യതിയുടെ ജ്ഞാനസരണി

ഗുരു നിത്യ എന്തു പറയുമ്പോഴും അതില്‍ തന്റേതായ ഒരു തനിമയുണ്ടാകും. നാം അതുവരെ ചിന്തിക്കാതിരുന്ന ഒരു വീക്ഷണ കോണിലൂടെയാകും ഗുരു അതു പറയുക. അതുകൊണ്ടുതന്നെയാണ് ഗുരുവിനോട് ഇത്രയും പ്രണയം തോന്നുന്നത്. ജീവിതത്തെ സ്നേഹിക്കാനുള്ള സംഗീതാത്മകമായ ഒരു വഴി അദ്ദേഹം തുറന്നുതരുന്നുണ്ട്. സത്യവും സൗന്ദര്യവും വിലയിക്കുന്ന ആഴമേറിയ ഒരു അന്തര്‍ധാര അവിടെയുണ്ട്. പ്രത്യാശയിലൂടെ പ്രവാഹമായി മാറാനുള്ള ഊര്‍ജ്ജം അതു പ്രദാനം ചെയ്യുന്നുണ്ട്.

ഗുരു നിത്യചൈതന്യയതി സമാധിയായിട്ട് ഇരുപത്തിയഞ്ച് വര്‍ഷമായി. 1999 മെയ് 14 നാണ് അദ്ദേഹം ശരീരം വെടിഞ്ഞത്. ജനിച്ചത് 1924 ലാണ്. 2024 ഗുരുവിന്റെ നൂറാം ജന്മവര്‍ഷവുമാണ്. ഗുരുവിനോടൊത്ത് നാലു വര്‍ഷത്തോളം ഫേണ്‍ഹില്ലില്‍ ജീവിക്കാന്‍ കഴിഞ്ഞ വ്യക്തിയെന്ന നിലയില്‍ ഗുരുവിനെ സ്മരിക്കുമ്പോള്‍ ഹൃദയം നിറയെ ധന്യതയാണ്. ഇരുപത്തിയഞ്ചു വര്‍ഷം എന്നത് ഇന്നലെയെന്നപോലെയേ തോന്നുന്നുള്ളൂ. അത്രമാത്രം ഹൃദയത്തില്‍ സജീവസാന്നിദ്ധ്യമായാണ് ഗുരു നിറയുന്നത്. ഒഴുകുന്നത്. ഗുരുവിനെ കുറിച്ച് എഴുതുകയോ പറയുകയോ ചെയ്യുമ്പോഴെല്ലാം ഒരേയൊരു കാര്യമാണ് ആവര്‍ത്തിക്കാറുള്ളത്. അത് ഗുരുവില്‍ നിറഞ്ഞുനിന്ന സ്നേഹസാന്നിദ്ധ്യമാണ്. ”അരുളുള്ളവനാണ് ജീവി” എന്ന ഗുരുമന്ത്രത്തെ അത്രമാത്രം ഹൃദയത്തിലേക്കാവാഹിച്ച് ജീവിച്ച വ്യക്തിത്വമായിരുന്നു ഗുരു നിത്യ എന്നു പറയാം.

ഗുരു നിത്യ ഏതെങ്കിലുമൊരു പ്രത്യേക ആശയത്തേയോ ചിന്തയേയോ നെഞ്ചോടു ചേര്‍ത്തുവെച്ച ആളായിരുന്നില്ല. നിറയെ പുസ്തകങ്ങളെഴുതിയിരുന്നെങ്കിലും അതായിരുന്നില്ല അദ്ദേഹത്തിന്റെ മുഖ്യതാല്പര്യം. തന്റെ മുന്നില്‍ വിരിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭങ്ങളോടുള്ള സത്യസന്ധവും സൂക്ഷ്മവുമായ പ്രതികരണമായിരുന്നു ആ ജീവിതം. അതിന്റെ ഭാഗമായി എഴുതിപ്പോകുന്നവയും പറഞ്ഞു പോകുന്നവയുമായിരുന്നു എഴുത്തും പ്രഭാഷണവുമെല്ലാം. ജീവിതത്തെ കുറച്ചുകൂടി ഹൃദ്യമാക്കാന്‍ സഹായകമാകുന്ന അറിവുകള്‍ എവിടെയൊക്കെയുണ്ടോ അതിനെയൊക്കെ സ്വാംശീകരിക്കുകയെന്ന ഹൃദയസ്പന്ദനമാണ് ഗുരു നിത്യയില്‍ അനുഭവിച്ചിട്ടുള്ളത്.

ഗുരുവിനെ കാണുന്നതിനുമുമ്പും അതിനുശേഷവും പ്രതിഭാധനരായ പല മനുഷ്യരെയും കാണുവാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. നേരിട്ടിടപഴകാന്‍ അവസരമുണ്ടായിട്ടുണ്ട്. വിരലിലെണ്ണാവുന്ന ചിലരൊഴികെ ബാക്കിയെല്ലാവരും നിരാശപ്പെടുത്തുകയാണുണ്ടായത്. ആ യാത്രയിലാണ് പറയുന്നതെന്തോ അത് സ്വജീവിതത്തില്‍ പകര്‍ത്താന്‍ നിരന്തരം ശ്രമിക്കുന്ന ഒരാളെ ഗുരു നിത്യയില്‍ കണ്ടുമുട്ടുന്നത്. വീണ്ടും പറയട്ടെ. പറയുന്നത് ജീവിക്കുന്നയാള്‍ എന്നല്ല; മറിച്ച്, അത് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ആള്‍ എന്നാണ്.
എന്തെങ്കിലും സാക്ഷാത്ക്കരിച്ചയാളാണ് താനെന്ന് ഒരിക്കലും പറഞ്ഞില്ല. ആത്മസാക്ഷാത്ക്കാരമെന്നാല്‍ എന്തെന്ന ചോദ്യത്തിന് ഒരിക്കല്‍ പറഞ്ഞ മറുപടി; ശുദ്ധാവബോധത്തിന്റെ ധാരമുറിയാത്ത പ്രവാഹം എന്നായിരുന്നു. അത് എവിടെയും യാത്രയെ പൂര്‍ത്തീകരിക്കുന്നില്ല. ശുദ്ധമാകുംതോറും ശുദ്ധമാകാനുള്ള വെമ്പല്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ബോധാവസ്ഥയാണത്. ഞാനിതാ അവിടെയെത്തി എന്നൊരാള്‍ പറഞ്ഞാല്‍ അതയാളുടെ മരണമാണെന്ന് ഒരിക്കലദ്ദേഹം പറയുകയുണ്ടായി. അങ്ങനെ ഒരു എത്തല്‍ ഇല്ല, മറിച്ച്, തുടര്‍ച്ചയേയുള്ളൂ എന്ന കാഴ്ചയാണ് ആജീവിതത്തെ ഇത്രയും സുന്ദരമാക്കുന്നത്.

