ബുദ്ധദർശനവും ജാതിഭേദഖണ്ഡനവും
ദുഃഖങ്ങള്‍ക്കു മാത്രമല്ല, ലോകത്തിലുള്ള സർവ ചരാചരങ്ങൾക്കും പ്രാപഞ്ചികങ്ങളായ എല്ലാ പ്രതിഭാസങ്ങള്‍ക്കും അവയുടേതായ കാരണങ്ങളുണ്ടായിരിക്കും എന്ന് ബുദ്ധന്‍ വിശ്വസിച്ചു. എല്ലാം കാര്യകാരണബന്ധങ്ങള്‍ക്ക് വിധേയമായിരിക്കും. കാരണമില്ലാതെ കാര്യമില്ല. ഒരു വസ്തു നശിക്കുമ്പോഴാണ് അതില്‍നിന്നും മറ്റൊരു വസ്തു ഉണ്ടാകുന്നത്. വര്‍ത്തമാന സംഭവങ്ങള്‍ പൂര്‍വ്വസംഭവങ്ങളുടെ വെറും തുടര്‍ച്ചയല്ല. ഇന്നു നിലനില്‍ക്കുന്നവയെല്ലാം ഇന്നലെ നിലനിന്നവയുടെ നാശത്തില്‍നിന്ന് ഉണ്ടായവയാണ്.
ആദിയില്‍ ചതുര്‍വ്വേദങ്ങള്‍ രചിക്കപ്പെട്ടു. അവയുടെ അധികാരികളായിരുന്ന ബ്രാഹ്മണര്‍, വേദങ്ങളെ ഉപജീവിച്ച് യാഗയജ്ഞ സംസ്‌കാരത്തിനു പ്രചാരം നല്‍കി. വേദങ്ങളുടെ സാരം ഗ്രഹിച്ചവരാകട്ടെ ഉപനിഷത്ത് രചന നടത്തി. വേദാന്തം ആവിര്‍ഭവിക്കുന്നിനു കാരണമായി. ഉപനിഷത്ത് പ്രമാണമായി സ്വീകരിച്ച് ബുദ്ധന്‍ അവയെ പരിഷ്‌കരിച്ച് തന്റേതായ തത്ത്വചിന്താപദ്ധതിക്കു തുടക്കമിട്ടു. ഇതാണ് ബുദ്ധദര്‍ശനത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പൊതുവെ നിലനില്‍ക്കുന്ന കാഴ്ചപ്പാട്. ബുദ്ധധര്‍മ്മത്തെക്കുറിച്ച് വേണ്ടത്ര ഗ്രന്ഥങ്ങളോ അറിവുകളോ പ്രചാരണത്തിലില്ലായിരുന്ന കാലത്താണ് ധര്‍മ്മാനന്ദ കോസാംബി ബുദ്ധനെയും ബുദ്ധദര്‍ശനങ്ങളെയും പരിചയപ്പെടുത്തുന്ന പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്. എട്ട് ദശാബ്ദങ്ങള്‍ മുന്‍പാണ് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ നടന്നത്. അക്കാലത്തും മേലെ എഴുതിയ പ്രസ്താവത്തെ പിന്താങ്ങുന്ന ധാരണ തന്നെ പ്രചരിച്ചിരുന്നതും. എന്നാല്‍ ബുദ്ധദര്‍ശനങ്ങളോടുള്ള ആഭിമുഖ്യത്തില്‍ വളരെയേറെ മാറ്റം ഇക്കഴിഞ്ഞ കാലയളവില്‍ സംഭവിച്ചു. അംബേദ്ക്കറുടെ ബുദ്ധമതസ്വീകാരവും ബുദ്ധദര്‍ശനങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങളും ഇതിനു വലിയ സഹായമായി. പാലിഭാഷയില്‍ എഴുതിയവയും ബുദ്ധമതസ്വാധീനമുള്ള പ്രദേശങ്ങളില്‍ നിന്നു ലഭിച്ചവയും ആയ ബഹുശതം ബുദ്ധമതഗ്രന്ഥങ്ങള്‍, അവയെക്കുറിച്ചു ദേശവിദേശങ്ങളില്‍ നടന്ന പഠനങ്ങള്‍, പ്രാദേശികഭാഷകളില്‍ വന്ന പരിഭാഷകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ബുദ്ധമതത്തിലുള്ള അവഗാഹം വര്‍ദ്ധിപ്പിക്കുന്നതിനു ഇന്നു സാധ്യമായിട്ടുണ്ട്.
