ജാതി വെറി,കൊടുംക്രൂരത: മാതൃകയായി കര്‍ണാടക കോടതി
കര്‍ണാടകത്തിലെ കോപ്പല്‍ ജില്ലയില്‍ ദളിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസില്‍ 98 പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. സംഭവത്തില്‍ ആകെ 101 പേരെ ശിക്ഷിച്ചുകൊണ്ടാണ് കൊപ്പലിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി സി. ചന്ദ്രശേഖറിന്റെ വിധി.
ഒരിക്കൽ മഹാത്മാഗാന്ധി വികാരാവേശത്തോടെ പറഞ്ഞു. ”ഞാന്‍ പുനര്‍ജന്മം ആഗ്രഹിക്കുന്നില്ല എന്നാല്‍ വീണ്ടും ജനിക്കുകയാണെങ്കില്‍ ഒരു ഹരിജനായി,ഒരു അയിത്തക്കാരനായി ജനിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെയായാല്‍ ഈ ജനവിഭാഗങ്ങളുടെ മേല്‍ കുന്നുകൂടിയിട്ടുള്ള അപമാനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും എതിരായി ഒരു നിരന്തരസമരം നയിക്കാന്‍ എനിക്ക് കഴിഞ്ഞേക്കും”.
ജാതി-മത-ലിംഗ-വര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാരില്‍ നിന്നുണ്ടാകുന്ന ഏതുവിധത്തിലുള്ള വിവേചനത്തിനെതിരായുമുള്ള ഒരു ഉറപ്പാണ് ഭരണഘടനയുടെ 15-ാം വകുപ്പ്. ഭരണഘടനയിലെ 17-ാം വകുപ്പ് അയിത്തം നിര്‍ത്തലാക്കുകയും ഏതെങ്കിലും വിധത്തിലുള്ള അയിത്താചരണം നിയമമനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാക്കുകയും ചെയ്യുന്നു.അയിത്തകുറ്റ നിയമം 1955 ജൂണില്‍ നിലവില്‍ വന്നു. ഒരര്‍ത്ഥത്തില്‍ അത് ഭരണഘടയിലെ 15-ാം വകുപ്പിന്റെ വിപുലനമാണെന്ന് പറയാവുന്നതാണ്. പട്ടികജാതിക്കാര്‍ക്ക് അവശതയുണ്ടാക്കുന്ന ഏതെങ്കിലും നടപടിയുടെ പ്രയോഗം നിയമവിരുദ്ധമാക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ നിയമം.
നടപടിക്കിരയാകുന്നത് പട്ടികജാതിയില്‍പ്പെട്ട ഒരാളാണെങ്കില്‍ നിയമവിരുദ്ധ നടപടിയുടെ പ്രയോഗം അയിത്തത്തെ അടിസ്ഥാനമാക്കി ഉണ്ടായിട്ടുള്ളതാണെന്ന് കരുതണമെന്ന് അതില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.
അയിത്താചരണത്തിന് എതിരായി ഭരണഘടനയുടെ അടിസ്ഥാനത്തിലും ഇന്ത്യന്‍ പീനല്‍കോഡിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലും കടുത്ത നടപടികള്‍ എടുക്കാന്‍ കഴിയുമെങ്കിലും അയിത്താചരണം നമ്മുടെ രാജ്യത്ത് അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ദളിതുകള്‍ക്കെതിരായ നിര്‍ദ്ദയവേട്ട തുടരുകതന്നെയാണ്. ദളിത് വേട്ടകളില്‍ ഇരകളാണ് പലപ്പോഴും ശിക്ഷിക്കപ്പെടുന്നത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഈ സ്ഥിതിക്ക് അപവാദമാണ് കഴിഞ്ഞ ദിവസം കര്‍ണ്ണാടക സംസ്ഥാനത്തെ കോപ്പാല്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയുടെ ഐതിഹാസികമായ വിധിന്യായം.
കര്‍ണ്ണാടകത്തിലെ കോപ്പല്‍ ജില്ലയില്‍ ദളിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസില്‍ 98 പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. സംഭവത്തില്‍ ആകെ 101 പേരെ ശിക്ഷിച്ചുകൊണ്ടാണ് കൊപ്പലിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി സി. ചന്ദ്രശേഖറിന്റെ വിധി. മുന്നാക്ക ജാതിയില്‍പ്പെട്ട 98 പേരെ ജീവപര്യന്തം തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. പട്ടികവര്‍ഗ വിഭാഗക്കാരായ മഡിഗ സമുദായക്കാരായ മൂന്നുപേര്‍ക്ക് അഞ്ചുവര്‍ഷത്തെ തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. രാജ്യചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് ശിക്ഷ വിധിക്കുന്നത്.