പ്രപഞ്ചസത്യത്തെയും ജീവിതവഴിയെയും കൃത്യമായി മനസ്സിലായതുപോലെയുള്ള ഉറച്ചും ഉറപ്പിച്ചുമുള്ള വാക്കുകള്‍ വായിച്ച് അദ്ദേഹം പറയാറുണ്ട്. ഇവര്‍ക്കെങ്ങനെ ഇത്ര എളുപ്പത്തില്‍ ഇതു പറയാനാകുന്നു. ഒരു വികാരം ഉണര്‍ന്നുവരുന്നതിനു പിന്നിലെ കാരണവും സ്രോതസ്സുമന്വേഷിച്ച് ഉത്തരംകിട്ടാതെ ഞാന്‍ നിശ്ചലനായിപ്പോകാറുണ്ട്. മൗനമായിരുന്നു പോകാറുണ്ട്.
അങ്ങനെയൊക്കെയാണ് അദ്ദേഹം ജീവിത ത്തെയും അതിന്റെ സഞ്ചാരപഥങ്ങളെയും നോക്കിക്കണ്ടത്. ഉത്തരം നല്‌കുകയല്ല, മറിച്ച് ചോദ്യങ്ങളെ കുറച്ചുകൂടി സൂക്ഷ്മമാക്കി ചോദ്യത്തിനുമുന്നില്‍നമ്മെ അടിയറവ് പറയിക്കുകയായിരുന്നു അദ്ദേഹം. ഉത്തരമെന്നത് ഇനിയുമിനിയും ചോദ്യങ്ങളെ ഉണര്‍ത്തുന്നില്ലെങ്കില്‍ അത് ഉത്തരമേയല്ലെന്നും ഉത്തരങ്ങള്‍ക്കു മുന്നില്‍ ആശ്വാസമാകുന്ന മനസ്സ് നിര്‍ജ്ജീവമാണെന്നും അദ്ദേഹം പറയാതെ പറഞ്ഞു.
ജീവിച്ചുകൊണ്ടേയിരിക്കുക, അത് ശ്രദ്ധയോടെയായിരിക്കുക എന്നത് വെറും പറച്ചിലായിരുന്നില്ല, പ്രാണസ്പന്ദനം തന്നെയായിരുന്നു. തന്നെക്കുറിച്ചും തന്റെ ദര്‍ശനത്തെക്കുറിച്ചും പറയുന്നതിങ്ങനെയാണ്: ”എന്റെ ആത്മസ്വരം ഒരു വീണക്കോ പിയാനോയ്ക്കാ വയലിനോ ഉള്ളതുപോലെ ഇനിമയുള്ളതല്ലെങ്കിലും ഒരു മൃദംഗത്തിന്റേതെന്നതുപോലെ ചുറ്റും ഉയരുന്ന രാഗങ്ങളോട് ലയിച്ച് താളക്രമമുണ്ടാക്കാന്‍ പോരുന്നതാണ്. പ്രപഞ്ചവാസികളില്‍ ചിലര്‍മന്ദബുദ്ധികളോ വക്രഗതിയുള്ളവരോ ആയിരിക്കാം. എന്നാലും ഇഹലോകജീവിതത്തെ ഞാന്‍ അഭികാമ്യമായി കാണുന്നു. എത്ര കിറുക്കുപിടിച്ച ലോകത്തെയും ധാരണകൊണ്ടും സൗമ്യതകൊണ്ടും നമുക്കു മധുരതരമാക്കാന്‍ കഴിയും.

കടന്നുവരുന്ന നിമിഷങ്ങളെല്ലാം, വെല്ലുവിളികളാണ്. അതിലെല്ലാം രഹസ്യത്തിന്റെ മണിയറയുണ്ട്. അവ അനുഭവവിധിതമല്ലാതെ നഷ്ടപ്പെട്ടാല്‍ ആ നിമിഷം മൃതമായി പോയി എന്നു പറയാം. അത് ആ നിമിഷത്തിന്റെ അസത്യവല്ക്കരണമാണ്. നേരെ മറിച്ച്, ആ നിമിഷത്തിന്റെ രഹസ്യം ഞാന്‍ കണ്ടെത്തിയാല്‍, അതിന്റെ ആകെ തുകയില്‍ ഞാന്‍ നിറഞ്ഞു നിന്നാല്‍, ആ നിമിഷം അമൃതമായി തീരും. അതിനെയാണ് ഞാന്‍ സാക്ഷാത്കാരം എന്ന് വിളിക്കുന്നത്.”

ഗുരു നിത്യ എന്തു പറയുമ്പോഴും അതില്‍ തന്റേതായ ഒരു തനിമയുണ്ടാകും. നാം അതുവരെ ചിന്തിക്കാതിരുന്ന ഒരു വീക്ഷണ കോണിലൂടെയാകും ഗുരു അതു പറയുക. അതുകൊണ്ടുതന്നെയാണ് ഗുരുവിനോട് ഇത്രയും പ്രണയം തോന്നുന്നത്. ജീവിതത്തെ സ്നേഹിക്കാനുള്ള സംഗീതാത്മകമായ ഒരു വഴി അദ്ദേഹം തുറന്നുതരുന്നുണ്ട്. സത്യവും സൗന്ദര്യവും വിലയിക്കുന്ന ആഴമേറിയ ഒരു അന്തര്‍ധാര അവിടെയുണ്ട്. പ്രത്യാശയിലൂടെ പ്രവാഹമായി മാറാനുള്ള ഊര്‍ജ്ജം അതു പ്രദാനം ചെയ്യുന്നുണ്ട്.

