‘ഇന്ന് നമുക്ക് നല്ല തൃപ്തി തോന്നുന്നു,ആരും ദുഃഖിക്കരുത്’
പരിക്ഷീണനായ ഗുരു വൈക്കത്ത് നിന്നും ആലുവ അദ്വൈതാശ്രമത്തിലേക്ക് പോയി.അവിടെ വിശ്രമിക്കുമ്പോഴും അനേകം ഭക്തര്‍ പരമശാന്തിതേടിയും ലോകപീഡകളില്‍ നിന്ന് മോചനം തേടിയും എത്തി. എല്ലാവരെയും സ്വീകരിച്ച് ശാന്തിയും സമാധാനവും നല്‍കി വിട്ടിരുന്നു.
വൈക്കം ഉല്ലലയില്‍ നടത്തിയ ഓങ്കാരേശ്വര പ്രതിഷ്ഠയായിരുന്നു ഗുരുവിന്റെ അവസാനത്തെ ക്ഷേത്ര പ്രതിഷ്ഠ. പ്രതിഷ്ഠ കഴിഞ്ഞ് ഗുരു ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വന്നത് അത്യന്തം പരിക്ഷീണനായാണ്. അവിടെ വച്ച് തന്നെ എസ്.കെ. വൈദ്യരെ ക്ഷണിച്ച് വരുത്തി മരുന്ന് ആവശ്യപ്പെട്ടു. ഗുരു കൈനീട്ടിക്കൊടുത്തപ്പോള്‍ വൈദ്യര്‍ നാഡി പരിശോധിച്ച് ശേഷം നല്‍കിയ മരുന്ന് വാങ്ങി കുടിച്ചുകൊണ്ട് തുടങ്ങിയ ശാരീരിക ചികിത്സ മഹാസമാധി കാലം വരെ നീണ്ടുനിന്നു.
പരിക്ഷീണനായ ഗുരു വൈക്കത്ത് നിന്നും ആലുവ അദ്വൈതാശ്രമത്തിലേക്ക് പോയി. അവിടെ വിശ്രമിക്കുമ്പോഴും അനേകം ഭക്തര്‍ പരമശാന്തിതേടിയും ലോകപീഡകളില്‍ നിന്ന് മോചനം തേടിയും എത്തി. എല്ലാവരെയും സ്വീകരിച്ച് ശാന്തിയും സമാധാനവും നല്‍കി വിട്ടിരുന്നു. ഗുരുവിന്റെ വാക്കും നോക്കും സര്‍വദാ അനുഗ്രഹദായകമായിരുന്നു. 1103 മകരം മൂന്നിന് കോട്ടയത്ത് കൂടാന്‍ തീരുമാനിച്ചിരുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ വിശേഷാല്‍ പൊതുയോഗത്തിന് ഗുരു സംബന്ധിക്കണമെന്ന് സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ. മാധവന്‍ ഭക്ത്യാദരപൂര്‍വം അപേക്ഷിച്ചിരുന്നു. യോഗം പ്രവര്‍ത്തനത്തില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കിയ ടി.കെ. മാധവന്റെ അപേക്ഷയെ അംഗീകരിച്ചുകൊണ്ട് ഗുരു യോഗത്തില്‍ പങ്കെടുത്തു. ടി.കെ. മാധവന്‍ ആദ്യമായി രൂപവത്കരിച്ച 108 ശാഖായോഗങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഗുരു തൃക്കരങ്ങള്‍കൊണ്ട് നല്‍കി ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ അവസാന പൊതുചടങ്ങായിരുന്നു അത്.
കോട്ടയത്ത് എസ്.എന്‍.ഡി.പി. യോഗത്തിന്റെ പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം ഗുരു, വിശ്രമാര്‍ത്ഥം വൈക്കം വെല്ലൂര്‍ മഠത്തിലേക്കു പോയി. വെല്ലൂര്‍ മഠത്തില്‍ വിശ്രമിച്ചിരുന്ന അവസരത്തില്‍ ശാരീരീക ബുദ്ധിമുട്ടുകള്‍ കലശലായി. മൂത്രതടസ്സമാണ് പ്രധാനമായും ഉണ്ടായത്. വൈക്കം ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോ. ദാസ് വന്ന് പരിശോധിച്ച് മൂത്രം എടുത്തപ്പോഴാണ് അല്പം ആശ്വാസമുണ്ടായത്. കൂടുതല്‍ വിശ്രമത്തിനും മറ്റുമായി ആലുവായിലേക്കു പോന്നു.
