മഹാസദസ്സിനെ അത്ഭുതസ്തബ്ധമാക്കിയ ‘ദിവ്യകോകിലം’
‘ദിവ്യകോകിലം’ ആ മഹാസദസ്സിനെ അത്ഭുതസ്തബ്ധമാക്കി. ടാഗോർ തന്നെ ഒന്നു പകച്ചുപോയി. ആ കവിതയിലെ അതിമനോഹരമായ മണിപ്രവാള ശൈലിമൂലം അതിന്റെ ആശയം ടാഗോറിന് ബോദ്ധ്യപ്പെട്ടു. ഉള്ളൂരിന്റെ ദീർഘമായ വഞ്ചിപ്പാട്ടും ടി.ലക്ഷ്മണൻ പിള്ളയുടെ തമിഴ് പാട്ടും വിരസമായാണ് സി.കേശവന് അനുഭവപ്പെട്ടത്.
ഒരു മഹാസദസ്സിനെ അത്ഭുതസ്തബ്ധരാക്കിയ കവിത കേട്ട് ഏഷ്യയിലെ ആദ്യ നൊബേൽ സമ്മാന ജേതാവും മഹാകവിയും ദേശീയഗാനത്തിന്റെ ഉപജ്ഞാതാവും സാമൂഹ്യപരിഷ്ക്കർത്താവുമായ രവീന്ദ്രനാഥ ടാഗോർ ലയിച്ചിരുന്നു പോയി. ആ നിമിഷം മഹാകവി കുമാരനാശാന്റെയും കേരളത്തെ കേരളമാക്കിയ ആധുനികശില്പി സി.കേശവന്റെയും വിജയനിമിഷം കൂടിയായിരുന്നു. ടാഗോറിന്റെ തിരുവിതാംകൂർ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നൽകിയ ഗംഭീര പൌരസ്വീകരണത്തിൽ ചൊല്ലാനായി ആശാൻ രചിച്ച ‘ദിവ്യകോകിലം’ എന്ന മംഗള കാവ്യത്തിന്റെ രാഗഭാവമാര്‍ന്ന ശകലങ്ങളാണ് ടാഗോറിനെ വിസ്മയിപ്പിച്ചത്. ‘ദിവ്യകോകിലം’ കാലത്തെ അതിജീവിച്ച് ഇന്നും പ്രശോഭിക്കുന്നു. ടാഗോറിന്റെ തിരുവിതാംകൂർ സന്ദർശനത്തിന് 100 വയസ്സ് തികയുന്ന ഈ വേളയിൽ ‘ദിവ്യകോകില’ ത്തിനും മാറ്റേറുകയാണ്.
തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണമനുസരിച്ച് തലസ്ഥാനത്തെത്തിയ ടാഗോറിന് 1922 നവംബർ 11 നാണ് പ്രൗഢഗംഭീര സ്വീകരണമൊരുക്കിയത്. ടാഗോറിന്റെ കീർത്തി അതിന്റെ ഉച്ചകോടിയിൽ ലോകം ഒട്ടുക്ക് വ്യാപിച്ചിരുന്ന കാലം. വിശ്വമഹാകവിയുടെ സാന്നിദ്ധ്യത്തിൽ ആശാന്റെ കവിസാർവ്വഭൗമത്വം സ്ഥാപിക്കാൻ ലഭിച്ച അപൂവ്വ അവസരത്തിന് തടയിടാൻ ചിലർ ശ്രമിച്ചു. ടാഗോറിനെ സ്വീകരിക്കുന്ന മഹായോഗത്തിൽ ടി.ലക്ഷ്മണൻ പിള്ള തമിഴിലും ഉള്ളൂർ എസ്.പരമേശ്വര അയ്യർ, മള്ളൂർ ഗോവിന്ദപ്പിള്ള എന്നിവർ മലയാളത്തിലും എഴുതിയ സ്വാഗത ഗാനങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മഹാകവി കുമാരനാശാൻ ഈഴവനായതിനാൽ ആഘോഷ ഭാരവാഹികൾ അവഗണിച്ചതായി അവിടെ എത്തിയ സി.കേശവനോട് ചിലർ പരാതിപ്പെട്ടു. ആശാനെപ്പോലെ മറ്റൊരു മഹാകവിക്ക് ഈ തലമുറ ജന്മം നൽകിയിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന സി.