ആര്‍. ശങ്കര്‍ എന്ന സൂര്യതേജസ്
പുതുമഴയത്തു ചെറിയൊരാരവത്തോടെ വെളിച്ചത്തിനടുത്തേക്കു പറന്നടുക്കുന്ന ഈയാംപാറ്റകളായിരുന്നു ശങ്കറിനു ചുറ്റും കൂടിയ വിമര്‍ശകര്‍. നിമിഷങ്ങള്‍ക്കകം ചിറകറ്റ് മൃതരായി ചരിത്രത്തില്‍ വിസ്മൃതരായ ഈയാംപാറ്റകള്‍. പക്ഷേ വെളിച്ചം അതിന്റെ ധര്‍മ്മം നിറവേറ്റും. ആര്‍. ശങ്കര്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.
സാമൂഹിക-സാമ്പത്തിക അവശതകള്‍ നൂറ്റാണ്ടുകളായി അനുഭവിച്ചു കൊണ്ടിരുന്ന അവര്‍ണ്ണവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉത്തരവാദഭരണം എന്ന രാഷ്ട്രീയ മാറ്റം കൊണ്ടുമാത്രം പരിഹരിക്കുവാന്‍ കഴിയുമെന്നുമഹാനായ ആർ.ശങ്കര്‍ വിശ്വസിച്ചിരുന്നില്ല. അതിവേഗം പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന ലോകത്തു ഉദയം കൊള്ളുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുവാനുള്ള കഴിവ് ഈഴവര്‍ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങള്‍ക്കു ഇല്ലെന്നു അദ്ദേഹം മനസ്സിലാക്കി.
തിരുവിതാംകൂര്‍, കൊച്ചി സെന്‍സസ് റിപ്പോര്‍ട്ടുകള്‍ വഴി ഈ വിഭാഗങ്ങളുടെ സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളിലെ പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ ആര്‍. ശങ്കര്‍, യോഗം നേതാവ് എന്ന നിലയില്‍ 1945-ല്‍ സംഘടനാ നേതൃത്വം ഉപയോഗിച്ചു ഈഴവ സമുദായത്തിന്റെ സ്ഥിതി-വിവര കണക്കുകള്‍ ശേഖരിച്ചതും സമുദായത്തിന്റെ പുരോഗതിക്കു അനിവാര്യമായ അവസരത്തിനൊത്ത കഴിവുള്ള സമുദായാംഗങ്ങളെ സൃഷ്ടിച്ചെടുക്കുവാനുള്ള പദ്ധതികള്‍ക്കു ആസൂത്രണം നല്‍കുവാന്‍ സഹായകരമായി.
സംവരണം പോലെയുള്ള രാഷ്ട്രീയ പരിരക്ഷകള്‍ക്കു വേണ്ടി ശക്തമായി പോരാടിയവരായിരുന്നു സഹോദരന്‍ കെ. അയ്യപ്പനും, സി. കേശവനും, ആര്‍. ശങ്കറും മറ്റും. പക്ഷേ അത്തരം പരിരക്ഷകള്‍ എക്കാലവും നിലനില്‍ക്കുമോ എന്നു അവര്‍ക്കു ആശങ്കയുണ്ടായിരുന്നു. അത്തരം പരിരക്ഷകള്‍ ഇല്ലാതെ തുല്യത നേടിയെടുക്കുവാന്‍ പ്രാപ്തമായ സമുദായത്തെയാണു അവര്‍ സ്വപ്‌നം കണ്ടിരുന്നത്.
