അവാർഡുകളുടെ വലിയ രക്തസാക്ഷി
വേദിയില്‍ നിറയെ ഉണ്ടായിരുന്ന മുതിര്‍ന്ന തലമുറക്കാരായ എഴുത്തുകാരേയും നിരൂപകരേയും പത്രാധിപന്മാരേയുമൊക്കെ ഉന്നമാക്കി ബാലചന്ദ്രന്ചുള്ളിക്കാട് പതിവുപോലെ നിര്‍ദാക്ഷിണ്യം ഒളിയമ്പുകള്‍ എയ്തുവിടുകയും ഒപ്പം ”ഞാനോ ബാബുവോ ഒരു കാലത്തും അക്കാദമി അവാര്‍ഡുകള്‍ക്ക് കൈനീട്ടുകയില്ല”യെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വളരെ നേരം നീണ്ടു നിന്ന കയ്യടികളോടെയാണ് സദസ് ആ പ്രസ്താവത്തെ എതിരേറ്റത്.
എന്നാല്‍ ഞാന്‍ അനുകൂലിച്ചോ പ്രതികൂലിച്ചോ മറുപടി പറയാതെ പറഞ്ഞത് ”എനിക്ക് അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ അത് സ്വീകരിക്കുന്നതാണോ നിരാകരിക്കുന്നതാണോ കൂടുതല്‍ ലാഭകരമെന്നു ചിന്തിച്ച് പ്രവര്‍ത്തിക്കും. കാരണം ഞാന്‍ കോട്ടയംകാരന് അച്ചായനാണല്ലോ….”
മുട്ടത്ത് വര്‍ക്കി അവാര്‍ഡ് അദ്ദേഹത്തിന്റെയും മറ്റ് ബന്ധുമിത്രാദികളുടെയും ഒരു മധുരപ്രതികാരം കൂടിയാവാം. ആയതിനാല്‍ അതിനെ വിമര്‍ശിക്കാനാവില്ല എന്ന അഭിപ്രായം മുമ്പൊരിക്കല്‍ ഞാന്‍ രേഖപ്പെടുത്തിയിരുന്നു. അവാര്‍ഡുകളുടെ കാര്യത്തില്‍ എന്റെ വ്യക്തിപരമായ പാട്ടിലേക്കുള്ള വ്യക്തമായൊരു സൂചനയാണത്. അനുവാചകനു ശരിയായൊരു ദിശാബോധം വരുന്ന ഒന്നായി ഒരു അവാര്‍ഡിനേയും പരിഗണിക്കേണ്ടതില്ല. അത് വിധിതീര്‍പ്പിനുള്ള അവകാശം ഓരോ അനുവാചകനും മാത്രമുള്ളതുകൊണ്ട് അവാര്‍ഡുകള്‍ കലാ സാഹിത്യ രംഗങ്ങളിലെ ഒരു ആരോപണങ്ങള്‍ മാത്രമാണെന്നു പറയുന്നവരോടും വിയോജിക്കാനാവില്ല.
പുരസ്കാരവിവാദങ്ങള് ഒരു കാര്യമൊന്നുമല്ല. ‘യോഗനാദ’ത്തില്‍ ഈ ചര്‍ച്ച തുടങ്ങി വെച്ച കെ. സജീവ്കുമാര്‍ എന്ന യുവ എഴുത്തുകാരന്റെ ക്ഷുഭിത യൗവ്വനത്തെ ഏറെ ആദരിക്കുന്ന ഒരാളാണു ഞാന്‍ – ഇവിടെ സജീവിന്റെ വാദഗതികള്‍ക്കും തുടര്‍ന്നു വന്ന അഡ്വ. ജയശങ്കറിന്റെ വിരല്‍ ചൂണ്ടലുകള്ക്കും ഒറ്റ വാക്കുകള്‍ ഓതുവാനല്ല അനുബന്ധ വചസുകളും ചില വ്യക്തതകളും സമര്‍പ്പിക്കാനാണ് ഞാന്‍ താല്പര്യപ്പെടുന്നത്.
അഡ്വക്കേറ്റ് ജയശങ്കര്‍ മലയാള നാടിന് വലിയൊരു വരദാനമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സര്‍ഗ്ഗാത്മക, സാഹിത്യ, കലാരംഗങ്ങളില്‍ നില്‍ക്കുന്നവരും അധികാര രാഷ്ട്രീയരംഗങ്ങളില്‍ നില്‍ക്കുന്നവരും മാധ്യമരംഗത്ത് നില്ക്കുന്നവരുമൊക്കെ പാലിക്കേണ്ട ചില മര്യാദകള്‍ മറക്കുകയും ധര്‍മ്മ കര്മ്മച്യുതികള്ക്ക് വിധേയപ്പെടുകയും ചെയ്യുമ്പോള്‍ ആയതില്‍ യാതൊന്നിലും ഉള്‍പ്പെടാതെ ജയശങ്കറിനെപ്പോലുള്ള ചിലര്‍ പല കാലത്തും അവതരിക്കാറുണ്ട്. അവാര്‍ഡുകള്‍ അടയാളപ്പെടുത്തുന്നത് മുഖ്യമായും അത് കൊടുക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള ബന്ധത്തെയാണ്. അവിടെ മറ്റ് അര്ഹാര്ഹതകള്ക്ക് വലിയ പ്രസക്തിയൊന്നുമില്ല.