അങ്ങനെയൊരു മനുഷ്യന്റെ അടുത്തിരിക്കുമ്പോഴാണ് നാം മനുഷ്യരാണെന്ന അനുഭവം ഉണ്ടാകുക. സമത്വമെന്നു പറയുന്നത് പറയാതെതന്നെ നമ്മെ അനുഭവിപ്പിക്കുക ചിന്തകളെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്ന ബോധസാന്നിദ്ധ്യങ്ങളാണ്.
പൂര്‍ണ്ണമായ അറിവുള്ള ഒരാളാണെന്നു കരുതിയ മനുഷ്യന്‍ നിരന്തരമായി അറിവുതേടുന്ന ഒരാളാണെന്നു തിരിച്ചറിയുമ്പോഴുള്ള ഒരു സുഖമുണ്ട്. അതു പറയുന്ന വിനയത്തിന്റെ ചില പാഠങ്ങളുണ്ട്. അനുഭവിച്ചറിയേണ്ടതാണത്. നിത്യനില്‍ അതാണ് ഞാന്‍ അനുഭവിച്ചത്. ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നതും.
എന്താണ് വിനയമെന്ന് ചോദിക്കുമ്പോള്‍ ഗുരു പറയും: നമ്മള്‍ വിനയവാന്മാരാകാന്‍ ശ്രമിക്കേണ്ടതില്ല. നമുക്കറിവില്ലാത്ത ലോകത്തിനു മുന്നില്‍ നിന്നുകൊടുത്താല്‍ മതി. വിനയം നമ്മെവന്ന് പുല്‍കിക്കൊള്ളും. വിനയാന്വിതരാകാന്‍ നാം നടത്തുന്ന ശ്രമം ഒരുതരം അഹന്തയാണ്. നമ്മള്‍ അറിവില്ലാത്ത ആളാണെന്ന് പറയുന്നത് അറിവുള്ളവരാണെന്ന് സ്വയം തോന്നുന്നതു കൊണ്ടാണ്.

എല്ലാ മനുഷ്യര്‍ക്കും ഉള്ളതുപോലെ അദ്ദേഹത്തിനും പരിമിതികള്‍ ഉണ്ടായിരുന്നു. അപ്പോഴും നിത്യ എന്തുകൊണ്ട് എനിക്ക് ഇത്രയും പ്രിയമുള്ളവനായിരിക്കുന്നു എന്ന് പലവുരു സ്വയം ചോദിച്ചിട്ടുണ്ട്. ഒരുപാട് ഇടങ്ങളില്‍ അറിവ് തേടിയും അന്വേഷണത്തിന്റെ ഭാഗമായുമൊക്കെ പോയിട്ടുണ്ടെങ്കിലും യാതൊരു അന്യതാബോധവും അനുഭവമാകാതിരുന്ന ഇടം ഫേണ്‍ഹില്ലായിരുന്നു. നിത്യനായിരുന്നു.
വ്യത്യസ്തമായ തത്വചിന്ത പറയുന്ന ഇടങ്ങളിലൊക്കെ പോകുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ഒരു ദര്‍ശനത്തിലേക്ക്, ചിന്തയിലേക്ക് നമ്മെ ക്ഷണിക്കുകയാണ് ചെയ്യാറ്. അത് എത്ര ഉദാത്തമായ ചിന്തയുടെ ലോകമാണെങ്കിലും. ഫേണ്‍ഹില്ലില്‍ അങ്ങനെയായിരുന്നില്ല.
നമുക്ക് നമ്മിലേക്ക്, നമ്മുടെ ദര്‍ശനത്തിലേക്ക് വഴി തുറക്കുന്ന അന്തരീക്ഷം ഒരുക്കുകയാണ് അവിടെ ചെയ്യുന്നത്. അല്ലെങ്കില്‍ ആ ഇടം അങ്ങനെയാണ് നമ്മെ സഹായിക്കുന്നത്.
നടരാജഗുരുവാണ് ഗുരുകുലം തുടങ്ങിയത്. അദ്ദേഹം നാരായണഗുരുവിന്റെ ശിഷ്യനായിരുന്നു. ആ തുടര്‍ച്ചയുടെ കണ്ണിയായിരുന്നു നിത്യ. ഈ മൂന്ന് ഗുരുക്കന്മാരുടെയും വിശാലമായ ദര്‍ശനത്തിന്റെ സാന്നിധ്യമായിരുന്നു ഗുരുകുലം.

