സ്ത്രീ എന്ന ധനം

പാവപ്പെട്ടവനായാലും ഇടത്തരക്കാരനായാലും ധനികനായാലും പണമായും സ്വർണ്ണമായും ഭൂസ്വത്തായും സ്ത്രീധനം നൽകുന്ന ഏ‌ർപ്പാടിന് ഇന്നും കുറവില്ല. ധനികനാണെങ്കിൽ കൊട്ടക്കണക്കിന് സ്വർണ്ണവും പണവും കാറുമൊക്കെ സ്ത്രീധനമായി നൽകേണ്ടി വരും. വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് വിവേകബുദ്ധി കൂടും എന്നത് വെറും മിഥ്യാധാരണയെന്നാണ് ഓരോ സ്ത്രീധന മരണങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വിദ്യാഭ്യാസമുള്ളവർക്ക് കൂടുതൽ തുക എന്നതാണിപ്പോൾ വിവാഹ കമ്പോളത്തിലെ വിലനിലവാരം. വിവര സമ്പാദനമായി വിദ്യാഭ്യാസം മാറുമ്പോൾ വിവേകബുദ്ധി ഇല്ലാതാകുന്നുവെന്നതിലേക്കാണ് സമകാലികസംഭവങ്ങൾ വിരൽചൂണ്ടുന്നത്.

‘എല്ലാവ‌ർക്കും വേണ്ടത് പണമാണ്,
എല്ലാത്തിലും വലുത് പണമാണ്.
അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു’.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാം വ‌ർഷ പി.ജി വിദ്യാർത്ഥിനിയായിരുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ഷഹന ആശുപത്രി ഒ.പി ടിക്കറ്റിനു പിന്നിൽ ഇങ്ങനെ കുറിച്ചിട്ട ശേഷം ജീവനൊടുക്കിയ സംഭവം കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ജീവിതം ഹോമിക്കേണ്ടി വരുന്ന സ്ത്രീകളുടെ നിരയിലെ അവസാന കണ്ണിയാണ്. കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടറായി, ബിരുദാനന്തര ബിരുദവും കരഗതമാകാനിരിക്കെ ഷഹന എന്തിനാണ് ഈ കടുംകൈ ചെയ്തതെന്നാണ് കേരളീയസമൂഹം ചോദിക്കുന്നത്. ജീവന്റെ വിലയെകുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മറ്റാരെക്കാളും അറിവുള്ള ഷഹന സ്വയം എരിഞ്ഞില്ലാതായത് ആർത്തിപൂണ്ട സമൂഹത്തിനുനേരെയുള്ള പ്രതികാരമായി വായിച്ചെടുക്കാം. ഒപ്പം പഠിക്കുന്ന ഡോ. ഇ.എ റുവൈസ് എന്നയാളുമായി ഷഹന ഇഷ്ടത്തിലായിരുന്നു. ഇഷ്ടം വിവാഹാലോചനയിൽ വരെയെത്തിയപ്പോൾ ഒരേ പ്രൊഫഷനിലുള്ളവരുടെ ഭാസുരമായൊരു ഭാവിജീവിതമാണ് ഷഹന സ്വപ്നം കണ്ടത്. കോളേജിലെ പി.ജി അസോസിയേഷൻ നേതാവും തീപ്പൊരി പ്രാസംഗികനും ഇടത് ചിന്താഗതിക്കാരനുമായ റുവൈസിനെക്കുറിച്ച് സഹപ്രവർത്തകർക്കും നല്ല അഭിപ്രായമായിരുന്നു.

സ്ത്രീധനം ചോദിച്ചു വരുന്നവരോട് ‘താൻ പോടോ’ എന്ന് പറയാനുള്ള കരുത്ത് പെൺകുട്ടികൾ നേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും സ്ത്രീധന നിരോധന നിയമം കർശനമാക്കാൻ വനിതാ കമ്മിഷൻ നൽകിയ ശുപാർശയിൽ സർക്കാർ എന്ത് ചെയ്തുവെന്ന ചോദ്യമാണുയരുന്നത്.

