭേദവും ഗണിക്കാതെ എല്ലാ മതക്കാരും മനുഷ്യജാതിയുടെ പൊതുസ്വത്തായി അവയെ ഗണിക്കുകയും വിജ്ഞാനാഭിവൃദ്ധിക്കായി അവയെ കൈകാര്യം ചെയ്യുകയും വേണം.
അദ്ധ്യാത്മവിദ്യാ പ്രതിപാദകങ്ങളായ മതഗ്രന്ഥങ്ങളും മനുഷ്യജാതിയുടെ പൊതുസ്വത്തായി ഗണിക്കുകയും ജ്ഞാനാഭിവൃദ്ധിക്കായി അവയെ കൈകാര്യം ചെയ്യുകയുമാകാം.
മതവിഷയകമായ കാര്യങ്ങളില്‍ ഗവണ്‍മെന്റുകള്‍ നിഷ്പക്ഷ നില അനുവര്‍ത്തിക്കണമെന്നുള്ളത് നവീന രാജ്യമീമാംസയിലെ നിഷ്‌കര്‍ഷയേറിയ ഒരു സിദ്ധാന്തമാണ്.
ശാസ്ത്രതത്വങ്ങളെ എന്ന പോലെ അദ്ധ്യാത്മ തത്ത്വങ്ങളെയും മോക്ഷമാര്‍ഗ്ഗങ്ങളെയും അവ കണ്ടുപിടിച്ച മഹാത്മക്കളല്ല, മറിച്ച് അതുകൊണ്ടു നടന്ന ബുദ്ധിമാന്മാര്‍ അത്യന്തം ‘ആദായകരങ്ങളായ വാണിജ്യ സാധനങ്ങളാക്കി ആദായമുണ്ടാക്കിത്തീര്‍ത്തു.
മതങ്ങളോടും അനുബന്ധിച്ചുണ്ടായിട്ടുള്ള മിക്ക തന്ത്രമന്ത്രാദികളുടെയും വിശ്വാസാചാരങ്ങളുടെയും എല്ലാം ആഗമം ഇങ്ങനെയാകുന്നു.
രാജാക്കന്മാര്‍ക്കു അവരുടെ സാമ്രാജ്യം ലോകം മുഴുവന്‍ വ്യാപിപ്പിച്ച് ഭൂഗോളം മുഴുവന്‍ ഏകച്ഛത്രാധിപത്യമാക്കിത്തീര്‍ക്കണമെന്ന് ആഗ്രഹമുള്ളതുപോലെ തന്നെ മതാദ്ധ്യാക്ഷന്മാര്‍ക്കും ലോകം മുഴുവന്‍ ഏകമത സാമ്രാജ്യമാക്കിത്തീര്‍ക്കണമെന്നു ആഗ്രഹമുള്ളതുപോലെ തോന്നുന്നു.
മതസാമ്രാജ്യത്തിന് ദേശാതിര്‍ത്തി നിര്‍ണ്ണയമേയില്ല. തന്മൂലം എല്ലാ മതസാമ്രാജ്യങ്ങളും ചുഴലിക്കാറ്റിലെ തിരമാലകളെപ്പോലെ പരസ്പരം ആക്രമിച്ച് എപ്പോഴെന്നില്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു.
ഈ അവസ്ഥയില്‍ നിന്നും മനുഷ്യസമുദായത്തിനു മോചനം ലഭിക്കണമെങ്കില്‍ മതം ഒരു ആദ്ധ്യാത്മകാര്യമായിത്തീരണം
എല്ലാ മതങ്ങളും എല്ലാവര്‍ക്കും പഠിക്കുവാനുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണം.
ഈ അഭിപ്രായം ശ്രീനാരായണപരമഹംസര്‍ക്കു വളരെ നാള്‍ മുമ്പേ ഉണ്ടായിരുന്നെങ്കിലും അതിനെ പരസ്യമായി പ്രഖ്യാപനം ചെയ്യുന്നതിനുള്ള ഒരു സമുചിത സന്ദര്‍ഭത്തെ അവിടുന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
തുടര്‍ന്നു ജസ്റ്റിസ് സര്‍. ടി. സദാശിവ അയ്യരുടെ അദ്ധ്യക്ഷപ്രസംഗം. സി. കൃഷ്ണന്‍, കൊറ്റിയത്ത്കൃഷ്ണന്‍ വക്കീല്‍, പി.ടി. ഗീവര്‍ഗീസ്, മൊയ്തീന്‍ മൗലവി, കെ.കെ. കുരുവിള, മഞ്ചേരി രാമകൃഷ്ണഅയ്യര്‍, സ്വാമി ശിവപ്രസാദ്, പണ്ഡിറ്റ് ഋഷിറാം, എബ്രഹാം സേലം തുടങ്ങിയവര്‍ രണ്ടു ദിവസത്തെ വിവിധ സെഷനുകളില്‍ സംസാരിച്ചു. അവരെല്ലാം ഗുരുവിന്റെ മതവീക്ഷണത്തെ അനുകൂലിച്ചു.
അദ്ധ്യക്ഷന്‍ സദാശിവ അയ്യര്‍ ഉപസംഹാര പ്രസംഗത്തില്‍ ഗുരുവിന്റെ മതസിദ്ധാന്തങ്ങളെക്കുറിച്ചു ഭംഗിയായി പ്രസ്താവിച്ചു.
ഗുരുദേവന്‍ രണ്ടുദിവസവും കാലേ കൂട്ടി സന്നിഹിതനായി പ്രസംഗങ്ങള്‍ എല്ലാം അതീവ താത്പര്യത്തോടെ ശ്രദ്ധിച്ചു കേട്ടു.
തുടര്‍ന്നു തൃപ്പാദങ്ങള്‍ നല്‍കിയ സന്ദേശം സത്യവ്രത സ്വാമികള്‍ ഉറക്കെ വായിച്ചു.
”എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്ന മതാനുയായികള്‍ തമ്മില്‍ കലഹിച്ചിട്ടാവശ്യമില്ലെന്നും, ഈ മതമഹാസമ്മേളനത്തില്‍ നടന്ന പ്രസംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ നാം ശിവഗിരിയില്‍ സ്ഥാപിക്കുവാന്‍ വിചാരിച്ചിരിക്കുന്ന മഹാപാഠശാലയില്‍ എല്ലാ മതങ്ങളും പഠിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും കൂടി ഉണ്ടാക്കണമെന്നു വിചാരിക്കുന്നു. ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് അഞ്ചുലക്ഷം രൂപാ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്നതിന് എല്ലാവരും സഹായിക്കുമെന്ന് വിശ്വസിക്കുന്നു”
സി.വി. കുഞ്ഞുരാമന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