അവാര്‍ഡുകളും പുരസ്കാരങ്ങളുമൊക്കെ രണ്ടുതരത്തില്‍ വേര്‍തിരിക്കാന്‍ സാധിക്കുന്നവയാണ്. ആയതില്‍ ആദ്യവിഭാഗം, സര്‍ക്കാര്‍ എന്ന ‘പൊതുജനം’ നേരിട്ട് നല്‍കുന്നതും ഒപ്പം ബഹുജനസഹകരണത്തോടെ പിരിച്ചെടുത്ത് ഫണ്ട് സ്വരൂപിച്ച് ട്രസ്റ്റുകളുണ്ടാക്കി കമ്മിറ്റികളെ നിയമിച്ച് നല്കുന്നതുമൊക്കെയാണ്. രണ്ടാമത്തെ വിഭാഗം അവാര്‍ഡുകളെ നമുക്ക് സ്വകാര്യ പ്രസ്ഥാന പുരസ്കാരങ്ങള്‍ എന്ന് വേറിട്ട തലത്തില്‍ നോക്കിക്കാണാവുന്നവയാണ്. ജീവിച്ചിരിക്കുന്നവരുടെയോ യശ:ശരീരരായവരുടെയോ സ്മരണ നിലനിര്‍ത്തുവാന്‍ അവരുടെ മക്കളോ മറ്റ് പിന്ഗാമികളോ ബന്ധുമിത്രാദികളോ ആരാധകരോ ആയവരൊക്കെ ഏര്‍പ്പെടുത്തുന്നവയാണ് സ്വകാര്യ പുരസ്കാരങ്ങള്‍.
ഒരുവന് അവന്റെ ബന്ധുവിനെയോ സുഹൃത്തിനെയോ മറ്റ് ഏതെങ്കിലും തരത്തില്‍ വേണ്ടപ്പെട്ടവനെയോ ആദരിക്കുന്നിടത്തേക്കോ പ്രോത്സാഹിപ്പിക്കുന്നിടത്തോ മറ്റുള്ളവര്‍ക്ക് പോകാനോ പോകാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്. ടി സ്വാതന്ത്ര്യം തീരുമാനിച്ച് ഉറപ്പിക്കേണ്ടത് അവരവര്‍ തന്നെയാണ്. ആവക ഇടങ്ങളെപ്പറ്റിയുള്ള അഭിപ്രായ പ്രകടനങ്ങളും മറ്റ് പ്രതികരണങ്ങളുമൊക്കെ ഈവിധം ആപേക്ഷികം തന്നെയാണ്. കാരണം എഴുത്തുകാരും പൊതുജനപ്രവര്ത്തകരും പ്രതിനിധികളുമൊക്കെ അവരവരുടെ കാലം കഴിഞ്ഞാല്‍ മക്കള്‍ക്കും പിന്ഗാമികള്ക്കും പോലും അവകാശപ്പെടാനാവാത്തവിധം പൊതുസ്വത്തുക്കള്‍ കൂടിയാണല്ലോ എന്നൊരു ന്യായവാദത്തിനും പ്രസക്തിയുണ്ട്. മേല്‍ ചൊന്ന ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന അവാര്‍ഡുകളാണ് സര്‍ക്കാര്‍ അവാര്‍ഡുകളും സര്‍ക്കാര്‍ വക അക്കാദമി പുരസ്കാരങ്ങളും ഒപ്പം പൊതുജന സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട വയലാര്‍ ട്രസ്റ്റ് പോലുള്ള പ്രസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും മറ്റും മറ്റും.എന്നാല്‍ മുട്ടത്ത് വര്‍ക്കി അവാര്‍ഡോ, പത്മപ്രഭാപുരസ്കാരമോ, കാക്കനാടന് പുരസ്കാരമോ, ജി. സ്മാരക അവാര്‍ഡോ, ഓടക്കുഴല്‍ പുരസ്കാരമോ തുടങ്ങിയവകളൊന്നും തന്നെ പൊതുജനത്തിന്റേതെന്ന് പറയാനാവില്ല.
ജനാധിപത്യമൂല്യങ്ങള്‍ കൈവിടാന്‍ പാടില്ലാത്തതും ആ വക ധര്‍മ്മങ്ങള്‍ക്ക് ഹാനി വരുത്തിയാല്‍ നിര്‍ദാക്ഷിണ്യം വിമര്ശനവിധേയമാക്കപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതും ആദ്യവിഭാഗ പുരസ്കാരങ്ങളെയാണ്. കാരണം ആയവയൊന്നും സ്വകാര്യ സംരംഭങ്ങളല്ല. നിര്‍ഭാഗ്യവശാല്‍ പൊതുസമൂഹ പുരസ്കാരങ്ങള്‍ മിക്കപ്പോഴും ‘അധികാരവര്‍ഗ്ഗ’സമൂഹത്തിന്റെ സ്ഥാപിത താല്പര്യങ്ങള്ക്കൊത്ത് ജനാധിപത്യവിരുദ്ധ സംരംഭങ്ങള്‍ പോലും വെച്ചു പുലര്‍ത്തുന്ന മര്യാദകളും ധാര്‍മ്മികതകളും കൈവിട്ടു കളയുന്നു.
