സംവരണം അവകാശം അര്‍ഹരെ തഴയാന്‍ കളികള്‍ പലത്

പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണമില്ലാത്ത ജനറല്‍ വിഭാഗക്കാര്‍ക്കുള്ള ക്വാട്ടയിൽ അവരുടെ മെറിറ്റ് നോക്കി പ്രവേശനം നല്‍കണമെന്നത് സുപ്രീംകോടതി വിധികളാല്‍ സ്ഥാപിതമായ നിയമമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.കെ.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സംവരണത്തെ സംവരണമായും മെരിറ്റിനെ മെരിറ്റായും കണക്കാക്കുന്നതാണ് ന്യായവും നീതിയും. എന്നാല്‍ കാലാകാലങ്ങളായി ഇത് രണ്ടും കൂട്ടിക്കുഴച്ച് പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവരെ തഴയാന്‍ ബ്യൂറോക്രസി പല കളികളും തുടര്‍ന്ന് വരികയാണ്.

ഹീനമായ നിലയിലേക്ക് അധഃപതിച്ച ജാതിവ്യവസ്ഥ, ശാപതുല്യമായ അയിത്തം, മതവ്യത്യാസങ്ങളില്‍ അധിഷ്ഠിതമായ വര്‍ഗീയത എന്നീ ദുരാചങ്ങള്‍ എല്ലാംകൂടി ഒരു കാലത്ത് ചലാനാത്മകമായിരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സത്വയെ തന്നെയും കരണ്ടു തിന്നുന്ന കാഴ്ചയാണ് സാമൂഹ്യ രംഗത്ത് ഇപ്പോള്‍ ദൃശ്യമാകുന്നത്.

ഇന്ത്യാ മഹാരാജ്യത്ത് മഹാഭൂരിപക്ഷം ജനതയും വിദ്യാഭ്യാസപരമായും, സാംസ്‌കാരികമായും, സാമൂഹികമായും എല്ലാം വളരെ പിന്നണിയിലാണ്. ഈ പിന്നോക്ക ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാതെ ഈ രാജ്യത്തിന്റെ വികസനം അസാധ്യവുമാണ്. അതുകൊണ്ടുതന്നെയാണ് നമ്മുടെ ഭരണഘടനയില്‍ ഉദ്യോഗനിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രവേശനത്തിലുമെല്ലാം ജാതിസംവരണം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് മെരിറ്റില്‍ ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചു. മധ്യപ്രദേശില്‍ സംവരണവിഭാഗക്കാരനായ വിദ്യാര്‍ത്ഥിക്ക് ജനറല്‍കാറ്റഗറി എം.ബി.ബി.എസ് പ്രവേശനം നിഷേധിച്ച നടപടി റദ്ദാക്കിയാണ് സുപ്രീകോടതിയുടെ ഈ സുപ്രധാനവിധി. കഴിഞ്ഞവര്‍ഷത്തെ പ്രവേശനത്തില്‍ നിയമവിരുദ്ധ നടപടി ശരിവച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി ഒബിസി വിഭാഗക്കാരനായ രാം നേരേശ് എന്ന റിങ്കു പുഷ്യാഹഡ്ക്കിന് 2024-25 അക്കാഡമിക് വര്‍ഷം ജനറല്‍ കാറ്റഗറിയില്‍ എംബിബിഎസ് പ്രവേശന നല്‍കാനും നിര്‍ദ്ദേശം നല്‍കി
എംബിബിഎസ് പ്രവേശനത്തില്‍ ജനറല്‍ കാറ്റഗറി വിഭാഗക്കാര്‍ക്കായി മാറ്റിവെച്ച അഞ്ച് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച് മെറിറ്റില്‍ യോഗ്യതയുള്ള ഒബിസി വിദ്യാര്‍ഥിക്ക് നല്‍കില്ലെന്നായിരുന്നു മധ്യപ്രദേശ് മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിലപാട്. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക സംവരണ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംവരണമില്ലാത്ത ജനറല്‍ വിഭാഗക്കാര്‍ക്കുള്ള ക്വാട്ടയിൽ അവരുടെ മെറിറ്റ് നോക്കി പ്രവേശനം നല്‍കണമെന്നത് സുപ്രീംകോടതി വിധികളാല്‍ സ്ഥാപിതമായ നിയമമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.കെ.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സംവരണവിഭാഗക്കാരനായ ഒരു അപേക്ഷാര്‍ത്ഥിക്ക് മെറിറ്റ് പ്രകാരമുള്ള യോഗ്യതാമാര്‍ക്കുണ്ടെങ്കില്‍ ജനറല്‍ കാറ്റഗറിയില്‍ സീറ്റ് നല്‍കണമെന്ന് മാത്രമല്ല, അങ്ങനെയുള്ളയാളെ സംവരണ ക്വാട്ടയില്‍ പ്രവേശനം നേടിയ ആളായി എണ്ണരുതെന്നും ബെഞ്ച് ഓര്‍മ്മിച്ചു.

ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നേടിയവരേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സംവരണ വിഭാഗക്കാരനായ ഹര്‍ജിക്കാരന് എംബിബിഎസ് പ്രവേശനം നിഷേധിച്ചെന്ന് ജസ്റ്റിസ് ബി. ആര്‍. ഗവായ് എഴുതിയ വിധിയില്‍ ചൂണ്ടിക്കാട്ടി. ജനറല്‍ വിഭാഗക്കാര്‍ക്ക് നിശ്ചയിച്ച കട്ട്ഓഫ് മാര്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണ വിഭാഗക്കാര്‍ക്കുള്ള കട്ട് ഓഫ് മാര്‍ക്കിനേക്കാള്‍ കുറവാണ്. അതിനാല്‍ ഒബിസി വിഭാഗക്കാരന് പ്രവേശനം നിഷേധിച്ചത് നിയമവിരുദ്ധവും യുക്തി വിരുദ്ധവുമാണ്.

ജനറല്‍ വിഭാഗത്തിലേയും സംവരണ വിഭാഗത്തിലെയും സീറ്റ് വിതരണത്തില്‍ വരുത്തിയ പിഴവാണ് സീറ്റ് നിഷേധത്തിന് കാരണം. ഇതുമൂലം സംവരണ വിഭാഗക്കാരനേക്കാള്‍ കുറഞ്ഞ മാര്‍ക്കുള്ള നിരവധിപേര്‍ സംവരണമില്ലാത്ത ജനറല്‍ വിഭാഗത്തില്‍ എംബിബിഎസ് പ്രവേശം ലഭിക്കുകയും ചെയ്തു. സൗരവ് യാദവ് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും സംവരണ വിഭാഗക്കാരനായ യോഗ്യതയുള്ള ഒരു വിദ്യാര്‍ത്ഥിയെ ജനറല്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കാതിരുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് ഗവായ് വിധിയില്‍ വ്യക്തമാക്കി.
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്കസംവരണ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മെരിറ്റ് കണക്കിലെടുത്ത് ജനറല്‍വിഭാഗക്കാര്‍ക്കുള്ള ക്വാട്ടയില്‍ പ്രവേശനം നല്‍കണമെന്ന് സുപ്രീംകോടതിയുടെ തന്നെ മുന്‍കാലവിധികളുണ്ട്. 2022 ഏപ്രില്‍ 28 നാണ് ഇക്കാര്യത്തില്‍ അവസാനവിധിയുണ്ടായത്. ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ മെരിറ്റുള്ളവരാണെങ്കില്‍ അവരെ ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു ജസ്റ്റീസുമാരായ എം.ആര്‍.ഷാ, ബി.ബി.നാഗരത്‌ന എന്നിവിരടങ്ങിയ ബഞ്ചിന്റെ വിധി.

