പി. ഗംഗാധരന്‍ അഭിമാന ധനനായ ത്യാഗിവര്യന്‍

സമുദായസ്നേഹിയുംആദ്യകാല കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന പി.ഗംഗാധരന്റെ 38-ാം ചരമ വാർഷികദിനമായിരുന്നു മാർച്ച് 21.1985ൽ ‘അഭിമാനി ‘വാരിക പ്രസിദ്ധീകരിച്ച പി.ഗംഗാധരൻ സ്മരണികയിൽ ശ്രീനാരായണ ധര്‍മ്മ പ്രചാരകനും പണ്ഡിതനുമായ ഡോ: പി ആര്‍ ശാസ്ത്രി എഴുതിയ ഓർമ്മക്കുറിപ്പ്.

ഡോ. പി.ആര്‍. ശാസ്ത്രി

‘സജാതോ യേനജാതേന
ജാതി വംശ സമുന്നതിന്‍
പരിവര്‍ത്തിനി സംസാരേ
മൃത:കോവാന ജായതേ’

സദാ തിരിഞ്ഞു കൊണ്ടിരിക്കുന്ന സംസാരചക്രത്തില്‍ ജനനമരണങ്ങള്‍ നിത്യസംഭവങ്ങളാണല്ലോ. എന്നാല്‍ ആരുടെ ജനനം കൊണ്ടാണോ തന്റെ വംശം ഔന്നത്യം പ്രാപിക്കുന്നത് അവനാണ് ജനിച്ചവന്‍ എന്ന പേരിന് അര്‍ഹനായിത്തീരുന്നത്. നിമിഷം തോറും ലോകത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഇവരുടെ ജനനവാര്‍ത്തയോ മരണവാര്‍ത്തയോ ആരറിയുന്നു. ജനങ്ങളില്‍ മഹാഭൂരിപക്ഷം പേരും അവരവരുടെ പരിത:സ്ഥിതിക്കനുസരിച്ച് ജീവിതം നയിച്ച് കാലയവനികയ്ക്കുള്ളില്‍ മറയുന്നു. എന്നാല്‍ കോടിക്കണക്കിന് ജനങ്ങളുടെ ഇടയില്‍ ഒരാള്‍ മാത്രം പരിത:സ്ഥിതിയെ സൃഷ്ടിക്കുന്നു.

‘മനുഷ്യാണാം സഹസ്രേഷു
കശ്ചിത്ദ്യതതി സിദ്ധയേ
യതനാമപിസിദ്ധാനാം
കശ്ചിന്‍മാം വേത്തിതത്വത:’

ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്ന ഒരു വാക്യമാണിത്. ആയിരക്കണക്കിന് ജനങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രം സിദ്ധിക്കുവേണ്ടി യത്‌നിക്കുന്നു. അപ്രകാരം യത്‌നിക്കുന്ന സിദ്ധന്മാരില്‍ ഒരാള്‍ മാത്രം എന്നെ അറിയുന്നു. ഇത് ഈശ്വരപരമായി ചിന്തിക്കുന്നവരെ ലക്ഷ്യമാക്കി പറഞ്ഞ ഒരഭിപ്രായമാണ്. ഈ തത്വം ശ്രീനാരായണഗുരുദേവന് സര്‍വ്വഥാ അനുയോജ്യമായ ഒന്നാണ്. ദൈവീകമായ കാര്യത്തെപ്പറ്റിയാണ് ഈ പരാമര്‍ശമെങ്കിലും മനുഷ്യര്‍ക്ക് പൊതുവേ ബാധകമായ ഒരു വിഷയമായും ഞാനിത് കണക്കാക്കുന്നു. മനുഷ്യരില്‍ മഹാഭൂരിപക്ഷം പേരും ‘ഉണരണമിന്നിയുറങ്ങണം ഭുജിച്ചീടണമശനം പുണരേണമെന്നീവണ്ണം’ ഗുരുദേവന്‍ പ്രഖ്യാപിക്കുന്നതു പോലെ ഭക്ഷണം കഴിക്കുക; ഉറങ്ങുക, ഉണരുക, വംശോല്പാദനകര്‍മ്മം നിര്‍വഹിക്കുക, മുതലായ ജന്തുസഹജമായ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവരാണ്. വളരെ ചുരുക്കം പേര്‍ മാത്രം താന്‍ ജനിച്ച ചുറ്റുപാടുകളെ സസൂക്ഷ്മം വീക്ഷിച്ച് അതിന്റെ വ്യവസ്ഥയ്ക്കുള്ള ദോഷങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കാന്‍ ജീവിതം ഉഴിഞ്ഞിടുന്നവരായിട്ടുണ്ട്. ചരിത്രം പരിശോധിച്ചാല്‍ ഇപ്രകാരമുള്ള പല നെടുംതൂണുകളേയും ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാന്‍ കഴിയും.

ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്ന ഒരു വാക്യമാണിത്. ആയിരക്കണക്കിന് ജനങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രം സിദ്ധിക്കുവേണ്ടി യത്‌നിക്കുന്നു. അപ്രകാരം യത്‌നിക്കുന്ന സിദ്ധന്മാരില്‍ ഒരാള്‍ മാത്രം എന്നെ അറിയുന്നു. ഇത് ഈശ്വരപരമായി ചിന്തിക്കുന്നവരെ ലക്ഷ്യമാക്കി പറഞ്ഞ ഒരഭിപ്രായമാണ്. ഈ തത്വം ശ്രീനാരായണഗുരുദേവന് സര്‍വ്വഥാ അനുയോജ്യമായ ഒന്നാണ്.

‘യഥായഥാഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതിഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം

ഇതും ശ്രീകൃഷ്ണന്റെ വചനമാണ്. ലോകത്തില്‍ എപ്പോള്‍ ധര്‍മ്മം നശിച്ച് അധര്‍മ്മം വര്‍ദ്ധിക്കുന്നുവോ അപ്പോള്‍ ഞാന്‍ അവതരിച്ച് ധര്‍മ്മം പുനസ്ഥാപിക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. മതപരമായി ഇപ്രകാരം വ്യാഖ്യാനിക്കപ്പെടുന്ന ഈ ആശയം മറ്റെല്ലാ നിലകളിലും തന്നെ വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. ഓരോ ദേശത്തിലും ഓരോ കാലത്തും അതാതിന് അനുയോജ്യങ്ങളായ ധര്‍മ്മങ്ങള്‍ ആചരിക്കുവാന്‍ ഓരോ മഹാന്മാര്‍ ഭൂജാതരായിട്ടുണ്ട്. യേശുക്രിസ്തു, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍,മുഹമ്മദ് നബി, ശ്രീരാമകൃഷ്ണദേവന്‍, ശ്രീനാരായണഗുരുദേവന്‍ മുതലായ ലോകഗുരുക്കന്മാരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. ഇതുപോലെതന്നെ പൂര്‍ണ്ണാവതാരങ്ങളും അംശാവതാരങ്ങളുംഎന്നു പറയുന്നതു പോലെ അതാതു കാലത്തിനനുസരണമായി പരിവര്‍ത്തനം സൃഷ്ടിക്കുന്നവരേയും ഈ പംക്തിയില്‍ പെടുത്താവുന്നതാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാഗാന്ധി നേതൃത്വം വഹിച്ചപ്പോല്‍ പണ്ഡിറ്റ് നെഹ്‌റു, രാജഗോപാലാചാരി, മോത്തിലാല്‍ നെഹ്‌റു, പട്ടേല്‍, ഷൗക്കത്താലി, മുഹമ്മദാലി, സരോജിനി നായിഡു മുതലായവര്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട എത്ര ഉന്നത വ്യക്തികളാണ് അന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഗാന്ധിജിയുടെ ശിഷ്യന്മാരായി ഉടലെടുത്തത്.

