ജീവന്റെ വില
തിരുവനന്തപുരം കാരക്കോണം അണിമംഗലത്ത് സുരേഷ് കുമാറിന്റെ (62) വിലപ്പെട്ട ജീവനാണ് വൃക്ക മാറ്റി വച്ചിട്ടും പൊലിഞ്ഞത്. കാരക്കോണം എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറിയും ധനുവച്ചപുരം ഐ.ടി.ഐയിലെ റിട്ട. അദ്ധ്യാപകനുമായ സുരേഷ് കുമാറിന്റെ രണ്ട് വൃക്കകളും തകരാറിലായി ഏറെക്കാലമായി ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തുകയായിരുന്നു.സുരേഷ് കുമാർ എന്നയാൾ രാഷ്ട്രീയ നേതാവോ മന്ത്രിയോ വി.വി.ഐ.പിയോ ഒന്നുമല്ല. അതിനാൽ കൂടുതൽ ഒച്ചപ്പാടുകളൊന്നും ഉണ്ടാകാനും ഇടയില്ല. പാവങ്ങൾക്ക് എവിടെയാണ് നീതി ലഭിക്കുകയെന്ന് ഈ സംഭവം ഒരിയ്ക്കൽക്കൂടി നമ്മെ ഓർമ്മിപ്പിക്കുകയാണ്.
ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്നാണ് നാം അവകാശപ്പെടുന്നത്. കുറഞ്ഞ ജനന-മരണനിരക്ക്, കുടുംബാസൂത്രണ രീതികളെ അംഗീകരിയ്ക്കുകയും ഉയർന്ന ആയുസ്സിന്റെ വർദ്ധനയിലും കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. ഈ നേട്ടങ്ങൾക്കിടയിലും, അടിയ്ക്കടിയുണ്ടാകുന്ന പകർച്ചവ്യാധികളും മാരക രോഗങ്ങളും പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്താറുണ്ട്. എങ്കിലും എല്ലാ ആരോഗ്യ നിലവാരത്തിലും ഗുണമേന്മയുമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്. എന്നാൽ ആ മാതൃകയ്ക്ക് തീരാകളങ്കം ഏൽപ്പിക്കാൻ ഇടയ്ക്കിടെ ചില സംഭവങ്ങൾ ആരുടെയൊക്കെയോ പിടിപ്പ്കേട് മൂലം ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ജൂൺ 20 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായത്. അവിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച ദൗർഭാഗ്യകരമായ സംഭവം ആരോഗ്യ വകുപ്പിനും മെഡിക്കൽ കോളേജിനും തീരാകളങ്കമായി. മസ്തിഷ്ക്ക മരണം സംഭവിച്ച ആളിന്റെ വൃക്കയുമായി എറണാകുളത്തു നിന്ന് രണ്ടര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്തിച്ചെങ്കിലും അത് രോഗിയിൽ വച്ചു പിടിപ്പിക്കുന്നതിൽ നേരിട്ട കാലതാമസം രോഗിയുടെ മരണത്തിൽ കലാശിച്ചത് മന:സാക്ഷിയുള്ള ഏവരെയും ദു:ഖിപ്പിക്കുന്നതായി.
തിരുവനന്തപുരം കാരക്കോണം അണിമംഗലത്ത് സുരേഷ് കുമാറിന്റെ (62) വിലപ്പെട്ട ജീവനാണ് വൃക്ക മാറ്റി വച്ചിട്ടും പൊലിഞ്ഞത്. കാരക്കോണം എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറിയും ധനുവച്ചപുരം ഐ.ടി.ഐയിലെ റിട്ട. അദ്ധ്യാപകനുമായ സുരേഷ് കുമാറിന്റെ രണ്ട് വൃക്കകളും തകരാറിലായി ഏറെക്കാലമായി ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തുകയായിരുന്നു. ‘മൃതസഞ്ജീവനി” യിൽ പേര് രജിസ്റ്റർ ചെയ്ത് വൃക്കയ്ക്കായി 5 വർഷമായി കാത്തിരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ പോറ്റി, നെഫ്രോളജി വിഭാഗം മേധാവി ഡോ.ജേക്കബ് ജോർജ് എന്നിവരെ സസ്പെൻഡ് ചെയ്യുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിടുകയും ചെയ്തു. ഒരു കുടുംബത്തിന്റെ നാഥന് ജീവൻ നഷ്ടമാകാൻ കാരണമായത് ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും അനാസ്ഥയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ സംഭവത്തിന്റെ പിന്നാമ്പുറ കഥകൾ.