കേശവനും സുഹൃത്തുക്കളും ആഘോഷഭാരവാഹികളെ കണ്ട് ഇക്കാര്യം അറിയിച്ചു. ആശാനെ വെറുമൊരു ഈഴവ കവിയായി വിലകുറച്ച് കാണാനായിരുന്നു അക്കാലത്ത് മറ്റു സമുദായത്തിലെ സാഹിത്യകാരന്മാരുടെ താത്പര്യം. ഭാരവാഹികളിൽ പ്രധാനിയായിരുന്ന മള്ളൂരിനോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എതിർപ്പ് പ്രകടിപ്പിക്കാതെ ആശാന്റെ ഒരു മംഗളഗാനം കൂടി ആകാമെന്ന് അഭിപ്രായപ്പെട്ടു. സി.കേശവനും സുഹൃത്തുക്കളും ഉത്സാഹപൂർവ്വം ആശാന്റെ അടുത്തേക്ക് പാഞ്ഞു. ഇതെപ്പറ്റി സി.കേശവൻ തന്റെ ഏറെ പ്രശസ്തമായ ആത്മകഥ ‘ജീവിതസമര’ ത്തിൽ പറയുന്നത് ഇങ്ങനെയാണ്:
‘ഞങ്ങളുടെ നിവേദനം കേട്ട് ആശാൻ കിലുങ്ങി മുഴങ്ങുന്ന ഒരു പൊട്ടിച്ചിരി ചിരിച്ചു. പ്രസിദ്ധമായ ആ പൊട്ടിച്ചിരി, ഒരു സമുദായത്തിന്റെ അന്തസ്സ് ആശാന്റെ കവിത്വത്തിൽക്കൂടി തിരുവനന്തപുരത്തെ ഒരു വിദ്വൽ സദസ്സ് ഒരു വിശ്വമഹാകവിയുടെ സാന്നിദ്ധ്യത്തിൽ പരീക്ഷിക്കാൻ പോകയാണെന്ന ഗൗരവം ഞങ്ങളെ ബാധിച്ചിരുന്നു. ഈ കേരളക്കരയിൽ ആശാന്റെ കവിസാർവ്വഭൗമത്വം സ്ഥാപിക്കാനുള്ള അപൂർവ്വാവസരം ഞങ്ങൾ ദർശിക്കുകയാണ്.’
ആശാന്റെ ‘ദിവ്യകോകില’ ത്തിന്റെ പിറവി അങ്ങനെയായിരുന്നു.
അടുത്ത ദിവസം തന്നെ ആശാൻ കവിതാരചന പൂർത്തിയാക്കി. ആശാന്റെ വസതിയായ കമലാലയത്തിലെത്തിയ സി.കേശവനെയും സുഹൃത്തുക്കളെയും അദ്ദേഹം കവിത ചൊല്ലി കേൾപ്പിച്ചു. അന്നത്തെ മഹാകവികളായ ഉള്ളൂരിനെയും വള്ളത്തോളിനെയും അപേക്ഷിച്ച് ആശാനിൽ നല്ലൊരു ഗായകൻ കൂടിയുണ്ടായിരുന്നു. എന്നാൽ ആശാന് ഒരു കാര്യത്തിൽ നിർബ്ബന്ധമുണ്ടായിരുന്നു. ചടങ്ങിൽ തന്റെ കവിത സി.കേശവൻ പാരായണം ചെയ്യണം. ആശാന്റെ നിർദ്ദേശ പ്രകാരം സി.കേശവൻ ആ കിളിപ്പാട്ട് അദ്ദേഹത്തിന്റേതായ ശൈലിയിൽ പാടി. അതുകേട്ട ആശാന് തൃപ്തിയായെന്ന് ആ മുഖഭാവം വിളിച്ചോതി. ആ കവിതയുമായി മള്ളൂരിനടുത്തേക്ക് അവർ ഓടുകയായിരുന്നു. കവിത ചൊല്ലിക്കേട്ട മള്ളൂർ അതാസ്വദിച്ചതിന്റെ ആനന്ദവായ്പ് മുഖത്ത് തെളിഞ്ഞു. അങ്ങനെ
‘ദിവ്യകോകിലം’ ആ മഹാസദസ്സിനെ അത്ഭുതസ്തബ്ധമാക്കി. ടാഗോർ തന്നെ ഒന്നു പകച്ചുപോയി. ആ കവിതയിലെ അതിമനോഹരമായ മണിപ്രവാള ശൈലിമൂലം അതിന്റെ ആശയം ടാഗോറിന് ബോദ്ധ്യപ്പെട്ടു. ഉള്ളൂരിന്റെ ദീർഘമായ വഞ്ചിപ്പാട്ടും ടി.ലക്ഷ്മണൻ പിള്ളയുടെ തമിഴ് പാട്ടും വിരസമായാണ് സി.കേശവന് അനുഭവപ്പെട്ടത്.
