ചരിത്ര വീഥികളിലെ ജ്വലിക്കുന്ന അദ്ധ്യായം
വൈക്കം: രാജ്യത്തിന്റെ സാമൂഹ്യ പുരോഗതിയുടെ ചരിത്ര വീഥികളിലെ ജ്വലിക്കുന്ന അദ്ധ്യായമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളും സത്യഗ്രഹ ശതാബ്ദി വിളംബര പദയാത്രയും വെച്ചൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവർണ്ണന്റെ സഞ്ചാരസ്വാതന്ത്ര്യമായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ മുദ്രാവാക്യം. ആ മുദ്രാവാക്യമുയർത്തിക്കൊണ്ട് സമരത്തിന് ആശയം ആവിഷ്കരിച്ചത് ദേശാഭിമാനി ടി.കെ.മാധവനാണ്.
യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷനായിരുന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യ പ്രസംഗം നടത്തി. പ്രീതി നടേശൻ പദയാത്രാ ക്യാപ്ടന് ധർമ്മപതാക കൈമാറി. മുൻ എം.എൽ.എ കെ.അജിത്ത്, യോഗം കൗൺസിലർ പി.ടി. മന്മഥൻ, ഗിരീഷ് കോനാട്ട്, ബാബു ഇടയാടിക്കുഴി, കെ. എൻ.പ്രേമാനന്ദൻ, സന്തോഷ് ശാന്തി, സുരേഷ് പരമേശ്വരൻ, അഡ്വ.ജീരാജ്, ടി. അനിയപ്പൻ, എം.ഡി.ഓമനക്കുട്ടൻ, അഡ്വ.ലാലിറ്റ് എസ്. തകിടിയേൽ, രാജേഷ് മോഹൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.വി.പ്രസന്നൻ സ്വാഗതവും യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് നന്ദിയും പറഞ്ഞു