ഒരു ഇടത്തെ സൃഷ്ടിക്കുന്നത് ആ ഇടം പ്രതിനിധാനം ചെയ്യുന്ന ദര്‍ശനമല്ലെന്നും അവിടെയുള്ള മനുഷ്യരുടെ ജീവിതമാണെന്നും അനുഭവിച്ചറിഞ്ഞത് അങ്ങനെയായിരുന്നു. നമ്മള്‍ ഒരു വീട്ടില്‍ കയറി ചെല്ലുമ്പോള്‍ ആ വീട്ടിലുള്ള മനുഷ്യര്‍ എന്ത് ചിന്തിക്കുന്നു, എന്ത് വിശ്വസിക്കുന്നു എന്നതല്ല നമ്മെ അവിടെ അനുഭവിപ്പിക്കുക. മറിച്ച് ആ മനുഷ്യരുടെ ജീവിതമായിരിക്കും. ആ ജീവിതം പകരുന്നത് എന്തോ അതായിരിക്കും അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുക.
ഫേണ്‍ഹില്‍ ഗുരുകുലത്തിന് ആ ഒരു അന്യതാബോധമില്ലായ്മ എല്ലാ മനുഷ്യരെയും അനുഭവിപ്പിക്കാന്‍ കഴിഞ്ഞത് എന്തുകൊണ്ടായിരിക്കാം. ഞാന്‍ എന്നോട് അത് ചോദിച്ചിട്ടുണ്ട്. ഒരു കാരണമായി എനിക്ക് തോന്നിയത് നടരാജഗുരു ആ ഇടമുണ്ടാക്കുമ്പോള്‍ പ്രധാനമായും പറഞ്ഞുവെച്ച കാര്യമാണ്. പ്രസ്ഥാനത്തെ നിലനിര്‍ത്താന്‍ വേണ്ടിയല്ല ഗുരുകുലം ഉണ്ടാകുന്നത്. ഗുരുകുലങ്ങളുടെ എണ്ണം നാട്ടില്‍ വര്‍ദ്ധിപ്പിക്കുക എന്നത് നമ്മുടെ ഉദ്ദേശമല്ല. മറിച്ച് ഇവിടെ വരുന്ന മനുഷ്യര്‍ അവരവരെ, അവരുടെ ഭവനത്തെ ഗുരുകുലമാക്കുകയാണ് വേണ്ടത്.
ഗുരുകുലം ഒരു ആത്മീയ ഇടം തന്നെയായിരുന്നു. എന്നാല്‍ നാരായണ ഗുരുകുലത്തിന്, അവിടത്തെ ആത്മീയതയ്ക്ക് ഒരു വ്യത്യാസമുണ്ടായിരുന്നു. പൊതുവേ ആത്മീയത എന്ന് പറയുന്നത് മതവും മതവുമായി ബന്ധപ്പെട്ട രൂപപ്പെട്ടുവന്ന മിസ്റ്റിസിസവും ഒക്കെയാണ്. മതത്തില്‍ നിന്ന് രൂപം പൂണ്ടുവന്ന് മതത്തിനതീതമായി വളര്‍ന്നതോ അല്ലെങ്കില്‍ മതത്തെ ഉള്‍ക്കൊള്ളുന്നതോ മിസ്റ്റിക്കല്‍ ആയിട്ടുള്ളതോ ആയ ഒരു ലോകം. ഇത് രണ്ടും ചേര്‍ന്ന് നില്‍ക്കുന്ന ലോകത്തെയാണ് പൊതുവേ നാം ആത്മീയ ഇടം എന്ന് പറയുക. അല്ലെങ്കില്‍ അതാണ് നാം അവിടെ പ്രതീക്ഷിക്കുക. എന്നാല്‍ അങ്ങനെ ഒരു ഇടം മാത്രമായിരുന്നില്ല ഗുരുകുലം. അവിടെ കലയും സാഹിത്യവും സംഗീതവും വാസ്തുശില്പവും പാചക കലയും തുടങ്ങി സര്‍ഗാത്മകമായ എല്ലാം ഉണ്ടായിരുന്നു. നിത്യജീവിതത്തെ സ്പര്‍ശിക്കുന്നത് എന്തും അവിടെ ആത്മീയമായിരുന്നു. നാരായണഗുരു അരുള്‍ ചെയ്ത ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന ജീവിച്ച ഒരു പുണ്യസ്ഥലമായിരുന്നു ഗുരുകുലം.

ഗുരുത്വത്തെ
തൊട്ടറിയാന്‍
ചില അനുഭവങ്ങള്‍

ഗുരുവിനോടൊത്തു കഴിഞ്ഞ കാലത്തെ ചില അനുഭവങ്ങള്‍ കുറിക്കുന്നത് ആ ഗുരുത്വത്തെ തൊട്ടറിയാന്‍ ഏറെ സഹായിക്കും. അവകൂടി പറയാം.

ഒന്ന്
എടോ, മെല്ലെ പിടിക്കണം. ശരീരം മുഴുവന്‍ കത്തുകയാണ്; ബാത്ത്‌റൂമിലേക്കു നടക്കുന്നതിനിടയില്‍ ഗുരു പറഞ്ഞു.
സമയം പാതിരകഴിഞ്ഞു മൂന്നുമണിയോടടുത്തിരിക്കുന്നു. ആറാമത്തെ പ്രാവശ്യമാണു ഗുരു മൂത്രമൊഴിക്കാനായി പോകുന്നത്. മൂന്നുദിവസം മുമ്പാണത് സംഭവിച്ചത്. ഊട്ടിയിലെ ഒരു ഹോട്ടലില്‍ നിന്നും കഴിച്ച ഭക്ഷണത്തില്‍ നിന്നും കയറിയ വിഷാംശം ഗുരുവിന്റെ ശരീരത്തെ അമ്പേ തളര്‍ത്തിക്കളഞ്ഞു. ബി.പി. വളരെ കുറഞ്ഞു ചലിക്കാനാവാതെ ഗുരു കട്ടിലില്‍ വന്നു വീഴുകയായിരുന്നു. നാവു കുഴഞ്ഞുപോയി. ശരീരത്തില്‍ എവിടെ സ്പര്‍ശിച്ചാലും അസഹ്യമായ വേദന. നാലഞ്ചുപേര്‍ ചേര്‍ന്നാണു ഗുരുവിനെ ബാത്ത് റൂമിലേക്കു കൊണ്ടുപോയത്.

ഇപ്പോഴും അസ്വസ്ഥത വിട്ടുമാറിയിട്ടില്ല. ശബ്ദം പൂര്‍ണ്ണമായും തിരിച്ചു കിട്ടിയിട്ടുമില്ല. എങ്കിലും ദിനചര്യകള്‍ക്കു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കുന്നു. കത്തുകള്‍ക്കു മറുപടി പറഞ്ഞെഴുതിപ്പിക്കുന്നു. പതിവായെടുക്കാറുള്ള ക്ലാസ്സുകള്‍ ഉള്ള ശക്തിയനുസരിച്ചു മൃദുവായി മൊഴിയുന്നു.