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ സമനിലതെറ്റിയ ഒരു ക്രിമിനലിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ഡോ.വന്ദനാ ദാസിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന റുവൈസിന്റെ തീപ്പൊരി പ്രസംഗവും ആരോഗ്യമന്ത്രിയ്ക്കെതിരെ നടത്തിയ കടന്നാക്രമണവുമെല്ലാം അനീതിക്കെതിരെ പോരാടുന്ന ചെറുപ്പക്കാരനെന്ന പ്രതീതി സൃഷ്ടിച്ചിരുന്നുവെങ്കിലും അയാളുടെ മനസ്സിൽ ഉറങ്ങിക്കിടന്ന ക്രിമിനൽ വാസനയാണ് ഷഹനയോടുള്ള ആർത്തിപൂണ്ട പെരുമാറ്റത്തിലൂടെ പുറത്തായത്. മകളെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്ന മോഹം സഫലമാകും മുമ്പേ അകാലത്തിൽ ഷഹനയുടെ പിതാവ് വിടപറഞ്ഞിരുന്നു. ആ വേർപാടിന്റെ വേദനയ്ക്കിടയിൽ റുവൈസ് ആശ്വാസകിരണമാകുമെന്ന് ആ പെൺകുട്ടി കരുതിയെങ്കിലും വിവാഹാലോചനയുമായി വന്ന റുവൈസിന്റെ ദുഷ്ടമനസ്സ് പതിയെ മറനീക്കിയപ്പോൾ ഷഹനയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായി.

ഡോ. ഷഹ് ന

ഷഹനയെ വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ച് റുവൈസ് തന്നെയാണ് ഷഹനയുടെ വീട്ടിലെത്തിയത്. റുവൈസിനെക്കാൾ ആർത്തിപൂണ്ടവരായിരുന്നു അയാളുടെ മാതാപിതാക്കളെന്ന് അധികം വൈകാതെ ഷഹനയുടെ വീട്ടുകാരും തിരിച്ചറിഞ്ഞു. വിവാഹം നിശ്ചയിച്ച ശേഷം റുവൈസും കുടുംബാംഗങ്ങളും സ്ത്രീധനമായി ഒന്നരകോടി രൂപയും 150 പവനും ഒരേക്കർ ഭൂമിയും ബി.എം.ഡബ്ളിയു കാറും നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ തയ്യാറാകാത്തതിനാൽ റുവൈസ് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ ഷഹന മാനസിക സമ്മർദ്ദത്തിലായി. ചോദിച്ച സ്ത്രീധനം നൽകാൻ കഴിയാതെ വിവാഹം മുടങ്ങിയാൽ പിന്നെയും റുവൈസിനെ ക്ളാസ് മുറിയിൽ കാണേണ്ടി വരുമല്ലോ എന്ന ചിന്തയാകാം ഷഹനയെ കൂടുതൽ വേദനിപ്പിച്ചത്. റുവൈസ് പിന്മാറുമെന്നുറപ്പായതോടെ ഷഹന, താൻ ആത്മഹത്യ ചെയ്യുമെന്ന് വാട്സ് ആപ്പിലൂടെ റുവൈസിന് സന്ദേശംഅയച്ചു. സന്ദേശം ലഭിച്ചതിനു പിന്നാലെ റുവൈസ് വാട്സ് ആപ്പ് ബ്ളോക്ക് ചെയ്തു. പിന്നെ അവൾ ഒന്നും ആലോചിച്ചില്ല. ‘വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു റുവൈസിന്റെ ലക്ഷ്യം. ഒന്നരക്കിലോ സ്വർണവും ഏക്കർ കണക്കിന് ഭൂമിയും നൽകാനില്ല. അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്രയും പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ ? ഞാൻ വഞ്ചിക്കപ്പെട്ടു. അവർക്ക് എന്തിനാണ് ഇനിയും സ്വത്ത് ? മനുഷ്യനും സ്നേഹത്തിനും വിലയില്ലേ ..?’ തന്റെ സ്നേഹത്തിന് പണംകൊണ്ട് വിലയിട്ട കാമുകനോടും സമൂഹത്തോടുമുള്ള പ്രതികാരമായാകാം ആ യുവഡോക്ടർ ഇങ്ങനെ കുറിപ്പെഴുതി വച്ചിട്ട് സ്ത്രീധനമെന്ന വിപത്തില്ലാത്ത ലോകത്തേക്ക് നടന്നകന്നത്.

ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പിലെ ഈ വാചകങ്ങളാണ് റുവൈസിനും കുടുംബത്തിനും എതിരായ ശക്തമായ തെളിവായി മാറിയത്. റുവൈസും ഷഹനയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ റുവൈസ് മായ്ച്ചു കളഞ്ഞെ ങ്കിലും പൊലീസ് അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പിലെ ഈ വാചകങ്ങളാണ് റുവൈസിനും കുടുംബത്തിനും എതിരായ ശക്തമായ തെളിവായി മാറിയത്. റുവൈസും ഷഹനയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ റുവൈസ് മായ്ച്ചു കളഞ്ഞെ ങ്കിലും പൊലീസ് അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ആത്മഹത്യാ കുറിപ്പിലെ വാചകങ്ങൾ മാത്രമല്ല, വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യാൻ റുവൈസിന്റെ വീട്ടിലെത്തിയ ഷഹനയുടെ സഹോദരൻ ജാസിം നാസയോട് സ്ത്രീധന വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത് റുവൈസിന്റെ മാതാപിതാക്കളായിരുന്നു. തുടർന്നാണ് ഇവരെയും പ്രതികളാക്കിയത്. ഷഹന പഠിക്കാൻ സമർത്ഥയായിരുന്നുവെന്നതിന്റെ തെളിവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചത്. തുടർന്ന് പി.ജി കോഴ്‌സിനും അതേ കോളേജിൽ പ്രവേശനം ലഭിച്ചു. റുവൈസും കുടുംബാംഗങ്ങളും ആവശ്യപ്പെട്ട സ്ത്രീധനം നൽകി വിവാഹം നടത്തിയിരുന്നെങ്കിലും ഭാവിയിൽ എന്താകാം സംഭവിക്കുകയെന്നത് ഊഹിക്കാവുന്നതേയുള്ളു.

ഭർത്താവിന്റെ സ്ഥാവര ജംഗമ സ്വത്തല്ല ഭാര്യ

സ്ത്രീ ധന പീഡനത്തെതുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലം സ്വദേശി വിസ്മയ (24) ജീവനൊടുക്കിയത് 2021 ഡിസംബറിലായിരുന്നു. ഭർത്താവ് കിരൺകുമാറിന് (31) പത്ത് വർഷത്തെ കഠിന തടവും 12.44 ലക്ഷം രൂപ പിഴയും ശിക്ഷിച്ച് 2022 മേയിൽ കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്ത് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞത് ഇങ്ങനെയാണ്.
‘ഭർത്താവിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ പെടുന്നതല്ല ഭാര്യ,
അവൾക്ക് അവളുടേതായ അന്തസ്സും വ്യക്തിത്വവുമുണ്ട്.
ഈ അന്തസ്സാണ് അവളുടെ ജീവിതത്തിന്റെ സുഗന്ധം…”
ഭാര്യയെ അടിമയായും വെറും ഉപഭോഗ വസ്തുവായും കാണുകയും സ്ത്രീധനത്തിന്റെ പേരിൽ കൊടും ക്രൂരത കാട്ടുകയും ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പും താക്കീതും നൽകുന്ന ഈ വാചകങ്ങളുടെ മഷിയുണങ്ങും മുൻപെയാണ് മെഡിക്കൽ പി.ജി വിദ്യാർത്ഥിനി ഷഹനയുടെ മരണവും സംഭവിച്ചത്. 100 പവനും ഒന്നേകാൽ ഏക്കർ ഭൂമിയും 10 ലക്ഷം രൂപ വിലവരുന്ന കാറും സ്ത്രീധനമായി വാങ്ങിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺകുമാർ വിസ്മയയെ വിവാഹം കഴിച്ചത്. 10 ലക്ഷത്തിന്റെ കാർ പോര, അതിലും മുന്തിയ ആഡംബര കാർ വേണമെന്നാവശ്യപ്പെട്ടായിരുന്നു വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് സർക്കാർ മാതൃകകാട്ടി. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് കിരണിന് കോടതി വിധിച്ചത്.
നൽകിയ സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരിൽ ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും കൊല്ലുന്നതിനു പുറമെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുന്ന അത്യപൂർവ്വമായ ക്രൂരതയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. അഞ്ചൽ സ്വദേശിനി ഉത്രയെ വിവാഹം കഴിച്ച അടൂർ സ്വദേശി സൂരജിന് 100 പവനും മൂന്നരയേക്കറും കാറും 10 ലക്ഷം രൂപയും സ്ത്രീധനമായി നൽകി. കൂടാതെ വീട്ടുചെലവിന് മാസം 8000 രൂപ വീതവും നൽകുമായിരുന്നു. ഇത്രയും പോരാഞ്ഞ് അത്യാർത്തി പൂണ്ട സൂരജ് ഉത്രയുടെ പേരിലുള്ള മുഴുവൻ സ്വത്തുക്കളും തട്ടിയെടുത്ത് മറ്റൊരു വിവാഹം കഴിക്കാനായാണ് ആസൂത്രിതമായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. രാജ്യത്ത് തന്നെ അപൂർവ്വ കേസായിരുന്നു ഇത്.
കൊല്ലം ജില്ലയിലെ ഓയൂരിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ മാതാവായ തുഷാരയെ ഭർത്താവും മാതാവും ചേർന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത് സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞ രണ്ട് ലക്ഷം രൂപ നൽകാത്തതിന്റെ പേരിലാണ്. മരിയ്ക്കുമ്പോൾ എല്ലും തോലുമായി മാറിയിരുന്ന തുഷാരയുടെ ഭാരം വെറും 20 കിലോഗ്രാമായിരുന്നു. പഞ്ചസാര കലക്കിയ വെള്ളം മാത്രമായിരുന്നു ഭക്ഷണമായി നൽകിയിരുന്നത്. സ്ത്രീധനത്തിനെതിരെ ശക്തമായ നിയമം ഉണ്ടെങ്കിലും സംസ്ഥാനത്ത് കഴിഞ്ഞ 15 വർഷത്തിനിടെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായത് 260 പെൺകുട്ടികൾക്കാണ്. പ്രതിവർഷം അയ്യായിരത്തോളം സ്ത്രീപീഡന കേസുകളാണുണ്ടാകുന്നത്. എല്ലാ സമുദായങ്ങളിലും സ്ത്രീധനം നൽകുന്നത് സാധാരണമാണെങ്കിലും സമ്മാനമെന്ന പേരിൽ നൽകുന്നതിനാൽ നടപടി എടുക്കുക അസാദ്ധ്യമാണ്. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതിനാൽ പരാതിയുമായി മുന്നോട്ടുവരാനും ആരും തയ്യാറാകുകയില്ല.
വിസ്മയ

