ഗുരുവിന്റെ ജാതി
ഗുരു പറയുന്ന ജാതിയിലേക്ക് നമ്മള്‍ ആരും ഉണര്‍ന്നിട്ടില്ല എന്ന സത്യം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. സങ്കുചിതമായ നമ്മുടെ ജാതി ബോധത്തില്‍ നിന്ന് ഗുരു പറയാന്‍ ശ്രമിക്കുന്ന വിശാലമായ ജാതി ബോധത്തിലേക്ക് ഉണരാന്‍ ഇനിയും നമ്മള്‍ ഒരു പാട് മുന്നോട്ടു നടക്കേണ്ടതുണ്ട്. ഒരാളെ കാണുമ്പോള്‍, ഒരാളെ കേള്‍ക്കുമ്പോള്‍ അയാള്‍ മനുഷ്യനാണെന്ന് നമ്മുടെ ബോധത്തില്‍ എപ്പോഴാണോ ഉണരുന്നത് അപ്പോഴാണ് നമ്മള്‍ മനുഷ്യത്വം ജാതിയായവര്‍ ആവുക
നാരായണ ഗുരുവിന് ജാതിയുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍, നാരായണ ഗുരുവിന് ജാതിയുണ്ട്. അത് മനുഷ്യത്വം എന്ന ജാതിയാണ്. വിശാലമായ ഒരറിവു കൊണ്ടു വേണം സങ്കുചിതമായ അറിവുകളെയെല്ലാം ഇല്ലാതാക്കാന്‍ എന്ന് നമ്മെ പഠിപ്പിച്ച ഗുരുവാണ് നാരായണഗുരു. ജാതിയെ കുറിച്ച് പറയുമ്പോഴൊക്കെ, ഗുരുവിന്റെ ജീവിതത്തില്‍ നിന്ന് ഒരു സന്ദര്‍ഭമാണ് ഉള്ളില്‍ വിരിയുന്നത്. ഗുരു കുഞ്ഞായിരിക്കുന്ന കാലത്ത് ഒരു ദിവസം കളിയൊക്കെ കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ഒരു പുലയ കുടിയില്‍ ഒരു മണ്‍കലത്തിലെ അരി വെന്ത് തിളച്ച് മറിയുന്നത് കണ്ടപ്പോള്‍ ആ കുട്ടി ഓടിച്ചെന്ന് അടുപ്പില്‍ നിന്നെടുത്ത് പുറത്തിറക്കി വെച്ചു.
അന്നത്തെ കാലത്ത് എങ്ങനെയാണോ ബ്രാഹ്മണന്‍മാര്‍ക്ക്, മുതിര്‍ന്ന ജാതിക്കാര്‍ക്ക് ഈഴവര്‍ തൊട്ടുകൂടാത്തവര്‍ ആയിരുന്നത്, അതുപോലെ ഈഴവര്‍ക്ക് തൊട്ടുകൂടാത്തവര്‍ ആയിരുന്നു പുലയര്‍, ചെറുമര്‍ എന്നൊക്കെ പറയുന്ന ജാതി. മനുഷ്യനിങ്ങനെ വ്യത്യസ്തമായ ജാതികളില്‍ തട്ടുതട്ടായി കഴിഞ്ഞിരുന്ന കാലം. വിവരം വീട്ടിലറിഞ്ഞു. നാണു വീട്ടിലെത്തിയപ്പോള്‍ കോപിഷ്ഠരായി നാണുവിനെ വിളിച്ച് നീയെന്തിനാണ് അവിടെ കയറിയതെന്ന് ചോദിച്ചവരോട് ‘അച്ഛാ, ഞാന്‍ ആ മണ്‍കലം അടുപ്പില്‍ നിന്ന് ഇറക്കി താഴെ വച്ചിരുന്നില്ലായിരുന്നെങ്കില്‍ ആ ചോറെല്ലാം പുറത്തുപോയി അവര്‍ പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ലേ? എന്ന ഒരു ചോദ്യം ആ കുഞ്ഞ് ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന്റെ മുമ്പില്‍, ആ കണ്ണില്‍ നിറഞ്ഞിരുന്ന സങ്കടത്തിനു മുന്നില്‍, ആ കരുണയ്ക്ക് മുന്നില്‍ നാണുവിന്റെ അച്ഛനും മറ്റുള്ളവരും ഉത്തരം പറയാവാതെ മൗനത്തിലായിട്ടുണ്ടാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഗുരു മനുഷ്യനില്‍ ചെറുമനേയും ഈഴവനെയും ബ്രാഹ്മണനെയും വൈഷ്ണവനേയും ഒന്നും കാണാതെ മനുഷ്യനെ കണ്ടത്, മനുഷ്യത്വത്തെ കണ്ടത് എന്തെങ്കിലും പഠിച്ചിട്ടോ എവിടെയെങ്കിലും പോയി തപസ്സ് ചെയ്തിട്ടോ അല്ല. ജന്മനാ അദ്ദേഹത്തില്‍ ആ ഒരു ഗുണം ഉണ്ടായിരുന്നു എന്നതുകൊണ്ടു തന്നെയാണ്. മാനവികത അത്രമാത്രം ഗുരുവില്‍ സഹജമായിരുന്നതുകൊണ്ടു തന്നെയാണ്.
