ജാതിലക്ഷണത്തിലെ ജ്ഞാനമണ്ഡലം

മഹാകാവ്യങ്ങളല്ല, കവിത എന്ന സാഹിത്യരൂപത്തെ മുന്നോട്ട് കൊണ്ടു പോകുക എന്ന ബോധ്യം ഗുരുവിൻ്റെ കാവ്യ ശാസ്ത്രത്തിൽ വലിയ പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ചെറു കവിതകൾ ഓരോന്നും അതിൻ്റെ നിദർശനമാണ്. പത്തു വിരലുകൾ കൊണ്ടെടുക്കാവുന്ന പത്തു ശ്ലോകങ്ങൾ മാത്രമുള്ള കവിത എന്ന ദർശനം അദ്ദേഹത്തിൻ്റെ പല കവിതകൾക്ക് പിന്നിലും പ്രവർത്തിച്ചതായി കാണാം.

ഇരുപതാം നൂറ്റാണ്ടു മുതൽ തുടങ്ങുന്ന പുതിയ മലയാള കവിതയെ നാരായണ ഗുരു എങ്ങനെ സ്വാധീനിച്ചു എന്നതിനെപ്പറ്റി വലിയ പഠനങ്ങൾ നടന്നതായി അറിവില്ല. ചിന്തിക്കുന്ന കവിത എന്നത് മലയാളിക്ക് സ്വന്തമായത് നാരായണഗുരുവിന്റെ ഇടപെടൽ കൊണ്ടു മാത്രമല്ല. ജ്ഞാനപ്പാനയും ഹരിനാമകീർത്തനവുമൊക്കെ മനസ്സിന്റെ ഉണർച്ചയിൽ മാത്രമേ ഗ്രഹിക്കാനാകൂ. ആധുനികമായ ചിന്തയുടെ ഉപാധികൾ അവയിൽ പ്രയോഗിച്ചാൽ അവയുടെ ആധുനികത തെളിഞ്ഞു കിട്ടിയേക്കും. അതേ സമയം ആധുനികമായ ഒരു ചിന്താപദ്ധതി ഉള്ളിലടക്കിയ കവിത മലയാളിക്ക് കിട്ടുന്നത് നാരായണ ഗുരുവിലൂടെയാണ്.

ഉദാഹരണമായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നാരായണഗുരു എഴുതിയ രണ്ട് കവിതകൾ ആണ് ജാതിനിർണ്ണയവും ജാതി ലക്ഷണവും. പേര് സൂചിപ്പിക്കും പോലെ ഈ കവിതകൾ രണ്ടും ജാതി വിരുദ്ധ കവിതകൾ ആണ്. ആ അർത്ഥത്തിൽ രാഷ്ട്രീയ കവിതകളും. എന്നാൽ രാഷ്ട്രീയമെന്നാൽ അറിവ് എന്ന വ്യവഹാരത്തിൽ നൈതികമായൊരു ഇടപെടൽ കൂടിയാണ് എന്ന മട്ടിലാണ് ഗുരുവിന്റെ കവിതകൾ നമുക്ക് തരുന്ന നിശ്ചയം. ജാതി ,നാരായണ ഗുരുവിനെ സംബന്ധിച്ചിടത്തോളം എതിർക്കപ്പെടേണ്ട സാമൂഹ്യ യാഥാർത്ഥ്യം എന്നതിനേക്കാൾ ഇല്ലാത്ത ഒന്നാണ്. ഇല്ലാത്തതിന് മേൽ കെട്ടിപ്പൊക്കിയ ഒന്നാണ് ജാതി വ്യവസ്ഥ.ഇത് അറിയണമെങ്കിൽ ഇന്നലത്തെ കണ്ണു പോരാ. ഇന്നലത്തെ വെളിച്ചവും പോരാ. ഇന്നിന്റെ വെളിച്ചത്തിൽ ഇന്നിന്റെ കണ്ണു കൊണ്ട് നോക്കിയാൽ ആ ഇല്ലായ്മ വെളിപ്പെടും.

