അസഹിഷ്ണുതയോ അജ്ഞതയോ?

വൈകുണ്ഠ സ്വാമിയും
ശ്രീനാരായണഗുരുവും

യഥാര്‍ത്ഥത്തില്‍ ആര്യവൽക്കരണത്തിന്റെ ചങ്ങലയില്‍ അറിഞ്ഞോ അറിയാതെയോ കുടുങ്ങിപ്പോയ ഒരു കണ്ണിയായിരുന്നു വൈകുണ്ഠസ്വാമികള്‍. ഭഗവാന്‍ നാരായണന്റെ പത്താമത്തെ കലിയുഗാവതാരമാണെന്നും മഹാവിഷ്ണുവിന്റെ പുത്രനാണെന്നും ശ്രീകൃഷ്ണഭഗവാന്റെ അവതാരമാണെന്നും ഭിന്നസ്വരത്തില്‍ സ്വയം അവകാശപ്പെട്ടിട്ടുള്ള വൈകുണ്ഠസ്വാമി എങ്ങനെയാണ് ആര്യവല്‍ക്കരണത്തിനു ശേഷമുള്ള ജാതിവിരുദ്ധ ശാഖയുടെ പിന്തുടര്‍ച്ചക്കാരനാകുന്നത്?

ഭോഷത്തം, വങ്കത്തം, അസംബന്ധം, വിവരക്കേട് എന്നീ വാക്കുകളുടെ അര്‍ത്ഥം ഏറ്റവും സാധുവാകുന്ന ഒരു പ്രസ്താവന കാണുക: ”വൈകുണ്ഠ സ്വാമിയില്ലാതെ ഒരു ശ്രീനാരായണഗുരു സാധ്യമാവുമായിരുന്നില്ല എന്നു പറഞ്ഞാല്‍ തീര്‍ത്തും തെറ്റാവില്ല എന്നാണു എന്റെ വിശ്വാസം”. (ദേശാഭിമാനി വാരിക, മാര്‍ച്ച് 3, 2024) പ്രശസ്ത നിരൂപകന്‍ ടി.ടി. ശ്രീകുമാറിന്റേതാണ്, അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ ‘തീര്‍ത്തും’ അധിഷ്ഠിതമായ ഈ വെളിപാട്. മാടനാശാനില്ലാതെ ഒരു ശ്രീനാരായണഗുരു സാധ്യമാവുമായിരുന്നില്ല എന്ന പിതൃ-പുത്രബന്ധത്തെക്കാള്‍ ബോധ്യമുള്ളതാണു ശ്രീകുമാറിന്റെ വിശ്വാസം.
അതിനെ ദൃഢീകരിക്കുന്ന മറ്റുചില അഭിപ്രായങ്ങള്‍ കൂടി അദ്ദേഹത്തിന്റേതായിട്ടുണ്ട്! ഒന്ന്, ”വൈകുണ്ഠസ്വാമി പ്രവര്‍ത്തന നിരതനായിരുന്ന 1810-1840 കാലഘട്ടം കേരള ചരിത്രത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ദശാബ്ദങ്ങളായിരുന്നു.”

സാമാന്യബുദ്ധിയോ, യുക്തിയോ, വിവേകമോ തീണ്ടാത്ത, കേവല വിശ്വാസത്തിന്റെ പുരപ്പുറത്തു നിന്നു പ്രഘോഷണം നടത്തുന്ന വാഴ്ത്തുപാട്ടുകാര്‍ക്ക്, 1809-ല്‍ ജനിച്ച മുത്തുക്കുട്ടി എന്ന വൈകുണ്ഠസ്വാമികള്‍ 1810 മുതല്‍ പ്രവര്‍ത്തന നിരതനായിരുന്നുവെന്നു പറയാം. ”സ്ത്രീകള്‍ യഥേഷ്ടം വസ്ത്രം ധരിച്ചു കൊള്ളുവാന്‍ 1822-ല്‍ വൈകുണ്ഠസ്വാമികള്‍ ആഹ്വാനം ചെയ്തു”വെന്നു അന്ധമായി എഴുതിപ്പിടിപ്പിച്ച ഡോ. എം.വി. തോമസും മറ്റും ശ്രീകുമാറിന്റെ കളരിയില്‍പ്പെടുന്നവരാണ്. മഹാവിഷ്ണുവിന്റെ അവതാരമായി സ്വയം പ്രഖ്യാപിച്ച വൈകുണ്ഠസ്വാമികള്‍ക്ക്, ഒന്നാമത്തെ വയസ്സുമുതല്‍ പ്രവര്‍ത്തനനിരതനാകാനും പതിമൂന്നാമത്തെ വയസ്സില്‍ സ്ത്രീകള്‍ യഥേഷ്ടം വസ്ത്രം ധരിച്ചു കൊള്ളുന്നതിനുവേണ്ടി ആഹ്വാനം ചെയ്യുവാനും സാധിച്ചുവെന്നു; അവതാരകഥകളേയും ഉണ്ണിക്കണ്ണന്റെ അത്ഭുതകരമായ ബാല്യകാല ലീലകളേയും വാസ്തവമായി കാണുന്ന വിശ്വാസികള്‍ക്കു വാദിക്കാവുന്നതാണ്!

