ഓർമ്മപ്പെടുത്തലുകളുമായി വന്നണയുന്ന ഗുരുജയന്തി

മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത മലയാളമെന്ന പച്ചത്തുരുത്തായിരുന്നു പ്രവാസികൾക്ക് കേരളം. എന്നാൽ ഇപ്പോൾ ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ട് കാനഡ, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങിയ ഏതെങ്കിലും രാജ്യത്ത് എത്തിച്ചേർന്നാൽ മതിയെന്ന ചിന്തയിലാണ് ബഹുഭൂരിപക്ഷം യുവതി യുവാക്കളും. ഒഴുക്കിനെ തടഞ്ഞാൽ ഒഴുകാൻ കഴിയുന്ന സ്ഥലത്തേക്ക് പ്രവഹിക്കുന്നത് വെള്ളത്തിന്റെ സ്വഭാവമാണ്. ഇതുപോലെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള സാഹചര്യമുള്ള ഇടത്തേക്ക് ജനങ്ങൾ പോവുക സ്വാഭാവികമാണ്. ഇതേപോലേയുള്ള പ്രതിസന്ധികളെ എങ്ങനെ മറികടക്കാൻ കഴിയും എന്ന ചോദ്യത്തിന് “വിദ്യകൊണ്ട് സ്വതന്ത്രരാകുക, സംഘടന കൊണ്ട് ശക്തരാകുക “ എന്ന ഉപദേശത്തെ പ്രയോഗത്തിൽ വരുത്തുക എന്നത് മാത്രമാണ് മറുപടി

ശ്രീനാരായണ ഗുരുവിന്റെ 170-ാ മത് ജയന്തി ആഘോഷം പതിവ് പോലെ ചിങ്ങമാസത്തിലെ ചതയം ദിനത്തിൽ വന്നണയുകയാണ്. ഗുരു ഭക്തന്മാർക്കിത് ആചാരത്തിന്റെയും ആഘോഷത്തിന്റേയും പുണ്യദിനം കൂടിയാണ്. ഈയവസരത്തിൽ ചതയം നക്ഷത്രത്തിൽ ജനിച്ചവരുടെ സവിശേഷതകളും ഗുരുദേവന്റെ ജീവിതം ഈ നക്ഷത്ര ഗുണത്തെ എന്ത് കാര്യങ്ങൾക്കാണ് വിനിയോഗിച്ചത്, അതിന്റെ ഗുണഭോക്താക്കളായ പൊതുസമൂഹം ഏതെല്ലാം കാര്യങ്ങളാണ് ജാഗ്രതയോടെ കാണേണ്ടത് എന്നത് പ്രസക്തമായ കാര്യങ്ങളാണ് . ജ്യോതിശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ രാശിചക്രത്തിലെ ഇരുപത്തി നാലാമത് നക്ഷത്രമാണ് ചതയം. ശതഭിഷക് എന്നാണ് സംസ്കൃതത്തിൽ പറയുന്നത്.

