ശ്രീനാരായണഗുരുവിന്റെ ക്ഷേത്ര സങ്കൽപം: മനുഷ്യവികസനത്തിന്റെ ഈറ്റില്ലം
ഓരോരുത്തരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ആ ദിവ്യത്വത്തെ തിരിച്ചറിഞ്ഞ് സ്വയം കൃതകൃത്യരാകുവാനും തദ്വാര കുടുംബത്തിലേക്കും ചുറ്റുപാടുള്ളവരിലേക്കും ലോകത്തിലേക്കും
ഈ മഹിത സന്ദേശം പകരുവാനും ഇടവരുത്തിയാല്‍ ഒരുപക്ഷേ മഹാന്മാരുടെ ജന്മദിനങ്ങള് കൂടുതല്‍ അര്‍ത്ഥവത്താകും. അപ്പോള്‍ മാത്രമാണ് സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനം
നിര്‍മ്മിക്കാന്‍ നമുക്കാകൂ. അപ്പോള്‍ മാത്രമേ ഗുരുവിന്റെ അവതാരകൃത്യം പൂര്‍ണമാകൂ
മനുഷ്യാവകാശങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനം ‘ആത്മാഭിമാന’ത്തിനാണെങ്കില്‍ ( right to dignity) ഈ ആത്മാഭിമാനത്തിന്റെ അനുഭവം തുടങ്ങുന്നത് കൃത്യമായും ‘ഞാനും’ ‘നീയും’ ആത്യന്തികമായി പരമാത്മാവിന്റെ പരിച്ഛേദങ്ങളാണെന്ന സത്യത്തിന്റെ അംഗീകാരം ലഭിക്കുമ്പോഴാണ്. അതായത് സൃഷ്ടി കര്‍ത്താവായ ശിവനിലുള്ള തുല്യമായ അവകാശവും അധികാരവും അനുഭവിക്കുമ്പോള്‍ മാത്രം. അതായിരുന്നു 1888-ലെ അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രസക്തിയും വിപ്ലവധ്വനിയും. തന്റെ ആത്മാവിന്റെ ഉപജ്ഞാതാവായ പൊന്നുതമ്പുരാനായ ശിവനെ കണ്‍കുളുര്‍ക്കെ കാണുവാനോ തങ്ങള്ക്കന്യമായിരുന്ന ഈശ്വരനെ എന്നെങ്കിലും സ്വന്തമാക്കാനോ കഴിയാതെ ആത്മാഭിമാനം വ്രണപ്പെട്ടു ജീവിച്ചിരുന്ന ജനലക്ഷങ്ങള്‍ക്കു വേണ്ടിയാണ് ശ്രീനാരായണഗുരു അരുവിപ്പുറത്തു ശിവപ്രതിഷ്ഠ നടത്തിയത്. അരുവിപ്പുറം പ്രതിഷ്ഠയോടെ ഈശ്വരന് എല്ലാവരുടെയുമാണെന്ന് ഗുരു പകര്‍ന്നു നല്കിയ തിരിച്ചറിവ് ആത്മാഭിമാനത്തിന്റെ ഉണര്‍വായിരുന്നു.
”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്” എന്നു ഒരു മാനുഷിക ശാസനം (Humanistic edict) പിന്നീട് ഗുരു നല്കി.
അരുവിപ്പുറം പ്രതിഷ്ഠയിലൂടെ സര്‍വവ്യാപിയും കരുണാമയനും ദയാസിന്ധുവുമായ മഹേശ്വരന് സ്വതന്ത്രനാക്കപ്പെട്ടു. അന്നുവരെ തന്ത്രസമുച്ചയ വിധിപ്രകാരം ബ്രാഹ്മണന് ആവാഹിച്ചെടുക്കുന്ന ദേവതാ ചൈതന്യം ഉള്‍ക്കൊണ്ട വിഗ്രഹം ഗര്ഭഗൃഹത്തിനുള്ളില്, ജാതിവിവേചനവും വിഭാഗീയതയും പുലര്‍ത്തിയിരുന്നപ്പോള്‍ ഗുരുവിന്റെ ശിവന് ആര്‍ക്കും പതിത്വം കല്പിച്ചില്ല. ആരോടും അയിത്തം പാലിച്ചില്ല. തന്ത്രസമുച്ചയം എന്ന മതാശയഗ്രന്ഥവും തന്ത്രിമാരുടെയും നമ്പൂതിരിമാരുടെയും അപ്രമാദിത്വവും അരുവിപ്പുറം പ്രതിഷ്ഠ നിരാകരിച്ചു.
