ശ്രീനാരായണഗുരുവിന്റെ സനാതന ധര്‍മ്മസൂക്തങ്ങള്‍

വാദിക്കുവാനും ജയിക്കുവാനുമല്ലാതെ മഹാഗുരുവിനെ അറിയുവാന്‍ ശ്രമിക്കാം. ഒരായുസ് അതിനുപോരാതെ വന്നേക്കാം. മഹാഗുരുവിനെ ഏതെങ്കിലുമൊരു വേലിക്കെട്ടിനകത്തു നിര്‍ത്താന്‍ ശ്രമിക്കുന്നത് സ്വാര്‍ത്ഥതയാണ്.അന്ധവിശ്വാസങ്ങള്‍ ഏറ്റവുമധികം വര്‍ദ്ധിക്കുന്ന ഒരു കാലത്താണു നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അന്ധവിശ്വാസത്തിന്റെ ഒരു നേരിയ മൂടുപടം കൊണ്ടുപോലും മഹാഗുരുവിനെ മറയ്ക്കുവാന്‍ ശ്രമിക്കരുത്.

സനാതനം എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം ശാശ്വതമായത്, എന്നും നിലനില്‍ക്കുന്നത് എന്നാണ്. സത്യം, മൂല്യം, ധര്‍മ്മം, മതം എന്നീ വാക്കുകള്‍ക്കൊപ്പം സനാതനം ഉപയോഗിക്കപ്പെടുന്നു. സനാതന സത്യം, സനാതന മൂല്യം, സനാതനധര്‍മ്മം, സനാതനമതം എന്നിങ്ങിനെയാണത്.
മരണം എന്നതു ഒരു സനാതനസത്യമാണ്. ശരീരം നശ്വരമെന്നതും സനാതനസത്യമാണ്. മാറ്റം ഒരു സനാതന സത്യമാണ്. അസ്ഥിരമാണ് ജീവിതം. അസ്ഥിരമായതിനെല്ലാം കാരണമായ ബ്രഹ്മം മാത്രമാണ് സ്ഥിരമായിട്ടുള്ള സത്യം എന്നതു ആസ്തികര്‍ ശരിവയ്ക്കുന്നുണ്ടെങ്കിലും നാസ്തികര്‍ അംഗീകരിക്കുന്നില്ല.
അദ്വൈത വേദാന്തമനുസരിച്ച് ബ്രഹ്മം മാത്രമാണ് സത്യം. അനുഭവലോകം മിഥ്യയാണ്. ഉപനിഷത്തുക്കളില്‍ കാണപ്പെടുന്ന ‘സര്‍വ്വംഖല്‍വിദം ബ്രഹ്മ’ , അഹംബ്രഹ്മാസ്മി, തത്ത്വം അസി, അയം ആത്മബ്രഹ്മം, പ്രജ്ഞാനം ബ്രഹ്മം തുടങ്ങിയ സൂക്തങ്ങള്‍ അദ്വൈതദര്‍ശനം സംബന്ധിച്ച സനാതന മൂല്യങ്ങളാണ്.
ചാതുര്‍വര്‍ണ്യത്തിന്റെ വേലിക്കെട്ടിനുള്ളില്‍ നിര്‍ത്തപ്പെട്ടിരുന്ന ‘ലോകാ:സമസ്താ: സുഖിനോ ഭവന്തു ‘എന്ന അതിപുരാതന സൂക്തം ജാതി-മത-ലിംഗ-വംശ-ദേശ ഭേദമില്ലാതെ ഏവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു സനാതന ധര്‍മ്മാചാരമായി അനുഭവിച്ചറിയുവാന്‍ ശ്രീനാരായണഗുരുവിന്റെ ഒരു സനാതനധര്‍മ്മസൂക്തം ഇതിനോടൊപ്പം ചേര്‍ത്തു അനുഭവിക്കണം.