ആത്മസുഖം ( Pursuit of happiness)
ആഗോള തലത്തില്‍

എല്ലാവരുടെയും സന്തോഷം എന്ന അവകാശം (Pursuit of happiness) ഐക്യരാഷ്ട്ര സംഘടന വരെ അംഗീകരിച്ച രാഷ്ട്രീയ-സാമ്പത്തികതത്വമാണിന്ന് . 1776-ലെ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപന വിളംബരത്തിലും, 1947ലെ ജപ്പാന്‍ ഭരണഘടനയുടെ 13-ാം വകുപ്പിലും, 1987ലെ സൗത്ത് കൊറിയന്‍ ഭരണഘടനയുടെ 10-ാം വകുപ്പിലും ആത്മസുഖത്തിനുള്ള അവകാശം ( Pursuit of happiness) ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമീപകാലത്തായി പ്രതിശീര്‍ഷ വരുമാനം, സാമൂഹിക പിന്തുണ, വീട്, വിദ്യാഭ്യാസം ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതിയില്ലായ്മ തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തി നല്‍കുന്ന സ്‌കോര്‍ അടിസ്ഥാനമാക്കി ഒരു രാജ്യത്തെ ജനങ്ങളുടെയാകെ സന്തോഷത്തിന്റെ തോത് (Gross National Happiness) കണക്കാക്കുന്ന സമ്പ്രദായം ഐക്യരാഷ്ട്ര സംഘടന അവലംബിച്ചു വരുന്നു.