അവാര്‍ഡുകളുടേയും അംഗീകാരങ്ങളുടെയും കാര്യത്തില്‍ ഏറ്റവും വലിയ രക്തസാക്ഷി ഞാന്‍ തന്നെയാണെന്ന് എനിക്ക് തോന്നുന്നു. ഇക്കാര്യത്തില്‍ ഞാന്‍ തികച്ചും നിര്മ്മലനാകയാല് എനിക്ക് ലേശവും നിരാശ തോന്നുന്നുമില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് ‘യൂഹാനോളൂവിസിന്റെ പ്രാവുകള്‍’ എന്ന എന്റെ കഥാ സമാഹാരത്തിന്റെ പ്രകാശനകര്‍മ്മം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചത് പ്രിയ സുഹൃത്തും രസന മാസിക കുടുംബാംഗവുമായ ഡോ. കെ.വി. തോമസാണ്. അക്കാലത്ത് മലയാളത്തില്‍ ജീവിച്ചിരുന്ന പല തലമുറക്കാരായ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ഒരു ഉത്സവം തന്നെയായിരുന്നു ആ പ്രമുക്തി കർമ്മം ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ് സാഹിത്യ സുഹൃത്തുക്കളും പൊതുജനങ്ങളും. വേദിയില്‍ നിറയെ ഉണ്ടായിരുന്ന മുതിര്‍ന്ന തലമുറക്കാരായ എഴുത്തുകാരേയും നിരൂപകരേയും പത്രാധിപന്മാരേയുമൊക്കെ ഉന്നമാക്കി ബാലചന്ദ്രന്ചുള്ളിക്കാട് പതിവുപോലെ നിര്‍ദാക്ഷിണ്യം ഒളിയമ്പുകള്‍ എയ്തുവിടുകയും ഒപ്പം ”ഞാനോ ബാബുവോ ഒരു കാലത്തും അക്കാദമി അവാര്‍ഡുകള്‍ക്ക് കൈനീട്ടുകയില്ല”യെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വളരെ നേരം നീണ്ടു നിന്ന കയ്യടികളോടെയാണ് സദസ് ആ പ്രസ്താവത്തെ എതിരേറ്റത്.
ഒടുവില്‍ ഞാന്‍ നടത്തിയ പ്രതിസ്പന്ദവേളയില് സദസ്സിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ എണീറ്റ് നിന്ന് എന്നോട് ചോദിച്ചു ബാലചന്ദ്രന്റെ അഭിപ്രായത്തോടു യോജിക്കുന്നുവോ എന്ന്. എന്നാല്‍ ഞാന്‍ അനുകൂലിച്ചോ പ്രതികൂലിച്ചോ മറുപടി പറയാതെ പറഞ്ഞത് ”എനിക്ക് അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ അത് സ്വീകരിക്കുന്നതാണോ നിരാകരിക്കുന്നതാണോ കൂടുതല്‍ ലാഭകരമെന്നു ചിന്തിച്ച് പ്രവര്‍ത്തിക്കും. കാരണം ഞാന്‍ കോട്ടയംകാരന് അച്ചായനാണല്ലോ….”
ജാതി മൂലവും, മതം മൂലവും, വിധേയ സ്വാഭവരാഹിത്യം മൂലവും, ഗ്രൂപ്പുകള്‍ മൂലവും സര്‍വ്വോപരി രാഷ്ട്രീയം മൂലവും എനിക്ക് അന്നും ഇന്നും ധാരാളമായുള്ളത് ശത്രുക്കളും അസൂയക്കാരുമാണ്. അത്തരക്കാരൊക്കെ അവാര്‍ഡ് കമ്മിറ്റികളിലിരുന്നുകൊണ്ട് എനിക്കെതിരെ ആദ്യം പ്രയോഗിക്കുന്ന ആയുധം മേല്പടി ‘ബാലസൂക്ത’ത്തെ എന്റേതുകൂടി ആക്കുക എന്നതാണ്. എന്നാല്‍ ഡോ. കെ.എം. തരകന് അക്കാദമി പ്രസിഡന്റായിരിക്കുമ്പോള്‍ എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് ഏവരും വിശ്വസിച്ചിരുന്നു. ‘ചത്തവന്റെ സുവിശേഷം’ അക്കാദമിയുടെ മൂന്നുവര്‍ഷ പരിഗണനയിലും മുന്‍പന്തിയില്‍ത്തന്നെ ഉണ്ടായിരുന്നു. ആദ്യവര്‍ഷം അതിനെ തട്ടിക്കളഞ്ഞത് പുനത്തില്‍ കുഞ്ഞബ്ദുള്ള നേരിട്ട് ഇടപെട്ടുകൊണ്ടു തന്നെയാണ്. കുഞ്ഞബ്ദുള്ളയും, മുകുന്ദനും, സേതുവുമൊക്കെ തരകന് സാറിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരും സാക്ഷാല്‍ പോള്‍ മണലില്‍ തരകന് സാറിന്റെ കല്യാരുമായിരുന്നു.
