‘തൊടിയിൽ’ വീട്ടിലെ ഗുരുചൈതന്യം

നാട് മുഴുവൻ ആധുനികതയുടെ കടന്നുകയറ്റത്താൽ കോൺക്രീറ്റ് സൗധങ്ങളുടെ ധാരാളിമയിൽ അമർന്നെങ്കിലും തൊടിയിൽ ഭവനം അവയിൽ നിന്നൊക്കെ വേറിട്ട ദൃശ്യാനുഭവം പകർന്ന് ഗുരുചൈതന്യത്തിന്റെ അമൃതേത്ത് വേണ്ടുവോളം നുകരാനുള്ള വേദിയൊരുക്കുന്നു. യാത്രകൾക്കിടെ കൊല്ലത്തെത്തുന്ന ഗുരുവിന് അക്കാലത്ത് ആതിഥ്യമരുളിയിരുന്നത് ഈ ഭവനമാണ്. അന്ന് ഗുരു താമസിച്ച രണ്ടാം നിലയിലെ വിശാലമായ മുറിയും കട്ടിലും ചാരുകസേരയുമെല്ലാം ഭക്തിചൈതന്യം വഴിയുന്ന ഓർമ്മകളുടെ ചരിത്ര ശേഷിപ്പുകളായി ഇപ്പോഴും സംരക്ഷിച്ച് സൂക്ഷിച്ചിരിക്കുന്നു.

കൊല്ലം തങ്കശ്ശേരി കാവൽ ജംഗ്ഷനിലെ തൊടിയിൽ വീട്

യുഗപ്രഭാവനും വിശ്വഗുരുവുമായ ശ്രീനാരായണഗുരു കാലാതീതമായ സത്യത്തിന്റെ മൂർത്തീഭാവമാണ്. ഗുരുവിന്റെ പാദസ്പർശത്താൽ അനുഗൃഹീതമായ ഒട്ടേറെ ഇടങ്ങളുണ്ട്. ചെമ്പഴന്തിയിലും അരുവിപ്പുറത്തും ശിവഗിരിയിലും കൊടിതൂക്കി മലയിലും മരുത്വാമലയിലും മാത്രമല്ല, ഗുരുദേവന്റെ സാന്നിദ്ധ്യത്താൽ പവിത്രമായ ഇടങ്ങൾ. യാത്രാപ്രിയനായിരുന്ന ഗുരു കേരളത്തിലുടനീളം സഞ്ചരിക്കുന്നതിനിടെ ഗുരുവിന് ആതിഥ്യമരുളുകയും ആ അനുഗ്രഹവർഷം ചൊരിയാൻ ഇടമാകുകയും ചെയ്ത ഒട്ടേറെ ഭവനങ്ങളുണ്ട്. അത്തരത്തിൽ ഗുരുചൈതന്യം വലയം തീർക്കുന്നൊരിടമാണ് കൊല്ലം തങ്കശ്ശേരിക്ക് സമീപം കാവൽ ജംഗ്ഷനിലെ പുരാതന തറവാടായ ‘തൊടിയിൽ’ വീട്. ഗുരുവിന്റെ സാന്നിദ്ധ്യം ഒട്ടേറെ തവണ അനുഭവിച്ചറിഞ്ഞ തൊടിയിൽ വീട് ഇന്നും ആധുനികതയെ വെല്ലുന്ന പുരാതന വാസ്തുവൈദഗ്ധ്യത്തിന്റെ ഒളിമങ്ങാത്ത പ്രഭ ചൊരിഞ്ഞ് നിൽക്കുന്നു. നാട് മുഴുവൻ ആധുനികതയുടെ കടന്നുകയറ്റത്താൽ കോൺക്രീറ്റ് സൗധങ്ങളുടെ ധാരാളിമയിൽ അമർന്നെങ്കിലും തൊടിയിൽ ഭവനം അവയിൽ നിന്നൊക്കെ വേറിട്ട ദൃശ്യാനുഭവം പകർന്ന് ഗുരുചൈതന്യത്തിന്റെ അമൃതേത്ത് വേണ്ടുവോളം നുകരാനുള്ള വേദിയൊരുക്കുന്നു. നൂറ്റാണ്ട് പിന്നിട്ടിട്ടും വീടിന്റെ അകത്തളങ്ങളിലും പരിസരത്തും ഗുരുചൈതന്യത്തിന്റെ സൗരഭ്യം ആർക്കും അനുഭവവേദ്യമാകും. യാത്രകൾക്കിടെ കൊല്ലത്തെത്തുന്ന ഗുരുവിന് അക്കാലത്ത് ആതിഥ്യമരുളിയിരുന്നത് ഈ ഭവനമാണ്. അന്ന് ഗുരു താമസിച്ച രണ്ടാം നിലയിലെ വിശാലമായ മുറിയും കട്ടിലും ചാരുകസേരയുമെല്ലാം ഭക്തിചൈതന്യം വഴിയുന്ന ഓർമ്മകളുടെ ചരിത്ര ശേഷിപ്പുകളായി ഇപ്പോഴും സംരക്ഷിച്ച് സൂക്ഷിച്ചിരിക്കുന്നു.