സങ്കീർണമായ ശസ്ത്രക്രിയ
അവയവം മാറ്റിവയ്ക്കൽ ഏറെ സങ്കീർണ്ണമായ ശസ്ത്രക്രിയയാണെങ്കിലും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെല്ലാം അതിനാവശ്യമായ വിപുലമായ സംവിധാനങ്ങളും വിദഗ്ധരായ ഡോക്ടർമാരുമുണ്ട്. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ ഈ സംവിധാനങ്ങളൊക്കെ വെറും നോക്കുകുത്തിയാകുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കെ ജൂൺ 18 ന് രാത്രി മസ്തിഷ്ക്ക മരണം സംഭവിച്ച തൃശൂർ വരന്തരപ്പിള്ളി ചുള്ളിപ്പറമ്പിൽ ജിജിത്തിന്റെ (39) വൃക്കയാണ് തിരുവനന്തപുരത്തെത്തിച്ചത്. വൃക്ക ഏറ്റുവാങ്ങാൻ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ രണ്ട് പി.ജി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മെഡിക്കൽ സംഘം ആംബുലൻസുമായി പോയത്. സുരേഷ് കുമാറിനെ ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. പൊലീസ് ഒരുക്കിയ ‘ഗ്രീൻചാനൽ” പാതയിലൂടെ ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ന് കൊച്ചിയിൽ നിന്ന് വൃക്കയുമായി കുതിച്ച ആംബുലൻസ് 221 കിലോമീറ്റർ ദൂരം 2 മണിക്കൂർ 53 മിനിറ്റ് മാത്രം എടുത്ത് വൈകിട്ട് 5.30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ ഏകോപനത്തിലെ പാളിച്ചകളും ഡോക്ടർമാരുടെ അനാസ്ഥയും മൂലം രാത്രി 9.30 മണിയോടെയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചത്. മസ്തിഷ്ക്ക മരണം സംഭവിച്ചയാളിൽ നിന്നെടുക്കുന്ന വൃക്ക മറ്റൊരാളിൽ 24 മണിക്കൂറിനകം വച്ചുപിടിപ്പിച്ചാൽ മതിയാകുമെന്നാണ് വിദഗ് ദർ പറയുന്നതെങ്കിലും കഴിയുന്നതും നേരത്തെ ശസ്ത്രക്രിയ നടത്തുന്നതാണ് ഉചിതം. നീളുന്ന ഓരോ നിമിഷവും ഏറെ വിലപ്പെട്ടതെന്ന് ഈ സംഭവം അടിവരയിടുന്നു. വൈകിട്ട് 5.30 ന് വൃക്ക എത്തിയെങ്കിലും അവയവം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ട വിദഗ് ദ ഡോക്ടർ എത്തി രാത്രി 9 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ പുലർച്ചെ 1 മണിയോടെ പൂർത്തിയായി. എന്നാൽ എല്ലാ ശ്രമങ്ങളെയും വിഫലമാക്കി തിങ്കളാഴ്ച രാവിലെ 11.40 ന് തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ സുരേഷ് കുമാർ മരിച്ചു.
എറണാകുളത്തുനിന്ന് വൃക്കയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സൂപ്പർസ്പെഷ്യാലിറ്റി വിഭാഗത്തിന്റെ പോർട്ടിക്കോയിൽ ആംബുലൻസ് വന്നു നിന്നതുമുതൽ തുടങ്ങിയതാണ് അത്യന്തം നാടകീയ സംഭവങ്ങൾ. അവിടെ വൃക്ക ഏറ്റുവാങ്ങാൻ ഉത്തവാദപ്പെട്ടവർ ആരും ഉണ്ടായിരുന്നില്ല. വൃക്കയെ അനുഗമിച്ച പി.ജി ഡോക്ടർമാർ ആംബുലൻസിനു പിന്നിലെത്തിയ വാഹനത്തിലായിരുന്നു. അവർ എത്തിയപ്പോഴേക്കും വൃക്ക അടങ്ങിയ പെട്ടി രണ്ടുപേർഎടുത്തുകൊണ്ട് ആശുപത്രിയുടെ ഉള്ളിലേക്ക് പാഞ്ഞു. ഇവർ ഓപ്പറേഷൻ തിയേറ്റർ ലക്ഷ്യമാക്കിയാണ് ഓടിയതെങ്കിലും തിയേറ്റർ കണ്ടെത്താൻ അവർക്കായില്ല. പിന്നീട് പിന്നാലെ വന്നവരാണ് പെട്ടിയുമായി തിയേറ്ററിലെത്തിയത്. അവിടെ സുരേഷ് കുമാറിനെ പ്രവേശിപ്പിച്ച് ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കിലും ശസ്ത്രക്രിയ ചെയ്യേണ്ട വിദഗ് ദഡോക്ടർമാർ എത്തിയില്ല. അവരെ വിവരം അറിയിച്ചിരുന്നുവെന്നാണ് പറയുന്നതെങ്കിലും ആരും എത്തിയില്ല. ഒടുവിൽ സംഭവം വിവാദമായതോടെ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എ. നിസാറുദ്ദീൻ ഇടപെട്ടാണ് ഡോക്ടർമാരെ ബന്ധപ്പെട്ടത്. എന്നിട്ടും ശസ്ത്രക്രിയ നടത്തേണ്ട യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ പോറ്റി എത്തി ശസ്ത്രക്രിയ ആരംഭിക്കാൻ പിന്നെയും വൈകി. രാത്രി 9 മണിയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. നെഫ്രോളജി വിഭാഗം മേധാവി കേരളത്തിൽ തന്നെ ഉണ്ടായിരുന്നില്ല.