നമ്മുടെ മനസ്സ് എത്രമാത്രമാണ് വിഭാഗീയതയ്ക്ക് അടിമപ്പെട്ടിരിക്കുന്നതെന്ന് അറിയാന്‍ ഞാനൊരു ഉദാഹരണം പറയാം. കബീര്‍ എന്നൊരു പേര് ആരെങ്കിലും പറഞ്ഞാല്‍ ഞാനുള്‍പ്പെടെ എല്ലാവരുടെയും ഉള്ളില്‍ മുസ്ലീം എന്ന് വരും. തോമസ് എന്നു പറഞ്ഞാല്‍ ക്രിസ്ത്യാനി എന്നുവരും. ബിജു എന്നു പറഞ്ഞാല്‍ ഹിന്ദു എന്നും വരും. എന്തുകൊണ്ടാണ് നമുക്ക് തോമസ് എന്നും ബിജു എന്നും കബീര്‍ എന്നുമൊക്കെ പറയുമ്പോള്‍, കേള്‍ക്കുമ്പോള്‍ മനുഷ്യനെന്നു വരാത്തത്?
നൂറ്റാണ്ടുകളായി നമ്മള്‍ ശീലിച്ചു പോന്നത് നമ്മുടെ ബോധത്തില്‍ അത്രമാത്രം അടിയുറച്ച് പോയി. മനുഷ്യനെ നമുക്ക് ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ രാഷ്ടീയത്തിന്റെയോ ദേശത്തിന്റെയോ ഒക്കെ കള്ളിയില്‍ ഒതുക്കിയെ പറയാന്‍ കഴിയൂ എന്ന ഒരു ദയനീയാവസ്ഥ നമ്മളൊക്കെ അനുഭവിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. അവിടെ നിന്നു വേണം, നമ്മള്‍ അത്രമാത്രം സങ്കുചിതരായിരിക്കുന്നുവെന്ന അറിവില്‍ നിന്നു വേണം വിശാലമായ ജാതിബോധത്തിലേക്ക്, മനുഷ്യന്‍, മനുഷ്യത്വമെന്ന് പറയുന്ന ജാതിബോധത്തിലേക്ക് നമ്മുടെ സങ്കചിതമായ ജാതിബോധത്തില്‍ നിന്ന് നമ്മള്‍ ഉണര്‍ന്ന് വരാന്‍.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്നാണ് ഗുരു അദ്വൈതാശ്രമത്തില്‍ എഴുതി വെച്ചത്. അതുപോലെ തന്നെ 1914 ല്‍ ആലുവ അദ്വൈതാശ്രമം സ്ഥാപിച്ചപ്പോള്‍ അദ്ദേഹം അവിടെ പറഞ്ഞൊരു വാക്കുണ്ട്. ഇവിടെ ഓരോരുത്തര്‍ക്കും ഒരോ മതം, ഓരോ ദൈവം, ഓരോ ജാതി എന്നൊന്നുമില്ല. എല്ലാ മനുഷ്യര്‍ക്കും ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമേയുള്ളൂ. ഓരോരുത്തര്‍ക്കായി വേറെ വേറെ ജാതി മതം ദൈവം ഉണ്ട് എന്ന് ഈ മഠം വിശ്വസിക്കുന്നില്ല എന്നാണ് ഗുരു പറഞ്ഞത്. ആ മനുഷ്യത്വമെന്ന് പറയുന്ന മതത്തെ മുമ്പില്‍ വെച്ചുകൊണ്ടണ് ഗുരു ജീവിച്ചത്.
