ആശാനും ആദിത്യബിംബങ്ങളും
ആശാന് കൃതികളിലുടനീളം സൂര്യസാന്നിധ്യം ദൃശ്യമാണ്. സൗരയൂഥവും താരാപഥവും ധൂമകേതുക്കളും നിറഞ്ഞ ബൃഹത്തായ പ്രപഞ്ചദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആശാന് കൃതികളുടെ പുനര്‍വായന സാധ്യമാണ്
ആശാന് കൃതികളില്‍ ആദിത്യബിംബം ഇത്ര ശ്രദ്ധേയമായതിന് കാരണമെന്തായിരിക്കും. കുമാരനാശാന്റെ കൃതികളിലെ തണ്ണീര്‍ സാന്നിദ്ധ്യവും സസ്യജന്തുജാലങ്ങളും പ്രകൃതിയുമെല്ലാം പഠനവിധേയമായിട്ടുണ്ട്. എന്നാല്‍ ആശാന് സൂര്യബിംബത്തെ എത്ര കരുതലോടെയാണ് കവിതയിലേക്ക് കൊണ്ടുവന്നത്. ‘നളിനി’ എന്ന വിഖ്യാതകൃതിയില്‍ അവതരിപ്പിക്കുന്ന നായകന് സൂര്യസങ്കല്പ്പത്തിന്റെ ഉദാത്ത മാതൃകയാണ്.
‘ഉല്ഫുല്ല ബാലരവിപോലെ കാന്തിമാന്‍’ പേര് ദിവാകരന്. ഈ കൃതിയിലെ ആദിത്യബിംബമായ പ്രഭാകരന് കവിതയിലുടനീളം ജ്വലിച്ചു തന്നെ നില്‍ക്കുകയാണ്. ആ പ്രഭയില്‍ വിടരാന്‍ കൊതിക്കുകയും എന്നാല്‍ ആ സാന്നിധ്യത്തില്‍ അടര്‍ന്നുപോവുകയും ചെയ്ത ‘നളിനി’ ആദ്യകാല കൃതിയായ ‘വീണപൂവിലെ’ നായികയായി പരിണമിക്കുകയും ചെയ്യുന്നു.
ആശാനിലേക്ക് സംക്രമിച്ച ഈ ആദിത്യകിരണം ഒരു പക്ഷേ ശ്രീനാരായണഗുരുവില്‍ നിന്നാകണം അല്ലെങ്കില്‍ പ്രാചീന ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായി ഉപനിഷത്തുകളില്‍ കാണാം.
‘ ഒരു കോടി ദിവാകരരൊത്തുയരും
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്‍ന്നു വരുന്നൊരു നിന്
വടിവെന്നുമിരുന്നു വിളങ്ങിടണം-‘
എന്നെഴുതിയ ഗുരുവില്‍ നിന്നല്ലാതെ മറ്റൊരിടത്തുനിന്നും ഈയൊരു സ്വാധീനം ഉണ്ടാകാനിടയില്ല. തന്റെ മക്കള്‍ക്കുപോലും സൂര്യപര്യായങ്ങളായ പേരുകളിട്ട ആശാനെക്കുറിച്ച് ഡി. വിനയചന്ദ്രന് എഴുതിയ കവിതയാണ് കായിക്കരയിലെ കടല്‍. ‘കടലുദയമാകുന്നു, ഉദയരവികിരണമേറ്റുണരും കുമാരന്റെ കരളിലൊരു കാര്‍ത്തികേയ സ്തോത്രമുണരുന്നു.’ ഇവിടെയും ഒരു ഉദയരവി സാന്നിധ്യമുണ്ട്. ഈ രവി ഇവിടെ നില്ക്കുന്നില്ല. ഒ.വി. വിജയന്റെ ഖസാക്ക് വരെയും അതിനപ്പുറവും കടന്നുചെല്ലുന്നുണ്ട്. അവിടെ രവി നായകന്. പത്മ അതായത് നളിനി നായിക. ഒടുവില്‍ ഗ്രഹണം സംഭവിക്കുന്ന സൂര്യന്. സൂര്യന് ഖസാക്കിലെത്തി സകലതിനെയും തന്റെ വെളിച്ചത്തില്‍ പ്രഭാസാരമാക്കി ആ പ്രഭയില്‍ ത്തന്നെ അവരെയൊക്കെ തമസ്ക്കരിക്കുകയും ഇരുട്ടിലേക്ക് കടക്കുകയും ചെയ്തു. ഒരുപക്ഷേ ആദിത്യബിംബത്തെ ഏറ്റവുമധികം പരിചരിച്ചിട്ടുള്ളത് ഇന്ത്യൻ ഇതിഹാസങ്ങളിലായിരിക്കണം. കിഴക്ക് എന്ന പൗരസ്ത്യ പര്യായം കൂടി ഈ സമയത്ത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
കുമാരനാശാനിലേക്ക് വരാം ‘ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ’ നിന്ന് വീണ പൂവില്‍ ആശാന് എഴുതുന്നുണ്ട്.