വൃക്കയുമായി ഓടിയവർ ആര് ?
ആലുവയിൽ നിന്ന് കൊണ്ടുവന്ന വൃക്ക അനധികൃതമായി ഏറ്റുവാങ്ങി തിയേറ്ററിലേക്ക് ഓടിയവരെക്കുറിച്ച് അന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത് ‘ആരോ” വൃക്കയുമായി ഓടിയെന്നാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഇങ്ങനെ രണ്ടുപേർ വൃക്ക എടുത്തുകൊണ്ട് ഓടിയതെന്നോർക്കണം. ഇവർ രണ്ട് സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇവർ വൃക്കയുമായി ഓടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ അവരുടെ ആൾക്കാർ തന്നെ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വൃക്കയുമായി ആംബുലൻസ് കുതിച്ചപ്പോൾ മുതൽ വിവരങ്ങൾ അപ്പപ്പോൾ അറിഞ്ഞ ഇവർ അവിടെ കാത്തുനിന്നു. ആശുപത്രി അധികൃതർ പോലും കാട്ടാത്ത ശുഷ്കാന്തി ഇവർ കാട്ടിയത് സംബന്ധിച്ചും സംശയങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരത്തേക്ക് ആംബുലൻസ് റിക്കാർഡ് വേഗതയിൽ കുതിക്കുന്നതും വൃക്ക എടുത്ത് ഓടുന്നതും സിനിമ മാതൃകയിൽ പകർത്തി അത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് തങ്ങൾ ഒരു വീരകൃത്യം കാട്ടിയെന്ന് വരുത്തിതീർക്കാനുള്ള ശ്രമമായിരുന്നു ഇവർ നടത്തിയതെന്നാണ് പിന്നീട് വ്യക്തമായത്. ഏതായാലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രോട്ടോകോൾ
പാലിച്ചില്ല
വൃക്ക മാറ്റി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളോ നടപടി ക്രമങ്ങളോ പാലിക്കുന്നതിൽ പൂർണമായും വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ. വൃക്കയുമായി എറണാകുളത്തു നിന്ന് തിരിച്ചപ്പോൾ തന്നെ തിരുവനന്തപുരത്ത് അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. വൃക്ക എത്തുമ്പോൾ സ്വീകരിക്കാൻ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടായിരുന്നെങ്കിൽ ‘ആരോ” എടുത്തുകൊണ്ട് ഓടുന്ന സ്ഥിതിയുണ്ടാകില്ലായിരുന്നു. തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ നടന്ന ഈ സംഭവം മാത്രം മതി ആരോഗ്യസംവിധാനങ്ങളുടെ വീഴ്ചയും പിടിപ്പ്കേടും തിരിച്ചറിയാൻ. ഉദ്ദേശിച്ചതിലും നേരത്തെ വൃക്ക എത്തിയതിനാൽ അതിനനുസൃതമായി രോഗിയുടെ ഡയാലിസിസ് നടത്തുന്നതിലും കാലതാമസം ഉണ്ടായി. വൃക്കയുമായി വന്ന ആംബുലൻസ് പാതിവഴിയിൽ എത്തിയപ്പോഴെങ്കിലും ഡയാലിസിസ് തുടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ അവിടെയും സമയം ലാഭിക്കാമായിരുന്നു. അതുപോലെ വൃക്ക എത്തിയാലുടൻ ശസ്ത്രക്രിയ ആരംഭിക്കാൻ വിദഗ് ദ സംഘം തയ്യാറായി നിൽക്കണമായിരുന്നെങ്കിലും മണിക്കൂറുകൾ വൈകിയാണ് ഡോക്ടർമാർ എത്തിയത്. ഇങ്ങനെ എല്ലാ കാര്യങ്ങളിലും അസാധാരണമായ വീഴ്ചയാണുണ്ടായത്. രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചകളുണ്ടായതായി ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പ്രാഥമിക റിപ്പോർട്ട് നൽകി.
രോഗിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ എത്തിക്കുന്നതു മുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന പ്രോട്ടോകോൾ പാലിച്ചില്ല. രോഗിയെ തുടക്കം മുതലേ പരിചരിച്ചത് പി.ജി വിദ്യാർത്ഥികളാണ്. നെഫ്രോളജി വിഭാഗം മേധാവി ഡോ. ജോക്കബ് ജോർജ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നുവെങ്കിലും പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന സീനിയർ ഡോക്ടർമാർ എത്താൻ വൈകി. ഇതേതുടർന്നാണ് രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ പ്രതിഷേധിച്ചെങ്കിലും ഡോക്ടർമാർക്കല്ലാതെ ആർക്കാണ് ഉത്തരവാദിത്വമെന്ന മന്ത്രിയുടെ ചോദ്യത്തിനു മുന്നിൽ അവർക്ക് ഉത്തരമില്ലാതായി.
ആരോഗ്യവകുപ്പിനെതിരെ
ചീഫ് സെക്രട്ടറിയുടെ വിമർശനം
ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പെന്ന ചീഫ് സെക്രട്ടറി ഡോ.വി.പി ജോയിയുടെ വിമർശനം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത് വിവാദമായിട്ട് അധിക ദിവസമായിട്ടില്ല. ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തിൽ അതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറി സംസ്ഥാനതല യോഗത്തിൽ ഉന്നയിച്ച വിമർശനങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അയച്ച രഹസ്യ സ്വഭാവത്തിലുള്ള കത്ത് പുറത്തു വന്നത് ആരോഗ്യ വകുപ്പിന് തലവേദനയായിരുന്നു. ആരോഗ്യ വകുപ്പിന്റെ ഭരണപരമായ വീഴ്ചകളാണ് കത്തിൽ അക്കമിട്ട് നിരത്തുന്നത്. വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോറിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളിലെ വലിയ വീഴ്ചയാണ് ഇതിൽ ചൂണ്ടിക്കാട്ടുന്നത്.
പുനക്രമീകരിച്ച കോവിഡ് മരണക്കണക്കുകളിൽ ഇരട്ടിക്കൽ വന്നതിനെയും ആരോഗ്യ വകുപ്പ് സെക്രട്ടറി നേരത്തെ വിമർശിച്ചിരുന്നു. അഞ്ച് ജില്ലകളിലെ ഡി.എം.ഒ മാർക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിരുന്നു. റിപ്പോർട്ട് ചെയ്യാത്ത കൊവിഡ് മരണം കൂട്ടത്തോടെ റിപ്പോർട്ട് ചെയ്തപ്പോൾ ഡാറ്റ എൻട്രിയിലുണ്ടായ പിശകാണ് മരണക്കണക്ക് തെറ്റാൻ കാരണമെന്നായിരുന്നു വിശദീകരണം. ചില മരണങ്ങൾ പട്ടികയിൽ രണ്ടുതവണ ചേർക്കപ്പെട്ടു.
അതേസമയം ഡി.എം.ഒ മാർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുകയും ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഏതായാലും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെയെ ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ് ഇക്കാര്യത്തിലുള്ള സർക്കാരിന്റെ അതൃപ്തിയെ തുടർന്നാണെന്നാണ് കരുതുന്നത്.
ആരോഗ്യ വകുപ്പിൽ സമയബന്ധിതമായി നിയമനവും സ്ഥാനക്കയറ്റങ്ങളും നടക്കാത്തതിനാൽ വകുപ്പ് മേധാവികളുടേതടക്കം 170 ഓളം തസ്തികകളാണ് ഒരു വർഷത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്നത്. ഡോക്‌ടര്‍മാരുടെ സംഘടനകൾ ഇക്കാര്യം പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല. അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ 2 അഡിഷണൽ ഡയറക്ടർമാരുടെയും 6 ഡെപ്യൂട്ടി ഡയറക്ടർമാരുടെയും 7 അസി. ഡയറക്ടർമാരുടെയും അടക്കം 16 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ജനറൽ കേഡറിൽ 5 സിവിൽ സർജന്മാരുടെയും 45 അസി.സർജന്മാരുടെയുമടക്കം 58 തസ്തികകളും. സ്പെഷ്യാലിറ്റി കേഡറിലാണെങ്കിൽ ജനറൽ മെഡിസിനിൽ 21 ഉം ജനറൽ സർജറിയിൽ 22 ഉം ഗൈനക്കോളജിയിൽ 6 ഉം അനസ്തേഷ്യ വിഭാഗത്തിൽ എട്ടും ഉൾപ്പെടെ 92 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
ലേഖകന്റെ ഫോൺ 9446564749