സർവൈശ്വര്യത്തിന് വേണ്ടി പ്രാകൃതത്വം
നവോത്ഥാനത്തിന്റെ ദീർഘകാല പൈതൃകമുള്ള കേരളം പ്രാകൃത വിശ്വാസ, അനാചാരങ്ങളിലേക്ക് പുനരാനയിക്കപ്പെടുന്നതിന്റെ മന:ശാസ്‌ത്രപരവും സാമൂഹികവുമായ കാരണങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യുകയും നിയമം ശക്തമായി നടപ്പാക്കുകയും ചെയ്യേണ്ട സന്ദർഭമാണിത്. നവോത്ഥാന പാരമ്പര്യത്തെക്കുറിച്ചുള്ള കേരളത്തിന്റെ അവകാശവാദങ്ങൾ ആത്മാർത്ഥമാണോ എന്ന് തെളിയിക്കാനുള്ള അവസരമായാണ് അന്ധവിശ്വാസ നിർമ്മാർജ്ജനനിയമനിർമ്മാണം എന്ന ആശയത്തെ കേരളീയസമൂഹം കാണേണ്ടത്.
സാക്ഷരകേരളം, സംസ്ക്കാര സമ്പന്ന കേരളം, നവോത്ഥാന കേരളം, നമ്പർ വൺ കേരളം, സാമൂഹിക സൂചികകളിൽ ഏറെ മുന്നിലെത്തിയ മഹിതഭൂമി…. നമ്മുടെ കൊച്ചുകേരളത്തിന് ഇങ്ങനെയുള്ള വിളിപ്പേരുകൾ അനവധിയാണ്. അന്ധവിശ്വാസത്തിന്റെയും പ്രാകൃതമായ ആചാരങ്ങളുടെയും ആഭിചാരങ്ങളുടെയും പേരിൽ പരിഷ്‌ക്കൃത സമൂഹത്തെ വെല്ലുവിളിക്കുന്ന കൊടും ക്രൂരതകൾ രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നുണ്ടെങ്കിലും അത്തരം പ്രാകൃതത്വത്തിൽ നിന്ന് വിഭിന്നമാണ് കേരളമെന്ന് വീമ്പ് പറഞ്ഞിരുന്നവരാണ് കേരളീയർ. ആ വിശ്വാസത്തിനാണ് പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയിലൂടെ മങ്ങലേറ്റിരിക്കുന്നത്.സാമൂഹിക പരിഷ്‌ക്കർത്താക്കൾ ഒരു നൂറ്റാണ്ടിനപ്പുറം പൊരുതി നേടി സ്ഫുടം ചെയ്തെടുത്ത കേരളീയ നവോത്ഥാനത്തെ പിന്നോട്ടടിച്ചുവെന്ന പ്രതീതിയാണ് അത്യന്തം ഹീനവും പ്രാകൃതവുമായ ഈ കൃത്യത്തിലൂടെ ഉളവായിരിക്കുന്നത്.