ലോകത്തെ ആദ്യത്തെ മതവിഭാഗമെന്ന നിലയില്‍ കരുതുന്നത് ബുദ്ധമതത്തെയാണ്. ക്രിസ്തു മതവും ഇസ്ലാംമതവും ഉത്ഭവിക്കുന്നതും പ്രചരിക്കുന്നതും നൂറ്റാണ്ടുകള്‍ക്കുശേഷമാണ്. ചരിത്രത്തിലെ മഹത്തായ പരിവര്‍ത്തനഘട്ടങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മതപരമായ പരിണാമ ങ്ങള്‍ ഉണ്ടായിട്ടുള്ളത് ഈ മൂന്നു മതങ്ങളെ സംബന്ധിച്ചു മാത്രമാണെന്ന് എംഗല്‍സ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
(ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, കേരള കലാമണ്ഡലം കല്പിതസർവ്വകലാശാല രജിസ്ട്രാർ, നാട്ടിക എസ് എൻ കോളേജ് മലയാളം വകുപ്പു മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു.20 ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
യാഗയജ്ഞാദികളിലും ചാതുര്‍വര്‍ണ്യത്തിലും ഉറപ്പിച്ചു നിര്‍ത്തിയ ബ്രാഹ്മണസംസ്‌കാരത്തിന്റെ ശക്തി വ്യാപിക്കുന്നതിനെതിരെ വളര്‍ന്നുവന്ന ബദൽശക്തികളില്‍ പ്രധാനമായിരുന്നു ബുദ്ധമതവും ജൈനമതവും. ആശയപരമായ നൂതനതയാലും സംഘടിതരൂപം കൊണ്ടും ബുദ്ധദാര്‍ശനികരും അവരുടെ വാക്കുകളും ജനങ്ങള്‍, പ്രത്യേകിച്ചു സാധാരണക്കാര്‍ ചെവികൊണ്ടു തുടങ്ങിയതാണ് ബുദ്ധമതം അതിവേഗം പ്രചരിക്കാന്‍ കാരണമായത്.
ബ്രാഹ്മണമതത്തിന്റെ കേന്ദ്രാശയം ചാതുര്‍വര്‍ണ്യവും ജാതിവിഭജനവും ആണ്. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭാഗീകരണം ബുദ്ധന്റെ കാലത്തുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. അവ നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിരുന്നു. ആദ്യ മൂന്നു വിഭാഗങ്ങളും ചേര്‍ന്ന ദ്വിജന്മാര്‍ ത്രൈവര്‍ണ്ണികരായി നിശ്ചയിക്കപ്പെട്ടവരാണ്. ദ്വിജത്വം അഥവാ രണ്ടു ജന്മം ശൂദ്രന്മാര്‍ക്ക് അവകാശപ്പെട്ടതല്ല. മനുഷ്യനായി ജനിക്കുന്നതു കൂടാതെയുള്ള ജന്മമെന്നത് ഉപനയനമാണല്ലോ. ഇതിലൂടെ ബ്രാഹ്മണസംസ്‌കാരത്തിന്റെ വക്താക്കളായി തീരുകയാണ് ത്രൈവര്‍ണ്ണികള്‍. നാലാമത്തെ വര്‍ണ്ണമായ ശൂദ്രന്മാര്‍ക്ക് ഒരേയൊരു ധര്‍മ്മമേ ഉണ്ടായിരുന്നുള്ളൂ. അത് ബ്രാഹ്മണാദികളെ സേവിക്കുകയെന്നതാണ്. ഈ നാലു വര്‍ണ്ണങ്ങള്‍ക്കുമപ്പുറത്ത് അനേകം ഗോത്രങ്ങളും ഗ്രാമസമൂഹങ്ങളും ഉള്‍പ്പെട്ടിരുന്നു. ഈ വർണ്ണ ബാഹ്യരെ വിവിധ ഉല്പാദനമേഖലകള്‍ക്കനുസരിച്ച് നിലനിന്ന അത്തരം ഗോത്രങ്ങളെ ജാതികളാക്കി വേര്‍തിരിച്ചു. ജാതികളും അവയ്ക്കുള്ള ആചാരവ്യവസ്ഥകളും നിലവില്‍ വന്നു. ബ്രാഹ്മണ- ക്ഷത്രിയ അധികാരം കൂടുതല്‍ വ്യാപിച്ചു തുടങ്ങിയതോടെ ഈ വിഭജനവും ശക്തമായി കൊണ്ടിരുന്നു. രാജാക്കന്മാരില്‍ സ്വാധീനമുണ്ടായിരുന്ന പുരോഹിതന്മാരുടെ വാക്കുകളും പ്രസ്താവനകളും ഇവയ്ക്ക് നിയമപ്രാബല്യം നല്‍കി.
സനാതനധര്‍മ്മം
2500 വര്‍ഷം മുന്‍പെ രചിക്കപ്പെട്ട ധര്‍മ്മപദത്തിലും ബുദ്ധന്റെ പ്രഭാഷണങ്ങളിലും സനാതന ധർമ്മത്തെക്കുറിച്ചു പരാമര്‍ശമുണ്ടായിരുന്നു. ധര്‍മ്മപദത്തിന്റെ ഒന്നാം അദ്ധ്യായം ‘നിര്‍വൈരം’ എന്ന ഭാഗത്തെ അഞ്ചാമത്തെ ശ്ലോകത്തിലാണ് ഈ പ്രയോഗം.
