കർമ്മധീരതയുടെ നാളുകൾ

ഞാൻ വരും മുമ്പുള്ള ബാലൻസ് ഷീറ്റും ഇപ്പോഴത്തെ ബാലൻസ് ഷീറ്റും പരിശോധിച്ചു നോക്കൂ. വർഷങ്ങൾക്ക് മുമ്പ് ഞാൻ വരുമ്പോൾ 10 കോടിയുടെ ബാലൻസ് ഷീറ്റായിരുന്നെങ്കിൽ ഇന്നത് 100 കോടിക്ക് മുകളിലായി. എന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്നതാണോ ? ബാലൻസ് ഷീറ്റ് മാത്രം പരിശോധിച്ചാൽ മതി. സാമ്പത്തികമായും സാംസ്‌കാരികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും സമുദായം എത്രമാത്രം വളർന്നുവെന്ന് കണക്കിലൂടെ മാത്രം നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
(യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ)

എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറിയായി തുടര്‍ച്ചയായി പത്താംതവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശനെ കൊല്ലത്ത് നടന്ന കേരളകൗമുദി 113-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉപഹാരം നല്‍കി​ ആദരി​ക്കുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കേരളകൗമുദി ചീഫ് എഡിറ്റര്‍ ദീപുരവി, കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ സമീപം. ഫോട്ടോ : എം.എസ്. ശ്രീധർലാൽ

കൊങ്കൺ റെയിൽവെ കരാറുകാരനായിരുന്ന വെള്ളാപ്പള്ളി നടേശനെ കൊങ്കൺ റെയിൽവെയുടെ ട്രാക്കിൽ നിന്ന് എസ്.എൻ.ഡി.പി യോഗമെന്ന മഹാപ്രസ്ഥാനത്തിന്റെ ട്രാക്കിലേക്ക് എത്തിച്ചത് പ്രധാനമായും മൂന്ന് ശക്തികളാണ്. ‘കേരളകൗമുദി’ ചീഫ് എഡിറ്ററായിരുന്ന അന്തരിച്ച എം.എസ് മണി, ആലുവാപ്പുഴയിൽ ജല സമാധിയടഞ്ഞ സ്വാമി ശാശ്വതികാനന്ദ , പിന്നെ സി.പി എമ്മിന്റെ പകരക്കാരനില്ലാത്ത നേതാവ് വി.