മനുഷ്യത്വം മരവിക്കുന്നു;നെഞ്ച് പിളർന്ന് കേരളം

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് ലോകത്തിനു മുന്നിൽ അറിയപ്പെട്ടിരുന്ന കേരളം ഓരോ ദിവസം കഴിയും തോറും ചെകുത്താന്റെ നാടായി മാറിക്കൊണ്ടിരിക്കുന്നതിന്റെ അതീവ ദു:ഖകരമായ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പിശാചുക്കളെപ്പോലെ അമ്മയെന്നോ അച്ഛനെന്നോ സഹോദരങ്ങളെന്നോ വേർതിരിവില്ലാതെ പൈശാചിക കുരുതി നടത്തുന്ന കൊലയാളികളിൽ ഏറെയും യുവാക്കളാണ്. പരിഷ്കൃതമെന്നും വിദ്യാസമ്പന്നമെന്നും അഭിമാനിക്കുമ്പോഴും കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകൾ, സാമ്പത്തിക പ്രശ്നങ്ങൾ, മാനസിക വെല്ലുവിളികൾ തുടങ്ങി മദ്യവും മയക്കുമരുന്നും രാസലഹരിയുമെല്ലാം പ്രതികളെ പിശാചുക്കളാക്കി മാറ്റുന്ന ഘടകങ്ങളാണ്.

ഫെബ്രുവരി 24 ന് വൈകിട്ട് 5 മണിയോടെ തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് നടന്നെത്തിയ യുവാവ് അവിടെയുണ്ടായിരുന്ന പൊലീസുകാരോടായി പറഞ്ഞു. ‘ഞാൻ 6 പേരെ കൊന്നിട്ടിരിക്കുന്നു സാർ, വീട്ടിൽ ഗ്യാസും തുറന്നു വിട്ടിട്ടുണ്ട്. കീഴടങ്ങാൻ വന്നതാണ്’. കുളിച്ച് മുടിചീകി, മുഖത്ത് പൗഡറുമിട്ട് നല്ല വസ്ത്രങ്ങൾ ധരിച്ച 23 കാരന്റെ വാക്കുകൾ കേട്ട പൊലീസുകാർ വിശ്വാസം വരാതെ ഞെട്ടിത്തരിച്ചു പോയി. യുവാവ് വീണ്ടും ആവർത്തിച്ചപ്പോഴാണ് അവർ സമനില വീണ്ടെടുത്തത്. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. യുവാവ് പറഞ്ഞ പ്രകാരം മൂന്ന് വീടുകളിലായാണ് ആറുപേരെ കൊന്നതെന്നാണ്. മൂന്നിടത്തേക്കും പൊലീസെത്തി സംഭവം സ്ഥിരീകരിച്ചു. കഴിഞ്ഞമാസം നടന്ന മറ്റൊരു സംഭവം ഇങ്ങനെയാണ് : കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി രണ്ടു പേരെ വീണ്ടും വെട്ടിക്കൊന്നു. എന്നിട്ട് പൊലീസ് പിടിയിലായപ്പോൾ ഒട്ടും സങ്കോചമില്ലാതെ പറഞ്ഞു. ‘ഇനിയും ചിലരെക്കൂടി കൊല്ലാനുണ്ടായിരുന്നു’ പാലക്കാട് നെന്മാറയിൽ ജനുവരി 25 ന് ചെന്താമര എന്ന കൊടും ക്രിമിനൽ, അയൽവീട്ടിലെ വൃദ്ധയായ മാതാവിനെയും അവരുടെ മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് പിടിയിലായപ്പോഴാണ് പശ്ചാത്താപം ലവലേശമില്ലാതെ ഇങ്ങനെ പറഞ്ഞത്. ജനുവരിയിൽ തന്നെയാണ് ചേന്ദമംഗലത്ത് ഒരു വീട്ടിൽ കയറിയ യുവാവ് ദമ്പതികളെയും മകളെയും കമ്പിവടികൊണ്ടടിച്ച് വകവരുത്തിയത്. ജനുവരിയിൽ നടന്ന രണ്ട് കൂട്ടക്കൊലപാതകങ്ങളിൽ വിറങ്ങലിച്ചു നിന്ന കേരളത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട് വെഞ്ഞാറമൂട്ടിൽ 23 കാരനായ അഫാൻ എന്ന യുവാവ് തന്റെ കുടുംബത്തിലെ അഞ്ചുപേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കൊന്നു തള്ളിയതാണ് ഈ നിരയിലെ ഏറ്റവും ഒടുവിലത്തേത്.
യുവാവിന്റെ കൊലപാതകശ്രമത്തിനിരയായ സ്വന്തം മാതാവ് ഇപ്പോൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മകൻ നടത്തിയ കൂട്ടക്കുരുതിയുടെ നടുക്കുന്ന വിവരങ്ങളറിയാതെ ജീവനുവേണ്ടി മല്ലിടുകയാണ്.