നഹി വൈരേണ വൈരാണി
ശാമന്തിഹ കദാചന
അവൈരേണ ഹി ശാമ്യന്തി
ഏഷ ധര്‍മ്മഃ സനാതനഃ’
(വൈരം കൊണ്ട് വൈരം വര്‍ദ്ധിക്കുകയേ ചെയ്യുകയുള്ളൂ. സ്‌നേഹം വൈരത്തെ നശിപ്പിക്കുകയും സൗഹാര്‍ദ്ദത്തെ വളര്‍ത്തുകയും ചെയ്യും. പണ്ടേയ്ക്കു പണ്ടേ നാം അനുഷ്ഠിച്ചു വരുന്ന ധര്‍മ്മമാണ് ഇത്. ഇതാണ് സാക്ഷാല്‍ സനാതനധര്‍മ്മം –
വൈരം മറന്ന് സൗഹൃദം വളര്‍ത്തുന്ന ധര്‍മ്മമാണ് ഇവിടെ ശാശ്വതമെന്നു വിശേഷിപ്പിക്കുന്നത്. വിവേചനം, ഹിംസ, വെറുപ്പ്, അകല്‍ച്ച, ശ്രേണീവത്കരണം, ഇങ്ങനെ വൈരത്തിന്റെ വികാരം നിറഞ്ഞ ബ്രാഹ്മണിക സമുദായ വ്യവസ്ഥയെ തന്നെ പരിവര്‍ത്തിപ്പിക്കുന്നതായിരുന്നു
ബുദ്ധദര്‍ശനം.ബുദ്ധമതത്തില്‍ ഒരു ശരണസ്ഥാനമാണ് ‘ധര്‍മ്മം’. ത്രിരത്‌നങ്ങളായ ബുദ്ധനിലും ധര്‍മ്മത്തിലും സംഘത്തിലുമാണ് ശരണം തേടുന്നത്. ബുദ്ധമതത്തിന്റെ ഉള്‍പ്പിരിവുകളായ ഹീനയാനം, മഹായാനം, വജ്രയാനം എന്നീ മൂന്നു വിഭാഗക്കാരും ധര്‍മ്മം ഒരുപോലെ ഉള്‍ക്കൊള്ളുന്നു. ധര്‍മ്മനിഷ്ഠയിലൂടെ സംസാരജീവിതത്തില്‍നിന്ന് മുക്തിനേടാന്‍ ബുദ്ധന്‍ ഉപദേശിച്ചു. സദാചാരനിഷ്ഠമായി ധര്‍മ്മമനുഷ്ഠിക്കുകയാണ് നിര്‍വാണത്തിലെത്താനുള്ള മാര്‍ഗ്ഗമെന്നും ബുദ്ധന്‍ ഉദ്‌ബോധിപ്പിക്കുന്നു. ധര്‍മ്മത്തിനാണ് ബുദ്ധന്‍ ഉന്നതസ്ഥാനം നല്‍കിയിരിക്കുന്നത്.
സാഹോദര്യവും സൗഹൃദവും നിറഞ്ഞ ആ ദര്‍ശനം സാധാരണക്കാരിലേയ്ക്ക് ആണ്ടിറങ്ങി – അതിന്റെ ധര്‍മ്മവും. മനുഷ്യരെല്ലാം തുല്യരാണെന്നും എല്ലാവര്‍ക്കും മോക്ഷത്തിന് അവകാശമുണ്ടെന്നും വര്‍ണ്ണവും ജാതിയും ഇല്ലാത്തതാണെന്നും തുടങ്ങിയുള്ള ബുദ്ധവചനങ്ങള്‍ ജനങ്ങള്‍ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്.