അഖിലരുമാത്മസുഖത്തിനായ് പ്രയത്‌നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം
ഈ ലോകത്തുള്ളവരെല്ലാം എപ്പോഴും എല്ലാ പ്രയത്‌നവും ആത്മസുഖത്തിനായിട്ടാണു ചെയ്യുന്നത്. ഈയൊരു മതം (അഭിപ്രായം) ഒന്നു മാത്രമേ ഉള്ളു എന്ന ബോധമുള്‍ക്കൊണ്ട് പാപം ചെയ്യാതെ, അതായത് വിവേചനം ഉപേക്ഷിച്ച്, അടിച്ചമര്‍ത്തല്‍ ഉപേക്ഷിച്ച്, കൊന്നൊടുക്കല്‍ ഉപേക്ഷിച്ച്, ആര്‍ത്തി ഉപേക്ഷിച്ച്, എല്ലാം സ്വന്തമാക്കണമെന്ന ചിന്ത നിരോധിച്ച് മനസ്സടക്കി ജീവിക്കണം മാനവികത ഒരു സനാതന മൂല്യബോധമാണ്, ഒരു ജീവിതചര്യയെന്ന നിലയില്‍ സനാതനധര്‍മ്മവുമാണ്.
മതങ്ങളുടെ
പരിമിതി
മതങ്ങള്‍ക്കു പരിമിതികള്‍ ഉണ്ട്. മനുഷ്യരുടെ വിശപ്പിനുള്ള പരിഹാരം മതങ്ങള്‍ക്കില്ല. വസൂരി മുതല്‍ കൊറോണ വരെയുള്ള മാരക രോഗാവസ്ഥകള്‍ക്കുള്ള പരിഹാരവും മതങ്ങള്‍ക്കില്ല.ആധുനിക ജീവിത വ്യവസ്ഥിതിയില്‍ ഭരണഘടനകളും ഭരണകൂടങ്ങളും മറ്റും രൂപം കൊടുക്കുന്ന ചില സനാതന മൂല്യങ്ങളും ധര്‍മ്മങ്ങളും, അവര്‍ ആശ്രയിക്കുന്ന ശാസ്ത്രസത്യങ്ങളുമാണു പ്രധാനം.
തുല്യനീതി, തുല്യമായ അവസര സമത്വം, നിയമത്തിന്റെ മുന്‍പിലെ തുല്യത, ചിന്തക്കും, ആവിഷ്‌ക്കാരത്തിനും, മതവിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യം, ഓരോ വ്യക്തിയുടെയും അന്തസ്സു ഉറപ്പുവരുത്തുക, സാഹോദര്യം തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ധാര്‍മ്മിക മൂല്യങ്ങള്‍ സനാതനങ്ങളാണ്.
സമഗ്രമായ വളര്‍ച്ചക്കു ഇന്നു ലോകരാഷ്ട്രങ്ങള്‍ അനുവര്‍ത്തിക്കുന്ന മതേതര മൂല്യങ്ങളും ധര്‍മ്മങ്ങളുമാണ് സുസ്ഥിര വികസനം, മനുഷ്യവികസനം, ഉള്‍ക്കൊള്ളുന്ന വളര്‍ച്ച (inclusive growth) എന്നിവ.
ഏതെങ്കിലുമൊരു മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിടാതെ മേല്‍പ്പറഞ്ഞ മതേതര-ജനാധിപത്യ-മാനവികതാ ധാര്‍മ്മികതയുടെ വിശാല ചട്ടക്കൂടില്‍ നിന്നു വേണം മഹാഗുരുവിന്റെ സനാതന ധര്‍മ്മത്തെ ആസ്വദിക്കുവാന്‍.
മതവാദങ്ങള്‍
ഹിന്ദുമതത്തിലെ പാരമ്പര്യവാദികള്‍ ഹിന്ദുമത സാഹിത്യമാകെ സനാതന മതമെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ്. ശ്രുതികളും സ്മൃതികളും മാറ്റമില്ലാതെ എക്കാലവും മനുഷ്യരെ നയിക്കുന്ന സനാതന മൂല്യങ്ങളും ധര്‍മ്മാചാരങ്ങളും ആണെന്ന് അവര്‍ വാദിക്കുന്നു. അവരില്‍ ഒരു വിഭാഗം ശ്രീനാരായണ ഗുരുവിനെയും അത്തരമൊരു സനാതനമതത്തിന്റെ കണ്ണിയാണെന്നു വാദിക്കുന്നു.
