ഇ ബസിന് നോ എൻട്രി, പുക ബസ് മതി
ഗതാഗത സംവിധാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ നഗരങ്ങളിലുടനീളം 38,000 ഇ ബസുകൾ വിന്യസിക്കാനുള്ള ‘പി.എം. ഇ -ബസ് സേവ’ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ട് വർഷങ്ങളായി. പദ്ധതി പ്രകാരം ഇ ബസുകൾ നേടിയെടുക്കാൻ മറ്റു സംസ്ഥാനങ്ങൾ മത്സരിക്കുമ്പോഴാണ് കേരളം മാത്രം പുരോഗതിയോട് മുഖം തിരിച്ചു നിൽക്കുന്നത്.കെ.എസ്.ആർ.ടി.സിക്ക് 2000 ഓളം ഇലക്ട്രിക് ബസുകൾ (ഇ ബസ്) ലഭിക്കാനുള്ള സാദ്ധ്യതയോട് മുഖം തിരിച്ച് ‘പുകഞ്ഞോടുന്ന’ ഡീസൽ ബസുകൾ മതിയെന്ന അറുപിന്തിരിപ്പൻ തീരുമാനം കൈക്കൊള്ളാനാണ് മന്ത്രി കെ.ബി ഗണേശ് കുമാറിന്റെ നീക്കം.
ഇലക്ട്രിക് വാഹനങ്ങൾക്ക് ലോകത്ത് പൊതുവെ സ്വീകാര്യതയേറുന്ന കാലമാണിത്. പരിസ്ഥിതി സൗഹൃദവും ഇന്ധനലാഭവും മലിനീകരണം ഇല്ലെന്നതും മാത്രമല്ല, യാത്രയ്ക്ക് സുഖകരവുമാണ് ഇലക്ട്രിക് വാഹനങ്ങൾ. ഡീസലിലും പെട്രോളിലും പുകഞ്ഞോടുന്ന വാഹനങ്ങളോട് ലോകരാജ്യങ്ങൾ ഗുഡ്ബൈ പറയാൻ കാത്തുനിൽക്കെ ഇങ്ങ് കേരളത്തിലെ ഗതാഗതമന്ത്രിക്ക് ഇനിയും നേരം വെളുത്തിട്ടില്ല. കെ.എസ്.ആർ.ടി.സിക്ക് 2000 ഓളം ഇലക്ട്രിക് ബസുകൾ (ഇ ബസ്) ലഭിക്കാനുള്ള സാദ്ധ്യതയോട് മുഖം തിരിച്ച് ‘പുകഞ്ഞോടുന്ന’ ഡീസൽ ബസുകൾ മതിയെന്ന അറുപിന്തിരിപ്പൻ തീരുമാനം കൈക്കൊള്ളാനാണ് മന്ത്രി കെ.ബി ഗണേശ് കുമാറിന്റെ നീക്കം.
ഗതാഗത സംവിധാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ നഗരങ്ങളിലുടനീളം 38,000 ഇ ബസുകൾ വിന്യസിക്കാനുള്ള ‘പി.എം. ഇ -ബസ് സേവ’ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ട് വർഷങ്ങളായി. പദ്ധതി പ്രകാരം ഇ ബസുകൾ നേടിയെടുക്കാൻ മറ്റു സംസ്ഥാനങ്ങൾ മത്സരിക്കുമ്പോഴാണ് കേരളം മാത്രം പുരോഗതിയോട് മുഖം തിരിച്ചു നിൽക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 950 ഇ ബസുകൾ കേരളം നഷ്ടപ്പെടുത്തിയിരുന്നു. കേരളം ഇപ്പോൾ മനസ് വച്ചാൽ ആദ്യം അനുവദിച്ച 950 ബസുകളടക്കം രണ്ടായിരത്തോളം ബസുകൾ കേരളത്തിന് ലഭിക്കുമെന്നാണ് സൂചന.