ആലുവായിലെ സംസ്‌കൃതം പാഠശാലയെ നോക്കി ഗുരുദേവന്‍ പറഞ്ഞു: – ‘ഇതെല്ലാം ഇനി നടക്കുമോ? നടക്കും നടക്കും’
അവിടെനിന്ന് തൃശൂര്‍ക്കും പാലക്കാട്ടേക്കും തുടര്‍ന്ന് മദ്രാസിലേക്കും ചികിത്സക്കായി പോയി. ആയൂര്‍വേദവും അലോപ്പതിയുമെല്ലാം മാറി മാറി പരീക്ഷിച്ചു. രോഗാവസ്ഥയിലും അവിടുത്തെ തേജസിനോ നര്‍മ്മഭാഷണത്തിനോ ഒരു കുറവും ഉണ്ടായില്ല. മദ്രാസില്‍ നിന്നും വീണ്ടും പാലക്കാട്ടും അവിടെ നിന്നും എറണാകുളത്തും കൊല്ലത്തും എത്തിയതിനുശേഷമാണ് ഗുരു വര്‍ക്കലയ്ക്ക് തിരിക്കുന്നത്.
രോഗശയ്യയില്‍ ഗുരുദേവനെ സന്ദര്‍ശിച്ച മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ ചോദിച്ചു:- ”അങ്ങ് അനേകം പേരുടെ രോഗം മാറ്റുന്നുവല്ലോ. അവിടുത്തെ രോഗവും അങ്ങേക്ക് മാറ്റിക്കൂടയോ? അവിടുന്ന് ഏറെക്കാലം ജീവിച്ചിരിക്കണം. അവിടുന്ന് ഒന്ന് സങ്കല്പിച്ചാല്‍ മതിയല്ലോ. ‘
ഗുരു പറഞ്ഞു :- ”ശരീരമല്ലയോ ? ഇത് പോകേണ്ട സമയമായി. ഇതുകൊണ്ട് ഇനി പ്രയോജനമില്ല. ‘ ഒടുവില്‍ ഗുരുവിനെ ചികിത്സിക്കാന്‍ എത്തി ചേര്‍ന്നത് ഡോക്ടര്‍ നോബിളും ഡോക്ടര്‍ സോമര്‍വെല്ലും ആയിരുന്നു. ഗുരുവിനെപ്പോലെ തേജസ്വിയായ ഒരാളെ താന്‍ നാളിതുവരെ കണ്ടിട്ടില്ലെന്ന് ഡോക്ടര്‍ നോബിളും ചികിത്സിക്കാന്‍ പറ്റിയ ഒരസുഖവും ഗുരുദേവനില്ലെന്ന് ഡോക്ടര്‍ സോമര്‍വെല്ലും അഭിപ്രായപ്പെട്ടു.
ഡോക്ടര്‍ സോമര്‍വെല്‍ പറഞ്ഞു” ഗുരു നാഡീഞരമ്പുകളെ സ്വന്തം നിയന്ത്രണത്തില്‍ നിര്‍ത്തിയിരിക്കുന്നതിനാല്‍ പരിശോധന അസാദ്ധ്യമാണ്. സ്വാമികള്‍ക്ക് രോഗമൊന്നുമില്ല. യോഗവിദ്യകൊണ്ട് എല്ലാം ഭേദമാക്കാന്‍ തൃപ്പാദങ്ങള്‍ക്കു കഴിയുമല്ലോ.” ഗുരു കിടന്ന മുറിയുടെ വാതില്‍ തൊട്ടുവന്ദിച്ചിട്ടേ വിദേശിയായ ആ ഡോക്ടര്‍ അകത്ത് കയറിയിരുന്നുള്ളൂ.