എസ് അച്യുതാനന്ദൻ. ഈ മൂന്ന് ശക്തികളില്ലായിരുന്നെങ്കിൽ കഴിഞ്ഞ 27 വർഷമായി എസ്.എൻ.ഡി.പി യോഗത്തെയും എസ്.എൻ ട്രസ്റ്റിനെയും അതിന്റെ എക്കാലത്തെയും വലിയ ശക്തിയിലേക്ക് നയിക്കാൻ വെള്ളാപ്പള്ളി നടേശനെന്ന പോരാളിയും തേരാളിയും ഉണ്ടാകുമായിരുന്നില്ല. നീണ്ട 27 വർഷം പിന്നിട്ട് 30-ാം വർഷം ലക്ഷ്യമിട്ട് ജൈത്രയാത്ര നടത്തുമ്പോഴും ആ പോരാളിയെ എതിർക്കാനെത്തുന്നവരൊക്കെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആരോരുമറിയാതെ വിസ്മരിക്കപ്പെടുകയാണ്. മൂന്ന് മഹാരഥന്മാർ പകർന്നേകിയ കരുത്തും ആത്മവിശ്വാസവും പിന്നെ ഗുരുവിന്റെ അനുഗ്രഹവും ചേർന്നപ്പോൾ വെള്ളാപ്പള്ളി നടേശൻ പകരക്കാരനില്ലാത്ത അമരക്കാരനായി മാറുകയായിരുന്നു. ദൈവകടാക്ഷവും ഗുരുവിന്റെ അനുഗ്രഹവും ഉണ്ടെങ്കിൽ ഈ സ്ഥാനത്ത് തുടർച്ചയായി 30 വർഷം പൂർത്തിയാക്കുന്ന അജയ്യനായ നേതാവെന്ന ബഹുമതി അദ്ദേഹത്തിന് മാത്രം കരഗതമാകും.
ഫെബ്രുവരി 20 ന് കൊല്ലം ആശ്രാമത്തെ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സാംസ്ക്കാരിക കേന്ദ്രത്തിലെ പ്രൗഢഗംഭീരമാർന്ന സദസ്സിനെ സാക്ഷിയാക്കി വെള്ളാപ്പള്ളി നടേശൻ തന്നെയാണ് താൻ അത്യുന്നതമായ സ്ഥാനങ്ങളിലേക്ക് എത്തിയതിന്റെ പിന്നാമ്പുറ കഥകൾ വികാരഭരിതനായി തുറന്നു പറഞ്ഞത്. കേരളത്തിന്റെ ജനമനസ്സുകളിൽ ഇന്ന് ശക്തനായ പോരാളിയെന്ന് പേരെടുത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. ‘കേരളകൗമുദി’യുടെ 113- ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തുടർച്ചയായി പത്താം തവണയും എസ്.എൻ ട്രസ്റ്റിന്റെ തേരാളിയായി തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകാനായി സംഘടിപ്പിച്ചതായിരുന്നു ചടങ്ങ്.