രണ്ട്, ടി.ടി. ശ്രീകുമാര്‍ എഴുതുന്നു: ”പിന്നോക്ക വിഭാഗമായ ഈഴവ സമുദായത്തെ സംരക്ഷിക്കാന്‍ അദ്ദേഹം (നാരായണഗുരു) എസ്.എന്‍.ഡി.പിയോഗം സ്ഥാപിച്ചു”. ”ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്നു 1888-ല്‍ അരുവിപ്പുറത്തു നിന്നു വിളംബരം ചെയ്യുകയും അപരനു വേണ്ടിയഹര്‍നിശം പ്രയത്‌നം കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു’ വെന്നു 1897-ല്‍ ആത്മോപദേശ ശതകത്തിലൂടെ ഉപദര്‍ശിക്കുകയും ചെയ്ത നാരായണഗുരു, ഈഴവ സമുദായത്തെ സംരക്ഷിക്കാന്‍ വേണ്ടി എസ്.എന്‍.ഡി.പി യോഗം സ്ഥാപിച്ചുവെന്നു എങ്ങനെ പറയാനാവും? എന്നാല്‍ മേലുദ്ധരിച്ചതിനു വിപരീതമായി, ”ഡോക്ടര്‍ പല്പുവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണു ഗുരു എസ്.എന്‍.ഡി.പി യോഗം സ്ഥാപിച്ച”തെന്നും ”ഗുരുദേവന്റെ ജീവിതദര്‍ശനം മനുഷ്യരെ ജാതിമതാദിഭേദചിന്തകളില്‍ നിന്നുമുള്ള മോചനമായിരുന്നുവെന്നും ശ്രീനാരായണഗുരുദേവന്‍ മാനവമതത്തിന്റെ മഹാപ്രവാചകനായി അറിയപ്പെടുന്നു”വെന്നും തുടര്‍ന്നെഴുതുന്നു. ഡോ. പല്പുവും കുമാരനാശാനും ഉള്‍പ്പെടുന്ന ഈഴവപ്രമാണികള്‍ ചര്‍ച്ച ചെയ്ത് നാമകരണം ചെയ്ത പേരാണ് എസ്.എന്‍.ഡി.പി യോഗം. അവര്‍ തന്നെയാണു ഗുരുവിനെ യോഗത്തിന്റെ ആജീവനാന്ത അദ്ധ്യക്ഷനായി അവരോധിച്ചതും. പതിത കാരുണികനായ ഗുരു അതിനു മൗനസമ്മതം നല്‍കുകയായിരുന്നു.
മൂന്ന്, ”ആര്യവല്‍ക്കരണത്തിനു ശേഷമുള്ള തെക്കന്‍ തിരുവിതാംകൂറില്‍ പ്രബലമായിരുന്ന ജാതിവിരുദ്ധധാരയുടെ പ്രധാനമുദ്രാവാക്യമായിരുന്നു ദൈവമൊന്ന്, കുലമൊന്ന്, മനുഷ്യനുമൊന്ന് എന്നത്. ഈ മുദ്രാവാക്യം ആദ്യമായി ഏറ്റെടുക്കുന്ന ചിന്തകന്‍ വൈകുണ്ഠസ്വാമിയാണ്. വൈകുണ്ഠസ്വാമി ഏറ്റെടുത്ത ഈ പാരമ്പര്യത്തില്‍ നിന്നു അദ്ദേഹത്തെ പിന്തുടര്‍ന്നാണ് ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന തന്റെ വിഖ്യാതമായ ആത്മീയവാക്യം കണ്ടെടുക്കുന്നത്” എന്നു ശ്രീകുമാര്‍ എഴുതുന്നു. എഴുത്തച്ഛന്‍ കൃതികളെപ്പോലെ കേരളീയ ജാതി വ്യവസ്ഥയില്‍ ഏതൊരു ചലനവും സൃഷ്ടിക്കാതിരുന്ന ചില കൃതികളിലെ ജാതിവിരുദ്ധ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി ശ്രീകുമാര്‍ നടത്തുന്ന ദുര്‍ബലമായൊരു വാദമാണു തെക്കന്‍ തിരുവിതാംകൂറില്‍ പ്രബലമായിരുന്ന ജാതിവിരുദ്ധധാരയെന്നത്. അവരുടെ പ്രധാന മുദ്രാവാക്യമായി ഉദ്ധരിക്കുന്ന മൂന്നെണ്ണത്തില്‍ ആദ്യത്തെ രണ്ടും തിരുമൂലരുടെ തിരുമന്ത്രത്തിലുള്ള ‘ ഒൻറേ കുലം ഒരുവനേ ദേവനും’ എന്നതിന്റെ ആവര്‍ത്തനമാണ്. ഒൻറേ കുലം എന്നതുകൊണ്ട് തിരുമൂലര്‍ അര്‍ത്ഥമാക്കുന്നത് ഒരു ജാതി അഥവാ മനുഷ്യകുലത്തെയാണ്. ശ്രീകുമാര്‍ ഉയര്‍ത്തിക്കാട്ടുന്ന മുദ്രാവാക്യത്തിലെ ‘കുലമൊന്ന്’ എന്താണാവോ? എന്തായാലും മനുഷ്യനല്ല. ഈ പ്രമാദം വൈകുണ്ഠസ്വാമിയുടെ മുദ്രാവാക്യത്തിലുമുണ്ട്. അദ്ദേഹം ‘ ഒൻറേ കുലം, ഒൻറേ ജാതി’ എന്നു പ്രസ്താവിക്കുന്നുണ്ടല്ലോ. എന്താണ് ഒൻറേ കുലവും ഒൻറേ ജാതിയും കൊണ്ടു വൈകുണ്ഠസ്വാമികള്‍ അര്‍ത്ഥമാക്കുന്നത്? യഥാര്‍ത്ഥത്തില്‍ ആര്യവൽക്കരണത്തിന്റെ ചങ്ങലയില്‍ അറിഞ്ഞോ അറിയാതെയോ കുടുങ്ങിപ്പോയ ഒരു കണ്ണിയായിരുന്നു വൈകുണ്ഠസ്വാമികള്‍. ഭഗവാന്‍ നാരായണന്റെ പത്താമത്തെ കലിയുഗാവതാരമാണെന്നും മഹാവിഷ്ണുവിന്റെ പുത്രനാണെന്നും ശ്രീകൃഷ്ണഭഗവാന്റെ അവതാരമാണെന്നും ഭിന്നസ്വരത്തില്‍ സ്വയം അവകാശപ്പെട്ടിട്ടുള്ള വൈകുണ്ഠസ്വാമി എങ്ങനെയാണു ശ്രീകുമാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന, ആര്യവല്‍ക്കരണത്തിന് ശേഷമുള്ള ജാതിവിരുദ്ധ ശാഖയുടെ പിന്തുടര്‍ച്ചക്കാരനാകുന്നത്? നാടാര്‍ സമുദായം അടിമവേലക്കാരുടെ സന്തതികളല്ല, അവര്‍ ‘ദൈവസാന്റോര്‍കളും’ (ദൈവിക ശക്തിയുള്ള ചാന്നാര്‍), ‘നീതി സാന്റോര്‍കളും’ (നീതിക്കു വേണ്ടി നിലകൊള്ളുന്ന ചാന്നാര്‍), ‘ദേശൈവെന്റസാന്റോര്‍കളും’ (ദേശത്തെ കീഴടക്കിയ ചാന്നാര്‍) ആണെന്നു പ്രഖ്യാപിച്ച വൈകുണ്ഠസ്വാമികള്‍ ഏതുവഴിയിലാണു ജാതിവിരുദ്ധതയുടെ പതാകവാഹകനാകുന്നത്? നാടാര്‍ സമുദായാംഗങ്ങളെ രക്ഷിച്ചു ധര്‍മ്മം പുന:സ്ഥാപിക്കുന്നതിനുവേണ്ടിയാണു മഹാവിഷ്ണുവിന്റെ പുത്രനായി അവതരിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കുമാരനാശാന്‍
തൈക്കാവ് അയ്യാഗുരു
കോട്ടുകോയിക്കൽ വേലായുധൻ

വൈകുണ്ഠസ്വാമിയുടേതായി ചാര്‍ത്തപ്പെട്ടിട്ടുള്ള, കേവലം മുദ്രാവാക്യസമാനമായ ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ കുലം, ഒൻറേ ഉലകം, ഒൻറേ അരശ്, ഒൻറേ നീതി എന്നീ വചനങ്ങള്‍ക്ക്, നാരായണഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ‘ജാതിനിര്‍ണ്ണയ’ത്തിലെ മൂന്നു വചനങ്ങളുമായി ഉപരിപ്ലവമായ സാദൃശ്യമല്ലാതെ ആന്തരാര്‍ത്ഥത്തില്‍ യാതൊരു ബന്ധവുമില്ല. ആത്മീയമോ ശാസ്ത്രീയമോ ആയ ജ്ഞാനത്തിന്റേയോ യുക്തിചിന്തയുടേയോ ഉള്‍ക്കരുത്തും പിന്‍ബലവുമില്ലാതെ, ഹൃദയാലുവായ ഒരു മനുഷ്യന്‍ സ്വപ്‌നം കണ്ട ആദര്‍ശലോകത്തെ മുദ്രാവാക്യ സ്വഭാവമുള്ള ഒരു നെടുങ്കന്‍ പ്രസ്താവനയായി അനുയായികളുടെ മുന്നില്‍ അവതരിപ്പിച്ചുവെന്നതിനപ്പുറം ഒരു മൂല്യവും അതിനു കല്പിക്കാനാവില്ല. അതുപോലെ, സ്വാമി തോപ്പില്‍ എത്തുന്ന അയ്യാവഴിഭക്തര്‍ ഒരു മൂര്‍ത്തി അഥവാ വൈകുണ്ഠര്‍, ഒരു സ്ഥലം, ഒരു കിണര്‍, ഒരു വഴി, ഒരു ഇഹം, ഒരു വാക്ക്, ഒരു ഭരണം എന്നിങ്ങനെയുള്ള ചിന്തയോടെ എല്ലാം ഏകത്തില്‍ കേന്ദ്രീകരിക്കണമെന്നും ഉപദേശിക്കുന്നതു കാണാം! കലിയുഗാവതാരമായ തന്നിലൂടെ അധര്‍മ്മം നിഷ്‌കാസിതമാവുകയും അനന്തരം ധര്‍മ്മയുഗം സമാഗതമാവുകയും ചെയ്യുമ്പോള്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് വൈകുണ്ഠ സ്വാമികള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. ധര്‍മ്മയുഗത്തെ പുന:സ്ഥാപിക്കുന്നതിനുവേണ്ടി, അധര്‍മ്മത്തെ വേരോടെ പിഴുതെറിയാന്‍ ആവശ്യമായ ഉപായങ്ങള്‍ ഭഗവാന്‍ നാരായണന്‍ ഉപദേശിച്ചതായി അരുള്‍ നൂലില്‍ വൈകുണ്ഠസ്വാമി അരുള്‍ ചെയ്യുന്നുണ്ട് ! നമ്മേ അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത സ്വാമി ലക്ഷ്യമാക്കുന്ന ‘ധര്‍മ്മയുഗം’ ത്രേതായുഗത്തിലെ ജീവിതവീക്ഷണമാണെന്നതാണ്.

