ക്യാമ്പസുകളിലെ ജാതി വിവേചനം: യുജിസിയുടെ നിര്‍ദ്ദേശം അപര്യാപ്തം

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ നേരെനടക്കുന്ന വിവേചനത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്ന യുജിസി രേഖയില്‍ പിന്നാക്ക വിദ്യാര്‍ത്ഥികളുടെ കാര്യം ബോധപൂര്‍വ്വം വിസ്മരിക്കുന്നു. വംശീയമായ വിവേചനങ്ങളുടെ നേരെ മുഖംതിരിച്ചു നില്‍ക്കുന്ന ഈ യുജിസി മാര്‍ഗ്ഗരേഖയ്ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കടുത്ത വിവേചനം അവസാനിപ്പിക്കാന്‍ കഴിയുമോ എന്നുള്ള കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ട് തന്നെ യുജിസിയുടെ കരട് രേഖയില്‍ വലിയമാറ്റങ്ങള്‍ വരുത്താന്‍ യുജിസി തയ്യാറാകേണ്ടി വരും.

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിവേചനം ജാതീയമാണെന്നും, സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാമ്പസുകളില്‍ പ്രവേശനം ലഭിക്കുന്ന ദളിത്, പിന്നാക്ക വിദ്യാര്‍ത്ഥികളാണ് വിവേചനത്തിന്റെ ഇരകളെന്നും ആര്‍ക്കും ബോധ്യമുള്ളതാണ്.ജാതിവിവേചനം തടയുന്നതിന് ആവശ്യമായ ശക്തമായ സംവിധാനം ഉറപ്പാക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കുകയുമുണ്ടായി.എന്നാൽ കാമ്പസുകളില്‍ ജാതിവിവേചനം ചെറുക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി) പുറത്തിറക്കിയ കരടുമാര്‍ഗ നിര്‍ദ്ദേശത്തില്‍ വിവേചനത്തിന്റെ നിര്‍വ്വചനം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്.

2012 ല്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് കടകവിരുദ്ധമായി എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ജാതിയുടെയോ, ഗോത്രത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനം എന്ന രീതിയില്‍ ചുരുക്കിയിരിക്കുകയാണ്. കാമ്പസുകളിലെ ഈ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പിന്നാക്ക വിദ്യാര്‍ത്ഥികളെയും, വംശാടിസ്ഥാനത്തില്‍ വിവേചനം നേരിടുന്ന മറ്റുവിദ്യാര്‍ത്ഥികളെയും ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുന്നു. 2012 ലെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഏതെങ്കിലുമുള്ള വേര്‍തിരിവ് ഒഴിവാക്കല്‍, പരിമിതപ്പെടുത്തല്‍ അല്ലെങ്കില്‍ മുന്‍ഗണന എന്നാണ് വിവേചനത്തെ നിര്‍വ്വചിച്ചത്. ജാതി, മതം, ഭാഷ, വംശം, ലിംഗഭേദം, ഭിന്നശേഷി എന്നിവയും വിവേചനത്തിന്റെ പരിധിയില്‍പ്പെടുത്തിയിരുന്നു. യുജിസി നിയമിച്ച പ്രൊഫസര്‍ ശൈലേഷ് എന്‍ സാലയുടെ നേതൃത്വത്തിലുള്ള സമിതി പുറത്തിറക്കിയ കരട് എസ് സി, എസ് ടി വിഭാഗത്തില്‍പ്പെടാത്ത വിദ്യാര്‍ത്ഥി നേരിടേണ്ടിവരുന്ന വിവേചനത്തെ അഭിസംബോധനചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
ജാതിവിവേചനം തടയാന്‍ ലക്ഷ്യമിട്ടുള്ള വളരെ വിശദമായ കരട് ചട്ടം പുറത്തിറക്കിയിട്ടുണ്ടെന്ന് യുജിസിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് 1503 പരാതികള്‍ ലഭിച്ചിരുന്നു. അതില്‍ 1426 പരാതികളില്‍ നടപടിയെടുത്തതായി യുജിസി-ക്ക് വേണ്ടി അദ്ദേഹം കോടതിയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജാതിവിവേചനങ്ങളുടെ പേരിലുള്ള എല്ലാ വിവേചനങ്ങളും അവഹേളനങ്ങളും തടയാനുള്ള ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് യുജിസി തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യുജിസി മതം, ജാതി, വംശം, ലിംഗം, ജന്മദേശം തുടങ്ങിയവയുടെ പേരിലുള്ള അവഹേളനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് സോളിസിസ്റ്റര്‍ ജനറല്‍ പറഞ്ഞെങ്കിലും പരസ്യപ്പെടുത്തിയ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഇതില്‍ പലതുമില്ല.