എല്ലാ വര്‍ഷവും മാര്‍ച്ച് 20 ലോക സന്തോഷദിനമായും കൊണ്ടാടുന്നു.
മതങ്ങള്‍ക്കു എന്ന പോലെ രാജ്യഭരണത്തിന്റെ മികവ് അളക്കുവാനുള്ള മാനദണ്ഡമാണ് ഹാപ്പിനസ് ഇന്‍ഡക്‌സ്. 2023-ലെ ഹാപ്പിനസ് റിപ്പോര്‍ട്ടു സൂചിപ്പിച്ചത് 136 രാജ്യങ്ങളില്‍ 126-ാമതു സ്ഥാനത്താണ് ഇന്ത്യ എന്നാണ്. ഒന്നാം സ്ഥാനം ഫിന്‍ലാന്‍ഡിനാണ്. അതിവേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്നെങ്കിലും, വര്‍ദ്ധിക്കുന്ന അഴിമതിയും സാമ്പത്തിക ഉച്ചനീചത്വവും , ജാതി വിവേചനങ്ങളും പാര്‍ശ്വവല്‍ക്കരണവും ഇന്ത്യയിലെ ജനങ്ങളുടെ ആത്മസുഖം കുറയ്ക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം.

കൃതികളിലൂടെയും മൊഴികളിലൂടെയും മഹാഗുരു സമര്‍ത്ഥിച്ച ‘ഏകമതോപനിഷത്ത്’ എന്ന വിശ്വമാനവികതയുടെ ദര്‍ശനം വിവിധ മതവിഭാഗങ്ങളെ സാക്ഷിയാക്കി 1924 മാര്‍ച്ച് 3, 4 തീയതികളില്‍ ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച മതമഹാസമ്മേളനത്തില്‍ അവതരിപ്പിച്ചത് ചരിത്രത്തില്‍ ആദ്യത്തെ അനുഭവമായി.

മതങ്ങളുടെ
ലോകപാര്‍ലമെന്റ് 1893

1893-ല്‍ അമേരിക്കയിലെ ചിക്കാഗോയിലാണ് മതങ്ങളുടെ ലോകപാര്‍ലമെന്റ് ആദ്യം വിളിച്ചു കൂട്ടിയത്. ക്രിസ്റ്റഫര്‍ കൊളംബസ് 1492 ല്‍ അമേരിക്കയിലെത്തിയതിന്റെ 400-ാം വാര്‍ഷികം വളരെ വിപുലമായ പ്രദര്‍ശനങ്ങളും കലാസാംസ്‌കാരിക പരിപാടികളും മറ്റും ഉള്‍പ്പെടുത്തി ആഘോഷിച്ച വേളയിലാണ് മതസമ്മേളനം വിളിച്ചു കൂട്ടിയത്.
അമേരിക്കന്‍ ഗവണ്‍മെന്റായിരുന്നു ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലേക്കു ക്ഷണക്കത്തുകള്‍ അയച്ചത്. പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളില്‍ നിന്നും പത്ത് പ്രധാന മതങ്ങളെ പ്രതിനിധീകരിച്ചു മതപണ്ഡിതന്മാരും പുരോഹിതന്മാരും, ശാസ്ത്രജ്ഞന്മാരും പങ്കെടുത്ത സമ്മേളനം ആരംഭിച്ചത് പത്ത്പ്രാവശ്യം ലിബര്‍ട്ടി മണി മുഴക്കിക്കൊണ്ടായിരുന്നു.