നിത്യചൈതന്യയതി

ഇരുപത്തി നാല് എന്ന സംഖ്യക്കും ശതഭിഷക് എന്ന പദത്തിനും വളരെയേറെ അർത്ഥങ്ങളുണ്ട്. ഭാഗ്യത്തിന്റേയും പരിശുദ്ധിയുടെയും പൂർണതയുടേയും പ്രതീകമാണ് ഈ സംഖ്യ. ഇരുപത്തി നാല് കാരറ്റ് സ്വർണവും, ഇരുപത്തി നാല് മണിക്കൂറും, അശോക ചക്രത്തിൽ കാണുന്ന ഇരുപത്തി നാല് ആരക്കാലുകളും അതാണല്ലോ സൂചിപ്പിക്കുന്നത്. ശതഭിഷക് എന്നതിന് നൂറ് വൈദ്യന്മാരെന്നും, നൂറു നക്ഷത്രശോഭയെന്നു അർത്ഥമുണ്ട്. ഈ നക്ഷത്ര പുണ്യം മുഴുവൻ ആവാഹിച്ച് പിറവിയെടുത്ത ആത്മസ്വരൂപമാണ് ശ്രീനാരായണ ഗുരു. സ്വതന്ത്ര ചിന്തയും ആത്മനിഷ്ഠമായ ജീവിതവും ,വൈദ്യം, ദൈവചിന്ത, തത്ത്വചിന്ത, ശാസ്ത്രചിന്ത, അതിശയിപ്പിക്കുന്ന ഓർമ്മ ശക്തി, പ്രതിസന്ധികൾ പരിഹരിക്കാനുള്ള അസാധാരണമായ കഴിവ് എന്നിവ ഈ നാളിൽ ജനിക്കുന്നവരുടെ സവിശേഷതയാണ്. ജനിമൃതി രോഗമറുക്കാൻ ഈടൽപൂണ്ട അനുകമ്പാശാലിയായ ഗുരുവിന്റെ ജീവിതത്തിൽ ഇവയെല്ലാം നിറഞ്ഞിരുന്നു എന്ന സംഗതി അടുത്തറിയാൻ ശ്രമിച്ചവർക്ക് ബോധ്യപ്പെട്ടിട്ടുള്ള വസ്തുതയാണ് . ആരാധ്യദേവതയുടെ ഗുണങ്ങൾ ആരാധിക്കുന്നവരിലേക്ക് നിറഞ്ഞൊഴുകണമെങ്കിൽ പങ്കെടുക്കുന്നവർ ആ ഗുണങ്ങൾ അറിഞ്ഞ് ആചരിച്ച് സ്വയം പരിവർത്തനപ്പെടണം. അപ്പോഴാണ് ആഘോഷം അർത്ഥമുള്ളതാകുന്നത്. ചരിത്രം വഴിമാറും ചിലർ വരുമ്പോൾ എന്നൊരു പരസ്യവാചകമുണ്ട്. പൂർണമായ അവബോധത്തോടെ മണ്ണിലേക്ക് ഇറങ്ങി വന്ന മഹാത്മാക്കളുടെ ജീവിതചരിത്രം ഈ പ്രസ്താവന പരമാർത്ഥമാണെന്ന് ശരിവെക്കുന്നതാണ്. ശ്രീകൃഷ്ണനും ശ്രീബുദ്ധനും യേശുദേവനും കാലത്തെ വകഞ്ഞുമാറ്റി പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ട് സഞ്ചരിച്ചവരായിരുന്നുവല്ലോ. അതുകൊണ്ടാണ് ക്രിസ്തുവിന് മുമ്പും പിമ്പും എന്നനിലയിൽ ചരിത്രത്തെ നാം രണ്ടായി പകുത്ത് ചിന്തിക്കുന്നത്. അതുപോലെ കേരളത്തിന്റെ ചരിത്രത്തെ കുറിച്ച് പഠിക്കാൻ തുടങ്ങുന്നവരും ഗുരുവിന് മുമ്പും പിമ്പും എന്നനിലയിൽ ചരിത്രത്തെ രണ്ടായി വിലയിരുത്തുന്നത് കാണാം. അതോടൊപ്പം ആ ധന്യജീവിതത്തെ ആത്മാർത്ഥമായി അറിയാൻ ശ്രമിച്ചവരിൽ രണ്ടാക്കി നിറുത്തുന്ന എല്ലാ ഘടകങ്ങളും ഇല്ലാതാക്കി യിരുന്നു എന്ന കാഴ്ചയും യാഥാർത്ഥ്യമാണ്. സുഖം ദുഃഖം, ജനനം മരണം, നന്മ തിന്മ ,ധർമ്മം അധർമ്മം, എന്നിങ്ങനെയുള്ള ഇരുപിരിവായാണ് ഓരോരുത്തരിലും പ്രപഞ്ചബോധം നിലനിൽക്കുന്നത്. അത്തിനപ്പുറത്തെ ഏകത്വത്തെ കണ്ടവരാണ് സത്യദർശികൾ. ഗുരുദേവന്റെ ഉപദേശമനുസരിച്ച് ജീവിച്ചവരിൽ ഈ ഏകാനുഭവം കണ്ടിരുന്നതിനാൽ ആണ് ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ഗുരു ഭക്തന്മാർ ചിങ്ങമാസത്തിലെ ചതയം ഭക്തിയുടേയും വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും ദിനമായി ആചരിക്കുന്നത്. ആഘോഷത്തിനിടയിൽ പൊതുസമൂഹം മറന്ന് പോകാൻ പാടില്ലാത്ത ചിലത് കൂടിയുണ്ട് എന്നതൊരു ഓർമ്മപ്പെടുത്തലാണ്. മലയാളിയുടെ സ്വന്തം ചിങ്ങമാസമാണ്.

