ചെറിയ ഇനം ചില മീനുകള്‍

പുലര്‍ച്ചെ, കടല്‍ത്തുറയിലെ അന്തോനീസ് പുണ്യവാളന്റെ പള്ളിയില്‍ അഞ്ചുമണിയടിച്ചവാറെ, ലൂയിസ് പകല്‍പ്പണിക്കുപോകാനായി എഴുന്നേറ്റു. അവനൊപ്പം ലുസിയായും എഴുന്നേറ്റു. ഒരു മൊന്ത നിറയെ വെള്ളംകുടിച്ചശേഷം തലേന്നേ മുറ്റത്തൊരുക്കിവച്ച ഏറ്റനവുമെടുത്ത് കടല്‍ക്കരയിലേക്ക് പോയ അവന്റെ പിന്നാലെ തിരുഹൃദയപടത്തിനുമുന്നില്‍ ഒരു മെഴുകുതിരി കത്തിച്ച്, അഴിഞ്ഞുലഞ്ഞ മുടി കെട്ടിവച്ച് അവളുംപോയി.

നെഞ്ചിലൊരു വിരല്‍ക്കുരിശുവരച്ച്, കഴുത്തിലെ വെന്തീഞ്ഞയില്‍ മുത്തമിട്ട് ചെറു വഞ്ചിയുമായി കടലിലേക്കിറങ്ങാന്‍ തുടങ്ങിയ അവനോട് കരയില്‍നിന്നും, ‘നിങ്ങ നിക്കിന്‍…’ എന്നു പറഞ്ഞ് മുറുക്കാന്‍പൊതി ഓടിക്കൊണ്ടുപോയി കൊടുത്തു അവള്‍.
‘ഞാന് മറന്നാലും നീ മറക്കില്ലല്ല്.’ ഒരു ചെറുപുഞ്ചിരിയോടെ അവന്‍ അവളെ നോക്കി.
‘തന്നെ.’ ഒരു കൊഞ്ചിച്ചിരിയോടെ അവളും അവനെ നോക്കി.
അന്നേരം ഒരു കടല്‍ത്തിര ഓടിവന്ന് അവരുടെ കാല്പാദങ്ങളെ താരള്യത്തോടെ തലോടി.
വഞ്ചി കടലിലേക്കിറക്കി തുഴയാന്‍ തുടങ്ങി ലൂയിസ്.
ലുസിയായുടെ വക ഇനിയൊരു വായ്ത്താരിയാണ്. നേർത്ത ഇരുട്ടിലൂടെ കടലിലേക്കു തുഴഞ്ഞുപോകുന്ന അവനോട് അവള്‍ വിളിച്ചുചോദിക്കാന്‍ തുടങ്ങും; ‘പോയാാാ…’ തിരയേഴും താണ്ടുംവരെ ചോദിച്ചുകൊണ്ടേയിരിക്കും. അപ്രകാരം അവന്റെ ആത്മാവില്‍ അവള്‍ അവളെ എഴുതും. ഏഴാംതിരയുംകടന്ന് പുറങ്കടലിലെത്തിയപാടെ മറുപടിയായി അവന്‍ ഉറക്കെ വിളിച്ചു പറയും; ‘ഓാാ…’ മറുസ്വരത്തില്‍ അറിയാം അവളെഴുതിയത് അവന്‍ വായിച്ചു എന്ന്. അതു പതിവാണ്.
പുലരിയുടെ നേര്‍ത്ത വെളിച്ചത്തില്‍ അവള്‍ക്ക് അവനെ കാണാമെങ്കില്‍പോലും ഇന്നും അവള്‍ വിളിച്ചു ചോദിച്ചു:
‘പോയാാാ…’
‘ഓാാ…’
അന്നേരം, ലൂയിസിന്റെയും ലുസിയായുടെയും സ്വരവിന്യാസങ്ങള്‍ക്കിടയിലൂടെ ഒരു പൂങ്കാറ്റ് കടന്നുപോയി. അതും പതിവാണ്.
