ബിഗ് സല്യൂട്ട്, റെഡ് സല്യൂട്ട്
സീതാറാം യെച്ചൂരി (1952-2024)
ജനഹൃദയത്തെ തൊട്ടറിയാന്‍ കഴിവുള്ള ഒരു നേതാവ് കൂടി വിടപറഞ്ഞു. സൗമ്യമുഖവും ഉറച്ച നിലപാടുകളുമുള്ള പോരാളിയായിരുന്നു സീതാറാം യെച്ചൂരി. എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും സൗഹൃദം. ഒരിക്കലും വരട്ടുതത്വവാദിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല സീതാറാം യെച്ചൂരി. പ്രസ്ഥാനത്തിന് അദ്ദേഹം യൗവ്വനശോഭ പകര്‍ന്നു.
1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം യെച്ചൂരിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്നാണ് ഇന്ദിരാഗാന്ധി ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പദവി രാജിവെച്ചത്. രാജി ആവശ്യം ഉന്നയിച്ച് തന്റെ വീട്ടിലേക്ക് പ്രകടനമായി എത്തിയ ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇന്ദിരാഗാന്ധി ഇറങ്ങി ചെന്നിരുന്നു. ഇന്ദിരയെ സാക്ഷിയാക്കി യെച്ചൂരി പ്രതീകാത്മക കുറ്റപത്രം വായിച്ചു. 1977-78ല്‍ ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനായിരുന്നു യെച്ചൂരി.
1996ല്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കി ബഹുകക്ഷി സര്‍ക്കാരുണ്ടാക്കാനുള്ള കരുനീക്കങ്ങള്‍ക്ക് ഹര്‍കിഷന്‍ സുര്‍ജിത്തിനൊപ്പം ചുക്കാന്‍ പിടിച്ചത് യെച്ചൂരിയായിരുന്നു. പാര്‍ട്ടിയിലെ വലിയ വിഭാഗം എതിര്‍ത്തതുകൊണ്ട് അത് നടക്കാതെ പോയി. ‘ചരിത്രപരമായ മണ്ടത്തരം’ എന്ന് ജ്യോതിബസു തന്നെ പിന്നീട് ആ പാര്‍ട്ടി തീരുമാനത്തെ വിശേഷിപ്പിച്ചത് ചരിത്രം. 2004ല്‍ യു.പി.എ. സഖ്യഗവണ്‍മെന്റ് ഉണ്ടാക്കാന്‍ മുന്‍കൈയെടുത്തു യെച്ചൂരി. 2008ല്‍ ഇന്ത്യ-യു.എസ്. ആണവ കരാറിന്റെ പേരില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിന് യെച്ചൂരി എതിരായിരുന്നു. എങ്കിലും കടുംപിടിത്തം കാണിക്കാതെ പാർട്ടി തീരുമാനത്തിന് വഴങ്ങി.
1992ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സി.പി.എമ്മിന് പ്രത്യയശാസ്ത്ര രേഖ തയ്യാറാക്കിയത് യെച്ചൂരിയാണ്. 2005 മുതല്‍ 2018 വരെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം.
ഇ.എം.എസ്., എ.കെ.ജി., സുന്ദരയ്യ എന്നിവരുടെ കാലഘട്ടത്തിലാണ് യെച്ചൂരിയുടെ രാഷ്‌ട്രീയ ജീവിതം തുടങ്ങിയത്. ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, തെലുങ്ക് ഭാഷകള്‍ നന്നായി വഴങ്ങുമായിരുന്നു യെച്ചൂരിക്ക്.
നരസിംഹറാവുവും മന്‍മോഹന്‍സിംഗും പ്രധാനമന്ത്രിയായിരുന്ന കാലത്ത് കാതലായ നയതന്ത്ര ചര്‍ച്ചകളില്‍ യെച്ചൂരിയെ പങ്കെടുപ്പിച്ചത് അവരുമായി ഉറ്റസൗഹൃദം പുലര്‍ത്തിയത് കൊണ്ടല്ല. മികച്ച നയതന്ത്ര വിശാരദനായതു കൊണ്ടു തന്നെയാണ്.
