കുസൃതി കുമാരൻ
രസകരവും ഗൗരവതരവുമായ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ആശാന്റെ കുട്ടിക്കാലം. മഹാകുസൃതിക്കാരനായിരുന്നെങ്കിലും പഠിക്കാന്‍ സമര്‍ത്ഥനായിരുന്നതിനാല്‍ ആ കൊച്ചു മിടുക്കന്റെ കുസൃതികള്‍ ആരും ഗൗരവമായെടുത്തിരുന്നില്ല.
രസകരമാണ് കുമാരനാശാന്റെ ചില ജീവിതസന്ദര്‍ഭങ്ങള്‍. ചിലത് ഗൗരവതരവുമാണ്.ശ്രേഷ്ഠനായ ഒരു കവിയുടെ കുട്ടിക്കാലത്തെക്കുറിച്ചറിയാമോ? രസകരവും ഗൗരവതരവുമായ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ആശാന്റെ കുട്ടിക്കാലം.
തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കിലെ കായിക്കര കടലോര ഗ്രാമത്തില്‍ ജനിച്ച കുമാരന്‍ കുസൃതി കുമാരനായിരുന്നു. അതായത് മഹാ കുസൃതി.
വീടിനടുത്തുള്ള നാട്ടുപള്ളിക്കൂടത്തില്‍ ഏഴാമത്തെ വയസ്സില്‍ വിദ്യാഭ്യാസം ആരംഭിച്ച കുമാരന്‍ പഠിത്തത്തില്‍ അതിസമര്‍ത്ഥനായിരുന്നു. അതുകൊണ്ടാകാം ആ കൊച്ചുമിടുക്കന്റെ കുസൃതികള്‍ ആരും അത്ര ഗൗരവമായെടുത്തില്ല.
നാട്ടുവഴിയിലൂടെ വേഗത്തില്‍ ഓടി വലിയ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരിക്കുക, കൂട്ടുകാര്‍ അതുവഴി പോകുമ്പോള്‍ ‘ഉം’ എന്ന് മൂളി ഭയപ്പെടുത്തുക.
ചില നേരങ്ങളില്‍ ചെടികളുടെ ശാഖകളും ഇലകളുമെല്ലാം ദേഹത്തു വച്ചുകെട്ടും. ഇത്തരത്തില്‍ വികൃതമായ വേഷം കെട്ടി ആളുകളുടെ മുമ്പില്‍ പെട്ടെന്ന് ചാടി വീഴും. ആളുകള്‍ ഭയപ്പെടുമ്പോള്‍ തന്റെ വേഷംകെട്ടലാണെന്ന് അവരെ ബോധ്യപ്പെടുത്തി ആര്‍ത്തുചിരിക്കും.
വീടിനു സമീപമുള്ള കോവില്‍ത്തോട്ടം കായലില്‍ കൂട്ടുകാരോട് ചേര്‍ന്ന് കുളിക്കാന്‍ പോകുമ്പോഴാണ് സാഹസികവും രസകരവുമായ കുസൃതികള്‍ ഏറെ അരങ്ങേറുന്നത്.
കായലിന്റെ ഒരു കരയില്‍ നിന്ന് കൂട്ടുകാരോടൊപ്പം കായലിലേക്ക് ചാടും. നീന്തല്‍ മത്സരമാണ്. കുമാരന്‍ തന്നെ മുന്‍പില്‍. നീന്തുന്നതിനിടയില്‍ വെള്ളത്തിലൂടെ ഊളിയിട്ട് അപ്രത്യക്ഷമാകാനും കുറേനേരം കഴിഞ്ഞ് തല ഉയര്‍ത്തി നീന്തി ലക്ഷ്യം കാണാനും കുമാരന്‍ ശ്രദ്ധിച്ചിരുന്നു.