കൊല്ലത്തെ പ്രമുഖ വ്യവസായിയും ഈഴവ പ്രമാണിയും തികഞ്ഞ ഗുരുഭക്തനുമായിരുന്ന ശങ്കരൻ ചാന്നാരായിരുന്നു തറവാട്ട് കാരണവർ. കാലത്തെ വെല്ലുന്ന വാസ്തുശാസ്ത്ര പൊലിമയോടെ ഈ വീട് നിർമ്മിച്ചത് അദ്ദേഹമാണ്. കൊല്ലത്തെത്തിയാൽ ഗുരുവിനെ ശങ്കരൻ ചാന്നാർ ഇവിടേക്ക് ക്ഷണിച്ചാനയിക്കും. ഒരാഴ്ചവരെ ഗുരു ഇവിടെ താമസിച്ച സന്ദർഭങ്ങളുണ്ട്. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് കൊല്ലം റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങുന്ന ഗുരുവിനായി ചാന്നാരുടെ വീട്ടിൽ നിന്നയക്കുന്ന സൈക്കിൾ റിക്ഷയിലാണ് ഗുരു വീട്ടിലേക്കെത്തുന്നത്. സൈക്കിൾ റിക്ഷയുമായി റെയിൽവെ സ്റ്റേഷനിലെത്തി ഗുരുവിനെ സ്വീകരിച്ച് വീട്ടിലെത്തിക്കുന്ന ചുമതല കാര്യസ്ഥൻ മത്തായിക്കായിരുന്നു. ഇവിടെ താമസിക്കുന്ന ഗുരുവിനെ ദർശിക്കാനും ആ വാക്കുകൾ ശ്രവിക്കാനും ഭക്ത്യാദരവോടെ പരിസരവാസികളും എത്തുമായിരുന്നു.

‘ഒരുകോടി ദിവാകരരൊത്തുയരും
പടി പാരൊടുനീരനലാദികളും
കെടുമാറു കിളർന്നു കവരുന്നൊരു നി‍ൻ
വടിവെന്നുമിരുന്നു വിളങ്ങിടണം….’

ഗുരു രചിച്ച ‘ചിജ്ജഡ ചിന്തനം’ എന്ന കൃതിയിലെ വരികൾ പോലെയാകും ഗുരുവിന്റെ വരവ്. ചിലപ്പോൾ ഏതാനും അനുയായികളും ഒപ്പമുണ്ടാകും.
ഗുരു എത്തിയ വാർത്തയറിഞ്ഞാൽ തദ്ദേശവാസികൾ അനുഗ്രഹം തേടിയെത്തും. മൂന്ന് തലമുറകൾക്ക് മുമ്പേ നടന്ന കാര്യങ്ങളൊക്കെ പൂർവ്വികർ പറഞ്ഞുകേട്ട അറിവ് മാത്രമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്ന ചന്ദ്രലേഖയ്ക്കുള്ളത്. ആ അറിവുകൾ അവർ പുതുതലമുറയ്ക്ക് അക്ഷയഖനിപോലെ പകർന്നേകുന്നു. ശങ്കരൻ ചാന്നാർ- കുഞ്ഞുപെണ്ണമ്മ ദമ്പതികൾക്ക് അഞ്ചു മക്കളായിരുന്നു. ലക്ഷ്മി, രാഘവൻ, ജാനകി, ഭവാനി, ഭാരതി. ഇതിൽ ജാനകിയുടെ മകളാണ് ചന്ദ്രലേഖ (ശാന്ത). ഗുരു താമസിച്ച മുറിയും ഉപയോഗിച്ച കട്ടിലും ചാരുകസേരയുമൊക്കെ അതേപോലെ നോക്കി സംരക്ഷിക്കുന്നത് ചന്ദ്രലേഖയും തൊട്ടടുത്ത് താമസിക്കുന്ന ചന്ദ്രലേഖയുടെ സഹോദരൻ രാജേന്ദ്രനുമാണ്. രാജേന്ദ്രൻ എസ്.എൻ.ഡി.പി യോഗം 542-ാം നമ്പർ ടൗൺ കാവൽ ശാഖാപ്രസിഡന്റാണ്. ചന്ദ്രലേഖയുടെ മക്കളായ അർജുനും വിഷ്ണുവും കുടുംബ സമേതം യു.എസിലാണ്.