എല്ലാ മതവിഭാഗങ്ങളും ഉണ്ടായിരുന്നെങ്കിലും വെളുത്ത വര്‍ഗ്ഗ ക്രിസ്തുമത വിഭാഗങ്ങളുടെ ആധിപത്യം സെപ്തംബര്‍ 11 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലുടനീളം ഉണ്ടായിരുന്നു. പുതിയ നിയമത്തിലുള്ള ദൈവപ്രാര്‍ത്ഥനയോടെയായിരുന്നു ഓരോ ദിവസവും ആരംഭിച്ചത്.
മിക്കവാറും എല്ലാ പ്രതിനിധികളും അവരുടെ മതങ്ങളുടെ ശ്രേഷ്ഠതയാണു മുഖ്യമായും അവതരിപ്പിച്ചത്. സ്വാമി വിവേകാനന്ദന്‍ പാര്‍ലമെന്റിലെ വിവിധ സെഷനുകളില്‍ പങ്കെടുത്തു പ്രസംഗിക്കുകയും ഹിന്ദുമതത്തെക്കുറിച്ചും ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.

സെപ്തംബര്‍ 11-ലെ ഉദ്ഘാടന വേദിയില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തില്‍ ”വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദരഭൂമിയെ അക്രമം കൊണ്ടു നിറച്ചിരിക്കുന്നു” എന്നു പറഞ്ഞു. സെപ്തംബര്‍ 15നു മതങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടിന്റെ കാരണം കാണിക്കുന്ന കഥയാണ് അദ്ദേഹം പറഞ്ഞത്.
”ഒരു കിണറ്റിലെ തവള തന്റെ കിണറിനെക്കാള്‍ വലുതായി മറ്റൊന്നും ഇല്ല എന്നു ചിന്തിച്ചു ജീവിച്ചു. ആ കിണറ്റില്‍ അബദ്ധത്തില്‍ വന്നു പെട്ട കടലിലെ തവളയോടു തന്റെ കിണറ്റിന്റെ മാഹാത്മ്യം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചു. അതിനെ എതിര്‍ത്ത കടലിലെ തവളയെ പുറംതള്ളുവാനാണു കിണറ്റിലെ തവള ശ്രമിച്ചത്.” അതുപോലെയാണു മതവിശ്വാസികളും എന്നു സ്വാമി. ”ഞാന്‍ ഹിന്ദു. ഞാന്‍ എന്റെ കൊച്ചു കിണറ്റില്‍ ഇരിക്കയാണ്; എന്റെ കൊച്ചു കിണര്‍ തന്നെ ലോകം മുഴുവനുമെന്നു വിചാരിക്കുകയും ചെയ്യുന്നു. ക്രിസ്ത്യന്‍ അവന്റെ കൊച്ചു കിണറ്റില്‍ ഇരിക്കുന്നു. തന്റെ കിണര്‍ തന്നെയാണു ഈ ലോകമെല്ലാം എന്നു വിചാരിക്കുന്നു. മുഹമ്മദന്‍ അവന്റെ കൊച്ചു കിണറ്റില്‍ ഇരിക്കുന്നു. തന്റെ കിണര്‍ തന്നെയാണ് ഈ ലോകമെല്ലാം എന്നു വിചാരിക്കുന്നു”.
സെപ്തംബര്‍ 27-ാം തീയതി നടന്ന സമാപന സമ്മേളനത്തില്‍ സ്വാമി പറഞ്ഞു: ”ക്രിസ്ത്യന്‍ ഹിന്ദുവോ, ബൗദ്ധനോ ആകണ്ട. ഹിന്ദു ബൗദ്ധനും ക്രിസ്ത്യനും ആകണ്ട. എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആശയങ്ങളെ സ്വാംശീകരിക്കണം.”