അതുപോലെ ഭാരതഭൂമിയെ വിഴുങ്ങും ജാതിയോടടരിനായി ശ്രീനാരായണഗുരുദേവന്‍ ഭാരതത്തിന്റെ തെക്കേ അറ്റമായ കേരളത്തില്‍ അവതരിച്ചപ്പോള്‍ ഡോ. പല്പുവും മഹാകവി കുമാരനാശാന്‍, സി. കൃഷ്ണന്‍, സി.വി. കുഞ്ഞുരാമന്‍, ടി.കെ. മാധവന്‍, മൂര്‍ക്കോത്തു കുമാരന്‍, സഹോദരനയ്യപ്പന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍ മുതലായ വിവിധ മേഖലകളില്‍ അന്യാദൃശമായ മഹത്വം നിറഞ്ഞ എത്രയെത്ര നേതാക്കന്മാരാണ് ഗുരുദേവന്റെ അന്തേവാസികളെന്ന നിലയില്‍ തന്റെ ധര്‍മ്മം നിറവേറ്റുവാന്‍ മുന്നോട്ടു വന്നത്. അവരുടെ പംക്തിയില്‍ പലതുകൊണ്ടും പരിഗണനയര്‍ഹിക്കുന്ന ഒരു പുരുഷകേസരിയാണ് ദീര്‍ഘകാലത്തെ നിരന്തരമായ സമരം കൊണ്ടും കര്‍മ്മപരിപാടികള്‍ കൊണ്ടും പിന്നോക്ക വിഭാഗങ്ങളുടെ ഉദ്ധാരണത്തിനായി ജീവിതം സമര്‍പ്പിച്ച് കാലയവനികയില്‍ മറഞ്ഞു പോയ ശ്രീ. പി. ഗംഗാധരന്‍.

20-ാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടം ഭാരതത്തില്‍ പൊതുവേയും ബംഗാളിലും കേരളത്തിലും പ്രത്യേകിച്ചും സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഒരു കാലഘട്ടമായിരുന്നല്ലോ. രാജാറാം മോഹന്‍‌ റായ്, മഹര്‍ഷി രവീന്ദ്രനാഥടാഗോര്‍ മുതലായവര്‍ ബംഗാളിലും, ദയാനന്ദസരസ്വതിയെപ്പോലുള്ളവര്‍ പഞ്ചാബിലും ഹിന്ദുമത പരിഷ്‌കരണത്തിനുവേണ്ടി വേല ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തില്‍ ഭാരതത്തിനാകെ തന്നെ അനുകരണീയമാം വിധം അഗാധതലസ്പര്‍ശിയായ ഒരു പരിവര്‍ത്തനം ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറത്ത് ബീജാവാപം ചെയ്തു. ഹിന്ദുമത പരിഷ്‌ക്കാരം മാത്രമല്ല മനുഷ്യസമുദായത്തെ ഒട്ടാകെ സ്പര്‍ശിക്കത്തക്ക ഏകലോക സാഹോദര്യം ലക്ഷ്യമാക്കി നിശ്ശബ്ദമായ നിലയില്‍

‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’