പത്തംഗ തുല്യതാ (ഇക്വിറ്റി) കമ്മറ്റി
കാമ്പസുകളിലെ ജാതിവിവേചന പരാതികള്‍ അന്വേഷിക്കുന്നതിന് സ്ഥാപനത്തിലെ തലവന്‍ രൂപവല്‍ക്കരിക്കുന്ന പത്തംഗ തുല്യതാ (ഇക്വിറ്റി) കമ്മറ്റിയുണ്ടാകും. സ്ഥാപനമേധാവി എക്‌സ്-ഒഫിഷ്യോ അധ്യക്ഷനായ കമ്മറ്റിയില്‍ നാല് മുതിര്‍ന്ന ഫാക്കറ്റി അംഗങ്ങള്‍, രണ്ട് സിവില്‍ സൊസൈറ്റി പ്രതിനിധികള്‍, രണ്ട് വിദ്യാര്‍ത്ഥി പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരുമുണ്ടാകും. കമ്മറ്റിയില്‍ കുറഞ്ഞത് ഒരു സ്ത്രീയും എസ് സി, എസ് ടി വിഭാഗങ്ങളിലുള്ള ഓരോ അംഗവുമുണ്ടാകണം. ഇക്വിറ്റി സ്‌ക്വാഡുകള്‍, മൊബൈല്‍ ടീമുകള്‍, ഇക്വിറ്റി അംബാസിഡര്‍, 24 മണിക്കൂര്‍ ലഭ്യമായ ഹെല്‍പ്പ്‌ലൈന്‍ എന്നിവയും ഉണ്ടാകും. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ, ഇക്വിറ്റി ഹെല്‍പ്പ്‌ലൈന്‍ വഴിയോ വിവേചനം റിപ്പോര്‍ട്ട് ചെയ്യാം. പരാതിയില്‍ ഇക്വിറ്റി കമ്മറ്റി 24 മണിക്കൂറിനുള്ളില്‍ യോഗം ചേര്‍ന്ന് നടപടിയെടുക്കണം 15 പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ സ്ഥാപനമേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പകര്‍പ്പ് പരാതിക്കാരനും നല്‍കണം. കമ്മറ്റി അധ്യക്ഷന്‍ ഈ റിപ്പോര്‍ട്ട് ഉന്നത അധികാരിക്ക് നല്‍കണം.

പരാതി കൈകാര്യം ചെയ്യാനുള്ള കമ്മിറ്റികള്‍ തെറ്റായ പരാതികളില്‍ അഭിസംബോധനചെയ്യുന്നതിലും അവ്യക്തതയുണ്ട്. തെറ്റായി പരാതിനല്‍കുന്നവര്‍ക്കെതിരെ പിഴയും അച്ചടക്ക നടപടിയുമാണ് വ്യവസ്ഥചെയ്യുന്നുവെങ്കിലും എന്താണ് തെറ്റായ പരാതിയെന്ന് നിര്‍വ്വചിക്കുന്നില്ല. ജാതിവിവേചനം പ്രധാനമായും സംവരണ വിരുദ്ധതയില്‍ അധിഷ്ഠിതമാണെന്നിരിക്കെ പരീക്ഷയില്‍ നേടുന്ന റാങ്ക്, സംവരണ നില എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെയും കരട് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന്മാത്രമാണ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജാതിവിവേചനം ചെറുക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമിറക്കാന്‍ യുജിസി തയ്യാറായത്.
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജാതിവിവേചനം ചെറുക്കാനുള്ള ചില നടപടികള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ കൈകൊണ്ടിട്ടുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ ഇതൊന്നും ലക്ഷ്യം കണ്ടില്ല. ഹൈദരബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ വച്ച് 2016 ല്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെയും, മുംബൈയിലെ ടോപ്പിവാല നാഷണല്‍ മെഡിക്കല്‍കോളേജിലെ വിദ്യാര്‍ത്ഥിനി പായല്‍ തദ്‌വിയുടെയും മറ്റും രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങള്‍ കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
പല വിദ്യാര്‍ത്ഥി സംഘടനകളും, അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷനും എല്ലാം ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ ജാതിയടിസ്ഥാനത്തിലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രശ്‌നങ്ങളെ അഭിസംബോധനചെയ്യാന്‍ യുജിസി-യുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ നേരെനടക്കുന്ന വിവേചനത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്ന യുജിസി രേഖയില്‍ പിന്നാക്ക വിദ്യാര്‍ത്ഥികളുടെ കാര്യം ബോധപൂര്‍വ്വം വിസ്മരിക്കുന്നു. വംശീയമായ വിവേചനങ്ങളുടെ നേരെ മുഖംതിരിച്ചു നില്‍ക്കുന്ന ഈ യുജിസി മാര്‍ഗ്ഗരേഖയ്ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കടുത്ത വിവേചനം അവസാനിപ്പിക്കാന്‍ കഴിയുമോ എന്നുള്ള കാര്യത്തില്‍ ഈ മേഖലയിലുള്ളവര്‍ക്ക് വലിയ സംശയങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ യുജിസിയുടെ കരട് രേഖയില്‍ വലിയമാറ്റങ്ങള്‍ വരുത്താന്‍ യുജിസി തയ്യാറാകേണ്ടി വരും. അതിന് യുജിസി നേതൃത്വം തയ്യാറാവുകയും യുജിസി-യെ നേര്‍വഴിക്ക് നയിക്കാന്‍ പരമോന്നത കോടതി ആവശ്യമായ ഉത്തരവ് നല്‍കുകയും ചെയ്താല്‍ മാത്രമേ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹീനമായ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ.

(ലേഖകന്‍ കേരളാ സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്റേയും, യൂണിവേഴ്‌സിറ്റി യൂണിയനുകളുടെ അഖിലേന്ത്യാ സമിതിയുടെയും മുന്‍ ചെയര്‍മാനുമാണ്. 9847132428, [email protected])

Author

Scroll to top
Close
Browse Categories