പണത്തിന് അത്യാർത്തി പൂണ്ട റുവൈസിനെപ്പോലെയുള്ള ഒരാൾ ഡോക്ടറായാൽ അയാളിൽ നിന്ന് ഈ സമൂഹത്തിനും ആരോഗ്യമേഖലയ്ക്കും എന്താകാം ലഭിക്കുകയെന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. ഷഹനയുടെ ആത്മഹത്യക്ക് കാരണമായത് ഡോ. റുവൈസ് ആണെന്ന പരാതിയെ തുടർന്ന് അറസ്റ്റിലായ ഇയാൾ ഇപ്പോൾ റിമാന്റിലാണ്. വിവാഹവാഗ്ദാനം നൽകി ഷഹനയെ മാനസിക സംഘ‌ർഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് റുവൈസ് അറസ്റ്റിലായത്. ആത്മഹത്യാകുറിപ്പും വാട്സ് ആപ്പ് ചാറ്റുകളും തെളിവായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ പൊലീസ് രണ്ടാം പ്രതിയാക്കിയെങ്കിലും കുടുംബ സമേതം ഒളിവിൽ പോയ ഇയാളെ കണ്ടെത്താനായിട്ടില്ല. ഡോ.ഷഹന ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തിന്റെ പേരിലാണെന്ന് തെളിഞ്ഞാൽ റുവൈസിന്റെ മെഡിക്കൽ ബിരുദവും റദ്ദാക്കപ്പെടും. ഡോ. ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് വാടകഫ്ളാറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ വളച്ചൊടിക്കാനും മരണത്തിൽ ആർക്കും പങ്കില്ലെന്ന് വരുത്തിത്തീർക്കാനും മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ നീക്കം വിവാദമായിരുന്നു. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പോലും പുറത്ത് പറയാൻ പൊലീസ് ആദ്യം തയ്യാറായില്ല. തുടർന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിനുത്തരവിട്ടതോടെയാണ് പൊലീസ് നടപടി ഊർജ്ജിതമായതും റുവൈസിനെ കസ്റ്റഡിയിലെടുത്തതും. അറസ്റ്റ് വൈകിയതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും രംഗത്തെത്തിയിരുന്നു.