അരുവിപ്പുറം പ്രതിഷ്ഠ, മറ്റു പ്രദേശങ്ങളില്‍ ഗുരുവിനെക്കൊണ്ട് പ്രതിഷ്ഠ നടത്തിക്കുവാനും, ബ്രാഹ്മണര്‍ നാളിതുവരെ നല്‍കാതിരുന്ന ‘മതസ്വാതന്ത്ര്യം’ അനുഭവിക്കാനും ജനങ്ങളെ പ്രേരിപ്പിച്ചു. ആത്മാഭിമാനം ഉണര്‍ത്തപ്പെട്ടവര്‍ മറ്റു അവകാശങ്ങള്‍ സമര്‍ത്ഥിച്ചെടുക്കുവാന്‍, ഉറപ്പിച്ചെടുക്കുവാന് വാദിച്ചും തര്‍ക്കിച്ചും ആചാരങ്ങള്‍ ലംഘിക്കുവാന്‍ ഒരുമ്പെട്ടു.
അധമചിന്തകളുടെയും പൈശാചിക പ്രവര്‍ത്തികളുടെയും കേന്ദ്രങ്ങളായിരുന്നു അവര്‍ണരുടെ ആരാധനകേന്ദ്രങ്ങള്‍. ദേവതയെ തെറിപ്പാട്ടു പാടി സ്തുതിച്ചും, നിവേദ്യമായി രക്തവും മാംസവും മദ്യവും മീനും നല്‍കിയിരുന്ന ആരാധനാരീതികള്‍ ഭക്തരില്‍ ഭയവും വിദ്വേഷവും പകയും അപകര്‍ഷതാ ബോധവും നിലനിര്ത്തുവാനേ ഉപകരിച്ചിരുന്നുള്ളു. അതിനു പകരമാണ് പുതിയ ക്ഷേത്ര സങ്കേതവും ക്ഷേത്ര സംസ്കാരവും ശ്രീനാരായണഗുരു നിര്‍ദ്ദേശിച്ചു നടപ്പാക്കിയത്.
ഭക്തരില്‍ ശരിയായ ഭക്തി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സഹകരണം എന്നീ അനുഭവമൂല്യങ്ങള്‍ ആര്ജ്ജിച്ചെടുക്കുവാനുള്ള സങ്കേതങ്ങളായിരുന്നു ഗുരുവിന്റെ ക്ഷേത്രങ്ങളും പ്രതിഷ്ഠകളും. ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങളും തൊഴില്‍ നൈപുണ്യവികസന കേന്ദ്രങ്ങളും വേണമെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചു. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകളും, അവിടെ എല്ലാ മതഗ്രന്ഥങ്ങളുമുണ്ടാകണമെന്നും, ക്ഷേത്രങ്ങളില്‍ വരുന്നവര്‍ എല്ലാ മതഗ്രന്ഥങ്ങളും വായിച്ചു മനസ്സിലാക്കണമെന്നും ഗുരു പറഞ്ഞു.
തന്ത്രസമുച്ചയവിധി പ്രകാരം നിര്‍മ്മിക്കപ്പെട്ടതും എന്നാല്‍ ജനങ്ങളെ തരംതിരിച്ചു നിര്‍ത്തി വിവേചനങ്ങള്‍ക്കു വിധേയമാക്കുന്നതുമായ ചുറ്റമ്പലവും നാലമ്പലവും നമസ്കാര മണ്ഡപവും ഗര്‍ഭഗൃഹവും ബലിക്കല്ലുകളും ഉള്‍പ്പെട്ട പരമ്പരാഗത ബ്രാഹ്മണ ക്ഷേത്രസങ്കേതങ്ങളെ നിരാകരിക്കുന്നതായിരുന്നു ഗുരുവിന്റെ ക്ഷേത്രസങ്കല്പം. ആര്‍ഭാടത്തിന്റെയും ദുരാചാരങ്ങളുടെയും, ദുര്‍വ്യയത്തിന്റെയും ആലയങ്ങളായല്ല, മനുഷ്യവികസനത്തിന്റെ കേന്ദ്രങ്ങളായിട്ടാണ് ഗുരു ക്ഷേത്രങ്ങളെ വിഭാവനം ചെയ്തിരുന്നത്. ”ക്ഷേത്രങ്ങള്‍ പഴയ സമ്പ്രദായത്തില്‍ വളരെ പണം ചെലവു ചെയ്തുണ്ടാക്കേണ്ട ആവശ്യമില്ല. ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവാക്കരുത്. ക്ഷേത്രങ്ങളില്‍ ജനങ്ങള്‍ക്കു സുഖമായി വന്നിരിക്കുവാനും പ്രസംഗിക്കുവാനും മറ്റും ഏര്‍പ്പാടുകള്‍ ഉള്ള വിശാലമായ മുറികളാണ് വേണ്ടത്. എല്ലാ ക്ഷേത്രങ്ങളോടും അനുബന്ധിച്ചു വിദ്യാശാലകളും തോട്ടങ്ങളും ഉണ്ടായിരിക്കണം. കുട്ടികളെ പലതരം വ്യവസായങ്ങള്‍ ശീലിപ്പിക്കുവാനുള്ള ഏര്‍പ്പാടുകളും ക്ഷേത്രങ്ങളോടനുബന്ധിച്ച് ഉണ്ടാകേണ്ടതാണ്. ജനങ്ങളില്‍ നിന്നും വഴിപാടായി കിട്ടുന്ന ധനം സാധുക്കളായ ജനങ്ങള്‍ക്കു തന്നെ ചെലവഴിക്കുകയാണ് വേണ്ടത്”.
