ട്രെൻഡിയാകാൻ ‘കസവുകട’
കൈത്തറി, കസവ് വസ്ത്രങ്ങളിൽ ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച് ഏവർക്കും സ്വീകാര്യതയുള്ളവയാക്കി മാറ്റി പരീക്ഷിച്ച് വിജയഗാഥ രചിച്ച വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാമതാണിപ്പോൾ തിരുവനന്തപുരം ആസ്ഥാനമായ ‘കസവുകട’. ഇന്ന് സംസ്ഥാനത്തെ
8 ജില്ലകളിൽ 10 ശാഖകളുമായി എതിരാളികളില്ലാത്ത പ്രസ്ഥാനമായി കസവുകട മാറിക്കഴിഞ്ഞു.
കൈത്തറിയും കസവ്മുണ്ടും സെറ്റ്മുണ്ടുമൊക്കെ മലയാളിക്ക് പൈതൃകഭാവം പകരുന്ന ഗൃഹാതുരതകളാണ്. ഓണവും വിഷുവും വിവാഹ ചടങ്ങുകളും ഈ ഗൃഹാതുരത്വത്തെ ഊട്ടിയുണർത്തുന്ന ആഘോഷവേളകളാണ്. കേരളത്തനിമ വിളിച്ചോതുന്ന കൈത്തറി വസ്ത്രങ്ങൾക്ക് കേരളീയ മനസ്സുകളിൽ ഇന്നും ചെറുതല്ലാത്ത സ്ഥാനമാണുള്ളത്.
ഏറ്റവും പഴക്കമേറിയ പാരമ്പര്യ വ്യവസായങ്ങളിലൊന്നായ കൈത്തറി ഒരുകാലത്ത് പതിനായിരങ്ങൾക്ക് ജീവിതമാർഗ്ഗമേകുന്ന അക്ഷയഖനിയായിരുന്നു. എന്നാൽ ഇന്ന് മറ്റെല്ലാ പാരമ്പര്യ വ്യവസായങ്ങളെയും പോലെ കൈത്തറിയും ഊർദ്ധശ്വാസം വലിക്കുകയാണ്. കാലത്തിനൊത്ത പരിവർത്തനത്തിന് വിധേയമാകാത്തത് മാത്രമല്ല, സമൂഹത്തിൽ ആകർഷകമല്ലാത്ത ജോലിയെന്ന പഴി കേൾക്കേണ്ടി വന്നതും തൊഴിലാളിക്ക് ജീവിച്ചുപോകാൻ പോലും കഴിയാത്തത്ര തുച്ഛമായ വേതനവും വ്യവസായത്തെ പിന്നോട്ടടിച്ച ഘടകങ്ങളാണ്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, കാസർകോഡ് ജില്ലകളിലെ ചില പോക്കറ്റുകളിൽ മാത്രമാണ് കൈത്തറികളുടെ ഊടും പാവും ഓടുന്ന താളാത്മകത ഇന്നും മുഴങ്ങിക്കേൾക്കാനാകുന്നത്. കൈത്തറി, കസവ് വസ്ത്രങ്ങളിൽ ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച് ഏവർക്കും സ്വീകാര്യതയുള്ളവയാക്കി മാറ്റി പരീക്ഷിച്ച് വിജയഗാഥ രചിച്ച വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാമതാണിപ്പോൾ തിരുവനന്തപുരം ആസ്ഥാനമായ ‘കസവുകട’.
തിരുവനന്തപുരം കോവളം പെരിങ്ങമല ‘വനജാസി’ൽ എസ്. സുശീലൻ എന്ന വ്യവസായ സംരംഭകൻ പരമ്പരാഗതമായി നെയ്ത്തുകുടുംബത്തിലെ കണ്ണിയാണ്. കുട്ടിക്കാലം മുതലേ തുടങ്ങിയതാണ് പാവോട്ടവും താരുചുറ്റലും നെയ്ത്തുമൊക്കെ. കൈത്തറിവ്യവസായം സഹകരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച കാലത്ത് തിരുവനന്തപുരം ശ്രീ വെള്ളായണി കൈത്തറി നെയ്ത്ത് സംഘം സെക്രട്ടറിയായി കാൽനൂറ്റാണ്ട് കാലത്തെ പ്രവർത്തന പാരമ്പര്യത്തിൽ നിന്നാണ് സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന മോഹം ഉദിച്ചത്.