സ്ത്രീധനം ആവശ്യപ്പെട്ടാൽ 5 വ‌ർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന ശക്തമായ നിയമം 1961 ൽ തന്നെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം നിലനിൽക്കെയാണ് കേരളത്തിലും രാജ്യത്തും സ്ത്രീധന പീഡനങ്ങളും അതിന്റെ പേരിൽ മരണങ്ങളും സംഭവിക്കുന്നത്.

5 വർഷം വരെ തടവ്
സ്ത്രീധനം ആവശ്യപ്പെട്ടാൽ 5 വ‌ർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന ശക്തമായ നിയമം 1961 ൽ തന്നെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം നിലനിൽക്കെയാണ് കേരളത്തിലും രാജ്യത്തും സ്ത്രീധന പീഡനങ്ങളും അതിന്റെ പേരിൽ മരണങ്ങളും സംഭവിക്കുന്നത്. കേരളം പലകാര്യങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയാണെന്ന് നാം വീമ്പ് പറയാറുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിലും സ്ത്രീവിദ്യാഭ്യാസത്തിലുമൊക്കെ മുന്നിൽ നിൽക്കുമ്പോഴും നിരവധി സ്ത്രീകളാണ് ഗാർഹിക പീഡനത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. 2021 ൽ മാത്രം 66 സ്ത്രീധന പീഡന മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ദിവസേന 18 സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുവെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. പാവപ്പെട്ടവനായാലും ഇടത്തരക്കാരനായാലും ധനികനായാലും പണമായും സ്വർണ്ണമായും ഭൂസ്വത്തായും സ്ത്രീധനം നൽകുന്ന ഏ‌ർപ്പാടിന് ഇന്നും കുറവില്ല. ധനികനാണെങ്കിൽ കൊട്ടക്കണക്കിന് സ്വർണ്ണവും പണവും കാറുമൊക്കെ സ്ത്രീധനമായി നൽകേണ്ടി വരും. വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് വിവേകബുദ്ധി കൂടും എന്നത് വെറും മിഥ്യാധാരണയെന്നാണ് ഓരോ സ്ത്രീധന മരണങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വിദ്യാഭ്യാസമുള്ളവർക്ക് കൂടുതൽ തുക എന്നതാണിപ്പോൾ വിവാഹ കമ്പോളത്തിലെ വിലനിലവാരം. വിവര സമ്പാദനമായി വിദ്യാഭ്യാസം മാറുമ്പോൾ വിവേകബുദ്ധി ഇല്ലാതാകുന്നുവെന്നതിലേക്കാണ് സമകാലികസംഭവങ്ങൾ വിരൽചൂണ്ടുന്നത്. വലിയതുകയും ദേഹം സ്വർണ്ണത്തിൽ പൊതിയുന്നതും ആഡംബര കാർ നൽകുന്നതും സാമൂഹിക അന്തസിന്റെ ഭാഗമായി കണക്കാക്കുമ്പോൾ സമൂഹം തന്നെയാണ് സ്ത്രീധന പീഡനങ്ങൾക്കും ആത്മഹത്യകൾക്കും പരോക്ഷമായെങ്കിലും ഉത്തരവാദിയാകുന്നത്.

ഉത്ര

സ്ത്രീയാണ് ധനം
സ്ത്രീശാക്തീകരണത്തിന്റെ യുഗമാണിതെന്ന് പറഞ്ഞ് നാം അഭിമാനം കൊള്ളുമ്പോഴാണ് സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്ക് ജീവിതം തന്നെ ഉപേക്ഷിക്കേണ്ടി വരുന്നത്. സമൂഹത്തിൽ സ്ത്രീകൾ എത്തിപ്പെടാത്ത മേഖലകൾ വിരളമെന്ന് തന്നെ പറയാമെങ്കിലും വിവാഹവേളയിൽ അണിയുന്ന സ്വർണ്ണത്തിന്റെയും കൊണ്ടുചെല്ലുന്ന പണത്തിന്റെയും കനമനുസരിച്ച് സ്ത്രീയുടെ മൂല്യം നിശ്ചയിക്കുന്നവർ ഏറെയുണ്ടെന്നത് ദൗർഭാഗ്യകരമാണ്. നിയമവിരുദ്ധമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് സ്ത്രീധനമെന്ന സാമൂഹിക തിന്മ സമൂഹത്തിൽ തുടർന്നുകൊണ്ടേയിരിക്കുന്നത്. രണ്ട് വ്യക്തികൾ ജീവിതത്തിൽ സന്തോഷത്തോടെ ജീവിക്കുകയെന്നതാണ് വിവാഹം എന്ന പവിത്രമായ കർമ്മംകൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ പണാധിപത്യത്തിന്റെ ഇക്കാലത്ത് വിവാഹത്തിന്റെ പേരിൽ ധനദുർവ്യയവും ധാരാളിത്തവും നടത്തുന്നവർ പണമില്ലാത്ത പാവങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. കോടികൾ മുടക്കിയുള്ള ആഡംബരവിവാഹങ്ങൾ ഇന്ന് സമൂഹത്തിൽ പ്രമാണിത്തം കാട്ടാനുള്ള വഴിയായി മാറിയിരിക്കുന്നു.