തപസ്സ് ചെയ്തതിന്റെ പേരില്‍ ശൂദ്രനായ ശംബൂകനെ വധിച്ച രാമന്റെ അവതാരകാലമാണ് ത്രേതായുഗം. ഇതിഹാസപുരാണങ്ങള്‍ വായിച്ചിട്ടുള്ള, സന്ന്യാസിയും അയിത്തജാതിക്കാരനുമായ വൈകുണ്ഠസ്വാമിക്ക് ഇക്കഥയറിയില്ലെന്നുണ്ടോ? ശിഷ്യന്‍ ഹരിഗോപാലന് പറഞ്ഞു കൊടുത്തു എഴുതിച്ചതും 1851-ല്‍ പൂര്‍ത്തീകരിച്ചതുമായ അഖിലത്തിരട്ട് അമ്മാനൈ, അരുള്‍നൂല്‍ എന്നീ ഗ്രന്ഥങ്ങളിലാണു സ്വാമിയുടെ ആദര്‍ശങ്ങള്‍ ഉള്ളടങ്ങിയിരിക്കുന്നത്. നാരായണഗുരുവിന്റെ സമാധിക്കുശേഷം മാത്രം പുറംലോകം കണ്ട-അക്കാലംവരെയും പനയോലയില്‍ പലകാരണങ്ങളാല്‍ രഹസ്യമായി സൂക്ഷിച്ച ഗ്രന്ഥങ്ങളിലെ ആശയം എങ്ങനെയാണു ഗുരുവിനു അനുകരിയ്ക്കാനാവുക എന്നൊരു ചോദ്യമുയരാം. വൈകുണ്ഠസ്വാമിയുടെ ജീവിതകാലത്തോ, തുടര്‍ന്നുള്ള ഒന്നര നൂറ്റാണ്ടുകാലത്തോ അഥവാ ഇരുപതാംനൂറ്റാണ്ടിന്റെ അവസാനകാലം വരെയോ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മലയാളികളുടെ ഇടയില്‍ പ്രചാരമോ സ്വാധീനമോ ലഭിച്ചതിനു തെളിവില്ല.

നാരായണഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, ഒരു മുദ്രാവാക്യമല്ല, ഒരു കാവ്യശകലമാണ്. ഭൗതികവും ആത്മീയവുമായ അര്‍ത്ഥതലങ്ങള്‍ അതിനുണ്ട്, അതുഗ്രഹിക്കാന്‍ സി.വി.കുഞ്ഞുരാമന്‍ ഗുരുവുമായി ഈ വിഷയത്തില്‍ നടത്തിയ ദീര്‍ഘമായ അഭിമുഖ സംഭാഷണവും ഇതര സംഭാഷണങ്ങളിലും കൃതികളിലും ഇതുസംബന്ധമായി ഗുരു നടത്തിയ പരാമര്‍ശങ്ങളും വിശദീകരണങ്ങളും പഠിക്കേണ്ടതുണ്ട്.
‘ധര്‍മ്മയുഗം’ ആഗതമായാല്‍ ഈ ലോകത്തില്‍ ഒരേയൊരു ഭരണാധികാരിയും ജാതിയും മതവും ദൈവവും മാത്രമേ ഉണ്ടാവുകയുള്ളുവെന്ന വൈകുണ്ഠരുടെ വ്യാമോഹമൊന്നും ഗുരുവിനുണ്ടായിരുന്നില്ല. ഒരു ജാതിയെന്നതു മനുഷ്യജാതിയാണെന്നും ഒരു മതമെന്നതു സര്‍വമതങ്ങളുടെയും സാരസര്‍വ്വസവും ലക്ഷ്യവുമായ സത്യധര്‍മ്മാദികളുടെ പരിപാലനമാണെന്നും ഒരു ദൈവമെന്നതു ആത്യന്തികമായി ആത്മസുഖമാണെന്നുമുള്ള പച്ചയായ യാഥാര്‍ത്ഥ്യബോധം വൈകുണ്ഠസ്വാമിക്കില്ലായിരുന്നു. ടി.ടി. ശ്രീകുമാര്‍ ഉന്നയിക്കുന്നതുപോലെ, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവാക്യത്തിനു വെറും ആത്മീയാര്‍ത്ഥം മാത്രമല്ല, ഭൗതികമായ അര്‍ത്ഥതലം കൂടിയുണ്ട്.

”ദൈവം എല്ലാവരിലും പ്രകാശിക്കുന്നു എന്ന ആശയം മുന്‍നിര്‍ത്തി ആദ്യമായി വൈകുണ്ഠസ്വാമിയാണ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് (1851)” എന്ന ശ്രീകുമാറിന്റെ വാദവും അടിസ്ഥാനരഹിതമാണ്. ”അയ്യാ വൈകുണ്ഠനാഥര്‍ സിദ്ധാശ്രമ”ത്തില്‍ നിന്നു പ്രസിദ്ധീകരിച്ച (മരുത്വാമല) ‘അയ്യാവൈകുണ്ഠനാഥര്‍’ (2001) എന്ന ജീവചരിത്രത്തില്‍ (ഗ്രന്ഥകര്‍ത്താക്കള്‍-പി.സുന്ദരംസ്വാമികള്‍, കെ. പൊന്നുമണി), ജൈനക്ഷേത്രങ്ങളില്‍ പണ്ടൊക്കെ കണ്ണാടിപ്രതിഷ്ഠ സ്ഥാപിക്കുമായിരുന്നുവെന്നു പ്രസ്താവിക്കുന്നുണ്ട്. ഇക്കാര്യം, വി. തങ്കയ്യയും ഡോ. പി.കെ. തിലകും ചേര്‍ന്നെഴുതിയ ‘തെക്കന്‍ തിരുവിതാംകൂര്‍ വിപ്ലവത്തിന്റെ നാട്’ (1995) എന്ന ഗ്രന്ഥത്തില്‍ ആവര്‍ത്തിക്കുന്നതു കാണാം. തലപ്പാവണിഞ്ഞു കണ്ണാടിയില്‍ നോക്കി സ്വന്തം സ്വത്വത്തെ തിരിച്ചറിയുക, ആത്മാഭിമാനം വളര്‍ത്തുക, അന്തസ്സ് നിലനിര്‍ത്തുക എന്നൊക്കെയായിരുന്നു കണ്ണാടി പ്രതിഷ്ഠയിലൂടെ വൈകുണ്ഠസ്വാമികള്‍ ലക്ഷ്യമാക്കിയതെന്നുള്ള ഭിന്നവാദമുഖങ്ങള്‍ ഉണ്ട്. ദൈവം എല്ലാവരിലും പ്രകാശിക്കുന്നുവെന്ന ആശയം മുന്‍നിര്‍ത്തിയാണു കണ്ണാടി പ്രതിഷ്ഠ നടത്തിയതെങ്കില്‍, തലപ്പാവണിഞ്ഞുവേണം കണ്ണാടി നോക്കുവാനെന്നു വൈകുണ്ഠസ്വാമികള്‍ എന്തിനു നിഷ്‌കര്‍ഷിക്കണം? ആദ്യം നിന്നെ കാണുക, അപ്പോള്‍ നിന്റെയുള്ളിലെ ദൈവത്തെ സങ്കല്പിക്കുവാന്‍ സാധിക്കുമെന്നും മനുഷ്യരുടെ ഉള്ളിലുള്ള ഈശ്വരന്റെ പ്രതിച്ഛായ കാണാനാണു കണ്ണാടി പ്രതിഷ്ഠിച്ചതെന്നും എല്ലാവരുടെയും മനസ്സില്‍ ഈശ്വരസാന്നിദ്ധ്യമുണ്ട്, കണ്ണാടിനോക്കുമ്പോള്‍ അതു തിരിച്ചറിയുമെന്നുമുള്ള വാദമുഖങ്ങളും ന്യായീകരണങ്ങളും വൈകുണ്ഠസ്വാമിയുടെ കണ്ണാടി പ്രതിഷ്ഠയെ സംബന്ധിച്ചുണ്ട്. കണ്ണാടി നോക്കുമ്പോള്‍ തന്റെ ഉള്ളിലിരിക്കുന്ന – മനസ്സിലിരിക്കുന്ന ഈശ്വരനെ അല്ലെങ്കില്‍ അതിന്റെ പ്രതിച്ഛായയെ ദര്‍ശിക്കുമെന്നു പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ‘The Kingdom of God is within you’ എന്ന വാക്യം ദ്യോതിപ്പിക്കുന്ന ദൈവിക സങ്കല്പത്തില്‍ നിന്നും എത്രയോ ഭിന്നവും അയുക്തികവുമാണു കണ്ണാടി പ്രതിഫലിപ്പിക്കുന്ന ദൈവ സങ്കല്പം.