കുഞ്ഞബ്ദുള്ളയും സേതുവും മുകുന്ദനുമൊക്കെ എന്നോട് ഏറെ സ്നേഹവാത്സല്യങ്ങള്‍ ഉള്ളവര്‍ തന്നെയായിരുന്നു. അക്കാലത്ത് പ്രായം കൊണ്ട് ഏറ്റവും താഴെയായിരുന്ന എനിക്ക് ഭാവിയില്‍ ധാരാളം അവസരമുണ്ടാകുമല്ലോ എന്ന് കുഞ്ഞിക്ക വാദിക്കുകയും തരകന് സാര്‍ അത് അംഗീകരിക്കുകയും ചെയ്തു. അക്കൊല്ലത്തെ അവാര്‍ഡ് ഒരു പത്രത്തിന്റെ സമിതിയംഗത്തിനു നല്കുകയുണ്ടായി. കുഞ്ഞബ്ദുള്ളയുടെയും മറ്റും വലിയ സുഹൃത്തായിരുന്നു ആ പത്രാധിപസമിതി അംഗം. കുഞ്ഞബ്ദുള്ള തന്നെയാണ് ഒരിക്കല്‍ എന്നോടു ഈ പാതക രഹസ്യം കുമ്പസാരിച്ചത്. അദ്ദേഹം ശരിക്കും നിഷ്കളങ്കന് തന്നെയായിരുന്നു.
കേരള സാഹിത്യ അക്കാദമിയുടെ പിന്നീടുള്ള തരക വര്‍ഷങ്ങള്‍ ഏറെ കലുഷമാക്കപ്പെട്ടിരുന്നു. എം.പി. നാരായണപിള്ള മൂലമുണ്ടായ കോലാഹലങ്ങളും മറ്റും അക്കാദമിയുടെ നിലവാരം കുറഞ്ഞ അദ്ധ്യായങ്ങളാണല്ലോ. പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയ എന്റെ എല്ലാ ഗ്രന്ഥങ്ങള്‍ക്കും സര്‍ക്കാര്‍ ബന്ധമില്ലാത്ത പല സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അവിടേയും ഉണങ്ങാത്ത മുറിവുകള്‍ പോലെ എനിക്ക് ഒന്നു രണ്ട് അനുഭവങ്ങളുണ്ട്, ഒരു കാലത്ത് മലയാളത്തില്‍ ഏറെ അംഗീകരിക്കപ്പെട്ട ഒരു പുരസ്കാരമായിരുന്നു പുത്തന്‍കാവില്‍ മാത്തരന്തരകന് ട്രസ്റ്റിനുവേണ്ടി തരകന് ഏര്‍പ്പെടുത്തിയിരുന്ന ‘വിശ്വദീപം’ അവാര്‍ഡ്. അത്യുന്നതരായ എഴുത്തുകാര്‍ക്ക് ആ പുരസ്കാരം നല്കപ്പെട്ടിരുന്നു.
മാത്തന്തരകന് ട്രസ്റ്റിന്റെ ഉപജ്ഞാതാവായ കെ.എം. തരകന് ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയോടൊപ്പം കോട്ടയത്ത് ബസ്സേലിയോസ് കോളേജിന്റെ ബില്‍ഡിംഗില്‍ നടന്ന ഒരു പ്രോഗ്രാം വേളയില്‍ എന്നെ പുറത്തേക്കു വിളിച്ചിറക്കി ഒരു വലിയ സന്തോഷവാര്‍ത്ത അറിയിക്കട്ടേയെന്നു ചോദിച്ചു. ആ സമയത്ത് അവരോടൊപ്പം മാത്തന് തരകന് ട്രസ്റ്റിന്റെ ചാലക ശക്തികളായിരുന്ന ഡോ. സി.ജെ. റോയി, പ്രൊഫ. തുമ്പമണ്തോമസ്, തരകന് സാറിന്റെ ഒരു സഹോദരന് എന്നിവരുണ്ടായിരുന്നു. ആ വര്‍ഷത്തെ വിശ്വദീപം അവാര്‍ഡ് എനിക്ക് നല്കാന് തീരുമാനിച്ചിരിക്കുന്നു എന്നതായിരുന്നു ആ വലിയ സന്തോഷവാര്‍ത്ത. ഉള്ളതു പറയാമല്ലോ അക്കാലത്തെ ആ വലിയ പുരസ്കാരത്തിനു എന്നെ തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് തരകന്സാര് തന്നെ നേരിട്ടു പറഞ്ഞപ്പോള്‍ ദുര്‍ബ്ബലനായ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിപ്പോയി. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കോട്ടയത്തെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു; മറുതലയ്ക്കല്‍ തരകന്സാര് തന്നെയായിരുന്നു;
”എന്റെ ബാബുക്കുട്ടീ എന്നോട് ക്ഷമിക്കണം. ഒരു വലിയ പ്രശ്നമുണ്ടായിരിക്കുന്നു; ഞാന്‍ തുമ്പമണ്‍ തോമസിനെ അങ്ങോട്ട് അയക്കുകയാണ് വിശദവിവരങ്ങള്‍ തുമ്പ നേരിട്ട് പറയും….”