തൊടിയിൽ വീട്ടിൽ ഗുരു ഉപയോഗിച്ച ചാരു കസേര

‘നമുക്ക് എപ്പോഴും ഉറങ്ങാനാകില്ലല്ലോ….’
ഗുരു അക്കാലത്ത് തൊടിയിൽ വിട്ടിൽ താമസിച്ചതിന്റെ ചില ഓർമ്മകൾ ഇങ്ങനെയാണ്: നല്ല ചൂടുള്ള പകൽ. ഗുരു മുകൾ നിലയിലെ മുറിയിൽ വിശ്രമിക്കുന്നു. അന്ന് വൈദ്യുതി എത്തിയിട്ടില്ല. കട്ടിലിന്റെ മേലാപ്പിൽ സ്ഥാപിച്ച വിശറിയുടെ ചരട് താഴത്തെ മുറിയിലിരിക്കുന്ന ശങ്കരൻ ചാന്നാരുടെ കൈയ്യിലാണ്. ചരടിൽ വലിച്ച് ഇടമുറിയാതെ വീശുമ്പോൾ ലഭിക്കുന്ന കാറ്റേറ്റാകും ഗുരു വിശ്രമിക്കുക. ചാന്നാർ ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങിപ്പോയി. ഞെട്ടിയുണർന്നപ്പോഴാണോർത്തത്, ഗുരു ഉഷ്ണത്താൽ വിയർത്ത് വശംകെട്ടിട്ടുണ്ടാകുമെന്ന്. കുറ്റബോധത്തോടെ മുകളിലെ മുറിയിലേക്കോടിയ അദ്ദേഹം കണ്ടത് ശൂന്യമായ മുറിയാണ്. വീടിനു പുറത്തും ഗുരുവിനെ കണ്ടെത്താനായില്ല. ആകെ വിഷമിച്ച് നിൽക്കുമ്പോൾ അതാ, പുറത്തു നിന്ന് വലിയ ഗേറ്റ് കടന്ന് ഗുരു നടന്നു വരുന്നു. വിഷമിച്ചു നിന്ന ചാന്നാരോട് സ്വാമി മൊഴിഞ്ഞു, ‘നമുക്ക് എപ്പോഴും ഉറങ്ങാനാവില്ലല്ലോ..’ ഗുരു പറഞ്ഞതിന്റെ പൊരുൾ എന്തെന്ന് ചിന്തിക്കുമ്പോഴേക്കും മുകളിലെ മുറിയിൽ എത്തിക്കഴിഞ്ഞിരുന്നു. മറ്റൊരു സംഭവം ഇങ്ങനെ: തങ്കശ്ശേരി ഭാഗത്തുള്ള കടൽതീരത്തെ സർപ്പക്കുഴി എന്ന ഭാഗം കാണമെന്ന് ഗുരു ആഗ്രഹം പ്രകടിപ്പിച്ചു.