‘അവ്യനാമീശന്റെ ആരാമരത്നം തന്നിൽ
അവ്യാജകുതൂഹലം പാടി സഞ്ചരിക്കുന്ന
ദിവ്യകോകിലമേ’
എന്ന് സി.കേശവൻ ടാഗോറിനെ നോക്കി മോഹനം രാഗത്തിൽ ആലപിച്ചത് കേട്ട് സദസ്സ് കരഘോഷത്തിൽ മുങ്ങി.
‘തുഞ്ചലാളിതയായ കൈരളിതൻ പേരിലും
വഞ്ചിഭൂവിൻ പേരിലും മംഗളമുരയ്ക്കട്ടെ’
എന്നതുവരെ ഇടവിട്ട് കരഘോഷം മുഴങ്ങിക്കൊണ്ടേയിരുന്നു. ആ ‘ദിവ്യകോകില’ ത്തിന്റെ കളകൂജനം ഒരു അലോക സംഭവം പോലെയാണ് സകലരും കൊണ്ടാടിയത്. ആ മഹാസദസ്സിന്റെ ഒരു മൂലയിൽ മഞ്ഞക്കോട്ടും തൊപ്പിയും കഴുത്തിൽ പുളിയിലക്കരയൻ നേര്യതും ചുറ്റി ആശാൻ ഇരിപ്പുണ്ടായിരുന്നു. ആശാനെയും സി.കേശവനെയും അനുമോദിക്കാത്ത ഒരാളും ആ മഹാസമ്മേളനത്തിലുണ്ടായിരുന്നില്ല. തന്റെയും ആശാന്റെയും ഒരു വിജയദിനമായിരുന്നു അതെന്നാണ് സി.കേശവൻ ‘ജീവിതസമര’ത്തിൽ കുറിച്ചത്. മരണത്തിന്റെ ക്രൂരഹസ്തം ആ കവികോകിലത്തിന്റെ ഗളനാളം പിരിച്ചു കളയുംവരെ ഞങ്ങൾ തമ്മിലുണ്ടായിരുന്ന അതിഗാഢമായ സ്നേഹത്തിന്റെ ഉറവിടം ഇതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ആശാന്റെ കവിതകൾ പൂർവ്വാധികമായ താത്പര്യത്തോടെ താൻ വായിച്ചു പഠിക്കാൻ തുടങ്ങിയതും അന്നുമുതലാണെന്നും സി.കേശവൻ ഓർക്കുന്നു.
വിശ്വഭാരതി സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാർത്ഥം മഹാകവി ടാഗോർ ഭാരതമൊട്ടുക്ക് സഞ്ചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സന്ദർശനത്തിനെത്തിയത് 1922 നവംബർ 9 നാണെങ്കിലും ഒരാഴ്ചയോളം അദ്ദേഹം അവിടെ തങ്ങി. തിരുവനന്തപുരം പബ്ളിക് ലൈബ്രറിയിൽ മഹാകവി ടാഗോറിനു ലഭിച്ചതു പോലെ പ്രൗഢഗംഭീരമായ ഒരു സ്വീകരണം അതിനു മുൻപ് മറ്റൊരു മഹാപുരുഷനും അനന്തപുരി നല്കിയിട്ടില്ലായിരുന്നു. മകൻ യതീന്ദ്രനാഥ ടാഗോർ, മരുമകൾ പ്രതിമാ ടാഗോർ, പ്രൈവറ്റ് സെക്രട്ടറി സി.എഫ് ആൻഡ്രൂസ് എന്നിവരുമൊത്താണ് ടാഗോർ വന്നത്. ആദ്യം കോട്ടയ്ക്കകത്ത് ശ്രീകൃഷ്ണവിലാസം കൊട്ടാരത്തിലെത്തി ശ്രീമൂലം തിരുനാൾ മഹാരാജാവിനെ കണ്ടു. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ നവംബർ 15 നാണ് മഹാകവി രവീന്ദ്രനാഥ ടാഗോർ തന്റെ പ്രൈവറ്റ് സെക്രട്ടറിയായ ആൻഡ്രൂസുമൊന്നിച്ച് ശിവഗിരി മഠത്തിലെത്തി ഗുരുദേവനെ സന്ദർശിച്ചത്.