കള്ളവും ചതിയും എള്ളോളമില്ലാത്ത, വീമ്പുപറച്ചിലുകളില്ലാത്ത, മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന, കള്ളക്കടത്തും സ്വജനപക്ഷപാതവും ഇല്ലാത്ത, നോക്കു കൂലിയും പിൻവാതിൽ നിയമനവുമില്ലാത്ത മനോഹരമായ സാമൂഹിക സാംസ്കാരിക സാഹചര്യത്തെ സൂചിപ്പിക്കുന്നതാണ്. അതിന് അനുയോജ്യമായ ഭരണസംവിധാനം എന്റെ നാട്ടിൽ ഉണ്ടായിരുന്നു എന്ന നല്ലോർമ്മകൾ ഇന്നും ആവേശം ഉണർത്തുന്നതാണ്. അതിനാലാണ് തിരുവാവണിരാവ് മനസാകെ നിലാവ് പരത്തി മലയാളി ചുണ്ടിൽ നിനവോരമുണർത്തുന്ന സംഗീതമാകുന്നത്. ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും മലയാളി ഉള്ളകാലത്തോളം കാലം മറക്കാനാവാത്ത ഉത്സവമായിത് തുടരുക തന്നെ ചെയ്യും. കാരണം, ഒരു ജാതി ഒരു മതം ഒരുദൈവമെന്നൊരു പരിശുദ്ധ വേദാന്തം സഫലമായി തീരാൻ പ്രാർത്ഥിച്ച മലയാളിയേയും മലയാഴ്മയേയും പാകപ്പെടുത്തിയതിൽ ഓണം വഹിച്ച പങ്ക് വലുതാണ്. അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന ഭരണാധിപനും അദ്ദേഹത്തിന്റെ സമർപ്പണഭാവത്ത പരീക്ഷിച്ച് പരമപദത്തിൽ എത്തിച്ച ഭഗവാനേയും കൺകുളിർക്കെ കാണുന്ന അവസരമാണ് ഓണാഘോഷത്തിൽ പ്രധാനപ്പെട്ടത്. ഇതൊന്നും മിത്തല്ല . സത്യത്തിലേക്ക് നയിക്കുന്നതും പ്രതീക്ഷ നൽകുന്നതുമായ ഉദാത്തമായ സങ്കല്പമാണ് . ഇങ്ങനെ വിശ്വസിക്കാനാണ് പൊതുവേ മലയാളി ആഗ്രഹിക്കുന്നത്. ഈ സങ്കല്പത്തെ യാഥാർത്ഥ്യമാക്കാനും അസമത്വവും അടിമത്തവുമില്ലാതാക്കി സമ്പന്നമായൊരു സാമൂഹിക ജീവിത സാഹചര്യം സൃഷ്ടിക്കാനുമായി പിറവിയെടുത്ത രണ്ടു മഹാപുരുഷന്മാരുടെ ജന്മദിനങ്ങളാണ് തിരുവോണം കഴിഞ്ഞ് വരുന്ന അവിട്ടവും ചതയവും. ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ എന്തെന്നും നാളെ എന്തായിരിക്കണമെന്നും ചിന്തിപ്പിക്കുന്ന സുദിനങ്ങൾ കൂടിയാണ് ഇവരണ്ടും. കൊഴിഞ്ഞു പോയ കെട്ടകാലത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സ്വയം ദുർബലരാകാനല്ല.