നേപ്പാളില്‍ ബീരേന്ദ്രരാജാവിനെതിരെ ഉയര്‍ന്ന പ്രക്ഷോഭം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ യെച്ചൂരിയെ ദൂതനായി അയച്ചു. 2009ല്‍ ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടന്ന കാലാവസ്ഥ ചര്‍ച്ചയിലും ഇന്ത്യയെ യെച്ചൂരി പ്രതിനിധീകരിച്ചു.
മാതൃകാ വിദ്യാര്‍ത്ഥി നേതാവ്, മികച്ച പാര്‍ലമെന്റംഗം, ഒന്നാന്തരം പ്രാസംഗികന്‍, എല്ലാ പാര്‍ട്ടികളിലും പെട്ടവരുടെ നല്ല സുഹൃത്ത് – എല്ലാമായിരുന്നു സീതാറാംയെച്ചൂരി. ദുഃശീലം ഒന്നേയുണ്ടായിരുന്നുള്ളു- നിര്‍ത്താതെയുള്ള പുകവലി. കോവിഡ് ബാധിച്ച് 34 കാരനായ മകന്‍ ആശിഷിന്റെ മരണം യെച്ചൂരിയെ മാനസികമായി വല്ലാതെ തളര്‍ത്തി. പത്രപ്രവര്‍ത്തകനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായിരുന്നു ആശിഷ്.
ഭാര്യ: സീമ ചിസ്തി,
മറ്റ് മക്കള്‍ : ഡോ. അഖില, ഡാനിഷ്.
പ്രസ്ഥാനത്തിന് വേണ്ടി ജീവിതം
- 1952 ആഗസ്റ്റ് 12ന് മദ്രാസില്‍ ജനനം
- 1974ല്‍ എസ്.എഫ്.ഐയില്‍
- 1984–1986 എസ്.എഫ്.ഐ. അഖിലേന്ത്യാ അദ്ധ്യക്ഷന്‍.
- 1985ല്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയില്‍
- 1989ല്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം
- 1992ല്‍ പൊളിറ്റ്ബ്യൂറോ അംഗം
- 2015ല്‍ ജനറല്‍ സെക്രട്ടറി
- 2018ല്‍ ജനറല്‍ സെക്രട്ടറി പദത്തില്‍ രണ്ടാമൂഴം,
2022ല്‍ മൂന്നാമൂഴം. - 2005–2017 രാജ്യസഭാംഗം (രണ്ട് ടേം)
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ കാക്കി നാഡയിലാണ് വേരുകളെങ്കിലും ജനനം മദ്രാസില്‍, പഠനം മദ്രാസിലും ഡല്‍ഹിയിലും. ഡല്‍ഹിയിലെ പ്രസിഡന്റ് എസ്റ്റേറ്റ് സ്‌കൂളില്‍ നിന്ന് സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ ജയിച്ചത് രാജ്യത്ത് ഒന്നാമനായി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബി.എ. ഓണേഴ്‌സും, ജെ.എന്‍.യു. വില്‍ നിന്ന് എം.എ. എക്കണോമിക്‌സും ഒന്നാം ക്ലാസോടെ വിജയം.
സീതാറാം അമര്‍ രഹേ, തുച്‌മേ, മുച്‌മേ
സംഘര്‍ഷോം മേ സിന്ദാഹേ” യെച്ചൂരിയുടെ അന്ത്യയാത്രയില്‍ പ്രവര്‍ത്തകര്‍ ഉറക്കെ പറഞ്ഞു. അതെ സീതാറാം മരിക്കുന്നില്ല. നിങ്ങളില്‍ നമ്മളില്‍ സമരങ്ങളിലൂടെ ജീവിക്കും.