വൈകുണ്ഠസ്വാമിയുടെ കണ്ണാടി പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു മറ്റൊരു വിപരീത അഭിപ്രായം ഐ. ഇസ്താക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്. ”താനുള്ളപ്പോള്‍ തന്റെ ജനങ്ങള്‍ക്കു കണ്‍മുന്നില്‍ ദൈവമുണ്ട്. എന്നാല്‍ താന്‍ സമാധിയായാല്‍ പതികളില്‍ കണ്ണാടി സ്ഥാപിച്ചു അതില്‍ നോക്കി ദൈവത്തെ കാണണമെന്നാണു വൈകുണ്ഠസ്വാമികള്‍ നിര്‍ദ്ദേശിച്ചത്” (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2006 ഫെബ്രുവരി 11). വൈകുണ്ഠസ്വാമിയുടെ സമാധിയിലാണ് ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയതെന്നും അദ്ദേഹത്തിന്റെ അനുശാസന പ്രകാരം ഒരു ശിഷ്യന്‍ അക്കാര്യം നിര്‍വഹിക്കുകയായിരുന്നുവെന്നും ഇസ്താക്ക് തുടര്‍ന്നെഴുതുന്നു. ‘അയ്യാ വൈകുണ്ഠനാഥര്‍’ എന്ന ജീവചരിത്രത്തില്‍ ഈ നിരീക്ഷണത്തെ സ്ഥിരീകരിക്കുന്ന ചില സൂചനകള്‍ നമുക്കു കണ്ടെത്താനാവും. കാണുക: ”അയ്യാ വൈകുണ്ഠനാഥര്‍ മഹാസമാധിയടഞ്ഞു 150 വര്‍ഷം കഴിഞ്ഞു. സമാധികളില്‍ ശിവലിംഗം തുടങ്ങിയ പ്രതിഷ്ഠകളാണു സ്ഥാപിക്കാറുള്ളത്. ജൈനക്ഷേത്രങ്ങളില്‍ പണ്ടൊക്കെ കണ്ണാടിപ്രതിഷ്ഠ സ്ഥാപിക്കുമായിരുന്നു. ഏറെ കാലത്തിനു ശേഷം അയ്യാവൈകുണ്ഠനാഥരുടെ മഹാസമാധിയിലും കണ്ണാടിപ്രതിഷ്ഠ നടത്തി”. വൈകുണ്ഠസ്വാമികള്‍ ഒരിക്കല്‍ പോലും കണ്ണാടിപ്രതിഷ്ഠ നടത്തിയിരുന്നില്ലെന്നു ഇതില്‍ നിന്നും വ്യക്തമല്ലെ? ‘അഖിലത്തിരട്ട് അമ്മാനെ’, ‘അരുള്‍നൂല്‍’ എന്നീ ഗ്രന്ഥങ്ങളെ അവലംബിച്ചും ഉദ്ധരിച്ചും വൈകുണ്ഠരെപ്പറ്റി ഗൗരവപൂര്‍വം ആദ്യമായി പഠനം നടത്തിയ ഡോ. ആര്‍. പൊന്നു (Sri. Vaikunda Swamigal and the Struggle for Social Equality in South India-2000), അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ കണ്ണാടിപ്രതിഷ്ഠയെപ്പറ്റി ഒരക്ഷരം പോലും ഉരിയാടുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വൈകുണ്ഠരുടെ കണ്ണാടി പ്രതിഷ്ഠയെപ്പറ്റി വാചാലമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തവര്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നുവെന്നതാണു വസ്തുത.
ടി.ടി. ശ്രീകുമാര്‍ മാത്രമല്ല, നാരായണഗുരുവിന്റെ പ്രശസ്തിയിലും മഹത്വത്തിലും അസഹിഷ്ണുത പൂണ്ട രാജന്‍ഗുരുക്കളെ പോലുള്ള ചരിത്രകാരന്മാരും പി. ഗോവിന്ദപ്പിള്ളയെ പോലുള്ള ചില ബുദ്ധിജീവികളും, വൈകുണ്ഠരുടെ ആദര്‍ശങ്ങള്‍ പലതും ഗുരുവിനെ സ്വാധീനിച്ചതായി എഴുതി പിടിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണു ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ? ഗുരുനടത്തിയ കണ്ണാടി പ്രതിഷ്ഠകളുടെ ചരിത്രവും പശ്ചാത്തലവും ലക്ഷ്യവും എന്താണെന്നു പോലും പലര്‍ക്കും അറിയില്ല. കളവങ്കോടം അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ 1927 ജൂണ്‍ 14നും ഉല്ലല ഓങ്കാരേശ്വര ക്ഷേത്രത്തില്‍ 1927 ജൂണ്‍ 25നും ഗുരു നടത്തിയ കണ്ണാടി പ്രതിഷ്ഠകള്‍ രണ്ടും ഓരോ പ്രശ്‌നപരിഹാരത്തിനായി നിര്‍വഹിച്ചതായിരുന്നു. കളവങ്കോടം ദേവീക്ഷേത്രം പുതുക്കിപ്പണിതപ്പോള്‍ മുമ്പുണ്ടായിരുന്ന ദേവീവിഗ്രഹം മാറ്റി അര്‍ദ്ധനാരീശ്വര വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ക്ഷേത്രഭാരവാഹികള്‍ തീരുമാനിക്കുകയും അക്കാര്യം ഗുരുവിനെ ഗ്രഹിപ്പിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ എ.