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് ലോകത്തിനു മുന്നിൽ അറിയപ്പെട്ടിരുന്ന കേരളം ഓരോ ദിവസം കഴിയും തോറും ചെകുത്താന്റെ നാടായി മാറിക്കൊണ്ടിരിക്കുന്നതിന്റെ അതീവ ദു:ഖകരമായ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പിശാചുക്കളെപ്പോലെ അമ്മയെന്നോ അച്ഛനെന്നോ സഹോദരങ്ങളെന്നോ വേർതിരിവില്ലാതെ പൈശാചിക കുരുതി നടത്തുന്ന കൊലയാളികളിൽ ഏറെയും യുവാക്കളാണ്. പരിഷ്കൃതമെന്നും വിദ്യാസമ്പന്നമെന്നും അഭിമാനിക്കുമ്പോഴും കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകൾ, സാമ്പത്തിക പ്രശ്നങ്ങൾ, മാനസിക വെല്ലുവിളികൾ തുടങ്ങി മദ്യവും മയക്കുമരുന്നും രാസലഹരിയുമെല്ലാം പ്രതികളെ പിശാചുക്കളാക്കി മാറ്റുന്ന ഘടകങ്ങളാണ്.

ആലുവ, കൂടത്തായി, നെന്മാറ, ചേന്ദമംഗലം, നന്തൻകോട്, തൊടുപുഴ കൂട്ടക്കൊലപാതകങ്ങളുടെ അവസാന നിരയിലേതാണ് വെഞ്ഞാറമൂട്ടിലുണ്ടായത്. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ എന്ന 23 കാരൻ തന്റെ വീട്ടിലടക്കം 25 കിലോമീറ്റർ ചുറ്റളവിലുള്ള മൂന്ന് വീടുകളിലായാണ് അഞ്ചു പേരെ കൊലപ്പെടുത്തിയത്. ഇളയ സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ ലത്തീഫ് (60), ഭാര്യ സജിതാ ബീവി (55), പിതാവിന്റെ മാതാവ് സൽമാ ബീവി (95), കാമുകി വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ദാരുണമായി കൊലപ്പെടുത്തിയത്. ആദ്യം ആക്രമണത്തിനിരയായ മാതാവ് ഷെമി (40) മൃതപ്രായയായി ആശുപത്രിയിലാണ്. 24 ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയുള്ള സമയത്ത് വിവിധ വീടുകളിലെത്തിയാണ് അഫാൻ തുടർ കൊലകൾ നടത്തിയത്. വൈകിട്ടോടെ സ്വന്തം വീട്ടിൽ വച്ച് കൊലപ്പെടുത്തിയ അഫ്‌സാന്റെയും ഫർസാനയുടെയും മൃതദേഹങ്ങൾ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷം കുളിച്ച് നല്ല വസ്ത്രവും ധരിച്ച് ബൈക്കിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാചകവാതക സിലിണ്ടറുകളും തുറന്നു വിട്ടിരുന്നു. 6 പേരെ കൊലപ്പെടുത്തിയെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസെത്തി വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് പരിസരവാസികൾ പോലും അമ്പരന്നു പോയത്. വീട്ടിനകത്തെ അടച്ചിട്ട മുറിയിൽ മൃതപ്രായമായി ബോധമറ്റു കിടന്ന ഷെമിമിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രതിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സാമ്പത്തികം, ലഹരി…
കുടുംബം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പറയുന്നുണ്ടെങ്കിലും അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. അഫാൻ രാസലഹരി ഉപയോഗിച്ചതിന് തെളിവ് ലഭിച്ചില്ലെങ്കിലും സംഭവദിവസം 4 പേരെ ആക്രമിച്ച ശേഷം ബാറിലെത്തി മദ്യപിച്ച് ഇടവേള എടുത്ത ശേഷം വീണ്ടും പോയി രണ്ട് പേരെ കൊലപ്പെടുത്തിയത് ‘സൈക്കോ ക്രിമിനലി’ന്റെ ലക്ഷണങ്ങളായാണ് പൊലീസ് കരുതുന്നത്. പ്രതിക്ക് മാനസികരോഗമില്ലെന്ന് ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും അതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണ്ടിവരും. അഫാന്റെ പിതാവ് അബ്ദുൽ റഹിം വർഷങ്ങളായി സൗദി അറേബ്യയിലാണ്. അവിടെ നടത്തിയ ബിസിനസിൽ വൻ നഷ്ടം നേരിട്ടതു കൂടാതെ നാട്ടിലേക്ക് വരാനാകാത്ത വിധം നിയമക്കുരുക്കിൽ പെടുകയുംചെയ്തു. ഏഴുവർഷമായി നാട്ടിലെത്താൻ കഴിയാതിരുന്ന റഹിം പ്രവാസികളുടെ സഹായത്താൽ തന്റെ ഉറ്റവരെ കാണാൻ 28 ന് നാട്ടിലെത്തി. സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ സഹായിച്ചില്ലെന്നതാണ് പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും പിതാവിന്റെ മാതാവ് സൽമാ ബീവിയെയും വകവരുത്താൻ കാരണമെന്നാണ് അഫാൻ പറയുന്നത്. എല്ലാവരെയും കൊന്ന് ജിവനൊടുക്കാനായിരുന്നുവത്രെ അഫാന്റെ പദ്ധതി. സാമ്പത്തിക ബുദ്ധിമുട്ട് അഫാൻ ഏറ്റെടുക്കേണ്ട സാഹചര്യം ഇല്ലെന്നാണ് അബ്ദുൽ റഹിം പറയുന്നത്. സംഭവത്തിലെ ദുരൂഹതകൾ നീക്കാൻ അഫാനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ കൂടുതൽ വ്യക്തത ഉണ്ടാകൂ. അഫാനും ഫർസാനയും തമ്മിലുള്ള ബന്ധം ഇരു വീട്ടുകാർക്കും അറിയാമായിരുന്നുവെന്നാണ് ഫർസാനയുടെ ബന്ധുക്കൾ പറയുന്നത്. വിവാഹത്തിനും വീട്ടുകാർക്ക് സമ്മതമായിരുന്നു. സംഭവദിവസം വീട്ടിൽ നിന്ന് മൂന്നരയോടെ ട്യൂഷനെന്ന് പറഞ്ഞിറങ്ങിയ ഫർസാന അഫാനൊപ്പം ബൈക്കിൽ പോകുന്നത് കണ്ടവരുണ്ട്. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ പി.ജി വിദ്യാർത്ഥിയാണ് ഫർസാന.
അസാധാരണ രീതിയിൽ കൊല
ആറുപേരെ ചുറ്റിക കൊണ്ട് പലതവണ തലയ്ക്കടിച്ചാണ് അഫാൻ കൂട്ടക്കൊലകൾ നടത്തിയെന്നത് പൊലീസിനെ തന്നെ അത്ഭുതപ്പെടുത്തി. കുറ്റാന്വേഷണ ചരിത്രത്തിൽ ഇതിന് സമാനമായൊരു കുറ്റകൃത്യം പൊലീസിന്റെ നിഘണ്ടുവിൽ പോലും ഇല്ലത്രെ. കൊലപ്പെട്ടവരുടെ എല്ലാം തലച്ചോറ് ചിതറിയ നിലയിലായിരുന്നു. ദേഹത്ത് മറ്റ് മുറിവുകളോ ചതവുകളോ ഇല്ല. ഇത്രകൃത്യമായി ഇരകളെ തലയിലെ മർമ്മ സ്ഥാനത്തടിച്ച് മാരകമായി കൊലപ്പെടുത്തണമെങ്കിൽ അതിന് പ്രത്യേക പരിശീലനം സിദ്ധിച്ചവർക്കേ കഴിയുകയുള്ളുവെന്നാണ് കുറ്റാന്വേഷണ വിദഗ്ധർ നൽകുന്ന വിവരം. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആലപ്പുഴയിലെ അഡ്വ. രഞ്ജിത് രവീന്ദ്രനെ കൊലപ്പെടുത്തിയതാണ് വെഞ്ഞാറമൂട്ടിലെ കൊലപാതകങ്ങൾക്ക് സമാനമായുള്ളത്. എന്നാൽ തീവ്രവാദികൾ ഇത്തരത്തിലുള്ള ക്രൂരകൃത്യം ചെയ്യുന്നത് ശത്രുക്കളോടോ എതിരാളികളോടോ ആണ്. അഫാൻ കൊന്നവരിൽ ജീവന് തുല്യം സ്നേഹിച്ച കുഞ്ഞനുജനും വിവാഹം കഴിക്കാനിരുന്ന കാമുകിയുമുണ്ട്. മാതാവിനെയും തലയ്ക്കടിച്ച് മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട അഫാൻ അവരും മരിച്ചെന്ന് കരുതിയാണ് പൊലീസ് സ്റ്റേഷനിലെത്തി 6 പേരെ കൊന്നെന്ന് പറഞ്ഞത്. സാമ്പത്തികവും മയക്കുമരുന്നും ഒക്കെയാണ് അഫാനെ കൂട്ടക്കൊലകൾക്ക് പ്രേരിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും അഫാനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അന്വേഷണത്തിലൂടെ പുറത്തുവരുമോ എന്നാണ് അറിയേണ്ടത്.