ഹിന്ദുമത പരിഷ്‌കരണവാദികള്‍ പാരമ്പര്യവാദികളുടെ നിലപാടുമായി യോജിക്കുന്നില്ല. സ്മൃതികളില്‍ പറഞ്ഞിട്ടുള്ള ധര്‍മ്മാചാരങ്ങളില്‍ പലതും മാറ്റപ്പെട്ടിട്ടുണ്ടെന്നും ഇനിയും അതാകാം എന്നും അവര്‍ വാദിക്കുന്നു. ഹിന്ദു സാഹിത്യത്തിലെ പല സനാതനധര്‍മ്മങ്ങളും ശ്രീനാരായണഗുരു സ്വീകരിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് ഗുരു പരിഷ്‌കരണവാദിയായ ഒരു ഹിന്ദുമതസന്യാസിയാണ് എന്നും അവര്‍ വാദിക്കുന്നു.
ഇനിയുമൊരു കൂട്ടര്‍ ശ്രീനാരായണഗുരു ഒരു ഹിന്ദുമത സന്യാസിയല്ല എന്നു വാദിക്കുന്നു. ഗുരു തന്നെ ഹിന്ദുമതം പരസ്യപ്രസ്താവനയിലൂടെ ഉപേക്ഷിച്ചെന്നും അവര്‍ വാദിക്കുന്നു. ഗുരുവിന്റേത് മാനവികതയുടെ മതമാണെന്നും, മതാതീത മതമാണെന്നും കരുതുന്നവരുമുണ്ട്.
ചാതുര്‍വര്‍ണ്ണ്യവും
ജാതി വ്യവസ്ഥിതിയും
സനാതനധര്‍മ്മമല്ല.
ഋഗ്വേദത്തിലെ 10-ാം മണ്ഡലത്തിലെ 90-ാമതു സൂക്തം-പുരുഷസൂക്തത്തിലെ വിരാടപുരുഷ വര്‍ണന അടിസ്ഥാന ശിലയാക്കിയാണ് ചാതുര്‍വര്‍ണ്ണ്യം എന്ന പ്ലാറ്റ്‌ഫോം ജാതിവിവേചനത്തിനും ബ്രഹ്മണാധീശ്വത്വത്തിനും വേണ്ടി സ്മൃതി കര്‍ത്താക്കള്‍ ഉപയോഗിച്ചത്.
ജാതീയത ബ്രാഹ്മണന്റെ ബൗദ്ധിക സ്വത്തും (Intellectual property) കാഴ്ചപ്പാടും. (attitude) ജീവനകലയുമായിരുന്നു. ശ്രുതികളും സ്മൃതികളുമാണ് ബ്രാഹ്മണരുടെ ജീവിതം രൂപപ്പെടുത്തിയിരുന്നത്.
ഋഗ്വേദത്തിലും തുടര്‍ന്നു യജൂര്‍വേദത്തിലും സാമവേദത്തിലും അഥര്‍വവേദത്തിലും പരാമര്‍ശിക്കപ്പെടുന്ന ‘പുരുഷ സൂക്തമന്ത്രത്തിലെ’ വിരാട്പുരുഷ വര്‍ണനയാണ് ചാതുര്‍വര്‍ണ്യത്തെ ആദ്യമായി ന്യായീകരിച്ചത്. വിരാട്പുരുഷന്റെ (വിശ്വാത്മാവ്) മുഖം ബ്രാഹ്മണനും, ഭുജങ്ങള്‍ ക്ഷത്രിയനും, ഉദരം വൈശ്യനും പാദങ്ങള്‍ ശൂദ്രനുമായിരുന്നെന്നു പുരുഷസൂക്തം. ഈ പ്രമാണം ആവര്‍ത്തിച്ചാവര്‍ത്തിച്ചു ധര്‍മ്മശാസ്ത്രങ്ങളും പ്രത്യേകിച്ച് മനുസ്മൃതിയിലും, യാജ്ഞവല്‍കൃസ്മൃതിയിലും പുരാണങ്ങളിലുമൊക്കെ നിലനിര്‍ത്തി വന്നു.