സി. കുട്ടപ്പന്റെ നേതൃത്വത്തിലുള്ള സഹോദരപ്രസ്ഥാനക്കാര്‍ ഗുരുവിനെ സമീപിച്ചു വിഗ്രഹപ്രതിഷ്ഠയോടുള്ള അവരുടെ വിയോജിപ്പു പ്രകടിപ്പിച്ചു. വിഘടിച്ചു നില്‍ക്കുന്ന രണ്ടു ഗ്രൂപ്പുകളേയും സമന്വയിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ‘ഓം ശാന്തി’ എന്നു രസം ചുരണ്ടിക്കളഞ്ഞു എഴുതിയ കണ്ണാടി ഗുരു പ്രതിഷ്ഠിക്കുകയും തുടര്‍ന്നു കണ്ണാടിക്കു സമീപം ബോധാനന്ദസ്വാമിയെക്കൊണ്ടു അര്‍ദ്ധനാരീശ്വര പ്രതിഷ്ഠ നടത്തിക്കുകയും ചെയ്തു. വൈകുണ്ഠ സ്വാമി ‘നിര്‍ദ്ദേശിച്ച’വിധം മുഖം നോക്കി ആത്മാഭിമാനം കൊള്ളുകയോ അല്ലെങ്കില്‍ തന്നിലെ ദൈവസാന്നിദ്ധ്യത്തെ മനസ്സിലാക്കുകയോ ആയിരുന്നില്ല ഗുരുവിന്റെ ലക്ഷ്യം. ഗുരു പ്രതിഷ്ഠിച്ച കണ്ണാടിയില്‍ ഓംശാന്തിയെന്നു എഴുതുക മാത്രമല്ല, അതില്‍ നോക്കുന്ന ഭക്തന്റെ പ്രതിരൂപം കാണാനാവില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് എങ്ങനെയാണു അനുകരണമാവുക? ഉല്ലലയില്‍ പഞ്ചലോഹനിര്‍മ്മിതമായ മഹാവിഷ്ണുവിന്റെ വിഗ്രഹം പ്രതിഷ്ഠിക്കുക എന്ന ക്ഷേത്രഭാരവാഹികളുടെ ആഗ്രഹത്തിനു വിപരീതമായി, രസം ചുരണ്ടിക്കളഞ്ഞു പ്രണവാക്ഷരത്തിന്റെ രൂപം ദൃശ്യമാകുന്ന കണ്ണാടി സ്ഥാപിക്കുകയായിരുന്നു. രണ്ടുപ്രതിഷ്ഠകളുടെയും ഏകവും പരമവുമായ ലക്ഷ്യം ഓങ്കാര ദര്‍ശനമാണ്, കണ്ണാടിയില്‍ നോക്കുന്നവന്റെ പ്രതിച്ഛായയോ, ആത്മബോധമോ, ദൈവികത്വമോ, അദ്വൈതാവസ്ഥയോ അല്ല. കണ്ണാടി ഇവിടെ ഓങ്കാരം രേഖപ്പെടുത്താനുള്ള കേവലമൊരു പ്രതലവും അതേ സമയം വിഗ്രഹാരാധനയുടെ നിഷേധവുമാണ്. ഓങ്കാരത്തിന് അനേകാര്‍ത്ഥങ്ങളുണ്ട്. അതില്‍ ഗുരു ഉദ്ദേശിച്ച അര്‍ത്ഥം എന്തായിരിക്കും? ശുദ്രന്മാരും മറ്റു ഹീനജാതിക്കാരും ‘ഓം’ എന്ന മന്ത്രം ഉച്ചരിക്കാനോ ശ്രവിക്കാനോ എഴുതുവാനോ പാടില്ലെന്നാണു സ്മൃതികള്‍ കല്പിക്കുന്നത്. അതിന്റെ നിഷേധമായിരിക്കില്ലേ പ്രണവമന്ത്രമെഴുതിയ കണ്ണാടി പ്രതിഷ്ഠകള്‍? എന്തായാലും വൈകുണ്ഠസ്വാമി ലക്ഷ്യമാക്കിയതായി ആരോപിക്കപ്പെടുന്ന അര്‍ത്ഥങ്ങളൊന്നും തന്നെ ഗുരുവിന്റെ കണ്ണാടിക്കില്ല.
”ഏതു ജാതിയില്‍പ്പെട്ടവര്‍ക്കും സന്ന്യാസം സ്വീകരിക്കാമെന്നു പ്രഖ്യാപിച്ച് അയ്യാവൈകുണ്ഠര്‍ ‘തുവയല്‍ പന്തി’എന്ന പേരില്‍ ഒരു പ്രസ്ഥാനം സ്ഥാപിച്ചു. ബ്രിട്ടീഷുകാരാണു നമുക്കു സന്ന്യാസം തന്നത് എന്നു സന്ദര്‍ഭവശാല്‍ ശ്രീനാരായണഗുരു പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ആ ആശയത്തിന്റെ ഉപജ്ഞാതാവ് വൈകുണ്ഠസ്വാമിയാണ്” എന്നു ടി.ടി. ശ്രീകുമാര്‍ എഴുതുന്നു. ഇതു വായിച്ചാല്‍ തുവയല്‍പന്തി എന്നതു ഒരു സന്ന്യാസിമഠവും സന്ന്യാസത്തിനു പരിശീലനം നല്‍കുന്ന ഒരു കേന്ദ്രവുമാണെന്നു തോന്നും. സന്ന്യാസവുമായി ഇതിനൊരു ബന്ധവുമില്ലെന്നു മാത്രമല്ല, ഏതു ജാതിക്കാര്‍ക്കും സന്ന്യാസം സ്വീകരിക്കാമെന്നു വൈകുണ്ഠര്‍ പ്രഖ്യാപിച്ചിട്ടുമില്ല. തുവയല്‍ എന്ന വാക്കിനു ശുദ്ധീകരണം എന്ന അര്‍ത്ഥമേയുള്ളു. നിരന്തരമായ അദ്ധ്വാനം മൂലം കുളിക്കാനോ വസ്ത്രങ്ങള്‍ അലക്കാനോ ശുചിത്വം പാലിക്കാനോ കഴിയാതിരുന്ന അയിത്തജാതിക്കാരായ അനുയായികള്‍ക്കു അടിച്ചുതളിച്ചു കുളിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള ഇടമായിരുന്നു തുവയല്‍പന്തി.
നാരായണഗുരുവിനെ പോലൊരു സന്ന്യാസിയായിരുന്നില്ല വൈകുണ്ഠസ്വാമി. ഗുരു സ്ഥാപിച്ചതു പോലുള്ള സന്ന്യാസമഠങ്ങളോ ഗുരുവിന്റെ ആശ്രമവീക്ഷണമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. വൈകുണ്ഠരുടെ തുവയല്‍ പന്തിക്കും ബ്രിട്ടീഷുകാരാണു നമുക്കു സന്ന്യാസം തന്നതു എന്ന ഗുരുവചനത്തിനും തമ്മില്‍ എന്താണു ബന്ധം? സന്ന്യസിക്കാനും ആശ്രമങ്ങള്‍ സ്ഥാപിക്കാനും ഗുരുവിനു പ്രചോദനവും മാതൃകയുമായതു വൈകുണ്ഠസ്വാമിയാണെന്നു വരുത്തിത്തീര്‍ക്കുക എന്ന കുത്സിതബുദ്ധിക്കപ്പുറം വസ്തുതാപരമായ ഒരു തെളിവും ശ്രീകുമാറിന്റെ വക്രോക്തി കലര്‍ന്ന നിരീക്ഷണത്തിലില്ല.

