ആരുപറയും ജീവന്റെ വില
വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും വന്യജീവികളുടെ വിളയാട്ടമെങ്കിലും ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളും ഈ പ്രശ്നം നേരിടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും പിന്നാക്ക, ആദിവാസി, ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതൃത്വവും അധികാരികളും മറ്റു മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാണിക്കുന്ന ഉത്സാഹം ഈ ദരിദ്രകര്‍ഷകരുടെ കാര്യത്തില്‍ കാണിക്കാറില്ല- പ്രജീഷ് എന്ന യുവകർഷകനുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ലേഖകൻ വിശദീകരിക്കുന്നു
വന്യമൃഗങ്ങള്‍ നാടിറങ്ങുകയും അധികാരികള്‍ കണ്ണടക്കുകയും ചെയ്തപ്പോള്‍ വയനാട്ടിലെ ക്ഷീരകര്‍ഷകനായ പ്രജീഷിന് നല്‍കേണ്ടി വന്നത് സ്വന്തം ജീവന്. ഇത് ആദ്യസംഭവമല്ല. കടുവയുടെയും കാട്ടാനയുടെയും കരടിയുടേയും ആക്രമണത്തില്‍ അംഗഭംഗം വന്നും മറ്റും ആശുപത്രിക്കിടക്കയില്‍ അനങ്ങാനാവാതെ കിടക്കുന്നവര്‍ ഏറെ.
കാട് കൈയ്യേറ്റത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും കഥ പറഞ്ഞ് ഇനി മുന്നോട്ടു പോകാനാകില്ല. ആക്രമണകാരികളായ കടുവകളെ കാട്ടില്‍ നിന്ന് പുറത്തു കടന്നാല്‍ പിടികൂടി വെടിവെച്ചു കൊല്ലുക തന്നെ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. കടുവയേയും മാനിനേയും നായാടുന്നത് നിരോധിച്ച നയത്തിലും വേണം മാറ്റം.വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും വന്യജീവികളുടെ വിളയാട്ടമെങ്കിലും ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളും ഈ പ്രശ്നം നേരിടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഏറെയും പിന്നാക്ക, ആദിവാസി, ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതൃത്വവും അധികാരികളും മറ്റു മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാണിക്കുന്ന ഉത്സാഹം ഈ ദരിദ്രകര്‍ഷകരുടെ കാര്യത്തില്‍ കാണിക്കുന്നില്ല. ഭീതിയും ആശങ്കയും നിറഞ്ഞ അന്തരീക്ഷമാണ് മിക്കയിടങ്ങളിലും. വീടിന് പുറത്തിറങ്ങാനോ കൃഷിയിടങ്ങളില്‍ ജോലിക്ക് പോകാനോ ഭയം. വയനാടിന്റെ പല ഭാഗങ്ങളിലും കര്‍ഫ്യൂവിന് സമാനമായ അവസ്ഥ
പ്രജീഷിന്റെ ദുരന്തം:
പ്രതിഷേധം ഇരമ്പി
ക്ഷീര കര്‍ഷകനായ പ്രജീഷ് തോട്ടത്തില്‍ പുല്ലരിയാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണത്തിൽ ദുരന്തമുണ്ടായത്. വൈകീട്ട് മൂന്നുമണിക്ക് മൂടക്കൊല്ലിക്കടുത്ത് നാരായണപുരത്താണ് 36 കാരനായ പ്രജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിവുപോലെ രാവിലെ വാഹനവുമായി വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പോയ പ്രജീഷിനെ വൈകിയും കാണാതായതോടെ അമ്മ ശാരദ അയല്‍വാസികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സഹോദരനും അയല്‍വാസികളും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഈ സമയം കടുവ സമീപത്ത് തന്നെയുണ്ടായിരുന്നു. ഇവരെ കണ്ടതോടെ കടുവ ശബ്ദമുണ്ടാക്കി മാറി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ ചെതലയം റെയ്ഞ്ചില്‍ ഇരുളം ഫോറസ്റ്റ് സെക്ഷനില്‍ പെടുന്ന ഭാഗത്താണ് സംഭവം.
ഇരുഭാഗവും കാപ്പിത്തോട്ടവും മദ്ധ്യത്തിലായി പുല്ല് വളര്‍ന്ന് നില്ക്കുന്ന വയലുമാണ്. പ്രജീഷ് അവിവാഹിതനാണ്. പിതാവ്-പരേതനായ കുട്ടപ്പന്. സഹോദരങ്ങള്‍: മജീഷ്, ജിഷ.
നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലുക, നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. അതിനിടെ, ഡി.എഫ്.ഒ. ഷജന കരീം സ്ഥലത്തെത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. എല്ലാ സുരക്ഷയും സഹായവും നല്‍കാമെന്ന് ഡിഎഫ് ഒ ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്കി.കടുവയെ പിന്നീട് കൂട്ടിലാക്കി. ഒമ്പത് വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ ഏഴ് പേരാണ് ജില്ലയില്‍ കൊല്ലപ്പെട്ടത്.
മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ വെള്ളാരംകുന്ന് പള്ളിപ്പുറത്ത് തോമസ് (50) കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷം ഒന്ന് തികഞ്ഞില്ല. വീണ്ടും ദുരന്തമുണ്ടായി.വാകേരിയില്‍ ഒരാഴ്ച മുമ്പ് വരെ കടുവയെ കണ്ടതായി പ്രദേശവാസികള്‍ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നിട്ടും കടുവയെ പിടികൂടാന്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. ഈ കടുവയാണ് ദുരന്തത്തിന് വഴിവെച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പ്രദേശത്തു നിന്നും മറ്റൊരു കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു.
ആക്രമണം
തുടർക്കഥയായി
പുല്‍പ്പള്ളി സുരഭി കവലയില്‍ രണ്ടാഴ്ച മുമ്പ് രാവിലെ ആറുമണിക്ക് മുറ്റത്തേക്കിറങ്ങിയ ഷാജി കണ്ടത് വഴിയില്‍ കടുവയെ. ഷാജിയെ കണ്ടയുടനെ കടുവ വീടുകള്‍ക്കിടയിലൂടെ സമീപത്തെ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.
ഈ സംഭവത്തിന് ഒരാഴ്ച മുമ്പും ഇവിടെ നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു. രാത്രി സുഖമായി റോഡ് മുറിച്ചു കടന്നു പോകുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വനപാലകര്‍ എത്തി. എന്നാല്‍ കടുവയുടെ കാല്‍പ്പാടുകള്‍ പോലും കണ്ടെത്താനായില്ല. മണ്ണ് ഉണങ്ങിക്കിടക്കുകയാണത്രെ. സി.സി.ടി.വി. ക്യാമറ വയ്ക്കാമെന്ന ഉറപ്പുനല്‍കി ഫോറസ്റ്റുകാര് മടങ്ങി. ഗ്രാമശ്രീക്കവല, ആലത്തൂര്‍, താന്നിത്തെരുവ് തുടങ്ങി പലപ്രദേശങ്ങളിലും കടുവ വിലസുന്നതായി നാട്ടുകാര്‍ നേരിട്ട് കണ്ടു. പാല് കര്‍ഷകരാണ് ഇവിടെ ഏറെയും. പശുക്കിടാങ്ങളെയാണ് കടുവ ഏറെയും ഇരയാക്കുന്നത്. പുലര്‍ച്ചെ പുല്ലരിയാന്‍ കര്‍ഷകര്‍ക്ക് തോട്ടത്തില്‍ പോകാന്‍ കഴിയാത്ത അവസ്ഥ. പുല്ലരിയാന്‍ കുനിഞ്ഞിരുന്ന മനുഷ്യനെ പന്നിയാണെന്ന് തെറ്റിദ്ധരിച്ച് കടിച്ചു കൊല്ലുകയാണെന്ന് വനംവകുപ്പ്.
കല്‍പ്പറ്റയ്ക്കു സമീപം സ്കൂളിനടുത്ത് പുലിയെ കണ്ടതോടെ കുട്ടികള്‍ തനിച്ച് യാത്ര ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി. കൂട് സ്ഥാപിച്ച് പുലിയെ പിടിക്കുകയോ അല്ലെങ്കില്‍ തുരത്തുകയെങ്കിലും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂട് സ്ഥാപിച്ചാല്‍ തന്നെ കടുവ അതില്‍ കയറാറില്ലെന്ന പ്രശ്നവുമുണ്ട്.
ബത്തേരിക്കടുത്ത് മൂടക്കൊല്ലി, ചൂരിമല, അരിവയല്‍ എന്നിവിടങ്ങളില്‍ കടുവ പന്നി ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നു. ചൂരിമലയില്‍ പോത്തിനെ കൊന്ന് തിന്ന കടുവയെ കണ്ടെത്താന്‍ വനപാലര്‍ നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ബൈക്ക് യാത്രക്കാരനെ കടുവ പിന്തുടര്‍ന്ന സംഭവമുണ്ടായി. ഭാഗ്യം തുണച്ചതുകൊണ്ട് ഇയാള്‍ രക്ഷപ്പെട്ടു. കുറെ ദൂരം കടുവ തന്നെ പിന്തുടര്ന്നതായി ബൈക്ക് യാത്രക്കാരന് പറഞ്ഞു.ഡിസംബറില്‍ പുലിയുടെ ആക്രമണത്തിനിരയായി യുവതി മരിച്ച ഗൂഢല്ലൂര്‍ കൂവംമലയില് അടുത്ത കാലത്ത് പുലി പശുവിനെ കൊന്നു. ഇതിനിടെ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം വയനാട്ടില്‍ തലവേദനയാകുന്നുണ്ട്. തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാകുമ്പോള്‍ വനം വകുപ്പിനെതിരെ നാട്ടുകാരുടെ രോഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വാക്കുതര്‍ക്കങ്ങളും ഉണ്ടാകും. നാട്ടുകാര്‍ക്കെതിരെ ഗുരുതരവകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസെടുത്തുവെന്നാണ് പരാതി.എന്നാല്‍ നിരീക്ഷണം നടത്താനും കൂട് സ്ഥാപിക്കാനുമെത്തുന്ന ജീവനക്കാരെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുന്നുവെന്നാണ് വനംവകുപ്പിന്റെ പരാതി.