ചെന്താമരയും റിതുവും
കഴിഞ്ഞ മാസം ചേന്ദമംഗലത്ത് മൂന്ന് പേരുടെയും പാലക്കാട് നെന്മാറ കൊല്ലങ്കോട് പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകങ്ങളുടെയും ഞെട്ടൽ മാറും മുമ്പെയാണ് വെഞ്ഞാറമൂട്ടിലെ അഞ്ചുപേരുടെ കൊലപാതകം നാടിനെ നടുക്കിയത്. പോത്തുണ്ടി തിരുത്തമ്പാടം ബായൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മി, മകൻ സുധാകരൻ എന്നിവരെ ചെന്താമര എന്നയാളാണ് കൊടുവാൾ കൊണ്ട് അരിഞ്ഞുവീഴ്ത്തിയത്. സുധാകരന്റെ ഭാര്യയെ 2019 ൽ സമാന രീതിയിൽ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ചെന്താമരയാണ് ജാമ്യവ്യവസ്ഥ പോലും ലംഘിച്ച് രണ്ട് കൊലപാതകങ്ങൾ കൂടി നടത്തിയത്.
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ മാസം 16 നായിരുന്നു . റിതു ജയൻ എന്ന യുവാവ് അയൽവീട്ടിൽ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്തുകയായിരുന്നു. പെരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെയാണ് പ്രതി വീട്ടിൽ കയറി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊന്നത്. വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊല നടത്തിയതെന്നായിരുന്നു റിതുവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതി നിരന്തരമായി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൈശാചിക കൃത്യത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഗുണ്ടയും അഞ്ച് കേസുകളിൽ പ്രതിയുമായ റിതു 2021 മുതൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് വീട്ടിൽ എത്തിയിരുന്നു. ചെന്താമരയ്ക്കും റിതുവിനും എതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ കൊലപാതകങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം
കാലം മാറി,
കുറ്റകൃത്യങ്ങളുടെ രീതിയും..
കാലത്തിനൊപ്പം കുറ്റകൃത്യങ്ങളുടെ രീതിയും വ്യാപ്തിയും മാറുന്നതാണ് സമീപകാലത്തെ കൂട്ടക്കൊലകൾ നൽകുന്ന സൂചന. ലഹരി ഉപയോഗവും മാറിയ ജീവിതസാഹചര്യങ്ങളും ചേർന്ന് കുറ്റകൃത്യങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ പെരുകുകയാണ്. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെയും മയക്കുമരുന്ന് കേസുകളുടെയും എണ്ണത്തിൽ വൻ കുതിപ്പാണുണ്ടായത്. 2024 ൽ 335 കൊലപാതകങ്ങൾ സംസ്ഥാനത്തുണ്ടായി. 2020 ൽ വെറും 4968 ലഹരിക്കേസുകളുടെ സ്ഥാനത്ത് 2024 ആയപ്പോൾ 27,530 ആയി ഉയര്‍ന്നു. പോക്സോ കേസുകൾ 2024 ൽ 4594 ആണ്. 2023 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ 2,58,538 ആണ്. മാരക ലഹരിമരുന്നുകൾ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളവും അതിവേഗം മാറുകയാണ്. പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വർദ്ധന, വിൽപ്പനക്കാരുടെ എണ്ണത്തിലെ വർദ്ധന, വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിലെ അതിവേഗ വ്യാപനം എന്നിവ കേരളത്തെ ഭയപ്പെടുത്തുമ്പോഴും ശക്തമായി ഇതിനെ നേരിടാനോ വേണ്ടത്ര ഗൗരവം നൽകാനോ ഭരണാധികാരികൾക്കായിട്ടില്ലെന്നതാണ് ആശങ്കയുണർത്തുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ സമീപകാലത്ത് കേരളത്തിലുണ്ടായ നിരവധി ആക്രമണങ്ങളിൽ പ്രതികളുടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധവും കാരണമായിട്ടുണ്ട്. പ്രണയനൈരാശ്യത്തിന്റെ പകതീർക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഉൾപ്പെടെ മയക്കുമരുന്നിന്റെ പങ്ക് പുറത്തുവരുന്നുണ്ട്.
മയക്കുമരുന്നും ക്വട്ടേഷൻ സംഘങ്ങളും തമ്മിലുള്ള ബന്ധം പലവിധത്തിൽ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളാക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതും അവർ മയക്കുമരുന്നു വാഹകരായി മാറുന്നതും വ്യക്തമാക്കുന്ന കേസുകളേറെയാണ്. എന്തുതരം ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത സംഘങ്ങൾ ഇവരിലൂടെ രൂപപ്പെടുന്നുവെന്നത് ഓരോ കുടുംബങ്ങളിലും അസ്വസ്ഥത പടർത്തുന്നതാണ്.
ലേഖകന്റെ ഫോൺ: 9446564749