ദേവിപ്രീതിയ്ക്കും ഐശ്വര്യവും സമ്പത്തും ആർജ്ജിക്കാനും എന്ന പേരിൽ രണ്ട് സ്ത്രീകളുടെ ജീവനെടുത്ത ഇരട്ട നരബലി മലയാളികളുടെ മന:സാക്ഷിയെ ഞെട്ടിച്ച മഹാദുരന്തമായി. അതിന് ഇരയായത് കാലടി മറ്റൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശിനി റോസ്‌ലി (49), കൊച്ചി എളംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് സേലം ധർമ്മപുരി സ്വദേശിനി പത്മം (52) എന്നിവരാണ്. ലോട്ടറി വില്പനക്കാരായ ഇരുവരെയും കേസിലെ ഒന്നാം പ്രതിയും ദുർമന്ത്രവാദിയുമായ പെരുമ്പാവൂർ വെങ്ങോല വേഴപ്പള്ളി വീട്ടിൽ മുഹമ്മദ് ഷാഫി സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് പത്തനംതിട്ട ഇലന്തൂരിൽ ഭഗവൽ സിംഗിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. അവിടെ വച്ച് രണ്ടാം പ്രതി ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ നാട്ടുവൈദ്യനായ കെ.വി ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല (55) എന്നിവർ ചേർന്ന് അതിപൈശാചികമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തുക മാത്രമല്ല, കൊല്ലപ്പെട്ടവരുടെ മാംസം പാകംചെയ്ത് ഭക്ഷിക്കുകയും ചെയ്തുവെന്നത്, പ്രതികളെ നരഭോജികളുടെ ഗണത്തിലും എത്തിക്കുന്നതായി. ഇക്കഴിഞ്ഞ ജൂൺ 8- ന് രാത്രിയാണ് ദുർമന്ത്രവാദത്തിനിടെ റോസ്‌ലിയെ കട്ടിലിൽ കൈകൈലുകൾ ബന്ധിച്ച ശേഷം കഴുത്തറുക്കുകയും ശരീരം പല കഷ്ണങ്ങളാക്കുകയും ചെയ്തത്. സെപ്തംബർ 26- ന് രാത്രി സമാന മാതൃകയിൽ പത്മയെയും ബലികൊടുത്തു. നഗ്നരാക്കി കെട്ടിയിട്ടും കഴുത്തറുത്തും രഹസ്യഭാഗത്തടക്കം ദേഹം മുഴുവൻ മുറിവുണ്ടാക്കിയും പാത്രത്തിൽ ശേഖരിച്ച രക്തം മന്ത്രവാദത്തിന്റെ ഭാഗമായി വീടിനു ചുറ്റും തളിച്ചു. മൂന്ന് പ്രതികളും അറസ്റ്റിലായതോടെയാണ് നടുക്കുന്ന ഇരട്ട നരബലിയുടെ ചുരുളഴിഞ്ഞത്.
ലോട്ടറി വില്പനക്കാരിയായ റോസ്‌ലിനെ ജൂൺ 8 മുതൽ കാലടിയിൽ നിന്ന് കാണാതായതായി പൊലീസിൽ പരാതി ലഭിച്ചെങ്കിലും പൊലീസ് മാൻ മിസിംഗിന് കേസെടുത്തതല്ലാതെ കാര്യമായ അന്വേഷണം നടത്തിയില്ല.
മാൻ മിസിംഗ് കേസിൽ
തുടക്കം
ലോട്ടറി വില്പനക്കാരിയായ റോസ്‌ലിനെ ജൂൺ 8 മുതൽ കാലടിയിൽ നിന്ന് കാണാതായതായി പൊലീസിൽ പരാതി ലഭിച്ചെങ്കിലും പൊലീസ് മാൻ മിസിംഗിന് കേസെടുത്തതല്ലാതെ കാര്യമായ അന്വേഷണം നടത്തിയില്ല. പത്മത്തെ സെപ്തംബർ 26- ന് കൊച്ചിയിൽ നിന്ന് കാണാതായതായി പിറ്റെ ദിവസം സഹോദരി കടവന്ത്ര പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഫേസ് ബുക്കിൽ ശ്രീദേവി എന്ന പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച ഷാഫി ‘സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും സമീപിക്കുക’ എന്ന പോസ്റ്റിട്ടത് കണ്ടാണ് പത്തനംതിട്ട ഇലന്തൂരിലെ ഹൈക്കു കവിയും തിരുമ്മൽ വിദഗ്ദ്ധനുമായ ഭഗവൽ സിംഗ് രണ്ട് വർഷം മുമ്പ് ബന്ധപ്പെട്ടത്. ശ്രീദേവിയായി ചമഞ്ഞ ഷാഫി ഭഗവൽ സിംഗുമായി ചുരുങ്ങിയ സമയം കൊണ്ട് ബന്ധം സ്ഥാപിച്ചു. സാമ്പത്തികാഭിവൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദിയായ ഒരാളെ തനിക്ക് പരിചയമുണ്ടെന്നും സിംഗിനെ വിശ്വസിപ്പിച്ചു. മന്ത്രവാദത്തിന്റെ ഫലങ്ങൾ കേട്ട് വിശ്വസിച്ച സിംഗിന്റെ ക്ഷണപ്രകാരം മന്ത്രവാദിയുമായി വീട്ടിലെത്താമെന്ന് ഷാഫി അറിയിച്ചു. ഷാഫി തന്നെയാണ് മന്ത്രവാദിയായി സിംഗിന്റെ വീട്ടിലെത്തിയത്. അപ്പോൾ മാത്രമാണ് സിംഗും ഭാര്യയും ഷാഫിയെന്ന മന്ത്രവാദിയെ ആദ്യമായി കാണുന്നത്. ശ്രീദേവിയും സിദ്ധനും ഒരാളാണെന്ന് അവർക്കറിയില്ലായിരുന്നു. ദോഷം മാറാൻ നരബലി തന്നെ വേണമെന്നും അതിനായി ആളിനെ താൻ എത്തിക്കാമെന്നും പറഞ്ഞ് ഷാഫി ലക്ഷങ്ങൾ പ്രതിഫലമായി വാങ്ങി. ജൂൺ 8- ന് രാത്രി റോസ്‌ലിനെ വീട്ടിലെത്തിച്ചു. സിനിമ ഷൂട്ടിംഗിന്റെ ഭാഗമെന്ന് ധരിപ്പിച്ച് നഗ്നയാക്കി കട്ടിലിൽ കിടത്തിയ റോസ്‌ലിനെ തലയ്ക്കടിച്ച് ബോധരഹിതയാക്കി. തുടർന്ന് കഴുത്തറുത്തു. മാറിടങ്ങൾ അറുത്തുമാറ്റി, രഹസ്യഭാഗത്ത് മുറിവുണ്ടാക്കി അവിടെനിന്നും രക്തം താലത്തിൽ ശേഖരിച്ചു. ഇത് വീടിനു ചുറ്റും തളിക്കുകയും വീടിനോട് ചേർന്ന കാവിൽ പൂജയ്ക്കും വച്ചു. വീട്ടുപറമ്പിൽ നേരത്തെ ചവർ മൂടാനെന്ന് പറഞ്ഞ് കൂലിപ്പണിക്കാരെക്കൊണ്ട് നിർമ്മിച്ച കുഴിയിലാണ് അഞ്ചു കഷ്ണങ്ങളാക്കിയ റോസ്‌ലിന്റെ ശരീര ഭാഗങ്ങൾ കുഴിച്ചിട്ടത്. സെപ്തംബർ 26- നാണ് പത്മയെ സമാനമായ രീതിയിൽ മൂവരും ചേർന്ന് ബലിയർപ്പിച്ചത്. റോസ്‌ലിനെ ബലിനൽകിയിട്ടും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടില്ലെന്ന് പരാതിപ്പെട്ട ഭഗവൽ സിംഗിനോട് ഷാഫി പറഞ്ഞത്, കുടുംബത്തിന്റെ ദോഷം മാറിയെന്നും ഒരു നരബലി കൂടി നടത്തിയാലേ സാമ്പത്തിക സ്ഥിതി മെച്ചപ്പടൂ എന്നുമാണ്. തുടർന്നാണ് പത്മയെ എത്തിച്ചത്. മൂന്ന് പ്രതികളും ചേർന്ന് കഴുത്തറുത്താണ് രണ്ട് സ്ത്രീകളെയും കൊലപ്പെടുത്തിയത്.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ കണ്ടെത്തിയാണ് ദുർമന്ത്രവാദി കൂടിയായ ഷാഫി നരബലിക്ക് ഇരയാക്കുന്നത്. സ്വന്തം സ്‌ക്കോർപ്പിയോ വാനിലാണ് സ്ത്രീകളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചത്. സ്‌ക്കോർപ്പിയോയുടെ ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും ഷാഫിയെ കുടുക്കാൻ പ്രധാന തെളിവായി. ഭഗവൽസിംഗിന്റെ വീട്ടുവളപ്പിൽ നാലിടത്തുനിന്നായാണ് സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയത്. പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹം 56 കഷ്ണങ്ങളാക്കിയും റോസിലിന്റേത് അഞ്ചുഭാഗങ്ങളാക്കിയുമാണ് കുഴിച്ചിട്ടത്. കുഴിയിൽ ആയുധങ്ങളും കുങ്കുമം തേച്ച കല്ലും ബാഗും കണ്ടെത്തിയതായി ദക്ഷിണമേഖലാ ഡി.