ആർ.ശങ്കർ: കാലം അഗ്നിശുദ്ധി വരുത്തിയ മഹാനായ നേതാവ്

മഹാനായ ആർ. ശങ്കർ ജീവിച്ചിരുന്നപ്പോഴും കാലശേഷവും അദ്ദേഹത്തെ കരിവാരിത്തേക്കാൻ സംഘടിതമായ ശ്രമം നടന്നിരുന്നുവെന്നും എന്നാൽ കാലം അദ്ദേഹത്തിന് അഗ്നിശുദ്ധി വരുത്തിയെന്നും മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി അഭിപ്രായപ്പെട്ടു. കാലം കഴിയുന്തോറും ചില നേതാക്കളുടെ മഹത്വം ഉയരും. അങ്ങനെ ഉയർന്ന് കൂടുതൽ തിളക്കവും ശോഭയും അംഗീകാരവും കൈവന്ന നേതാവാണ് ശങ്കറെന്നും അദ്ദേഹം പറഞ്ഞു.മൂന്ന് തവണ കേരള മുഖ്യമന്ത്രി, കേന്ദ്ര പ്രതിരോധമന്ത്രി, കോൺഗ്രസിന്റെ ദേശീയ നേതാവ് എന്നീ നിലകളിൽ ആറു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിന് ശേഷം തിരുവനന്തപുരത്തെ വസതിയായ ‘അഞ്ജന’ ത്തിൽ വിശ്രമ ജീവിതം നയിക്കുന്ന ആന്റണി ‘യോഗനാദ’ ത്തോട് സംസാരിക്കുകയായിരുന്നു.
(സംഭാഷണത്തിന്റെ പൂർണ രൂപം)

കൊല്ലം ചിന്നക്കടയിൽ അന്നത്തെ രാഷ്ട്രപതി എൻ. സഞ്ജീവറെഡ്ഡി അനാച്ഛാദനം ചെയ്ത ശങ്കറിന്റെ പ്രതിമ

കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയും കോൺഗ്രസിന്റെ അതികായനായ നേതാവും എസ്.എൻ.ഡി.പി യോഗത്തെ ശക്തമായ സമരസംഘടനയാക്കിയ നേതാവുമാണ് ആർ.ശങ്കർ. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഇന്ന് കേരളമാകെ വ്യാപിച്ചുകിടക്കുന്ന ശ്രീനാരായണ കോളേജുകൾ ഉണ്ടാകുമായിരുന്നില്ല. മറ്റു സമുദായങ്ങൾക്ക് നിരവധി കോളേജുകൾ ഉണ്ടായിരുന്ന സമയത്ത് പിടിയരിയും കെട്ടുതേങ്ങയും ശേഖരിച്ചാണ് അദ്ദേഹം എസ്.എൻ കോളേജുകൾ പടുത്തുയർത്തിയത്. ആരുടെ മുന്നിലും തലകുനിയ്ക്കാതെ നിവർന്നു നിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. ഏറെ പേരെ ശത്രുക്കളാക്കിയതും ആ വ്യക്തി പ്രഭാവമാണ്. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കെയാണ് ഇന്ത്യയിലാദ്യമായി ക്ഷേമപെൻഷൻ സമ്പ്രദായം ആരംഭിച്ചത്. ചരിത്രപരമായ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ നടപ്പാക്കി. ഏറ്റവും നല്ല ധനകാര്യ മന്ത്രിയുമായിരുന്നു അദ്ദേഹം. പുത്തൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ എത്തിയത് സ്വപ്രയത്നത്താലാണ്. സ്വാതന്ത്ര്യ സമരകാലത്ത് ജയിൽവാസം അനുഭവിച്ചു. പുന്നപ്ര- വയലാർ സമരകാലത്ത് സമരം അവസാനിപ്പിക്കാൻ ശങ്കർ വളരെ പരിശ്രമിച്ചിരുന്നു. ശങ്കറിന് ഒട്ടേറെ അനുയായികളും ആരാധകരും ഉള്ളപ്രദേശമാണ് ചേർത്തല. സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടിയാൽ പട്ടാളം വെടിവയ്ക്കുമെന്നും നിരവധി പേർക്ക് ജീവഹാനിയുണ്ടാകുമെന്നും ശങ്കർ മുന്നറിയിപ്പ് നൽകി. സമരനേതാക്കളുമായി ശങ്കർ മദ്ധ്യസ്ഥ ചർച്ച നടത്താൻ അവസാന നിമിഷം വരെ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് നിരാശനായി മടങ്ങേണ്ടി വന്നു.

കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായക ഘട്ടത്തിലാണ് അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായത്. 1959 ൽ ഞാൻ എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു പ്രവർത്തകനായിരിക്കെയാണ് ശങ്കറിനെ ആദ്യമായി കാണുന്നത്. അന്ന് കെ.പി.സി.സി ഓഫീസ് കൊച്ചിയിലായിരുന്നു. പിന്നീട് അദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി പരിചയപ്പെട്ടത്. 1964 ൽ ഞാൻ കെ.എസ്.യു പ്രസിഡന്റായപ്പോൾ കൂടുതൽ അടുത്തു. അക്കാലത്ത് കൊല്ലം എസ്.എൻ കോളേജ് നിരവധി വിദ്യാർത്ഥി സമരങ്ങൾക്ക് വേദിയായിരുന്നു. കെ.എസ്.യു അന്ന് കോളേജിൽ ശക്തമായിരുന്നു. സമരക്കാരായ വിദ്യാർത്ഥികൾക്കെതിരെ കോളേജ് അധികൃതർ നടപടി എടുക്കുമ്പോൾ അവരെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാൻ അഭ്യർത്ഥിച്ച് ഞാൻ ശങ്കറെ കാണുമായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥികളെ തിരികെ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ സുന്ദരേശൻ മുതലാളിയെയും ബൽറാം ഗോപാലനെയും ചുമതലപ്പെടുത്തും. ശങ്കറിന്റെ അവസാനകാലം വരെ ഞാൻ അദ്ദേഹവുമായി വിവിധ ആവശ്യങ്ങൾക്ക് ബന്ധപ്പെടുമായിരുന്നു. അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി ആഘോഷം കൊല്ലത്ത് നടന്നപ്പോഴും പങ്കെടുത്തിരുന്നു. ഷഷ്ട്യബ്ദ പൂർത്തി സ്മാരകമായി നിർമ്മിച്ച ശങ്കേഴ്സ് ആശുപത്രിയുടെ നിർമ്മാണ വേളയിലും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഒരിയ്ക്കൽ അദ്ദേഹത്തെ അവിടെ വച്ച് കാണുമ്പോൾ ഒരു തോർത്ത് തലയിൽ കെട്ടി തൊഴിലാളികൾക്ക് നിർദ്ദേശങ്ങൾ നൽകുന്ന ശങ്കറെയാണ് കണ്ടത്.

ആലത്തൂർ എസ്.എൻ കോളേജ് ഉദ്ഘാടനത്തിന് എന്നെയും ക്ഷണിച്ചിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണനും ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങൊന്നും ഉണ്ടായിരുന്നില്ല. പകരം ശങ്കർ ഒരു ക്ളാസ് മുറിയിൽ കയറി ഒരു മണിക്കൂറോളം ക്ളാസ്സെടുത്താണ് കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മികച്ച ഒരദ്ധ്യാപകൻ കൂടിയാണെന്ന് അന്നാണ് മനസ്സിലായത്.