ചങ്കും കരളുമാണ് ലുസിയായും ലൂയിസും. പൊരുത്തപ്പെട്ട രണ്ടു ജന്മങ്ങള്‍. മെയ് ഡ് ഫോര്‍ ഈച്ച് അദര്‍. അഥവാ ‘ഇനി നിങ്ങള്‍ രണ്ടല്ല, ഒന്നാണ്’ എന്ന വേദപുസ്തകവാക്യംപോലെ.

വീട്ടിലേക്ക് തിരികെ വന്ന് ലുസിയ മക്കളെ എഴുന്നേല്പിച്ചു. കട്ടന്‍കാപ്പിയിട്ടുകൊടുത്ത് അവരെ പഠിക്കാനിരുത്തി. അവര്‍ക്കു കൊടുത്തയക്കാനുള്ള ആഹാരം ഉണ്ടാക്കാന്‍ തുടങ്ങി. അവരെ ഉടുത്തൊരുക്കി. ഇടയ്ക്കവള്‍ മക്കളോട് പറഞ്ഞു: ‘നിങ്ങ പള്ളിക്കൊടത്തില്‌പോയി പടിച്ച് ജോലി കിട്ടീട്ട്‌വേണും നിങ്ങക്ക് നിങ്ങട സൊന്തം കാലില് നിക്കാന്.’ ആ പറച്ചിലും പതിവാണ്.

മക്കളെ സ്‌കൂളിലേക്ക് യാത്രയാക്കിയപാടെ പൈപ്പിന്‍മൂട്ടില്‍പോയി തുറയിലെ പെണ്ണുങ്ങളോടൊപ്പം ക്യൂനിന്ന് കലംനിറയെ വെള്ളമെടുത്തു. കണ്ണിമ വെട്ടാതെ ലുസിയായുടെ തുടുത്ത കവിളിലേക്ക് പേര്‍ത്തുംപേര്‍ത്തും നോക്കിയ അയല്‍വക്കത്തുകാരിയെ നോക്കി, ‘അവള് അങ്ങനത്തന്നെ. വല്ലാത്ത ഒര് നോട്ടോം ഇറുക്കലും. കെട്ടിയ ഒടനെ അവക്ക മാപ്പള പേര്‍ഷ്യേപ്പോയി. അതിന് ഞാനെന്ത് ചെയ്യാന്. തെളച്ച് നിക്കണ്.’ എന്ന് മനസ്സിലുരച്ച് വീട്ടിലേക്കു നടന്നു. അപ്പോള്‍ പൈപ്പിന്‍ചോട്ടിലെ ഇലക്ട്രിക് പോസ്റ്റിലിരുന്ന് ഒരു കിളി ‘കുണുകുണു’ എന്നു ചിലച്ചു.

ഉച്ചക്ക് കട്ടമരം അണച്ചെത്തുന്ന ലൂയിസിന് അവന്റെ ഇഷ്ടമായ മരച്ചീനിയും കാന്താരിച്ചമ്മന്തിയും ചുട്ടകരുവാടും ഉണ്ടാക്കി വച്ചു. ശേഷം, കടലിലേക്ക് തുറക്കുന്ന വാതിലിന്റെ പടിയില്‍ വന്ന് ദൂരെ കാണാവുന്ന കടലിലേക്ക് ഒരു നോട്ടമയച്ചു. ഒപ്പം ഉത്തമഗീതത്തിലെ വരികളും മൂളി: ‘വെയിലാറും മുന്‍പേ, നിഴലുകള്‍ നീളുംമുന്‍പേ എന്റെ പ്രിയനേ വരിക, വേഗം വരിക…’
ഉപ്പുമണമുള്ള ഒരു കാറ്റാണ് ആദ്യം വരിക. പിന്നാലെ ‘ലൂസിയേ…’ എന്ന നീട്ടിയ വിളിയും. ആ ഉപ്പുമണവും വിളിയും പ്രതീക്ഷിച്ച് കടല്‍ക്കരയിലെ വീട്ടുമുറ്റത്തിരിക്കും എന്നും ലുസിയ. ‘ഇതാ വന്നേ…’ എന്ന് മറുവിളിയിട്ട് തൂക്കുപാത്രത്തില്‍ പഴങ്കഞ്ഞിവെള്ളവുമായി കടല്‍ക്കരയിലേക്ക് പായും അവള്‍. ഒരു നിരന്തര പ്രക്രിയ.