വിഷബാധയേറ്റതിന്റെ രണ്ടാംദിവസം കസേരയില്‍ തളര്‍ന്നിരുന്നുകൊണ്ട് ഗുരു മരണത്തോടു സല്ലപിക്കുകയുണ്ടായി. തളര്‍ന്ന ചുണ്ടില്‍ നിന്നും ഉതിര്‍ന്നുവീണ ആ മര്‍മ്മരങ്ങള്‍ നാലഞ്ചുപേര്‍ എഴുതിയെടുക്കുകയായിരുന്നു.
എത്ര സുന്ദരമാണു ഈ നിമിഷം. അതു വിവരിക്കുക അസാദ്ധ്യം. ഈ നേരത്താണ് ഒരു വ്യക്തിയിലുള്ള ശ്രോത്രിയന്‍ അവന്റെ ആത്മാവിനെ ശ്രദ്ധിക്കുന്നത്. അവിടെ ഇടമുറിയാത്ത മന്ത്രധ്വനിപോലെ അനാഹതത്തിന്റെ നിത്യമായ മണിനാദം കേള്‍ക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉറങ്ങിക്കിടന്നപ്പോഴും അവനോടൊത്തു അതുണ്ടായിരുന്നു. അവന്റെ ജീവചൈതന്യത്തിന്റെ ആദ്യസ്പന്ദനംതൊട്ടേ അവനതു കേള്‍ക്കാന്‍ തുടങ്ങിയതാണ്. അതു ഭയാനകവും മൃഗീയവുമായി കേള്‍ക്കുന്നതു ജനിച്ചു വീഴുമ്പോഴുള്ള ആദ്യരോദനത്തില്‍ മാത്രമാണ്. ഇപ്പോള്‍ ജീവിതനാടകം അതിന്റെ പരിസമാപ്തിയില്‍ എത്തിനില്ക്കുന്ന നേരത്തു ഒരു തമ്പുരുവില്‍ നിന്നും ഉതിര്‍ന്ന നാദധ്വനിപോലെയാണു കേള്‍ക്കുവാന്‍ കഴിയുന്നത്. ഓം.. ഓം.. ഓം... എന്നു മന്ത്രിക്കുന്നതുപോലെ.'' ശരീരത്തില്‍ നിന്നും പ്രാണന്‍ പറന്നുപോകാന്‍ വെമ്പുന്ന നിമിഷത്തില്‍പോലും മരണത്തെ മന്ദസ്മിതത്തോടെ വരവേല്ക്കാന്‍ കൂപ്പുകൈയുമായി നില്ക്കുന്ന ഗുരുവിന്റെ മനോഭാവം ദൈവവുമായി സാത്മ്യംപ്രാപിച്ച മഹത്തുക്കള്‍ക്കുമാത്രം ലഭിക്കുന്ന അപൂര്‍വവും അസുലഭവുമായ അനുഗ്രഹമാണ്. മൂത്രമൊഴിച്ചു കഴിഞ്ഞു ഗുരുവിനെ കട്ടിലില്‍ കൊണ്ടുവന്നുകിടത്തി താഴെ കിടക്കാനായി തിരിഞ്ഞപ്പോള്‍ ഗുരു എന്നെ വിളിച്ചു.എടോ, ഷൗക്കേ.”
ഒത്തിരി വാത്സല്യം തോന്നുമ്പോഴാണു ഗുരു എന്നെ അങ്ങനെ വിളിക്കാറ്. ആ വിളി കേള്‍ക്കുമ്പോള്‍ ഹൃദയം അങ്ങനെത്തന്നെ പറിച്ചെടുത്തു് അവിടെ സമര്‍പ്പിക്കാന്‍ തോന്നും. ഞാന്‍ ഗുരുവിന്റെ അടുത്തു മുട്ടുകുത്തിനിന്നു.
എടോ, എന്റെ ശരീരത്തിലിപ്പോള്‍ മരണം കിടന്നു പിടയുകയാണ്. അവന്‍ എന്നെയുംകൊണ്ട് യാത്രയാവാന്‍ തിടുക്കംകൂട്ടുന്നതുപോലെ. ഇനി ഞാനിപ്പോള്‍ കണ്ണടച്ചുകിടന്നാല്‍ നാളെ ഉണര്‍ന്നില്ലെന്നു വരാം. ഇതൊരുപക്ഷെ നമ്മുടെ അവസാനത്തെ കാഴ്ചയായെന്നു വരാം. എന്താ, ഇയാള്‍ക്കു പേടിയുണ്ടോ?'' ഞാന്‍ ഒന്നും പറഞ്ഞില്ല. ഗുരുവിന്റെ കണ്ണിലേക്കു നിര്‍നിമേഷനായി നോക്കിക്കൊണ്ട് ഞങ്ങളെയെല്ലാം അനാഥരാക്കിക്കൊണ്ട് ഗുരുവിനെ കൊണ്ടുപോകാന്‍ മാത്രം ദൈവം അത്രയ്ക്കു കരുണയില്ലാത്തവനാണോ? എന്ന വ്യംഗ്യേന നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. ഗുരു മെല്ലെ കണ്ണടച്ചു സുഷുപ്തിയില്‍ ലയിച്ചു. ഒരു കുഞ്ഞിന്റെ നിഷ്‌ക്കളങ്കതയോടെ ഉറങ്ങുന്ന ഗുരുവിനെ കുറച്ചുനേരം ഞാന്‍ നോക്കിയിരുന്നു. എന്തോ കിടക്കാന്‍ കഴിയുന്നില്ല. ഗുരുവിന്റെ കാല്‍ക്കല്‍ തലചായ്‌ച്ചു മുട്ടുകുത്തി ഞാന്‍ നിന്നു. എപ്പോഴോ കട്ടിലില്‍ തലവെച്ചു ഉറങ്ങിപ്പോയി. ഗുരുവിന്റെ കാല്‍ തലയില്‍ സ്പര്‍ശിച്ചു. ഞാനും ഗുരുവും ഞെട്ടിയുണര്‍ന്നു. അടുത്തിരുന്ന ടോര്‍ച്ചെടുത്തു തെളിയിച്ചു ഗുരു ചോദിച്ചു: എന്താ ഇയാള്‍ അവിടെയിരിക്കുന്നേ? ഉറങ്ങുന്നില്ലേ? ഒന്നൂലാ ഗുരു. ഞാന്‍ കിടന്നോളാം എന്നുപറഞ്ഞു പായയില്‍ കിടന്നു. ഗുരുവിന്റെ ഉറക്കം തടസ്സപ്പെടുത്തിയല്ലോ എന്ന വേദന ഉള്ളില്‍ നീറ്റലായി നിറഞ്ഞു. സുഖമില്ലാതായെന്ന വാര്‍ത്ത പരന്നതോടെ കേരളത്തിലുള്ള ശിഷ്യരും സുഹൃത്തുക്കളും ഗുരുവിനെ കാണാനായി പിറ്റേന്നു മുതല്‍ എത്തിത്തുടങ്ങി. കൂട്ടത്തില്‍ അനുഷയും ഉണ്ടായിരുന്നു. അനുഷ കുറച്ചു വര്‍ഷങ്ങളായി ഗുരുവിനു സ്ഥിരമായി എഴുതാറുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ്. ജീവിതത്തില്‍ കൊച്ചുകൊച്ചു പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുമ്പോഴെല്ലാം എന്നാലിനി സന്യസിച്ചുകളയാമെന്നു ചിന്തിക്കുന്ന ഒരു തലമുറ എന്നത്തെയും പോലെ ഇന്നും നിലനില്ക്കുന്നുവെന്നു് ഗുരുവിനു വരുന്ന കത്തുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അനുഷ ആ ഗണത്തില്‍പ്പെട്ട പെണ്‍കുട്ടിയായിരുന്നില്ല. മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്തെന്നും അതു സാക്ഷാത്ക്കരിക്കേണ്ടതെങ്ങനെയെന്നും ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഉണര്‍വുള്ള മനസ്സിന്റെ ഉടമയായിരുന്നു അനുഷയെന്നു ഗുരുവിനുവരാറുള്ള കത്തുകളില്‍ നിന്നും ഗുരു അയക്കുന്ന മറുപടികളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. സഹോദരനുമൊത്താണ് അനുഷ ഗുരുവിനെ കാണാനെത്തിയത്. കണ്ടപാടെ ഗുരു പറഞ്ഞു:ഈ രൂപം തന്നെയായിരുന്നു എന്റെ മനസ്സില്‍. ഞാന്‍ പ്രതീക്ഷിച്ചപോലെത്തന്നെ.”