സ്വാതി തിരുനാൾ
കേണൽ മൺറോ

ബ്രിട്ടീഷുകാരും എല്‍.എം.എസ്. മിഷണറിമാരും കേരള നവോത്ഥാനത്തിന്റെ ചാലകശക്തികളാണെന്നു തിരിച്ചറിയാന്‍ കഴിയാതെ പോയ ‘ജ്ഞാനി’യും’മാമുനി’യുമായിരുന്നു വൈകുണ്ഠ സ്വാമികള്‍. ”ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ക്രമസമാധാന നില ഭദ്രമായപ്പോള്‍ മാത്രമാണു നാടാര്‍ സമുദായത്തിനു സുരക്ഷിതബോധത്തോടുകൂടി കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ ശ്രദ്ധപതിക്കാന്‍ കഴിഞ്ഞത്”, ”ക്രിസ്തീയ അദ്ധ്യാപകരിലൂടെ തങ്ങള്‍ക്കു നീതിയും സംരക്ഷണവും ലഭിക്കുന്നതു അനുഭവവേദ്യമായി കഴിഞ്ഞതിനു ശേഷമാണു തങ്ങള്‍ നേരത്തെ വിധേയമാക്കപ്പെട്ടിരുന്ന അടിമത്തത്തെപ്പറ്റി അവര്‍ (ചാന്നാന്മാര്‍) കൂടുതല്‍ ബോധ്യവാന്മാരായത്” എന്നിങ്ങനെ പ്രൊഫ. ജെ. ഡാര്‍വിന്‍ വിലയിരുത്തുന്നതു (വൈകുണ്ഠസ്വാമികള്‍: നവോത്ഥാനത്തിന്റെ പെരുന്തച്ചന്‍-2021); വൈകുണ്ഠസ്വാമി ജീവിച്ചിരുന്ന കാലഘട്ടത്തിലുണ്ടായ പരിണാമത്തെപ്പറ്റിയാണ്. ഇതൊന്നും മനസ്സിലാക്കാതെയാണു ലണ്ടന്‍ മിഷന്‍ സൊസൈറ്റി സ്ഥാപിച്ച പള്ളികളെ കേന്ദ്രമാക്കി, ബ്രിട്ടീഷ് ആധിപത്യത്തെ അഭിനന്ദിച്ചതില്‍ പ്രതിഷേധിച്ചും പ്രതിരോധിച്ചും സ്വാമിതോപ്പിനു സമീപം അഞ്ചു പള്ളികള്‍ക്കു അടുത്തായി അഞ്ചു പതികള്‍ വൈകുണ്ഠസ്വാമികള്‍ സ്ഥാപിച്ചതും ബ്രിട്ടീഷ് ഭരണത്തെ ‘വെണ്‍നീച’ന്റെ ഭരണമെന്നു അധിക്ഷേപിച്ചതും. വാസ്തവത്തില്‍ ചാന്നാര്‍ ലഹളയുടെ വിജയത്തിന്റെ പിന്നിലെ ക്രെഡിറ്റും മിഷണറിമാര്‍ക്കും അവരെ പിന്തുണച്ച ബ്രിട്ടീഷുകാര്‍ക്കും അവകാശപ്പെട്ടതാണ്.

വൈകുണ്ഠസ്വാമി ജനിക്കുന്നതിനു മുമ്പ് ആരംഭിക്കുകയും മരിച്ചതിനുശേഷം പര്യവസാനിക്കുകയും ചെയ്ത കലാപമായിരുന്നു ചാന്നാര്‍ ലഹള. റിംഗില്‍റ്റോബി എന്ന വിദേശ മിഷണറി തിരുവിതാംകൂറില്‍ എല്‍.എം.എസ് സ്ഥാപിക്കുന്നതും എത്തുന്നതും പ്രവര്‍ത്തനം തുടങ്ങുന്നതും 1806-ലാണ്. അതിനെത്തുടര്‍ന്നു ഹിന്ദുചാന്നാര്‍ വിഭാഗത്തില്‍പ്പെട്ട വലിയൊരു വിഭാഗം ക്രിസ്തുമതത്തില്‍ ചേരുകയുണ്ടായി. ‘മതപരിവര്‍ത്തനം ചെയ്ത ചാന്നാര്‍ സ്ത്രീകളെ മാറുമറയ്ക്കുവാന്‍ ഉപദേശിച്ചതും മാറുമറയ്ക്കു എന്നതു സംസ്‌കാരത്തിന്റെ ലക്ഷണമാണെന്നും അതു അത്യാവശ്യമാണെന്നുമുള്ള ബോധം ഉളവാക്കിയതും മിഷണറിമാരായിരുന്നു’ (‘ചാന്നാര്‍ ലഹള, ദലിത്ബന്ധു-2010). മതപരിവര്‍ത്തനം ചെയ്ത ചാന്നാര്‍ സ്ത്രീകള്‍ അധികം വൈകാതെ ബ്രിട്ടീഷ് അധീനതയിലുള്ള തിരുനെല്‍വേലിയിലെ ചാന്നാര്‍ സ്ത്രീകളെപ്പോലെ കുപ്പായം അണിഞ്ഞു തുടങ്ങി. അതില്‍ പ്രകോപിതരായ സവര്‍ണ്ണഹിന്ദുക്കള്‍ അവരെ ആക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. അതിനു തടയിടാന്‍ വേണ്ടിയാണു മിഷണറിമാരുടെ നിരന്തര സമ്മര്‍ദ്ദം മൂലം കേണല്‍ മണ്‍റോ 1812-ല്‍, ക്രിസ്തുമതം സ്വീകരിച്ച ചാന്നാര്‍ സ്ത്രീകള്‍ക്കു കുപ്പായം അണിയുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പോള്‍ വൈകുണ്ഠ സ്വാമിക്കു വയസ്സ് മൂന്നായിരുന്നു. മണ്‍റോയുടെ ഉത്തരവിനു പുല്ലുവില കല്പിച്ചുകൊണ്ടു വീണ്ടും സവര്‍ണ്ണനായര്‍ യുവാക്കള്‍ ചാന്നാര്‍ സ്ത്രീകളുടെ കുപ്പായം വലിച്ചുകീറുകയും മര്‍ദ്ദിക്കുകയും അവരുടെ പള്ളികളും പള്ളിക്കൂടങ്ങളും നശിപ്പിക്കുകയും ചെയ്തു. ചാന്നാര്‍ ലഹളയുടെ ഒന്നാം ഘട്ടമെന്നു തെറ്റായി ചരിത്രകാരന്മാര്‍ പൊതുവേ പറയുന്ന 1822-ല്‍ വൈകുണ്ഠസ്വാമിക്കു പ്രായം പതിമൂന്നാണ്. 1822-ലേതുപോലെ ചാന്നാര്‍ ലഹള അതിരൂക്ഷമാകുന്നത് മൂന്നരദശാബ്ദത്തിനു ശേഷം 1858-1859 കാലത്താണ്. അതിനു ഏഴുവര്‍ഷം മുമ്പ് വൈകുണ്ഠസ്വാമികള്‍ പരലോകം പ്രാപിച്ചിരുന്നു. അപ്പോള്‍ ഏതുഘട്ടത്തിലാണു വൈകുണ്ഠസ്വാമികള്‍ ചാന്നാര്‍ കലാപത്തിനു പ്രേരണയും പിന്തുണയും നേതൃത്വവും കൊടുത്തു പ്രവര്‍ത്തിച്ചത്?
വൈകുണ്ഠസ്വാമിയുടെ ജീവചരിത്രങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള പഠനങ്ങളും വായിക്കുന്ന ഏതൊരാളും അതിലെ പരസ്പര വൈരുദ്ധ്യമാര്‍ന്ന വിവരണങ്ങള്‍ ദര്‍ശിച്ചു വിസ്മിതനാകും. ഏതാനും ഉദാഹരണങ്ങള്‍ കാണുക. ശുചീന്ദ്രം ക്ഷേത്രത്തിലെ രഥത്തിന്റെ കയര്‍ തന്റെ സഹപ്രവര്‍ത്തകരോടൊത്തു പരസ്യമായി വലിച്ചു ആചാരലംഘനം നടത്തിയതിനാണു അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതെന്നും, അതല്ല മദിരാശിയിലെ ബ്രിട്ടീഷ് സര്‍ക്കാരിനെ ‘വെണ്‍നീച’ന്റെ ഭരണമായും തിരുവിതാംകൂര്‍ രാജാവ് സ്വാതിതിരുനാളിന്റെ ഭരണത്തെ ‘അനന്തപുരിയിലെ നീച’ന്റെ ഭരണമായും ബ്രാഹ്മണരെ ‘കരിനീച’ന്മാരായും വിമര്‍ശിച്ചതിനാലാണെന്നും മുത്തുക്കുട്ടി എന്ന ചാന്നാര്‍ ജാതിക്കാരന്‍ സ്വയം വൈകുണ്ഠസ്വാമിയെന്നു പ്രഖ്യാപിച്ചു നടന്നതിനാലാണെന്നും രാജാവിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചതിനാലാണെന്നും എല്‍.എം.എസിന്റെയും ബ്രിട്ടീഷ് ഗവര്‍ണറുടെയും പ്രേരണയാലാണെന്നും അഭിപ്രായഭേദങ്ങള്‍ ഉണ്ട്. അതുപോലെ, അറസ്റ്റിലായ വൈകുണ്ഠസ്വാമി ക്രൂരമായി ശിക്ഷിക്കപ്പെട്ടെങ്കിലും, അമാനുഷമായ സിദ്ധിവിശേഷത്താല്‍ അതിനെ തരണം ചെയ്തതു കണ്ടു അവസാനം നിവൃത്തിയില്ലാതെ അധികൃതര്‍ അദ്ദേഹത്തെ ജയില്‍മോചിതനാക്കിയതാണെന്നും അദ്ദേഹത്തിന്റെ ശിഷ്യനും ‘ജയില്‍ ഉദ്യോഗസ്ഥനു’മായിരുന്ന തൈക്കാട് അയ്യാവിന്റെ ശുപാര്‍ശപ്രകാരമാണു മോചിതനായതെന്നും രാജാവിനു കുടപിടിച്ചു കൊടുത്തിരുന്ന പൂവാണ്ടന്‍കോനാര്‍ ഇടപെട്ടിട്ടാണെന്നും വാദമുണ്ട്.

