സ്വകാര്യ സര്‍വ്വകലാശാലകൾ: പിന്നാക്കക്കാർ പടിക്ക് പുറത്ത്

സ്വകാര്യ സര്‍വ്വകലാശാലകള്‍ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവിടെ പിന്നാക്കക്കാരുടെ പങ്കാളിത്തം ഉണ്ടായേ മതിയാകൂ. പിന്നാക്ക ജനവിഭാഗങ്ങളെ സ്വകാര്യ സര്‍വ്വകലാശാലകളില്‍നിന്നും മാറ്റി നിര്‍ത്തുവാനുള്ള ബോധപൂര്‍വ്വമായ നീക്കം സംസ്ഥാനത്തെ ജനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ പോകുന്നില്ല.

അടുത്ത അദ്ധ്യയന വര്‍ഷം മുതൽ സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ യാഥാർത്ഥ്യമാകും. മെഡിക്കല്‍, ഡെന്റൽ, എഞ്ചിനീയറിംഗ്, നിയമം, മാനേജ്‌മെന്റ്, സയന്‍സ്, തുടങ്ങിയ എല്ലാ മേഖലകളിലും വിഷയങ്ങളിലും ഈ സര്‍വ്വകലാശാലകള്‍ കടന്നുവരുകയാണ്. നിലവിലുള്ള സര്‍വ്വകലാശാലകളെക്കാള്‍ കൂടുതല്‍ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമെല്ലാം സ്വകാര്യ മേഖലകളില്‍ ഉണ്ടാകും. പുതിയ സ്വകാര്യ സര്‍വ്വകലാശാല ബില്ലും (കരട്) സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബില്ലില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടിയിരുന്ന പിന്നാക്ക സംവരണം അടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുപോയതാണോ, ബോധപൂര്‍വ്വം ഒഴിവാക്കിയതാണോ എന്ന് വ്യക്തമല്ല

സ്വാശ്രയ കോളേജുകളിലേതിനു സമാനമായി പട്ടിക വിഭാഗ സംവരണം മാത്രമാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാക്കിയ ഈ നിയമത്തിലെ ശുപാര്‍ശ. സ്വകാര്യ യൂണിവേഴ്‌സിറ്റികളില്‍ സംവരണം ഉറപ്പാക്കാനുള്ള നിയമം ഇപ്പോള്‍ പലയിടങ്ങളിലും ഇല്ലെന്നും അതുകൊണ്ടാണ് ഈ നിയമത്തിലും ഈ വ്യവസ്ഥ ഉള്‍പ്പെടുത്താതിരുന്നതെന്നുമാണ് വ്യാഖ്യാനം. ബില്ലില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല.

നിലവില്‍ എയ് ഡഡ് സ്വാശ്രയ ആര്‍ട്ട്‌സ് & സയന്‍സ് കോളേജുകളില്‍ പിന്നാക്ക സംവരണം ഇല്ല. 20% പട്ടിക വിഭാഗസംവരണം മാത്രമാണുള്ളത്. സര്‍ക്കാര്‍ കോളേജുകളില്‍ 20% ഒ.ബി.സി. സംവരണം ഉണ്ട്. അതേ സമയം എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളില്‍ സ്വാശ്രയ മേഖലകളില്‍ പിന്നാക്ക സംവരണം ഉണ്ട്. സ്വകാര്യ യൂണിവേഴ്‌സിറ്റികളിലെ അത്യാധുനിക കോഴ്‌സുകളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ കരട് നിയമത്തില്‍ ഒരു വ്യവസ്ഥയുമില്ല. പുതിയ നിയമത്തില്‍ പിന്നാക്ക സംവരണം ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനം സാധ്യമല്ലാതെ വരുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.

അതേ സമയം സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കാന്‍ ആവശ്യമായ ഭൂമിയില്‍ സംസ്ഥാനത്ത് ഇളവ് ലഭിക്കും. നഗരങ്ങളില്‍ 20 ഏക്കര്‍, ഗ്രാമങ്ങളില്‍ 30 ഏക്കര്‍ ഭൂമി ഉണ്ടാകണമെന്ന വ്യവസ്ഥ ഒഴിവാക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഭൂമി വില കൂടുതലാണെന്നുള്ളതും നഗരങ്ങളില്‍ 20 ഏക്കര്‍ ഭൂമി കണ്ടെത്തുക പ്രയാസമാണെന്നുള്ളതും പരിഗണിച്ചാണ് ഇത്. തമിഴ്‌നാട്ടില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് 100 ഏക്കര്‍ ഭൂമിയാണ് വേണ്ടത്. യു.ജി.സി ചട്ടപ്രകാരം 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും 3.26 നു മേല്‍ നാക് ഗ്രേഡ് ഉള്ളതുമായ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ കോളേജുകള്‍, കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയ്‌ക്കെല്ലാം സ്വകാര്യ സര്‍വ്വകലാശാലയ്ക്ക് അപേക്ഷിക്കാം.