കാര്യസ്ഥൻ മത്തായിയാണ് സൈക്കിൾ റിക്ഷയിൽ ഗുരുവിനെ അവിടെ എത്തിച്ചത്. ഗുരു അവിടെ ഇറങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ മത്തായി പരിഭ്രമിച്ചു. ഗുരുവിനെ കാണാനില്ല. അവിടമാകെ തിരഞ്ഞിട്ടും കാണാനായില്ല. ആകെ വിഷണ്ണനായി വീട്ടിലെത്തിയ മത്തായി ഗുരുവിനെ കാണാതായെന്ന വിവരം പറഞ്ഞു നിൽക്കെ ഗുരു, മുകൾ നിലയിലെ കോലായിൽ നിന്ന് പുഞ്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. തൊടിയിൽ വീടിന് ഗുരുവിന്റെ ദൈവീക പരിവേഷത്തെക്കുറിച്ച് ഇങ്ങനെ പുതുതലമുറയോട് അരുളിച്ചെയ്യാൻ ഒട്ടേറെ അപദാനങ്ങളുണ്ട്. ഒരുദിവസം ഗുരുവുമായി സംസാരിച്ചിരിക്കെയാണ് തൊടിയിൽ തറവാടിന്റെ പിന്നിലെ വിശാലമായ വയൽ ഗുരുവിന്റെ ശ്രദ്ധയിൽ പെട്ടത്. ‘അവിടെ ഒരു ക്ഷേത്രത്തിന് അനുയോജ്യമായ സ്ഥലമാണല്ലോ’ എന്ന ഗുരുവിന്റെ വാക്കുകൾ ശങ്കരൻ ശിരസാ വഹിച്ചു. പിന്നെ ഒട്ടും വൈകിയില്ല. വയലിന്റെ മദ്ധ്യത്തായി കുടുംബ ക്ഷേത്രം ഉയർന്നു. ഇപ്പോൾ കോത്തലവയൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നറിയപ്പെടുന്ന അവിടെ മകരം- കുംഭ മാസങ്ങളിലാണ് ഉത്സവം നടക്കുന്നത്. ഇപ്പോൾ ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. 1928 സെപ്തംബർ 21 ന് (1104 കന്നി5) ഗുരു സമാധിയടയുന്നതിന് ഒരുമാസം മുമ്പാണ് തൊടിയിൽ വീട്ടിൽ അവസാനമായി വന്നത്. പാട്ടും കഥപറച്ചിലും ഒക്കെയായി ഇവിടെ താമസിച്ച ഗുരുവിനെ കാണാൻ നിരവധിപേർ ഭക്ത്യാദരവോടെ എത്തുമായിരുന്നു. വരുന്നവർക്കെല്ലാം ഭക്ഷണം നൽകണമെന്നത് ശങ്കരൻ ചാന്നാർക്ക് നിർബ്ബന്ധമായിരുന്നു.

ഗുരു കിടന്ന കട്ടില്‍

‘ആ തൊഴിൽ നമുക്ക് ചേർന്നതല്ല’
കൊല്ലത്തെ പേരെടുത്ത ജന്മിയായിരുന്ന ശങ്കരന് അബ് കാരി ബിസിനസായിരുന്നു പ്രധാന തൊഴിൽ. ഒരുനാൾ ശങ്കരനോട് ഗുരു പറഞ്ഞു. ‘ആ തൊഴിൽ നമുക്ക് ചേർന്നതല്ല’ ഗുരുവരുൾ വ്യക്തമായതോടെ ശങ്കരൻ അബ് കാരി ബിസിനസ് ഉപേക്ഷിച്ച് ഓട് വ്യവസായത്തിലേക്കിറങ്ങി. കൊല്ലം താമരക്കുളത്ത് ശ്രീ നാരായണ വിലാസം ടൈൽ ഫാക്ടറി തുടങ്ങിയത് അങ്ങനെയാണ്. ഗുരുവാണ് ദീപം തെളിച്ചത്. എസ്.എൻ.വി ടൈൽ അതിവേഗം വളർച്ച പ്രാപിക്കുകയും അവിടെ നിർമ്മിക്കുന്ന മേച്ചിലോടിനും തറയോടിനും നാട്ടിൽ പ്രിയമേറുകയും ചെയ്തു. തിരുവിതാംകൂർ രാജകുടുംബവുമായി ശങ്കരന് നല്ല ബന്ധമുണ്ടായിരുന്നു. അക്കാലത്താണ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരത്തിനാവശ്യമായ അരിയോട് നൽകിയത് എസ്.എൻ.വി ടൈൽസാണ്. ഗുരുവിന്റെ വാക്കുകൾ ഉൾക്കൊണ്ട് അബ് കാരി രംഗത്തുനിന്ന് പൂർണമായും പിൻവാങ്ങിയ ശങ്കരന്, തന്റെ പിൻമുറക്കാരാരും ആ തൊഴിലിലേക്ക് വരരുതെന്നും നിർബ്ബന്ധമുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞാകണം പിന്നീട് ഇന്നുവരെ ഒരാളും തൊടിയിൽ കുടുംബത്തിൽ നിന്ന് അബ് കാരി രംഗത്തേക്ക് വന്നിട്ടില്ല. ശങ്കരൻ ചാന്നാർ ദിവംഗതനായിട്ട് 77 വർഷമാകുന്നു. പഴയകാല പ്രൗഢിയും ചാരുതയും ഒട്ടും ചോർന്നു പോകാതെ മൂന്നാം തലമുറയിൽ പെട്ട ചന്ദ്രലേഖ തൊടിയിൽ തറവാടിനെ സംരക്ഷിക്കുകയാണ്. അടിയുറച്ച ശ്രീനാരായണ ഗുരു ഭക്തനും ശിവഗിരിയിലെ നിത്യസന്ദർശകനും ആയിരുന്ന ശങ്കരൻ ചാന്നാർ തങ്കശ്ശേരി 542-ാം നമ്പർ ടൗൺ കാവൽ ശാഖയുടെ സ്ഥാപക പ്രസിഡന്റുമാണ്.