അത്രയും മാത്രം പറഞ്ഞ് തരകന്സാര് ഫോണ്‍ കട്ടു ചെയ്യുകയും ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തുമ്പമണ്‍ സാര്‍ എന്റെ വീട്ടിലെത്തുകയും ചെയ്തു. തുമ്പമണ്സാറിന്റെ കണ്ണുകള്‍ ഈറനണിയുകയും കണ്ഠമിടറുകയും ചെയ്തിരുന്നു. ”ഇത്തവണ ബാബുവിനു വിശ്വദീപം അവാര്‍ഡ് തരുവാന്‍ പോള്‍ മണലില്‍ സമ്മതിക്കുന്നില്ല. അയാള്‍ അത് ആഷര്സായ്പിനു നല്‍കാമെന്ന് അദ്ദേഹത്തോട് കമ്മിറ്റ് ചെയ്തുപോയിരിക്കുന്നുവത്രെ. ടി വിവരമറിഞ്ഞ് പിറ്റേന്നു തന്നെ പ്രൊഫ. എം. അച്യുതന് മാഷ് എന്നെ വിളിച്ചു. ”ബാബു ഈ നീചഹത്യയില് എനിക്ക് പങ്കില്ല, എന്റെ പ്രതിഷേധം ഞാന്‍ തരകനെ അറിയിച്ചിട്ടുണ്ട്”
തരകന്സാറിന്റെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു അച്യുതന്‍മാഷ്. മാഷ് ഇടപെട്ടു തന്നെയാണ് പിന്നീട് ജി. സ്മാരക അവാര്‍ഡ് എനിക്ക് ലഭിച്ചത്. പോള്‍ മണലില്‍ വളരെ നല്ലവനായിരുന്നു. സാഹിത്യത്തിലെ ഗ്രൂപ്പിസക്കാരുടെയും മാനിപ്പുലേറ്റര്മാരുടെയും കേന്ദ്രമായ കോഴിക്കോടന്‍ വാസമാണു അദ്ദേഹത്തില്‍ ചില മാറ്റങ്ങളുണ്ടാക്കിയതും പോള്‍ മണലിനെ ‘ഫൗള്‍ മണലി’ലാക്കിയതും.മനോരമ പത്രാധിപ സമതി അംഗം എന്ന വലിയ ‘അധികാരപദവി’യും കെ.എം. തരകന് സാറിന്റെ ‘കപ്യാരു പദവി’യും മണലിക്ക് വലിയ പവറുണ്ടാക്കി കൊടുത്തിരുന്നു. ബഷീര്‍ കൃതികളുടെ പരിഭാഷകന് എന്ന നിലയ്ക്കാണു ഇംഗ്ലീഷുകാരനായ ആഷര്‍ കോഴിക്കോടന്‍ ക്ലിക്കിന്റെ ഭാഗമായതും മലയാളത്തിന്റെ ബന്ധുവായതും. ആനയും അമ്പാരിയും കമ്പക്കെട്ടുകളും ഏര്‍പ്പാടാക്കി ഉത്സവമാക്കി മാറ്റുവാനിരുന്ന പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കുവാനോ വിശ്വദീപം അവാര്‍ഡ് ഏറ്റുവാങ്ങുവാനോ എന്തുകൊണ്ടോ ആഷര്‍ ഇങ്ങോട്ടു വന്നില്ല. തരകന് സാറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ആ സംഭവം പരിണമിക്കുകയും ചെയ്തു. എന്റെ ശാപം മൂലമാണു അതു സംഭവിച്ചതെന്ന് അദ്ദേഹം തെറ്റിദ്ധരിക്കുകയും എനിക്കുവേണ്ടി ‘പുത്തന്‍ കാവില്‍ മാത്തന് തരകന് പുരസ്കാരം’ എന്ന പേരില്‍ മറ്റൊരു പുരസ്കാരം അദ്ദേഹം ഏര്പ്പാടാക്കുകയുമുണ്ടായി.
എനിക്ക് ഏറെ പ്രിയപ്പെട്ട ഗുരുസ്ഥാനീയനായ തരകന് സാറിന്റെ പിന്നീടുള്ള ജീവിതം വലിയ തിരിച്ചടികളുടേതായിത്തീര്ന്നു. അദ്ദേഹത്തിനു ബലക്ഷയം സംഭവിക്കുന്നുവെന്നു കണ്ടറിഞ്ഞ പോള്‍മണലില്‍ മറുകണ്ടംചാടി സുകുമാര്‍ അഴീക്കോടിന്റെ സേവകനായിത്തീര്‍ന്നു.
തരകന് സാറിന്റെ ധര്‍മ്മപത്നി അപമൃത്യുവിന് ഇരയായതോടെ ആ വലിയ മനുഷ്യന് അപ്പാടെ തകര്‍ന്നു. അദ്ദേഹത്തിന്റെ അന്ത്യനാളുകളില്‍ തിരുവല്ലയിലെ മിഷന് ഹോസ്പിറ്റലില്‍ ഞാന്‍ നിരന്തരം പോകാറുണ്ടായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടിട്ടും അദ്ദേഹം എന്റെ കൈകളില്‍ മുറുകെ പിടിക്കുകയും എന്തൊക്കെയോ അവ്യക്തമായി സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്നു. അടുത്തു നിന്ന് കണ്ണീര് തുടച്ച് ഒരു പുത്രനെപ്പോലെ അദ്ദേഹത്തെ ആശ്വസിപ്പിക്കുവാന്‍ എന്നാലാവത് ഞാനും ചെയ്യുകയുണ്ടായി.
