മൂലൂര്‍ കവിരാമായണവും കവിയും

ജാത്യഭിമാനത്തിന്റെ വല്മീകത്തില്‍ തപംചെയ്ത് ഉശിരാണ്ട് ഉയിര്‍കൊണ്ട ഒരു മനീഷിയുടെ
‘മാ നിഷാദ’യാണ് ‘കവിരാമായണം’.

ആയിരത്തിയെണ്ണൂറ്റി എൺപത്തിരണ്ടിലാണ് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ‘മണിപ്രവാളശാകുന്തളം’ തട്ടിക്കൂട്ടിയത്. മലയാളത്തില്‍ ആദ്യമായുണ്ടായ വിവര്‍ത്തനം ഇതാണെന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെമേല്‍ കേരളകാളിദാസപ്പട്ടവും വന്നുവീണു.
1882 ന് മുന്‍പുതന്നേ വെളുത്തേരി കേശവന്‍ വൈദ്യന്‍ ശാകുന്തളം മലയാളത്തിലേക്ക് മൊഴിമാറ്റിയിരുന്നു. വെളുത്തേരി, തന്റെ പരിഭാഷ കേരളവര്‍മ്മയെ കാണിച്ചു. അദ്ദേഹത്തിന് അത് നന്നേ ബോധിച്ചു. ഇങ്ങനെയൊരു സമ്പ്രദായം ഭാഷയില്‍ ആദ്യമാണ്. ഒരു നൂതനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാകാനുള്ള യോഗം വെളുത്തേരിയില്‍നിന്ന് അടര്‍ത്തിമാറ്റി സ്വന്തമാക്കാന്‍ കേരളവര്‍മ്മയ്ക്ക് മോഹംതോന്നി. തനിയ്ക്ക് ഇങ്ങനെയൊരു മോഹമുണ്ടെന്ന കാര്യം മറച്ചുവെക്കാതെ വെളുത്തേരിയുടെ ശാകുന്തളം പ്രസിദ്ധീകരിയ്ക്കരുതെന്ന് വ്യക്തമായ നിര്‍ദ്ദേശംനല്കി, ‘തമ്പുരാന്‍’. വെളുത്തേരിയുടെ ശാകുന്തളം പ്രസിദ്ധീകൃതമായില്ല.

പി. ഗോവിന്ദപ്പിള്ളയുടെ ‘ഭാഷാചരിത്ര’ത്തിന്റ ഒന്നാം പതിപ്പില്‍ വെളുത്തേരി ശാകുന്തളത്തെപ്പറ്റി പ്രസ്താവിച്ചിരുന്നു. അതില്‍ കേരളവര്‍മ്മ ശാകുന്തളത്തിന്റെ പരാമര്‍ശമേ ഉണ്ടായിരുന്നില്ല. എന്നാല്‍ ഭാഷാചരിത്രത്തിന്റെ തുടര്‍ന്നുള്ള പതിപ്പുകളില്‍ വെളുത്തേരിയുടെ പേരുപോലും ഇല്ലായിരുന്നുവെന്നുമാത്രമല്ല ഭാഷാചരിത്രം ആദ്യപ്പതിപ്പിന്റെ ഒറ്റപ്രതിപോലും പിന്നീട് പുറലോകം കണ്ടിട്ടുമില്ല. പി. ഗോവിന്ദപ്പിള്ള, തന്റെ ഭാഷാചരിത്രത്തില്‍ വെളുത്തേരിയെ സ്വദേശകവികളുടെ കൂട്ടത്തില്‍ അഞ്ചാമനായി ഉള്‍പ്പെടുത്തി സ്വാഭിപ്രായം താഴെക്കാണുംവിധം രേഖപ്പെടുത്തിട്ടുള്ളതായി വി. കുഞ്ഞുകൃഷ്ണമേനോന്‍ ‘വിസ്‌മൃതരായ രണ്ടു വിദ്വത്കവികള്‍’ എന്ന പുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് : ‘ഇയാള്‍ക്ക് സംസ്‌കൃതത്തില്‍ നല്ല വ്യുല്പത്തിയും കവിതാചാതുര്യവുമുണ്ട്; യോഗ്യനാണ്; ‘ബാലിസുഗ്രീവസംഭവം’ എന്നൊരു വഞ്ചിപ്പാട്ട് ഉണ്ടാക്കിയിട്ടുണ്ട്; കവിത വളരെ നന്നാണ്; ശാകുന്തളംനാടകവും അഷ്ടാംഗഹൃദയവും ഹിതോപദേശവും ഭാഷാശ്ലോകങ്ങളായി ചമച്ചിരിയ്ക്കുന്നു – അച്ചടിച്ചിട്ടില്ല’.

