അറിവില്‍ നിന്ന് പ്രപഞ്ചത്തിലേക്ക്

ശ്രീനാരായണഗുരുവിന്റെ ദര്‍ശനമാലയെ അടിസ്ഥാനമാക്കി നടരാജഗുരു രചിച്ച ‘Integrated Science of the Absolute’ എന്ന കൃതിയുടെ ലളിതപാഠം

ദാര്‍ശനികചിന്തയിലായാലും സാധാരണകാര്യങ്ങള്‍ മനസ്സിലാക്കുന്നതിലായാലും എല്ലാവര്‍ക്കും നേരിട്ടറിയാവുന്നതില്‍ നിന്ന് തുടങ്ങി ഇതുവരെ അറിഞ്ഞിട്ടില്ലാത്തതും അറിയേണ്ടതുമായ അറിവിലേക്ക് പോകുക സാധാരണമാണ്. ശാസ്ത്രജ്ഞന്‍മാര്‍, പ്രത്യക്ഷാനുഭവമായിരിക്കുന്ന പ്രപഞ്ചത്തില്‍ നിന്നുതുടങ്ങി അതിന്റെ രഹസ്യമായിരിക്കുന്ന അറിവിലേക്കെത്തുന്നു. ഋഷിമാര്‍ ധ്യാനത്തിലൂടെ അഥവാ തപസ്സിലൂടെ നേടിയെടുത്ത അറിവില്‍ നിന്ന് പ്രപഞ്ചത്തിലേക്ക് നോക്കുന്നു. അതുകൊണ്ടായിരിക്കണം ശ്രീനാരായണഗുരുവും അറിവിന്റെ സ്വഭാവം അവതരിപ്പിക്കുമ്പോള്‍, നമ്മളെല്ലാം ജനിക്കാനിടയായതും ജീവിക്കുന്നതുമായ ഈ പ്രപഞ്ചത്തിന്റെ ഉണ്മയെ അംഗീകരിച്ചുകൊണ്ട് തുടങ്ങുന്നത്. അതിനെ അടിസ്ഥാനമാക്കിവേണം പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏറ്റവും മൗലികമായ പ്രശ്നങ്ങള്‍ക്കും പ്രഹേളികകള്‍ക്കും സമഗ്രമായ രീതിയില്‍ പരിഹാരം കണ്ടെത്തേണ്ടതെന്നുപറയുന്നത്. പ്രപഞ്ചത്തെ, കാര്യം എന്ന നിലയില്‍ കണക്കാക്കുമ്പോള്‍, തീര്‍ച്ചയായും അതിനൊരു കാരണവുമുണ്ടായിരിക്കണം. ശാസ്ത്രീയമായ ഏത് പരിചിന്തനത്തിലും കാര്യത്തിന് ചേരുന്നതായിരിക്കണം കാരണവും. അതുകൊണ്ട് പ്രപഞ്ചസൃഷ്ടിയെപ്പറ്റി പ്രതിപാദിക്കുന്ന ദര്‍ശനമാലയിലെ ‘അധ്യാരോപദര്‍ശനം’ എന്ന അധ്യായത്തില്‍ ഗുരു, അതിലെ ശ്ലോകങ്ങളില്‍, പരമേശ്വരന്‍, പ്രഭു, വിഭു എന്നിങ്ങനെ പ്രപഞ്ചകാരണമായ ഈശ്വരനെ പരാമര്‍ശിക്കുന്നതുകാണാം. ആധുനികരീതിയില്‍ ചിന്തിക്കുന്നവര്‍ക്ക് ഈ പരാമര്‍ശങ്ങളൊക്കെ പഴഞ്ചന്‍ എന്ന് തോന്നിയേക്കാം. എന്നാല്‍ ദൈവം അഥവാ ഈശ്വരന്‍ എന്നവാക്ക് മനുഷ്യരുടെയിടയില്‍ പരക്കെനിലനില്‍ക്കുന്ന ഒന്നാണ്.