എന്ന് അരുവിപ്പുറത്ത് ഒരു പാറക്കല്ലില്‍ ശിവലിംഗ പ്രതിഷ്ഠ നിര്‍വഹിച്ചു കൊണ്ട് സമീപത്ത് കെട്ടിയുണ്ടാക്കിയ ഭിത്തിയില്‍ രേഖപ്പെടുത്തിയതാണ് മുന്‍ ഉദ്ധരിച്ച അതിലളിതമായ പദ്യശകലം. ആ ആശയം നടപ്പിലാക്കുകയാണ് അതു കഴിഞ്ഞ് 15 കൊല്ലത്തിനു ശേഷം ആരംഭിച്ച ശ്രീനാരായണ ധര്‍മ്മപരിപാലന യോഗവും അതിനെ തുടര്‍ന്നുള്ള മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും നിര്‍വഹിച്ചത്. ജാതി സംഹാരമായിരുന്നു ഗുരുദേവന്റെ ജീവിത ലക്ഷ്യം. പരിഷ്‌കാര സൂര്യന്‍ മദ്ധ്യാഹ്നത്തിലെത്തി തന്റെ പ്രകാശമാനങ്ങളായ കിരണങ്ങള്‍ ലോകമെങ്ങും പ്രസരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തുപോലും ജാതിയുടെ പേരില്‍ ഭാരതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന രാക്ഷസീയങ്ങളായ സംഭവങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് ഏകദേശം ഒരു നൂറ്റാണ്ടിനു മുമ്പേ ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തിലെ സ്ഥിതിയെപ്പറ്റി ഊഹിക്കുകയാണ് ഭേദം. ഈ ജാതി കോട്ട തകര്‍ക്കുവാന്‍ ഗുരുദേവന്റെ പരിപാവനമായ നിര്‍ദ്ദേശമനുസരിച്ച് പലനിലകളിലുള്ള അനുയായികള്‍ വിവിധ മാര്‍ഗ്ഗങ്ങളില്‍ കൂടി സേവനം നിര്‍വഹിച്ചു. അവരില്‍ തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവരുമെന്ന് പരിഗണിക്കപ്പെട്ടിരുന്ന സഹോദരന്മാരെ ഒരുമിച്ചിരുത്തി ആഹാരം കഴിക്കുകയെന്ന ഒരു പ്രായോഗിക മാര്‍ഗ്ഗം യുവാവായ കെ. അയ്യപ്പന്‍ ആറു ദശാബ്ദത്തിനു മുമ്പേ ചെറായിയില്‍ വച്ചു നടത്തപ്പെട്ടു. ആ സഹോദരനയ്യപ്പന്‍ കൊടുങ്കാറ്റു പോലെ കേരളമെങ്ങളും സഞ്ചരിച്ച് ജാതികോട്ടകള്‍ തകര്‍ക്കുവാന്‍ ചെയ്ത വേലകള്‍ വലിയ കോളിളക്കം ഉണ്ടാക്കി.

ജാതിയെ നശിപ്പിക്കുവാന്‍ ആത്മാര്‍ത്ഥതയോടെ പരിശ്രമിച്ച സഹോദരന്‍ ജാതി, മതത്തെ ആശ്രയിച്ചിരിക്കുന്നതു കൊണ്ട് ജാതി നശിക്കണമെങ്കില്‍ മതം നശിക്കണം, മതം ദൈവത്തിലധിഷ്ഠിതമായതുകൊണ്ട് മതം ഇല്ലാതാക്കാന്‍ ദൈവവും ഇല്ലാതാകണമെന്നും ദൈവത്തെ നിലനിറുത്തുന്നത് ധനമായതുകൊണ്ട് ധനത്തിന്റെ ആധിപത്യം വഹിക്കുന്ന മുതലാളിത്വവും ഇല്ലാതാകണമെന്ന തീരുമാനത്തിലെത്തി, അതുകൊണ്ട് നിര്‍ജ്ജാതിത്വം, നിര്‍മതത്വം, നിര്‍ദൈവത്വം, നിര്‍ദ്ധനത്വം എന്നീ നാലു മുദ്രാവാക്യങ്ങളെയാണ് അദ്ദേഹം ഉയര്‍ത്തി പിടിച്ചത്. ഈ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ സഹോദരന്‍ എന്ന പേരില്‍ ഒരു പത്രം ആദ്യം മാസികയായും പിന്നീട് വാരികയായും പ്രചരിപ്പിച്ചു. ഈഴവരാദി സമുദായങ്ങള്‍ക്ക് ഭരണം ലഭിച്ചാലേ അവരുടെ അവശത പരിഹരിക്കാന്‍ കഴിയൂ എന്നദ്ദേഹം പ്രവചിച്ചു അതുകൊണ്ട് രാഷ്ട്രീയ ശക്തിസമ്പാദിക്കണമെന്ന് സഹോദരന്‍ ഉദ്‌ഘോഷിച്ചു. ആ സഹോദരനയ്യപ്പന്റെ ശരിയായ അനുയായി എന്ന നിലയിലാണ് പി. ഗംഗാധരന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യം കൊച്ചി എസ്.എന്‍.ഡി.പി യോഗത്തിന്റെ സംഘടനാ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും, കൊച്ചി സംസ്ഥാനം മുഴുവനും എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്തത്.

ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ മാര്‍ക്‌സിന്റെ തത്വശാസ്ത്രം റഷ്യ, ചൈന മുതലായ വലിയ രാജ്യങ്ങളില്‍ പ്രചരിപ്പിക്കുകയും ആ രണ്ടു രാജ്യങ്ങളില്‍ കമ്യൂണിസ്റ്റു ഭരണം നിലവില്‍ വരികയും ചെയ്തു. അതിന്റെ സ്വാധീനം ഇന്ത്യയിലും ഉടലെടുത്തു. മറ്റ് വിപ്ലവപ്രസ്ഥാനങ്ങളെപ്പോലെ ബംഗാളിലും കേരളത്തിലുമാണ് അതിന് ആദ്യമായി പ്രചാരം ലഭിച്ചത്. എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തനം വഴി ശ്രീനാരായണ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച പി. ഗംഗാധരന്‍ കമ്യൂണിസ്റ്റ് തത്വസംഹിതയില്‍ ആകൃഷ്ടനായി. തന്റെ നേതാവായ സഹോദരനയ്യപ്പനും അക്കാലത്ത് ഈ ആശയം അംഗീകരിച്ച നേതാവായിരുന്നു. ഏതു പ്രസ്ഥാനത്തില്‍പ്പെട്ടാലും തികഞ്ഞ ആത്മാര്‍ത്ഥതയും കഠിനശ്രമവും, ത്യാഗശീലവും കൈമുതലാക്കിയിട്ടുള്ള പി.ജി. അധികം വൈകാതെ കമ്യൂണിസ്റ്റ് നേതാക്കളുടെ മുന്‍നിരയിലെത്തി. എന്നാല്‍ കേരളത്തില്‍ ഏത് രാഷ്ട്രീയ കക്ഷിയിലായാലും ജാതിചിന്ത നശിച്ചാലേ പിന്നോക്കക്കാര്‍ക്ക് ഗുണമുണ്ടാകുകയുള്ളു എന്നദ്ദേഹം വിശ്വസിച്ചു. സമുദായ പ്രാതിനിധ്യം വഴിക്കല്ലാതെ ഉദ്യോ ഗ നിയമനങ്ങളില്‍ പ്രാതിനിധ്യം ലഭിക്കുക സാദ്ധ്യമല്ലെന്ന സഹോദരന്റെ അഭിപ്രായം അനുസരിച്ച്പാര്‍ട്ടിയില്‍ അക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ സാമുദായിക കാര്യം അവിടെ ചര്‍ച്ച ചെയ്യാന്‍ സാദ്ധ്യമല്ലെന്ന നിലവന്നതുകൊണ്ട് പി.ജി. പാര്‍ട്ടി വിട്ടുപോരുകയും എസ്.എന്‍.ഡി.പി യോഗത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. അങ്ങിനെ ചെയ്തിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന് കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ഉയര്‍ന്ന പദവി ലഭിക്കാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ പലരും കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവി വഹിക്കുന്നവരാണ്. അഭിമാനത്തിന് ഏറ്റവും വലിയ പ്രാധാന്യം നല്‍കുന്ന അദ്ദേഹം താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും വളര്‍ത്തിയെടുക്കുവാനും സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജീവാത്മാവായി മാറി. അതിന്റെ പ്രചരണത്തിനുവേണ്ടി അഭിമാനി എന്ന വാരിക ഉപയോഗിക്കുകയും ചെയ്തു.