ഐ.ജി ആർ.നിശാന്തിനി പറഞ്ഞു. റോസ്‌ലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടമായി ലഭിച്ചത് അസ്ഥികൂടമാണ്. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസഭാഗം ആഭിചാരക്രിയയുടെ ഭാഗമായി കറിവച്ച് കഴിച്ചതായും പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
നാട്ടിൽ മാന്യൻ,
സാംസ്ക്കാരിക പ്രവർത്തകൻ
ഇലന്തൂരിലെ പേരുകേട്ട മൈലയ്ക്കൽ എന്ന വൈദ്യർ കുടുംബാംഗമായ ഭഗവൽ സിംഗ് നാട്ടുകാർക്ക് സുപരിചിതനും സി.പി.എമ്മിന്റെ പ്രാദേശിക നേതാവുമാണ്. നാട്ടിലെ സാംസ്ക്കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങൾക്കെല്ലാം മുൻ പന്തിയിൽ നിൽക്കുന്ന സിംഗിനെക്കുറിച്ച് നാട്ടുകാർക്ക് ഭിന്നാഭിപ്രായമില്ല. വീട്ടിൽ തന്നെ പാരമ്പര്യ വൈദ്യ ചികിത്സയും തിരുമ്മലും ഉള്ളതിനാൽ മിക്കപ്പോഴും അതിനായി ആളുകളെത്തും. അതിനാൽ അവിടെ എത്തുന്നവരെക്കുറിച്ച് പരിസരവാസികൾക്ക് സംശയമേതും ഉണ്ടായില്ല. ആദ്യഭാര്യ മരിച്ചതിനെ തുടർന്നാണ് ലൈലയെ വിവാഹം കഴിച്ചത്. ആദ്യഭാര്യയിലെ മകൾ വിവാഹിതയായി ഗൾഫിലാണ്. രണ്ടാംഭാര്യയിലെ മകനും വിദേശത്താണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സിദ്ധനായെത്തിയ ഷാഫിയുടെ പ്രലോഭനങ്ങളിൽ ഇവർ കുടുങ്ങിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. ലൈലയുമായി കൂടുതൽ അടുപ്പത്തിലായ ഷാഫി, പൂജയുടെ പേരിൽ ഇവരുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാഫി പെരുമ്പാവൂർ ചെമ്പറക്കിയിൽ വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒരു വർഷം മുമ്പാണ് എറണാകുളത്തെത്തിയത്. ഷേണായീസ് റോഡിലെ വാടകക്കെട്ടിടത്തിൽ ആദ്യം കഞ്ഞിക്കട നടത്തി. പിന്നീട് മിന്നൽവേഗത്തിലായിരുന്നു ഇയാളുടെ വളർച്ച. തൊട്ടടുത്ത കട വാടകയ്ക്കെടുത്ത് ഹോട്ടൽ തുടങ്ങി. കൊല്ലപ്പെട്ട പത്മം ഉൾപ്പെടെ ലോട്ടറി വില്പനക്കാർ ഒത്തുചേരുന്ന ചിറ്റൂർ റോഡിലെ ലോട്ടറി തട്ടിനടുത്താണ് ഷാഫിയുടെ ഹോട്ടൽ. ഇവരിൽ പലരും ഷാഫിയുടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുമായിരുന്നു. ഇങ്ങനെയാണ് റോസ്‌ലിനുമായും പത്മയുമായും പരിചയപ്പെട്ടതെന്നാണ് പൊലീസ് പറഞ്ഞത്.
കേരളം അന്ധവിശ്വാസങ്ങളുടെ വിഹാരഭൂമിയായി മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്നതാണ് ഇലന്തൂരിലേതിന് സമാനമായി അടിയ്ക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾ.
