മാനുഷികതയുടെ പ്രകാശം പരത്തിയകവി: മുഖ്യമന്ത്രി
മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികവും കേരള കൗമുദിയുടെ 111-ാം വാര്‍ഷികവും മുഖ്യമന്ത്രിപിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മനുഷ്യരെ തമ്മിലകറ്റുന്ന ജാതിക്കന്മതിലുകള്‍ തകര്‍ത്ത് മാനുഷികതയുടെ പ്രകാശം പടര്‍ത്തുകയാണ് മഹാകവി കുമാരനാശാന്‍ കവിതകളിലൂടെ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പത്രാധിപര്‍ കെ. സുകുമാരന്റെ കാലം തൊട്ടു കേരള കൗമുദി ചെയ്യുന്നതും അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
.മഹാകവി കുമാരനാശാന്റെ 150-ാം ജന്മ-വാര്‍ഷികവും കേരള കൗമുദിയുടെ 111-ാം വാര്‍ഷികവും എ.കെ.ജി. ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീനാരായണഗുരുവും കുമാരനാശാനും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെല്ലാം ചേര്‍ന്ന് കുഴിച്ചുമൂടിയ ജീര്‍ണതകളെ ചിലര്‍ ആഘോഷപൂര്‍വം എഴുന്നള്ളിച്ച് കൊണ്ടുവരുന്നതാണ് നാം കാണുന്നത്.
അവര്‍ സമൂഹത്തെ നന്‍മയിലേക്കാണോ നയിക്കുന്നത് എന്ന് ചിന്തിക്കണം. കുമാരനാശാന്റെയും മറ്റും കവിതകള്‍ മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. അതു തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള പ്രചോദനമാണ് ആശാന്‍ കവിതകള്‍ പകര്‍ന്നു തരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാകവി കുമാരനാശാനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെയും കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്റെ ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്പന ചെയ്ത കവറിന്റെയും പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിച്ചു.
കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപുരവി ആമുഖപ്രസംഗം നത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.
മന്ത്രിമാരായ കെ.എന്‍.ബാലഗോപാലന്‍, വി. ശിവന്‍കുട്ടി, വീണാജോര്‍ജ്ജ്, ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുഖ്യസ്പോണ്‍സര്‍ക്കുള്ള ഉപഹാരം ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് എം.ഡി.യും എസ്.എന്‍.ഡി.പി യോഗം ചിറയിന്‍കീഴ് യൂണിയന്‍ പ്രസിഡന്റുമായ സി. വിഷ്ണുഭക്തന് വെള്ളാപ്പള്ളി നടേശന്‍ സമ്മാനിച്ചു.
മന്ത്രിമാര്‍ക്കും വിശിഷ്ടവ്യക്തികള്‍ക്കുമുള്ള ഉപഹാരങ്ങള്‍ ചീഫ് എഡിറ്റര്‍ ദീപുരവി നല്‍കി.
കേരള കൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമന്‍ സ്വാഗതവും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ എ.സി. റെജി നന്ദിയും പറഞ്ഞു.