ലൂസിയേ…’ വള്ളം അണഞ്ഞപാടേ ഇന്നും ലൂയിസ് നീട്ടിവിളിച്ചു. വിളികേട്ടപാടെ എന്നത്തെയുംപോലെ ലുസിയ ഓടിപ്പോവുകയും കഞ്ഞിവെള്ളംകൊടുക്കുകയും…
ഹാ! എന്തൊരു കരുതലും കാത്തിരിപ്പും.
അമാന്തിച്ചില്ല, പ്രിയന്‍ പടുത്തുകൊണ്ടുവന്ന മീനുംകൊണ്ട് പൊള്ളുന്ന നട്ടുച്ചയിലൂടെ കൊമരിച്ചന്തയിലേക്ക് കുതിരവേഗത്തില്‍ ഓടാന്‍തുടങ്ങി ലുസിയ. പറയാന്‍ മറന്നില്ല: ‘ലൂവീസേ, എല്ലാം ഒണ്ടാക്കി വച്ച്. കഴിച്ചിട്ട് നാളത്തെ വേലയെപ്പാരുങ്കൊ.’
മോന്തിക്കും വെളുപ്പിനും മുടക്കമില്ലാതെ മീമ്പിടിക്കാന്‍ കടലിലേക്കു പോകും ലൂയിസ്.
ചുമടും ചുമ്മാടുമേന്തി എന്നും വിയര്‍ത്ത്കുളിച്ച് മീഞ്ചന്തയിലേക്കു പോകും ലുസിയ.
ലുസിയ എന്നു പേരെഴുതിയ ചരുവവുംകൊണ്ട് ബസ്സ്‌കയറിയ അവളെക്കണ്ട് ഒതുങ്ങിമാറി മൂക്കിലേക്കു കൈവച്ച സ്ത്രീയോട്: ‘മീനാണ്. കഴിക്കണതാണ്.’ വളരെ സൗമ്യമായി പറഞ്ഞു ലുസിയ. തുടര്‍ന്ന്, ‘കറിവക്കേം പൊരിക്കേം അച്ചാറിടേം ചെയ്യും. എന്നട്ടാണ്. അവക്കട മൂഞ്ചിയെപ്പാര്…’ മനസ്സില്‍ പിറുപിറുത്തു.
ബസ്സിറങ്ങി, ഓടിയിരച്ച് കൊമരിച്ചന്തയിലെത്തി.
അങ്ങനെ മീന്‍ വിറ്റുകൊണ്ടിരിക്കെ, പൊന്തിയ അവളുടെ മാറുനോക്കി, ‘ചക്കലുസിയേ…’ അസഭ്യംകൊരുത്ത ചൂണ്ടയെറിഞ്ഞ ചെറുപ്പക്കാരനോട്, ‘എന്തടാ ഒര് എളക്കം. നിന്റ പെണ്ണ് വല്ലവന്റേങ്കൂടപ്പോയാ…’ സ്ഥാനംമാറിക്കിടന്ന മേല്‍ച്ചീല നേരേയിട്ട് അഥവാ ചൂണ്ട ദേഹത്തുകൊള്ളാതെ നോക്കിക്കൊണ്ട് ലുസിയ ഉറക്കെപ്പറഞ്ഞു, തൊറേക്കാരികളുടെ തനതായ ഉറച്ച ശബ്ദത്തില്‍ത്തന്നെ. എന്നിട്ടൊന്നു ഉറക്കെ ചിരിച്ചു. മീന്‍ വില്ക്കുകയായിരുന്ന മറ്റുപെണ്ണുങ്ങളും കൂടെച്ചിരിച്ചു. ചന്തയെ പടിച്ചുകുലുക്കുമാറ് ചിരി പ്രകമ്പനംകൊണ്ടു.