വയലാര്‍ അവാര്‍ഡിന്റെ പേരിലും ഞാന്‍ ബലിയാടാവുകയുണ്ടായിട്ടുണ്ട്. ഒരിക്കല്‍ എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠസുഹൃത്തുക്കളായ ഡോ. എം.ആര്. തമ്പാനും ഡോ. വിളക്കുടി രാജേന്ദ്രനും എന്നെ വിളിച്ച് എനിക്ക് വയലാര്‍ അവാര്‍ഡ് തരുവാന്‍ തീരുമാനിച്ചതായി അറിയിച്ചു. ഞാന്‍ സമ്മതം അറിയിക്കുകയും സംഘാടകര്‍ പ്രശസ്തമായ സൂര്യഓഡിറ്റോറിയത്തില് വളരെ വലിയ ഒരുക്കങ്ങള്‍ നടത്തുകയും വലിയ പരസ്യങ്ങള്‍ നല്‍കുകയും ചെയ്തപ്പോഴാണ് ആ വയലാര്‍ അവാര്‍ഡ്, സമ്മാനര്‍ഹനായ പുതുശ്ശേരി രാമചന്ദ്രന് സാറിനെ ഒഴിവാക്കാന്‍ ഒ.എന്‍.വി. കളിച്ചപ്പോഴുണ്ടായ വിമതഗ്രൂപ്പിന്റെ പുരസ്കാരമാണെന്നു ഞാന്‍ മനസ്സിലാക്കിയത് എന്തായാലും മനസ്സില്ലാമനസ്സോടെ അതു സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറാവുകയും ചെയ്തു. ആദ്യമായി അതു സ്വീകരിച്ചത് പുതുശ്ശേരിസാര് തന്നെയായിരുന്നുവല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക് ഉണ്ടായത്. വയലാര്‍ അവാര്‍ഡ് പോലും കൈയേറി വെച്ചിരിക്കുന്നത് എം.കെ. സാനുവിനെ പോലുള്ളവരാണല്ലോ.
എന്റെ എല്ലാ പുസ്തകങ്ങളും അതാത് കാലത്ത് സാഹിത്യഅക്കാദമിയുടെ പ്രാഥമിക തിരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. അന്ത്യവേളകളിലാണു പാരകള്‍ പ്രത്യക്ഷപ്പെടുന്നത്. ചാവേറുകളുടെ പാട്ട് എന്ന നോവലിന്റെ ആദ്യ പതിപ്പുകള്‍ പുറത്തിറക്കിയ പ്രഭാത്ബുക്ക്സിന്റെ ചന്ദ്രന്പിള്ളയായിരുന്നു ഞാന്‍ പോലും അറിയാതെ അത് സാഹിത്യ അക്കാദമിക്ക് അയച്ചു കൊടുത്തത്. അക്കാദമി അവാര്‍ഡിന് ആ നോവല്‍ സമാര്ഹമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആയത് സംഭവിച്ചേക്കുമെന്ന് പിന്നീട് ചന്ദ്രേട്ടന് പറയുമ്പോള്‍ ഞാനും വിശ്വസിച്ചു. കാരണം അപ്പോള്‍ ഭരിക്കുന്നത് കോണ്‍ഗ്രസ്സും അക്കാദമി പ്രസിഡന്റ് പെരുമ്പടവവും സെക്രട്ടറി ഗോപാലകൃഷ്ണനുമാണ്.
സെക്രട്ടറി സ്ഥാനം എനിക്കു വേണ്ടായെന്നു അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയോട് ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നടന്ന ജെ.കെ.വി പുരസ്കാര സമര്‍പ്പണ വേളയില്‍ ഞാന്‍ നേരിട്ട് അറിയിച്ചതുകൊണ്ടാണ് ഗോപാലകൃഷ്ണന് സെക്രട്ടറി സ്ഥാനം ലഭിച്ചത്.
അത്തവണ ജെ.കെ.വി സ്മാരക അവാര്‍ഡ് എനിക്കായിരുന്നു ലഭിച്ചത്.
അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചിരുന്നത് ബാലചന്ദ്രന് വടക്കേടത്തിനെ പ്രസിഡന്റും എന്നെ സെക്രട്ടറിയുമാക്കാനായിരുന്നു. എന്നാല്‍ എനിക്ക് ചില വ്യക്തിപര സാഹചര്യങ്ങളും മുന്‍ എം.എല്‍.എ. പി.ടി.തോമസ്, എന്റെ പ്രിയ സുഹൃത്തും മുന്‍ പി.എസ്.സി. ചെയര്‍മാനും വൈസ് ചാന്സലറുമൊക്കെയായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്ണന് തുടങ്ങിയവരുടെ സ്നേഹ സമ്മര്‍ദ്ദവും മൂലം ആ സ്ഥാനം വേണ്ടായെന്നു തീരുമാനിക്കേണ്ടി വന്നു. ബാലചന്ദ്രന് വടക്കേടത്തിന്റെ കാര്യത്തില്‍ വളരെ വലിയ അട്ടിമറി തന്നെ അന്നു തിരുവനന്തപുരത്ത് സംഭവിച്ചു.