‘നാരിതന്‍ കവിള് നിറം കലര്‍ന്നു, ഹാ,
സൂര്യരശ്മി തടവും പളുങ്കുപോല്‍’ എന്ന് നളിനിയിലും കാണാം
കരുണ തുടങ്ങുന്നതിങ്ങനെ
‘അനുപമ കൃപാനിധിയഖിലബാന്ധവന്‍ ശാക്യ
ജിനദേവന് ധര്‍മ്മരശ്മി ചൊരിയും നാളില്‍
ഈ സൂര്യബിംബത്തിന്റെ ദയനീയ ചിത്രവും കുമാരനാശാന് വരയ്ക്കുന്നുണ്ട്.
നിയത ചരമയാനനപ്പൊഴോജ:
ക്ഷയ ദയനീയനഹസ്ക്കരന് തലോടീ
സ്വയമുപചിതരാഗമാം കരത്താല്‍
പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും
പിന്നീടുള്ള കവിതകളില്‍ അര്‍ക്കബിംബം ഇരുളിലേക്ക് വരികയാണ്. ‘രവി പോയ് മറഞ്ഞതും സ്വയം ഭുവനം സ്വയം ചന്ദ്രികയാല്‍ നിറഞ്ഞതും’. ഇവിടെ സൂര്യനില്ല, ഈയൊരു സന്ദര്‍ഭം ‘പ്രരോദന’ത്തിലും ദൃശ്യമാണ്.
‘മൂടും കാര്‍മുകിലാലകാലതിമിരം
വ്യാപിച്ചു മായുന്നിതാ
കാടും കായലുമിക്കടല്‍ത്തിരകളും’
ഇങ്ങനെ ഉദയാസ്തമയങ്ങള്‍ ആശാന് കവിതകളില്‍ ഉടനീളം കാണുന്നുണ്ട്. പ്രചണ്ഡ സൂര്യന്റെ അപാരദൃശ്യം ചണ്ഡാലഭിക്ഷുകിയിലുണ്ട്. ഒരുപക്ഷേ ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിലുള്ള ഉഷ്ണഭൂമികളിലൂടെ ആശാന് സഞ്ചരിച്ചിരുന്നിരിക്കണം. ചണ്ഡാലഭിക്ഷുകിയുടെ ആദ്യഭാഗത്തില്‍ ആ കനല് വര്‍ണ്ണനയുണ്ട്.
‘കത്തുന്നൊരാതപ ജ്വാലയാലര്ക്കനെ
സ്പര്‍ദ്ധിക്കും മട്ടില്‍ ജ്വലിച്ചു ഭൂമി
എന്നാണവിടെ. ഘോരാതപം, ചൂടാര്‍ന്നു എന്നീ വാക്കുകളില്‍ സൂര്യപ്രഭയെ അതിന്റെ തീക്ഷ്ണതയില്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ് കുമാരനാശാന്. രവി ജലധിയിലാശുമുങ്ങി, രവി പോയ് മറഞ്ഞതും എന്നൊക്കെ പ്രയോഗിക്കുമ്പോള്‍ പ്രചണ്ഡതാണ്ഡവം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.
ആശാന് കൃതികളിലുടനീളം ഈ സൂര്യസാന്നിധ്യം ദൃശ്യമാണ്. വേദ – ഇതിഹാസ-ഉപനിഷത് പാരമ്പര്യത്തിന്റെ ഭാഗമാണിത്. കിഴക്കിന്റെ ആധ്യാത്മിക, ജ്യോതിശാസ്ത്ര ചിന്തകളൊക്കെ സൂര്യനെയും മറ്റു ഗ്രഹങ്ങളെയും ആശ്രയിച്ച് നിലകൊള്ളുന്നതാണ്. സൗരയൂഥവും താരാപഥവും ധൂമകേതുക്കളും നിറഞ്ഞ ബൃഹത്തായ പ്രപഞ്ചദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആശാന് കൃതികളുടെ പുനര്‍വായന സാധ്യമാണ്. അനിശ്ചിതത്വത്തിന്റെയും പ്രണയഭംഗങ്ങളുടെയും ദുരന്താത്മകതയുടെയും വഴിയിലുള്ള വായനകള്‍ക്കപ്പുറത്ത് കുമാരനാശനെ ദാര്‍ശനികമായി സമീപിച്ച നിരവധി വായനകളുണ്ട്. എന്നാല്‍ ആശാന് കൃതികള്‍ ഒരു പ്രാപഞ്ചിക വായനയും വിശകലനവും ആവശ്യപ്പെടുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
9447589866