ബുദ്ധദര്‍ശന
പരിചയം
സിദ്ധാര്‍ത്ഥന്‍ തന്റെ ചെറുപ്പകാലം മുതലേ വിജ്ഞാനദാഹിയായിരുന്നു. ഗൃഹപരിത്യാഗത്തോടെ അറിവന്വേഷിച്ചു കൊണ്ടുള്ള അലച്ചിലുകള്‍ കൂടുതലായി. എന്നാന്‍ താന്‍ നേടിയതും സ്വയം കണ്ടെത്തിയതുമായ വിജ്ഞാനം ഗ്രന്ഥരൂപത്തില്‍ രേഖപ്പെടുത്തിയില്ല. നിരന്തരമായ ബോധവല്‍ക്കരണമായിരുന്നു ബുദ്ധന്റെ രീതി. ഉപദേശങ്ങളും പ്രഭാഷണങ്ങളും ചോദ്യോത്തരങ്ങളുമായി ബുദ്ധന്‍ ജനങ്ങള്‍ക്കിടയില്‍ തന്റെ സിദ്ധാന്തങ്ങള്‍ പങ്കുവെച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിവിധ ഇടങ്ങളിലായി ചിതറിക്കിടന്നു. ബുദ്ധന്റെ പരിനിര്‍വ്വാണത്തോടെ സംശയനിവാരണത്തിന് ഏകമാനം ലഭിക്കാതായി. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രധാനശിഷ്യരിലൊരാളായ മഹാകാശ്യപന്റെ ശ്രമഫലമായി അഞ്ഞൂറു ബുദ്ധഭിക്ഷുക്കളുടെ ഒരു സമ്മേളനം രാജഗൃഹത്തില്‍വെച്ച് നടത്തുകയും (രാജ്ഗീര്‍) പൊതുവായി ചില നിയമങ്ങള്‍ക്ക് രൂപംനല്കുകയും ചെയ്തു. ഒരു നൂറുവര്‍ഷമേ ഇതിനും ആയുസ്സു കിട്ടിയുള്ളു. ബുദ്ധമതം അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന കാലമായതിനാല്‍ ഒപ്പംതന്നെ അഭിപ്രായഭിന്നതകളും ഉരുത്തിരിഞ്ഞുകൊണ്ടിരുന്നു. വജ്ജി എന്ന സ്ഥലത്തെ വേശാലിയില്‍ വച്ച് വീണ്ടും മഹാസാംഘികന്മാര്‍ എന്നും ഥേരവാദികള്‍ അഥവാ സ്ഥവിരവാദികള്‍ എന്നും രണ്ടായി വേര്‍തിരിഞ്ഞു. അഭിപ്രായഭിന്നതകള്‍ തുടരുക തന്നെയായിരുന്നു. അശോകചക്രവര്‍ത്തിയുടെ കാലമായപ്പോള്‍ അദ്ദേഹം ബുദ്ധമതത്തെ തന്റെ രാഷ്ട്രത്തിന്റെ മതമായി സ്വീകരിച്ചുകൊണ്ട് പാടലീപുത്രത്തില്‍വച്ച് (പാറ്റ്‌ന) ഒരു മഹാ സമ്മേളനം വിളിച്ചുചേര്‍ക്കുകയും തലമുറകളായി വായ്‌മൊഴിയായും മറ്റും പ്രചരിച്ചിരുന്ന ബുദ്ധതത്വങ്ങളെ മൂന്ന് പിടകങ്ങളിലായി ക്രോഡീകരിക്കുകയും ചെയ്തു.തിപിടകങ്ങള്‍ എന്നാല്‍ മൂന്നു കുട്ടകള്‍ എന്നാണ് അര്‍ത്ഥം. ബുദ്ധമതത്തിന്റെ എല്ലാ വിഭാഗക്കാരുടെയും അടിസ്ഥാനപ്രമാണങ്ങള്‍ തിപിടകങ്ങള്‍ ആണ്.
ഇതിനെ തുടര്‍ന്നാണ് അശോകന്‍ തന്റെ ധര്‍മ്മലിപികള്‍ കല്ലില്‍ കൊത്തിവയ്ക്കാനാരംഭിച്ചത്. രാഷ്ട്രതന്ത്രത്തിന്റെ ഏക ശിലാരൂപങ്ങളായി മാറി ധര്‍മ്മശാസനങ്ങള്‍. പിടകങ്ങളിലെ തത്വങ്ങളെ സംബന്ധിച്ചായി തുടര്‍ന്നുള്ള അഭിപ്രായഭിന്നതകള്‍. ഇത് വീണ്ടും ഒരു വിഭജനത്തിലെത്തിച്ചേര്‍ന്നു. അവ ഹീനയാനം എന്നും മഹായാനം എന്നും രണ്ടായി പിരിഞ്ഞു. വിഭജനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ബുദ്ധന്റെ പരിനിര്‍വ്വാണം കഴിഞ്ഞ് മൂന്ന് നൂറ്റാണ്ടായപ്പോഴേക്കും പതിനെട്ട് ഉള്‍പ്പിരിവുകളുണ്ടായി എന്നു പറയപ്പെടുന്നു. ഇവയില്‍ വൈഭാഷികം, സൗത്രാന്തികം, യോഗാചാരം, മാധ്യമികം എന്നിങ്ങനെയുള്ളവക്ക് കൂടുതല്‍ പ്രാധാന്യം കിട്ടി. ഇവയില്‍തന്നെ വൈഭാഷികവും സൗത്രാന്തികവും ഹീനയാനത്തില്‍ പെട്ടതാണ്. യോഗാചാരം, മാധ്യമികം എന്നിവ മഹായാനത്തില്‍ പെട്ടതായാണ് കണക്കാക്കുന്നത്. ഹീനയാനത്തിനായിരുന്നു ഇന്ത്യയില്‍ പ്രാമുഖ്യം. ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാങ്ങ് സാങ്ങ് 5-ാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്. അക്കാലത്ത് ഹീനയാനമായിരുന്നു ഇന്ത്യയില്‍ എന്ന് അദ്ദേഹം തന്റെ സഞ്ചാരക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അടിസ്ഥാന