ജെ.കെ.വി. പുരസ്കാര വേദിയിലേക്ക് പി.ടി. തോമസും, കെ.എസ്. രാധാകൃഷ്ണനും കടന്നുവന്നത് ഒരു മുന്‍ ‘കമ്യൂണിസ്റ്റും’ (ആയത് ഒരു പാപമാണെന്ന വിശ്വാസം എനിക്കില്ല) ഇടതുപക്ഷ ചാരനുമായി പില്ക്കാലത്ത് പലരാലും പറയപ്പെട്ടു കേട്ട ഗോപാലകൃഷ്ണനേയും കൊണ്ടാണ്.
അന്നു രാധാകൃഷ്ണന് എന്നോടു പറഞ്ഞത് ”ആദ്യത്തെ അവാര്‍ഡ് ബാബുവിനു തന്നെ തരുമെന്ന് ഈ ഗോപാലകൃഷ്ണന് ഞങ്ങള്‍ക്ക് ഉറപ്പു തന്നിട്ടുണ്ട്” എന്നാണ്. പി.ടി. ആയതിന് അടിവരയിടുകയും ചെയ്യുകയുണ്ടായി. ഞാന്‍ അത്യുച്ചത്തില്‍ ഒന്നു പൊട്ടിച്ചിരിക്കുക മാത്രമെ ചെയ്തുള്ളൂ എങ്കിലും അന്നു തന്നെ ബഹു. മന്ത്രി കെ.സി. ജോസഫിനോടും മുഖ്യമന്ത്രിയോടും ഫോണിലും അക്കാദമി സെക്രട്ടറി സ്ഥാനം വേണ്ടായെന്ന് ഞാന്‍ ഉറപ്പിച്ചു പറയുകയും ബുക്ക് മാര്‍ക്ക് സെക്രട്ടറി സ്ഥാനം രണ്ടാംതവണയും ഏറ്റെടുക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ അന്നത്തെ ബുക്ക് മാര്‍ക്ക് ജീവനക്കാരുടെ വലിയ സ്നേഹസമ്മര്ദ്ദവും ഉണ്ടായിട്ടുണ്ട്. ചങ്ങനാശ്ശേരി സംഭവത്തിനു കഥാകൃത്ത് സന്തോഷ് ജെ.കെ.വിയും സാക്ഷിയാണ്. രാധാകൃഷ്ണന് ഇന്ന് ബി.ജെ.പി. നേതാവാണെങ്കിലും ജീവിച്ചിരിപ്പുണ്ടല്ലോ.
ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരനായ വടക്കേടത്തിനെ അട്ടിമറിച്ച്, അന്നുവരെ കമ്യൂണിസ്റ്റുകാരനായി അറിയപ്പെട്ടിരുന്ന പെരുമ്പടവം ശ്രീധരനെ പ്രസിഡന്റാക്കിയത് എനിക്ക് ഇപ്പോഴും വലിയൊരു സമസ്യ തന്നെയാണ്. വ്യക്തിപരമായി പെരുമ്പടവം എനിക്ക് ഏറെ ഇഷ്ടക്കാരന് തന്നെയാണ് അന്നും ഇന്നും. എന്നാല്‍ പ്രസിഡന്റായതോടുകൂടി അദ്ദേഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ എനിക്കെതിരെ അനുഭവപ്പെട്ടു. ആയതിനു കാരണം ഒരു വലിയ കോക്കസിന്റെ പരദൂഷണങ്ങളും അദ്ദേഹത്തിന്റെ തന്നെ ഒരു പ്രസാധകന്റെ വ്യക്തിവിദ്വേഷങ്ങളുമാണ്.
പെരുമ്പടവത്തിനെതിരെ ഞാന്‍ കരുക്കള്‍ നീക്കിയെന്ന് ആരോ കുപ്രചരണം നടത്തുകയുണ്ടായി. എന്നാല്‍ മനസാ വാചാ കര്‍മ്മണാ ഞാന്‍ നിരപരാധിയാണ്. മുന്‍ എം.എല്‍.എ. വര്‍ക്കല കഹാറാണ് ചില വ്യക്തമായ രേഖകകളും നോട്ടീസുകളുമായി അന്നു കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചത്. കഹാറിനെതിരെയും യു.ഡി.എഫ് സര്‍ക്കാരിനെതിരെയും പെരുമ്പടവം നടത്തിയ പ്രസ്താവനകളും നോട്ടീസുകളുമായിരുന്നുവത്രെ ആ രേഖകള്‍. വര്‍ക്കല കഹാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഇക്കാര്യം നേരിട്ട് അറിയിച്ചതിനു ഞാനും സാംസ്കാരിക രംഗത്തെ പലരും ദൃക്സാക്ഷികളാണ്.