മൂലൂർ : മാറ്റങ്ങൾക്ക് തിരിതെളിച്ച നായകൻ

മൂലൂര്‍ എസ് പദ്മനാഭപ്പണിക്കര്‍ 1868 ല്‍ (1044 കുംഭം 27 )ശിവരാത്രിനാളില്‍ തിരുവോണം നക്ഷത്രത്തില്‍) മൂലൂര്‍ ശങ്കരന്‍ വൈദ്യരുടെയും കാവില്‍ വെളുത്ത കുഞ്ഞമ്മയുടെയും മൂന്നു സന്താനങ്ങളില്‍ ഇളയവനായി ചെങ്ങന്നൂരിനു സമീപം ഇടനാട്ടില്‍ ജനിച്ചു.
1881 ല്‍ ശ്രീനാരായണഗുരുദേവതൃപ്പാദങ്ങള്‍ മൂലൂര്‍ഭവനം സന്ദര്‍ശിച്ചു. അന്ന് പദ്മനാഭന് വയസ്സ് പന്ത്രണ്ട്. ബാലന്റെ ബുദ്ധിസാമര്‍ത്ഥ്യത്തിലും കവിതാവാസനയിലും ഗുരു സന്തുഷ്ടനായി.
1890 ല്‍ (1065 തുലാം 29) പദ്മനാഭപ്പണിക്കര്‍ ഇലവുംതിട്ട അയത്തില്‍ത്തണ്ടാര്‍ കുടുംബത്തിലെ കുരുംബാംബയെ വിവാഹം കഴിച്ചു. പിന്നീട് അച്ഛന്റെ അനുവാദത്തൊടെ ഇലവുംതിട്ടയില്‍ സ്ഥിരതാമസമാക്കി.
1905 ല്‍ കൊല്ലത്തുചേര്‍ന്ന എസ് എന്‍ ഡി പി യോഗത്തിന്റെ രണ്ടാം വാര്‍ഷികസമ്മേളനത്തില്‍വെച്ച് തൃപ്പാദങ്ങളില്‍നിന്ന് കവിതാരചനയ്ക്കുള്ള സമ്മാനം വാങ്ങി.
1906 ല്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിയ്ക്കപ്പെട്ട ജനതയ്ക്കുവേണ്ടി മെഴുവേലിയില്‍ ആനന്ദഭൂതേശ്വരം ക്ഷേത്രം സ്ഥാപിച്ചു.
1907 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍ പതിനഞ്ചിലധികം വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.
1911 ല്‍ മയ്യനാട്ടുനിന്നാരംഭിച്ച കേരളകൗമുദി പത്രത്തിന്റെ സ്ഥാപകപത്രാധിപരായി.
1914 ല്‍ ശ്രീമൂലംപ്രജാസഭയില്‍ അംഗമായി. 14 വര്‍ഷം സഭയില്‍ തുടര്‍ന്നു.
1915 ല്‍ തൃപ്പാദങ്ങള്‍ മൂലൂരിന്റെ ഇലവുംതിട്ടയിലെ ഭവനം – കേരളവര്‍മ്മസൗധം- സന്ദര്‍ശിച്ചു. അതേ വര്‍ഷംതന്നെ പണിക്കരുടെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി എസ് എന്‍ ഡി പി യോഗത്തിന്റെ കീര്‍ത്തിമുദ്ര ലഭിച്ചു.
1919 ല്‍ ചങ്ങനാശ്ശേരി വാഴപ്പള്ളി പിച്ചനാട്ടുകുറുപ്പന്മാരുടെ ഈഴവീകരണം തൃപ്പാദങ്ങളെക്കൊണ്ട് നിര്‍വഹിപ്പിയ്ക്കുവാന്‍ കാരണക്കാരനായി.
1927 ല്‍ ‘പ്രബുദ്ധകേരളന്‍’എന്ന മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു.
1928 ല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികസമ്മേളനത്തില്‍ യോഗംവൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
1928 ല്‍ മെഴുവേലി പദ്മനാഭോദയം സ്‌ക്കൂള്‍ സ്ഥാപിച്ചു.
1930 ല്‍ എസ് എന്‍ ഡി പി യോഗനേതാക്കള്‍ മുന്‍കൈയെടുത്ത് ഷഷ്ടിപൂര്‍ത്തി ആഘോഷം.
1931 (1106 മീനം 1) വസൂരിരോഗം ബാധിച്ച് ഇലവുംതിട്ടയില്‍ ആ ജീവിതം പൊലിഞ്ഞു.

