ഈ കിണറ്റിൽ ഗുരു സാന്നിദ്ധ്യം

അല്പനേരം ആലോചിച്ച ശേഷം ഗുരു സൂര്യനെ നോക്കി മെല്ലെ കിഴക്കോട്ട് നടന്നു. ഒരു കല്ലെടുത്ത് തൊട്ടടുത്ത പുരയിടത്തിന്റെ കിഴക്കെ മൂലയിലേക്കിട്ടു. കല്ല് വീണഭാഗത്ത് കിണർ കുഴിക്കാൻ നിർദ്ദേശിച്ച് ഗുരു മടങ്ങുകയും ചെയ്തു. നാട്ടുകാർ അപ്പോൾ തന്നെ ഗുരു കാണിച്ച സ്ഥലത്ത് കിണർ കുത്താനാരംഭിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വെള്ളം കണ്ടു. രുചിച്ചു നോക്കിയവർ അത്ഭുതപ്പെട്ടു. ഉപ്പുരസം ലവലേശം ഇല്ലെന്ന് മാത്രമല്ല, പനിനീർപോലെ തെളിഞ്ഞ വെള്ളത്തിന് പ്രത്യേക രുചിയും.

ഈ കിണർ ഒരു സാധാരണ കിണറാണെന്ന് തോന്നാം. ഇതിലെ പനിനീർ പോലെ തെളിഞ്ഞ വെള്ളം നുണയുന്ന ആരും അത്ഭുതപ്പെടും. അത്രയ്ക്ക് പ്രത്യേക രുചിയുള്ള വെള്ളം. പരിസരപ്രദേശത്തെ മുഴുവൻ കിണറുകളിലെയും വെള്ളത്തിന് ഉപ്പുരസമായതിനാൽ കുടിവെള്ളമായി ഉപയോഗിക്കാനാകില്ല. ഉപ്പുരസം ലവലേശം ഇല്ലാത്ത കിണർ ചരിത്രത്തിലേക്ക് ചേക്കേറിയ വിസ്മയക്കിണറാകുന്നത് വിശ്വഗുരുവായ ശ്രീനാരായണ ഗുരുവുമായുള്ള ബന്ധത്താലാണ്. ആ ബന്ധത്തിന് 116 വർഷത്തോളമുണ്ട് പഴക്കം.