അത്യന്തികമായി ബ്രഹ്മവിദ്യയെ പ്രതിപാദിക്കുന്ന ഒരു ശാസ്ത്രമായി കരുതപ്പെടുന്ന ഭഗവദ്ഗീത ഒരു ജീവിതശാസ്ത്രമായാണ് ഹിന്ദുക്കള്‍ കരുതുന്നത്. ഭഗവാന്റെ ഉപദേശമെന്ന നിലയില്‍ എക്കാലത്തും ഹിന്ദുക്കളില്‍ ശക്തമായ സ്വാധീനം ചെലുത്തുവാന്‍ ഭഗവത്ഗീതയ്ക്കു കഴിയുന്നുണ്ട്. പക്ഷേ ചരിത്രത്തില്‍ ഭഗവത് ഗീത പഠിക്കുവാനും ഉരുവിടാനുമുള്ള അവകാശം വളരെയധികം നൂറ്റാണ്ടുകളില്‍ പരിമിതപ്പെട്ടിരുന്നു എന്നതു സത്യമാണ്.
ഭഗവത് ഗീതയിലെ 4-ാം അദ്ധ്യായത്തിലെ 13-ാം ശ്ലോകം ചാതുര്‍വര്‍ണ്യത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ടെങ്കിലും, ചാതുര്‍വര്‍ണ്യം സനാതനമെന്നു ഭഗവാന്‍ പറയുന്നില്ല. അതു മായാശക്തികളുടെ സൃഷ്ടിയായതു കൊണ്ട് മാറ്റപ്പെടാമെന്നര്‍ത്ഥം. ഗുണങ്ങളും കര്‍മ്മങ്ങളും എപ്പോഴും മാറ്റത്തിനു വിധേയമാണ്.പക്ഷേ ബ്രാഹ്മണ പൗരോഹിത്യം ജാതിവ്യവസ്ഥ ഉറപ്പിച്ചെടുക്കുവാനുള്ള സനാതന സത്യമായാണ് ചാതുര്‍വര്‍ണ്യത്തെ ഉപയോഗിച്ചത്. മൂന്നു ഗുണങ്ങളില്‍ നിന്നും നാലു ജാതികളെയും അതില്‍ തന്നെ ദ്വിജന്മാരെയും സൃഷ്ടിച്ചെടുത്ത പൗരോഹിത്യം ജന്മമാണു കുലം, അഥവാ ജാതി നിര്‍ണയിക്കുന്നതെന്നു സ്മൃതികളിലെ ധര്‍മ്മാചാരങ്ങള്‍ വഴി തെളിയിച്ചു.
സമൂഹത്തെയാകമാനം രണ്ടായി വിഭജിച്ച് മേല്‍ത്തട്ടില്‍ നാലു സവര്‍ണജാതികളും കീഴ്ത്തട്ടില്‍ ‘ചണ്ഡാളരും’ പഞ്ചമരുമായ അവര്‍ണരും എന്ന ജാതി സമ്പ്രദായം ഉച്ചനീചത്വങ്ങളും, തൊട്ടുകൂടായ്മകളും, തീണ്ടിക്കൂടായ്മയും വഴിയും, സമ്പര്‍ക്ക ബന്ധങ്ങളിലെ വിലക്കുകള്‍ വഴിയും സ്ഥായിയായി നിലനിര്‍ത്തിപ്പോന്നു.