തൊടിയിൽ വീട്ടു വളപ്പിലെ യോഗീശ്വര ക്ഷേത്രം

ചരിത്രസ്മാരകം
കൊല്ലത്തെ തൊടിയിൽ തറവാട് വിശ്വഗുരുവിനെ പലതവണ ആതിഥ്യമരുളിയ പുണ്യഗേഹമെന്ന നിലയിൽ ചരിത്രസ്മാരകമാണെന്നതിൽ തർക്കമില്ല. പുതിയകാലത്തും മങ്ങലേൽക്കാതെ ഗതകാലപ്രൗഢിയോടെ നിൽക്കുന്ന തൊടിയിൽ വീട് ആധുനിക നിർമ്മാണ രീതിയെയും വെല്ലുന്ന ആർക്കിടെക്ച്ചറിന്റെ ഉത്തമോദാഹരണമാണ്. ഈ ഭവനത്തിന്റെ പ്രത്യേകതകൾ കാണാനും നിർമ്മാണ വൈദഗ്ധ്യത്തെക്കുറിച്ച് പഠിക്കാനുമായി നിരവധി ആർക്കിടെക്ച്ചർ വിദ്യാർത്ഥികളും ഇവിടേയ്ക്കെത്തുന്നുണ്ടെന്ന് ഇപ്പോഴത്തെ ഗൃഹനാഥയായ ചന്ദ്രലേഖ പറഞ്ഞു. ഗുരുവിന്റെ സാന്നിദ്ധ്യത്താൽ പവിത്രമായ ഭവനത്തിന്റെ പ്രത്യേകതകൾ കേട്ടറിഞ്ഞ് എത്തുന്നവരുമുണ്ട്. ഒരു നൂറ്റാണ്ടിനപ്പുറത്തെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ വർത്തമാനകാല സ്മാരകമായ തൊടിയിൽ വീട് നിർമ്മിക്കാൻ ശങ്കരൻ ചാന്നാർ ഏൽപ്പിച്ചത് അന്നത്തെ പ്രശസ്ത കരാറുകാരനായിരുന്ന കേശവനെയാണ്. പ്രത്യേകം വീട് നിർമ്മിച്ച് അവിടെ മാസങ്ങളോളം താമസിച്ചാണ് പെരുന്തച്ചൻ ശൈലിയിൽ കേശവൻ കോൺട്രാക്ടർ വീട് നിർമ്മാണം പൂർത്തീകരിച്ചത്. കുളക്കടയിലെ പ്രശസ്തമായ നമ്പൂതിരി മഠത്തെയാണ് മാതൃകയാക്കിയത്. വീട്ടുവളപ്പിൽ നിർമ്മിച്ച യോഗീശ്വര ക്ഷേത്രവും വാസ്തുശില്പകലയുടെ ഉദാത്ത മാതൃകയാണ്. യോഗീശ്വര ക്ഷേത്രത്തിലും ഗുരുവിന്റെ തലോടലാൽ പവിത്രമായ തറവാട്ടിലെ മുറിയിലും രണ്ട് നേരവും വിളക്ക് തെളിക്കുന്നത് ചന്ദ്രലേഖയാണ്. ആ തലോടൽ അനന്തര തലമുറയ്ക്ക് വെളിച്ചമേകാൻ തൊടിയിൽ തറവാടിനെ ചരിത്ര പൈതൃകമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

ചന്ദ്രലേഖയുടെ ഫോൺ: 9895112982
ലേഖകന്റെ ഫോൺ: 9446564749

Author

Scroll to top
Close
Browse Categories