ഈ പുതിയ വെളിച്ചവും പുതിയ കണ്ണും തരുന്ന സർഗ്ഗാത്മകതയുടെ ഒരു ഉല്പാദന കേന്ദ്രമാണ് ജാതി ലക്ഷണം. ഇവിടെ ലക്ഷണം എന്ന പദത്തിന് പഴയ അർത്ഥ മല്ല. വർഗ്ഗീകരണത്തെ കുറിക്കുന്ന പദമാണത്. ജീവശാസ്ത്രത്തിൽ വർഗ്ഗീകരണത്തിന് വലിയ പ്രാധാന്യമുണ്ട്. ജീവപഠനവും ജീവിപഠനവും പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവശാസ്ത്രത്തെ മുന്നോട്ട് കുതിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ആ പഠനത്തിന്റെ ആധാരം വർഗ്ഗീകരണമായിരുന്നു. മനുഷ്യരുടെ ചോര എല്ലായിടത്തും ഒന്നാണ് എന്ന് വന്നതോടെ മനുഷ്യകുലം ഒന്നാണ് എന്ന ആശയത്തിന് വലിയ ഉറപ്പു കിട്ടി.

വർഗ്ഗീകരണത്തിൽ ശ്രദ്ധയർപ്പിച്ച ജീവശാസ്ത്രജ്ഞരേക്കാൾ വലിയ ശ്രദ്ധയാണ് ജാതി ലക്ഷണത്തിൽ ഗുരു അർപ്പിക്കുന്നത്. ചോര എന്നതിനേക്കാൾ ഗുരു അർപ്പിക്കുന്നത് പ്രസവം എന്ന ആശയത്തിലാണ്. ആണും പെണ്ണും ചേർന്നാൽ മനുഷ്യക്കുഞ്ഞിന്റെ ജന്മസന്ദർഭത്തിലെത്തും എന്ന പ്രഖ്യാപനമാണ് ജാതി ലക്ഷണത്തിന്റെ കാതൽ. ഇതാണ് പിന്നീട് ആശാനിൽ ” ചണ്ഡാലി തൻ മെയ് ദ്വിജന്റെ ബീജ പിണ്ഡത്തിനൂഷരമാണോ? ” എന്ന മട്ടിലൊക്കെ ആവർത്തിക്കപ്പെടുന്നതും വികസിക്കപ്പെടുന്നതും. അത് ശാസ്ത്ര സത്യം എന്നതിനേക്കാൾ ജീവൽ സത്യമാണ്. അതായത് ശാസ്ത്രത്തിന്റെ ഏട്ടിൽ മാത്രം സത്യമായിരിക്കുന്ന ഒന്നല്ല അത്. എവിടേയും ശരിയായിരിക്കുന്ന സത്യമാണ്. ഈ സത്യത്തിന് മേലാണ് ജാതി വ്യവസ്ഥ എന്ന സാമൂഹ്യമായ വ്യാജത മറ പണിയുന്നത്. ഈ മറയെ തുടച്ചു നീക്കുന്നതാണ് ജാതി ലക്ഷണത്തിന്റെ പ്രവൃത്തിപഥം ചെയ്യുന്നത്. സത്യത്തിന്റെ സൂര്യനെ ജാതി വ്യവസ്ഥയുടെ പഴമുറം കൊണ്ട് മറയ്ക്കാനാവില്ല എന്ന വ്യക്തതയാണ് ഈ കവിതയുടെ വ്യക്തത .