വൈകുണ്ഠസ്വാമിയുടെ ശിഷ്യനായ തൈക്കാട് അയ്യാവില്‍ നിന്നുമാണു നാരായണഗുരു യോഗാഭ്യാസ മുറകള്‍ പഠിച്ചതെന്നതു ചരിത്രവസ്തുതയാണ്. അയ്യാവിന്റെ സമാധിയെക്കുറിച്ച് ‘വിവേകോദയ’ത്തില്‍ എഴുതിയ കുറിപ്പില്‍ (1084 കര്‍ക്കടകം) ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി മുതലായ വന്ദ്യന്മാരുടെ ആദ്ധ്യാത്മികോപദേഷ്ടാവായിരുന്നു അയ്യാവെന്നു കുമാരനാശാന്‍ രേഖപ്പെടുത്തുന്നുണ്ട്. 1884-ലാണു നാരായണഗുരു അയ്യാവുമായി സമ്പര്‍ക്കത്തിലാവുന്നതും യോഗാഭ്യാസമുറകള്‍ പഠിക്കുന്നതും. അടുത്ത വര്‍ഷം മുതല്‍ (1885) മരുത്വാമലയിലെ പിള്ളത്തടത്തില്‍ തപോജീവിതം നയിക്കുന്ന ഗുരുവിനെയാണു നാം കാണുക. ഒരു വര്‍ഷത്തിനകത്തുള്ള ശിഷ്യത്വമേ അയ്യാവുമായി ഗുരുവിനുണ്ടായിരുന്നുള്ളു. 1851-ല്‍ മരിച്ച വൈകുണ്ഠരുടെ കര്‍മ്മപദ്ധതികളെയും ആശയഗതികളെയും 1854-ല്‍ ജനിച്ച ഗുരു, പില്‍ക്കാലത്തു അയ്യാവില്‍ നിന്നും ഗ്രഹിച്ചു സ്വജീവിതത്തില്‍ പകര്‍ത്തുകയായിരുന്നുവെന്ന ചില പണ്ഡിതന്മാരുടെ അഭിപ്രായം വിശ്വാസയോഗ്യമല്ല.
നാരായണഗുരുവോ ചട്ടമ്പിസ്വാമികളോ അവരുടെ ശിഷ്യഗണങ്ങളോ സമകാലികരായ സാമൂഹിക പരിഷ്‌കര്‍ത്താക്കളോ ചരിത്രകാരന്മാരോ മാനുവല്‍കര്‍ത്താക്കളോ വൈകുണ്ഠസ്വാമിയെപ്പറ്റി ഒരിടത്തും പ്രസ്താവിച്ചു കാണുന്നില്ല. 1990 വരെയുള്ള ഒരൊറ്റ കേരളചരിത്ര ഗ്രന്ഥത്തിലും വൈകുണ്ഠസ്വാമിയുടെ പേരു കണ്ടെത്താനാവില്ല. തന്റെ അവതാരകഥകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആദര്‍ശങ്ങളെക്കുറിച്ചും ശിഷ്യനായ ഹരിഗോപാലനോടു പറഞ്ഞുകൊടുത്തു പനയോലയില്‍ എഴുതിച്ചതെന്നു പറയപ്പെടുന്ന ‘അഖിലത്തിരട്ട്’- അതിന്റെ രചനാകാലത്തെക്കുറിച്ചു തന്നെ ഭിന്നാഭിപ്രായമുണ്ട് -1939-ല്‍ മാത്രമാണു തമിഴില്‍ അച്ചടി മഷി പുരണ്ടു ഗ്രന്ഥരൂപത്തില്‍ പുറത്തുവരുന്നത്. നാരായണഗുരുവിന്റെ ജീവചരിത്രമെഴുതുന്നതിന്റെ ഭാഗമായി തൈക്കാട് അയ്യാവും ഗുരുവും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റി മനസ്സിലാക്കാന്‍, അയ്യാവ്മിഷന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും വിശദവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്ത വ്യക്തിയാണു കോട്ടുകോയിക്കല്‍ വേലായുധന്‍. ഒരു അദ്ധ്യായത്തില്‍ അക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതില്‍ ഒരിടത്തു പോലും വൈകുണ്ഠസ്വാമികളെപ്പറ്റിയുള്ള പരാമര്‍ശം കടന്നുവരുന്നില്ല. ഗുരുവിനെപ്പറ്റിയുള്ള മറ്റു ജീവചരിത്രഗ്രന്ഥങ്ങളിലും തൈക്കാട് അയ്യാവിനെപ്പറ്റിയല്ലാതെ വൈകുണ്ഠസ്വാമിയെപ്പറ്റി ഒന്നും കാണാനാവില്ല.
കേരള നവോത്ഥാനത്തിന്റെ ആദ്യപഥികന്‍ എന്നു ചിലരാല്‍ വാഴ്ത്തപ്പെടുന്ന വൈകുണ്ഠസ്വാമി എന്തുകൊണ്ടാണു 1990കള്‍ വരെയുള്ള കേരളത്തിന്റേയോ തമിഴ്‌നാടിന്റേയോ ചരിത്രഗ്രന്ഥങ്ങളിലൊന്നും ഇടംപിടിക്കാതെ പോയത്? പ്രശസ്ത തമിഴ് ചരിത്രകാരനായ എന്‍. സുബ്രഹ്മണ്യത്തിന്റെ ചരിത്രഗ്രന്ഥങ്ങളില്‍ നാരായണഗുരുവിനെപ്പറ്റി നമുക്കു വായിക്കാനാവും എന്നാല്‍ വൈകുണ്ഠസ്വാമി അവിടെയും അദൃശ്യനാണ്. കേരളത്തിലേതു പോലൊരു നവോത്ഥാനം തമിഴ്‌നാട്ടിലുണ്ടാകാതെ പോയത് നാരായണഗുരുവിനെപ്പോലൊരു ചരിത്രപുരുഷന്‍ ജനിക്കാതെ പോയതിനാലാണെന്നു അദ്ദേഹം പറയുന്നു. ഇപ്പോള്‍ ആഘോഷിക്കപ്പെടുന്ന വൈകുണ്ഠരുടെ മഹത്വം ജീവിതകാലത്തു അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജന്മഭൂമിയും തപോഭൂമിയും കര്‍മ്മഭൂമിയും സമാധിസ്ഥഭൂമിയുമായ സ്വാമിത്തോപ്പിനപ്പുറം അദ്ദേഹത്തിന്റെ പ്രശസ്തി അക്കാലത്തു വ്യാപരിച്ചിരുന്നില്ല. ചാന്നാര്‍ സമുദായത്തിന്റെ തന്നെ പൂര്‍ണപിന്തുണ അദ്ദേഹത്തിനു കിട്ടിയിരുന്നില്ല എന്നതാണു വസ്തുത.