”പേരൂര് തൊഴില്‍ ഇത് മൂന്നും പോരും, ആയത് കേള്‍ക്കുക, ആരു നീയെന്നു കേള്‍ക്കേണ്ട, നേരു മെയ് തന്നെ ചൊല്‍കയാല്‍.” എന്നാണ് ഗുരു പറയുന്നത്. ഒരാളോട് നിങ്ങള്‍ എന്തെങ്കിലും ചോദിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പേരെന്താണ്, നിങ്ങളുടെ ഊരേതാണ്, നിങ്ങളുടെ തൊഴില്‍ ഏതാണ് എന്നൊക്കെ ചോദിച്ചോളൂ. പക്ഷെ, ആര് നീയെന്ന് കേള്‍ക്കേണ്ട. കാരണം, സത്യം ശരീരം തന്നെ പറയുന്നുണ്ടല്ലോ?! ആള്‍ മനുഷ്യനാണെന്ന്!
ശരീരം തന്നെ സത്യം പറയുന്നുണ്ട്. ശരീരം പറയുന്ന സത്യം നമുക്ക് കാണാന്‍ കഴിയുന്നുണ്ടോ, നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ? ഒരു മാവിനെ ചൂണ്ടി ഇത് മാവാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്നെ സംശയത്തോടെ നോക്കും. ഒരു പൂച്ചയെ ചൂണ്ടി ഇത് പൂച്ചയാണെന്ന് ഞാന്‍ പറഞ്ഞാല്‍ ഇയാള്‍ക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട് എന്നു പറയും. ആകാശത്തിലെ നക്ഷത്രങ്ങളെ ചൂണ്ടിയിട്ട് ഇതാ നക്ഷത്രങ്ങള്‍ എന്നു പറഞ്ഞാല്‍ അതൊക്കെ ഞങ്ങള്‍ക്കറിയാം താനെന്തിനാണ് അത് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് ചോദിക്കും. എന്നാല്‍, ഒരു മനുഷ്യനെ ചൂണ്ടി ഇതൊരു മനുഷ്യനാണെന്ന് പറഞ്ഞാല്‍ അതൊക്കെ അവിടെയിരിക്കട്ടെ ശരിക്കുള്ളത് പറയാന്‍ പറയും.
ശരിയായിരിക്കുന്ന മനുഷ്യരൂപം നമ്മുടെ മുമ്പില്‍ വന്നുനിന്ന് ഇത് മനുഷ്യനാണെന്ന് നമ്മോടു പറയാതെ വിളിച്ചു പറയുമ്പോള്‍ നമ്മള്‍ ശരിയല്ലാത്ത ഒന്നിനെ ശരിയായി സങ്കല്പിച്ച് ആ ശരി പറയാന്‍ പറയും. ശരിയായതിനെ നമ്മള്‍ കാണാതിരിക്കുകയും ചെയ്യും. എന്തൊരു വിരോധാഭാസമാണ്.
ആരു നീയെന്നു കേള്‍ക്കേണ്ട, നേരു മെയ് തന്നെ ചൊല്‍കയാല്‍ എന്ന് ഗുരു തന്നെ പറയുന്നു. നേര് നമ്മുടെ ശരീരം തന്നെ പറയുമ്പോള്‍ എന്തിനാണ് നിങ്ങള്‍ ജാതി ചോദിക്കുന്നത്. തൊട്ടുമുമ്പില്‍ മനുഷ്യന്‍ രൂപമാര്‍ജ്ജിച്ച് ,ആ രൂപം തന്നെ മനുഷ്യനാണ് നീ, മനുഷ്യത്വമാണ് നിന്റെ ജാതി എന്ന് പറയുമ്പോള്‍ എന്ത് കൊണ്ടാണ് നമുക്കത് കാണാന്‍ കഴിയാതെ പോകുന്നത്? അത് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്? ആ അവബോധത്തിലേക്ക് എന്തുകൊണ്ടാവാം നമുക്ക് ഉണരാന്‍ കഴിയാതെ പോകുന്നത്? നാം അത്രമാത്രം ശീലങ്ങള്‍ക്ക് വിധേയമായിപ്പോയിരിക്കുന്നു എന്നര്‍ത്ഥം. നൂറ്റാണ്ടുകളായി ശീലിച്ചു പോന്നതില്‍ നിന്ന് പുറത്ത് വരാന്‍ ബോധപൂര്‍വ്വമുള്ള പരിശ്രമം അത്യാവശ്യമാണ്.