മനുഷ്യരില്‍ കഴിവുകളും (capablities ) ജീവിത നൈപുണ്യങ്ങളും ( life skills) സാര്‍വത്രികമായി വളര്‍ത്തിയെടുത്തു മെച്ചപ്പെട്ട ജീവിതത്തിനു അവരെ പ്രാപ്തരാക്കുക എന്നതായിരുന്നു ഗുരുവിന്റെ ക്ഷേത്രസങ്കല്പത്തിന്റെ മുഖ്യലക്ഷ്യം.
പൊതുസമൂഹത്തിന്റെ സൃഷ്ടിക്കും വികസനത്തിനും പൊതുജനാരോഗ്യം നിലനിര്‍ത്തുവാനും നിരന്തരമായ ബോധവല്‍ക്കരണത്തിന്റെ അനിവാര്യത പരക്കെ ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഈ ബോധവത്ക്കരണ പ്രക്രിയയ്ക്ക് ശാസ്ത്രീയമായും യുക്തിബോധത്തോടെയും കേരളത്തില്‍, ഒരുപക്ഷേ ഇന്ത്യയില്‍ത്തന്നെ, ആധുനികയുഗത്തില്‍ തുടക്കമിട്ടതു ശ്രീനാരായണഗുരു തന്നെയാണ്.
ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം സന്യാസി ശിഷ്യരാണ് ക്ഷേത്രങ്ങളില്‍ ഗുരു നിശ്ചയിച്ച വിഷയങ്ങളെ അധികരിച്ച് ബോധവത്കരണം നടത്തുവാന്‍ ആരംഭിച്ചത്. ശ്രീനാരായണധര്‍മ്മപരിപാലന യോഗം സ്ഥാപിച്ചതോടെ യോഗം സെക്രട്ടറി എന്‍. കുമാരനാശാന് ഗുരുനിര്‍ദ്ദേശപ്രകാരം പരിശീലനം ലഭിച്ച സന്നദ്ധ പ്രാസംഗികരെ അതിലേയ്ക്കായി നിയമിച്ചു പോന്നു. ഈ സന്നദ്ധ പ്രസംഗകര്‍ നാട്ടിലുടനീളം ക്ഷേത്രങ്ങളിലും കുടുംബചടങ്ങുകളിലും സഭകളിലും സമാജങ്ങളിലും ചന്തകളിലും ബോധവത്കരണം നടത്തി. പൊതുവില്‍ മതം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നീ വിഷയങ്ങള്‍ക്കു ഊന്നല്‍ നല്കിക്കൊണ്ടായിരുന്നു ബോധവത്കരണം .