സ്മൃതി ജാതി ധര്‍മ്മത്തെ
ഉറപ്പിക്കുന്നു
മനുസ്മൃതി പത്താം അദ്ധ്യായം 51 മുതല്‍ 56 വരെയുള്ള ശ്ലോകങ്ങള്‍ ചണ്ഡാളന്റെ സാമൂഹിക സ്ഥാനത്തെ വിവരിക്കുന്നു. ഗ്രാമത്തിനു പുറത്തായിരിക്കണം ചണ്ഡാളരുടെ വാസ സ്ഥലം, അവരുടെ സമ്പത്ത് പട്ടികളും കുരങ്ങന്മാരുമായിരിക്കും. അവര്‍ കൊന്നു തിന്നുന്ന മൃഗങ്ങളുടെ തൊലിയായിരിക്കും അവരുടെ വസ്ത്രം, അവരുമായി മറ്റുള്ളവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല. രാത്രി കാലങ്ങളില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അവര്‍ സഞ്ചരിക്കുവാന്‍ പാടില്ല. അനാഥ ശവങ്ങള്‍ അവര്‍ ചുമലിലേറ്റണം. കഴുത്തില്‍ തോലിന്റെ ബെല്‍റ്റും കൈയില്‍ ഒരു ചെറിയ ചെണ്ടയുമായിട്ടായിരിക്കും അവന്റെ സഞ്ചാരം (അവന്റെ സാന്നിദ്ധ്യം കൊട്ടി അറിയിക്കുവാന്‍). ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ നേര്‍ക്കു കൈയുയര്‍ത്തുന്ന ചണ്ഡാളന്റെ കൈയും, കാലുയര്‍ത്തുന്നവന്റെ കാലും വെട്ടിമാറ്റണമെന്നും മനുസ്മൃതി. യാജ്ഞവാല്‍ക്യസ്മൃതി ചാതുര്‍വര്‍ണ്യവിഭാഗങ്ങളുടെ, പ്രത്യേകിച്ച് ദ്വിജന്മാരുടെ, അവരില്‍ പ്രത്യേകിച്ച് ബ്രാഹ്മണരുടെ ജീവിതക്രമത്തിനും മോക്ഷത്തിനും ആണ് പ്രാധാന്യം നല്‍കിയത്.
പ്രതിലോമ-അനുലോമ ലൈംഗിക ബന്ധങ്ങളെ നിയന്ത്രിച്ച് ജാതി ശുദ്ധി നിലനിര്‍ത്താനുള്ള വിലക്കുകള്‍ യാജ്ഞവല്‍ക്യ സ്മൃതിയില്‍ കാണാം. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ എന്നീ ജാതിയില്‍പ്പെട്ട സ്ത്രീകളുടെ പ്രതിലോമ ലൈംഗീക ബന്ധസന്തതികള്‍ ‘ചണ്ഡാളര്‍’ ആയി ജീവിതം നയിക്കണമെന്നു സ്മൃതി ആവശ്യപ്പെടുന്നു. ബ്രഹ്മണ പുരുഷന്‍ ശുദ്രസ്ത്രീകളുമായി രമിച്ചു ഉണ്ടാകുന്ന കുട്ടി ‘നിഷാദ’ എന്ന ജാതിയിലും, ബ്രാഹ്മണന്‍ വൈശ്യ യുവതിയുമായി വേഴ്ച നടത്തിയാല്‍ ഉണ്ടാകുന്ന കുട്ടി അമ്പസ്ത എന്ന ജാതിയും സ്വീകരിക്കണം.
ജാതിധര്‍മ്മത്തിനെതിരായ
സനാതന മൂല്യങ്ങള്‍
ഈയൊരു ജാതിധര്‍മ്മത്തെയാണു ”പുണര്‍ന്നു പെറുമെല്ലാം ഒരിനമാം” എന്ന സനാതന സത്യം പ്രഖ്യാപിച്ചുകൊണ്ടു ശ്രീനാരായണഗുരു നിരാകരിച്ചത്. ”ഹേ പാര്‍ത്ഥ! സര്‍വ്വചരാചരങ്ങളുടെയും സനാതനമായ ബീജം ഞാനാണെന്നും, മനുഷ്യരിലെ ബുദ്ധിയും, തേജസ്സും (creativity) ഞാന്‍ തന്നെയെന്നും”, ”ഭഗവാന്‍ കൃഷ്ണന്‍ ഭഗവത്ഗീതയില്‍ ഏഴാം അദ്ധ്യായത്തില്‍ 10-ാമത്തെ ശ്ലോകത്തില്‍ (ജ്ഞാനവിജ്ഞാന യോഗം) ബോധിപ്പിക്കുന്നു വീണ്ടും. ”ഹേ അര്‍ജ്ജുന, സര്‍വ്വജീവജാലങ്ങളുടെയും ഉത്പാദക കാരണമായ ബീജമാണ് ഞാന്‍”. എന്റെ സാന്നിദ്ധ്യം കൂടാതെ ചരമോ അചരമോ ആയ ഒന്നും തന്നെയില്ല എന്നും പത്താം അദ്ധ്യായത്തില്‍ (വിഭൂതിയോഗം) 39-ാമത്തെ ശ്ലോകത്തില്‍ വീണ്ടും ആവര്‍ത്തിക്കുന്നു.