2025- 2029 കാലയളവിൽ 3435. 33 കോടി രൂപ മുടക്കി സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 38,000 ഇ ബസുകളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുക. ബസുകൾ വാടകയ്ക്കാണ് നൽകുന്നതെന്നതിനാൽ ബസ് വാങ്ങാൻ സംസ്ഥാനങ്ങൾ ഭീമമായ തുക കണ്ടെത്തേണ്ട കാര്യമില്ല. നിത്യനിദാന ചിലവുകൾക്കു പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന കെ.എസ്.ആർ.ടി.സിക്ക് വലിയ ആശ്വാസമാകുന്ന പദ്ധതിയോട് വകുപ്പ് മന്ത്രി മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് കൈകൊടുക്കാത്ത നടപടി സുഖകരമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാരോടുള്ള വെല്ലുവിളിയായാണ് വിലയിരുത്തുന്നത്.
മന്ത്രി മാറിയപ്പോൾ
നയവും മാറി
950 ഇ ബസുകൾ വാങ്ങാൻ സംസ്ഥാന ധനവകുപ്പിന്റെ ഗാരണ്ടി കേ ന്ദ്രത്തിന് നൽകാൻ ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ നടപടികൾ നീക്കിയിരുന്നു. എന്നാൽ ആന്റണി രാജു മാറി ഗണേശ് കുമാർ മന്ത്രിയായി വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. അന്നത്തെ സി.എം.ഡി ബിജുപ്രഭാകർ ഇ ബസിന് അനുകൂല നിലപാടെടുത്തതോടെ മന്ത്രി ഗണേശുമായി ഭിന്നതയിലായി. അതോടെ പുതിയ ഇ ബസുകൾ വാങ്ങാനുള്ള എല്ലാ ടെണ്ടറുകളും കെ.എസ്.ആർ.ടി.സി റദ്ദാക്കി. അതോടൊപ്പം കേന്ദ്രം വാടകയ്ക്ക് നൽകുന്ന 950 ഇ ബസുകൾ ഏറ്റെടുക്കാനുള്ള നടപടികളും സ്തംഭിച്ചു. മന്ത്രിയോട് വിയോജിച്ച് സി.എം.ഡി ബിജു പ്രഭാകർ ഗതാഗത വകുപ്പിനോട് വിടപറഞ്ഞ് പോകുകയും ചെയ്തു. ഇതേ സമയത്ത് മറ്റു സംസ്ഥാനങ്ങൾ കേന്ദ്രത്തിൽ നിന്ന് 3975 ഇ ബസുകൾ നേടിയെടുക്കുകയും ചെയ്തു. സംസ്ഥാനത്തെ 10 നഗരങ്ങളിലൂടെ ഇ ബസ് ഓടാനുള്ള സാദ്ധ്യതയാണ് മന്ത്രിയുടെ മണ്ടൻ തീരുമാനത്തിലൂടെ ഇല്ലാതാകുന്നത്. കൊച്ചി, കോഴിക്കോട്, നഗരങ്ങൾക്ക് 150 വീതവും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 വീതവും ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങൾക്ക് 50 വീതവും ഇ ബസുകൾ ആദ്യഘട്ടത്തിൽ ലഭിക്കേണ്ടതായിരുന്നു.
മിനി ബസ് വാങ്ങി വീണ്ടും മുടിയാൻ…..