സമൂഹത്തിന്റെ പുരോഗതിക്കായി വ്യവസായം നടത്തണമെന്ന ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ വഴികാട്ടിയായി. ശിവഗിരിമഠത്തിലെ സ്വാമി വിശുദ്ധാനനന്ദയുടെ വാക്കുകളും മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹവും കൂടിച്ചേർന്നതിനൊപ്പം നെയ്ത്തെന്ന തൊഴിലിനോടുള്ള ആഭിമുഖ്യവും പരമ്പരാഗത വ്യവസായമെന്ന നിലയിൽ നെയ്ത്ത് തൊഴിൽ നേരിടുന്ന പ്രതിസന്ധിയും വേറിട്ടൊരു വ്യവസായ സംരംഭത്തിന് അടിത്തറയിടണമെന്ന ആഗ്രഹത്തിനു പിന്നിലെ പ്രേരകശക്തിയായി. പേരിൽ തന്നെ വ്യത്യസ്തതയുമായി ‘കസവുകട’ എന്ന പ്രസ്ഥാനത്തിന് ശിലപാകിയത് അവിടെ നിന്നാണ്.
1993 ൽ കൊച്ചി നഗരത്തിലെ പള്ളിമുക്ക് എന്ന ഒഴിഞ്ഞ സ്ഥലത്തെ ഫൈനാർട്സ് ഹാളിനു സമീപം ഒരു അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിൽ 1100 ചതുരശ്ര അടിയിൽ കസവുകടയുടെ ആദ്യ ഷോറും തുറന്നപ്പോൾ ഏറെ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ആദ്യവർഷം കാര്യമായ കച്ചവടമൊന്നും നടന്നില്ല. എറണാകുളം എം.ജി റോഡ് പോലെ തിരക്കേറിയ സ്ഥലമല്ലെന്നത് മാത്രമല്ല, കൈത്തറി വസ്ത്രങ്ങളോട് പുതുതലമുറയ്ക്കുള്ള താത്പര്യക്കുറവും ചേർന്നപ്പോൾ കച്ചവടം വല്ലാതെ പരുങ്ങലിലായി. കുഴിത്തറിയിലും ഷട്ടിൽ തറികളിലും നെയ്യുന്ന തനിമയാർന്ന കൈത്തറി വസ്ത്രങ്ങളെപ്പോലെ തോന്നുന്ന പവർലൂമിൽ നെയ്യുന്ന വസ്ത്രങ്ങളും തമ്മിലെ കാതലായ വ്യത്യാസം സാധാരണക്കാരന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയതോടെ എല്ലാ വിഭാഗങ്ങളെയും കൈത്തറി വസ്ത്രങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുന്ന കച്ചവട തന്ത്രങ്ങളിലേക്ക് ചുവട് മാറ്റി. 1995 ൽ പ്രശസ്തമായൊരു വനിതാ മാഗസിനിൽ ഇതുസംബന്ധിച്ച രണ്ട് പേജ് പരസ്യം നൽകി. മൂന്ന് മാസത്തിനു ശേഷം കൈത്തറി വസ്ത്രശേഖരത്തിലെ വൈവിദ്ധ്യം എടുത്തുകാട്ടി വീണ്ടും പരസ്യം നൽകി. അതോടെ സ്ഥിതിഗതികളിൽ മാറ്റം കണ്ടുതുടങ്ങി. വായ്മൊഴിയിലൂടെ അറിഞ്ഞും കേട്ടും ആൾക്കാരെത്തിയതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. രാജ്യത്തെ തന്നെ പ്രമുഖ ബ്രാൻഡായി ‘കസവുകട’ മാറാൻ അധികകാലം വേണ്ടി വന്നില്ല. ഇന്ന് സംസ്ഥാനത്തെ 8 ജില്ലകളിൽ 10 ശാഖകളുമായി എതിരാളികളില്ലാത്ത പ്രസ്ഥാനമായി കസവുകട മാറിക്കഴിഞ്ഞു.