മനുഷ്യര്‍ തുല്യരാണ് എന്നാണു ഭഗവാന്‍ തന്നെ പറഞ്ഞത്. പക്ഷേ ബ്രാഹ്ണ പൗരോഹിത്യം മനുഷ്യര്‍ തുല്യരല്ല എന്നാണ് വിധിച്ചത്.
ചരാചര സൃഷ്ടിയില്‍ ഏറ്റവും മഹത്തായിട്ടുള്ളത് ജീവനുള്ളതും, ജീവനുള്ളവയില്‍ ഏറ്റവും മഹത്തായിട്ടുള്ളത് മനുഷ്യരും അവരില്‍ ഏറ്റവും ശ്രേഷ്ഠര്‍ ബുദ്ധിമാന്മാരായ ബ്രാഹ്മണരുമാണെന്ന് മനുസ്മൃതി. ബ്രാഹ്മണന്‍ വിരാടപുരുഷന്റെ ഏറ്റവും ശുദ്ധമായ വായില്‍ നിന്നും ആദ്യം ജന്മമെടുത്ത ഏറ്റവും ശുദ്ധരും, വേദങ്ങള്‍ അവരുടെ മാത്രം സ്വത്തായതു കൊണ്ടും ലോകസൃഷ്ടികളുടെ തമ്പുരാന്‍ അവര്‍ തന്നെയെന്നും പറയുന്ന മനുസ്മൃതി ഈ ഭൂമിയിലുള്ളതെല്ലാം ബ്രാഹ്മണന്റേതാണെന്നും പറഞ്ഞു.
അന്നവസ്ത്രാദിമുട്ടാതെ തന്നു രക്ഷിക്കുന്നതു ദൈവമാണെന്നും, അതിനാല്‍ ദൈവം മാത്രമാണ് മനുഷ്യരുടെ ഏക തമ്പുരാന്‍ എന്നും മഹാഗുരു ദൈവദശകം വഴി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.വിധേയത്വം ദൈവത്തിനോടു മാത്രം മതിയെന്നും മനുഷ്യരെല്ലാം തുല്യരാണെന്നും സാരം.
”ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍” എന്നു മനുഷ്യരിലെ ശാരീരിക സമാനതയുടെ സനാതന സത്യം പ്രഖ്യാപിച്ച മഹാഗുരു, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ബാധകമായ ‘മനുഷ്യന് മനുഷ്യത്വം എന്ന ജാതിയെ ഉള്ളൂ’ എന്ന സനാതന സത്യവും അതുണര്‍ത്തുന്ന സനാതനധര്‍മ്മവും ഉറപ്പിച്ചു പറയുന്നു. ഗോക്കള്‍ക്ക് ഗോത്വം എപ്രകാരമാണോ അപ്രകാരം മനുഷ്യര്‍ക്കു മനുഷ്യത്വമാണു ജാതി. ബ്രാഹ്മണാദി (ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ ചണ്ഡാളര്‍) അവന്റെ ജാതിയല്ല, ഈയൊരു സനാതനസത്യം മനുഷ്യര്‍ തിരിച്ചറിയുന്നില്ലല്ലോ’ എന്നു മഹാഗുരു ‘ജാതിനിര്‍ണ്ണ’-യത്തില്‍. ബുദ്ധിയുള്ള മനുഷ്യരുടെ തിരിച്ചറിവുകളായ അറിവും അന്‍പും അനുകമ്പയും ജീവിതചര്യയാകുമ്പോള്‍ മനുഷ്യത്വമായി.