കൊല്ലം മുണ്ടയ്ക്കൽ കൊണ്ടേത്ത് പാലത്തിനു സമീപം കൊല്ലം തോടിന്റെ കരയിലെ കൊണ്ടയത്ത് വീടിന്റെ മുറ്റത്ത് സ്ഥിതിചെയ്യുന്ന കിണറിന് ഗുരുവിന്റെ കാലഘട്ടത്തിനോളമുണ്ട് പഴക്കവും ചരിത്ര പ്രാധാന്യവും. അക്കാലത്ത് കൊല്ലം തോട് വഴി കെട്ടുവള്ളങ്ങളും ചരക്ക് വള്ളങ്ങളും നിരന്തരം പോകുമായിരുന്നു. കൊല്ലവർഷം 1083 ലെ ഒരു ദിവസം കൊല്ലം തോട് വഴി ഗുരു തോണിയിൽ കൊല്ലത്തെത്തി മടങ്ങും വഴി ഇടയ്ക്ക് മുണ്ടയ്ക്കൽ കൊണ്ടേത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ വിശ്രമിക്കാനെത്തി. പലപ്പോഴും യാത്രാമദ്ധ്യേ ഗുരു ഇവിടെ എത്തുമായിരുന്നു. ഒരിയ്ക്കൽ പന്തിഭോജനത്തിൽ പങ്കെടുത്ത ഗുരുവിന് കുടിക്കാൻ നൽകിയ വെള്ളത്തിന് വല്ലാത്ത ഉപ്പുരസം. വെള്ളത്തിലെ ഉപ്പുരസത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അവിടെ കൂടിയവരെല്ലാം തങ്ങൾ അനുഭവിക്കുന്ന ദുരിതഭാരത്തിന്റെ കെട്ട് ഗുരുവിനു മുന്നിൽ അഴിച്ചത്. തൊട്ടടുത്ത് കടലായതിനാൽ പ്രദേശത്തെ കിണറുകളിലെല്ലാം വെള്ളം ഉപ്പു രസമുള്ളതാണ്. നല്ല വെള്ളം വളരെ ദൂരെ പോയിവേണം കൊണ്ടുവരാനെന്നും ഗുരുവിനോട് നാട്ടുകാർ പറഞ്ഞു. ഇതിനൊരു പരിഹാരം കാണാനാകുമോ എന്നും ഗുരുവിനോടാരാഞ്ഞു. അല്പനേരം ആലോചിച്ച ശേഷം ഗുരു സൂര്യനെ നോക്കി മെല്ലെ കിഴക്കോട്ട് നടന്നു. ഒരു കല്ലെടുത്ത് തൊട്ടടുത്ത പുരയിടത്തിന്റെ കിഴക്കെ മൂലയിലേക്കിട്ടു. കല്ല് വീണഭാഗത്ത് കിണർ കുഴിക്കാൻ നിർദ്ദേശിച്ച് ഗുരു മടങ്ങുകയും ചെയ്തു. നാട്ടുകാർ അപ്പോൾ തന്നെ ഗുരു കാണിച്ച സ്ഥലത്ത് കിണർ കുത്താനാരംഭിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വെള്ളം കണ്ടു. രുചിച്ചു നോക്കിയവർ അത്ഭുതപ്പെട്ടു. ഉപ്പുരസം ലവലേശം ഇല്ലെന്ന് മാത്രമല്ല, പനിനീർപോലെ തെളിഞ്ഞ വെള്ളത്തിന് പ്രത്യേക രുചിയും.

അത്ഭുതക്കിണറിലെ വെള്ളത്തിന്റെ കഥ നാടാകെ പരന്നു. ദൂരെ നിന്നു പോലും കിണറ്റിലെ വെള്ളം ശേഖരിക്കാൻ ആൾക്കാരെത്തി. കൊല്ലം തോട്ടിലൂടെ ചരക്കുമായി പോകുന്ന വള്ളക്കാർ പോലും ഉപ്പുരസമില്ലാത്ത വെള്ളത്തിന്റെ കഥയറിഞ്ഞ് അവിടെ നിന്ന് വെള്ളം ശേഖരിക്കാൻ തുടങ്ങി. കാലങ്ങൾക്ക് ശേഷം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വരും വരെയും പ്രദേശവാസികളുടെ കുടിവെള്ള സ്രോതസ് ഈ കിണറായിരുന്നു. കൊടും വേനലിൽ പോലും വെള്ളം വറ്റിയ ചരിത്രമില്ല. അങ്ങനെ തലമുറകളുടെ ദാഹമകറ്റിയ കിണറിന്റെ മഹത്വത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിദൂരദേശത്ത് നിന്ന് പോലും ഗുരുഭക്തർ ഇവിടേക്കെത്താറുണ്ടെന്ന് കൊണ്ടയത്ത് വീട്ടിൽ താമസക്കാരനായ ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കെ.എൻ സ്വരാജ് പറഞ്ഞു. കിണറിനെ ഭക്ത്യാദരവോടെ സംരക്ഷിച്ച് പരിപാലിക്കുന്നത് സ്വരാജാണ്. മരുമക്കത്തായം നിലനിന്ന കാലത്ത് ഈഴവ പ്രമാണിയായിരുന്ന കുഞ്ഞുകുഞ്ഞ് ആശാൻ പ്രത്യേക ഉടമ്പടിയുണ്ടാക്കി കിണർ നിൽക്കുന്ന എട്ടേക്കർ സ്ഥലം മകൻ നാണു ആശാന് നൽകിയതാണ്. നാണു ആശാന്റെ മകനാണ് കെ,എൻ സ്വരാജ്. ഹെഡ്മിസ്ട്രസായി വിരമിച്ച ഭാര്യ ടി. രത്നമണിയും മകൻ കെ.എസ് കിഷോറും കുടുംബവുമാണിപ്പോൾ കൊണ്ടയത്ത് കുടുംബത്തിൽ താമസിക്കുന്നത്.

