ജാതിരഹിത സമത്വം എവിടെയാണ്?

പേരിനൊപ്പം നമ്പൂതിരി എന്ന വാൽ ഉണ്ടെങ്കിൽ ജന്മബ്രാഹ്മണനല്ലാത്ത അയ്യപ്പനെ പൂജിക്കാൻ യോഗ്യതയാകും.പ്രബുദ്ധ വിപ്ലവ പുരോഗമന സർക്കാരിനു പോലും ഈ ജാതിരോഗത്തിൻ്റെ വേര് അറുക്കുവാൻ കഴിയില്ല. ഈ നൂറ്റാണ്ടിലും ഇത്തരം അസംബന്ധങ്ങൾ കൊണ്ട് ധർമ്മത്തെയും പൊതുജനത്തേയും, വിദ്യാഭ്യാസത്തേയും അവഹേളിക്കുന്ന ആചാരങ്ങൾ ഉയർന്നവരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ എഴുതിയുണ്ടാക്കിയതാണ്.

ഭാരതം അതിന്റെ അനശ്വര പാരമ്പര്യം കാത്തു സൂക്ഷിക്കുന്നത് നൂറ്റാണ്ടുകൾക്കു മുമ്പേ ഉണ്ടായിരുന്ന വേദത്തിന്റെ യുക്തിഭദ്രമായ താത്വീകസിദ്ധാന്തത്താലും ബ്രഹ്മജ്ഞാനികളായ ഗുരു പരമ്പരകളാലുമാണ്. ആര്യന്മാർ കൊണ്ടുവന്ന ഹിന്ദുമതത്തിനും മുൻപേ അനാര്യവും ദ്രാവിഡവുമായ പുരോഗതി പ്രാപിച്ച നാഗരീകത ഇവിടെയുണ്ടായിരുന്നുവെന്നു ചരിത്രം പറയുന്നു. കേരളത്തിലേക്ക് വരുമ്പോൾ നമ്മുടെ ഇന്നു കാണുന്ന ക്ഷേത്രങ്ങൾ ജൈന ബുദ്ധ നിർമ്മിതികളായിരിക്കാം. അവരെ ഓടിച്ചു ക്ഷേത്രം ഹിന്ദുക്കൾ പിടിച്ചെടുത്തതാവും.

ജാതിയിൽ മുന്നിലോ മദ്ധ്യത്തിലോ ആയിരുന്ന , ഇന്ന് പിന്നാക്കമെന്നു വിചാരിക്കുന്ന ഒരു ഭൂരിപക്ഷ ജനത അന്ന് കേരളത്തിൽ അറിവിലും വ്യവസായത്തിലും. വൈദ്യത്തിലും മുന്നിലുണ്ടായിരുന്നു. ബ്രാഹ്മണ ഹിന്ദുക്കളുടെ വരവും അവരെ അനുസരിച്ച കേരളം ഭരിച്ച ബോധമില്ലാത്ത രാജാക്കന്മാരും ചേർന്ന് ബഹുഭൂരിപക്ഷം വരുന്ന ജനതയെ ചവിട്ടിയരച്ചപ്പോൾ ആ മനുഷ്യർ മതം മാറി പോകുകയുണ്ടായി.

ശ്രീനാരായണ ഗുരുവിന്റെ കാലഘട്ടത്തിൽ സനാതനമായ നമ്മുടെ ധർമ്മശാസ്ത്രത്തെ ഗുരു ശുദ്ധ ഹിന്ദു മതമെന്ന് വിശേഷിപ്പിക്കുകയും ഈഴവരെ മതം മാറ്റാതെ തടയുകയും ചെയ്തു. അപ്പോഴും രാജാധികാരം ഉപയോഗിച്ച് ദ്രാവിഡ ദൈവങ്ങളെപ്പോലും ബ്രാഹ്മണർ തങ്ങളുടെ അധീനതയിൽ കൊണ്ടുവന്നിരുന്നു.
കേരളത്തിന്റെ ഭൗതീകവും ആത്മീയവുമായ മണ്ഡലങ്ങളെ ഗുരു പരിഷ്ക്കരിക്കുകയും പുരോഗതിയുടെ പ്രായോഗികതയിലേക്ക് കേരളത്തെ നയിക്കയും ചെയ്തിരുന്നു. കേവലം ആത്മമോചനോപായം എന്ന നിലയിൽ വേദങ്ങളേയും ഉപനിഷത്തുക്കളേയും യാജ്ഞവൽക്യസ്മൃതിയെ പിൻപറ്റിയ ശങ്കരാചാര്യരും ഉപയോഗിച്ചുള്ളു.