മീനെല്ലാം വിറ്റ് വീട്ടിലേക്കു വരുന്ന വഴി പതിവുപോലെ ബിവറേജസില്‍ക്കയറി അരക്കുപ്പി ബ്രാണ്ടി വാങ്ങിച്ചു. ബിവറേജസിന്റെ മുറ്റത്ത്, ഒരു അശ്ലീല സിനിമാപോസ്റ്റര്‍ കണ്ടപോലെ അവളെത്തന്നെ വായ പാതിപൊളിച്ച് നോക്കിനിന്ന ചെറുപ്പക്കാരനോട്, ‘കൂടുന്നോ കുമ്പാരീ!’ എന്നു കണ്ണുരുട്ടിക്കാട്ടി, അവന്റെ പ്രതികരണത്തിനു കാത്തുനില്ക്കാതെ അതിവേഗത്തില്‍ നടന്നു.
ലുസിയ നേരേ പള്ളിയിലേക്കാണു വരിക. പതിവുപോലെ അന്തോനീസ് പുണ്യവാളന്റെ കുരിശടിയില്‍ പത്തുരൂപ നേര്‍ച്ചയിട്ടു. നെറ്റിയില്‍ കുരിശുവരച്ച് കൈകള്‍ കൂപ്പി: ‘അന്തോനിയാരേ കാത്തോളണേ…’
വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ പകലും മടങ്ങാന്‍ തുടങ്ങിയിരുന്നു.
ലുസിയ എത്തിയപാടെ തെങ്ങഞ്ചോട്ടില്‍ കൂട്ടരുമൊത്ത് കുണുക്കിട്ടു ഗുലാംപരിശ് കളിച്ചുകൊണ്ടിരുന്ന ലൂയിസ് കളിയുപേക്ഷിച്ച് കാളുന്ന കരളുമായി പുരയുടെ മുറ്റത്തേക്ക് ഓടിവന്നു.
‘ആ പ്രാണ്ടിക്കുപ്പിയിങ്ങെടുക്കടീ ലൂസിയേ.’ തിടുക്കപ്പെട്ട് ലൂയിസ്.
ചരുവത്തില്‍നിന്നും ബ്രാണ്ടി എടുത്തുകൊടുത്തു ലുസിയ.
ഹാ! എന്തൊരുത്സാഹവും സന്തോഷവും.
‘ലൂവീസേ, ങ്ഉം… ങ്ഉം…’ പതിവുപോലെ അവനെ നോക്കി ഒരു തനതു മ്യൂസിക്കിട്ടു ലുസിയ. ‘ലൂസിയേ, ഉം… ഉം…’ അവന്‍ തിരികെ തനതായ മറ്റൊരു മ്യൂസിക്കിട്ടു. അതും പതിവാണ്.
‘പെല്‍ക്കീസേ… പ്രാഞ്ചീസേ…’ മക്കളെ വിളിച്ചു അവള്‍. തീരക്കടലില്‍ മുങ്ങാംകുഴിയിട്ടു കളിക്കുകയായിരുന്ന മക്കള്‍ ഫെലിക്‌സും ഫ്രാന്‍സിസും പൂമ്പാറ്റകളെപ്പോലെ പാറിവന്നു. ‘ഇന്നാ മക്കളേ…’ ചന്തയില്‍നിന്നും വാങ്ങിക്കൊണ്ടുവന്ന മാമ്പഴം കൊടുത്തു. മാമ്പഴം കടിച്ചുംകൊണ്ട് വീണ്ടും കടപ്പുറത്തേക്കോടി അവര്‍.

ശേഷം വിസ്തരിച്ചൊന്നു കുളിച്ചു ലുസിയ. ചുവരിലെ കണ്ണാടിയില്‍നോക്കി കൊമരിച്ചന്തേന്ന് വാങ്ങിയ പൊട്ടുതൊട്ട് കണ്‍മഷിയും വരച്ചു. അലക്കിവച്ച നൈറ്റിയെടുത്തണിഞ്ഞു. ശേഷം രാത്രിയുടെ ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങി.