പ്രാസംഗികര്‍ക്കു വ്യവസ്ഥകളും ഗുരു ഏര്‍പ്പെടുത്തി. ”പ്രസംഗങ്ങള്‍ യാതൊരു പ്രകാരത്തിലും താഴ്ന്നവരായി വിചാരിക്കപ്പെടുന്ന ജാതിക്കാർക്ക് ഉപദ്രവമോ,ഉയർന്നവരായി വിചാരിക്കപ്പെടുന്ന ജാതിക്കാർക്ക് ക്ഷോഭമോ ഉണ്ടാക്കത്തക്ക വിധത്തിലോ സ്വരത്തിലോ ആയിരുന്നു. കൂടാത്തതുമായിരുന്നു. കഴിയുന്നത്ര താഴ്ന്ന ജാതിക്കാരുടെ അഭിവൃദ്ധിയില്‍ ജനങ്ങള്‍ക്ക് താത്പര്യം ജനിപ്പിക്കേണ്ടതാണ്” ബോധവത്കരണം ഏതെങ്കിലും ഒരു വിഭാഗത്തെ വിമര്‍ശിച്ചു കൊണ്ടുള്ളതായിരിക്കരുതെന്നും മറിച്ചു ഈഴവരെക്കാള്‍ യാതന അനുഭവിക്കുന്നവരുടെ അഭിവൃദ്ധി കൂടി ലക്ഷ്യമിടണമെന്നുമുള്ള വിശാല കാഴ്ചപ്പാടുള്ളതായിരിക്കണമെന്നും വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
പരദൂഷണം (അന്യമതനിന്ദ) ചെയ്യാതെ ‘മതബോധവത്കരണം’ ചെയ്യുന്ന പ്രസംഗകര്‍ ഊന്നല്‍ കൊടുക്കേണ്ടത് (1) മതസംബന്ധമായ അന്ധവിശ്വാസങ്ങളും ജന്തുബലി പോലെയുള്ള അനാചാരങ്ങളും നിരാകരിക്കുവാന്‍ പ്രേരിപ്പിക്കുക. (2) ഉത്തമരീതിയില്‍ ചെയ്യപ്പെടുന്ന ഈശ്വരാരാധനയുടെ മാഹാത്മ്യത്തെയും ശുദ്ധഹിന്ദുമതത്തിന്റെ സഗുണ ,നിര്‍ഗുണ തത്ത്വങ്ങളെയുംപ്പറ്റി പ്രചരിപ്പിക്കുക” എന്നതായിരുന്നു.
ഒരു പൊതുസമൂഹത്തിന്റെ ( civil society) സൃഷ്ടിക്ക് അനിവാര്യമായ സദാചാരം (moral and social values) ഉള്‍ക്കൊള്ളുവാന്‍ ജനങ്ങളെ ബോധവത്കരിക്കുക എന്നതായിരുന്നു പ്രസംഗകരുടെ മറ്റൊരു കടമ.
ഭക്തനെന്നു അവകാശപ്പെടുന്നവന്‍ ദൈവത്തോടു ആവശ്യപ്പെടേണ്ടത് മറ്റൊരാള്‍ക്കു ദോഷം ചെയ്യുന്ന മാലിന്യങ്ങള്‍ മനസ്സില്‍ നിന്നും മാറ്റിത്തരണമെന്നു തന്നെയാണ്.
‘അഹമൊരു ദോഷമൊരുത്തരോടു ചെയ്വാ-
നകമലരിങ്കലറിഞ്ഞിടാതവണ്ണം
സകലമൊഴിച്ചു തരേണമെന്നുമേ ഞാന്‍
ഭഗവദനുഗ്രഹപാത്രമായ് വരേണം (ശിവശതകം 46)
മന:ശുദ്ധി , ദേഹ ശുദ്ധി , ഗൃഹശുദ്ധി, പരിസരശുദ്ധി, വാക് ശുദ്ധി എന്നിവ ഉള്‍ക്കൊള്ളുവാന്‍ പ്രാസംഗികര്‍ കേള്‍വിക്കാരെ പ്രേരിപ്പിക്കുവാന്‍ ഗുരു ആവശ്യപ്പെട്ടു. മനഃശുദ്ധി ആര്ജ്ജിച്ചവനു അഹന്തയുണ്ടാകില്ല. പക, അസൂയ, വിദ്വേഷം തുടങ്ങിയവ അവന് ഉപേക്ഷിക്കും. മറ്റൊരു ജാതിക്കാരന് തീണ്ടിയാല്‍ കുളിച്ചും, ഉപവസിച്ചും പഞ്ചഗവ്യം കഴിച്ചും ദേഹശുദ്ധി വരുത്തുന്ന ബ്രാഹ്മണ ശുചിത്വമല്ല ഗുരു ആവശ്യപ്പെട്ടത്. സാര്‍വത്രികമായ വ്യക്തിശുചിത്വ പാഠങ്ങളായിരുന്നു ഗുരു പ്രസംഗകരെ വിട്ടു പഠിപ്പിച്ചത്. ”ശൗചമാണ് പ്രധാനം. എല്ലാവരും രാവിലെ അടിച്ചു നനച്ചു കുളിക്കണം. കുടുംബത്തോടെ കുളിക്കണം. ഇനി പ്രസംഗിക്കേണ്ടത് ഇതാണ്… കായശുദ്ധി ഉണ്ടായാല്‍ ആഹാരശുദ്ധിയും ഭവനശുദ്ധിയും അതില്‍ നിന്നുണ്ടാകും” മറ്റുള്ളവരെ വെറുപ്പിക്കുന്നതായിരിക്കരുത് നമ്മുടെ വാക്കുകള്‍. വാക്കുകളുടെ അപച്യുതിയാണ് മതമൗലികവാദം. ജാതിമേന്മാ വാദങ്ങള്‍ക്കും ഉച്ചനീചത്വം നിലനിര്‍ത്തുവാനും വാക്ക് ദുരുപയോഗം ചെയ്യുന്നു.
അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം, തുടങ്ങിയ സാമൂഹിക നന്മയുടെ പാഠങ്ങളും ഗുരുനിര്‍ദ്ദേശപ്രകാരം പ്രാസംഗികര്‍ ജനങ്ങളിലേക്ക് പകര്‍ന്നു നല്കി.
വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളും നിരക്ഷരതയുടെ കോട്ടങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നു പ്രസംഗകരോടു നിര്‍ദ്ദേശിക്കുന്ന ഗുരു, സ്ത്രീപുരുഷ ഭേദമില്ലാതെ പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യമുള്ള സ്ഥലങ്ങളില്‍ പള്ളിക്കൂടങ്ങള്‍, വായനശാലകള്‍ മുതലായവ സ്ഥാപിക്കുവാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഗുരു ആവശ്യപ്പെട്ടു.
ബോധവത്കരണത്തിന്റെ മറ്റൊരു പ്രധാനവിഷയം ‘വ്യവസായം’ ആയിരുന്നു. ”കൃഷി, കച്ചവടം, കൈത്തൊഴില്‍ ഇവയെ ഉത്തമരീതിയില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനെയും മിതവ്യയത്തെയും പറ്റി പ്രസംഗങ്ങള്‍ ചെയ്യുകയും മടിയായിരുന്നു ഉപജീവിക്കുന്ന സമ്പ്രദായം സമുദായ നിയമ വിരുദ്ധമായ ഒരു അകൃത്യമാണെന്നു സ്ത്രീപുരുഷന്മാരില് ഓരോരുത്തര്‍ക്കും തോന്നത്തക്കവണ്ണം സമുദായത്തിന്റെ സ്വഭാവം അത്ര ഉത്സാഹഭരിതമാക്കുകയും ചെയ്യുക. ആവശ്യമുള്ള ദിക്കുകളില്‍ വ്യവസായങ്ങളെ പഠിക്കുക, പ്രചാരപ്പെടുത്തുക മുതലായ കാര്യങ്ങളില്‍ ജനങ്ങളെ പ്രേരിപ്പിക്കുക.”
ജാതിബോധവും ജാതീയമായ അടിച്ചമര്‍ത്തലുകളും ജനങ്ങളുടെ അദ്ധ്വാനശീലത്തെയും നവീന കാര്‍ഷിക വ്യാവസായിക നൈപുണ്യങ്ങളെയും വളരുവാന്‍ അനുവദിക്കാതിരുന്ന കാലത്താണ് ഗുരു ജനങ്ങളെ അദ്ധ്വാനികളും മൂലധന നിക്ഷേപകരും വ്യവസായികളുമാക്കുവാന് ശ്രമിച്ചത്. അദ്ധ്വാനിക്കാതെ ഉപജീവിക്കുന്നതു സാമൂഹ്യവിരുദ്ധമായ ഒരു സംഗതിയാണെന്ന ഗുരുവിന്റെ സന്ദേശം അക്കാലത്തുമാത്രമല്ല ഇപ്പോഴും കേരളത്തില്‍ ഏറെ പ്രസക്തമാണ്.
ശ്രീനാരായണഗുരു കേരളത്തില്‍ 32 ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയെന്നും, ഒട്ടനവധി എണ്ണത്തില്‍ ശിഷ്യരായ സന്ന്യാസിമാര്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ടെന്നും കോട്ടുകോയിക്കല്‍ വേലായുധന് ‘ശ്രീനാരായണഗുരു’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ അതിലേറെ ഉണ്ടെന്നു മറ്റു ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
മനുഷ്യന് ആര്‍ജ്ജിക്കേണ്ട സത്യം, ധര്‍മ്മം, ദയ, സ്നേഹം എന്നീ ജീവിതമൂല്യങ്ങളെ പ്രതിഷ്ഠയുടെ രൂപത്തില്‍ ഭക്തര്‍ക്കു മനനം ചെയ്യുവാന്‍ വേണ്ടി ലഭ്യമാക്കുവാന്‍ ഗുരുവിനു കഴിഞ്ഞു.