തന്റെ അറിവും കഴിവുകളും സമുദായ നന്മക്കു ഉപയോഗിക്കുവാനുള്ള അവസരമായി അദ്ദേഹം യോഗനേതൃത്വത്തെ കണ്ടു. ശാഖകളുടെ എണ്ണം സമയബന്ധിതമായി വര്‍ദ്ധിപ്പിക്കുക, പരമാവധി വ്യക്തികളെ യോഗം അംഗങ്ങളായി ചേര്‍ക്കുക, ശാഖകള്‍ക്കും യൂണിയനുകള്‍ക്കും സ്വന്തമായി മന്ദിരങ്ങള്‍ ഉണ്ടാക്കുക, യോഗത്തിന്റെയും ഘടകങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ പ്രാപ്തിയും പ്രവര്‍ത്തന സന്നദ്ധതയുമുള്ള നിസ്വാര്‍ത്ഥ സേവകരെ ഏല്‍പ്പിക്കുക എന്നിവയിലൂടെ യോഗത്തിന്റെ സംഘടനാ ശേഷി വര്‍ദ്ധിപ്പിച്ചു. പത്തുവര്‍ഷം കൊണ്ടു ശാഖകളുടെ സംഖ്യ 933 ല്‍ നിന്നും 1224 ആയി. താല്‍ക്കാലിക അംഗങ്ങള്‍ രണ്ടു ലക്ഷത്തില്‍ നിന്നും മൂന്നുലക്ഷത്തി അറുപതിനായിരമായി. സ്വന്തമായി മന്ദിരമുള്ള ശാഖകളുടെ എണ്ണം 186-ല്‍ നിന്നും 444 ആയി.
സമാനതകളില്ലാത്ത
സാമൂഹിക ഇടപെടലുകള്‍
സമുദായത്തിന്റെ പുരോഗതിക്കും, പൊതുനന്മക്കും വേണ്ടി ശങ്കര്‍ നടത്തിയ സമാനതകളില്ലാത്ത സാമൂഹ്യ ഇടപെടലുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. പാവപ്പെട്ടവരുടെ, അദ്ധ്വാനിക്കുന്നവരുടെ വിശ്വാസമാര്‍ജിച്ചെടുക്കുവാന്‍ അദ്ദേഹത്തിനു ഒരു പ്രയാസവുമുണ്ടായിരുന്നില്ല.
വിദ്യാഭ്യാസനിധി
സമര്‍ത്ഥരും എന്നാല്‍ സാമ്പത്തിക ശേഷി ഇല്ലാത്തവരുമായ ഈഴവര്‍ക്കു സ്‌കോളര്‍ഷിപ്പും, വിദേശരാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതിനുള്‍പ്പെടെ വിദ്യാഭ്യാസവായ്പയും നല്‍കുവാന്‍ വേണ്ടി വിദ്യാഭ്യാസനിധി സംഭരിച്ചത് ഒരു ചരിത്രസംഭവമായി. തന്റെ നേതൃത്വപാടവം കൊണ്ട് നൂറു കണക്കിനു യോഗം പ്രവര്‍ത്തകരെ രംഗത്തിറക്കി ഒറ്റ ദിവസം കൊണ്ട് 1945-ല്‍ ഒരു ലക്ഷത്തി അയ്യായിരം രൂപ എല്ലാ ചെലവുകളും കഴിഞ്ഞ് സംഭരിക്കുവാന്‍ ശങ്കറിനു കഴിഞ്ഞു. ഈ തുകയില്‍ എഴുപതിനായിരത്തോളം രൂപ സാധാരണ കുടുംബങ്ങളില്‍ നിന്നുമുള്ള ഒറ്റ രൂപ സംഭാവനയായിരുന്നു (28ചക്രം). അന്നു കയര്‍, കശുവണ്ടി തുടങ്ങിയ മേഖലകളിലെ തൊഴില്‍ക്കൂലി 12-14 ചക്രം മാത്രമായിരുന്നു.
ഒരു സര്‍വകലാശാലയുടെ ഉത്ഭവം
ആധുനിക ലോക ചരിത്രത്തില്‍ ഉല്‍പന്നപ്പിരിവിലൂടെയും ജനപങ്കാളിത്തത്തോടെയും ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രം സ്ഥാപിച്ചത് ആര്‍. ശങ്കറാണ്. ഊഴിയം പോലെയുള്ള തൊഴിലാളി ചൂഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചും പൊതുധനം ധൂര്‍ത്തടിച്ചും നിര്‍മ്മിച്ചിരുന്ന ക്ഷേത്രങ്ങള്‍ ഊട്ടുപുരകള്‍, കൊട്ടാരങ്ങള്‍, റോഡുകള്‍ തുടങ്ങിയവയില്‍ നിന്നൊക്കെ ആട്ടിയകറ്റപ്പെട്ടിരുന്ന വിഭാഗങ്ങളുടെ പിന്‍തലമുറക്കാരാണു ഒരു നേരത്തെ ആഹാരമോ തങ്ങളുടേതായ ഒരുല്‍പ്പന്നമോ ത്യജിച്ച് ഒരു സര്‍വകലാശാല സൃഷ്ടിക്കുവാന്‍ ശ്രമിച്ച് സാഫല്യമടഞ്ഞത്.