ഗുരു താലോലിച്ചു വന്ന മതസങ്കല്പവും മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഒരു പൊതുവേദിയില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന ഗുരുവിന്റെ ആഗ്രഹമാകാം ഒരുസര്‍വ്വമത സമ്മേളനം എന്ന മാധ്യമത്തെ സ്വീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ജീവിതത്തിന്റെ നാനാതുറയില്‍പ്പെടുന്ന അഭ്യസ്തവിദ്യരും പുരോഗമനകാംക്ഷികളുമായ വ്യക്തികളും മതാചാര്യന്മാരും, മതപണ്ഡിതന്മാരും സാധാരണക്കാരും പങ്കെടുക്കുന്ന ഒരു സമ്മേളനത്തില്‍ രൂപം കൊള്ളുന്ന ഒരു ‘അഭിപ്രായ സമന്വയം’ മനുഷ്യര്‍ക്കു ഉപയോഗപ്രദമായിരിക്കുമെന്നു ഗുരു കരുതി.

1924
1924 ഗുരുവിനെ സംബന്ധിച്ചിടത്തോളം വേദനയും പ്രതീക്ഷയും നല്‍കിയ വര്‍ഷമായിരുന്നു, ജാതീയതക്കും വര്‍ഗ്ഗീയതക്കും എതിരെ പ്രസംഗിക്കുകയും കവിതകള്‍ എഴുതുകയും ചെയ്ത, ശ്രീനാരായണധര്‍മ്മ പരിപാലനയോഗം ജനറല്‍ സെക്രട്ടറി ആയിരുന്ന, ഗുരുവിനെ അടുത്തറിഞ്ഞിരിക്കുന്ന പ്രിയ ശിഷ്യന്‍ മഹാകവി കുമാരനാശാന്റെ ദേഹവിയോഗമായിരുന്നു (ജനുവരി 16) ഗുരുവിനെ അഗാധമായി വേദനിപ്പിച്ചത്. മറ്റൊരു ശിഷ്യനായ ടി.കെ. മാധവന്‍ അക്ഷീണശ്രമം നടത്തി സംഘടിപ്പിക്കുന്ന വൈക്കത്തെ സഞ്ചാരസ്വാതന്ത്ര്യ സമരം മാര്‍ച്ചില്‍ നടക്കുവാന്‍ പോകുന്നു എന്നതു ഗുരുവിനു സന്തോഷം നല്‍കി. മാര്‍ച്ച് 3,4 ദിവസങ്ങളില്‍ നടക്കുന്ന മതമഹാസമ്മേളനം ജനങ്ങള്‍ക്കു മാനവികതയുടെ പുത്തന്‍ ഉണര്‍വു നല്‍കുമെന്നും, ഗുരുവളരെക്കാലമായി ആഗ്രഹിച്ചു പോന്ന സര്‍വമതസാരങ്ങളും പഠിപ്പിക്കുന്ന ഒരു മഹാപാഠശാല (യൂണിവേഴ്‌സിറ്റി) സ്ഥാപിക്കുവാന്‍ ജനങ്ങള്‍ക്കു സന്മനസ്സുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.

സര്‍വമത സമ്മേളനം : പത്രപ്രസ്താവന
ആലുവ അദ്വൈതാശ്രമം സെക്രട്ടറിയും ഗുരുവിന്റെ ഉത്തമശിഷ്യനുമായ സത്യവ്രത സ്വാമികള്‍ സര്‍വമത സമ്മേളനം സംബന്ധിച്ച് ഒരു പ്രസ്താവന 1924 ഫെബ്രുവരി 12-ാം തീയതി പത്രങ്ങള്‍ക്കു നല്‍കിയിരുന്നു.
”ഈ കുംഭം 20,21,22 തീയതികളില്‍ (പിന്നീടതു രണ്ടു ദിവസമായി ചുരുക്കി) ആലുവ അദ്വൈതാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ഭഗവാന്‍ ശ്രീനാരായണ പരമഹംസദേവന്റെ ആജ്ഞാനുസരണം ഒരു സര്‍വമതസമ്മേളനം നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.