ചരിത്രാതീത കാലം
മുതലേ…
മനുഷ്യ ചരിത്രത്തിന്റെ ആരംഭം മുതലേ നരബലിയും ഉണ്ടായിരുന്നതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നുണ്ട്. ആചാരത്തിന്റെ ഭാഗമായി ഒന്നോ അതിലധികമോ മനുഷ്യരെ കൊല്ലുന്ന പ്രവൃത്തിയാണ് നരബലി. ദൈവ പ്രീതിക്കായും, മരിച്ച പൂർവ്വികരുടെ ആത്മാക്കളെ പ്രീതിപ്പെടുത്താനുമൊക്കെയാണ് നരബലികൾ. ചില ഗോത്ര സമൂഹങ്ങളിൽ നരബലി ആചാരത്തിന്റെ ഭാഗമാണ്. ദേവതാപ്രീതി, ഭൂമിയുടെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നതിനും, അമാനുഷിക ശക്തികൾ സ്വായത്തമാക്കാനും, മരണാനന്തരം സ്വർഗ്ഗം ലഭിക്കാനും, രോഗമുക്തി, സന്താനഭാഗ്യം, സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കാനും തുടങ്ങി വ്യത്യസ്ത നേട്ടങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു നരബലി നടത്തിയിരുന്നത്. ഒട്ടുമിക്ക പൗരാണിക സംസ്കാരങ്ങളിലും നരബലി നിലനിന്നിരുന്നതായി കാണാം.
അന്ധവിശ്വാസങ്ങളുടെ
വിഹാരഭൂമി
കേരളം അന്ധവിശ്വാസങ്ങളുടെ വിഹാരഭൂമിയായി മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്നതാണ് ഇലന്തൂരിലേതിന് സമാനമായി അടിയ്ക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾ. 1981- ഡിസംബറിൽ ഇടുക്കി പനംകുട്ടിയിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് സോഫിയ എന്ന വീട്ടമ്മയെ കൊന്നുകുഴിച്ചു മൂടി. തമിഴ് നാട്ടുകാരനായ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം നടത്തിയ ആഭിചാരക്കൊലയ്ക്ക് ശേഷം മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട് ചാണകവും മെഴുകി. പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. അതേവർഷം ജൂലായിൽ മുണ്ടിയെരുമയിൽ നിധിയ്ക്കായി 9-ാം ക്ളാസ്സുകാരനെ പിതാവും സഹോദരിയും അടക്കം 6 പേർ ചേർന്ന് ചേർന്ന് കൊലപ്പെടുത്തി. കണ്ണുകളും മൂക്കും കുത്തിക്കീറി അത്യന്തം മൃഗീയമായിട്ടായിരുന്നു കൊല. 6 പ്രതികളെയും ജീവപര്യന്തം ശിക്ഷിച്ചു. 2010- സെപ്‌തംബറിൽ ആലപ്പുഴ പുന്നപ്രയിൽ ഏഴ് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ അച്ഛൻ തൂക്കിയെടുത്ത് നിലത്തടിച്ചുകൊന്ന സംഭവം മറക്കാറായിട്ടില്ല. ജനിക്കുമ്പോഴേ കുഞ്ഞിന്റെ വായിൽ പല്ലുണ്ടെങ്കിൽ അച്ഛന് ദോഷമാകുമെന്ന അന്ധവിശ്വാസമാണ് ഈ കൊലയ്‌ക്ക് കാരണം. കുഞ്ഞ് ജീവിച്ചാൽ അത് അച്ഛന് ദോഷമാകുമെന്ന് ധരിപ്പിച്ചത് ഒരു ജ്യോത്സ്യനായിരുന്നു. നിധി കിട്ടാൻ അയൽപക്കത്തെ കുഞ്ഞിനെ കഴുത്തറുത്ത് കാളിക്ക് ബലി നൽകിയ ഡോക്‌ടർ ദമ്പതികൾ ജീവിക്കുന്നതും കേരളത്തിൽ തന്നെ. 