മഹാത്മാ അയ്യങ്കാളി

വർത്തമാന കാലത്തിന്റെ യാഥാർത്ഥ്യങ്ങളെ അറിഞ്ഞ് മുന്നേറാനാണ് ഇത്തരം സാഹചര്യങ്ങളെ വിനിയോഗിക്കേണ്ടത്. അധഃസ്ഥിത ജനവിഭാഗങ്ങളുടെ പടനായകനായിരുന്ന മഹാത്മാ അയ്യങ്കാളിയുടെ ജയന്തിദിനമാണല്ലോ അവിട്ടം. വേദാഗമസാരമറിഞ്ഞ് ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാനും ഏകലോക ദർശനത്തിൽ അധിഷ്ഠിതമായൊരു ജീവിതസാഹചര്യം സൃഷ്ടിക്കാനും അവതരിച്ച ശ്രീനാരായണ ഗുരുവിന്റെ ജയന്തിയാണ് ചതയദിനം. ആഘോഷങ്ങളോടൊപ്പം വർത്തമാന സാമൂഹിക വ്യവസ്ഥിതിയിൽ വന്നു ചേർന്ന മനുഷ്യ വിരുദ്ധമായ സാഹചര്യത്തെ എങ്ങനെ ഇല്ലാതാക്കാമെന്ന ഗൗരവമേറിയ അന്വേഷണവും പരിഹാരമാർഗവും കണ്ടെത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് അതിൽ അടങ്ങിയിരിക്കുന്നത്. അതിന് പൂർവ്വസൂരികളുടെ മാർഗനിർദ്ദേശവും പ്രേരണയും എങ്ങനെ വിനിയോഗിക്കാം എന്ന് ചിന്തിക്കണം. അപ്പോഴാണ് ഈ ആചാര്യന്മാർ നമ്മുടെ സൗഭാഗ്യമായി മാറുന്നത് . ഇതുമായി ബന്ധപ്പെട്ട് നമ്മുടെ ശ്രദ്ധ പതിയേണ്ട സുപ്രധാന കാര്യങ്ങൾ നിരവധിയാണ് . അതിലൊന്ന് നൂറു വർഷങ്ങൾക്കു മുമ്പ് ആലുവാ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ (1924) സന്ദേശമാണ്. പല മതസാരവും ഏകം എന്ന സത്യത്തെ അറിയുകയും അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. സത്യദർശികളായ മഹാത്മാക്കളുടെ ഉള്ളൂറിയ ഉപദേശങ്ങളാണല്ലോ പൊതുവേ മതങ്ങളായി രൂപപ്പെട്ടിട്ടുള്ളത്. അവർ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാത്തിലും മറഞ്ഞും നിറഞ്ഞും ഇരിക്കുന്നത് കരുണാമയനായ ദൈവത്തെയാണ്.