പ്രമാണങ്ങള്‍
ബുദ്ധന്‍ ആയി മാറുന്നതിനു മുമ്പുതന്നെ സിദ്ധാര്‍ത്ഥന്‍ രാജ്യത്ത് പ്രചരിച്ചിരുന്ന, ഉപനിഷത്ത് മുതലായ മറ്റു ദര്‍ശനങ്ങളില്‍ വളരെ പരിജ്ഞാനം നേടിയിരുന്നു. ഇവയില്‍നിന്നും തുടര്‍ന്നുള്ള അന്വേഷണമാണ് തന്റെ ദര്‍ശനങ്ങളിലെത്താന്‍ ബുദ്ധനെ പ്രാപ്തനാക്കിയത്. അതിനാല്‍ത്തന്നെ ഉപനിഷത്ത് അദ്ദേഹത്തിന്റെ ചിന്തകളെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് പല പണ്ഡിതന്മാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡോ. എസ് രാധാകൃഷ്ണന്‍ പറയുന്നത് ബുദ്ധന്റെ അടിസ്ഥാന പ്രമാണമായ, ജീവിതം ദുഃഖമെന്ന കാഴ്ചപ്പാട്, ഉപനിഷത്തുകളില്‍ നിന്നും സ്വീകരിച്ചതാണെന്നാണ്. പല ബുദ്ധദര്‍ശനതത്വങ്ങളും ഉപനിഷത്ത് സൂക്തങ്ങളുടെ യുക്തിപൂര്‍വ്വമായ വികാസമാണെന്നും അദ്ദേഹം ഉറപ്പിക്കുന്നു.
തിപിടകത്തിന് മൂന്നു വിഭാഗങ്ങളുണ്ട്. അവയെ വിനയപിടകം, സുത്തപിടകം അഭിധര്‍മ്മപിടകം എന്നു പറയും. ബുദ്ധഭിക്ഷുക്കളുടെ ദൈനംദിന ജീവിതക്രമം, പ്രമാണങ്ങള്‍, അവര്‍ പാലിക്കേണ്ട മര്യാദകള്‍ എന്നിവയാണ് വിനയപിടകത്തിലുള്ളത്. വിനയപിടകത്തിന് മൂന്നു ഉപവിഭാഗങ്ങളുണ്ട്.
ഒന്നാമത്തെ ഭാഗത്തില്‍ ഭിക്ഷുക്കളുടെ ശിക്ഷണ നിയമങ്ങള്‍ വിവരിക്കുന്നു. രണ്ടാമത്തെ ഭാഗത്തില്‍ ബുദ്ധന്റെ ജിവിതത്തിലെ പ്രധാന സംഭവങ്ങള്‍, പ്രസംഗങ്ങള്‍, ഭിക്ഷു സംഘത്തില്‍ അനുഷ്ഠിക്കേണ്ട ക്രമങ്ങള്‍ എന്നിവയാണ്. മൂന്നാമത്തെ ഭാഗത്തില്‍ ഭിക്ഷുസംഘത്തിന്റെ പൊതു നിയമങ്ങളും നിര്‍ദ്ദേശങ്ങളുമാണ്. രണ്ടാമത്തെ പിടകമായ സുത്തപിടകത്തെ അഞ്ച് നികായങ്ങളായി തിരിച്ചിരിക്കുന്നു. ബുദ്ധന്റെ പ്രസംഗങ്ങളും പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇരുപത്തിയാറ് അദ്ധ്യായങ്ങളുള്ള ധര്‍മ്മപദം ഇതിലാണുള്ളത്. ഒന്നാമത്തെ നികായത്തില്‍ മുപ്പത്തിനാല് ദീര്‍ഘ പ്രഭാഷണങ്ങളും രണ്ടാമത്തേതില്‍ നൂറ്റി അമ്പത്തിയാറ് പ്രഭാഷണങ്ങളും മൂന്നാമത്തേതില്‍ അന്‍പത്തിയാറ് സൂത്രങ്ങളും നാലാമത്തേതില്‍ രണ്ടായിരത്തി മുന്നൂറ്റിയെട്ട് സൂത്രങ്ങളുടെ പതിനൊന്ന് ഗണങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു. ഇതിനെ അംഗുത്തരനികായം എന്നു വിളിക്കുന്നു. അഞ്ചാമത്തേതിന് ഖുദ്ദകനികായം എന്നു പറയുന്നു. ബുദ്ധന്റെ പൂര്‍വ്വജന്മങ്ങളെപ്പറ്റിയാണ് ഇതില്‍ പറയുന്നത്. മൂന്നാമത്തെ പിടകമായ അഭിധമ്മപിടകത്തില്‍ സുത്തപിടകത്തിലെ ബൗദ്ധചിന്തകളുടെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമാണ്.