എസ്.എന്‍.ഡി.പി യോഗത്തിന്റെ 70-ാം വാര്‍ഷികത്തിലാണ് എസ്.ആര്‍.പി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തത്. എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നു. കേരളത്തിന്റെ ഭരണാരംഭം മുതല്‍ തന്നെ ഏതു ചെറിയ പാര്‍ട്ടിക്കും ഒരംഗമെങ്കിലും നിയമസഭയില്‍ ഉണ്ടായാല്‍ മന്ത്രിയാകാന്‍ കഴിയുമെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് തെളിയിച്ചു. കേരളത്തിലെ എന്തുകൊണ്ടും പ്രഥമഗണനീയമായ ഒരു സമുദായമാണല്ലോ ക്രൈസ്തവര്‍. അവര്‍ കേരളാകോണ്‍ഗ്രസ് എന്ന പേരില്‍ ഒരു രാഷ്ട്രീയസംഘടന സ്ഥാപിച്ചു. അതിന് എത്രയോ മുമ്പു തന്നെ മുസ്ലീംലീഗ് നിലവില്‍ വന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയാണവര്‍ക്കുള്ളതെങ്കിലും വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും അവരുടെ നില വളരെ പിന്നിലായിരുന്നു. എന്നാല്‍ ഈ രണ്ട് രാഷ്ട്രീയ സംഘടനകള്‍ വഴി ആ രണ്ടു സമുദായങ്ങള്‍ക്കും പല മേന്മകളും സിദ്ധിച്ചു. എണ്ണത്തില്‍ ഏറ്റവും കൂടുതലായ ഈഴവരാദി പിന്നോക്ക സമുദായങ്ങളുടെ അവശത രാഷ്ട്രീയമായ സംഘടനകൊണ്ടേ പരിഹരിക്കാനാവൂ എന്ന് പിന്നോക്ക സമുദായ ഫെഡറേഷന്‍ തീരുമാനിച്ചു. അതിനുമുമ്പേ തന്നെ കേരളത്തിലെ സമുദായങ്ങളില്‍ പല നിലകളിലും ഉന്നതപദവി പരമ്പരയായി കൈക്കൊണ്ടുവരുന്ന നായര്‍ സമുദായവും എന്‍.ഡി.പി.എന്നപേരില്‍ ഒരു രാഷ്ട്രീയ സംഘടനസ്ഥാപിക്കുകയും അവരില്‍ നിന്നും ജനപ്രതിനിധികളെ തെരഞ്ഞെടുത്തു ഭരണത്തില്‍ പങ്കാളികളാവുകയും ചെയ്തു.കുറെകൂടി കഴിഞ്ഞിട്ടാണ് എസ്.ആര്‍.പി.ക്ക് പല എതിര്‍പ്പുകളേയും അതിജീവിച്ച് രണ്ടംഗങ്ങളെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതും എസ്.ആര്‍.പി. ചെയര്‍മാനെന്ന നിലയില്‍ ശ്രീ. എന്‍. ശ്രീനിവാസന്‍ മന്ത്രിസഭയില്‍ അംഗമായതും. ഭരണഭാരം വഹിച്ചില്ലെങ്കിലും എസ്.ആര്‍.പി.യുടെ വളര്‍ച്ചക്ക് ആരംഭകാലം മുതല്‍ അന്ത്യശ്വാസം വരെ കഠിനപ്രയത്‌നം ചെയ്ത് ആ സംഘടനയ്ക്ക് ഒരു മേല്‍വിലാസമുണ്ടാക്കിയ പി.ജി.യുടെ നാമധേയം പിന്നോക്ക സമുദായങ്ങളെല്ലാം എന്നും കൃതജ്ഞതാപൂര്‍വം സ്മരിക്കേണ്ടതാണ്. അദ്ദേഹം രോഗശയ്യയില്‍ കിടക്കുമ്പോള്‍ തന്നെ സന്ദര്‍ശിക്കുവാന്‍ ചെന്ന ശ്രീമത് ഗീതാനന്ദസ്വാമികളോട് എന്റെ മക്കള്‍ പിണങ്ങാതെ നോക്കണം സ്വാമിയെന്ന് പറഞ്ഞ കാര്യം സ്വാമിയില്‍ നിന്നും എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു.

എസ്.ആര്‍.പി.ക്കാര്‍ തമ്മിലടിക്കാതെ നോക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ വിവക്ഷ. കേരളത്തിന്റെ അഭിമാനഭാജനമായ ആ വീര പുരുഷന്റെ, ത്യാഗിവര്യന്റെ സ്മരണയ്ക്കു മുമ്പില്‍ നമുക്ക് നമോവാകം അര്‍പ്പിക്കാം.

Author

Scroll to top
Close
Browse Categories