ബാലിസുഗ്രീവസംഭവം, അര്‍ത്ഥാലങ്കാരം, പ്രസന്നരാഘവം നാടകം, വിശാഖവിലാസം കാവ്യം, ശാകുന്തളം പരിഭാഷ എന്നിവയുടെ പ്രണേതാവായ വെളുത്തേരിയുടെ കവനകലാകൗശലത്തെ പുരസ്‌ക്കരിച്ച് വിശാഖംതിരുനാള്‍ മഹാരാജാവ് ഒരു വീരശൃംഖല സമ്മാനിച്ചു എന്ന സംഗതിയും മറക്കാവതല്ല.
പെരുന്നെല്ലി കൃഷ്ണന്‍വൈദ്യന്‍ പ്രസന്നവും പ്രസാദാത്മകവുമായ കാവ്യശൈലിയുടെ പ്രോദ്ഘാടകന്‍ എന്ന നിലയില്‍ സഹൃദയാംഗീകാരം നേടിയിരുന്നു. കചചരിതം, കുകുത്സുവിജയം ആട്ടക്കഥ, മഴമംഗലം ഭാണം പരിഭാഷ, സുഭദ്രാഹരണം നാടകം മുതലായ കൃതികള്‍ അദ്ദേഹത്തിന് കവനകലയിലുള്ള കൈകാര്യശേഷിയ്ക്ക് ഉത്തമനിദര്‍ശനങ്ങളാണ്. ‘ആ പദഘടനാചാതുരി, ആ പ്രാസപ്രതിപത്തി, ആ സ്‌തോഭജനകമായ വര്‍ണ്ണനാവൈഭവം, ആ അശ്ലീലാഭിരുചി ഇത്യാദി ലക്ഷണങ്ങള്‍ പ്രായേണ രണ്ടുപേരിലും ഒരുപോലെ കാണാവുന്നതാണ്. ഫലിതം വെണ്മണിയോളം വൈദ്യനില്ല. ചില അസ്വരസങ്ങളായ തെക്കന്‍പദങ്ങള്‍ അങ്ങിങ്ങ് കടന്നുകൂടിയിട്ടുമുണ്ട്, എന്നാല്‍ ഉല്ലേഖപാടവം വെണ്മണിയെക്കാള്‍ കൂടും’, എന്ന് ഉള്ളൂര്‍ വെണ്മണിയെ പെരുന്നെല്ലിയുമായി തുലനംചെയ്ത് ‘കേരളസാഹിത്യചരിത്ര’ത്തില്‍ പ്രസ്താവിച്ചുകാണുന്നു.