എന്നാൽ കുറിവരച്ചും കുരിശു വരച്ചും കുമ്പിട്ടു നിൽക്കുകയും ചെയ്യുന്ന മനുഷ്യന്മാർ ഉണ്ടാക്കിയ മതം ഓരോരുത്തർക്കും ഇഷ്ടമുള്ള ദൈവങ്ങളെ സൃഷ്ടിച്ചെടുത്തു. അങ്ങനെയുള്ള മതങ്ങളും ദൈവങ്ങളും മനുഷ്യരും ചേർന്ന് മണ്ണും മനസ്സും പങ്കുവെച്ചു. പരസ്പരം കണ്ടാലറിയാത്തവരായി. ഇത്തരം ആളുകൾ മതത്തിന്റെ പേരിൽ ഉണ്ടാക്കുന്ന കലഹം കാലം ചെല്ലുന്തോറും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. മദപ്പോരും മദപുസ്തകവും മുന്നിൽവച്ച് കൊണ്ട് മനുഷ്യനെ നിന്ദിക്കുന്നതും ,തളർത്തുന്നതുമായ നിരവധി സംഭവങ്ങളാണ് ലോകത്തിലാകമാനവും കേരളത്തിൽ പ്രത്യേകിച്ചും നടന്നുകൊണ്ടിരിക്കുന്നത്. * ഇവിടെ മതം കറുപ്പാണെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയല്ല. ശരിയായ മതം എന്തെന്ന് അറിഞ്ഞ് ആചരിക്കുകയാണ് വേണ്ടത്. അതിനാദ്യം വേണ്ടത് ആത്മസുഖം തേടുന്നവരുടെ മതത്തിൽ അണിചേരുകയാണ്. പരമതവാദികൾ പൊരുതി ജയിക്കാൻ ശ്രമിക്കുന്നവരാണ്. അത് ആത്മ നാശത്തിലേക്ക് നയിക്കും. വേണ്ടത് ആത്മബോധത്തിലേക്ക് നയിക്കുന്ന ഏകത്വത്തിന്റെ മതമാണ്. അതാവട്ടെ അപരനുമായി കലവറയില്ലാതെ സംവദിക്കുകയും നന്മചെയ്യുകയും ചെയ്യുന്ന , ഗർഭപിണ്ഡത്തിനോട് പോലും നന്ദികാണിക്കുന്ന, ഓരോ ആചാര്യനും അനുകമ്പശാലിയാണെന്ന് തിരിച്ചറിയുന്ന, എല്ലാവരും ആത്മസഹോദരരെന്ന് കാണുന്ന, ഒരുവൻ ചെയ്തു തന്ന നല്ല കാര്യം മറക്കാത്ത , മനുഷ്യത്വമെന്ന ജാതിയിൽ വിശ്വസിക്കുന്ന, കഴിക്കുന്ന അന്നത്തിലും , ധരിക്കുന്ന വസ്ത്രത്തിലും ദൈവത്തെ കാണാൻ പഠിപ്പിക്കുന്ന, അവിവേകത്താൽ പോലും കൈകാലുകൾ കൊണ്ട് അരുതാത്തത് ചെയ്യിക്കരുതേ, രോഗാദികൾ ഒഴിവാക്കണേ , ദാരിദ്ര്യമഹാദുഖം വരാതിരിക്കണേ എന്നൊക്കെ പ്രാർത്ഥിക്കുന്ന മതമാണത്.
വാദിക്കാനും ജയിക്കാനുമാണ് ഞാൻ ജനിച്ചതെന്ന മുൻവിധി മാറ്റിവെച്ച്, അറിയാനും അറിയിക്കാനും വേണ്ടിയുള്ള വലിയ സംസ്കാരത്തിലേക്കുള്ള ചുവട് മാറ്റമാണ് അടിസ്ഥാനപരമായി ഇതിനാവശ്യം. അപ്പോഴാണ് കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന് എന്ന വലിയ സത്യത്തിലേക്ക് നാം അടുക്കുന്നത്. ചെയ്തു കൂട്ടുന്ന മഹാപരാധങ്ങളെ ന്യായീകരിക്കുന്നതിലല്ല, പറ്റിപ്പോയ തെറ്റുകൾ ആവർത്തിക്കില്ലെന്ന സ്വയം നിശ്ചയിക്കലാണ് ആവശ്യം. സാക്ഷരരെന്നും വിദ്യാസമ്പന്നരെന്നും അഭിമാനിക്കുന്ന പ്രബുദ്ധരായ നാം ഇനിയും അതിന് തയ്യാറല്ലായെങ്കിൽ വലിയ വില നൽകേണ്ടിവരും എന്ന ഓർമപ്പെടുത്തലാണ് ഇതിൽ പ്രധാനം. *ഇത്തരം സന്ദേശം ലോകത്താകമാനം പരത്തുന്നതിന് വേണ്ടി ഗുരുവിന്റെ പ്രമുഖ ശിഷ്യനായ നടരാജഗുരു നൂറു വർഷങ്ങൾക്ക്( 1923) മുൻപ് സ്ഥാപിച്ചതാണ് നാരായണ ഗുരുകുലം . ഭൂഖണ്ഡാന്തര യാത്രകൾ നടത്തി പാശ്ചാത്യ പൗരസ്ത്യ വിജ്ഞാനങ്ങളെ അടുത്തറിഞ്ഞ് ഗുരു ദർശനത്തെ മിഴിവോടെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ സമാനതകളില്ലാത്തതാണ് . അദ്ദേഹത്തിന്റെ മാർഗത്തിലൂടെ സഞ്ചരിച്ച നിത്യ ചൈതന്യ യതിയുടെ ശതാബ്ദി വർഷമാണ് രണ്ടായിരത്തി ഇരുപത്തിനാല്. ലോകത്തിലെ വിശ്രുതരായ ചിന്തകന്മാരെ പോലും സ്വാധീനിക്കുന്നതായിരുന്നു ഇവർ അവതരിപ്പിച്ച വിദ്യാഭ്യാസം, സാമ്പത്തികചിന്ത, മൂല്യബോധം, ദർശനം, മനോവിജ്ഞാനം എന്നിങ്ങനെയുള്ള വിജ്ഞാന ശാഖകൾ. ഏകലോക ദർശനത്തിന്റെ അടിസ്ഥാനത്തിൽ ബ്രഹ്മവിദ്യയെ പുന:പ്രതിഷ്ഠിക്കുക ലക്ഷ്യത്തോടെ നിരവധി ഗുരു കുലങ്ങളും സ്ഥാപിച്ചു. ഒട്ടനവധി കൃതികൾ സമ്മാനിച്ചു. ഇതെല്ലാം ഗുരുദർശനത്തെ ലോകത്തിന് പരിചയപ്പെടുത്താനുള്ള പരിശ്രമമായിരുന്നു. ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ ഗുരു പരമ്പരയോട് ചെയ്യുന്ന മഹാപരാധമായിരിക്കും.