ശ്വാസം എടുത്തുകൊണ്ട് കൂട്ടുകാരോടൊപ്പം കായലില്‍ മുങ്ങുന്നതാണ് മറ്റൊരു വിനോദം. കൂട്ടുകാരിലൊരാള്‍ കരയില്‍ നിന്ന് എണ്ണും. ഏറ്റവും കൂടുതല്‍ സമയം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് ആരാണ്? അത് കണ്ടുപിടിക്കാനുള്ള വിദ്യയാണ് ഈ എണ്ണല്‍. മറ്റു കൂട്ടുകാരെല്ലാം ശ്വാസം കിട്ടാതെ വെള്ളത്തിനു മീതെ ഉയര്‍ന്നുവരും. എന്നാല്‍ കുമാരന്‍ പിന്നെയും ഏറെ നേരം വെള്ളത്തില്‍ കിടക്കും. പല ദിവസങ്ങളിലും കുമാരന്റെ ഈ വികൃതി കുട്ടികളെ പേടിപ്പിച്ചിട്ടുണ്ട്. കുറേനേരം എണ്ണിയിട്ടും കുമാരന്‍ ഉയര്‍ന്നുവരാതെയാകുമ്പോള്‍ കുട്ടികള്‍ ഭയപ്പെടും. അവര്‍ അടുത്ത വീട്ടുകാരെ വിവരമറിയിക്കാന്‍ പോകുമ്പോഴേക്ക് വെള്ളത്തിനടിയില്‍ നിന്ന് കുമാരന്‍ കുതിച്ചു പൊങ്ങി വിജയാഹ്ളാദത്തോടെ നീന്തി പോകുന്നത് അത്ഭുതത്തോടെ കുട്ടികള്‍ കണ്ടുനിന്നിട്ടുണ്ട്. ഈ കുസൃതി കണ്ട ചില മുതിര്‍ന്ന വ്യക്തിത്വങ്ങള്‍ അന്നേ ചിലതു പറയുമായിരുന്നു. ഈ കുട്ടി സാധാരണക്കാരനല്ല എന്ന്.
മുതിര്‍ന്നവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ മറുപടി ലഭിക്കാതെ വരുമ്പോള്‍ സ്വയം ആലോചനയില്‍ മുഴുകുകയും ചെയ്യുന്ന സ്വഭാവം കുട്ടിക്കാലത്ത് കുമാരനില്‍ ഉണ്ടായിരുന്നു. കൂട്ടുകാരോടൊപ്പം കൂടുകയും തന്റെ സംശയങ്ങള്‍ അവരുമായി പങ്കുവയ്ക്കുകയും ചെയ്യുക. അവര്‍ കുമാരന്റെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വലയുമ്പോള്‍ കുറച്ചുനേരം മൗനമായിരിക്കുക. കൂട്ടുകാര്‍ കരുതും അവന്‍ പിണങ്ങിയിരിക്കുകയാണെന്ന്. എന്നാല്‍ തെല്ലിട കഴിഞ്ഞ് അവരോടൊപ്പം കളിക്കാന്‍ പോവുകയും ചെയ്യുക പതിവായിരുന്നു.
ഇത്തരം സ്വയം ചോദിക്കലില്‍ നിന്ന്, തന്റെ കുട്ടിക്കാല സംശയങ്ങളില്‍ നിന്ന് ഉണ്ടായതാകാം അദ്ദേഹത്തിന്റെ ബാലകവിതകള്‍. ‘കൊച്ചുകിളി’ എന്ന കവിത നോക്കുക.
‘ചൊല്ലുകെന്തു പക്ഷി നീ കളി-
ച്ചുല്ലസിപ്പതിതു പോലെയെപ്പോഴും
അല്ലല്‍ നീയറികയില്ലയോ നിന-
ക്കില്ലയോ പറകെഴുത്തു പള്ളിയും’
കളിക്കുന്നതിനിടയില്‍ തര്‍ക്കങ്ങളും വഴക്കുകളുമുണ്ടാവുക സ്വാഭാവികം. ആ സമയം കുമാരന്റെ തീരുമാനമായിരിക്കും അന്തിമം. പ്രായത്തില്‍ കവിഞ്ഞ പക്വത കുട്ടിക്കാലം മുതലേ പ്രകടിപ്പിച്ചതുകൊണ്ടാവാം പതിനാറാം വയസ്സില്‍ത്തന്നെ കുമാരന്‍ പത്രങ്ങള്‍ക്കുവേണ്ടി സമസ്യാ പൂരണങ്ങളും കവിതകളും പാട്ടുകളും എഴുതിത്തുടങ്ങിയത്. കെ.എന്‍. കുമാരന്‍, കായിക്കര കെ.എന്‍. കുമാരന്‍ എന്നീ പേരുകളിലാണ് അവ അച്ചടിച്ചുവന്നത്.