ജീവിതത്തിലുടനീളം കഷ്ടപ്പാടുകൾ അനുഭവിച്ച ശങ്കർ എതിർപ്പും അവഹേളനവും ആരോപണ ങ്ങളും നേരിടേണ്ടി വന്ന നേതാവാണ്. മരണശേഷവും ആരോപണങ്ങൾ അദ്ദേഹത്തെ വേട്ടയാടി. സ്വസമുദായത്തിൽ പെട്ടവരും കോൺഗ്രസുകാരും മറ്റു രാഷ്ട്രീയ കക്ഷിയിൽപെട്ടവരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ ആദ്യ എസ്.എൻ കോളേജ് കൊല്ലത്ത് സ്ഥാപിക്കാൻ കന്റോൺമെന്റ് മൈതാനത്തിന്റെ ഒരുഭാഗം പാട്ടത്തിന് ലഭിക്കാനായി അന്നത്തെ ദിവാനായിരുന്ന സർ സി.പി രാമസ്വാമിയെ സമീപിച്ചത് ചിലർ വിവാദമാക്കി. സി.പിയുടെ ചെരുപ്പ് നക്കിയെന്ന് സ്വസമുദായത്തിൽ പെട്ട പ്രമാണിമാർ പോലും ആക്ഷേപമുന്നയിച്ചു. സ്വസമുദായത്തിനുവേണ്ടിയാണ് അദ്ദേഹം സി.പിയെ കണ്ട് സ്ഥലം നൽകണമെന്നഭ്യർത്ഥിച്ചത്. അതിലെന്താണ് തെറ്റ്? പിന്നീട് അദ്ദേഹത്തെ എതിർത്തവർ പോലും എസ്.എൻ കോളേജിൽ പഠിക്കാനായി അദ്ദേഹത്തെ സമീപിക്കുന്ന സ്ഥിതിയായി. എന്നാൽ അദ്ദേഹം യാതൊരു വൈമനസ്യവും കൂടാതെയാണ് അവർക്കെല്ലാം പ്രവേശനം നൽകിയത്. മതവും ജാതിയും നോക്കാതെയാണ് കോളേജിൽ പ്രവേശനം നൽകിയിരുന്നത്. തന്നെ എതിർക്കുന്നവരെക്കുറിച്ച് പോലും ഒരാക്ഷേപവും ഉന്നയിക്കാത്ത ശങ്കർ ആരെക്കുറിച്ചും പരാതിയോ പരിഭവമോ പറയില്ലായിരുന്നു. എതിരാളികളുടെ മുന്നിൽ തോൽവി സമ്മതിക്കുകയോ പതറുകയോ ചെയ്യുന്ന ആളായിരുന്നില്ല ശങ്കർ.

മരണശേഷംകൊല്ലം ചിന്നക്കടയിൽ അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പോലും ചിലർ എതിർപ്പുന്നയിച്ചു. അന്ന് ഞാൻ മുഖ്യമന്ത്രിയായിരുന്നു. ചേർത്തലക്കാരനായ പി.എസ് കാ‌ത്തികേയൻ യോഗം ജനറൽ സെക്രട്ടറി. അന്നത്തെ രാഷ്ട്രപതി എൻ. സഞ്ജീവറെഡ്ഡിയെക്കൊണ്ട് പ്രതിമ അനാച്ഛാദനം ചെയ്യിക്കാൻ ഞാൻ എല്ലാ സഹായവും നൽകി. അതിനെതിരെ ചിലർ എതിർപ്പുയർത്തിയെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഞാനും ആ ചടങ്ങിൽ പങ്കെടുത്തിരുന്നു.

എസ്.എൻ.ഡി.പി യോഗത്തിന്റെ ഏറ്റവും ശക്തനായ നേതാവായിരുന്ന അദ്ദേഹം യോഗത്തെ സമരസംഘടനയാക്കിയ നേതാവാണ്. കോൺഗ്രസ് നേതാവായിരിക്കെ പാർട്ടി തന്നെയാണ് അദ്ദേഹത്തെ യോഗം നേതൃത്വത്തിലേക്ക് നിയോഗിച്ചത്. ദീർഘവീക്ഷണമുള്ള നേതാവെന്ന നിലയിൽ അദ്ദേഹം യോഗത്തിന് നൽകിയ സംഭാവനകൾ ഒരുകാലത്തും വിസ്മരിക്കാവുന്നതല്ല. എതിർപ്പുകളും ആരോപണങ്ങളും വകവയ്ക്കാതെ മുന്നിൽ നിന്ന് പട നയിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇന്ന് അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും തിളക്കമുള്ള കാലമാണ്. അദ്ദേഹത്തിന്റെ സംഭാവനകളെ ഏവരും ഇപ്പോൾ പുകഴ്ത്തുന്നു. കാലം അദ്ദേഹത്തിന് അഗ്നി ശുദ്ധി വരുത്തി.