മേശയിലിരുന്ന കത്തുകള്‍ പൊട്ടിച്ചു വായിക്കാന്‍ അനുഷയോടു ഗുരു പറഞ്ഞു. ഇംഗ്ലീഷ് കത്തുകള്‍ വായിക്കാന്‍ എനിക്കറിയില്ലെന്നു പറഞ്ഞപ്പോള്‍ ഗുരു ചിരിച്ചുകൊണ്ടു പറഞ്ഞു: നിന്നെക്കുറിച്ചു എനിക്കറിയാമല്ലോ. അതുകൊണ്ടു വായിച്ചോളൂ.'' ആദ്യത്തെ കത്തു വായിച്ചതോടെ അനുഷയുടെ പരിഭ്രമമെല്ലാം എങ്ങോ പോയ്‌മറഞ്ഞു. കുറച്ചുനേരംകൂടി അവിടെയിരുന്നു ഗുരുവിനെ സഹായിച്ചു അനുഷ പുത്തിറങ്ങുമ്പോള്‍ പെയ്തൊഴിഞ്ഞ ആകാശംപോലെ പ്രസന്നമായിരുന്നു ആ മുഖം. പിറ്റേന്നു ഗുരു എന്നോട് അനുഷയെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. കിടപ്പുമുറിയില്‍ ഒരു കസേരയിലിരുന്നു വിശ്രമിക്കുകയായിരുന്നു ഗുരു. വന്നപാടെ ഗുരുവിനെ നമസ്‌ക്കരിച്ചെഴുന്നേറ്റ അനുഷയെ അടുത്തുപിടിച്ചു നിറുത്തി കാരുണ്യവും വാത്സല്യവും നിറഞ്ഞ ഇടറിയ ശബ്ദത്തില്‍ പറഞ്ഞു:മോളേ, ഞാന്‍ മരിച്ചുപോയാല്‍ എന്റെ ഗുരു മരിച്ചു പോയെന്നു നീ ഒരിക്കലും പറയരുത്. ഗുരു ഒരിക്കലും മരിച്ചു പോവുകയില്ല. നിന്നെ പഠിപ്പിക്കാന്‍ എനിക്ക് ഈ ശരീരം വേണമെന്നൊന്നുമില്ല. ഞാന്‍ ഈ ശരീരത്തില്‍നിന്നു പോയാലും എവിടെവെച്ചാണോ പഠിപ്പിച്ചു നിറുത്തിയതു അവിടെനിന്നും തുടര്‍ന്നു പഠിപ്പിക്കാനായി ഞാന്‍ വരും. അതുകൊണ്ടു മോളൊരിക്കലും ഗുരു മരിച്ചുപോയെന്നു പറയരുതേ…”
അതു പറയുമ്പോള്‍ ഗുരു വിതുമ്പുന്നുണ്ടായിരുന്നു. എന്തു പറയണമെന്നറിയാതെ, എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധയായി നില്ക്കുന്ന അനുഷയെ ഞാന്‍ നോക്കി. അനുഷയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. പക്ഷെ, അവള്‍ക്കു കരയാനാവുന്നില്ല.