സാമൂഹ്യ വീക്ഷണത്തിൽ ജാതി വ്യത്യാസം അംഗീകരിച്ച ശങ്കരന്റെ തെറ്റ് ഗുരുവിന് പറ്റാതിരുന്നത് ശങ്കരനേക്കാൾ ഒരുപടി മുകളിൽ ഗുരു മനുഷ്യനെ പ്രതിഷ്ഠിച്ചതുകൊണ്ടാണ്. അദ്വൈതത്തിൽ ശങ്കരനും ഗുരുവും ഒരേ പാതയിലായിരുന്നെങ്കിലും സാമൂഹ്യദർശനത്തിൽ ശങ്കരന് തെറ്റുപറ്റിയെന്ന ഗുരുവിന്റെ നിരീക്ഷണം നാം ചർച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്.
ബ്രാഹ്മണർ കൊണ്ടുവന്ന നാലു വർണ്ണത്തെ ഗുരുവീക്ഷിച്ചത് ഇപ്രകാരമായിരുന്നു. വർണ്ണമെന്നാൽ അറിവ് എന്നാണർത്ഥം. അപ്പോൾ സവർണ്ണൻ എന്നാൽ അറിവുള്ളവൻ. അവർണ്ണനെന്നാൽ അറിവില്ലാത്തവൻ. ഇങ്ങനെ നോക്കിയാൽ അറിവുള്ളവനും അറിവില്ലാത്തവനും എന്ന രണ്ടു വിഭാഗമേയുള്ളു. പിന്നെ മരം പൊട്ടി മുളയ്ക്കും പോലാണോ ബ്രഹ്മാവിന്റെ ദേഹത്തു നിന്ന് നാലു വർണ്ണങ്ങൾ ഉണ്ടായത്? എന്നും കൂടി ഗുരു ഹാസ്യമായി ചോദിക്കുന്നു.

ബ്രാഹ്മണന്റെ കുട്ടിയെ പ്രസവിക്കുന്നത് ശ്രേഷ്ഠവും പുണ്യവുമെന്ന് അവർ വിശ്വസിപ്പിച്ചത് അങ്ങനെ വിഴുങ്ങിയും ഇന്നും ഈ എ ഐ യുഗത്തിലും ബ്രാഹ്മണ പേടിയുമായി ജനാധിപത്യ ഭരണകൂടം പോലും നിന്നു വിറയ്ക്കുമ്പോൾ ദൈവമല്ല ദൈവത്തെ സൃഷ്ടിച്ചവരെ പേടിക്കുന്ന ആധുനിക പുരോഗമന വിപ്ലവ വീര്യമേ നമസ്ക്കാരം.ഇത്രയും ഇവിടെ കുറിക്കാൻ കാരണംകഴിഞ്ഞ ദിവസം ശബരിമല പൂജാരിമാരെ നമ്പൂതിരി സമുദായത്തിൽ നിന്ന് തിരഞ്ഞെടുത്തതു കണ്ടിട്ടാണ്.

നമ്മൾക്ക് എന്നാണ് നേരം വെളുക്കുന്നത്. ശരീരവും മനസ്സും പ്രായം കൊണ്ട് തളർന്നവരും ബുദ്ധി വളർച്ചയില്ലാത്തവരും ഈ അസംബന്ധം അറിഞ്ഞതായി നടിക്കില്ല -കാരണം എല്ലാവർക്കും ദൈവത്തെ അല്ലങ്കിൽ ദൈവത്തെ സൃഷ്ടിച്ചവരെ ഭയമാണ്. അടിസ്ഥാന കാരണം ഭയം. രാജവും, ജനപ്രതിനിധികളും ഭയപ്പെടുന്നു. ആരെ? എന്തിന്?