‘അരുളന്‍പനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
അരുളുള്ളവനാണു ജീവി’യെ
ന്നുരുവിട്ടീടുകയീ നവാക്ഷരി
എന്ന് മഹാഗുരു അനുകമ്പാദശകത്തില്‍
പുരുഷസൂക്തത്തിലെ വിരാടപുരുഷ വര്‍ണനയും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയും വേദാഗമസാരങ്ങളറിഞ്ഞ, ഹിന്ദുമത സാഹിത്യത്തിന്റെ അകവും പുറവും അറിഞ്ഞ മഹാഗുരു നിരാകരിച്ചു. ‘എല്ലാവരും ആത്മസഹോദരരാണ്’ എന്ന മഹാഗുരുവിന്റെ സൂക്തം സനാതന സത്യമാണ്. ഉപനിഷത്ത് ദര്‍ശനമായ അദ്വൈതം തന്നെയാണ് മഹാഗുരുവിന്റെ ദര്‍ശനകൃതികളിലെല്ലാം നിറഞ്ഞു നിന്നിരുന്നത്. ‘അവന്‍ ഇവന്‍ എന്നറിയുന്നതിനൊക്കെ അടിസ്ഥാന തത്ത്വമായിട്ടുള്ളത് ആദിമമായ ഒരു ആത്മരൂപമാണ്’ എന്ന ഗുരു സൂക്തം സനാതന അദ്വൈതസത്യമാണ്. അവനിലും ഇവനിലും, എന്നിലും നിന്നിലും ഉണ്ടായ ആത്മാവ് ഒരേ പരമാത്മാവിന്റെ ദൈവത്തിന്റെ തുല്യമായ പരിച്ഛേദങ്ങളാണ്.
ഈയൊരു സനാതന സത്യം രൂപം കൊടുക്കുന്ന സനാതനധര്‍മ്മമാണ് ”അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം” എന്ന ഗുരു സൂക്തം.
മാനവികതയുടെ വലിയൊരു തിരിച്ചറിവാണിത്. ഈയൊരു തിരിച്ചറിവുള്ളവന്‍ ആത്മസുഖത്തിനും ജീവിതവിജയത്തിനും പുലര്‍ത്തുന്ന കാഴ്ചപ്പാടുകളും ചെയ്യുന്ന പ്രവൃത്തികളും മറ്റുള്ളവര്‍ക്കു സന്തോഷം നല്‍കുന്നതായിരിക്കും.
അറിവാകുന്ന മഹാസമുദ്രത്തില്‍ ഉദയം ചെയ്യുന്നതാണ് എല്ലാ ഇനത്തിലുംപെട്ട ജീവജാലങ്ങള്‍. അറിവാകുന്ന കൊല്ലന്‍ രൂപം നല്‍കുന്ന ഇനങ്ങള്‍ കാലാനുസൃതമായി അതിന്റെ സ്വത്വം നഷ്ടപ്പെടാതെ മാറിക്കൊണ്ടിരിക്കും. ഉണ്ടായി മറയുന്ന ജീവജാലങ്ങളുടെ അന്ത:സത്ത മാറുന്നില്ല എന്നു ഗുരു.
ഗുരുവരുളിയ മറ്റൊരു സനാതന മൂല്യമാണ് ‘പ്രിയമൊരു ജാതി’ എന്നത്. മനുഷ്യര്‍ ഒരേ ജാതിയില്‍, ഒരേ ഇനത്തില്‍പ്പെട്ടവരായതു കൊണ്ട് അവരുടെ പ്രിയങ്ങളും അഥവാ ആവശ്യങ്ങളും സമാനതയുള്ളതായിരിക്കും. ഏതു മതത്തിലും വംശത്തിലും ജാതിയിലും പെട്ടവരാണെങ്കിലും അതിജീവനത്തിന്റെ ആവശ്യങ്ങള്‍ക്കു (അന്നവസ്ത്രാദികള്‍) സമാനതയുണ്ട്. ‘തന്‍പ്രിയമപരപ്രിയമെന്ന’ തിരിച്ചറിവ് മനുഷ്യര്‍ക്കു ഉണ്ടാകണമെന്നാവശ്യപ്പെടുന്ന ഗുരു തനിക്കു നന്മയും അന്യനു ദുഃഖവും ഉളവാക്കുന്ന പ്രവൃത്തി സ്വന്തം ആത്മാവിനു എതിരായിട്ടുള്ളതാണെന്നും, ദയാലുവായ ഒരുവന്‍ ഒരു പിശുക്കുമില്ലാതെ ഉദാരചിത്തനായി അന്യനുവേണ്ടി രാവും പകലും പ്രയത്‌നിക്കുമെന്ന ജീവിതമൂല്യത്തെ ധരിപ്പിക്കുന്നു.