മദ്യം ലൂയിസിന്റെ തലയ്ക്ക് പിടിച്ചു. മുറ്റത്തിരുന്ന് അവന്‍ പാടാന്‍ തുടങ്ങി: ‘അമതിയാന നദിയിനിലേ ഓടും ഓടം… അളവില്ലാത വെള്ളംവന്താല്‍ ആടും…’
‘എടിയേ ലൂസിയേ…’ കുഴഞ്ഞ നാവോടെ ലൂയിസ് വിളിച്ചു.
ലുസിയ ചെല്ലുമ്പോള്‍ കാലിയായ കുപ്പിയും ഗ്ലാസ്സുമായി ലൂയിസ്. മഴവെള്ളത്തില്‍ക്കുളിച്ച കൊക്കിനെപ്പോലെ കഴുത്തുതൂങ്ങി അങ്ങനെ…
‘നിങ്ങ വേകം കിക്കായാ…’
‘കിക്കായെങ്കീ യെന്ത്? വേല ചെയ്തിട്ടല്ല്.’
‘ഞാനുങ്കൂടി വേല ചെയ്തിട്ടല്ല്.’
‘മീമ്പടുത്തുകൊണ്ടുവന്നത് ഞാനല്ല്.’
‘മീന് കൊണ്ടുപോയി വിറ്റത് ഞാനല്ല്.’
‘സമം സമം. എനക്ക് പോതിച്ച്.’
‘അങ്ങനെത്തന്ന.’
‘അങ്ങനേങ്കീ നിന്നെ ഞാന് വെറ്‌തെ കെട്ടിയതോ?’
‘ഞാഞ്ചൊല്ലിയാ നിങ്ങ എന്നെ വെറ്‌തെ കെട്ടാന്.’
‘നീ എന്നെ കണ്ണടിച്ചിട്ടല്ല്.’
‘നിങ്ങ എന്നെ പേക്കപ്പേക്ക നോക്കീട്ടല്ല്.’
‘നോക്കാന്‍ നീ നിന്നുതന്നിട്ടല്ല്.’
‘ഞാഞ്ചൊല്ലിയാ എന്നെ എടുത്തോണ്ടോടാന്.’
‘എനക്ക് നിന്നെ ഇഷ്ടമായിട്ടല്ല്.’
‘അപ്പൊ നിങ്ങ എന്നെ വെറ്‌തെ കെട്ടിയെന്ന് ചൊല്ലിയതോ?’
‘വെറ്‌തെ.’
‘വെറ്‌തെയോ?’
‘തന്നെ.’
‘അപ്പൊ സെരിതന്നെ.’
‘യെന്ത്?’
‘മൊണ്ണ.’
‘ചക്ക.’
ഇവ്വിധം വാക്‌പോര് പതിവാണ്. എല്ലാ അന്തിനേരത്തും അരങ്ങേറുന്ന ഒരു നാടകരംഗം. ദിനചര്യപോലെ തുടര്‍ന്നുപോരുന്നു, അറിഞ്ഞുകൊണ്ടുതന്നെ.
‘മക്കള് നിങ്ങ വരീന്‍.’ അപ്പന്റെയും അമ്മയുടെയും വര്‍ത്തമാനം നോക്കിക്കൊണ്ടുനിന്ന മക്കളെ ലുസിയ വിളിച്ചു. ലുസിയാക്കറിയാം കുറെ കഴിയുമ്പോള്‍ ലൂയിസ് ശരിക്കും നോര്‍മലാവും.
‘നമ്മക്ക് കൊന്ത ചൊല്ലാം. കൊന്ത തീരുമ്പം അപ്പന്റ കിക്കും തീരും.’ അവള്‍ പറഞ്ഞു.
ചുവരില്‍ സ്ഥാപിച്ച തിരുഹൃദയപടത്തെയും പടത്തിനുമുന്നിലെ കെടാവിളക്കിനെയുംനോക്കി നിലത്ത് മുട്ടുകുത്തിയിരുന്ന് അമ്പത്തിമൂന്നുമണിജപം ചൊല്ലിക്കൊണ്ട് ലുസിയായും മക്കളും…
അന്തോനീസ് പുണ്യവാളന്റെ പള്ളിയില്‍ രാത്രിയുടെ എട്ടുമണിയടിച്ചു.