കേന്ദ്രം ഇ ബസുകൾ നൽകാൻ തയ്യാറാകുമ്പോഴും കേരളം അത് വേണ്ടെന്ന് വച്ച് പുക വമിപ്പിക്കുന്ന ഡീസൽ ബസുകൾ വാങ്ങി കെ.എസ്.ആർ.ടി.സി യെ കുത്തുപാളയെടുപ്പിക്കാൻ പോകുകയാണെന്നാണ് കോർപ്പറേഷനുമായി ബന്ധപ്പെട്ടവർ നൽകുന്ന മുന്നറിയിപ്പ്. നഗര ഗതാഗതത്തിനായി 305 മിനി ബസുകൾ വാങ്ങാനുള്ള ടെണ്ടർ നടപടികളിലേക്ക് കെ.എസ്.ആർ.ടി.സി കടന്നിരിക്കുകയാണ്. 2001- 03 കാലഘട്ടത്തിൽ ഗണേശ് കുമാറും തുടർന്ന് എൻ. ശക്തനും ഗതാഗത മന്ത്രിയായിരുന്നപ്പോൾ വാങ്ങിക്കൂട്ടിയ മിനിബസുകളാണ് കെ.എസ്.ആർ.ടി.സിയെ കുത്തുപാളയെടുപ്പിച്ച് ഇന്നത്തെ നിലയിലേക്ക് തള്ളിവിട്ടത്. വൻ നഷ്ടക്കച്ചവടമായതായിരുന്നു ആ ഇടപാട്. പുതുതായെത്തിയെങ്കിലും ഒരു ദിവസം പോലും നിരത്തിലിറക്കാതെ കണ്ടം ചെയ്യേണ്ടി വന്ന ബസുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. മിനി ബസിൽ യാത്രക്കാർ കയറാൻ കൂട്ടാക്കാത്തതാണ് പരാജയമായി മാറിയത്. പരമാവധി 30 യാത്രക്കാർക്കേ മിനിബസിൽ കയറാനാകൂ. ഈ ചരിത്രം മറന്ന് വീണ്ടും മിനി ബസുകൾ വാങ്ങാനുള്ള നീക്കം കെ.എസ്.ആർ.ടി.സിയെ പൂട്ടിക്കെട്ടുന്നതിലേക്ക് നയിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ കമ്മിഷൻ തട്ടാനുള്ള നീക്കമായാണ് ഈ ഇടപാടിനെ വിശേഷിപ്പിക്കപ്പെടുന്നത്. 20 പുതിയ ചേസിസ് വാങ്ങുമ്പോൾ ഒരു ചേസിസ് സൗജന്യമായി ലഭിക്കും. കൂടാതെ ഇടപാടിൽ നിന്ന് കമ്മിഷനും ലഭിക്കും.
പണ്ട് ആർ. ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് ഇത്തരത്തിൽ വൻ തോതിൽ കമ്മിഷൻ തട്ടിയെന്ന ആരോപണം ഉയർന്നത്. അന്ന് 12 ചേസിസിന് ഒരു ചേസിസ് സൗജന്യമായിരുന്നു. ഇങ്ങനെ സൗജന്യമായി ലഭിച്ച ചേസിസാണ് പിള്ളയുടെ ഉറ്റ ബന്ധുവിന്റെ സ്വകാര്യ സർവീസ് ബസുകളായി മാറിയതെന്നത് പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോൾ പിള്ളയുടെ ‘പിള്ള’ യും അതേ പാത പിന്തുടരുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ടി.പി സെൻകുമാർ കെ.എസ്.ആർ.ടി.സി എം.ഡി ആയിരുന്ന കാലത്താണ് കമ്മിഷൻ ഏർപ്പാട് അവസാനിപ്പിച്ച് ബസ് ചേസിസ് നിർമ്മാതാക്കളിൽ നിന്ന് ടെണ്ടർ വിളിച്ച് സുതാര്യമായി ബസുകൾ വാങ്ങിയത്. കെ.എസ്.ആർ.ടി.സി ലാഭത്തിൽ പ്രവർത്തിച്ച അപൂർവ ഘട്ടങ്ങളിലൊന്നായിരുന്നു അക്കാലം. ഇപ്പോൾ ഫാസ്റ്റായും സൂപ്പർ ഫാസ്റ്റായും നിരത്തിലോടുന്ന 2200 ഓളം ബസുകൾ വൈകാതെ കട്ടപ്പുറത്താകുന്ന സ്ഥിതിയുമുണ്ട്. 2012- 14 കാലഘട്ടത്തിൽ വാങ്ങിയ ബസുകളാണിത്. 15 വർഷം കഴിഞ്ഞ 1200 ഓളം ബസുകളുടെ കാലാവധി അടുത്തമാസം അവസാനിക്കും. 15 വർഷം തികഞ്ഞപ്പോൾ പ്രത്യേക ഉത്തരവിലൂടെ ഒരു വർഷം കൂടി നീട്ടി നൽകിയ ബസുകളാണിത്. 15 വർഷം പൂർത്തിയാകുന്നതോടെ ബസുകൾ തീരെ ഇല്ലാതാകുന്ന സ്ഥിതിയാകും. ഇടതുമുന്നണി ഭരണം തുടങ്ങി കഴിഞ്ഞ 8 വർഷത്തിനിടെ ഒറ്റ ബസ് പോലും കെ.എസ്.ആർ.ടി.സിക്ക് വേണ്ടി പുതുതായി വാങ്ങിയിട്ടില്ല. കിഫ്ബി ഫണ്ടുപയോഗിച്ച് പുതുതായി ആരംഭിച്ച ‘സ്വിഫ്റ്റ്’ കമ്പനിക്ക് വേണ്ടിയാണ് കുറെ ബസുകൾ വാങ്ങിയത്. കെ.എസ്.ആർ.ടി.സിക്ക് ആകെ 5635 ബസുകളാണുള്ളത്.