കൊല്ലം, തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ യൂണിവേഴ്‌സിറ്റികള്‍ക്കായി തമിഴ്‌നാട്, കര്‍ണ്ണാടകം, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ വന്‍ ഗ്രൂപ്പുകള്‍ വളരെ സജീവമായി രംഗത്തുണ്ട്. സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്ക് അഫിലിയേറ്റഡ് കോളേജുകള്‍ ഇല്ല. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഓഫ് ക്യാമ്പസ് ആവാം. യു.ജി. സി. അനുമതിയോടെ അത്യാധുനിക കോഴ്‌സുകള്‍ ഇവിടെ തുടങ്ങാന്‍ കഴിയും. സിലബസ്സ്, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദം നല്‍കല്‍ എന്നിവയ്ക്ക് യൂണിവേഴ്‌സിറ്റിക്ക് അധികാരം ഉണ്ട്. സ്വകാര്യ സര്‍വ്വകലാശാകള്‍ക്ക് വിദൂരപഠനവും നടത്താം.

രാജ്യത്ത് ഒട്ടാകെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഒരു പരിധി വരെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗക്കാരെ കണ്ടെത്തുന്നതിനായി ജാതി സെന്‍സസും ഇതിന്റെ അടിസ്ഥാനത്തിലുള്ള മറ്റ് നടപടികളും സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടത്തെ ബഹു ഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ നിഷേധിച്ചുകൊണ്ടും, പിന്നാക്ക സംവരണം ഒഴിവാക്കികൊണ്ടും സംസ്ഥാന സ്വകാര്യ സര്‍വ്വകലാശാല നിയമം (കരട്) പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാജ്യത്ത് ഒട്ടാകെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഒരു പരിധി വരെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗക്കാരെ കണ്ടെത്തുന്നതിനായി ജാതി സെന്‍സസും ഇതിന്റെ അടിസ്ഥാനത്തിലുള്ള മറ്റ് നടപടികളും സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടത്തെ ബഹു ഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ നിഷേധിച്ചുകൊണ്ടും, പിന്നാക്ക സംവരണം ഒഴിവാക്കികൊണ്ടും സംസ്ഥാന സ്വകാര്യ സര്‍വ്വകലാശാല നിയമം (കരട്) പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗങ്ങള്‍ക്കു പുറമെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസ പരവുമായി പിന്നാക്കം നില്‍ക്കുന്ന ദുര്‍ബലവിഭാഗങ്ങളുണ്ട്. ഇവര്‍ മറ്റു പിന്നാക്ക വര്‍ഗ്ഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഓരോ സംസ്ഥാനത്തും സ്വന്തം രീതിയിലാണ് പിന്നാക്ക വര്‍ഗ്ഗങ്ങളെ തിരിച്ചറിയുന്നത്. മറ്റ് പിന്നാക്ക വര്‍ഗ്ഗങ്ങള്‍ ജാതി ശ്രേണിയില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗങ്ങളേക്കാള്‍ ഉയര്‍ന്നവരാണ്. അതേ സമയം അവര്‍ ഉന്നത ജാതിക്കാര്‍ക്ക് വളരെ താഴെയുമാണ്. അസ്പര്‍ശ്യര്‍ക്കുമുകളിലും, ദ്വിജന്‍മാര്‍ക്ക് താഴെയുമാണ് അവരുടെ സ്ഥാനം. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസ പരമായും, രാഷ്ട്രീയപരമായും അവര്‍ പിന്നാക്കാവസ്ഥയിലാണ്. നമ്മുടെ രാജ്യത്തെ ന്യൂപക്ഷങ്ങളിലും നല്ലൊരു ശതമാനം പിന്നാക്കവര്‍ഗ്ഗക്കാരാണ്.