കീഴ് ജാതി, മേൽജാതി, ഉയർന്ന ജാതി, താഴ്‌ന്ന ജാതി, സവർണ്ണൻ ‘അവർണ്ണൻ, മുന്നാക്കക്കാരൻ, പിന്നാക്കക്കാരൻ, പിന്നെ ദളിതൻ ഇത്തരം അയുക്തികവും, ശാസ്ത്ര വിരുദ്ധവും, മാനുഷീകമല്ലാത്തതുമായ വേർതിരിവുകൾ മനുഷ്യരുടെ ഇടയിൽ പല പ്രകാരത്തിൽ നിലനിർത്തി അതിന്റെ നേട്ടം അനുഭവിക്കുന്ന കുബുദ്ധികളായ ബ്രാഹ്മണ ജാതിയെന്നഭിമാനിക്കുന്ന ഒരു വിഭാഗം ഇന്ത്യയും ഇന്ത്യൻ രാഷ്ട്രീയവും നിയന്ത്രിക്കുമ്പോൾ നീതിക്കായ് സമത്വത്തിനായ് മനുഷ്യനിർമ്മിതിക്കായ് ബഹു ഭൂരിപക്ഷം വരുന്നവർ എവിടെ പോകും?
കഷ്ടം, പേരിനൊപ്പം നമ്പൂതിരി എന്ന വാൽ ഉണ്ടെങ്കിൽ ജന്മബ്രാഹ്മണനല്ലാത്ത അയ്യപ്പനെ പൂജിക്കാൻ യോഗ്യതയാകും.പ്രബുദ്ധ വിപ്ലവ പുരോഗമന സർക്കാരിനു പോലും ഈ ജാതിരോഗത്തിന്റെ വേര് അറുക്കുവാൻ കഴിയില്ല. ഈ നൂറ്റാണ്ടിലും ഇത്തരം അസംബന്ധങ്ങൾ കൊണ്ട് ധർമ്മത്തെയും പൊതുജനത്തേയും, വിദ്യാഭ്യാസത്തേയും അവഹേളിക്കുന്ന ആചാരങ്ങൾ ഉയർന്നവരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ എഴുതിയുണ്ടാക്കിയതാണ്.
ഗുരുവിന്റെ ജാതിയില്ലാ വിളംബരം ഏറ്റെടുത്ത് ആഘോഷിച്ചവർ വായ പൊത്തി, സവർണ്ണർ ഭരിക്കുന്ന ദേവസ്വം ബോർഡിലെ വാലുള്ളവരുടെ മുന്നിൽ നിശബ്ദരായ് നിൽക്കുന്ന ദയനീയത
ശബരിമലയിൽ രണ്ടു നമ്പൂതിരിമാരെ നറുക്കിട്ടെടുത്തുവെന്ന വാർത്തകണ്ടപ്പോൾ തോന്നിയതാണ്. നമ്മുടെ ഇന്ത്യൻ ഭരണഘടന പറയുന്ന ജാതിരഹിത സമത്വം എവിടെയാണ്?
ജാതിയില്ലെന്നും ജാതിപ്പേരുകൾ സൂചിപ്പിക്കരുതെന്നും അരുളിയ ഗുരുവിനെ ഉയർത്തിപ്പിടിക്കുന്നത് അവിടുത്തെ ഉത്കൃഷ്ടമായ ചിന്തകളോടുള്ള ആദരവു കൊണ്ടാണോ അതോ അവിടുത്തെ പരമ ദൈവമായി കാണുന്നവരുടെ വോട്ടിനു വേണ്ടിയാണോ ?
നാം പുരോഗതിയുടെയും കണ്ടു പിടുത്തങ്ങളുടേയും എ ഐ യുഗത്തിലേക്ക് പദമൂന്നിയിട്ടും ,കേവലം ബൗദ്ധമായ (ബുദ്ധമത) ശബരിമലയിലെ ദേവസങ്കല്‌പത്തെ നൂലണിയിച്ച ചരിത്രം വ്യക്തമായിരിക്കേ ,ഈ നൂലിട്ട നറുക്കെടുപ്പുകളും നൂലുള്ളവരുടെ മുന്നിലെ വിധേയത്വവും വലിച്ചു ദൂരെയെറിയാനുള്ള ആർജ്ജവം അധികാരികൾക്കുണ്ടാവണം.എങ്കിലെ പുതുതലമുറ മനുഷ്യരായി വളരുകയുള്ളു.