വെള്ളാപ്പള്ളി നടേശന്‍ യോഗത്തെ ജനകീയ പ്രസ്ഥാനമാക്കി

ആർ.ശങ്കർ എസ്.എൻ.ഡി.പി യോഗത്തെ സമരസംഘടനയാക്കിയെങ്കിൽ അതിനൊപ്പം ജനകീയ സംഘടന കൂടിയാക്കിയത് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. യുവജന, വനിതാ സംഘടന അടക്കം നിരവധി പോഷക സംഘടനകളിലൂടെയാണ് അത് സാദ്ധ്യമാക്കിയത്. കൂടാതെ മൈക്രോഫിനാൻസ് പദ്ധതിയും നടപ്പാക്കി. യോഗത്തിന് വേണ്ടത്ര വേരോട്ടം ഇല്ലാതിരുന്ന മലബാർ മേഖലകളിൽക്കൂടി ശാഖകൾ ഉണ്ടാക്കി പ്രവർത്തനം ശക്തമാക്കി. ഇന്ന് യോഗത്തെ ആർക്കും അവഗണിക്കാനാകാത്ത ജനകീയ പ്രസ്ഥാനമാക്കി മാറ്റിയത് വെള്ളാപ്പള്ളി നടേശനാണ്. ആർ.ശങ്കറിനെപ്പോലെ എതിർപ്പുകളെ വകവയ്ക്കുന്ന ആളല്ല, പൊരുതി മുന്നോട്ട് പോകുന്ന ആളാണ് അദ്ദേഹം. ഒരേ നാട്ടുകാരായ ഞങ്ങൾ ഒരേ കാലഘട്ടത്തിലൂടെ വളർന്നു വന്നവരാണ്. അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചേർത്തല താലൂക്കിൽ കെ.എസ്.യു കെട്ടിപ്പടുക്കാൻ കഷ്ടപ്പെട്ടവരിൽ ഒരാൾ കൂടിയാണ് വെള്ളാപ്പള്ളി.

കേരളത്തിൽ ഗുണപരമായ മാറ്റം ഒരു രംഗത്തുമില്ല

മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുകയും തുടർന്ന് കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാകുകയും ചെയ്ത എ.കെ ആന്റണിക്ക് നീണ്ട 18 വർഷങ്ങൾക്ക് ശേഷം ഡൽഹി വിട്ട് കേരളത്തിലെത്തിയപ്പോൾ എല്ലാരംഗത്തും മാറ്റം അനുഭവപ്പെടുന്നുണ്ടെങ്കിലും അത് എത്രത്തോളം ഗുണപരമാണെന്നതിൽ ആശങ്കയുണ്ട്. കേരളം സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്കായി തുറന്നിട്ട അദ്ദേഹത്തിന്റെ വിലയിരുത്തലിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ തകരാറിലാണ്. മാറുന്ന കാലത്തിനനുസരിച്ച് മാറ്റം ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ പ്ളസ്ടു കഴിയുമ്പോൾ തന്നെ വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് വിദേശത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. പണമുള്ളവർ മാത്രമല്ല, പാവപ്പെട്ടവരും ലോണെടുത്ത് വിദേശത്ത് പോകുന്നു. ഇക്കാര്യത്തിൽ ഗൗരവപരമായ ഒരു ചർച്ചയും നടക്കുന്നില്ല.കേരളത്തിൽ സ്വാശ്രയമേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചത് തന്റെ കാലത്താണ്. അന്യസംസ്ഥാനങ്ങളിൽ പോയി പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായിരുന്നു ആ നടപടി. കേരളത്തിലെ അദ്ധ്വാന വർഗ്ഗം ഇപ്പോൾ മലയാളികളല്ല. എല്ലാ തൊഴിലും അന്യ സംസ്ഥാനക്കാരാണ് ചെയ്യുന്നത്. പഠിച്ചിറങ്ങുന്നവർക്ക് കേരളത്തിൽ ജോലിയുണ്ടെങ്കിലും മതിയായ വേതനമില്ല. 8000 രൂപ മുതൽ 15000 രൂപ വരെ മാത്രമാണ് വൈറ്റ് കോളർ ജോലിക്ക് ലഭിക്കുന്ന ശമ്പളം. അതിൽ ആരും സംതൃപ്തരല്ല. അതുകൊണ്ടാണ് പഠനവും തൊഴിലും തേടി ധാരാളം പേർ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്.മാറുന്ന കാലത്തിനനുസരിച്ച് വ്യവസായങ്ങളും വരുന്നില്ല. പരമ്പരാഗത വ്യവസായങ്ങളെല്ലാം ഇല്ലാതായി. ലഹരി ഉപയോഗത്തിൽ പഞ്ചാബും കേരളവും തമ്മിൽ മത്സരിക്കുകയാണ്. സ്കൂളുകളിൽ പോലും ലഹരി മാഫിയ പിടിമുറുക്കി.