കേന്ദ്ര പദ്ധതി ലാഭകരമല്ലെന്ന് മന്ത്രി
കേന്ദ്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പത്ത് നഗരങ്ങൾക്കായി അനുവദിക്കുമെന്ന് പറയുന്ന ഇ ബസുകൾ ലാഭകരമാകില്ലെന്നാണ് മന്ത്രി ഗണേശ് കുമാർ പറയുന്നത്. ഇതുസംബന്ധിച്ച ഫയൽ ഗതാഗത വകുപ്പ് മടക്കി അയക്കുകയും ചെയ്തു. പുതുതായി ഡീസൽ ബസുകൾ വാങ്ങിയാൽ മതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം. പ്ളാൻ ഫണ്ടായി 93 കോടി രൂപ അനുവദിക്കുമെന്ന പ്രതീക്ഷയിൽ 555 ഡീസൽ ബസ് വാങ്ങാനുള്ള പദ്ധതി അനിശ്ചിതത്വത്തിലാണ്. പ്ളാൻ ഫണ്ടുകൾ പകുതിയായി വെട്ടിക്കുറച്ചതാണ് കാരണം. കേന്ദ്രം നൽകുമെന്ന് പറയുന്ന 950 ഇ ബസുകൾ സൗജന്യമായല്ലെന്നും 42 കോടി രൂപ സംസ്ഥാന സർക്കാർ നൽകേണ്ടി വരുമെന്നും അത്രയും തുക നൽകാനാകില്ലെന്നുമാണ് മന്ത്രി പറയുന്നത്. ഡീസൽ ബസുകൾക്ക് കിലോമീറ്ററിന് 65- 70 രൂപ വരെ പ്രവർത്തന ചെലവ് വരുമ്പോൾ ഇ ബസുകൾക്ക് 50 രൂപ വരെ മാത്രമാണ്. ഇ ബസുകൾ ഒരുവട്ടം ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെയും നിരപ്പായ റോഡിൽ 300 കിലോമീറ്റർ വരെയും ഓടാൻ കഴിയും. അറ്റകുറ്റപ്പണികളും കുറവ്. ഒരു ബസ് ഫുൾ ചാർജാകാൻ 45- 60 മിനിറ്റ് മതി. കേന്ദ്രം നൽകുന്ന ഇ ബസുകൾക്ക് 12 വർഷത്തെ മെയിന്റനൻസ് ഗാരണ്ടിയുണ്ട്. കിലോമീറ്ററിന് സംസ്ഥാനം 54 രൂപ വാടക നൽകണം. ഇതിൽ 22 രൂപ കേന്ദ്രം സബ്സിഡിയായി നൽകും ബാക്കി തുക കേരളം വഹിച്ചാൽ മതി. കണ്ടക്ടറെ നിയമിച്ച് ശമ്പളം നൽകുക മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ ചുമതല. കണ്ടക്ടറുടെ വേതനം കിലേമീറ്ററിന് 8 രൂപയാണ്.
ക്രൂഡോയിൽ ഇറക്കുമതി കുറയ്ക്കാൻ..
- 6 ദശലക്ഷം ടൺ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഇതിനായി 11,260 കോടി യു.എസ് ഡോളറാണ് വിദേശനാണ്യ ശേഖരത്തിൽ നിന്ന് ചിലവഴിക്കുന്നത്. അതായത് 7.83 ലക്ഷം കോടി രൂപ. ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ കൈയ്യടക്കിയാൽ ക്രൂഡോയിൽ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനാകും. നിലവിൽ 2.4 കോടി വാഹനങ്ങളാണ് ഇന്ത്യയിൽ പ്രതിവർഷം നിർമ്മിക്കുന്നത്.
ലേഖകന്റെ ഫോൺ: 9446564749