നടരാജഗുരു

ഇതുപോലെ ഓർക്കേണ്ട മറ്റൊന്നാണ് ചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ ശതാബ്ദി വർഷം. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ഭൂപടത്തിൽ ആഴത്തിലുള്ള അടയാളം തീർത്ത ചട്ടമ്പിസ്വാമികളും ഗുരുവും നാടിന്റെ മാർഗദർശികളാണ്. എന്നാൽ ഇവർ തമ്മിലുള്ള മൂപ്പിളമയും ഗുരുശിഷ്യ ബന്ധത്തേ കുറിച്ചുമുള്ള മേനി പറച്ചിലും, അനാവശ്യമായ ചർച്ചകൾ നടത്തിയും യാഥാർത്ഥ്യത്തിൽ നിന്നും വഴിതിരിച്ച് വിടാനാണ് സ്വയം പ്രഖ്യാപിത പ്രബുദ്ധന്മാർ പലരും ശ്രമിച്ചത്. വൈകുണ്ഠസ്വാമിയുടെ ത്യാഗോജ്വലമായ ജീവിതത്തോടും മലയാളിക്ക് ഏറെ കടപ്പാടുണ്ട്. ജാതി ഒന്ന്, മതം ഒന്ന് ,കുലം ഒന്ന് ,ദൈവം ഒന്ന് എന്ന ആശയത്തിന്റെ പൂർത്തികരണത്തിനാണ് സ്വാമികൾ സമത്വ സമാജം സ്ഥാപിച്ചത്. അതിന്റെ നേതൃത്വത്തിൽ നടത്തിയ വിപ്ലവകരമായ പ്രവർത്തനങ്ങൾ ഓരോന്നും സമാനതകളില്ലാത്തതാണ്. ശ്രീനാരായണ ഗുരുദേവൻ സജീവമാക്കിയ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശം ഏറ്റെടുത്ത് അത് പ്രയോഗത്തിൽ വരുത്തിയ മഹാനായ ആചാര്യനാണ് ശുഭാനന്ദ ഗുരുദേവൻ. സംഘടനകൊണ്ട് ശക്തരാകുക എന്ന ഗുരുവചനം പ്രാവർത്തികമാക്കാനാണ് ആത്മബോധോദയ സംഘത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. മധ്യകേരളത്തിലുടനീളം നടത്തിയ ഇതിഹാസ തുല്യമായ പ്രവർത്തനങ്ങൾക്ക് ശുഭാനന്ദ ഗുരുവിനൊടും മാനവസമൂഹം കടപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശത്തിനു വേണ്ടിയിട്ടുള്ള പോരാട്ട ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവച്ച ഇത്തരം മഹാന്മാരെ പക്ഷെ ഇന്നത്തെ തലമുറയെ മറന്നിരിക്കുന്നു.