ദ്രുതകവനത്തില്‍ പേരെടുത്ത യുവകവി, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 1887-ല്‍ ‘കവിഭാരതം’ രചിച്ചു. ഇത് അദ്ദേഹത്തിന്റെ കവിതാരൂപത്തിലുള്ള ആദ്യനിബന്ധമാണ്. കേരളീയകവികളെ ഭാരതകഥയിലെ പാത്രങ്ങളായി കല്പിച്ചുകൊണ്ടാണ് കവിഭാരതത്തിന്റെ നിര്‍മ്മിതി. വലിയകോയിത്തമ്പുരാന്‍ ഭീമസേനനും കൊച്ചുണ്ണിത്തമ്പുരാന്‍ അര്‍ജ്ജുനനും വെണ്മണിമഹന്‍ നമ്പൂതിരി ദ്രോണാചാര്യരുമായി ഇവിടെ രംഗപ്രവേശം ചെയ്യുന്നു. കൗരവപക്ഷത്തെ കൃതവര്‍മ്മാവിന്റെ സ്ഥാനം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്വയം സ്വീകരിച്ചു. കേഴ്വികേട്ടവരും കവിഭാരതത്തില്‍ സ്ഥാനംപിടിയ്‌ക്കേണ്ടിയിരുന്നവരുമായ കെ.സി. കേശവപിള്ള, പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യന്‍, വെളുത്തേരി കേശവന്‍ വൈദ്യന്‍ എന്നിവരെ ‘തമ്പുരാന്‍’ വിട്ടുകളഞ്ഞു. അങ്ങനെയുള്ളവരെ ഉപേക്ഷിച്ചത് കവിതാവ്യവസായം മേല്‍ജാതിക്കാരുടെ പൈതൃകമാണെന്ന അഹന്തമൂലമാണെന്ന് ആക്ഷേപമുണ്ടായി. തമ്പുരാന്‍ ‘കവിഭാരതം’ പരിഷ്‌ക്കരിയ്ക്കുവാന്‍ തീരുമാനിച്ചു. പദ്യരൂപത്തില്‍ ഇക്കാര്യം മനോരമയില്‍ പരസ്യംചെയ്തു. അന്ന് കവിതക്കളരിയില്‍ കച്ചകെട്ടിയിറങ്ങിയ മൂലൂര്‍ എസ് പദ്മനാഭപ്പണിക്കര്‍ ‘തമ്പുരാ’ന് താഴെക്കാണും പ്രകാരം അപേക്ഷ സമര്‍പ്പിച്ചു.

‘കൊട്ടാരവൈദ്യനഥ കേശവനാമധേയന്‍,
കൃഷ്ടീന്ദ്രവംശമകുടീമണി നാണുയോഗി,
പിട്ടല്ല കൃഷ്ണകവി,യിങ്ങനെ ഈഴവന്മാ-
രൊട്ടേറെയുണ്ടരുളുവാനവനീന്ദ്രമൗലേ!’

തമ്പുരാന്റെ മറുപടി നിഷേധാത്മകമായിരുന്നു. പെരുന്നെല്ലിയും വെളുത്തേരിയും ഗ്രന്ഥരചന നടത്തിയിട്ടില്ലെന്നും അതുകൊണ്ട് അവരെ കവിഭാരതത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ധ്വനിപ്പിച്ച്, നാളതുവരെ ഒരു ഗ്രന്ഥത്തിന്റെയും കര്‍ത്തൃസ്ഥാനം തന്റെ മേല്‍ ഇല്ലാതിരുന്നിട്ടും കൃതവര്‍മ്മാവിന്റെ സ്ഥാനം സ്വയം വഹിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പ്രത്യുത്തരം നല്കിയത് മൂലൂരിനെ ചൊടിപ്പിച്ചു. അങ്ങനെ ജാത്യഭിമാനത്തിന്റെ വല്മീകത്തില്‍ തപംചെയ്ത് ഉശിരാണ്ട് ഉയിര്‍ക്കൊണ്ട ഒരു മനീഷിയുടെ ‘മാ നിഷാദ’യാണ് കവിരാമായണം.
പിന്നീട് ഒരു നീണ്ട സാഹിത്യസമരമായിരുന്നു – കവിരാമായണയുദ്ധം. കവിരാമായണത്തില്‍ കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ചതില്‍ അനൗചിത്യമുണ്ടെന്ന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. അതിനു മറുപടി നല്കി മൂലൂര്‍. ഒടുവില്‍ പണ്ഡിതലോകം ചേരിതിരിഞ്ഞു. പന്തിയല്ലെന്നുകണ്ട് തമ്പുരാന്‍ പടംമടക്കി; മൂലൂരും തണുത്തു.