”പലമതസാരവുമേകം” എന്ന ശ്രീനാരായണസൂക്തം ലോകം ആദരവോടെ അംഗീകരിക്കുന്ന സനാതന സത്യമാണ്. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരഭാവത്തോടെ കഴിയണമെന്നതും സനാതന ധര്‍മ്മമാണ്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് (മനുഷ്യജാതി, ആത്മസുഖം, പരമമായ അറിവ്) എന്ന സൂക്തം ശ്രീനാരായണഗുരു 1927-ല്‍ സനാതന ധര്‍മ്മമായി പ്രഖ്യാപിച്ചു. ഈയൊരു സനാതനധര്‍മ്മം ഏകാഭിപ്രായമായി, മതമായി സ്വീകരിക്കാമെന്നു ഗുരു പറഞ്ഞു. ഹിന്ദുമതത്തിലെ അദ്വൈതദര്‍ശനം പൂര്‍ണതയിലെത്തുന്നത് ശ്രീനാരായണഗുരുവിന്റെ ‘മാനവികാദ്വൈത’ ദര്‍ശനത്തിലൂടെയാണ്.
എല്ലാമതങ്ങളിലും സനാതനമൂല്യങ്ങളും ധര്‍മ്മങ്ങളുമുണ്ട്. ഒരു മതവും അന്യനു നിന്ദ്യമാകാന്‍ പാടില്ലെന്നു ഗുരു. എല്ലാവരും എല്ലാ മതസാരങ്ങളും പഠിക്കണമെന്നും ഗുരു ആവശ്യപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ദര്‍ശനം മനുഷ്യനു മാനവികതയുടെ തിരിച്ചറിവിനും, ആത്മസാക്ഷാത്കാരത്തിനും, സമൂഹത്തിന്റെ സമഗ്ര പൂര്‍ണതയ്ക്കും വേണ്ടിയുള്ളതാണ്. തുല്യനീതി, സ്ഥിതി സമത്വം, സമാധാനം, സര്‍വ്വസാഹോദര്യം എന്നിവ ഗുരുദര്‍ശനത്തിലും, മൊഴികളിലും പ്രവൃത്തികളിലും അനുസ്യൂതം കാണാം. പഞ്ചശുദ്ധി സ്വകാര്യജീവിതത്തിലും പഞ്ചശീലങ്ങള്‍, സാമൂഹിക ബന്ധങ്ങളിലും വളര്‍ത്തിയെടുത്തു മനുഷ്യര്‍ വിദ്യകൊണ്ടും, സഹകരണം കൊണ്ടും, വ്യവസായം കൊണ്ടും ശാക്തീകരിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണു ഗുരു നല്‍കിയത്.
അന്ധ വിശ്വാസങ്ങളും, അനാചാരങ്ങളും, ജാതി-മത വിലക്കുകളും മറികടന്ന് ആത്മവിദ്യയ്‌ക്കൊപ്പം ശാസ്ത്രബോധവും യുക്തിചിന്തയും സ്വീകരിക്കുവാനാണ് ഗുരു ആവശ്യപ്പെട്ടത്.
വാദിക്കുവാനും ജയിക്കുവാനുമല്ലാതെ മഹാഗുരുവിനെ അറിയുവാന്‍ ശ്രമിക്കാം. ഒരായുസ്സു അതിനുപോരാതെ വന്നേക്കാം. മഹാഗുരുവിനെ ഏതെങ്കിലുമൊരു വേലിക്കെട്ടിനകത്തു നിര്‍ത്താന്‍ ശ്രമിക്കുന്നത് സ്വാര്‍ത്ഥതയാണ്. അന്ധവിശ്വാസങ്ങള്‍ ഏറ്റവുമധികം വര്‍ദ്ധിക്കുന്ന ഒരു കാലത്താണു നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അന്ധവിശ്വാസത്തിന്റെ ഒരു നേരിയ മൂടുപടം കൊണ്ടുപോലും മഹാഗുരുവിനെ മറയ്ക്കുവാന്‍ ശ്രമിക്കരുത്. മഹാഗുരുവിന്റെ തന്നെ വാക്കുകളാണു നമ്മെ നയിക്കേണ്ടത്. ”നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടുതന്നെയിരിക്കും”.