വൈകുണ്ഠസ്വാമിയുടെ കാലത്തു കന്യാകുമാരി കേന്ദ്രീകരിച്ചു മുപ്പത്തിമൂന്നു വര്‍ഷം എല്‍.എം.എസ്. മിഷണറിയായി സേവനമനുഷ്ഠിച്ച സാമുവല്‍മെറ്റീര്‍, തിരുവിതാംകൂറിലെ വിവിധ ജാതിമതസ്ഥരായ ജനവിഭാഗങ്ങളെയും അവിടത്തെ സാമൂഹിക രാഷ്ട്രീയ ജീവിതത്തെയും പറ്റി വിസ്തരിച്ചെഴുതിയ ‘Native Life in Travancoer (1883) എന്ന ഏറെ പ്രശസ്തമായ ഗ്രന്ഥത്തില്‍ ഒരിടത്തുപോലും വൈകുണ്ഠസ്വാമിയെ പരാമര്‍ശിച്ചു കാണുന്നില്ല. എന്നാല്‍ അത്രപ്രശസ്തമല്ലാത്ത ‘The land of charity’ (1871) എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു: ”…..an Absured medley of Hinduism and Demonolatry, with a slight tinge of the christian element. This superstition was originated by one muthukuti, a poor palmyra climber, who laid claim to be an incarnation of Vishnu and pretended to possess miraculous powers, by these means he attracted to himself thousands of credulous followers. Since the death of their leader in 1848, he has been worshipped by his followers as a manifestation of the supreme God; and this singular people display considerable zeal in the defence and propagation of their destructive errors”. ആയിരക്കണക്കിനു അനുയായികള്‍ വൈകുണ്ഠസ്വാമിക്കു ഉണ്ടായിരുന്നെങ്കിലും, ചാന്നാര്‍ സമുദായത്തില്‍ നിന്നു ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നവരെ തടഞ്ഞുനിര്‍ത്താന്‍ അദ്ദേഹത്തിന്റെ ‘ഈശ്വരീയ’പ്രഭാവത്തിനു കഴിഞ്ഞില്ല. തിരുവിതാംകൂറില്‍ 1854-ല്‍ ആദ്യമായി നടത്തിയ സെന്‍സസ് പ്രകാരം 82,861 ചാന്നാന്മാരാണ് ഉണ്ടായിരുന്നത്. അതിനുമുമ്പ് 1850-നുള്ളില്‍ വൈകുണ്ഠസ്വാമി ജീവിച്ചിരുന്നപ്പോള്‍ തന്നെ 15,000 പേര്‍ ഹിന്ദുമതം വിട്ട് എല്‍.എം.എസില്‍ ചേര്‍ന്നിരുന്നു. അതില്‍ ഭൂരിഭാഗവും ചാന്നാര്‍ ജാതിയില്‍പ്പെട്ടവരായിരുന്നു. മേല്‍പ്പറഞ്ഞ സെന്‍സസ് പ്രകാരം Native Roman catholics വിഭാഗത്തില്‍പ്പെട്ടവര്‍ 1,40,000 പേരും (അതില്‍ 12,000 പേര്‍ മതപരിവര്‍ത്തനം ചെയ്തവരായിരുന്നു) Roman Syrians -ല്‍ 81,886 പേരും കത്തോലിക്ക സിറിയന്‍സില്‍ 10,9123 പേരും ഉണ്ടായിരുന്നു. ചാന്നാര്‍ ജാതി ഉള്‍പ്പെടെ ഹിന്ദുമതത്തില്‍പ്പെട്ട അധഃകൃത പിന്നോക്ക വിഭാഗങ്ങളായിരുന്നു; ക്രിസ്തുമതത്തിന്റെ ഈ ഭിന്നവിഭാഗങ്ങളില്‍പ്പെട്ട ജനസംഖ്യയില്‍ ഭൂരിപക്ഷവുമെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

‘ചാന്റോര്‍ മക്കളെ’ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുന്ന മിഷണറിമാരെ അതിനിശിതമായ ഭാഷയിലാണു അഖിലത്തിരട്ടില്‍ വൈകുണ്ഠസ്വാമി വിമര്‍ശിച്ചത്. അതിങ്ങനെയാണ്: ”തേള്‍ സ്വഭാവികളും നീചന്മാരും ദുര്‍നടത്തക്കാരുമായ നസ്രാണികള്‍ ലോകം മുഴുവന്‍ പരന്നു മനുഷ്യവര്‍ഗ്ഗത്തെ നിയന്ത്രണമില്ലാതാക്കി തീര്‍ത്തിരിക്കുന്നു. നല്ലവരായ ചാന്റോര്‍മക്കളുടെ നന്മയും പെരുമാറ്റവും പരിശുദ്ധിയും ഇവര്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു” വൈകുണ്ഠസ്വാമിയുടെ മിഷണറി വിരുദ്ധ നിലപാടുകളോട്, അതേ നാണയത്തില്‍ മിഷണറിമാരും പ്രതികരിക്കുകയുണ്ടായി. ‘സാത്താന്‍, വിഡ്ഢി, പനകയറി, കാപട്യക്കാരന്‍, ഇരുട്ടിന്റെ ശക്തി തുടങ്ങിയ വിശേഷണങ്ങളാണു സ്വാമികള്‍ക്കു അവര്‍ ചാര്‍ത്തിക്കൊടുത്തത്. ‘പലമതസാരവുമേകം’ എന്ന വീക്ഷണത്തോടെ പ്രവര്‍ത്തിച്ച നാരായണഗുരു, മതപരിവര്‍ത്തനത്തെ നിന്ദിക്കുകയോ മറ്റ് മതസ്ഥര്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നു ഓര്‍ക്കുക. അന്‍പേ ദൈവം (അനുകമ്പാദശകം), അറിവേ ദൈവം (അറിവ്), ആനന്ദമേ ദൈവം (ആത്മോപദേശ ശതകം) എന്നു ദര്‍ശിച്ച ഗുരുവിനു, ഈ പന്ഥാവിലേക്കു അന്തിമമായി നയിക്കുന്ന മതങ്ങളെയും മതാചാര്യന്‍മാന്മാരെയും നിന്ദിക്കുവാനോ പരിഹസിക്കുവാനോ കഴിയുമായിരുന്നില്ല.
പ്രകോപനപരമായ ഒരൊറ്റ വാക്കുപോലും ആരോടും ഒരിക്കലും സ്വജീവിതത്തില്‍ ഉരുവിട്ടിട്ടില്ലാത്ത പ്രജ്ഞാനിയായിരുന്നു നാരായണഗുരു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടു കിടന്നിരുന്ന കേരളത്തിലെ സര്‍വ്വജാതിമതസ്ഥരെയും ഒരുപോലെ ഉണര്‍ത്തി നവോത്ഥാനപഥത്തിലേക്കു ആനയിക്കുവാനും അവരുടെയെല്ലാം ആദരവ് ആര്‍ജ്ജിക്കുവാനും ഗുരുവിന് സാധിച്ചിരുന്നു. 1905-ല്‍ തന്നെ തിരുവിതാംകൂറിലെ കോടതികളില്‍, ഏതെങ്കിലും വ്യവഹാരവുമായി ബന്ധപ്പെട്ടു ഹാജരാകുന്നതില്‍ നിന്നും തിരുവിതാംകൂര്‍ ഭരണകൂടം ഗുരുവിനെ ഒഴിവാക്കിയിരുന്നു. നാരായണഗുരു വൈകുണ്ഠസ്വാമിയുടെ അനുകര്‍ത്താവാണെന്നും അദ്ദേഹം ഇല്ലാതിരുന്നെങ്കില്‍ നാരായണഗുരു ഉണ്ടാകുമായിരുന്നില്ലെന്നും വിശ്വസിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ഗ്രഹിക്കേണ്ടതുണ്ട്.

Author

Scroll to top
Close
Browse Categories