എന്തായാലും പെരുമ്പടവത്തിന്റെയും ഗോപാകൃഷ്ണന്റെയും അക്കാദമി ഭരണകാലം കോണ്‍ഗ്രസ് വിരുദ്ധ ഭരണകാലം തന്നെയായിരുന്നു. യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരായിരുന്ന ബാലചന്ദ്രന് വടക്കേടത്ത് മുതല്‍ ഡോ. അജയപുരം ജ്യോതിഷ്കുമാര്‍ വരെയുള്ള പല പ്രമുഖരേയും പുകയിട്ട് പുറത്ത് ചാടിച്ചു. ദൈവത്തിന്റെ പേരുപറഞ്ഞ് അക്കാദമിയെ നിറുത്തിപൊരിച്ച കുരീപ്പുഴ ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഇടതന്മാര്ക്ക് വലിയ ആദരവ് നല്കി അക്കാദമിയെ മുച്ചൂടും ഇടതുവേദിയാക്കി. ”ചാവേറുകളുടെ പാട്ട്” എങ്ങനെ തമസ്കരിക്കപ്പെട്ടു എന്നുകൂടി പറഞ്ഞ് ഈ ദുരന്തലേഖനം ഞാന്‍ അവസാനിപ്പിക്കാം. പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ആ നോവല്‍ അന്തിമവിധിക്കായി, അക്കാദമി നിയമം തെറ്റിച്ച് മൂന്നുപേരെ മൂന്നു സമയത്തായി കണ്ടെത്തി നിയമനം നടത്തി. ആദ്യം സമീപിച്ചത് യു.ഡി.എഫ് സര്‍ക്കാരിന്റെ ഇഷ്ടക്കാരനായിരുന്ന പ്രശസ്ത സാഹിത്യനിരൂപകന്‍ പ്രൊഫ. തുമ്പമണ്‍ തോമസിനെയാണ്. അക്കാദമി നേതാക്കളുടെ പ്രതീക്ഷക്ക് വിരുദ്ധമായി ആ നോവലിനു തുമ്പമണ്‍ തോമസ് മുഴുവന്‍ മാര്‍ക്കും നല്കിയപ്പോള് രണ്ടാമതായി അവര്‍ ഒരു ഇടത്പക്ഷ അനുഭാവിയായ സി. രാധാകൃഷ്ണനെ സമീപിച്ചു. അദ്ദേഹത്തിന്റെ നീതിബോധം ആ നോവലില്‍ എഴുപത് ശതമാനം മാര്‍ക്കും നല്കി. ആകെ നിരാശരായ സംഘാടകര്‍ തിരുവനന്തപുരത്തു നിന്നും ഒരു ആരാച്ചാരെ കണ്ടെത്തുകയും അയാള്‍ ആ നോവലിനു പൂജ്യം മാര്‍ക്കു നല്‍കുകയും ചെയ്തു. സാഹിത്യ അക്കാദമി പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനം നല്കിയ ഒരു കൃതിക്ക് പൂജ്യം മാര്‍ക്ക് നല്‍കുന്നത് തെറ്റാണെന്ന നിയമോപദേശത്തെ തുടര്‍ന്ന് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് വീണ്ടും ആ ആരാച്ചാരെ സമീപിച്ച് പൂജ്യം എന്നത് ഒരു മാര്‍ക്കാക്കി പുതുക്കിയെടുത്ത് വധശ്രമം വിജയിപ്പിച്ചു. ഈ വക കാര്യങ്ങളെല്ലാം പിന്നീടൊരിക്കല്‍ ഞാന്‍ കെ.എസ്. രാധാകൃഷ്ണനുമായി സംസാരിക്കുകയുണ്ടായി.
അയാള്‍ തന്റെ നിസ്സഹായത എന്നോട് തുറന്നു പറഞ്ഞു: ”പലരും അധികാരത്തിലേറിക്കഴിഞ്ഞാല്‍ കഴിഞ്ഞതെല്ലാം പാടെ മറക്കുന്നവരാ. പ്രത്യേകിച്ചും കോണ്ഗ്രസ്സുകാര്” ഒട്ടേറെ പദവികള്‍ തന്ന് തന്നെ താനാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് നന്ദിപൂര്‍വം സ്മരിച്ചു കൊണ്ടു തന്നെ രാധാകൃഷ്ണന് തുടര്‍ന്നു. ”അധികാരത്തിലേറുന്നവരുടെ നെറികേടുകള്‍ വര്‍ദ്ധിച്ചു വരികയാണ്. അവരെ നിയന്ത്രിച്ചു നേര്‍വഴി നയിക്കുവാന്‍ പ്രാപ്തരായ ഒരു നേതൃനിരക്ക് കോണ്‍ഗ്രസില്‍ വംശനാശം സംഭവിക്കുന്നു. ആയതു സഹിക്കാനാവാതെയാണു ഞാന്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പി.യില്‍ ചേര്‍ന്നത്”.
അതെ കൂട്ടുകാരേ നെറികേടുകള്‍ സാഹിത്യരംഗത്ത് മാത്രമല്ല. എങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അര്പ്പണബുദ്ധികളും കരുത്തന്മാരുമായവരുടെ ഒരു നവയുഗം ഉദിച്ചുയരുമെന്നു തന്നെയാണ് എന്റെ വിശ്വാസം. കാരണം ആയതിനു വ്യക്തമായ സൂചനകള്‍ നമുക്കു ലഭിക്കുന്നുണ്ടല്ലോ!