വേദങ്ങൾ സൃഷ്ടിച്ച ഋഷിമാരും ലോകത്തെ വിശിഷ്ട സംസ്ക്കാരം സനാതനമാണെന്നു പറയുന്നവരും, അറിവിൽ രമിക്കുന്നവരാണ് ഭാരതീയർ എന്നു പറയുന്നവരും നന്നായി ആലോചിക്കണം. കേവലം ഒരു ശിലാവിഗ്രഹത്തിലുള്ള വിശ്വാസത്തിന്റെ പേരിൽ കോടികൾ വരുമാനമുള്ള ശബരിമല നാനാജാതി മതസ്ഥരുടെ സാംസ്ക്കാരികമാതൃകയെന്നു വിശേഷിപ്പിക്കുന്ന ഇടം – ഇവിടെ ഇതിനെല്ലാം വിപരീതമായി ജാതി നോക്കി മാത്രം പൂജകരെ നീയമിക്കുന്ന ദാരിദ്ര്യം എത്ര അപചയമാണ്. ഭാരതത്തിലോ കേരളത്തിലോ പാരമ്പര്യവേരുകളില്ലാത്ത പൗരോഹിത്യ സൃഷ്ടമായ ജാതി ഉണ്ടാക്കിയതും രാജാക്കന്മാരെ കൊണ്ട് നടപ്പിലാക്കിയതുമായ അധ:കൃത ദേവതാ ആരാധനാ അധികാരത്തെ ജനാധിപത്യ സർക്കാർ വന്നിട്ടു പോലും മാറ്റാൻ ധൈര്യമില്ലാത്ത ഈ പൗരോഹിത്യ പേടി.എത്ര ശക്തമാണ്.
മാറ്റിക്കൂടെ ഈ വൃത്തികെട്ട കേരള നമ്പൂതിരി നറുക്കെടുപ്പ്: പുതു തലമുറയെങ്കിലും മനുഷ്യരെക്കണ്ടു വളരട്ടെ.
വേദത്തിലെ മഹാ വാക്യമായ “തത്ത്വം അസി” എന്ന് എഴുതി വച്ചിട്ട് അവിടെ പുഴുത്തു നാറിയ ജാതി മാനദണ്ഡം പാലിക്കുന്ന സൂക്ഷിക്കുന്ന വേദ വിരുദ്ധമായ ആചാരം സംരക്ഷിക്കുന്ന ഇടമായാൽ എന്താ അർത്ഥം?
നൂലിട്ടവർക്കും വെളിവുണ്ടെങ്കിൽ ആലോചിക്കാം മറ്റ് മനുഷ്യർക്കില്ലാത്ത എന്തുപ്രത്യേകതയാണ് തങ്ങൾക്കെന്ന്.
തന്ത്രം പഠിച്ച ആർക്കും പൂജിക്കാം, യോഗ്യത ജാത്യടിസ്ഥാനത്തിലാകരുത് .പുരോഗമന ഭാരതത്തിന്റെ അതിപ്രാചീന വിശിഷ്ട കണ്ടെത്തലാണ് അദ്വൈതം. എന്നാൽ ഒരു കല്ലിനെ അയ്യപ്പനായി സങ്കല്പിച്ച് അതിന് ആചാരത്തിന്റെ മാറാല ചാർത്തിഅതിൽ ജാതിയതയുടെ പുഴുത്ത ആധുനികതയെ പുതപ്പിച്ച് ഹിന്ദുവെന്ന ചിന്താശൂന്യരായ ബഹു ഭൂരിപക്ഷത്തെ പറ്റിക്കുന്ന ദേവസ്വം ബോർഡിന്റെ ഈ നടപടി ഇനിയെങ്കിലും നിർത്തരുതോ.പുതു തലമുറയിലെ കുഞ്ഞുങ്ങൾക്ക് അവരുടെ ജീവിതത്തിൽ അല്പം മാനുഷീകതയുടെ വെളിച്ചമെങ്കിലും ഈ അമ്പലങ്ങളിലൂടെ ലഭിക്കട്ടെ.

Author

Scroll to top
Close
Browse Categories