അറിവിന്റെ ശ്രേഷ്ഠത വെളിവാക്കുന്ന ദീപപ്രതിഷ്ഠയും സ്വയം തിരിച്ചറിവ് എന്നതിന്റെ മാര്‍ഗ്ഗമായ കണ്ണാടി പ്രതിഷ്ഠയും ധ്യാനത്തിന്റെ മാര്‍ഗ്ഗമായ ഓംകാര പ്രതിഷ്ഠയും യാതൊരു വിഗ്രഹ പ്രതിഷ്ഠകളുമില്ലാതിരുന്ന അദ്വൈതാശ്രമവും, ശ്രീനാരായണധര്മ്മമഠങ്ങളും ആത്മാനുസന്ധാനത്തിന്റെയും സാമൂഹിക തിരിച്ചറിവുകളുടെയും സങ്കേതങ്ങളായിരുന്നു.
അഭിഷേകങ്ങളും നിവേദ്യങ്ങളുമില്ലാതെ കാറ്റും വെളിച്ചവും കയറുന്ന ജനാലകളുള്ള ശ്രീകോവിലിനകത്തുള്ള വിദ്യയുടെ പ്രതീകമായ ശാരദാദേവി പ്രതിഷ്ഠ സഗുണോപാസനയുള്ള ക്ഷേത്രസങ്കേതത്തിന്റെ പുതിയ മാതൃകയായിരുന്നു.
ക്ഷേത്രങ്ങള്‍ ഒരുമയുടെയും സംഘടിത പ്രവര്‍ത്തനങ്ങളുടെയും സ്ഥാപനങ്ങളാകുവാനാണ് ഗുരു ആഗ്രഹിച്ചതും പ്രവര്‍ത്തിച്ചതും. ക്ഷേത്രങ്ങള്‍ ഒരേ സമയം ശുദ്ധമായ ആത്മീയതയുടെയും സാര്‍വത്രികമായ മനുഷ്യവികസനത്തിന്റെയും കേന്ദ്രങ്ങളായിരിക്കണമെന്നു ഗുരു നിര്‍ബന്ധിച്ചു.
1894-ല്‍ തിരുവനന്തപുരത്ത് കായിക്കര ഏറത്തു ശ്രീസുബ്രഹ്മണ്യപ്രതിഷ്ഠ നടത്തിയ ശേഷം ഉത്സവം ഒഴിവാക്കാനാണ് ഗുരു ആവശ്യപ്പെട്ടത്. നിവേദ്യമായി രാവിലെ വെള്ളവും വൈകുന്നേരം അവിലും മലരും മതിയെന്നും ഗുരു നിര്‍ദ്ദേശിച്ചു. പാലും തൈരും നെയ്യും തേനും കൊണ്ടു വിഗ്രഹത്തെ അഭിഷേകം ചെയ്തിരുന്ന സവര്‍ണ ക്ഷേത്രങ്ങളിലെ പുരോഹിതര്‍ ഒരു നേരം പോലും ആഹാരമില്ലാതെ വലഞ്ഞിരുന്ന മനുഷ്യരെ (ജാതികളെ) അവഗണിച്ചിരുന്ന കാലഘട്ടത്തിലാണ് വെറും ജലവും അവിലും മലരും നിവേദ്യമായി നല്കിയാല് മതിയെന്ന് പറഞ്ഞത്. ഏറ്റവും ദരിദ്രരായ ഭക്തരുടെ ജീവതാനുഭവങ്ങളെ അവഗണിച്ചു കൊണ്ടുള്ള ദൈവസങ്കല്പത്തിനു പ്രാധാന്യമില്ലെന്നുസാരം.
ഗുരു നേരിട്ടു ഇടപെട്ടു ക്ഷേത്രങ്ങളിലെ ദുരാചാരങ്ങള്‍ നിര്‍ത്തലാക്കി, യക്ഷി, ഭൂതത്താന്‍, മാടന്, ചുടലമാടന്‍, കുറുമ്പന്, ഇരുളന്‍, മല്ലന്, മറുത, കരിങ്കാളി തുടങ്ങിയ ദുര്‍ദ്ദേവതകളെ ക്ഷേത്രങ്ങളില്‍ നിന്നും ഗുരു തന്നെ നീക്കം ചെയ്തു കിണറ്റില്‍ തള്ളുകയും, സമുദ്രത്തില്‍ ഒഴുക്കുകയും ചെയ്തു.