അവിടെ അദ്ദേഹം നടത്തിയ
പ്രസംഗത്തിൽ നിന്ന്:

‘1994 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ പൊലീസ് ശിവഗിരിയിൽ നടത്തിയ തേർവാഴ്ച സമുദായാംഗങ്ങളുടെ മനസ്സിൽ സൃഷ്ടിച്ച മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ആ സംഭവം എന്റെ മനസ്സിലും വല്ലാത്ത വേദനയാണ് കോരിനിറച്ചത്. പൊലീസ് നടത്തിയ തേർവാഴ്ചയിലും കുലുങ്ങാത്ത അന്നത്തെ യോഗനേതൃത്വത്തോട് വല്ലാത്ത പ്രതിഷേധമാണ് തോന്നിയത്. ആ സംഭവത്തോടെ യോഗത്തിന് കരുത്തുറ്റ ഒരു നേതൃത്വം ഉണ്ടാകണമെന്ന് സ്വാമി ശാശ്വതികാനന്ദയെപ്പോലെയുള്ളവർ ആഗ്രഹിച്ചു. ‘കേരളകൗമുദി’ ചീഫ് എഡിറ്ററായിരുന്ന എം. എസ് മണിയും പ്രതിപക്ഷത്തായിരുന്ന വി.എസ് അച്യുതാനന്ദനുമൊക്കെ ഈ നീക്കത്തിന് എല്ലാവിധ കരുത്തും പകർന്നു. അവരുടെ അന്വേഷണം വന്നെത്തിയത് കരാറുകാരനായിരുന്ന എന്നിലേക്കാണ്. അവർ മൂവരും ഒരേ സ്വരത്തിൽ എന്നോടാവശ്യപ്പെട്ടു, യോഗനേതൃത്വത്തിലേക്ക് വരണമെന്ന്. ഞാൻ പലപ്പോഴും ഒഴിഞ്ഞു മാറിയപ്പോൾ എന്റെ ഭാര്യയെ സമീപിച്ച് അവരെക്കൊണ്ടും എന്നെ സമ്മതിപ്പിക്കാൻ ശ്രമിച്ചു. ഭാര്യയും അതിനെതിരായിരുന്നു. ഒടുവിൽ അവരുടെ നിരന്തരമുള്ള നിർബ്ബന്ധത്തിന് വഴങ്ങാതെ നിവൃത്തിയില്ലെന്നായി. അവസാനം അവരുടെ നിർബ്ബന്ധത്തിനു വഴങ്ങി ഈ സ്ഥാനം ഏറ്റെടുക്കാൻ ഞാൻ നിർബ്ബന്ധിതനായി. അന്ന് എം.എസ് മണി എനിക്കൊരുറപ്പ് തന്നു. ‘കേരളകൗമുദി’ എന്നും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കുമെന്ന്. നിങ്ങളെ തെറി പറയണമെന്ന് ആരെങ്കിലും വന്ന് പറഞ്ഞാലും അത് ‘കേരളകൗമുദി’യിൽ അച്ചടിച്ചു വരില്ല. വേറെ ആര് അച്ചടിച്ചാലും ‘കേരളകൗമുദി’ അത് ചെയ്യില്ല എന്ന് പറഞ്ഞ് എനിക്ക് ഏറെ കരുത്തും ധൈര്യവും നൽകി. അതുകൊണ്ട് മാത്രമാണ് എനിക്ക് നിലനിൽക്കാൻ സാധിച്ചത്. പത്രാധിപർ കെ.സുകുമാരനിൽ നിന്ന് മനസ്സിലാക്കിയ പൊതു പ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ എനിക്ക് കരുത്തേകി. ‘കേരളകൗമുദി’ 27 വർഷം മുമ്പ് നൽകിയ വാക്ക് ഇന്നും അവർ പാലിക്കുന്നു. ഇന്നും എനിക്ക് പിന്തുണ നൽകുന്നു. ഇക്കാലത്തിനിടെ ഒരുപാട് പത്ര, ദൃശ്യ മാധ്യമങ്ങൾ എന്നെ കല്ലെറിഞ്ഞു. അപ്പോഴൊക്കെ അതിനെയെല്ലാം പ്രതിരോധിച്ച് എന്നെ നിലനിർത്തിയത് ‘കേരളകൗമുദി’യാണ്. അതുപോലെ എന്നെ ഈ രംഗത്തെത്തിച്ച സ്വാമി ശാശ്വതികാനന്ദ, വി.എസ് അച്യുതാനന്ദൻ…. അവരെല്ലാം എന്റെ കൂടെയുണ്ടായിരുന്നു. എന്റെ കയ്യിൽ സംഘടന ലഭിച്ചപ്പോൾ, എനിക്ക് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്നതാണ് ഈ സമുദായം. അതിനാൽ എല്ലാവരെയും സംയോജിപ്പിച്ചു കൊണ്ടു പോകുക എന്ന നയം ഞാൻ സ്വീകരിച്ചു. എനിക്ക് നിങ്ങളെല്ലാം സ്വീകാര്യരായി.

വേദിയില്‍ വെള്ളാപ്പള്ളി നടേശനോടൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരളകൗമുദി’ ചീഫ് എഡിറ്റർ ദീപു രവിയും

