ശ്രീനാരായണ ഗുരുസർവകലാശാലയ്ക്ക് ഭൂമി വാങ്ങൽ:വിചിത്ര നിലപാടുമായി സർവകലാശാല

സർവകലാശാല ആസ്ഥാന മന്ദിരം നിർമ്മിക്കാൻ മുണ്ടയ്ക്കലിൽ കണ്ടെത്തിയ ഭൂമിയുടെ മൂല്യനിർണയം നടത്തിയ വില്ലേജ് ഓഫീസർ ഭൂമിവില കുറച്ചുകാട്ടിയെന്നാരോപിച്ചും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും സർവകലാശാല സിൻഡിക്കേറ്റ് യോഗം സർക്കാരിന് നിവേദനം നൽകിയത് കേട്ടുകേഴ്‌വി ഇല്ലാത്ത നടപടിയായി മാറി.

ശ്രീനാരായണ ഗുരുവിന്റെ പേരിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓപ്പൺ സർവകലാശാലയ്ക്ക് നഗരത്തിൽ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ കണ്ടെത്തിയ ഭൂമിക്ക് സ്ഥലം വില്ലേജാഫീസർ നിശ്ചയിച്ച വില കുറഞ്ഞുപോയെന്ന് സർവകലാശാല അധികൃതരുടെ പരാതി !
വില കൂട്ടിവച്ച് പുതിയ നിർദ്ദേശം സമർപ്പിച്ചില്ലെങ്കിൽ വില്ലേജാഫീസർ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്.

കേൾക്കുമ്പോൾ അത്യന്തം വിചിത്രമായി തോന്നാമെങ്കിലും ഗുരുവിന്റെ പേരിലുള്ള സർവകലാശാലയ്ക്ക് ഭൂമി വാങ്ങാനുള്ള നീക്കം ഇതോടെ വിവാദത്തിലാണ്. ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സവകലാശാല 2020 ഒക്ടോബറിൽ കൊല്ലം ആസ്ഥാനമായി നിലവിൽ വന്നെങ്കിലും ഇതുവരെ സ്വന്തമായി ആസ്ഥാന മന്ദിരമുണ്ടാക്കാനായിട്ടില്ല. വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെട്ടിടം സ്വന്തം സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ സർക്കാർ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൊല്ലം നഗരപ്രാന്തത്തിലെ മുണ്ടയ്ക്കൽ കച്ചിക്കടവിന് സമീപം 8.13 ഏക്കർ സ്ഥലം സർവകലാശാലയ്ക്ക് വേണ്ടി സ്വകാര്യവ്യക്തിയിൽ നിന്ന് വാങ്ങാനുള്ള നടപടിയാണിപ്പോൾ വിചിത്രമായ നടപടികളിൽ കുരുങ്ങി അനിശ്ചിതത്വത്തിലായത്. ഭൂമിക്ക് വിലകുറച്ച് നിശ്ചയിച്ചുവെന്നാരോപിച്ച് മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് രംഗത്ത് വന്നതോടെയാണ് ഭൂമിഇടപാട് വിവാദമായത്. സർക്കാരിനു വേണ്ടി ജില്ലാകളക്ടറാണ് ആവശ്യമായ ഭൂമി കണ്ടെത്തി ഏറ്റെടുക്കേണ്ടത്. മുണ്ടയ്ക്കൽ കച്ചിക്കടവിന് സമീപം സ്വകാര്യവ്യക്തിയുടെ 8.13 ഏക്കർ സ്ഥലം ഇതിനായി വാങ്ങാൻ തീരുമാനിച്ചതോടെ സ്ഥലത്തിന്റെ വിലനിർണയത്തിനും മറ്റു നടപടികൾക്കുമായി റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി.

ഭൂമി വിലയ്ക്ക് മൂല്യനിർണയം നടത്തിയ മുണ്ടയ്ക്കൽ വില്ലേജാഫീസർ സെന്റിന് 2.25 ലക്ഷം രൂപയാണ് വിലയിട്ടത്. ആകെ 17.68 കോടി രൂപ. ഇതേ ഭൂമി കൊല്ലം കോർപ്പറേഷന്റെ ആവശ്യത്തിനായി നേരത്തെ നോക്കിയിരുന്നു. 2019 മാർ‌ച്ചിൽ അതിനായി താലൂക്ക് തഹസീൽദാർ വിലയിട്ടത് സെന്റിന് 3.50 ലക്ഷം രൂപയായിരുന്നു. ആകെ 27.77 കോടി രൂപ. എന്നാൽ അന്ന് കോർപ്പറേഷനു വേണ്ടി മൂല്യനിർണയം നടത്തിയത് കൂടിയവിലയ്ക്കാണെന്ന ആരോപണം ഉയർന്നതോടെയാണ് ആ ഇടപാട് നടക്കാതെ പോയതെന്ന് പറയപ്പെടുന്നു.