വിദ്യകൊണ്ടു സ്വതന്ത്രരാവുക എന്ന മഹാഗുരുവിന്റെ വിപ്ലവാഹ്വാനം തുടങ്ങി വച്ച വിദ്യാഭ്യാസ പരിവര്‍ത്തന പ്രക്രിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കു സംക്രമിപ്പിച്ച് സമ്പൂര്‍ണ്ണമാക്കുവാന്‍ ആര്‍. ശങ്കറിനു കഴിഞ്ഞു. 1948-ല്‍ കൊല്ലം ശ്രീനാരായണ കോളേജ് സ്ഥാപിച്ച ശേഷം തുടര്‍ന്നു ഒരു ഡസനോളം കോളേജുകള്‍ സമുദായത്തിനു വേണ്ടി സ്ഥാപിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ ഭരണാധികാരം ഉപയോഗിച്ചു കേരളത്തില്‍ ആവിഷ്‌കരിച്ച ‘ജൂനിയര്‍ കോളേജ്’ എന്ന വിദ്യാഭ്യാസ പരിഷ്‌കാരം കേരളത്തിലുടനീളം സാധാരണക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കി.
”അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്‌നം”
ഒരു ഭരണാധികാരി എന്ന നിലയില്‍ (1960-64) ഓരോ വ്യക്തിക്കും അന്തസ്സും, മാന്യമായ ജീവിതവും, സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ക്രമത്തെയാണു ശങ്കര്‍ ഉറപ്പുവരുത്തുവാന്‍ ശ്രമിച്ചത്. സാമൂഹ്യ താല്പര്യങ്ങള്‍ക്കു വിരുദ്ധമാകാതെയുള്ള വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുന്നവരുടെ കൂട്ടായ്മ വ്യക്തിയുടെയും രാജ്യത്തിന്റെയും പുരോഗതി ഉറപ്പാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. വ്യക്തി ജാതിവിവേചന ചിന്തയില്‍ നിന്നും മത-വര്‍ഗ്ഗ വിദ്വേഷങ്ങളില്‍ നിന്നും വിമുക്തമാകണമെന്നു ശങ്കര്‍ ആഗ്രഹിച്ചിരുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കലാപത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അദ്ദേഹം എതിര്‍ത്തു. മികവാര്‍ന്നതും സമൂഹത്തിനു പ്രയോജനം നല്‍കുന്നതുമായ അനേകം കര്‍മ്മ മേഖലകളില്‍ കൂടി ശങ്കര്‍ കടന്നു പോകുന്നുണ്ട്. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുന്ന ഒരു ശരാശരി രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല ആര്‍. ശങ്കര്‍. പ്രത്യേക സ്ഥാനമാനങ്ങള്‍ ഇല്ലാതെ തന്നെ കര്‍മ്മനിരതനാകുന്ന ശങ്കറിനെയാണു നാം പലപ്പോഴും കാണുന്നത്. മലയാളത്തില്‍ ആദ്യമായി ഒരു റഫറന്‍സ് ഗ്രന്ഥം (ഇയര്‍ബുക്ക്) 1958-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ദിനമണി എന്ന പത്രം 1954-ല്‍ തുടങ്ങിയതു ഏകദേശം 12 വര്‍ഷക്കാലം പ്രസിദ്ധീകരിച്ചു. ആര്‍. ശങ്കര്‍ ഏറ്റവും മികച്ച ഈവന്റ് മാനേജര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രണ്ടു ചരിത്ര സംഭവങ്ങളായിരുന്നു 1953-ലെ എസ്.എന്‍.ഡി.പി യോഗത്തിന്റെ 50-ാം വാര്‍ഷികവും 1967-ല്‍ വര്‍ക്കല ശിവഗിരിയില്‍ നടന്ന ശ്രീനാരായണ ഗുരു പ്രതിമ പ്രതിഷ്ഠാ മഹോത്സവവും.