ഒരുതരത്തിൽ പറഞ്ഞാൽ ഇതുപോലുള്ള സൗഭാഗ്യങ്ങളെ തിരിച്ചറിയാൻ കഴിയാത്തതാണ് നമ്മുടെ ദൗർഭാഗ്യം. ഈ ഗുരുക്കന്മാർ മുന്നോട്ടുവെച്ച ജീവകാരുണ്യം, മാനവസൗഹൃദം, സ്വാതന്ത്ര്യം, ധർമ്മബോധം, ഈശ്വര ചിന്ത തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള മാർഗദർശനം ഏത് കാലത്തും പ്രസക്തമാണ് . മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത മലയാളമെന്ന പച്ചത്തുരുത്തായിരുന്നു പ്രവാസികൾക്ക് കേരളം. എന്നാൽ ഇപ്പോൾ ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ട് കാനഡ, ജർമ്മനി ഓസ്ട്രേലിയ തുടങ്ങിയ ഏതെങ്കിലും രാജ്യത്ത് എത്തിച്ചേർന്നാൽ മതിയെന്ന ചിന്തയിലാണ് ബഹുഭൂരിപക്ഷം യുവതി യുവാക്കളും. ഭാവി കേരളത്തിന്റെ സ്ഥിതി അത്ര ശുഭകരമല്ല എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ പ്രവണത. ഇതിന് പുതിയ തലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒഴുക്കിനെ തടഞ്ഞാൽ ഒഴുകാൻ കഴിയുന്ന സ്ഥലത്തേക്ക് പ്രവഹിക്കുന്നത് വെള്ളത്തിന്റെ സ്വഭാവമാണ്. ഇതുപോലെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനുള്ള സാഹചര്യമുള്ള ഇടത്തേക്ക് ജനങ്ങൾ പോവുക സ്വാഭാവികമാണ്. ഇതേപോലേയുള്ള പ്രതിസന്ധികളെ എങ്ങനെ മറികടക്കാൻ കഴിയും എന്ന ചോദ്യത്തിന് “വിദ്യകൊണ്ട് സ്വതന്ത്രരാകുക, സംഘടന കൊണ്ട് ശക്തരാകുക “ എന്ന ഉപദേശത്തെ പ്രയോഗത്തിൽ വരുത്തുക എന്നത് മാത്രമാണ് മറുപടി . ഗുരു മുന്നോട്ട് വെച്ചത് സേവനത്തിനും ആത്മബോധത്തിനും ഉതകുന്ന വിദ്യാഭ്യാസവും, ദുർബലരെ ശാക്തീകരിക്കുന്ന സംഘടനാ കാഴ്ചപ്പാടുമാണ്. അതിൽ നിന്നും ഏറെ മാറി സഞ്ചരിച്ചത് കൊണ്ടാണ് വിദ്യ വലിയ അഭ്യാസമായി മാറിയത് . സംഘടനകളാവട്ടെ വിലപേശാനും ഇഷ്ടമില്ലാത്തവരെ വെട്ടിനിരത്താനുമുള്ള കൂട്ടങ്ങളായി മാറിയത്. വളർന്ന് വരുന്ന തലമുറക്ക് ജീവിതം സ്വപ്നം കാണാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചെടുത്തത് ഇങ്ങനെയാണ്. ഇതാണ് നമ്മുടെ ചിന്തയുടെ അജണ്ടയായി തീരേണ്ടത്. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള യുഗപുരുഷന്റെ ജയന്തി ആഘോഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ക്ക് തീർച്ചയായും മുൻതൂക്കം കൊടുക്കണം.
94473 80373

Author

Scroll to top
Close
Browse Categories