സമ്മേളനത്തില്‍ മദ്രാസ് ഹൈക്കോര്‍ട്ട് ജഡ്ജിയായിരുന്ന സര്‍ ടി. സദാശിവയ്യര്‍ ആദ്ധ്യക്ഷം വഹിക്കുന്നതാണ്. ഭഗവാന്‍ ശ്രീനാരായണ പരമഹംസ ദേവന്‍ സഭയില്‍ സന്നിഹിതനായിരിക്കും.
എല്ലാ മതങ്ങളെയും പറ്റിയുള്ള ശരിയായ ജ്ഞാനം പരത്തി അവരുടെ ഇടയില്‍ നിന്ന് മതവിരോധം ഇല്ലാതാക്കണമെന്നുള്ളതാണ് സമ്മേളനത്തിന്റെ മുഖ്യോദ്ദേശ്യം.

”വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമുള്ളതാണ്” എന്നുള്ളതാണ് സമ്മേളനത്തിന്റെ നയം.
സര്‍വമത മൈത്രിക്കും സാഹോദര്യത്തിനും വേണ്ട സ്ഥിരമായ ഒരേര്‍പ്പാട് സമ്മേളനത്തില്‍ വച്ചു ചെയ്യണമെന്നു പരമഹംസ ദേവന്‍ ഉദ്ദേശിക്കുന്നുണ്ട്.
ആ വലിയ കാര്യത്തിനു ഒരു വലിയ സംഖ്യ ആവശ്യമാണ്. എല്ലാവരും യഥാശക്തി ഇതിലേക്കു ധനസഹായം ചെയ്‌വാന്‍ അപേക്ഷിക്കുന്നു…”
(ജി. പ്രിയദര്‍ശന്‍, ശ്രീനാരായണഗുരു ആന്തോളജി രണ്ടാംഭാഗം പേജ് 489-490)

ചരിത്രസാക്ഷ്യമായി
ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

ആലുവ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ നവീകരിച്ച വൈദികമഠം

സര്‍വമത സമ്മേളനത്തിന്റെ ചരിത്രസാക്ഷ്യമായി തലയുയർത്തി നിൽക്കുകയാണ് ആലുവ ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സമ്മേളനവേദി അദ്വൈതാശ്രമാങ്കണത്തിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നെങ്കിലും ഒരുക്കങ്ങളെല്ലാം നടന്നത് ഗുരുസ്ഥാപിച്ച സംസ്‌കൃത പാഠശാലയിലായിരുന്നു. ആ വിദ്യാലയം പിന്നീട് പ്രൈമറി സ്‌കൂളായും ഹൈസ്‌കൂളായും ഹയര്‍സെക്കന്‍ഡറിയായും വളര്‍ന്നു. സ്‌കൂളിന്റെ നടത്തിപ്പ് ചുമതല എസ്.എന്‍.ഡി.പി യോഗത്തിനാണ്. ആലുവയിലെ ഏറ്റവും മികച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്ന ബഹുമതിയും ഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ പവിത്രമായ ഈ സ്കൂളിനുണ്ട്. 100 വര്‍ഷത്തിനിടെ അദ്വൈതാശ്രമത്തിന് മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും മാറ്റമില്ലാത്ത ചരിത്രസ്മാരകമാണ് ഈ വിദ്യാലയവും അതിന് സമീപത്തെ വൈദികമഠവും .

സര്‍വ്വമത സമ്മേളനത്തിന്റെ ചരിത്രസ്മാരകമായി ആലുവ എസ്.എന്‍.ഡി.പി യോഗം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയ കെട്ടിടം.

Author

Scroll to top
Close
Browse Categories