2012- ഒക്ടോബറിൽ തിരുവനന്തപുരം പൂവാറിൽ മന്ത്രവാദം ചോദ്യംചെയ്ത ക്രിസ്തുദാസ്, ആന്റണി എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായി. ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ ജീവനൊടുക്കിയത് ദുർമന്ത്രവാദത്തെ തുടർന്നാണെന്നറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയതായിരുന്നു ഇരുവരും. കേസിലെ 6 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചു. 2014- ജൂലായിലാണ് കൊല്ലം കരുനാഗപ്പള്ളിയിൽ ജിന്നൊഴിപ്പിക്കലിനിടെ മന്ത്രവാദിയുടെ ചവിട്ടേറ്റ് ഹസീന എന്ന യുവതി കൊല്ലപ്പെട്ടു. മന്ത്രവാദി സിറാജുദ്ദീൻ അറസ്റ്റിലായി. അതേവർഷം ആഗസ്റ്റിൽ പൊന്നാനി കാഞ്ഞിരമുക്ക് നിസാറിന്റെ അഞ്ചുമാസം ഗർഭിണിയായ ഭാര്യ ഫർസാന മന്ത്രവാദത്തിനിടെ മരിച്ചു. ഈ കേസ് വിചാരണനടക്കുകയാണ്. 2018 -ആഗസ്റ്റിൽ ഇടുക്കി വണ്ണപ്പുറത്ത് മൂർമന്ത്രവാദിയായ കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, രണ്ട് മക്കൾ എന്നിവരെ സഹായി അനീഷ് കൊന്ന് കുഴിച്ചുമൂടി. കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയുണ്ടെന്ന് വിശ്വസിച്ച അനീഷ് അത് അപഹരിക്കാനാണ് കൂട്ടക്കൊല നടത്തിയത്. 2019- മാർച്ചിൽ കൊല്ലം ഓയൂരിൽ തുഷാര എന്ന യുവതിയെ ഭർത്താവും ഭർത്തൃമാതാവും ചേർന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തി. ബാധ ഒഴിപ്പിക്കാമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് നൽകിയിരുന്നത്. വെറും 20 കിലോഗ്രാമായിരുന്നു മരിക്കുമ്പോൾ തുഷാരയുടെ തൂക്കം. 2021-ഫെബ്രുവരിയിലാണ് പാലക്കാട് പുതുപ്പള്ളി തെരുവിൽ 6 വയസ്സുകാരനെ മാതാവ് ഷാഹിദ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അള്ളാഹുവിന്റെ പ്രീതിയ്ക്കായി ബലികഴിച്ചുവെന്നാണ് ഷാഹിദ വെളിപ്പടുത്തിയത്.
മടങ്ങിവരുന്നു,
അന്ധവിശ്വാസങ്ങൾ
ഇന്ന് ജീവിതത്തിന്റെ മുഴുവൻ രംഗങ്ങളെയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഗ്രസിച്ചിരിക്കുന്നു. ഗ്രഹനില, വിവാഹവും ദാമ്പത്യവും, ആർത്തവവും പ്രസവവും, ഗൃഹവും വാസ്‌തുവുമായി ബന്ധപ്പെട്ടവ, പ്രകൃതിയിലെ പ്രതിഭാസങ്ങൾ, യാത്ര, വാഹനം മുതലായവയുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ അന്ധവിശ്വാസം കടന്നുചെല്ലാത്ത ഒരു മേഖലയുമില്ലെന്നു കാണാം.