കസവുകട
വസ്ത്രങ്ങൾ
പഴമയുടെ വസ്ത്രം എന്ന പഴഞ്ചൻ ആശയത്തെ മാറ്റിമറിച്ചതിനൊപ്പം പാരമ്പര്യ തനിമ നിലനിർത്തി ആധുനികവത്ക്കരണം അനുഭവവേദ്യമാക്കി എന്നതാണ് കൈത്തറി വസ്ത്രരംഗത്തിന് കസവുകട നൽകിയ ഏറ്റവും മഹത്തായ സംഭാവന. ഉപഭോക്താക്കളുടെ മനസ്സിൽ ഇടം നേടും വിധം വിശ്വാസവും ഗുണനിലവാരവും നിലനിർത്തുന്നുവെന്നതാണ് കസവുകട നൽകുന്ന ഗാരണ്ടിയെന്ന് എസ്.സുശീലൻ പറയുന്നു. 100 x 100 നൂലിൽ നെയ്യുന്ന വസ്ത്രങ്ങൾ ആവശ്യക്കാരുടെ മനസ്സിനിണങ്ങും വിധം അവർ നിർദ്ദേശിക്കുന്ന ഡിസൈനുകളിൽ നെയ്ത് നൽകും. സാരി, സെറ്റ് മുണ്ടുകൾ, കസവ് വസ്ത്രങ്ങൾ എന്നിവ കൂടാതെ ചുരിദാറുകളും ഷർട്ടുകളും കസവുകടയിൽ ലഭ്യമാണ്. ചുരിദാറിനും കൈത്തറി എന്ന ട്രെൻഡ് കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് കസവുകടയാണ്. ‘Y2K’ ചുരിദാറെന്ന പേര് ഇന്ന് യുവതലമുറയ്ക്ക് മാത്രമല്ല, ഏത് പ്രായക്കാർക്കും പരിചിതമാണ്. മുണ്ടിന്റെ കരയ്ക്കിണങ്ങുന്ന ഷർട്ട് എന്ന ആശയം അവതരിപ്പിച്ചത് ‘ജസ് ഫാബ്’ എന്ന പേരിലൂടെയാണ്. ഇതിനായി 2000 ൽ എറണാകുളത്തെ രണ്ടാമത്തെ ഷോറൂം തുറന്നു.
കുട്ടികൾക്കായി ‘കുട്ടിക്കുപ്പായം’ എന്ന പേരിലും കൈത്തറിയെ ആധുനീകരിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള കുർത്തകളും ട്രെൻഡിയാണ്. കോവളത്തിന് സമീപം പെരിങ്ങമലയിൽ കൈത്തറി വസ്ത്രങ്ങൾ നെയ്യാനുള്ള നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നു. ഇവിടെയും വിവിധ ഷോറൂമുകളിലുമായി നെയ്ത്തുകാരടക്കം 500 ഓളം പേർക്ക് കസവുകട തൊഴിൽ നൽകുന്നുണ്ട്. നിർമ്മാണ യൂണിറ്റിൽ പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെയുണ്ട്. പരമ്പരാഗതമായി നെയ്ത്ത് തൊഴിലിൽ ഏർപ്പെട്ടവരാണ് മുതിർന്നവരിൽ ഏറെയും. സൂറ റ്റിൽ നിന്ന് എത്തിക്കുന്ന യഥാർത്ഥ കസവ് നൂൽ കസവ് സാരിയിലും സെറ്റ് മുണ്ടിലുമൊക്കെ തുന്നിച്ചേർക്കുമ്പോൾ പളപള മിന്നുന്ന വസ്ത്രമായി മാറും. നിർമ്മാണ യൂണിറ്റിലെത്തി നേരിട്ട് കണ്ട് മനസ്സിലാക്കാനും കഴിയും. മനസ്സിനിണങ്ങിയ ഡിസൈൻ നിർദ്ദേശിച്ചാൽ അതേപോലെ തുന്നി നൽകാൻ കഴിവും പ്രാപ്തിയും കരവിരുതും ഒത്തിണങ്ങിയ തൊഴിലാളികളുണ്ടിവിടെ. നിർമ്മാണത്തിലെ ആദ്യഘട്ടമായ നൂൽ നൂക്കലും പാവുണക്കലും എല്ലാം പരമ്പരാഗത രീതിയിൽ നടപ്പാക്കുമ്പോൾ വസ്ത്രങ്ങളിലെ ഡിസൈനുകൾക്ക് നിറച്ചാർത്തേകുന്നത് പച്ചിലകളും കായ്കനികളും ചേർന്ന ഓർഗാനിക്ക് നിറക്കൂട്ടുകളാണ്. കസവ് സാരികൾ നെയ്യാൻ 2 മുതൽ 15 ദിവസം വരെ എടുക്കും.