2014 ആഗസ്റ്റ് 28 ന് ഗംഗാവതി താലൂക്കിലെ മരകുമ്പി ഗ്രാമത്തിലായിരുന്നു സംസ്ഥാനത്തെ നടുക്കിയ സംഭവം. സിനിമാ തിയേറ്ററിലുണ്ടായ സംഘര്‍ഷത്തിലായിരുന്നു തുടക്കം. തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പിലും, ഹോട്ടലുകളിലും ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് പ്രതികള്‍ ദളിത് വിഭാഗക്കാര്‍ താമസിച്ച വീടുകള്‍ക്ക് തീയിടുകയായിരുന്നു. 117 പ്രതികളില്‍ 16 പേര്‍ വിചാരണയ്ക്കിടെ മരിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
തീവയ്പില്‍ മൂന്ന് വീടുകള്‍ നിശേഷം കത്തിയമര്‍ന്നു. 30 ഓളം പേര്‍ക്കാണ് പൊള്ളലേറ്റത്. നിരവധിപേരെ ആള്‍ക്കൂട്ടം വീട്ടില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് മാസത്തോളം മരകുമ്പി ഗ്രാമത്തില്‍ പൊലീസ് കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സവര്‍ണ അതിക്രമങ്ങളെ ചെറുക്കാന്‍ നേതൃത്വം നല്‍കിയ വീരേഷ് മരകുമ്പി എന്ന ദളിത് നേതാവിനെ 2014 ല്‍ കൊപ്പല്‍ റെയില്‍വേ സ്റ്റേഷനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
സാധാരണ ആള്‍ക്കൂട്ട ആക്രമണമല്ല ഉണ്ടായതെന്നും ജാതിവെറിയുടെ പേരില്‍ കൂട്ടക്കൊലപാതകത്തിനുള്ള ശ്രമമാണ് നടന്നതെന്നും ജഡ്ജി ഉത്തരവില്‍ നിരീക്ഷിച്ചു. ആക്രമണത്തില്‍ ശാരീരിക ഉപദ്രവവും ഇരകളുടെ അന്തസിന് ക്ഷതമേല്പിക്കലും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ പ്രതികളോട് ദയ കാണിക്കുന്നത് നീതിയെ പരിഹസിക്കുന്നതിന് തുല്യമായിരിക്കുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
ഒരു രാഷ്ട്രം എത്ര വലുതണെങ്കിലും, അത് അതിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങളെക്കാള്‍ ശക്തമല്ലെന്ന ആഫ്രിക്കന്‍-അമേരിക്കന്‍ ഗായിക മരിയന്‍ ആന്‍ഡേഴ്‌സന്റെ വാക്കുകളും വിധിന്യായത്തില്‍ ജഡ്ജി ചന്ദ്രശേഖര്‍ ഉദ്ധരിക്കുന്നുണ്ട്. നിങ്ങള്‍ ഒരു വ്യക്തിയെ ബലമായി താഴ്ത്തിപ്പിടിക്കുമ്പോള്‍ അത് ഒരിക്കലും നിങ്ങളുടെ ഉയര്‍ച്ചയാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം കുറ്റവാളികളില്‍ ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്നും ദരിദ്രരായ കര്‍ഷകരാണെന്നും ചൂണ്ടിക്കാട്ടിയ കോടതി അവര്‍ക്ക് കനത്ത പിഴ ചുമത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.
അക്രമത്തിനിരയായ ദളിത് കുടുംബങ്ങളെ സംരക്ഷിക്കാനും, കേസ് നടത്താനും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ദളിത് സംഘടയായ ഡിഎസ് എസ് എം ന്റെ ദേശീയ പ്രസിഡന്റ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ മുന്‍ നിരയിലുണ്ടായിരുന്നു. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ വീരേഷ് (45) കൊല്ലപ്പെട്ടു. ദീര്‍ഘനാളത്തെ പോരാട്ടത്തിന്റെ വിജയമാണ് ഈ കോടതിവിധിയെന്ന് സിപിഎം കര്‍ണ്ണാടക സംസ്ഥാനസെക്രട്ടറി ബാസവരാജ് പറഞ്ഞു.
പ്രതികള്‍ ഒരു രീതിയിലും ദയ അര്‍ഹിക്കുന്നില്ലെന്ന് സെഷന്‍സ് കോടതി വിധിന്യായത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ദളിത് ഉന്നമനത്തിനായി നിരവധി ഇടപെടലുകള്‍ ഉണ്ടായിട്ടും അവരുടെ സ്ഥിതി ഇപ്പോഴും വളരെമോശമായിത്തന്നെ തുടരുകയാണെന്ന് ഈ വിധിന്യായത്തില്‍ ജഡ്ജ് സി ചന്ദ്രശേഖര്‍ നിരീക്ഷിച്ചു. ഇരകളെല്ലാം പട്ടികജാതിക്കാരാണ്. പ്രതികള്‍ സ്ത്രീകളുടെ അന്തസ്സ് എല്ലാനിലയിലും ഹനിച്ചു വടികൊണ്ടും, കല്ല്‌കൊണ്ടും, ഇഷ്ടികകൊണ്ടും അവരെ കടന്നാക്രമിച്ചു. ഇത്തരമൊരു കേസില്‍ ദയകാണിക്കുന്നത് നീതിയോടുള്ള പരിഹാസമായിരിക്കുമെന്ന് വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
( 9847132428, ഇ-മെയില്‍:[email protected])