പൊതുവിഭാഗത്തിലെ അപേക്ഷകരെക്കാള്‍ കൂടുതല്‍മാര്‍ക്ക് നേടിയ സംവരണവിഭാഗക്കാരുണ്ടെങ്കില്‍ അവരെ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നും, സംവരണ വിഭാഗത്തില്‍പ്പെട്ട ശേഷിക്കുന്നു ഉദ്യോഗാര്‍ത്ഥികളെ സംവരണക്വോട്ടയില്‍ നിയമിക്കണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടികയില്‍ തന്നെ മാറ്റംവരുത്താനാണ് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2021 ലെ സൗരവ് യാദവ് കേസിലും സുപ്രീംകോടതി സമാനവിധി പുറപ്പെടുവിച്ചിരുന്നു. അതിനുമുന്‍പും ഇത്തരത്തിലുള്ള വിധികളുണ്ടായിട്ടുണ്ട്. എന്നിട്ടും ഇത്തരം വിധികള്‍ ആവര്‍ത്തിക്കേണ്ടിവരുന്നത് സംവരണത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമായ നടപടികള്‍ രാജ്യത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതിന്റെ സൂചനയാണ്.

നമ്മുടെ സംസ്ഥാനത്തും പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തില്‍ പൊതുവിഭാഗത്തിന്റെ കട്ട്ഓഫ് മാര്‍ക്കില്‍ പൊതുവിഭാഗത്തിന്റെ കട്ട്ഓഫ് മാര്‍ക്കിന് മുകളിലെത്തുന്ന പിന്നോക്കക്കാരെ പൊതുവിഭാഗത്തില്‍ പരിഗണിക്കില്ല. ഇവരെ ഉള്‍പ്പെടുത്തി സംവരണക്വാട്ടയിലെ എണ്ണംതികയ്ക്കും. ഒറ്റനോട്ടത്തില്‍ അര്‍ഹതപ്പെട്ട സംവരണസീറ്റുകളുടെ എണ്ണത്തില്‍ കുറവുകണ്ടെത്താനാവില്ല. അവര്‍ മെരിറ്റില്‍ നിന്നും സംവരണ ക്വാട്ടയിലേക്ക് മാറ്റപ്പെടുമ്പോള്‍ അതേവിഭാഗത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട സംവരണസീറ്റാണ് നിഷേധിക്കപ്പെടുന്നത്.

ഈ നിലയില്‍ മെരിറ്റില്‍ സിംഹഭാഗവും മുന്നോക്കക്കാര്‍ക്ക് തന്നെ ലഭിക്കുകയും ചെയ്യും.വര്‍ഷങ്ങളായി ബ്ലോക്കുകളായി തിരിച്ചാണ് പിഎസ്‌സി യില്‍ നിയമനം നടക്കുന്നത്. ഓരോ ബ്ലോക്കുകളിലും 20 ഒഴിവുകള്‍ വീതം പരിഗണിക്കും. തുടര്‍ന്ന് ആദ്യ ബ്ലോക്കില്‍ ഒന്ന്, മൂന്ന്, അഞ്ച് ഒഴിവുകളില്‍ റാങ്ക് ലിസ്റ്റില്‍ ജനറല്‍ വിഭാഗത്തില്‍ അര്‍ഹതയുള്ളവരെ പരിഗണിക്കും. തുടര്‍ന്ന് 2,4,6,8 ക്രമത്തില്‍ സംവരണവിഭാഗത്തിലുള്ളവരെയും പരിഗണിക്കും. തുടര്‍ന്ന് അടുത്ത ബ്ലോക്കുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കു. എന്നാല്‍ 2-ാം ബ്ലോക്ക് മുതല്‍ സംവരണവിഭാഗത്തിലുള്ളവരെ യോഗ്യമായ മാര്‍ക്ക് ലഭിച്ചാലും ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കില്ല. ഇതോടെ യഥാര്‍ത്ഥത്തില്‍ സംവരണാനുകൂല്യത്തില്‍ പ്രവേശനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥിക്ക് ആ അവസരം നഷ്ടപ്പെടുകയാണ്. ആദ്യ ബ്ലോക്കില്‍ സംവരണ മാനദണ്ഡം പാലിക്കുന്നതിനാല്‍ പൊതുസമൂഹത്തെ വേഗത്തില്‍ കബളിപ്പിക്കാനാകുന്നു. സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഒറ്റബ്ലോക്കായി നിയമനം നല്‍കിയാല്‍ ഈ അട്ടിമറിക്ക് തടയിടാനാവും.
9847132428
[email protected])

Author

Scroll to top
Close
Browse Categories