ശിവഗിരിയിലെ
നടപടിയിൽ ദു:ഖം

1996 ൽ മുഖ്യമന്ത്രിയായിരിക്കെ ആന്റണി നടപ്പാക്കിയ രണ്ട് കാര്യങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചതാണ്. അതിൽ ഏറ്റവും പ്രധാനം ചാരായ നിരോധനമാണ്. രണ്ടാമത്തേത് ശിവഗിരിയിലെ പൊലീസ് നടപടിയും. ശിവഗിരിയിലെ പൊലീസ് നടപടിയിൽ ദു:ഖമുണ്ടെന്ന് വ്യക്തമാക്കിയ ആന്റണി, ചാരായനിരോധനം ശരിയായിരുന്നുവെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 1996 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, തങ്ങൾ അധികാരത്തിലെത്തിയാൽ ചാരായനിരോധനം പിൻവലിക്കുമെന്ന് പറഞ്ഞ എൽ.ഡി.എഫ്, 26 വർഷത്തിനു ശേഷവും അതിന് തയ്യാറാകാത്തതെന്തെന്ന് ആന്റണി ചോദിച്ചു. 1996 ഏപ്രിൽ 1 മുതലാണ് കേരളത്തിൽ ചാരായ നിരോധനം നടപ്പായത്. കേരളസമൂഹം, പ്രത്യേകിച്ച് സ്ത്രീകൾ ഏറ്റവുമധികം സ്വാഗതം ചെയ്ത നടപടിയായിരുന്നു അത്. അന്ന് അധികാരത്തിലേറിയ നായനാർ സർക്കാരോ തുടർന്നു വന്ന വി.എസ്, പിണറായി സർക്കാരുകളോ നിരോധനം പിൻവലിക്കാൻ തയ്യാറായില്ല. സ്ത്രീസമൂഹം ഏറ്റവുമധികം സ്വാഗതം ചെയ്ത സാമൂഹിക പരിഷ്ക്കരണ നടപടിയാണതെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് എൽ.ഡി.എഫ് അതിന് തുനിയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ വിദേശമദ്യഷാപ്പുകളുടെ എണ്ണം ഗണ്യമായി കുറച്ചു. 2016 ൽ എൽ.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞത് മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്നായിരുന്നു. എന്നിട്ട് ഇപ്പോൾ എന്താണവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു. 1996 ൽ ശിവഗിരിയിലെ പൊലീസ് നടപടിയിൽ തനിക്ക് ദു:ഖമുണ്ടെങ്കിലും കോടതി അലക്ഷ്യ നടപടി ഒഴിവാക്കാൻ അത് അനിവാര്യമായിരുന്നു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്വാമി പ്രകാശാനന്ദ വിഭാഗത്തിന് അധികാരം കൈമാറണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാലസുബ്രഹ്മണ്യം മൂന്ന് തവണ ഉത്തരവിട്ടു. അടുത്ത പടിയായി കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമായിരുന്നു. അത്രയും പരിപാവനമായ സ്ഥലത്ത് പൊലീസ് നടപടി എടുക്കേണ്ടി വന്നതിൽ ദു:ഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വിവാദങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന ആന്റണി കൂടുതൽ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടന്നില്ല. കേന്ദ്ര, കേരള സർക്കാരുകളെയും കോൺഗ്രസ് രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം അഭിപ്രായം പറയാൻ തയ്യാറായില്ല. ‘കഴിഞ്ഞ 18 വർഷമായി ഞാൻ കേരളത്തിന്റെ അതിഥിയായിരുന്നു. ഇനി കാര്യങ്ങൾ പഠിക്കട്ടെ, സജീവ രാഷ്ട്രീയത്തിൽ ഇനി ഇടപെടില്ലെങ്കിലും മരണം വരെ രാഷ്ട്രീയത്തിലുണ്ടാകും. കോൺഗ്രസിന് ആവശ്യമെങ്കിൽ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകും. എല്ലാ ദിവസവും വൈകിട്ട് കെ.പി.സി.സി ഓഫീസിൽ പോകുന്നുണ്ട്.’ ആന്റണി പറഞ്ഞു.

Author

Scroll to top
Close
Browse Categories