ഉച്ചയോടെ കാറിൽ മുസാവരി ബംഗ്ലാവിൽ എത്തിയ ടാഗോറിനെ ഡോക്ടർ പല്പു, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാൻ മുതലായവർ ചേർന്നാണ് എതിരേറ്റത്. പ്രൗഢഗംഭീരമായ സ്വീകരണത്തിനു ശേഷം ഡോക്ടർ പല്പു, കേരളത്തിൽ അന്ന് ഈഴവസമുദായത്തിന്റെ സ്ഥിതിയെക്കുറിച്ചും ഹിന്ദുക്കളായ ഈഴവർ ഹിന്ദു ഗവൺമെന്റിന്റെ കീഴിൽ അനുഭവിക്കുന്ന കഷ്ടതകളെപ്പറ്റിയും എഴുതിയുണ്ടാക്കിയ പ്രബന്ധം സ്വകാര്യമായി മഹാകവിയെ വായിച്ചു കേൾപ്പിച്ചു. തുടർന്ന് മഹാകവിയെ ഒരു പല്ലക്കിൽ കയറ്റിയാണ് ശിവഗിരിയിലേക്ക് ഘോഷയാത്രയായി എത്തിച്ചത്. ജനസഹസ്രങ്ങളാണ് ആ ഘോഷയാത്രയിൽ അണി ചേർന്നത്. ഗുരുദേവനും ടാഗോറുമായി അര മണിക്കൂർ നേരം സംഭാഷണം നടത്തി. അധ:കൃത വർഗ്ഗക്കാരെ ഉദ്ധരിക്കുന്നതിനായി ഗുരുസ്വാമികൾ ചെയ്യുന്ന ശ്രമങ്ങളെപ്പറ്റി താൻ കേട്ടിട്ടുണ്ടെന്നും അതു വളരെ സന്തോഷകരമായിരിക്കുന്നു എന്നും മഹാകവി അഭിപ്രായപ്പെട്ടു.
‘പറയത്തക്ക വിധത്തിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല, മനുഷ്യർ തമ്മിൽ പരസ്പര സ്നേഹത്തോടെ വർത്തിക്കുന്നതു കാണണമെന്ന അതിയായ ആശയുണ്ട്’ ഇതായിരുന്നു ഗുരുദേവന്റെ മറുപടി. മഹാകവി കുമാരനാശാനായിരുന്നു ദ്വിഭാഷി.
‘ശ്രീനാരായണ ഗുരുദേവനെക്കാൾ മികച്ച, അദ്ദേഹത്തോട് തുല്യനായ ഒരു മഹാപുരുഷനെയും എനിക്ക് കാണാൻ സാധിച്ചിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന യോഗ നയനങ്ങളും ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാൻ ഒരു കാലത്തും മറക്കില്ല’ പരിപാവനമായ ശിവഗിരിയിലെത്തി ഗുരുദേവനെ സന്ദർശിച്ച ശേഷം ശിവഗിരിയിലെ സന്ദർശക ഡയറിയിൽ ടാഗോർ കുറിച്ചിട്ടത് ഇങ്ങനെയായിരുന്നു. ഗുരുദേവ മഹത്വം അതിന്റെ ആഴത്തിൽ ഗ്രഹിക്കാൻ മഹാകവിയും ഗുരുദേവനും തമ്മിൽ നടത്തിയ ഹ്രസ്വമെങ്കിലും അർത്ഥദീർഘമായ സംഭാഷണത്തിൽ നിന്ന് കവിക്ക് അനുഭവപ്പെട്ടിരിക്കണം.
അത്യന്തം ആഹ്ലാദ ചിത്തനായാണ് മഹാകവി ഗുരുവിനോട് യാത്ര പറഞ്ഞത്. മഹാകവിയോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സെക്രട്ടറി സി.എഫ് ആൻഡ്രൂസിനോട് പത്രപ്രവർത്തകർ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞിരുന്നു. അതിന് അദ്ദേഹം നൽകിയ മറുപടി ‘ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടു’ എന്നായിരുന്നു.