പലരും എനിക്കെതിരെ പലതും പറഞ്ഞെങ്കിലും വോട്ടിന് ചെല്ലുമ്പോൾ എതിരാളികളെ പുച്ഛിച്ച് തള്ളി എനിക്ക് വോട്ട് നൽകുന്ന സ്ഥിതിയുണ്ടായി. സത്യങ്ങൾ തുറന്ന് പറയാനും അത് ജനങ്ങളിലേക്കെത്തിക്കാനും ‘കേരളകൗമുദി’ക്ക് സാധിച്ചു. എസ്.എൻ ട്രസ്റ്റ് അദ്ധ്യക്ഷനായി ഞാനിപ്പോൾ തുടർച്ചയായി പത്താം ടേമിലേക്ക് കടന്നിരിക്കുകയാണ്. ദൈവം ആയുസ്സ് തന്നാൽ 30 വർഷം തികയ്ക്കും. എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും കോളേജുകളുടെ മാനേജരായും മത്സരിക്കുമ്പോൾ എനിയ്ക്കെതിരെ ഒരു നോമിനേഷൻ പോലും നൽകാൻ ആരുമില്ലായിരുന്നെങ്കിൽ അതിന് കാരണം ദൈവത്തിന്റെ കാരുണ്യവും ഗുരുവിന്റെ അനുഗ്രഹവും നിങ്ങളുടെയെല്ലാം പ്രാർത്ഥനയുമാണ്. മൈക്രോഫിനാൻസ് പദ്ധതിയിലൂടെ ഞാൻ നൽകിയ കോടികൾ വാങ്ങിയ പാവങ്ങളുടെ പ്രാർത്ഥനയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപാട് പേർ എന്നെ വിമർശിച്ചു, ഒരുപാട് സ്നേഹം എനിക്ക് കിട്ടി. പക്ഷെ വിമർശകരുടെ വിമർശനങ്ങൾ വോട്ടായി മാറുന്നില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഒരാൾ പോലും വിജയിച്ചില്ല. എന്തൊക്കെയോ സംഭവിക്കുമെന്ന് വിചാരിച്ചു, പക്ഷെ ഒരു ചുക്കും സംഭവിച്ചില്ല.

ഞാൻ വരും മുമ്പുള്ള ബാലൻസ് ഷീറ്റും ഇപ്പോഴത്തെ ബാലൻസ് ഷീറ്റും പരിശോധിച്ചു നോക്കൂ. വർഷങ്ങൾക്ക് മുമ്പ് ഞാൻ വരുമ്പോൾ 10 കോടിയുടെ ബാലൻസ് ഷീറ്റായിരുന്നെങ്കിൽ ഇന്നത് 100 കോടിക്ക് മുകളിലായി. എന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്നതാണോ ? ബാലൻസ് ഷീറ്റ് മാത്രം പരിശോധിച്ചാൽ മതി. സാമ്പത്തികമായും സാംസ്ക്കാരികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും സമുദായം എത്രമാത്രം വളർന്നുവെന്ന് കണക്കിലൂടെ മാത്രം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കണക്കൊന്നും മനസ്സിലാകാത്ത, കണ്ടാലും കൊണ്ടാലും പഠിക്കാത്ത എന്തിനെയും വിമർശിക്കുന്ന ഒരു കൂട്ടരുണ്ട്. അവർ വിമർശിച്ചോട്ടെ. അത് അവരുടെ സ്വഭാവമാണ്. കുമാരനാശാനെപ്പോലും നമ്മുടെ സമുദായം വെറുതെ വിട്ടില്ല. അദ്ദേഹത്തെ കണ്ണീര് കുടിപ്പിച്ച്, ശങ്കർ സാറിനെതിരെ കേസ് കൊടുത്ത് അകറ്റി നിറുത്തിയ സംസ്ക്കാരം. അവരൊന്നും തുടർന്ന് ഭരിക്കാൻ നിന്നില്ല. എനിക്ക് ദൈവം ആയുസ്സ് തന്നാൽ 30 കൊല്ലം ഭരിക്കാൻ കഴിയും. ഇപ്പോൾ 27 വർഷമായി, മൂന്ന് വർഷത്തേക്ക് കൂടി നിങ്ങൾ എന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. 30 വർഷമെന്ന് പറഞ്ഞാൽ 10 ടേമാണ്. 30 വർഷം ഒരെതിരുമില്ലാതെ നയിക്കാൻ അവസരം തന്ന എല്ലാവർക്കും ഞാൻ നമോവാകം പറയുന്നു.’