ഈ കവിത കുതറി മാറുന്നത് അതുവരെ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ നിലനിന്നിരുന്ന മണ്ഡലത്തിൽ നിന്ന് കൂടിയാണ്. ദൈവശാസ്ത്രത്തിന്റെയും മനുസ്മൃതി പോലുള്ള സ്മൃതി വ്യാഖ്യാനങ്ങളുടേയും ശ്രുതി – പുരാണോക്തങ്ങളുടേയും പ്രാചീനമണ്ഡലങ്ങളിൽ വെച്ചല്ല ജാതി വ്യവസ്ഥ ചർച്ച ചെയ്യേണ്ടത് എന്ന ബോധ്യം ഗുരുവിന്
പൂർണ്ണമായുണ്ടാകുന്നത് ഈ കവിതയിലാണ്. ജാതി നിർണ്ണയത്തിൽ പോലും പുരാണ പരാമർശമുണ്ട്. എന്നാൽ ജാതിലക്ഷണത്തിൽ അതില്ല. പൂർവ്വകാലത്തിന്റെ ഭാരമല്ല അത് വഹിക്കുന്നത്. ഭാവിയുടെ ഭാരമാണ്. വർത്തമാനത്തിൽ നിന്ന് തുടങ്ങി ഭാവിയിലേയ്ക്ക് സഞ്ചരിക്കുന്ന പഥത്തെയാണ് അത് പുൽകുന്നത്. ഇപ്പോൾ വായിക്കുമ്പോഴും ഈ നിമിഷത്തിൽ നിന്നും ആരംഭിക്കുന്ന ഒരു ആധുനികത ഈ കവിതയ്ക്കുണ്ട്. ഹിന്ദു രാജ്യങ്ങളായ തിരുവിതാംകൂറോ കൊച്ചി യോ അല്ല അതിന്റെ യഥാർത്ഥ ഭൂമിക. ആധുനിക ലോകമാണ്.

അതു കൊണ്ട് തന്നെ കവിതാഭാഷയ്ക്ക് ഒരു ക്ലിനിക്കൽ അപഗ്രഥന സ്വഭാവം ആണ് കാണുന്നത്. അത്തരം ഒരു ഭാഷ ലോക കവിതയിൽ തന്നെ പ്രത്യക്ഷപ്പെടുന്നത് ആധുനിക കവിതയുടെ കാലത്താണ്. ഭാഷയിലെ ഈ കണിശത എന്നത് ദർശനത്തിന്റെ കണിശതയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. പദങ്ങൾ ഓപ്പറേഷൻ മേശയിലെ ചവണയോ സൂചിയോ പോലെ കണിശമാകുന്നത് അതുകൊണ്ടാണ് .
മാത്രമല്ല, മഹാകാവ്യങ്ങളല്ല, കവിത എന്ന സാഹിത്യരൂപത്തെ മുന്നോട്ട് കൊണ്ടു പോകുക എന്ന ബോധ്യം ഗുരുവിന്റെ കാവ്യ ശാസ്ത്രത്തിൽ വലിയ പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ചെറു കവിതകൾ ഓരോന്നും അതിന്റെ നിദർശനമാണ്. പത്തു വിരലുകൾ കൊണ്ടെടുക്കാവുന്ന പത്തു ശ്ലോകങ്ങൾ മാത്രമുള്ള കവിത എന്ന ദർശനം അദ്ദേഹത്തിന്റെ പല കവിതകൾക്ക് പിന്നിലും പ്രവർത്തിച്ചതായി കാണാം.

ജാതി ലക്ഷണം അതുവരെയുണ്ടായിരുന്ന ജ്ഞാനബോധ്യത്തെ അട്ടിമറിക്കുന്നു. കവിത കൊണ്ടുള്ള പ്രധാനപ്പെട്ട ഒരുപ യോഗം ജ്ഞാന പാരമ്പര്യത്തിന്റെ അട്ടിമറിയാണ് .എന്നാൽ പ്രകോപനപരമായ പ്രഖ്യാപനങ്ങൾ കൊണ്ടല്ല ഇത് നിർവ്വഹിക്കുന്നത്. ജ്ഞാനത്തെ ജ്ഞാനം കൊണ്ടാണെടുക്കേണ്ടത് എന്ന തിരിച്ചറിവ് ഗുരുവിന്റെ കവിതയിൽ അഗാധമായി വീണു കിടപ്പുണ്ട്. അത് പ്രത്യക്ഷത്തിലും എളുപ്പത്തിലും കാണാവുന്ന ഒരിടത്തെയാണ് ജാതി ലക്ഷണം ഒരുക്കി വെയ്ക്കുന്നത്.

Author

Scroll to top
Close
Browse Categories