ഈ ഈശ്വരനെ ഒരു ഗണിതശാസ്ത്രതത്വമായിട്ട് വേണമെങ്കിലും കണക്കാക്കാം. മനുഷ്യരില്‍ സഹജമായ തരത്തിലുള്ള ഒരു ആശ്ചര്യപരത ആ ഗണിതശാസ്ത്രതത്വത്തിലുണ്ടായിരിക്കും എന്ന് മാത്രം. ശാസ്ത്രലോകത്തും കല്‍പിതകഥകള്‍ സ്വീകാര്യമാണല്ലോ! മനുഷ്യരൂപത്തില്‍ തന്നെ ഈശ്വരനെ ഭാവനചെയ്യേണ്ടതില്ല. എല്ലാ ദൃശ്യഭാവങ്ങളും ഒഴിവാക്കി ഉള്‍കണ്ണുകൊണ്ടും ഭഗവാനെ ദര്‍ശിക്കാവുന്നതാണ്. ഗണിതശാസ്ത്രത്തില്‍, ദൃശ്യരൂപത്തിന് പ്രധാന്യം നല്‍കുന്ന ക്ഷേത്രഗണിതവും കേവലം ചിന്ത്യം മാത്രമായ വസ്തുതകള്‍ കൈകാര്യം ചെയ്യുന്ന ബീജഗണിതവുമുണ്ട്. രണ്ടിലും ഉള്ളടങ്ങിയിരിക്കുന്ന തത്വം ഒന്നുതന്നെയായിരിക്കും. അപ്പോള്‍ ദൃശ്യരൂപത്തിലും അല്ലാതെയും ഈശ്വരനെ കാണുന്നതില്‍ തെറ്റില്ല. രണ്ടായലും ഈശ്വരനില്‍ ആനന്ദപരത നിറഞ്ഞിരിക്കുകയും ചിത്തും ജഡവും അഭേദമായിരിക്കുകയും ചെയ്യുന്നു.

അദ്ധ്യാരോപദര്‍ശനത്തിലെ ആദ്യവരിയിലെ (ആസീദഗ്രേള സദേവേദം) ‘അഗ്രേ’ എന്ന സംസ്‌കൃതവാക്കിന് തുടക്കത്തിലെന്നോ ആദിയിലെന്നോ അര്‍ത്ഥം പറയേണ്ടിവരും. കാലം വാസ്തവത്തില്‍ ആനാദ്യന്തമാണ്.

അദ്ധ്യാരോപദര്‍ശനത്തിലെ ആദ്യവരിയിലെ (ആസീദഗ്രേഽസദേവേദം) ‘അഗ്രേ’ എന്ന സംസ്‌കൃതവാക്കിന് തുടക്കത്തിലെന്നോ ആദിയിലെന്നോ അര്‍ത്ഥം പറയേണ്ടിവരും. കാലം വാസ്തവത്തില്‍ ആനാദ്യന്തമാണ്. ആധുനിക ശാസ്ത്രചിന്താലോകത്ത് നിലവിലിരിക്കുന്ന ഒരു സങ്കല്പമാണ് സമയം ഇപ്പോള്‍ മുന്നോട്ട് പോയികൊണ്ടിരിക്കയാണെന്നും, ഒരു കാലത്ത് അത് ഇനി പിന്നോട്ട് പോകും എന്നുള്ളത്. ആധുനികശാസ്ത്രലോകത്ത് ഇത്തരം കല്‍പനകള്‍ സാധ്യമാണെങ്കില്‍ പ്രപഞ്ചത്തിന്റെ ആദികാരണമോ അന്തിമകാരണമോ ആയിരിക്കുന്നത് ഈശ്വരനാണ് എന്ന സങ്കല്‍പ്പം സാദ്ധ്യതയില്ലാത്താതണെന്ന് പറയാനാവില്ല.

ഹെര്‍മന്‍ബോണ്ടി
തോമസ് ഗോള്‍ഡ്
ഫ്രഡ്ഹോയില്‍

ഈശ്വരനെന്നവാക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള എല്ലാ സംസ്‌കാരത്തിന്റെയും ഭാഗമായി നിലനില്‍ക്കുകയാണ്. അപ്പോള്‍ ആ വാക്കിനെ നാം അംഗീകരിക്കുകതന്നെവേണം. സാര്‍വത്രികമായി ഉപയോഗത്തിലിരിക്കുന്ന വാക്കുകളെ സംബന്ധിച്ച് അനുകൂലമോ പ്രതികൂലമോ ആയ മുന്‍വിധികള്‍ ഒന്നും നിഷ്പക്ഷമതിയായ ഒരു ശാസ്ത്രജ്ഞന് ഉണ്ടാകില്ല. പ്രത്യേകിച്ചും ഈശ്വരനെന്നവാക്ക് പരംപൊരുളിനെ സംബന്ധിക്കുന്ന ശാസ്ത്രത്തിന് ചേരുന്നതാകുമ്പോള്‍. ഒരു പക്ഷേ അതുകൊണ്ട് തന്നെയായിരിക്കണം എല്ലാകാലത്തും ജനങ്ങള്‍ മാനിച്ചുപോരുന്ന ഈ വാക്ക് (പരമേശ്വരന്‍) നാരായണഗുരു, ദര്‍ശനമാലയിലെ പത്ത് ശ്ലോകങ്ങളിലും ഈശ്വരസൂചകമോ ഈശ്വരതുല്ല്യമോ ആയ പലഭാവങ്ങളിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത്തരത്തില്‍ പ്രചാരത്തിലിരിക്കുന്ന ഭാഷാ പ്രയോഗങ്ങളെ അവഗണിക്കുന്നത് ശാസ്ത്രീയചിന്തക്കോ ശാസ്ത്രീയ മന:സ്ഥിതിക്കോ ചേര്‍ന്നതല്ല. കാരണം, ഏത് കാലത്തും ഏത് ദേശത്തുമുള്ള അത്തരം ഭാഷാപ്രയോഗങ്ങളെ മാനിച്ചുകൊണ്ട്, ഏവര്‍ക്കും ബോധ്യപ്പെടുന്ന തരത്തില്‍ പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നുള്ളതായിരിക്കണം യഥാര്‍ത്ഥം ശാസ്ത്രീയ ചിന്തയുടെ സ്വഭാവം.