ഫേണ്‍ഹില്‍

അല്പസമയത്തെ മൗനത്തിനുശേഷം ഗുരു എന്നെ വിളിച്ചു. ആത്മോപദേശശതകം എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. പുസ്തകവുമായി ഞാന്‍ ഗുരുവിന്റെ മുറിയിലെത്തിയപ്പോള്‍ ഗുരുവും അനുഷയും കട്ടിലിലിരിക്കുന്നു. അനുഷയുടെ കൈ ഗുരുവിന്റെ കൈയില്‍തന്നെ വിശ്രമിക്കുന്നുണ്ടായിരുന്നു. എന്നോടു അടുത്തുവന്നിരുന്നു ആത്മോപദേശശതകം വായിക്കാന്‍ പറഞ്ഞു. എനിക്കറിയാവുന്ന ഈണത്തില്‍ ഞാന്‍ ചൊല്ലാന്‍ തുടങ്ങി. അപ്പോള്‍ ഗുരു പറഞ്ഞു: പാട്ടു പാടാനല്ല പറഞ്ഞതു. ആത്മോപദേശശതകം വായിക്കാനാണ്.
ഞാന്‍ നിറുത്തിനിറുത്തി വായിക്കാന്‍ തുടങ്ങി. തെറ്റായി വായിക്കുമ്പോഴെല്ലാം കരുണയോടെ അതു തിരുത്തിത്തന്നു. ചില ശ്ലോകങ്ങളുടെ അര്‍ത്ഥം വിശദീകരിച്ചുതന്നു. എഴുപതിയെട്ടാം ശ്ലോകം വായിച്ചു കഴിഞ്ഞപ്പോള്‍ ഗുരു പറഞ്ഞു: ഇത്രയും മതി. എന്നിട്ടു് അനുഷയോടായി പറഞ്ഞു: സമയമായില്ലേ. ഇനി മോള്പോയിട്ടു വാ.

അനുഷ എഴുന്നേറ്റു ഗുരുവിനെ നമസ്‌ക്കരിച്ച് പുറത്തിറങ്ങി. പുറത്തു നിന്നിരുന്ന സന്ദര്‍ശകര്‍ ഗുരുവിനെ നമസ്‌ക്കരിക്കാനായി അകത്തുവന്നു. അവര്‍ ഗുരുവിനോടു കുശലം പറഞ്ഞിരിക്കുമ്പോള്‍ ആത്മോപദേശ ശതകം മടിയില്‍ അടച്ചുവെച്ചു എഴുപത്തിയെട്ടാമത്തെ ശ്ലോകം മനസ്സിലുരുവിട്ടു ഞാനിരുന്നു:
മരണവുമില്ല പുറപ്പുമില്ല വാഴ്‌വും
നരസുരരാദിയുമില്ല നാമരൂപം
മരുവിലമര്‍ന്ന മരീചിനീരുപോല്‍ നി-
ല്പൊരു പൊരുളാം,
പൊരുളല്ലിതോര്‍ത്തിടേണം.

രണ്ട്
സമയം രാത്രി പത്തുമണി. കത്തുകള്‍ക്കുള്ള മറുപടികള്‍ എഴുതിക്കഴിഞ്ഞു ഉറങ്ങാനായി ഗുരു കട്ടിലില്‍ വന്നിരുന്നു. ഗുരുവിനെ കട്ടിലിലിരുത്തി പതിവായി കഴിക്കാറുള്ള ഓറഞ്ചുനീരെടുക്കാനായി ഞാന്‍ അടുക്കളയിലേക്കു പോയി. പെട്ടെന്നു ഫോണടിച്ചു. ഞാന്‍ ഓടിവന്നു ഫോണെടുത്തു. ഒരു പെണ്‍കുഞ്ഞിന്റെ വേദനനിറഞ്ഞ സ്വരം. കരഞ്ഞുകൊണ്ട് ആ മോള്ചോദിക്കുന്നു; `ആരാ സംസാരിക്കുന്നേ? എനിക്ക് ഗുരുവപ്പൂപ്പനോടു സംസാരിക്കാന്‍ കഴിയോ? ഒന്ന് കൊടുക്ക്വോ?”
ഗുരുവിന്റെ അടുത്തുചെന്ന് കാര്യംപറഞ്ഞു. ഗുരു ഉടനെ എന്റെ കൈയില്‍ കടന്നുപിടിച്ചു ധൃതിയില്‍ നടന്നു കസേരയില്‍ വന്നിരുന്ന് ഫോണെടുത്തു.
ഗുരുവിന്റെ മുഖം വാടുന്നതും കണ്ണുകള്‍ ഈറനണിയുന്നതും കാണാമായിരുന്നു. വാത്സല്യവും നിസ്സഹായതയും നിറഞ്ഞ സ്വരത്തില്‍ പറയുന്നു: മോളേ, അപ്പൂപ്പനു എന്തു ചെയ്യാന്‍ പറ്റും. കുഞ്ഞുമോള്‍ കരയുന്നപോലെ ഇരുന്നു കരയുകയല്ലാതെ ഈ അപ്പൂപ്പന്‍ എന്താ ചെയ്യുക?
പിന്നെയും ഗുരു എന്തൊക്കെയോ ആ മോളോട് പറയുന്നുണ്ടായിരുന്നു.
ഗുരു ഫോണ്‍ വെച്ച് കസേരയിലേക്കു ചാഞ്ഞു. തോളില്‍ നിന്നും തോര്‍ത്തെടുത്ത് കണ്ണുനീര്തുടച്ച് എങ്ങോട്ടെന്നില്ലാതെ ദൃഷ്ടികള്‍ നട്ടു മൗനമായിരുന്നു. അല്പസമയം അങ്ങനെ ഇരുന്നിട്ടു എന്നെനോക്കി ‘ഇനി പോയി കിടക്കാം, അല്ലേടോ’ എന്നു ചോദിച്ചു.

ഗുരുവിനെ കട്ടിലില്‍ കൊണ്ടുവന്നിരുത്തി മുമ്പില്‍ മുട്ടുകുത്തിനിന്നു് രണ്ടു കൈപ്പത്തിയും ഗുരുവിന്റെ ഇരു തുടകളിലുംവെച്ചു് ആ കണ്ണിലേക്കുനോക്കി ഞാന്‍ ഇരുന്നു.