”അന്യനുവേണ്ടി പകലും രാത്രിയും സദാ നല്ല കാര്യം സ്വാര്‍ത്ഥമോഹം വെടിഞ്ഞു ജ്ഞാനിയായ മഹാത്മാവ് ചെയ്യുന്നു. അജ്ഞാനിയായ സ്വര്‍ത്ഥമോഹി ഭേദചിന്ത കൊണ്ടു സങ്കുചിത ഹൃദയനായി സ്വന്തം ഭൗതിക കാര്യങ്ങള്‍ സാധിക്കാന്‍ വേണ്ടി മാത്രം കര്‍മ്മം ചെയ്തു ഒടുവില്‍ ദുഃഖിക്കുന്നു” എന്നാണു ഗുരുവരുള്‍.
അതനുസരിച്ച് നിസ്വാര്‍ത്ഥനായി കേരള സമൂഹത്തെയും ഈഴവ സമുദായത്തെയും പുരോഗതിയിലേക്കു നയിച്ച സൂര്യതേജസ്സായിരുന്നു ആര്‍. ശങ്കര്‍. അദ്ദേഹത്തിന്റെ നേതൃത്വപാടവം, ഭരണനൈപുണ്യം തുടങ്ങിയവ അനുഭവിച്ചറിഞ്ഞവരില്‍ ചിലര്‍ നട്ടെല്ലു വളയാത്ത ഈ പ്രതിഭാശാലിയെ സാമുദായിക – രാഷ്ട്രീയ മേഖലകളില്‍ തിളങ്ങുവാന്‍ തുടര്‍ന്നു അനുവദിക്കുന്നത് തങ്ങളുടെ അധികാര മോഹങ്ങള്‍ക്കു തടസ്സമാകുമെന്നു ഭയപ്പെട്ടു. ഒരു പാര്‍ട്ടിതന്നെ പിളര്‍ത്തി ശങ്കര്‍ക്കെതിരെ അവര്‍ അവിശ്വാസം രേഖപ്പെടുത്തിഅധികാരത്തില്‍ നിന്നും പുറത്താക്കി. വീണ്ടും തിരഞ്ഞെടുക്കപ്പെടാതിരിക്കാനുള്ള കുതന്ത്രങ്ങള്‍ ഉപയോഗിച്ചു.
സങ്കുചിതമായ പ്രാദേശിക രാഷ്ട്രീയം ശങ്കര്‍ക്കു പുറം തിരിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ ദേശീയ നേതൃത്വം ശങ്കറിനെ ദേശീയ ഫൈനാന്‍സ് കമ്മീഷന്‍ ചെയര്‍മാനാക്കാനാണു തീരുമാനിച്ചത്. പക്ഷെ അസൂയയും പകയും നിറഞ്ഞ കീടങ്ങള്‍ ശങ്കര്‍ക്കെതിരെ പരാതിക്കത്തുകള്‍ അയച്ചപ്പോള്‍ ആ തീരുമാനം മാറ്റപ്പെട്ടു.
പുതുമഴയത്തു ചെറിയൊരാരവത്തോടെ വെളിച്ചത്തിനടുത്തേക്കു പറന്നടുക്കുന്ന ഈയാംപാറ്റകളായിരുന്നു ശങ്കറിനു ചുറ്റും കൂടിയ വിമര്‍ശകര്‍. നിമിഷങ്ങള്‍ക്കകം ചിറകറ്റ് മൃതരായി ചരിത്രത്തില്‍ വിസ്മൃതരായ ഈയാംപാറ്റകള്‍. പക്ഷേ വെളിച്ചം അതിന്റെ ധര്‍മ്മം നിറവേറ്റും.
ആര്‍. ശങ്കര്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം മാതൃകയായി സ്വീകരിച്ചു അനേകം ശങ്കര്‍മാര്‍ സമുദായത്തില്‍ നിന്നും ഇനിയും ഉണ്ടാകണം. ശങ്കര്‍ പറഞ്ഞതുപോലെ ”അവസരത്തിനൊത്ത കഴിവുള്ളവരാകണം” അവര്‍.