വിചിത്ര വാദമുയർത്തി
സിൻഡിക്കേറ്റ്

സർവകലാശാല ആസ്ഥാന മന്ദിരം നിർമ്മിക്കാൻ മുണ്ടയ്ക്കലിൽ കണ്ടെത്തിയ ഭൂമിയുടെ മൂല്യനിർണയം നടത്തിയ വില്ലേജ് ഓഫീസർ ഭൂമിവില കുറച്ചുകാട്ടിയെന്നാരോപിച്ചും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും സർവകലാശാല സിൻഡിക്കേറ്റ് യോഗം സർക്കാരിന് നിവേദനം നൽകിയത് കേട്ടുകേഴ്‌വി ഇല്ലാത്ത നടപടിയായി മാറി. കൊല്ലം നഗരത്തിൽ ഭൂമിവില സെന്റിന് 7 മുതൽ 10 ലക്ഷം വരെയുണ്ടെന്നിരിക്കെ വില്ലേജ് ഓഫീസർ നിശ്ചയിച്ചത് 2.25 ലക്ഷം മാത്രമാണെന്നും 2019 ൽ കോർപ്പറേഷനു വേണ്ടി ഇതേ സ്ഥലം ഏറ്റെടുക്കാൻ തഹസീൽദാർ നിശ്ചയിച്ചത് സെന്റിന് 3.50 ലക്ഷം രൂപയായിരുന്നുവെന്നും 5 വർഷത്തിനിടെ ഭൂമിക്ക് വിലകൂടിയതിനാൽ വില്ലേജ് ഓഫീസർ നിശ്ചയിച്ച വിലയായ 2.25 ലക്ഷം രൂപ കുറവാണെന്നുമാണ് സിൻഡിക്കേറ്റിന്റെ വാദം. 5 വർഷത്തിനിടെയുണ്ടായ വർദ്ധനവ് കൂടി ഉൾപ്പെടുത്തി വില പുനർ നിർണയിക്കണമെന്നും സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി ജഗതിരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സിൻഡിക്കേറ്റ് യോഗം ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസർ നിശ്ചയിച്ച പ്രകാരം 8.13 ഏക്കറിന് 17. 68 കോടി രൂപയാണ് വിലവരുന്നത്. സർക്കാരിനു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ വില എത്രയും കുറച്ച് അധികബാദ്ധ്യതയുണ്ടാകാത്ത വിധം നടപടികൾ സ്വീകരിക്കണമെന്നതാണ് നടപ്പ് രീതി. എന്നാൽ ഇവിടെ വില്ലേജ് ഓഫീസ‌ർ നിശ്ചയിച്ച വില കുറവാണെന്നും ഇതിൽ കൂട്ടി വിലയിടണമെന്നുമുള്ള സർവകലാശാല സിൻഡിക്കേറ്റ് യോഗ തീരുമാനമാണ് കേൾക്കുന്നവർക്ക് വിചിത്രമായി തോന്നാവുന്നത്. സ‌ർക്കാരിനു വേണ്ടി സ്ഥലം വാങ്ങുമ്പോൾ റവന്യു അധികൃതർ വസ്തുതകൾ വിലയിരുത്തി വില നിശ്ചയിക്കുന്നതാണ് പതിവ് രീതി. വില്ലേജ് ഓഫീസർ നിശ്ചയിക്കുന്ന വില തഹസീൽദാരും കളക്ടറും ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥരും പരിശോധിച്ച ശേഷം ലാൻഡ് റവന്യു കമ്മിഷണറാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. വില്ലേജ് ഓഫീസർ നിശ്ചയിക്കുന്ന വിലയിലും കുറച്ചായിരിക്കും തഹസീൽദാർ നിശ്ചയിക്കുക. തുടർന്ന് ഫയൽ കളക്ടറുടെ മുന്നിലെത്തുമ്പോൾ വില വീണ്ടും കുറയ്ക്കുന്നതാണ് കണ്ട് വരുന്നത്. എന്നാൽ കളക്ടറുടെ വിവേചനാധികാരം ഉപയോഗിച്ച് ഇതിൽ 30 ശതമാനം വരെ വർദ്ധനവ് വരുത്താമെങ്കിലും അത്യപൂർവ ഘട്ടങ്ങളിലേ അങ്ങനെ ചെയ്യാറുള്ളുവെന്നാണ് റവന്യു അധികൃതർ പറയുന്നത്. എന്നാലും ലാൻഡ് റവന്യു കമ്മിഷണർക്കാണ് അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം. ഇപ്പോൾ വില്ലേജ് ഓഫീസ‌ർ നിശ്ചയിച്ച വില പരിസരത്തെ വസ്തുക്കളുടെ വില കൂടി കണക്കിലെടുത്താണെങ്കിലും നിശ്ചയിച്ച വില കുറഞ്ഞു പോയെന്ന് പറഞ്ഞ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും വില കൂട്ടി നിശ്ചയിക്കണമെന്നും ആവശ്യപ്പെടുന്ന സർവകലാശാലയുടെ നടപടി കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്നാണ് റവന്യു അധികൃതർ പറയുന്നത്. വില്ലേജ് ഓഫീസർ വില നിശ്ചയിച്ചത് കുറഞ്ഞു പോയെന്ന് വിലപിക്കുന്ന സർവകലാശാലയും സിൻഡിക്കേറ്റും ആരുടെ താത്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന സംശയമാണുയരുന്നത്.

പ്രതിഷേധവുമായി
കോൺഗ്രസ്

സർക്കാരിന് കോടികളുടെ അധികബാദ്ധ്യതയുണ്ടാക്കുന്ന നിലപാട് സ്വീകരിച്ച സർവകലാശാല സിൻഡിക്കേറ്റിന്റെ നിടപാടിൽ ദുരൂഹത ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. ഭൂമിവില നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ പാലിച്ച് വില നിശ്ചയിച്ച വില്ലേജാഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട സിൻഡിക്കേറ്റ് നിലപാട് അഴിമതി നടത്താനുള്ള ഗൂഢാലോചന വ്യക്തമാക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് പറഞ്ഞു. വില നിശ്ചയിക്കലും ഭൂമി വാങ്ങലും സുതാര്യമായല്ല നടക്കുന്നതെങ്കിൽ കോടികളുടെ അഴിമതി നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള കാര്യങ്ങൾ ജില്ലാ കളക്ടർ തീരുമാനിക്കട്ടെ എന്നാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി ജഗതിരാജ് പറയുന്നത്.

Author

Scroll to top
Close
Browse Categories