ബുദ്ധദര്‍ശനത്തിന്റെ അടിസ്ഥാന പ്രമാണം നാല് ആര്യസത്യങ്ങളാണ്.. അവ, ദുഃഖമുണ്ട് – ദുഃഖം, അതിനു കാരണമുണ്ട് – ദുഃഖസമുദയം, അത് തടയാന്‍ കഴിയും – ദുഃഖനിരോധം, അത് തടയാനുള്ള മാര്‍ഗ്ഗമുണ്ട് – ദുഃഖനിരോധമാര്‍ഗ്ഗം എന്നിവയാണ്. പ്രപഞ്ചം ദുഃഖമയമാണെന്നും അതിന് കാരണമുണ്ടെന്നും അതിനെ നിരോധിക്കാന്‍ കഴിയുമെന്നും അതിനായി ഒരു മാര്‍ഗ്ഗമുണ്ടെന്നും ഉള്ള തിരിച്ചറിവാണ് ആര്യസത്യങ്ങളിലൂടെ ബുദ്ധന്‍ നല്കുന്നത്. ദുഃഖം തടയാനുള്ള മാര്‍ഗ്ഗമായാണ് അഷ്ടാംഗമാര്‍ഗ്ഗം ഉപദേശിച്ചത്.
രണ്ട്.ഒന്നാമത്തെ ആര്യസത്യം: സകലതും ദുഃഖമയമാണ് എന്നുള്ളതാണ്. ജനനം, മരണം, വാര്‍ദ്ധക്യം, രോഗം, പ്രിയജന വിയോഗം, അപ്രിയസംയോഗം, ആഗ്രഹലബ്ധി ഇല്ലായ്മ എന്നതും ദുഃഖമാണ്. ഇങ്ങനെ ലൗകികത്തോടുള്ള പഞ്ചസ്‌കന്ധങ്ങള്‍ ദുഃഖമാണ്.
രണ്ടാമത്തെ ആര്യസത്യം: ദുഃഖത്തിന് കാരണമുണ്ടെന്നതാണ്. തൃഷ്ണയാണ് കാരണം. അവ ജീവിതതൃഷ്ണ, സുഖതൃഷ്ണ, അധികാര തൃഷ്ണ എന്നിവയാണ്. തൃഷ്ണ നാശത്തിന് വഴിയൊരുക്കുന്നു. സുഖവും അനശ്വരതയുമാണ് മനുഷ്യന്‍ ആഗ്രഹിക്കുന്നത്. ആഗ്രഹം അഥവാ കാമം ഉള്ളിടത്തോളം ദുഃഖം പിന്തുടരും. അവിദ്യയാണ് തൃഷ്ണക്കു കാരണമെന്നും ബുദ്ധന്‍ പറയുന്നു.
മൂന്നാമത്തെ ആര്യസത്യം: ദുഃഖനിരോധനം എന്നതാണ്. തൃഷ്ണയില്‍നിന്നും മോചനം നേടി അനാസക്തനാകുക. ആശവെടിഞ്ഞാല്‍ ദുഃഖത്തെ നശിപ്പിക്കാം. വൈരാഗ്യത്തിലൂടെ തൃഷ്ണയെ പൂര്‍ണമായും നിരോധിക്കാം. ഒരു മധ്യമാര്‍ഗ്ഗത്തിലൂടെ തൃഷ്ണയില്‍നിന്നും മോചനം നേടാം.
നാലാമത്തെ ആര്യസത്യം: ദുഃഖനിരോധനത്തിന് മാര്‍ഗ്ഗമുണ്ടെന്നതാണ്. അഷ്ടാംഗമാര്‍ഗ്ഗമാണ് ദുഃഖനിവാരണമാര്‍ഗ്ഗത്തെ കാണിക്കുന്ന നാലാമത്തെ ആര്യസത്യം. പ്രതിപദ എന്നും ഇതിനെ പറയുന്നു.
അഷ്ടാംഗമാര്‍ഗം
ദുഃഖനിരോധനത്തിനായി സ്വീകരിക്കേണ്ടുന്ന മാര്‍ഗമായാണ് ബുദ്ധന്‍ അഷ്ടാംഗമാര്‍ഗം ഉപദേശിച്ചത്. ഇവ സമ്യഗ് ദൃഷ്ടി (ശരിയായ വിശ്വാസം), സമ്യക് സങ്കല്പം (ശരിയായ അഭിലാഷം), സമ്യക് വാക്യം (ശരിയായ സംഭാഷണം), സമ്യക് കര്‍മ്മം (ശരിയായ കര്‍മ്മം), സമ്യഗ് ആജീവം (ശരിയായ ഉപജീവനമാര്‍ഗ്ഗം), സമ്യഗ് വ്യായാമം (ശരിയായ പരിശ്രമം),രാജ് ഗീർ സ്മൃതി (ശരിയായ ശ്രദ്ധ), സമ്യക് സമാധി (ശരിയായ ധ്യാനം) എന്നിങ്ങനെയുള്ള എട്ട് ഉപാധികളാണ്. ഈ എട്ടു മാര്‍ഗ്ഗങ്ങള്‍ പടിപടിയായി അനുഷ്ഠിച്ചാല്‍ നിര്‍വ്വാണ പ്രാപ്തി നേടാം എന്നാണ് ബുദ്ധന്റെ ദര്‍ശനം.