കേരളത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷബാധിത പ്രദേശങ്ങള്‍ – 1004
ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍- വയനാട് സൗത്ത്, വയനാട് നോര്‍ത്ത്, നിലമ്പൂര്‍ നോര്‍ത്ത്.
2011-2022
വന്യജീവി ആക്രമണങ്ങള്‍ – 34,785,
മരണം – 1233,
ഗുരുതര പരിക്ക് – 6803.
കാടിറങ്ങുന്നതിന്റെ
കാരണങ്ങള്‍
- ആഗോളതലത്തിലുണ്ടായ കാലാവസ്ഥ വ്യതിയാനം. വനത്തിന്റെ സ്വഭാവിക ഘടനയില്‍ മാറ്റം വന്നു.
- വനത്തിൽ ഭക്ഷ്യലഭ്യതയിലും ജലലഭ്യതയിലും ഉണ്ടായ കുറവ്.
- വനാതിര്‍ത്തിയിലെ കാര്‍ഷികവിളകളുടെ സ്വഭാവത്തിലുണ്ടായ മാറ്റം.
- ആനകളുടെ സ്ഥിരം സഞ്ചാരപാത (ആനത്താര) അടച്ച് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.
- നായാട്ട് നിരോധനം, വന്യജീവികളുടെ എണ്ണം വന്‍തോതില്‍ കൂടി.
കടുവകൾ കൂടുതൽ
വയനാട്ടിൽ
കടുവ സങ്കേതങ്ങളില്‍ രണ്ട് പതിറ്റാണ്ടോളം സീനിയര്‍ നാച്വറലിസ്റ്റായി പ്രവര്‍ത്തിച്ച ഡേവിഡ്രാജു പറയുന്നു
- കടുവകളില്‍ 99 ശതമാനവും മനുഷ്യനെ കണ്ടാല്‍ പേടിച്ചോടും. പന്നിയാണെന്ന് തെറ്റിദ്ധരിച്ചാണ് കാട്ടില്‍ ഇരുന്നും മറ്റും ജോലി ചെയ്യുന്ന മനുഷ്യരെ കടുവ പിടികൂടുന്നത്.
- പ്രായം കുറഞ്ഞ കടുവകളാണെങ്കില് അവയെ മയക്ക് വെടിവെച്ച് മറ്റുകാടുകളിലേക്ക് മാറ്റുന്നതാണ് ഉചിതം.
- കാപ്പിത്തോട്ടങ്ങള്‍ കാടിന് സമാനമായ വിഭവങ്ങള്‍ കടുവയ്ക്ക് നല്കുന്ന മേഖലയാണ്. വര്‍ഷം മുഴുവന്‍
പച്ചിലകളുള്ള കാപ്പിത്തോട്ടത്തിനകത്ത് മ്ളാവ്, പന്നിപോലുള്ള ജീവികളും ഏറെ.
അതിനെയൊക്കെ പിടിക്കാന്‍ കടുവയിറങ്ങും. - വയനാട് കടുവാ സങ്കേതമല്ല. എന്നിട്ടും കടുവകളുടെ എണ്ണം കൂടുതല്‍.
- ലോകത്തിലെ തന്നെ ഏറ്റവും കടുവ സാന്ദ്രതയുള്ള സ്ഥലമാണ് വയനാട്. അഞ്ച് ചതുരശ്രകിലോമീറ്ററില്‍ ഒരു കടുവ.
- ഒരു കടുവയ്ക്ക് പ്രതിവര്‍ഷം ഭക്ഷിക്കാന്‍ 50-60 മാനുകളോ മറ്റ് ജീവികളോ വേണം. വെള്ളം വേണം.
- വയനാട്ടിലെ പ്രായം കുറഞ്ഞ കടുവകളെ മയക്ക് വെടിവെച്ച് പിടിച്ച് മറ്റേതെങ്കിലും കാട്ടില്‍ തള്ളാം. രാജ്യത്തെ കടുവസങ്കേതങ്ങളില്‍ പത്തെണ്ണത്തിലെങ്കിലും രണ്ടോ മൂന്നോ കടുവകളേയുള്ളു.