സമുദായങ്ങളുടെ വളര്‍ച്ചയില്‍ വീര്‍പ്പുമുട്ടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഉയര്‍ന്നവര്‍ താഴ്ന്നവരെ ചവിട്ടിത്താഴ്ത്തുകയും അര്‍ഹിയ്ക്കുന്ന സ്ഥാനങ്ങളിലെത്താന്‍ തടസ്സം നില്ക്കുകയും ചെയ്യുമ്പോള്‍ അമര്‍ഷമുണ്ടാകുക സ്വാഭാവികമാണ്. അഭിമാനസ്പര്‍ശിയായ സംഘര്‍ഷമായിരിക്കും അതുമൂലമുണ്ടാകുക. അത് സമുദായകലഹങ്ങളില്‍വരെ ചെന്നെത്തിയെന്നിരിയ്ക്കാം; പത്രപംക്തികളിലൂടെ വാക്‌സമരമായും പരിണമിയ്ക്കാം. ഇവിടെ രണ്ടാമത്തേതാണ് സംഭവിച്ചത്. കവിരാമായണവാദം കേരളീയസമുദായത്തിലെ ഒരു സാംസ്‌ക്കാരികവിപ്ലവത്തിന്റെ പീഠികയാണ്. യാഥാസ്ഥിതികത ദൃഢരൂഢമായിരുന്ന ഒരു കാലത്ത് അവഹേളിച്ചാല്‍ പകരംചോദിക്കാന്‍ ആളുണ്ടെന്ന ബോധം സവര്‍ണ്ണരില്‍ കുത്തിവെക്കുന്നതിന് മൂലൂര്‍ എസ് പദ്മനാഭപ്പണിക്കര്‍ക്കു കഴിഞ്ഞു. അവിടെയാണ് മൂലൂരിന്റെയും കവിരാമായണത്തിന്റെയും ജയം! അല്ല, മൂലൂര്‍ കവിരാമായണവും കവിയും!
സരസകവി എന്ന ഒറ്റ വിശേഷണത്തില്‍ മൂലൂര്‍ എസ് പദ്മനാഭപ്പണിക്കരെ വിവരിയ്ക്കാനാവില്ല. ധിക്കരിയ്‌ക്കേണ്ടതിനെ ധിക്കരിച്ച്, ചോദ്യംചെയ്യേണ്ടതിനെ ചോദ്യംചെയ്ത് ശബ്ദമില്ലാത്തവരുടെ നാവായി, മാറ്റങ്ങളുടെ തിരിതെളിച്ച നായകന്മാര്‍ക്കൊപ്പമാണ്, മൂലൂര്‍.