ലൂയിസ് പക്ഷേ, ഇപ്പോഴും മുറ്റത്തുതന്നെ.
അപ്പനെ വിളിക്കാന്‍ മക്കളെ പറഞ്ഞുവിട്ടു ലുസിയ.
‘അപ്പാ ചോറുകഴിക്കാന്‍ വിളിക്കണ്.’
‘ആര്?’
‘അമ്മ.’
‘അമ്മ വരട്ട്, നിങ്ങ പോയീൻ.’ ലൂയിസ് പോയില്ല.
‘അപ്പ എന്ത് പറഞ്ഞ്?’ ലുസിയ ചോദിച്ചു.
‘അമ്മ പോയിവിളിച്ചാ വരൂന്ന്.’ മക്കള്‍ പറഞ്ഞു.
‘ചോറുകഴിക്കാം. നിങ്ങ വരീന്‍.” ലുസിയ വിളിച്ചു. ലൂയിസ് വന്നു.
കുടുംബം ഒന്നായിച്ചേര്‍ന്ന് നിലത്ത് ചമ്മണമിരുന്ന് ആഹാരം പങ്കിട്ടു.
ലൂയിസ് പറഞ്ഞു: ‘നീ പെണ്ണാപ്പെറന്തവ തന്നെ.’
‘നിങ്ങ തനി തൊറേക്കാരന്‍.’ ലുസിയ പറഞ്ഞു.
‘അപ്പൊ ഞങ്ങളോ?’ മക്കള്‍ ചോദിച്ചു.
‘നിങ്ങള് പെല്‍ക്കീസും പ്രാഞ്ചീസും.’ ലൂയിസും ലുസിയായും ഒന്നായി പറഞ്ഞു. നന്നായി ചിരിച്ചു.
ഭക്ഷണശേഷം, മക്കളെയുംകൊണ്ട് കടപ്പുറത്തുവന്നു ലുസിയ.
നിലാവില്‍ കുളിച്ചു കിടക്കുകയാണ് കടപ്പുറം.
പായയും പായമേല്‍ തുണിയുംവിരിച്ച് മക്കളെ കിടത്തി. ആകാശംനിറഞ്ഞ നക്ഷത്രങ്ങളിലേക്ക് വിസ്മയക്കണ്ണുതുറന്നുവച്ച മക്കളോട് അവള്‍ പറഞ്ഞു: ‘നിങ്ങ നച്ചത്രോം എണ്ണിയെണ്ണി കെടക്കിന്‍. ഞാന് അപ്പനെ ഒറക്കീട്ടു വെക്കം വരാം. വരുമ്പം നച്ചത്രത്തിന്റ കണക്കു പറയണും.’
‘ഓ…’ മക്കള്‍ ശരിവച്ചു. പിന്നെയവർ നക്ഷത്രങ്ങളെ എണ്ണാന്‍ തുടങ്ങി.
വാതില്ക്കൽ ലുസിയായുടെ വരവുംകാത്ത് നില്പുണ്ട് അപ്പോഴും ലൂയിസ്, ഒരു കൊമ്പൻ കടൽത്തിരപോലെ.
‘വരീന്‍…’ ഒരു വിശാല കടല്‍ത്തീരമായി അവളും.
എന്നാറെ, തീരത്തെയും വാരിപ്പുണർന്നുകൊണ്ടൊരു കടൽത്തിര അടഞ്ഞ വാതിലിനുനേർക്ക് ഇരമ്പിയാർത്തു വന്നു; ‘ഓാായ്…’
ഒപ്പം, ഉറക്കമൊഴിഞ്ഞ ഒരു രാപ്പക്ഷി വീടിനുചുറ്റും ഒരു പ്രത്യേക താളത്തിൽ കൂക്കിട്ടു പറന്നു;
കൂ…
കുക്കൂ…
കുക്കുക്കൂ…

Author

Scroll to top
Close
Browse Categories