എനിക്കു ഇടയ്ക്കിടെ കത്തെഴുതാറുള്ള മോളാണു. അവളുടെ അച്ഛന്‍ മരിച്ചുപോയി. ആ മൃതശരീരത്തിനടുത്തിരുന്നാണ് മോള്‍ വിളിച്ചത്. ഗുരുവപ്പൂപ്പന് ഒത്തിരി ശക്തിയൊക്കെയില്ലേ. എന്റെ അച്ഛനെ ഒന്നു ജീവിപ്പിച്ചുതര്വോ? എന്നാണവള്‍ ചോദിച്ചത്. വിങ്ങിക്കരയുന്ന ആ മോളോട് എന്താടോ നാം പറയുക? ഒന്നിച്ചു കരയാനല്ലാതെ നമുക്കെന്തു ചെയ്യാന്‍ കഴിയും.
എന്റെയുള്ളില്‍ വന്നു കുമിഞ്ഞുകൂടുന്ന ചോദ്യങ്ങളെ മുറിച്ചുകൊണ്ടു ഗുരു തുടര്‍ന്നു: എന്റെ കരച്ചില്‍ കേട്ടിട്ട് ആ മോള്‍ പറയാ, ഗുരുവപ്പൂപ്പാ, ഗുരുവപ്പൂപ്പന്‍ കരയണ്ട. എന്റെ അച്ഛന്‍ മരിച്ചു പൊക്കോട്ടെ. അപ്പൂപ്പന്‍ കരയണ്ട. അപ്പൂപ്പന്‍ കരഞ്ഞാല്‍ എനിക്കു സഹിക്കില്ല.. എന്ന്.
ആശ്വാസംതേടി വിളിച്ചിട്ടു എന്നെ ആശ്വസിപ്പിക്കേണ്ടി വന്നല്ലോ ആ മോള്ക്ക്… എന്നുപറഞ്ഞു ഗുരു കട്ടിലിലേക്കു ചാഞ്ഞു.

മൂന്ന്
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ പണികഴിപ്പിച്ച മുറിയില്‍ പതിക്കേണ്ട ടൈല്‍സിനെക്കുറിച്ച് ഒരു അന്തേവാസിയുമായി ഗുരു സംസാരിക്കുകയായിരുന്നു. ഗുരു ചോദിച്ചു: വെള്ള ടൈല്‍സ് ഇടുന്നതാവും നല്ലതു, അല്ലേ?
അതുവേണ്ട ഗുരു, വെള്ളടൈല്‍സിട്ടാല്‍ ചളിയാ യാല്‍ പെട്ടെന്നറിയും; ശിഷ്യന്‍ പ്രതിവചിച്ചു.
ഓ, അപ്പോള്‍ ചളിയായാല്‍ അറിയാത്ത ടൈല്‍സാണു വേണ്ടത്, അല്ലേ?
ശിഷ്യന്‍ ഒന്നുംപറയാതെ തലകുമ്പിട്ടുനിന്നു.

നാല്
ഗുരു പൗരസ്ത്യരും പാശ്ചാത്യരുമായ ശിഷ്യരുമൊത്തു് ബദരീനാഥിലേക്കു് യാത്ര പോകുന്നതിനിടയില്‍ ഒരു ഹോട്ടലില്‍ താമസിക്കുകയുണ്ടായി. രാവിലെ കുളിക്കാനായി കയറിയ പാശ്ചാത്യശിഷ്യ കുറെസമയം കഴിഞ്ഞും ഇറങ്ങിവരാത്തതുകണ്ട് കൂടെയുണ്ടായിരുന്ന മുതിര്‍ന്ന സ്വാമി ഗുരുവിന്റെ ഒരു ശിഷ്യയോടു പറഞ്ഞു: അവരോടു ഒന്നു പെട്ടെന്ന് ഇറങ്ങാന്‍ പറയൂ. ഇനിയും കുറെ ആളുകള്‍ക്ക് കുളിക്കണം. എത്ര സമയമായി അകത്തു കയറിയിട്ട്.
അവര്‍ നേരെ ബാത്ത് റൂമിന്റെ അടുത്തു ചെന്നു കാര്യം പറഞ്ഞു.
ഗുരു ഇതെല്ലാം കാണുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് ഗുരു ആ ശിഷ്യയെ വിളിച്ച് പറഞ്ഞു: നിങ്ങളെ ഞാന്‍ ശിക്ഷിക്കാന്‍ പോവുകയാണ്.
എന്താ കാര്യം?
നിങ്ങളെന്തിനാണു വേറൊരാളുടെ സ്വകാര്യതയെ അലോസരപ്പെടുത്തിയത്?
അത്, സ്വാമി പറഞ്ഞിട്ടാണ്.
നിങ്ങളെന്താ പോസ്റ്റുമാനാണോ?
ഒന്നും മിണ്ടാതെ നില്ക്കുന്ന ആ ശിഷ്യയെനോക്കി ഗുരു തുടര്‍ന്നു പറഞ്ഞു: ആരുടെയും പോസ്റ്റുമാനാകരുത്.

അഞ്ച്
മദ്ധ്യവയസ്‌ക്കനായ ഒരാള്‍ ഗുരുവിനെ കാണാനായി ഫേണ്‍ഹില്ലിലെത്തി. അലഞ്ഞുതിരിഞ്ഞു ക്ഷീണിച്ചവശനായാണ് അദ്ദേഹം വന്നത്. വൈകുന്നേരം ഗുരു നടക്കാനിറങ്ങിയപ്പോള്‍ അദ്ദേഹവും കൂടെക്കൂടി. നല്ല തണുപ്പുള്ള ദിവസമായിരുന്നു. കുറച്ചുദൂരമെത്തിയപ്പോള്‍ ഗുരു അദ്ദേഹത്തോടു വിശേഷങ്ങളാരാഞ്ഞു. മോക്ഷത്തിലേക്കുള്ള വഴിതേടി വന്നതാണെന്നു പറഞ്ഞപ്പോള്‍ ഗുരു അയാളെ അടിമുടിനോക്കി. ആള്‍ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. ഗുരു ചിരിച്ചുകൊണ്ടു അയാളോടു പറഞ്ഞു: താങ്കള്‍ക്ക് ആദ്യം മോക്ഷം കിട്ടേണ്ടതു തണുപ്പില്‍ നിന്നാണ്. അതിനാള്‍ ഒട്ടുംവൈകാതെ ഗുരുകുലത്തില്‍ ചെന്ന് ഒരു സ്വെറ്റര്‍ വാങ്ങി ധരിക്കൂ. അതിനുശേഷം അടുത്തപ്രശ്നത്തില്‍ നിന്നുള്ള മോക്ഷത്തെക്കുറിച്ചു് നമുക്കു ചിന്തിക്കാം.

Author

Scroll to top
Close
Browse Categories