ഇക്കാര്യത്തില്‍ വളരെ രസകരമായ മറ്റൊരു സംഭവമുണ്ട്. ഒരിക്കല്‍ കെ.എന്‍ കുമാരനെ അന്വേഷിച്ച് ഒരു ആരാധകന്‍ എത്തുകയുണ്ടായി. ആരാധകന്‍ എന്നുപറഞ്ഞാല്‍ മധ്യവയസ്സു കഴിഞ്ഞ ഒരു സാധു മനുഷ്യന്‍. സമസ്യാപൂരണം ഇഷ്ടപ്പെട്ട അദ്ദേഹം കായിക്കര കെ.എന്‍ കുമാരനെ തിരക്കി എത്തി. അപ്പോള്‍ ദേ മുന്‍പില്‍ നില്‍ക്കുന്നു സാക്ഷാല്‍ കുമാരന്‍. കുമാരനോട് കായിക്കര കെ.എന്‍. കുമാരന്റെ വീട് ചോദിച്ചു. കായിക്കര കെ.എന്‍. കുമാരനെ കാണാനാണ് എത്തിയിരിക്കുന്നതെന്നു പറഞ്ഞു. നമ്മുടെ കുസൃതിക്കുമാരന്‍ അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് നയിച്ചു. വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ ഇതാണ് വീടെന്നും താനാണ് കായിക്കര കെ.എന്‍. കുമാരന്‍ എന്നും കുട്ടി പറഞ്ഞപ്പോള്‍ ആഗതന് വിശ്വസിക്കാന്‍ പ്രയാസമായി. ഞാന്‍ വന്നത് കവിത എഴുതുന്ന കായിക്കര കെ.എന്‍. കുമാരനെ കാണാനാണെന്നു പറഞ്ഞപ്പോള്‍ താങ്കള്‍ അന്വേഷിക്കുന്ന ആള്‍ താനാണെന്നു കുമാരന്‍ പരിചയപ്പെടുത്തി. വിഷമിച്ചുപോയ അദ്ദേഹം തന്നെ കളിയാക്കരുത് കുട്ടീ എന്ന് വിലക്കി. അദ്ദേഹം കരുതിയത് ഏതോ മുതിര്‍ന്ന ആള്‍ ആയിരിക്കും ഈ കായിക്കര കെ.എന്‍. കുമാരനാശാന്‍ എന്നാണ്. പിന്നീട് കാര്യം മനസ്സിലായപ്പോള്‍ കുമാരനോട് തൊഴുകൈകളോടെ ക്ഷമ ചോദിക്കുകയും കുട്ടിയുടെ സാമര്‍ത്ഥ്യത്തെ ഏറെ അഭിനന്ദിക്കുകയും ചെയ്തു.
ഇത്തരത്തില്‍ ധാരാളം രസകരമായ കഥകളുടെയും ജീവിതാനുഭവങ്ങളുടെയും വഴികളില്‍ നിന്നാണ് കുമാരന്‍ എന്ന കൊച്ചുകുട്ടി മഹാകാവ്യം എഴുതാതെ മഹാകവി ആയതെന്ന് നാം ഓര്‍ക്കണം. ഇനിയും ആശാനെ കുറിച്ച് ഇതുപോലുള്ള ധാരാളം കേട്ടറിവ് കഥകള്‍ നിലവിലുണ്ട്. അവയെല്ലാം കണ്ടെത്താന്‍ ശ്രമിക്കൂ.
9961784600