1978 ല്‍ പാര്‍ലമെന്റ് അംഗമായ ബി. പി. മണ്ഡലിന്റെ അദ്ധ്യക്ഷതയില്‍ രണ്ടാം പിന്നാക്കവര്‍ഗ്ഗ കമ്മീഷനെ ജനതാ ഗവണ്‍മെന്റ് നിയമിച്ചു. മണ്ഡല്‍ കമ്മീഷന്‍ 1980ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. സാമൂഹികമായും, വിദ്യാഭ്യാസ പരവുമായും സാംസ്‌കാരികമായും പിന്നാക്കം നില്‍ക്കുന്ന 3743 വര്‍ഗ്ഗങ്ങളെയാണ് ഈ കമ്മീഷന്‍ തിരിച്ചറിഞ്ഞത്. കേന്ദ്ര സര്‍വീസുകളിലും, പൊതുമേഖലാ സ്ഥാപങ്ങളിലും, ബാങ്കുകളിലും, സര്‍വ്വകലാശാലകളിലും, കോളേജുകളിലും, കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്ന് സഹായം ലഭിക്കുന്ന സ്വകാര്യസ്ഥാപനങ്ങളിലും പിന്നോക്ക വര്‍ഗ്ഗക്കാര്‍ക്ക് 27% സംവരണം ഏര്‍പ്പെടുത്തണമെന്ന് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

വി. പി. സിങിന്റെ നേതൃത്ത്വത്തിലുള്ള ദേശീയ മുന്നണി ഗവണ്‍മെന്റ്1990 ആഗസ്റ്റില്‍ മണ്ഡല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ സ്വീകരിച്ചു. . ഗവണ്‍മെന്റ് നടപടി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പിന്നാക്ക വര്‍ഗ്ഗക്കാര്‍ക്ക് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ സംവരണ നിയമം സുപ്രീം കോടതി അംഗീകരിക്കുകയാണ് ഉണ്ടായത്. ഐതിഹാസികമായ ഇന്ദ്രാ സാഹിനി കേസിലെ വിധി (1992) ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. ഒന്‍പത് ജഡ്ജിമാരടങ്ങിയ പരമോന്നത കോടതിയുടെ ഭരണഘടനാ ബഞ്ചാണ് ഈ കേസില്‍ ദീര്‍ഘവും ആധികാരികവുമായ വിധി എഴുതിയത്. വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. ഭരണഘടനയിലെ അനുച്ഛേദം 16(4)പിന്നാക്ക വര്‍ഗ്ഗങ്ങളുടെ സര്‍ക്കാര്‍ സര്‍വീസുകളിലെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും പ്രധാനമായ നിയമമാണ്.
  2. അനുച്ഛേദം 16(4) വിഭാവനം ചെയ്യുന്ന പിന്നാക്കാവസ്ഥ സാമൂഹികമായും , വിദ്യാഭ്യാസ പരമായും, സാംസ്‌കാരികപരവുമായിട്ടുള്ള പിന്നോക്കാവസ്ഥ യാണ്.
  3. ഏതെങ്കിലും ഒരു വര്‍ഗ്ഗത്തിന് സംവരണം ഉറപ്പാക്കാനുള്ള മാനദണ്ഡം ആ വര്‍ഗ്ഗത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസില്‍ ലഭിച്ചിട്ടില്ലാ എന്നതായിരിക്കണം.
    സുപ്രീംകോടതി വിധിയുടേയും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പിന്നാക്ക സംവരണം നമ്മുടെ രാജ്യത്ത് നിലവിലുള്ളത്. ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍പ്പെട്ട ആര്‍ട്ടിക്കിള്‍ 16(4)ലെ ഒഴിവാക്കാന്‍ കഴിയാത്ത വ്യവസ്ഥയാണ് പിന്നാക്ക സംവരണം. അതുകൊണ്ട് തന്നെ ഈ ആനുകൂല്യം നിഷേധിക്കാന്‍ രാജ്യത്തെ ഒരു ഭരണകൂടത്തിനും യാതൊരു അധികാരവുമില്ല.
    വിദ്യാഭ്യാസ പരമായും, സാംസ്‌കാരികമായും, സാമ്പത്തികമായും പിന്നണിയില്‍ ആയിപ്പോയവരാണ് നമ്മുടെ രാജ്യത്തെ പിന്നാക്ക ജനവിഭാഗം. സ്വകാര്യ സര്‍വ്വകലാശാലകള്‍ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവിടെ പിന്നാക്കക്കാരുടെ പങ്കാളിത്തം ഉണ്ടായേ മതിയാകൂ. പിന്നാക്ക ജനവിഭാഗങ്ങളെ സ്വകാര്യ സര്‍വ്വകലാശാലകളില്‍നിന്നും മാറ്റി നിര്‍ത്തുവാനുള്ള ബോധപൂര്‍വ്വമായ നീക്കം സംസ്ഥാനത്തെ ജനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ പോകുന്നില്ല. ഫോണ്‍ നമ്പര്‍: 9847132428
    ഇമെയില്‍: [email protected])

Author

Scroll to top
Close
Browse Categories