ഗുരുനിര്ദ്ദേശ പ്രകാരം നിരവധി ക്ഷേത്രങ്ങളോടനുബന്ധിച്ച സ്കൂളുകളും വായനശാലകളും തൊഴില്‍ പരിശീലന സ്ഥാപനങ്ങളും ഗുരുഭക്തര്‍ ഏര്‍പ്പാടാക്കി.
പക്ഷേ ഗുരു പ്രതിഷ്ഠ നടത്തിയ ആരാധനാലയങ്ങളില്‍ മിക്കതിലും ഈഴവര്‍ ഒഴിച്ചുള്ള അവര്‍ണ ജാതിയില്‍പ്പെട്ടവര്‍ക്കു പ്രവേശനം നല്കുവാനുള്ള മാനവിക സംസ്കാരം ഉള്‍ക്കൊള്ളുവാന്‍ ഈഴവരില്‍ ഒരു കൂട്ടം പ്രമാണിമാര്‍ക്കു കാലതാമസം നേരിട്ടു. ഗുരുവിന്റെ നിശബ്ദമായ ഇടപെടലുകള്‍ മൂലമാണ് പലക്ഷേത്രങ്ങളിലും പുലയര്‍ക്കും മറ്റും പ്രവേശിക്കുവാന്‍ സാദ്ധ്യമായത്. നീണ്ടയാത്രകള്‍ ബോട്ടിലും ട്രെയിനിലും നടത്തി, അനാരോഗ്യം അവഗണിച്ച്, വെയിലും, മഴയും വകവയ്ക്കാതെ മൈലുകള്‍ കാല്‍നടയായി സഞ്ചരിച്ച് ഭക്തരുടെ ക്ഷേത്രസംസ്ഥാപനം എന്ന ആഗ്രഹം സഫലീകരിക്കുവാന്‍ ശ്രമിച്ച ത്യാഗിവര്യനായിരുന്നു ഗുരു. എന്നാല്‍ ഗുരുവിന്റെ മനസ്സ് തിരിച്ചറിയുവാന്‍ ക്ഷേത്രം സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്ത ഈഴവ പ്രമാണിമാരില്‍ പലര്‍ക്കും കഴിഞ്ഞില്ല.
ഗുരുവിന്റെ ക്ഷേത്രസങ്കല്പ്പത്തില് നിന്നും ഭക്തര്‍ വഴുതിമാറുന്നതു ഗുരുദുഃഖത്തോടെ മനസ്സിലാക്കി. ഏറെ ധനം ചെലവഴിച്ചു ക്ഷേത്രങ്ങള്‍ സ്ഥാപിക്കുവാനും ബ്രാഹ്മണ ക്ഷേത്രങ്ങളിലെ മാതിരി ആചാരങ്ങളും കീഴ്വഴക്കങ്ങളും നടപ്പിലാക്കുവാനും ഭക്തരില്‍ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടായിരുന്നു. 1888 -ല്‍ നിന്നും 1917 ആയപ്പോഴേക്കും കാലത്തിനു മാറ്റം വന്നതും ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറിയതും ഉള്‍ക്കൊണ്ട ഗുരു ”പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച് പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണു ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാക്കുവാന്‍ ക്ഷേത്രം കൊള്ളാം. ജാതിഭേദം കൂടാതെ ഒരു പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചു ചേര്‍ക്കുവാന്‍ ക്ഷേത്രങ്ങള്‍ വഴി കഴിയുമെന്ന് തോന്നിയിരുന്നു. അനുഭവം നേരെ മറിച്ചാണ്. ക്ഷേത്രം ജാതിവ്യത്യാസത്തെ അധികമാക്കുന്നു. ഇനി ജനങ്ങള്‍ക്കു വിദ്യാഭ്യാസം കൊടുപ്പാന്‍ ശ്രമിക്കണം. അവര്‍ക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കുവാനുള്ള മരുന്ന്” എന്ന് നിര്‍ദ്ദേശിച്ചു.