വിവാഹം എങ്ങനെ ലളിതമായും പവിത്രമായും നടത്തണമെന്ന് ശ്രീനാരായണ ഗുരു അരുളിത്തന്ന വഴികളൊന്നും പാലിക്കാൻ ആരും തയ്യാറാകുന്നില്ലെന്നിടത്താണ് സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങളും ആത്മഹത്യകളും അരങ്ങേറുന്നത്.

വിവാഹം എങ്ങനെ ലളിതമായും പവിത്രമായും നടത്തണമെന്ന് ശ്രീനാരായണ ഗുരു അരുളിത്തന്ന വഴികളൊന്നും പാലിക്കാൻ ആരും തയ്യാറാകുന്നില്ലെന്നിടത്താണ് സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങളും ആത്മഹത്യകളും അരങ്ങേറുന്നത്. സ്ത്രീധനം ചോദിച്ചു വരുന്നവരോട് ‘താൻ പോടോ’ എന്ന് പറയാനുള്ള കരുത്ത് പെൺകുട്ടികൾ നേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും സ്ത്രീധന നിരോധന നിയമം കർശനമാക്കാൻ വനിതാ കമ്മിഷൻ നൽകിയ ശുപാർശയിൽ സർക്കാർ എന്ത് ചെയ്തുവെന്ന ചോദ്യമാണുയരുന്നത്. 2021 ജൂൺ 24 ന് കമ്മിഷൻ വനിതാ ശിശു വികസന വകുപ്പിന് നൽകിയ ശുപാർശയാണ് രണ്ട് വർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തത്. സമ്മാനം നൽകുന്നുവെന്ന വ്യാജേന പരോക്ഷമായ സ്ത്രീധനക്കൈമാറ്റമാണ് നടക്കുന്നതെന്നും ഇത്തരം വിവാഹങ്ങളിൽ സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തി കേസ് ചാർജ് ചെയ്യണമെന്നും ശുപാർശയിൽ നിർദ്ദേശിക്കുന്നു. സ്ത്രീക്ക് ജീവഹാനി സംഭവിച്ച ശേഷം ഈ വകുപ്പ് ചുമത്തുന്നതാണ് സാഹചര്യം ഇത്രയും ദുരന്തപൂർണമാക്കുന്നതും കൂടുതൽ പേരെ സ്ത്രീധനം നൽകാനും വാങ്ങാനുംപ്രേരിപ്പിക്കുന്നതും. സ്ത്രീധന നിരോധന ഓഫീസർമാരെ നിയോഗിക്കാനുള്ള സർക്കാരിന്റെ അധികാരം നിയമത്തിൽ വിശദമാക്കുന്നുവെങ്കിലും അതും നടപ്പാക്കുന്നില്ലെന്ന് കമ്മിഷൻ കുറ്റപ്പെടുത്തുന്നുണ്ട്.. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ സർക്കാരും വിവിധ സംഘടനകളും ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും വേണ്ടവിധം ഫലപ്രദമാകുന്നില്ലെന്നാണ് തുടരെത്തുടരെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ അടിവരയിടുന്നത്. ‘ഞാൻ തന്നെയാണ് ധനം’ എന്ന് ഓരോ സ്ത്രീയും തന്റേടത്തോടെ ഉറക്കെപ്പറയാൻ തയ്യാറാകാത്തിടത്തോളം ഈ സാമൂഹിക കളങ്കം ഒരുരീതിയില്ലെങ്കിൽ മറ്റൊരു രീതിയിൽ തുടർന്നുകൊണ്ടേയിരിക്കും.
ലേഖകന്റെ ഫോൺ: 9446564749

Author

Scroll to top
Close
Browse Categories