ഗുരു പറയുന്ന ജാതിയിലേക്ക് നമ്മള്‍ ആരും ഉണര്‍ന്നിട്ടില്ല എന്ന സത്യം നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. സങ്കുചിതമായ നമ്മുടെ ജാതി ബോധത്തില്‍ നിന്ന് ഗുരു പറയാന്‍ ശ്രമിക്കുന്ന വിശാലമായ ജാതി ബോധത്തിലേക്ക് ഉണരാന്‍ ഇനിയും നമ്മള്‍ ഒരു പാട് മുന്നോട്ടു നടക്കേണ്ടതുണ്ട്. ഒരാളെ കാണുമ്പോള്‍, ഒരാളെ കേള്‍ക്കുമ്പോള്‍ അയാള്‍ മനുഷ്യനാണെന്ന് നമ്മുടെ ബോധത്തില്‍ എപ്പോഴാണോ ഉണരുന്നത് അപ്പോഴാണ് നമ്മള്‍ മനുഷ്യത്വം ജാതിയായവര്‍ ആവുക. ഒരു പേര് കേള്‍ക്കുമ്പോള്‍ അയാള്‍ ക്രിസ്ത്യാനിയാണ്, മുസ്ലീമാണ്, ഹിന്ദുവാണ്, അയാള്‍ ഇന്ത്യക്കാരനാണ്, അല്ലെങ്കില്‍ അയാള്‍ ഈഴവനാണ്, അയാള്‍ വൈഷ്ണവനാണ്, ബ്രാഹ്മണനാണ്, നായരാണ്, പണിക്കരാണ്, സുന്നിയാണ്, ജമാഅത്തെ ഇസ്ലാമി ആണ്, മുജാഹിദ് ആണ്, പ്രൊട്ടസ്റ്റന്റ് ആണ്, കത്തോലിക്കാണ്, വെളുത്തവനാണ്, കറുത്തവനാണ് എന്നൊക്കെയുള്ള ഒരു വിചാരമാണ്, ചിന്തയാണ് നമ്മുടെ ഉള്ളില്‍ വരുന്നതെങ്കില്‍ നമ്മള്‍ മനുഷ്യത്വത്തേ ആര്‍ജ്ജിച്ചവര്‍ അല്ല. നമ്മള്‍ മനുഷ്യനായവര്‍ അല്ല.
മനുഷ്യശരീരത്തില്‍ ഇനിയും മനുഷ്യത്വത്തെ ആര്‍ജ്ജിച്ചിട്ടില്ലാത്തവരാണ് നമ്മളെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തി ആത്മവിമര്‍ശനത്തിന് നമ്മള്‍ തയ്യാറാകേണ്ടതുണ്ട്. വിശാലമായ മനുഷ്യത്വമെന്ന ജാതിബോധത്തിലേക്ക് ഉണരാന്‍ ഒരുപാട് സഞ്ചരിക്കേണ്ടതുണ്ടെന്ന് ഓരോരുത്തര്‍ക്കും തെളിഞ്ഞുവരുന്ന നിമിഷത്തില്‍ നിന്നാണ് ഗുരു പറയാന്‍ ശ്രമിക്കുന്ന ജാതി ബോധത്തിലേക്ക് സഞ്ചാരം നമ്മള്‍ തുടങ്ങി വെയ്ക്കുക. അത്രമാത്രം ആഴത്തിലുള്ള ശ്രദ്ധയും അറിവും ഒരുമിച്ചു കൊണ്ടുപോയാല്‍ മാത്രം നമുക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഒരു ബോധാവസ്ഥയാണ് മനുഷ്യത്വം. നിരന്തരമായ ശ്രദ്ധയുണ്ടെങ്കില്‍ മാത്രം നമ്മുടെ ബോധത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്ന ഒരവബോധമാണ്, തെളിമയാണ് മനുഷ്യത്വമെന്ന ജാതിയെന്നാണ് ഗുരു പറഞ്ഞുവെയ്ക്കുന്നത്. അങ്ങനെ ഒരു ജാതിബോധത്തിലേക്ക് നമ്മുടെ എല്ലാ തരത്തിലുമുള്ള സങ്കുചിതമായ ജാതിബോധങ്ങളേയും അതിജീവിച്ച് ഉണരാന്‍, തെളിയാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.