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ എന്നിവരുമായി ഗവർണർ സൗഹൃദം പങ്കുവയ്ക്കുന്നു

വെള്ളാപ്പള്ളിയുടെ കർമ്മശേഷി
സമാനതകളില്ലാത്തത്: ഗവർണർ

സമാനതകളില്ലാത്ത കർമ്മശേഷിയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രത്യേകതയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അഭിപ്രായപ്പെട്ടു. കൊല്ലത്ത് കേരളകൗമുദി സംഘടിപ്പിച്ച ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് കേരളകൗമുദിയുടെ ആദരവ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. ശ്രീനാരായണ ഗുരു തിരിതെളിച്ച പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. അതിന്റെ സാരഥിയെന്ന നിലയിൽ 27 വർഷമായി നയിക്കുന്ന വെള്ളാപ്പള്ളി, ഗുരുവരുൾ യാഥാർത്ഥ്യമാക്കിക്കൊണ്ടിരിക്കുന്ന അതുല്യ പ്രതിഭയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹ്യമാറ്റം ഉണ്ടാകൂ എന്ന് ഗുരുദേവൻ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് വിദ്യകൊണ്ട് സ്വതന്ത്രരാകാൻ ഗുരു ആഹ്വാനം ചെയ്തത്. സാമ്പത്തിക പുരോഗതിക്കായി വ്യവസായങ്ങൾ ആരംഭിക്കാൻ ഗുരു പറഞ്ഞു. ഗുരുവരുളുകൾ യാഥാർത്ഥ്യമാക്കാൻ മഹാനായ ആർ.ശങ്കറിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനമാണ് എസ്.എൻ ട്രസ്റ്റ്. യോഗത്തിന്റെയും ട്രസ്റ്റിന്റെയും ചാലകശക്തി ഗുരു ദർശനമാണ്. ഇരു പ്രസ്ഥാനങ്ങളുടെയും അമരക്കാരനായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിക്കാനുള്ള സൗഭാഗ്യമാണ് വെള്ളാപ്പള്ളി നടേശന് ലഭിച്ചത്. ഗുരുദർശനപാതയിലൂടെ പിന്നാക്ക ജനതയുടെ മുന്നേറ്റത്തിനായി അദ്ദേഹം അക്ഷീണം പ്രവർത്തിക്കുകയാണ്. അദ്ദേഹം ഇരു പ്രസ്ഥാനങ്ങളുടെയും അമരത്തെത്തിയ ശേഷം കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തി. സ്നേഹഭവനം പദ്ധതിയിലൂടെ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകി. പുതു തലമുറയ്ക്ക് സിവിൽസർവീസ് പരീക്ഷാ പരിശീലനം നൽകുന്ന പ്രത്യേക പദ്ധതിക്കും തുടക്കമിട്ടുവെന്നും ഗവർണർ പറഞ്ഞു. കേരളകൗമുദിയുടെ ഉപഹാരം വെള്ളാപ്പള്ളി നടേശന് ഗവർണർ സമ്മാനിച്ചു.