പ്രാകൃതമായ അന്ധവിശ്വാസങ്ങൾ പലതും നവോത്ഥാന നായകരുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിന്ന് നിഷ്‌കാസിതമാവുകയായിരുന്നു. ഭർത്താവ് മരിച്ചാൽ ഭാര്യ, ഭർത്താവിന്റെ ചിതയിൽ ചാടി ആത്മാഹൂതി ചെയ്യുന്ന സതി' എന്ന അനാചാരം 18-19 നൂറ്റാണ്ടുകളിൽ രാജ്യത്തുണ്ടായിരുന്നു. ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് അത് കൂടുതൽ പ്രചാരത്തിലിരുന്നത്. 1817- ലെ ബംഗാൾ പ്രസിഡൻസിയുടെ കണക്കുപ്രകാരം അക്കാലത്ത് 700 ഓളം സ്‌ത്രീകൾ 'സതി' അനുഷ്ഠിച്ചിട്ടുണ്ട്. 1812- മുതൽ രാജാറാം മോഹൻറായ്
സതി’ക്കെതിരെ ശക്തമായി രംഗത്തുവരികയും ജനങ്ങളെ ബോധവത്‌കരിക്കുകയും ചെയ്‌തതിനെത്തുടർന്ന് 1829- ൽ വില്യം ബെന്റിക് പ്രഭു സതി ഔദ്യോഗികമായി നിരോധിച്ചു. നിയമംമൂലം നിരോധിച്ചാലും മനുഷ്യമനസ്സിൽ രൂഢമൂലമായ വിശ്വാസങ്ങൾ പുനരുജ്ജീവിക്കുമെന്നതിന്റെ ഉദാഹരണമാണ് 1987- ൽ രാജസ്ഥാനിൽ രൂപ്‌കൻവർ എന്ന വിധവയെ ഭർത്താവിന്റെ ചിതയിൽ തള്ളിയിട്ട സംഭവം. തുടർന്ന് ആ വർഷം രാജസ്ഥാൻ സർക്കാർ `സതി’ക്കെതിരെ പുതിയ നിയമം ആവിഷ്‌കരിച്ചു. 1988- ൽ പാർലമെന്റ് അതംഗീകരിക്കുകയും ചെയ്‌തു. ശക്തമായ നിയമമുണ്ടായിട്ടും രാജസ്ഥാനിലെ ഗ്രാമങ്ങളിൽ ശിശുവിവാഹവും സതിയുമൊക്കെ രഹസ്യമായി നടക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ ദുർമൂർത്തികൾക്ക് മനുഷ്യരെ കുരുതികൊടുക്കുന്ന ആചാരത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട സംഭവങ്ങൾ ഇന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അമ്മയും സഹോദരങ്ങളും ചേർന്ന് കുഞ്ഞിനെ വെട്ടിനുറുക്കി നരബലി നൽകിയ സംഭവം 2006- ൽ ഉത്തർപ്രദേശിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. 2009- ൽ മഹാരാഷ്‌ട്രയിലെ വിദർഭയിൽ നടുക്കുന്ന മറ്റൊരു സംഭവമുണ്ടായി. സന്താനസൗഭാഗ്യം നേടാൻ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ദമ്പതികൾ 5 കുട്ടികളെ കുരുതി നൽകി. കുട്ടികളെ തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നു. 2011-ൽ ഛത്തീസ്‌ഗഡിൽ നിന്ന് നരബലിയുടെ മറ്റൊരു കഥ റിപ്പോർട്ട് ചെയ്യപ്പെട്ടു. യു പി യിലെ ബരാബാങ്കിയിൽ ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കുളിപ്പിച്ച് പ്രാർത്ഥനകൾ ഉരുവിട്ട് വാൾ കൊണ്ട് കഴുത്തിന് വെട്ടിക്കൊന്ന രാജ്‌കുമാർ ചൗരസ്യ എന്ന യുവാവ് തന്റെ ഭാവിജീവിതം ശോഭനമാക്കാൻ കാളിദേവിയുടെ പ്രീതിക്കു വേണ്ടി അത് ചെയ്‌തുവെന്നാണ് പറഞ്ഞത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടയ്ക്കിടെ മനുഷ്യക്കുരുതിയുടെ ഇത്തരം ഞെട്ടിക്കുന്ന വാർത്തകൾ വരുമ്പോഴൊക്കെ പ്രബുദ്ധ മലയാളി അതിനെതിരെ ഉറഞ്ഞുതുള്ളിയിരുന്നു. .