കേരളവര്‍മ്മയുടെ കാലത്തെ പേരെടുത്ത കവികളുടെ മുന്‍നിരയിലാണ് മൂലൂരിന്റെ സ്ഥാനം. ജാതീയമായ വേര്‍തിരിവുകള്‍ കൊടികുത്തിവാണിരുന്ന കാലത്താണ് മൂലൂര്‍ സാഹിത്യരംഗത്തെത്തുന്നത്. ആ മേഖല സവര്‍ണ്ണര്‍ എന്ന് സ്വയം വിശേഷിപ്പിയ്ക്കപ്പെട്ട ഒരു കൂട്ടര്‍ കൈയടക്കിവച്ചിരുന്ന കാലമായിരുന്നൂ, അത്. തന്റെ പേരിനൊപ്പം പണിക്കര്‍ എന്നു ചേര്‍ത്ത് പത്രത്തില്‍ എഴുതിയതില്‍വരെ ഇപ്പറഞ്ഞ സവര്‍ണ്ണന്മന്യന്മാര്‍ പ്രതിഷേധിച്ചു. അതിനുള്ള മറുപടി തന്റെ കവിതകളിലൂടെയാണ് അദ്ദേഹം നല്കിപ്പോന്നത്.
‘അവര്‍കള്‍വഴക്ക്’ എന്ന പേരിലും മൂലൂരുമായി ബന്ധപ്പെട്ട് ഒരു വാക്‌സമരം ഉണ്ടായിരുന്നു. മൂത്തേടത്ത് കുഞ്ഞിക്കുട്ടന്‍ പോറ്റി ‘സുജനാനന്ദിനി’ എന്ന പത്രത്തിലൂടെ മടവൂര്‍ നാരായണപിള്ളയ്ക്കും മൂലൂരിനും സന്ദേശപത്രങ്ങളയച്ചതില്‍ നാരായണപിള്ളയുടെ പേരിനൊപ്പം അവര്‍കള്‍ എന്നു ചേര്‍ത്തപ്പോള്‍ മൂലൂരിന്റെ പേര് പദ്മനാഭശൗണ്ഡികന്‍ എന്നാണ് വെച്ചത് (ശൗണ്ഡികന്‍ = കള്ളുകച്ചവടക്കാരന്‍). ഇതില്‍ പ്രതിഷേധിച്ച് മൂലൂര്‍ തന്റെ ഉറ്റ സുഹൃത്തായ കടുകത്തില്‍ കേശവപിള്ളയുടെ പേരുവെച്ച് രണ്ടു പദ്യമെഴുതി പോറ്റിയ്ക്കയച്ചു.

മൂലൂര്‍ നടത്തിയ സാഹിത്യസമരങ്ങളില്‍ പ്രധാനം, പക്ഷേ, കവിരാമായണയുദ്ധമാണ്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ചിറയിന്‍കീഴ് ഗോവിന്ദപ്പിള്ള, ഉള്ളൂര്‍ തുടങ്ങി പലരും മൂലൂരിനെതിരേ തിരിഞ്ഞു. ‘അവരോടെല്ലാം അഭിമന്യുവിനെപ്പോലെ ഏകനായിനിന്നു പൊരുതി, മൂലൂര്‍. അഭിമന്യു പോരില്‍ മരിച്ചെങ്കിലും മൂലൂര്‍ വിജയം കൊയ്തു. പിന്നീടാണ് ഉള്ളൂര്‍ മൂലൂരിന്റെ ഉറ്റ ചങ്ങാതിയാവുന്നത്’.
സാഹിത്യത്തിലെ സവര്‍ണ്ണം എന്നു വിളിപ്പേരുള്ള ആ മേധാവിത്വം അവസാനിപ്പിയ്ക്കുവാന്‍ മൂലൂര്‍ നല്കിയ സംഭാവനകളെ അഭിമാനപൂര്‍വ്വം അനുസ്മരിച്ചുകൊണ്ടും ആ മഹാനുഭാവന്റെ ഉദ്ദീപ്തമായ സ്മരണയ്ക്കുമുന്നില്‍ ദീര്‍ഘനമസ്‌ക്കാരം അര്‍പ്പിച്ചുകൊണ്ടും ഉപസംഹരിയ്ക്കുന്നു.
ഫോണ്‍: 8281201432, 9745601432
[email protected]

Author

Scroll to top
Close
Browse Categories