കേരളകൗമുദി’ ചീഫ് എഡിറ്റർ ദീപു രവി സംസാരിക്കുന്നു

വാക്കുകൾക്കതീതം
ആ കർമ്മധീരത: ദീപു രവി

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമെന്ന നിലയിൽ വെള്ളാപ്പള്ളി നടേശന്റെ കർമ്മധീരത വാക്കുകൾക്കതീതമാണെന്ന് ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയ ‘കേരളകൗമുദി’ ചീഫ് എഡിറ്റർ ദീപു രവി പറഞ്ഞു. നിയമ യുദ്ധങ്ങളിൽ പെട്ട് എസ്.എൻ.ഡി.പി യോഗം കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിലാണ് പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വെള്ളാപ്പള്ളി എത്തിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അദ്ദേഹം വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വം മൂന്ന് പതിറ്റാണ്ടിലേക്ക് എത്തുമ്പോൾ കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. അദ്ദേഹം നേതൃത്വത്തിൽ എത്തുമ്പോൾ യോഗത്തിനും ട്രസ്റ്റിനുമായി ആകെ 42 വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ 27 വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ ലാ കോളേജ് അടക്കം 88 പുതിയ സ്ഥാപനങ്ങളാണ് പടുത്തുയർത്തിയത്. അദ്ദേഹം അമരത്ത് എത്തുമ്പോൾ എസ്.എൻ ട്രസ്റ്റിന്റെ വാർഷിക ബഡ്ജറ്റ് കേവലം 11 കോടി രൂപയായിരുന്നത് 148 കോടിയായി ഉയർന്നു. യൂണിയനുകളുടെയും ശാഖകളുടെയും എണ്ണം ഇരട്ടിയിലേറെയായി. നാടാകെ ഗുരുമന്ദിരങ്ങൾ സ്ഥാപിക്കാനും അദ്ദേഹം നേതൃത്വം നൽകി. അതിലുപരി ഈഴവനാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയാനുള്ള ആത്മാഭിമാനവും സമുദായാംഗങ്ങൾക്ക് അദ്ദേഹം സമ്മാനിച്ചു. ഗുരുദേവ ശിഷ്യനായ സി.വി കുഞ്ഞുരാമൻ 1911 ൽ ‘കേരളകൗമുദി’ ആരംഭിച്ചത് മുതൽ അധ:സ്ഥിത ജനതയുടെ ഉന്നമനത്തിനായാണ് പോരാടുന്നത്. എസ്.എൻ.ഡി.പി യോഗത്തിന് അന്ന് മുതൽ ‘കേരളകൗമുദി’ നൽകുന്ന പിന്തുണ ഇന്നത്തെ നാലാം തലമുറയും ശക്തമായി തുടരുമെന്നും ദീപു രവി പറഞ്ഞു.

എൻ.കെ പ്രേമചന്ദ്രൻ എം.പി സംസാരിക്കുന്നു

എതിരാളികൾക്ക് പോലും സ്വീകാര്യൻ:
എൻ.കെ പ്രേമചന്ദ്രൻ എം.പി

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അനിഷേദ്ധ്യ നേതാവായ വെള്ളാപ്പള്ളി നടേശന്റെ കർമ്മധീരമായ പ്രവർത്തനം എതിരാളികൾ പോലും അംഗീകരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരകനും വക്താവും സംഘാടകനുമെന്ന നിലയിൽ വെള്ളാപ്പള്ളി നടേശനിലൂടെ എസ്.എൻ.ഡി.പി യോഗം എന്ന പ്രസ്ഥാനത്തിന്റെ ശബ്ദം എന്നത്തെക്കാൾ ഇന്ന് ശ്രദ്ധിക്കപ്പെടുന്നത് അനാദൃശമായ അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായാണ്. സാമൂഹിക, സാമുദായിക രംഗത്തെ വടവൃക്ഷമായി അദ്ദേഹം മാറിയതിനു പിന്നിലെ ചാലകശക്തിയായി പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ പ്രീതി നടേശനാണ്. തന്റെ പ്രാർത്ഥനയുടെ ഫലമാണ് വെള്ളാപ്പള്ളി നടേശന്റെ വിജയങ്ങൾക്ക് പിന്നിലെന്ന് പ്രീതി നടേശൻ എപ്പോഴും പറയാറുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നു

‘കേരളകൗമുദി’ കൊല്ലം യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ, എസ്.എൻ.ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, യോഗം കൗൺസിലർ പി.സുന്ദരൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, പ്രസിഡന്റ് കെ.സുശീലൻ, ചാത്തന്നൂർ യൂണിയൻപ്രസിഡന്റും ബി.ജെ.പി ജില്ലാ പ്രസി ഡന്റുമായ ബി.ബി ഗോപകുമാർ, സെക്രട്ടറി കെ. വിജയകുമാർ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, യോഗം മുൻ കൗൺസിലർ അഡ്വ. പി. സജീവ് ബാബു, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ, വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ, ജനപ്രതിനിധികൾ, സാംസ്ക്കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം നൂറുകണക്കിന് പേർ ചടങ്ങിന് സാക്ഷികളായി.

Author

Scroll to top
Close
Browse Categories