സമ്യഗ് ദൃഷ്ടി : ആര്യസത്യത്തെക്കുറിച്ചുള്ള ജ്ഞാനമാണ് സമ്യഗ് ദൃഷ്ടി എന്നുതകൊണ്ട് അര്‍ത്ഥമാക്കുന്നത്. അഷ്ടാംഗമാര്‍ഗ്ഗത്തിലെ അനുഷ്ഠാനത്തിലെ ആദ്യ പടിയാണിത്. ശരിയായ അറിവും ശരിയായ കാഴ്ചപ്പാടും ദുഃഖത്തില്‍ നിന്നകറ്റും. ദുഃഖനിരോധനമാര്‍ഗ്ഗം തേടുന്ന ഒരുവന് സമ്യക്കായ ബോധം അഥവാ ജ്ഞാനം ഉണ്ടായിരിക്കണം. പ്രപഞ്ചത്തിന്റെ ക്ഷണികഭാവം മനസ്സിലാക്കിയാല്‍ ആര്‍ക്കും ആസക്തിയോ അഭിനിവേശമോ ഉണ്ടായിരിക്കുകയില്ല.
സമ്യക് സങ്കല്പം: ലൗകിക സങ്കല്പങ്ങളില്‍ മുഴുകുന്നത് ദുഃഖത്തിന് കാരണമാകുന്നു. രാഗദ്വേഷാദികളില്‍ നിന്നു മുക്തനായി എല്ലാവരോടും മൈത്രി പുലര്‍ത്തുകയും മറ്റുള്ളവരുടെ ക്ഷേമത്തില്‍ തല്പരരാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ലോകക്ഷേമം എന്ന സങ്കല്പം തന്നെയാണിത്. സമ്യഗ് ദൃഷ്ടി യുടെ ഫലമത്രേ സമ്യഗ്‌സങ്കല്പം.
സമ്യഗ് വാക്യം : അസത്യഭാഷണം, വൃഥാ പ്രലപനം, ശകാരം ഇവയ്ക്കായി ഉപയോഗിക്കുന്ന വാക്കുകള്‍ ദുഃഖത്തിനും വേദനയ്ക്കും കാരണമാകും. സത്യസന്ധവും ദയാമയവും മിതവും പ്രിയവുമായ വാക്കുകള്‍ ഉപയോഗിക്കുവാനാണ് സമ്യഗ് വാക്യം അനുശാസിക്കുന്നത്.
സമ്യക് കര്‍മ്മം : കക്കരുത്, കൊല്ലരുത്, കള്ളം പറയരുത്, ലഹരി ഉപയോഗിക്കരുത്, കാമത്തിനടിപ്പെടരുത് എന്നിങ്ങനെയുള്ള പഞ്ചശീലതത്വങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ബുദ്ധമതം പ്രവൃത്തിയുടെ മതമാണ്. ഉദ്ദേശശുദ്ധിയോടെ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുക എന്നതാണ് സമ്യക് കര്‍മ്മം ഉപദേശിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് മംഗളകരമായി തീരുന്ന കര്‍മ്മങ്ങളാകണം.
സമ്യഗ് ആജീവം: ശുദ്ധവും നിഷ്‌കപടവുമായ തൊഴില്‍ ചെയ്ത് സത്യസന്ധതയോടെയായിരിക്കണം ജീവിതം നയിക്കേണ്ടത്. ദുഃഖം വരുത്തി വയ്ക്കുന്ന തൊഴിലുകള്‍ ഉപജീവനത്തിനായി ചെയ്യരുത്. ആയുധ വില്പന, ലഹരി വസ്തുക്കളുടെ, മദ്യത്തിന്റെ വില്പന, മൃഗങ്ങളെ കൊല്ലല്‍ എന്നീ തൊഴിലുകള്‍ അരുത്. ഇതാണ് സമ്യഗ് ആജീവം എന്നുദ്ദേശിക്കുന്നത്. സ്വന്തം ദുഃഖനിവൃത്തി പോലെ അന്യന്റെ ദുഃഖനിവൃത്തിയും ലക്ഷ്യമാകണം.
സമ്യഗ് വ്യായാമം : ദുഷിച്ച ചിന്തകള്‍ മനസ്സില്‍ കടക്കാതിരിക്കണം. മനസ്സില്‍ നിന്നും പ്രതികൂലചിന്തകളെ ഒഴിവാക്കി ആത്മനിയന്ത്രണം വരുത്തി സദ് ചിന്തകൾ വളര്‍ത്തി ജീവിക്കുകയാണ് സമ്യഗ് വ്യായാമം. ആത്മനിയന്ത്രണം ധാര്‍മ്മികാധഃപതനത്തില്‍നിന്നും ഒരുവനെ രക്ഷിക്കുന്നു. ഇതൊരു മനോയജ്ഞമാണ്. ശരീരത്തിനല്ല മനസ്സിനാണ് വ്യായാമം നല്‍കേണ്ടത്.