ഏറ്റെടുക്കൽ ഭീഷണിയിൽ കിണർ
ചരിത്രപൈതൃകമെന്ന നിലയിൽ സംരക്ഷിക്കേണ്ട കിണറിനോട് ഇപ്പോൾ ഭരണാധികാരികൾ കാട്ടുന്ന അനീതിയിൽ ഗുരുഭക്തർ മാത്രമല്ല, കിണറിന്റെ മഹിമയെക്കുറി‌ച്ച് അറിയാവുന്നവരൊക്കെ ആശങ്കാകുലരാണ്. തീരദേശത്തുനിന്ന് 500 മീറ്ററോളം അകലെയുള്ള കിണർ നിൽക്കുന്ന ഭാഗത്തുകൂടി നിർദ്ദിഷ്ട തീരദേശ ഹൈവെ കടന്നുപോകണമെന്ന ചിലരുടെ പിടിവാശിക്ക് മുന്നിൽ മുട്ടുമടക്കി നിൽക്കുകയാണ് അധികാരികൾ. നിർദ്ദിഷ്ട തീരദേശപാതയുടെ പരവൂർ- കൊല്ലം റീച്ചിൽ മുണ്ടയ്ക്കൽ പാപനാശത്തെത്തുമ്പോൾ തീരംവിട്ട് ഉള്ളിലേക്ക് വളഞ്ഞ് കൊല്ലം തോടിന്റെ കരയിലൂടെ കടന്നു പോകുന്ന രീതിയിലാണ് ‘നാറ്റ്പാക്’ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. നേരെ വരുന്ന പാത ഇവിടെയെത്തുമ്പോൾ വളഞ്ഞുപുളഞ്ഞ് പോകും വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. കർക്കടകവാവ് ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തുന്ന പാപനാശം കടപ്പുറം, ശ്രീനാരായണ ഗുരു സ്ഥാനനിർണ്ണയം നടത്തിയ കൊണ്ടത്ത് പുരയിടത്തിൽ നിർമ്മിച്ച വിസ്മയക്കിണർ, മുണ്ടയ്ക്കൽ ഭദ്രകാളി ക്ഷേത്രം എന്നീ സ്ഥലങ്ങൾ ഇല്ലാതാകും വിധമാണ് തീരദേശപാത കടന്നു പോകുന്നത്. പാപനാശനത്തു നിന്ന് വളയാതെ നേരെ പോയാൽ മത്സ്യതൊഴിലാളികളുടെ നിരവധി വീടുകൾ പോകുമെന്ന ന്യായമാണ് പറയുന്നത്. എന്നാൽ പുനർഗേഹം പദ്ധതി പ്രകാരം ഇവിടെയുണ്ടായിരുന്ന മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകി ഒഴിപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു.