ഗുരുവിന്റെ മനസ്സില്‍ എന്നും താലോലിക്കപ്പെട്ടിരുന്ന ‘മനുഷ്യവികസന’ത്തിന്റെ അറിവ് വീണ്ടും ജനങ്ങൾക്കു പകര്‍ന്നു നല്കുവാനുള്ള സാഹചര്യം ഗുരുവിന്റെ മഹാസമാധിക്കു ഏതാനും മാസങ്ങള്‍ക്കു മുമ്പുണ്ടായി. ശിവഗിരി തീര്‍ത്ഥാടനം വേണമെന്ന ശിഷ്യരുടെ ആവശ്യം അംഗീകരിച്ച ഗുരു തീര്‍ത്ഥാടനത്തിന് പോകുവന്നര് ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടെ പത്ത് ദിവസത്തെ വ്രതം ആചരിക്കണമെന്നും, തീര്‍ത്ഥയാത്ര നടത്തുന്നവര്‍ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനങ്ങള്‍ എന്നീ സമഗ്ര മനുഷ്യവികസന വിഷയങ്ങളെ സംബന്ധിച്ചു ശിവഗിരിയില്‍ തീര്‍ത്ഥാടനകാലത്തു നടത്തപ്പെടുന്ന ബോധവത്കരണ ക്ലാസുകള്‍ ശ്രദ്ധിച്ചു കേട്ട് ജീവിതത്തില്‍ പ്രവൃത്തിയില്‍ വരുത്തണമെന്നും അതു ജീവിതവിജയവും ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയും ഉണ്ടാക്കുമെന്നും ഉപദേശിച്ചു.
വര്‍ത്തമാന കാലഘട്ടത്തില്‍ ഗുരുവിന്റെ ജന്മദിനം നമ്മള് ആഘോഷിക്കുമെങ്കിലും, ഗുരുവിനെക്കുറിച്ച് ഇഷ്ടജനങ്ങളും പണ്ഡിതരും വാചാലരാകുമെങ്കിലും, നമ്മള് ഗുരു നല്കിയ ഉപദേശങ്ങളോടു കണ്ണും കാതും മനസ്സും അടക്കുന്നവരായി മാറി. ഗുരുവിന്റെ കാലഘട്ടത്തില്‍ നിലവില്‍ വന്ന ക്ഷേത്രങ്ങളൊക്കെ ജോത്സ്യന്റെയും സ്ഥപതിയുടെയും തന്ത്രിയുടെയും നിര്‍ദ്ദേശമനുസരിച്ച്, അഷ്ടമംഗല പ്രശ്നം ചിന്തിക്കുക എന്ന പ്രക്രിയ പ്രകാരം വന്‍തുക ചെലവഴിച്ച് പുനരുദ്ധാരണം ചെയ്യുകയും ഗുരുദേവന് ഒരിക്കല്‍ പുറംതള്ളിയെ മാടനെയും മറുതയെയും നാലമ്പലത്തിനകത്താക്കുകയും ചെയ്യുന്നതു പതിവാക്കിയിരിക്കുന്നു. ഗുരു സ്ഥാപിച്ച പല ക്ഷേത്രങ്ങളിലും കാര്യസിദ്ധി പുജയുണ്ട്.
വര്‍ദ്ധിച്ച അന്ധവിശ്വാസങ്ങള്‍ക്കു എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. തമ്മില്‍ മതഭേദചിന്ത പുലര്‍ത്തിയാലും എല്ലാ മതങ്ങളുടെയും അന്ധവിശ്വാസ കച്ചവടങ്ങള്‍ക്കു ജാതി-മത ഭേദമില്ലാത്ത കേരളീയ ഉപഭോക്താക്കളാണുള്ളത്.
‘മിതവ്യയം’ ഒരു ജീവിതനൈപുണ്യമാക്കുവാന് മലയാളിക്കു കഴിയുന്നില്ല. ആര്‍ത്തിപൂണ്ട ജീവിതശൈലി ‘ശുചിത്വം’ പുറംമോടിയാക്കുകയും പരിസരമലിനീകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ”മടിയായിരുന്നു ഉപജീവിക്കുക” കേരളത്തിലെ പുരുഷന്മാരുടെ സ്വഭാവമാകുകയും അവരുടെ തൊഴില്‍ ഇടം മറ്റു സംസ്ഥാന തൊഴിലാളികള്‍ കരസ്ഥമാക്കുകയും ചെയ്തു. അവര്‍ ‘മിതവ്യയം’ പാലിച്ചു സമ്പാദിക്കുന്നത് അവരുടെ നാട്ടിലേക്കു എത്തിക്കുകയും ചെയ്യുന്നു. ഗുരുവിനെ മറന്നുകൊണ്ടുള്ള നമ്മുടെ ജീവിതം നമുക്ക് ഏറെ ദുരന്തങ്ങള്‍ നല്കുമെന്നതിനു തര്‍ക്കമില്ല.