കഴിഞ്ഞ 15 വർഷത്തിനിടെ പ്രേതബാധയുടെ പേരിൽ 2500 വനിതകൾ ഇന്ത്യയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 2001-2008 കാലത്ത് ജാർഖണ്ഡിൽ മാത്രം 452 സ്‌ത്രീകൾ പ്രേത ചികിത്സയെ തുടർന്ന് കൊല്ലപ്പെട്ടിട്ടുണ്ട്. 2001-06 കാലത്ത് അസമിൽ 300 പേരും 2005-10 കാലത്ത് ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ മാത്രം 35 പേരും ബീഹാറിലെ മുസാഫർപൂരിൽ ഏതാനും സ്‌ത്രീകളും വ്യത്യസ്‌ത അന്ധവിശ്വാസങ്ങൾക്ക് ഇരകളായിട്ടുണ്ട്. പൊലീസ് കേസെടുത്ത റിപ്പോർട്ടുകൾ മാത്രമാണ് പുറം ലോകം അറിയുന്നത്. അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന കൊലകളും ബലികളും മഹാഭൂരിപക്ഷവും പുറത്തറിയുന്നില്ല.
കരട്ബില്ല് തട്ടിക്കളിച്ച് കേരളം
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാൻ മഹാരാഷ്ട്രയിൽ പാസ്സാക്കിയ നിയമത്തിന്റെ മാതൃകയിൽ എട്ടു വർഷം മുമ്പ് കേരളത്തിലും കരട് ബില്ല് തയ്യാറാക്കിയെങ്കിലും അത് നിയമമാക്കാൻ ബില്ല് കൊണ്ടുവന്ന യു.ഡി.എഫ് സർക്കാരും തുടർന്നു വന്ന എൽ.ഡി.എഫ് സർക്കാരും താത്പര്യം കാട്ടുന്നില്ല. 2014 -ജൂലായിൽ കരുനാഗപ്പള്ളി തഴവയിലും ആഗസ്റ്റിൽ പൊന്നാനിയിലും സ്ത്രീകൾ ദുർമന്ത്രവാദ കൊലയ്ക്ക് ഇരയായ സാഹചര്യത്തിലാണ് അടിയന്തരമായി നിയമം കൊണ്ടുവരാൻ 2014- ൽ ഉമ്മൻചാണ്ടി സർക്കാർ നടപടി തുടങ്ങിയത്. എ.ഡി.ജി.പി ആയിരുന്ന എ.ഹേമചന്ദ്രൻ തയ്യാറാക്കി നൽകിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കരട് ബില്ലവതരിപ്പിച്ചത്. ഇടത് സർക്കാർ വന്നപ്പോൾ ബില്ലിന്റെ പരിധി വിശാലമാക്കാൻ നിയമപരിഷ്ക്കാര കമ്മിഷന് വിട്ടു. പരിഷ്ക്കരിച്ച ബില്ല് കഴിഞ്ഞ വർഷം ഒക്ടോബറിൽ സർക്കാരിന് കൈമാറി. ഒന്നാം പിണറായി സർക്കാരിൽ കോൺഗ്രസ് അംഗം അന്തരിച്ച പി.ടി തോമസും (2017) ഇപ്പോഴത്തെ നിയമസഭയിൽ സി.പി.എം അംഗം കെ.ഡി പ്രസേനനും (2021) സ്വകാര്യ ബില്ലുകൾ കൊണ്ടുവന്നു. എന്നാൽ സർക്കാർ തന്നെ ബില്ല് കൊണ്ടു വരുമെന്ന് ഉറപ്പ് നൽകി സ്വകാര്യ ബില്ലുകൾ സഭ തള്ളുകയായിരുന്നു. നിയമ പരിഷ്ക്കാര കമ്മിഷൻ റിപ്പോർട്ടും കരട് ബില്ലും സംബന്ധിച്ച് അഭിപ്രായ ശേഖരണം നടത്തി വരികയാണെന്നാണ് ഇപ്പോൾ നിയമവകുപ്പ് വൃത്തങ്ങൾ പറയുന്നത്. ബില്ല് നിയമമാക്കാതെ തട്ടിക്കളിക്കുന്ന സർക്കാർ നിലപാടിനെതിരെ ആക്ഷേപം ഉയരുകയാണ്. നിയമം നിലവിലുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇലന്തൂരിൽ രണ്ട് സ്ത്രീകളുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുകയില്ലായിരുന്നുവെന്ന ചിന്ത ശക്തമാണ്.