450 വർഷത്തെ പഴക്കമുള്ള ക്ഷേത്രം
മുണ്ടയ്ക്കൽ ശ്രീഭദ്രകാളീ ക്ഷേത്രവും അനുബന്ധമായുള്ള കളരി, കാവ് തുടങ്ങിയ ആരാധനാലയങ്ങൾ 450 ലേറെ വർഷത്തെ പഴക്കമുള്ളതും ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നതുമാണ്. ശ്രീനാരായണ ഗുരു ക്ഷേത്രത്തിലും കളരിയിലും പലതവണ സന്ദർശനം നടത്തിയിട്ടുണ്ട്. കളരിക്ക് സമീപം കോൺട്രാക്ടറായ ശങ്കരനാശാൻ താമസിച്ചിരുന്ന കൊച്ചുവീട്ടിലും ഗുരു പലതവണ എത്തിയിട്ടുണ്ട്. തീരദേശപാത ഇതുവഴിയാണ് പോകുന്നതെങ്കിൽ ഈ ചരിത്രസ്മാരകങ്ങളെല്ലാം ഇല്ലാതാകും. തീരദേശപാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്തി ചരിത്രശേഷിപ്പുകളായ സ്മാരകങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി ക്ഷേത്രം സെക്രട്ടറി എ.കെ ഹരിഹരനും കൊണ്ടയത്ത് കുടുംബാംഗമായ കെ.എൻ സ്വരാജും ജില്ലാകളക്ടർക്കടക്കം നിവേദനം നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.

എലിവേറ്റ‌ഡ് ഹൈവെ
നിർമ്മിക്കണം

നിർദ്ദിഷ്ട തീരദേശഹൈവെയുടെ മുണ്ടയ്ക്കൽ പാപനാശം മുതൽ കൊല്ലം പോർട്ട് വരെ എലിവേറ്റഡ് ഹൈവെ നിർമ്മിച്ചാൽ ചരിത്രസ്മാരകങ്ങളെ സംരക്ഷിക്കാമെന്നിരിക്കെ അതിനു മുതിരാതെയുള്ള അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാരുടെയും ഭക്തരുടെയും പ്രതിഷേധം ഉയരുകയാണ്. പാപനാശം തീരം, ശ്രീനാരായണ ഗുരു സ്ഥാനം കണ്ട കിണർ, പുരാതനമായമുണ്ടയ്ക്കൽ ഭദ്രകാളി ക്ഷേത്രം എന്നിവ സംരക്ഷിക്കാൻ എലിവേറ്റ‌് ഹൈവെയാണ് ആവശ്യം. മുണ്ടയ്ക്കൽ പാപനാശം മുതൽ കൊല്ലം പോർട്ട് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം എലിവേറ്റഡ് ഹൈവെ നിർമ്മിച്ചാൽ ആൾക്കാരെ ഒഴിപ്പിക്കാതെയും ചരിത്രസ്മാരകങ്ങൾ സംരക്ഷിച്ചും തീരദേശ ഹൈവെ പദ്ധതി നടപ്പാക്കാമെന്ന് മുണ്ടയ്ക്കൽ ശ്രീഭദ്രകാളി ക്ഷേത്രം സെക്രട്ടറി എ.കെ ഹരിഹരൻ പറഞ്ഞു. ടി.കെ ദിവാകരൻ മന്ത്രിയായിരുന്നപ്പോൾ തിരുമുല്ലവാരത്തു നിന്ന് വർക്കല വരെ നിർമ്മിക്കാനാലോചിച്ച തീരദേശപാത എലിവേറ്റഡ് പാതയ്ക്ക് നിർദ്ദേശിച്ച സ്ഥലത്തുകൂടിയായിരുന്നു വിഭാവനം ചെയ്തത്. എലിവേറ്റഡ് പാതവന്നാൽ തീരദേശ ഹൈവെയുടെ ലക്ഷ്യങ്ങളിലൊന്നായ വിനോദസഞ്ചാര വികസനവും സാദ്ധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

എലിവേറ്റഡ് ഹൈവെ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ്, സ്ഥലം എം.എൽ.എ, എം.പി തുടങ്ങിയവർക്കെല്ലാം നാട്ടുകാർ നിവേദനം നൽകിയെങ്കിലും ഇതുവരെ അനുകൂലമായ പ്രതികരണം ഉണ്ടാകാത്തതിന്റെ ഉത്ക്കണ്ഠയിലാണ് നാട്ടുകാർ.

Author

Scroll to top
Close
Browse Categories