പ്രപഞ്ചം പരിധിയില്ലാത്തതും അനന്തമായ പഴക്കമുള്ളതും മൊത്തത്തില്‍ എല്ലാ ദിശകളിലും എല്ലാസമയത്തും. ഭൂതകാലത്തും ഭാവിയിലും ഒരുപോലെയാണെന്നാണ് ഇത് പ്രസ്താവിക്കുന്നത്.

സ്റ്റെഡി സ്റ്റേറ്റ് തിയറി

അധ്യാരോപദര്‍ശനത്തിലെ ഒന്നാമത്തെ ശ്ലോകത്തില്‍, പ്രപഞ്ചത്തിന്റെ കാരണമായിരിക്കുന്നത് പരമേശ്വരനായും, അതേകാരണത്തെ അവസാനശ്ലോകത്തില്‍, ബ്രഹ്മാവായിട്ടും വിഷ്ണുവായിട്ടും ശിവനായിട്ടും മാത്രമല്ല, പരം എന്നും കൂടി പ്രയോഗിച്ചിരിക്കുന്നു. ഈ വാക്കുകള്‍കൊണ്ട് ഗുരു അര്‍ത്ഥമാക്കുന്നതെന്താണ് എന്നതാണ് പ്രധാനം. ഡി സിറ്റര്‍ അവതരിപ്പിച്ച സ്റ്റെഡി സ്റ്റേറ്റ് തിയറി പ്രകാരം, ആദിയില്‍ ഭൗതിക ദ്രവ്യമല്ല ഉള്ളത് കേവലമായ ഒരുഗതിമാത്രം. സ്റ്റഡിസ്റ്റേറ്റ് സിദ്ധാന്തം 1948 ല്‍ ഫ്രഡ്ഹോയില്‍, ഹെര്‍മന്‍ബോണ്ടി, തോമസ് ഗോള്‍ഡ് എന്നിവര്‍ മഹാവിസ്ഫോടനത്തിനുപകരമായി പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും വിശദീകരിക്കുവാന്‍ വേണ്ടി വികസിപ്പിച്ചെടുത്തതാണ.് ഈ സിദ്ധാന്തത്തിന്റെ കാതല്‍ പരിപൂര്‍ണമായ ഒരു കോസ്മോളജിക്കല്‍ തത്വമാണ്. പ്രപഞ്ചം പരിധിയില്ലാത്തതും അനന്തമായ പഴക്കമുള്ളതും മൊത്തത്തില്‍ എല്ലാ ദിശകളിലും എല്ലാസമയത്തും. ഭൂതകാലത്തും ഭാവിയിലും ഒരുപോലെയാണെന്നാണ് ഇത് പ്രസ്താവിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രപഞ്ചം കാലക്രമേണ പരിണമിക്കുകയോ മാറുകയോ ചെയ്യുന്നില്ല. മാറ്റം ചെറിയതോതിലാണ് സംഭവിക്കുന്നതെന്ന് സിദ്ധാന്തം അംഗീകരിക്കുന്നു. ഗ്രീക്ക് തത്വചിന്തയില്‍ പ്രതിപാദിക്കുന്ന നിശ്ചലസഞ്ചാലകന്‍ (the unmoved mover) എന്ന കല്പനയോട് ചേര്‍ന്ന് പോകുന്നതാണ് ഈ നിലപാട്. ഇത്തരം ചിന്തകളോട് ചേര്‍ന്നുപോകുന്ന സത്യമെന്നനിലയിലുള്ള ഒന്നിനെയാണ് ആദ്യശ്ലോകത്തില്‍ പരമേശ്വരന്‍ എന്ന് വിളിച്ചിരിക്കുന്നത്. ഒരു ഗണിതശാസ്ത്രസത്യം പോലെയുള്ള ഒന്നാണ് ഈ പരമേശ്വരന്‍ എന്നേപറയാനാകൂ.

(തുടരും)

Author

Scroll to top
Close
Browse Categories