സമ്യക് സ്മൃതി : ശരീരം അശുദ്ധപദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമാണ്. അതുകൊണ്ട് ഇന്ദ്രിയങ്ങളെയും ഇന്ദ്രിയവിഷയങ്ങളോടുള്ള ആസക്തിയെയും അവയുടെ ബന്ധനങ്ങളെയും കുറിച്ച് മനസ്സിലാക്കി അവയെ നിയന്ത്രിച്ചുനിര്‍ത്താനുള്ള ശ്രമമാണ് സമ്യക് സ്മൃതി. ഇന്ദ്രിയവിഷയസുഖങ്ങള്‍ ഉണ്ടാക്കുന്ന ബന്ധങ്ങളില്‍ നിന്നുള്ള മോചനത്തിന് സജ്ജമാകലാണ് സമ്യക്‌സ്മൃതി.
സമ്യക് സമാധി : തന്റെ ശരീരത്തിലോ, മൃതശരീരത്തിലോ മൈത്രി, കരുണം മുതലായ മനോവൃത്തികളിലോ ഭൂമി, ജലം, തേജസ് മുതലായ പദാര്‍ത്ഥങ്ങളിലോ ചിത്തത്തെ ഏകാഗ്രമാക്കി നാലുതരം ധ്യാനങ്ങള്‍ അനുഷ്ഠിക്കുന്നതിനെ സമ്യഗ് സമാധി എന്നു പറയുന്നു. ഏകാഗ്രമായ ധ്യാനം കൊണ്ട് മനസ്സിന് ലഭിക്കേണ്ട ഒരു സിദ്ധിയാണിത്. ഇവിടെ ആന്തരിക ശാന്തിയും സന്തോഷവും അനുഭവിക്കുന്നു. പരിപൂര്‍ണ്ണ നിസ്സംഗത ഇതിലൂടെ നേടിയെടുക്കാനാകുന്നു. ഇവയാണ് അഷ്ടാംഗമാര്‍ഗ്ഗം എന്നു പ്രശസ്തമായത്. ബുദ്ധന്റെ ആദ്യ പ്രഭാഷണത്തില്‍ അവതരിപ്പിച്ച ആര്യസത്യങ്ങളും അഷ്ടാംഗമാര്‍ഗ്ഗവും ബുദ്ധധര്‍മ്മത്തിന്റെ മൂലക്കല്ലായി കണക്കാക്കുന്നു.
ദുഃഖങ്ങള്‍ക്കു മാത്രമല്ല, ലോകത്തിലുള്ള സർവ ചരാചരങ്ങൾക്കും പ്രാപഞ്ചികങ്ങളായ എല്ലാ പ്രതിഭാസങ്ങള്‍ക്കും അവയുടേതായ കാരണങ്ങളുണ്ടായിരിക്കും എന്ന് ബുദ്ധന്‍ വിശ്വസിച്ചു. എല്ലാം കാര്യകാരണബന്ധങ്ങള്‍ക്ക് വിധേയമായിരിക്കും. കാരണമില്ലാതെ കാര്യമില്ല. ഒരു വസ്തു നശിക്കുമ്പോഴാണ് അതില്‍നിന്നും മറ്റൊരു വസ്തു ഉണ്ടാകുന്നത് – വര്‍ത്തമാന സംഭവങ്ങള്‍ പൂര്‍വ്വസംഭവങ്ങളുടെ വെറും തുടര്‍ച്ചയല്ല. ഇന്നു നിലനില്‍ക്കുന്നവയെല്ലാം ഇന്നലെ നിലനിന്നവയുടെ നാശത്തില്‍നിന്ന് ഉണ്ടായവയാണ്. പഴയതിന്റെ നാശത്തില്‍ നിന്നുമാണ് പുതിയത് ഉണ്ടാകുന്നത്. ഒന്ന് നശിക്കുമ്പോള്‍ അതില്‍ നിന്ന് മറ്റൊന്നുണ്ടാകുന്നു എന്ന ഈ സിദ്ധാന്തത്തിന് പ്രതീത്യസമുത്പാദം എന്നു പറയുന്നു. ഇത് ഒരുതരം നിയതിവാദമാണ് എന്നു പറയാം.പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ പരസ്പര ബന്ധങ്ങളുടെ ഒരാകെത്തുകയാണെന്നും ഭൗതകിവും മാനസികവും ആത്മീയവുമായ എല്ലാ പ്രക്രിയകളും കാര്യകാരണബന്ധങ്ങളില്‍ നിയന്ത്രിക്കപ്പെടുന്നു എന്നുമാണ് പ്രതീത്യസമുത്പാദം ഉദ്‌ബോധിപ്പിക്കുന്നത്.
(തുടരും)
9995431033