ഇടയ്ക്ക് ചാവര്‍കോട്ട് കെ.എ. മാര്‍ത്താണ്ഡന്‍ വൈദ്യര്‍ ചാവര്‍കോട്ടേക്ക് ഗുരുദേവനെ കൊണ്ടുപോയി. മഹാനായ അയ്യങ്കാളി അവിടെ വന്ന് ഗുരുദേവനെ കാണുന്നു. വന്ദിച്ചുനിന്ന അയ്യങ്കാളിയോടും ഗുരുദേവന്‍ അരുളി ചെയ്തു. :- ”നാം ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി ഈ ശരീരത്തിന്റെ ആവശ്യമില്ല. ”
വീണ്ടും ശിവഗിരിയിലേക്ക് ഗുരു വന്നു. ഇതിനിടെ ഗുരുദേവന്റ 73 – മത് ജന്മദിനം പ്രാര്‍ത്ഥനാനിര്‍ഭരമായി ശിവഗിരിയില്‍ കൊണ്ടാടി.
തുടര്‍ന്നുള്ള ദിനങ്ങളില്‍ അവിടുത്തെ മുഖകമലം അപാരമായ ശാന്തിയും ദിവ്യമായ ആനന്ദവും കൊണ്ട് നിറഞ്ഞു . അല്പം അകലെ നിന്ന് ഭക്തലക്ഷങ്ങള്‍ അവിടത്തെ ദര്‍ശിച്ചു. സംന്യാസ ഗൃഹസ്ഥശിഷ്യര്‍ ഊണും ഉറക്കവുമുപേക്ഷിച്ച് ഗുരുദേവനെ പരിചരിച്ചു കൊണ്ടിരുന്നു. തൃപ്പാദങ്ങള്‍ ആഹാരത്തിന്റെ അളവ് കുറച്ചു . പാലും പഴവും പോലും ഉപേക്ഷിച്ചു. ചൂടാക്കിയ ജീരകവെള്ളം മാത്രം ഇടയ്ക്ക് കുടിച്ചു കൊണ്ടിരുന്നു. കൊല്ലത്ത് നിന്ന് നല്ലൊരു കത്തിവാങ്ങി ക്ഷുരകനെക്കൊണ്ട് ഷേവ് ചെയ്യിച്ച് ആ കത്തി ക്ഷുരകന് തന്നെ സമ്മാനിച്ചു. ആ കത്തികൊണ്ട് ഇനി ആവശ്യമില്ല എന്ന് ഗുരുദേവന്‍ പറഞ്ഞു. ഒരിക്കല്‍ കൂടി നിന്നവരോട് ഗുരുദേവന്‍ പറഞ്ഞു:- ഇന്ന് നമുക്ക് നല്ല തൃപ്തി തോന്നുന്നു. മരണത്തില്‍ ആരും ദു:ഖിക്കരുത്.
കന്നി അഞ്ച് നല്ല ദിവസമാണ്. അന്ന് എല്ലാവര്‍ക്കും ആഹാരം കൊടുക്കണം. കന്നി അഞ്ച്, ഉച്ച കഴിഞ്ഞ് ഏതാണ്ട് മൂന്നേകാല്‍ മണിയായപ്പോള്‍ നമുക്ക് നല്ലശാന്തി തോന്നുന്നു എന്ന് അവിടുന്ന് അരുളി ചെയ്തു. വിദ്യാനന്ദ സ്വാമികള്‍ യോഗവാസിഷ്ഠം ജീവന്‍ മുക്തിപ്രകരണം വായിച്ച് അവസാനിപ്പിച്ചു. അച്യുതാനന്ദ സ്വാമികള്‍, ധര്‍മ്മതീര്‍ത്ഥ സ്വാമികള്‍, നരസിംഹ സ്വാമികള്‍ എന്നിവരും അവിടെ കൂടിയിരുന്നവരെല്ലാം ചേര്‍ന്ന് ദൈവദശകം ചൊല്ലി അവസാനിക്കുമ്പോള്‍ ഗുരു മഹാസമാധി പ്രാപിച്ചു.